SSLC Chemistry - Chapter 01 പീരിയോഡിക് ടേബിളും ഇലക്ട്രോണ്‍ വിന്യാസവും - ചോദ്യോത്തരങ്ങൾ 


Questions and Answers for Class 10 Chemistry പീരിയോഡിക് ടേബിളും ഇലക്ട്രോണ്‍ വിന്യാസവും | Text Books Solution Chemistry (Malayalam Medium) Chapter 01 Periodic Table and Electronic Configuration

Class 10 Chemistry Chapter 01 പീരിയോഡിക് ടേബിളും ഇലക്ട്രോൺ വിന്യാസവും 
* ബോര്‍നിയമമനുസരിച്ച്‌ ഒരാറ്റത്തിലെ ഇലക്ട്രോണുകള്‍ ന്യുക്ലിയസിനു ചുറ്റും KLMN എന്നിങ്ങനെ വിവിധഷെല്ലുകളിലായി ക്രമീകരിക്കപ്പെട്ടിരിക്കുന്നു. ന്യൂക്ലിയസില്‍നിന്നുള്ള അകലം കൂടുന്തോറും ഷെല്ലുകളുടെ അഥവാ ഷെല്ലുകളിലെ ഇലക്ട്രോണുകളുടെ ഊര്‍ജം കൂടിവരികയും ഇലക്ട്രോണുകളും ന്യൂക്ലിയസും തമ്മിലുള്ള ആകര്‍ഷണബലം കുറഞ്ഞുവരികയും ചെയ്യും.

* ആറ്റത്തിലെ ഉപഷെല്ലുകള്‍.
ആറ്റം ഘടനയെക്കുറിച്ചുള്ള തുടര്‍പഠനങ്ങളെത്തുടര്‍ന്ന്‌ പുതിയ ആശയങ്ങളും പുതിയ നിയമങ്ങളും രൂപീകരിക്കപ്പെട്ടു. അതനുസരിച്ച്‌ ഓരോ ഷെല്ലുകളെയയും മുഖ്യ ഊര്‍ജനിലകളായി പരിഗണിച്ചിരിക്കുന്നു. മുഖ്യഊര്‍ജനിലകളില്‍ s,p,d,f എന്നിങ്ങനെ സബ്ഷെല്ലുകള്‍ ഉണ്ടാകും. ഒന്നാമത്തെ ഷെല്ലില്‍ 1s എന്ന ഒരു സബ്ഷെല്ലും രണ്ടാമത്തെ ഷെല്ലില്‍ 2s,2p എന്നിങ്ങനെ രണ്ടു സബ്ഷെല്ലുകളും മൂന്നാമത്തെ ഷെല്ലില്‍ 3s,3p,3d എന്നിങ്ങനെ മൂന്ന്‌ സബ്ഷെല്ലുകളും നാലാമത്തെ ഷെല്ലില്‍ 4s,4p,4d,4f എന്നിങ്ങനെ നാലുസബ്‌ ഷെല്ലുകളുമാണുള്ളത്‌.
ഓരോ സബ്ഷൈല്ലിലും ഉള്‍ക്കൊള്ളുന്ന ഇലക്ട്രോണുകളുടെ എണ്ണത്തിന്‌ ഒരു നിശ്ചിതപരിധിയുണ്ട്‌. s ല്‍ 2, pയില്‍ 6, d യില്‍10, f ല്‍14 എന്നിങ്ങനെയാണ്‌ ഈ പരിധി.

* സബ്ഷെല്‍ക്രമത്തിലുള്ള ഇലക്ട്രോണ്‍ വിന്യാസം: ഒരാറ്റത്തില്‍ ഊര്‍ജനില കുറഞ്ഞതില്‍ നിന്ന്‌ കൂടിയതിലേക്ക്‌ എന്ന ക്രമത്തിലാണ്‌ ഇലക്ട്രോണുകള്‍ നിറയുന്നത്‌. 1s>2s>2p>3s>3p>4s>3d>4p>5s>4d>5p>6s എന്നതാണ്‌
ഈ ക്രമം. 
ഉദാഹരണം:1. ₉F: 1s² 2s² 2p⁵
ഉദാഹരണം: 2. ₃₀Zn: 1s² 2s² 2p⁶ 3s² 3p⁶ 4s² 3d¹⁰

* ഉല്‍കൃഷ്ടമൂലകത്തിന്റെ പ്രതീകത്തോട്‌ ചേര്‍ത്ത്‌ ഇലക്ട്രോണ്‍ വിന്യാസം എഴുതുന്ന വിധം.
ഉല്‍കൃഷ്ടമൂലകത്തിന്റെ പ്രതീകവുമായി ചേര്‍ത്തെഴുതി ഒരു മൂലകത്തിന്റെ ഇലക്ട്രോണ്‍ വിന്യാസം താഴെ പറയുന്ന രീതിയില്‍ ചുരുക്കിയെഴുതാം.
ഉല്‍കൃഷ്ടമൂലകങ്ങളുടെ ഇലക്യോണ്‍ വിന്യാസം.
₁₀Ne: 1s² 2s² 2p⁶
₁₈Ar: 1s² 2s² 2p⁶ 3s² 3p⁶ 
₃₆Kr: 1s² 2s² 2p⁶ 3s² 3p⁶ 3d¹⁰ 4s² 4p⁶
₅₄Xe: 1s² 2s² 2p⁶ 3s² 3p⁶ 3d¹⁰ 4s² 4p⁶ 4d¹⁰ 5s² 5p⁶

* ചുരുക്കിയെഴുതുന്നവിധം.
ഉദാഹരണം: 
1:₂₀ Ca-1s² 2s² 2p⁶ 3s² 3p⁶  4s²→[Ar] 4s² (അടിവരയിട്ടഭാഗം Ar ന്റെ ഇലക്ട്രോണ്‍ വിന്യാസമാണ്‌.)
2.  ₄₇Ag:1s² 2s² 2p⁶ 3s² 3p⁶ 3d¹⁰ 4s² 4p⁶ 4d¹⁰ 5s¹ →[Kr] 4d¹⁰ 5s¹
3.  ₁₃Al: 1s² 2s² 2p⁶ 3s² 3p¹ →[Ne] 3s² 3p¹
 
* ക്രോമിയത്തിന്റെയും കോപ്പറിന്റെയും ഇലക്ട്രോണ്‍വിന്യാസത്തിലെ പ്രത്യേകത.
₂₄Cr, ₂₉Cu എന്നീ മൂലകങ്ങള്‍ അവയിലെ ഇലക്ട്രോണ്‍ ക്രമീകരണത്തില്‍ മറ്റു മൂലകങ്ങളില്‍നിന്നും ചെറിയ വ്യത്യാസം പ്രകടിപ്പിക്കുന്നു.
₂₄Cr: 1s² 2s² 2p⁶ 3s² 3p⁶ 3d⁴ 4s² എന്നതിനുപകരം1s² 2s² 2p⁶ 3s² 3p⁶ 3d⁵ 4s¹ 
എന്നതാണ്‌ യഥാര്‍ഥക്രമീകരണം.
അതുപോലെ (₂₉Cu)ന്റെ ശരിയായ വിന്യാസം 1s² 2s² 2p⁶ 3s² 3p⁶ 3d¹⁰ 4s¹ 
പകുതി നിറഞ്ഞതോ പൂര്‍ണ്ണമായും നിറഞ്ഞതോ ആയര്‍ സബ്ഷെല്ലുകള്‍ ആറ്റത്തിന്‌ കൂടുതല്‍ സ്ഥിരത നല്‍കും.
ഇത്തരത്തില്‍ കൂടുതല്‍ സ്ഥിരത ലഭ്യമാക്കുന്നതിനു വേണ്ടിയാണ്‌ ക്രോമിയത്തിലും കോപ്പറിലും ഇലക്ട്രോണ്‍ ക്രമീകരണത്തില്‍ ഈ മാറ്റം വരുന്നത്‌.

* പിരിയോഡിക് ടേബിളിലെ ബ്ലോക്കുകള്‍: 
ഒരാറ്റത്തില്‍ അവസാന ഇലക്ട്രോണ്‍ പൂരണം നടക്കുന്ന സബ്ഷല്ലിന്റെ 
അടിസ്ഥാനത്തില്‍ മൂലകങ്ങളെ വിവിധ ബ്ലോക്കുകളായി തിരിച്ചിരിക്കുന്നു.
's' സബ്ഷെല്ലില്‍ അവസാന ഇലക്ട്രോണ്‍ പൂരണം നടക്കുന്ന മൂലകങ്ങളെ s ബ്ലോക്ക്‌ മൂലകങ്ങളെന്നും, p സബ്ഷെല്ലില്‍ അവസാന ഇലക്ട്രോണ്‍ പൂരണം നടക്കുന്ന മൂലകങ്ങളെ p ബ്ലോക്ക്‌ മൂലകങ്ങളെന്നും, d സബ്ഷെല്ലില്‍ അവസാന ഇലക്ട്രോണ്‍ പൂരണം നടക്കുന്ന മൂലകങ്ങളെ d ബ്ലോക്ക്‌ മൂലകങ്ങളെന്നും,
f സബ്ഷെല്ലില്‍ അവസാന ഇലക്ട്രോണ്‍ പൂരണം നടക്കുന്ന മൂലകങ്ങളെ f ബ്ലോക്ക്‌ മൂലകങ്ങളെന്നും വിളിക്കുന്നു.
ഉദാഹരണങ്ങള്‍:
1. ₁₇Cl: 1s² 2s² 2p⁶ 3s² 3p⁵ → അവസാന ഇലക്ടോണ്‍ വന്നു ചേരുന്നത്‌ p സബ്ഷെല്ലിലാണ്‌. ക്ലോറിന്‍ ഒരു p ബ്ലോക്ക്‌ മൂലകമാണ്‌.
2. ₁₁Na: 1s² 2s² 2p⁶ 3s¹ → അവസാന ഇലക്ട്രോണ്‍ പൂരണം s സബ്ഷെല്ലില്‍ → Na ഒരു s ബ്ലോക്ക്‌ മൂലകമാണ്‌.
3. ₂₈Na: 1s² 2s² 2p⁶ 3s² 3p⁶ 4s² 3d¹⁰ → അവസാന പൂരണം d സബ്ഷെല്ലില്‍ →Ni ഒരു d ബ്ലോക്ക്‌ മൂലകമാണ്‌.

* ഇലക്ട്രോണ്‍വിന്യാസത്തില്‍നിന്നും മൂലകത്തിന്റെ പീരീഡ്‌ കണ്ടെത്തുന്നവിധം.
ഒരു മൂലക ആറ്റത്തിന്റെ സബ്ഷെല്‍ ഇലക്ട്രോണ്‍ വിന്യാസത്തിലെ ഏറ്റവും കൂടിയ ഷെല്‍നമ്പര്‍ ആ മൂലകത്തിന്റെ പിരീഡ്‌ ആയിരിക്കും.
ഉദാഹരണം.
1: ₁₇Cl: 1s² 2s² 2p⁶ 3s² 3p⁵
ഏറ്റവും കൂടിയ ഷെല്‍നമ്പര്‍: 3
ക്ലോറിന്‍ മൂന്നാം പിരീഡിലെ ഒരു മൂലകമാണ്‌.
2. ₂₀Ca: 1s² 2s² 2p⁶ 3s² 3p⁶ 4s² ഏറ്റവും കൂടിയ ഷെല്‍നമ്പര്‍: 4. കാല്‍സ്യം 4-ാം പിരീഡിലെ ഒരു മൂലകമാണ്‌.

* ഇലക്‌ട്രോണ്‍ വിന്യാസത്തില്‍ നിന്നും മൂലകത്തിന്റെ ഗ്രൂപ്‌ കണ്ടെത്തുന്നവിധം.
s ബ്ലോക്ക്മൂലകങ്ങള്‍: 's'ബ്ലോക്കുമൂലകങ്ങളിലെ ബാഹ്യ s സബ്ഷെല്ലിലെ ഇലക്ട്രോണുകളുടെ എണ്ണം ആ മൂലകത്തിന്റെ ഗ്രൂപ്പ്‌ നമ്പര്‍ ആയിരിക്കും. ഉദാഹരണം: ₁₉K: 1s² 2s² 2p⁶ 3s² 3p⁶ 4s¹
പൊട്ടാസ്യത്തിന്റെ ബാഹ്യ s സബ്ഷെല്ലില്‍ (4s ല്‍) ഒരു ഇലക്ട്രോണാണുള്ളത്‌. പൊട്ടാസ്യം (K) ഒന്നാം ഗ്രൂപ്പിലെ മൂലകമാണ്‌.
p ബ്ലോക്ക്മൂലകങ്ങള്‍: p ബ്ലോക്കു മൂലകങ്ങളിലെ ബാഹ്യ s സബ്ഷെൈല്ലിലെയും p സബ്ഷെല്ലിലെയും ആകെ ഇലക്ട്രോണുകളുടെ എണ്ണത്തോട്‌ 10 കൂട്ടിയാല്‍ ആ മൂലകത്തിന്റെ ഗ്രൂപ്പ്‌ നമ്പര്‍ ലഭിക്കും.
ഉദാഹരണം: ₈O: 1s² 2s² 2p⁴ ഓക്സിജന്റെ ഗ്രൂപ്പ്‌ → 2+4+10 =16 
d ബ്ലോക്ക്‌ മൂലകങ്ങള്‍: d ബ്ലോക്കു മൂലകങ്ങളിലെ ബാഹ്യ 's' സബ്ഷെല്ലിലെ ഇലക്ട്രോണുകളുടെ എണ്ണത്തോട്‌ തൊട്ടുമുമ്പുള്ള d സബ്ഷെല്ലിലെ ഇലക്ട്രോണുകളുടെ എണ്ണം കൂട്ടിയാല്‍ മൂലകത്തിന്റെ ഗ്രൂപ്പ്‌ നമ്പര്‍ ലഭിക്കും.
ഉദാഹരണം. ₂₆Fe:1s² 2s² 2p⁶ 3s² 3p⁶ 3d⁶ 4s² അയണിന്റെ ഗ്രൂപ്പ്‌: 2+6 = 8. 
s ബ്ലോക്ക്‌ മൂലകങ്ങളുടെ സവിശേഷതകള്‍: താഴ്‌ന്ന അയോണീകരണ ഊര്‍ജവും, താഴ്‌ന്ന ഇലക്ട്രോ നെഗറ്റിവിറ്റിയും ലോഹസ്വഭാവവുമുള്ളവയാണ്‌ s ബ്ലോക്ക്‌
മൂലകങ്ങള്‍. ആല്‍ക്കലി ലോഹങ്ങളും ആല്‍ക്കലൈന്‍ എര്‍ത്ത്‌ ലോഹങ്ങളും ചേര്‍ന്നതാണ്‌ s ബ്ലോക്ക്‌ മൂലകങ്ങള്‍.
s ബ്ലോക്ക്മൂലകങ്ങള്‍ ഇലക്‌ട്രോ പോസിറ്റീവ്‌ (രാസപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുമ്പോള്‍ ഇലക്ടോണുകളെ വിട്ടുകൊടുക്കുന്ന) മൂലകങ്ങളാണ്‌.
p ബ്ലോക്ക്മൂലകങ്ങളുടെ സവിശേഷതകള്‍: പീരിയോഡിക്ടേബിളില്‍ 13 മുതല്‍ 18 വരെ ഗ്രൂപ്പുകളിലാണ്‌ p ബ്ലോക്ക്‌ മൂലകങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്‌. ഖരം, ദ്രാവകം, വാതകം എന്നീ മൂന്നവസ്ഥകളിലുള്ള മൂലകങ്ങള്‍ ഈ ഗ്രൂപ്പില്‍ ഉള്‍പ്പെടുന്നു. കൂടാതെ പോസിറ്റീവ്‌ ഓക്സീകരണാവസ്ഥയുള്ളമൂലകങ്ങളും (ഉദാഹരണം. Al,  Pb..  ..)
നെഗറ്റീവ്‌ ഓക്സീകരണാവസ്ഥയുള്ള മൂലകങ്ങളും (Cl,F,O …) ഈ ഗ്രൂപ്പിലുണ്ട്‌.
പിരീഡില്‍ ഇടത്തുനിന്നും വലത്തേക്ക്‌ പോകുന്തോറും p ബ്ലോക്ക്‌ മൂലകങ്ങളുടെ ഇലക്ലോനെഗറ്റിവിറ്റി, ക്രിയാശീലം എന്നിവ കൂടിവരികയും ആറ്റത്തിന്റെ വലിപ്പം കുറഞ്ഞു വരികയും ചെയ്യും. ഓരോപിരീഡിലെയും p ബ്ലോക്ക്‌ മൂലകങ്ങളില്‍ 17 -ാം ഗ്രൂപ്പിലെ മൂലകത്തിനാണ്‌ ഏറ്റവും ഉയര്‍ന്ന ക്രിയാശീലമുള്ളത്‌.
ഗ്രൂപ്പില്‍ മുകളില്‍നിന്നും താഴേക്ക്‌ വരുന്തോറും p ബ്ലോക്ക്‌ മൂലകങ്ങളുടെ അയോണീകരണ ഊര്‍ജം, ഇലക്ട്രോ നെഗറ്റിവിറ്റി എന്നിവ കുറഞ്ഞുവരികയും ലോഹീയസ്വഭാവവും വലിപ്പവും കൂടിവരികയും ചെയ്യന്നു.
d ബ്ലോക്ക്‌മൂലകങ്ങളുടെ സവിശേഷതകള്‍:
(i). വ്യത്യസ്ത ഓക്സീകരണാവസ്ഥ പ്രകടിപ്പിക്കുന്ന മൂലകങ്ങളാണ്‌ d ബ്ലോക്ക്‌ മൂലകങ്ങള്‍ അഥവാ സംക്രമണ മൂലകങ്ങള്‍. ഈ മൂലകങ്ങള്‍ രാസപ്രവര്‍ത്തനത്തിൽ ഏര്‍പ്പെടുമ്പോള്‍ ബാഹ്യതമഷെല്ലിലെ ഇലക്ട്രോണുകളോടൊപ്പം തൊട്ടുമുമ്പുള്ള d സബ്ഷൈല്ലിലെ ഇലക്ട്രോണുകളും പങ്കെടുക്കുന്നു. ഇവയിലെ ബാഹ്യ s സബ്ഷൈല്ലിലെയും തൊട്ടുമുമ്പുള്ള d സബ്ഷെല്ലിലെയും ഇലക്ട്രോണുകളുടെ ഊര്‍ജം ഏകദേശം തുല്യമായതിനാലാണ്‌ d ബ്ലോക്ക്‌ മൂലകങ്ങല്‍ വ്യത്യസ്ത ഓക്സീകരണാവസ്ഥ പ്രകടിപ്പിക്കുന്നത്‌.
ഉദാഹരണം. 1:- FeCl₂, FeCl₃ എന്നീ സംയുക്തങ്ങളില്‍ അയണിന്റെ ഓക്ലീകരണാവസ്ഥ യഥാക്രമം +2, +3 എന്നിവയാണ്‌.
₂₆Fe:1s² 2s² 2p⁶ 3s² 3p⁶ 3d⁶ 4s²
ഫെറസ്‌ക്ലോറൈഡില്‍ (FeCl₃) അയണ്‍ അതിന്റെ ബാഹ്യ s സബ്ഷെല്ലിലെ രണ്ട് ഇലക്ട്രോണുകള്‍ നഷ്ടപ്പെട്ട്‌ Fe²⁺ അയോണായി മാറുന്നു. Fe²⁺: 1s² 2s² 2p⁶ 3s² 3p⁶ 3d⁶ എന്നാല്‍ ഫെറിക് ക്ളോറൈഡില്‍ (FeCl₃), അയണ്‍ അതിന്റെ ബാഹ്യ s സബ്ഷെല്ലിലെ രണ്ട് ഇലക്ട്രോണുകളും d സബ്ഷെല്ലിലെ ഒരിലക്ട്രോണും ഉള്‍പ്പെടെ മൂന്ന്‌ ഇലക്ട്രോണുകള്‍ നഷ്ടപ്പെട്ട്‌ Fe₃⁺ അയോണായി മാറുന്നു.
Fe₃⁺: 1s² 2s² 2p⁶ 3s² 3p⁶ 3d⁵
ഉദാഹരണം. 2:- കുപ്രസ്‌ ഓക്ലൈഡില്‍ (Cu₂O) കോപ്പറിന്റെ ഓക്ലീകരണാവസ്ഥ +1 ഉം കുപ്രിക്‌ ഓക്ലൈഡില്‍ (CuO) +2 ഉം ആണ്‌.
₂₉Cu: 1s² 2s² 2p⁶ 3s² 3p⁶ 3d¹⁰ 4s¹
Cu¹⁺: 1s² 2s² 2p⁶ 3s² 3p⁶ 3d¹⁰ 
Cu²⁺: 1s² 2s² 2p⁶ 3s² 3p⁶ 3d⁹
(ii). d ബ്ലോക്ക്‌ മൂലകങ്ങള്‍ മിക്കവയും നിറമുള്ളവയാണ്‌. സംയുക്തത്തിലെ d ബ്ലോക്ക്‌ മൂലക അയോണുകളുടെ (സംക്രമണമൂലക അയോണുകളുടെ) സാന്നിധ്യമാണ്‌ ഈ നിറത്തിന്‌ കാരണം.
ഉദാഹരണം.
1. കോപ്പര്‍ സള്‍ഫേറ്റ്‌ (CuSO₄ - നീലനിറം- കോപ്പര്‍ അയോണിന്റെ സാന്നിധ്യം.
4. അമോണിയംഡൈക്രോമേറ്റ്‌ (NH₄Cr₂O₇)- ഓറഞ്ചുനിറം - ക്രോമിയം അയോണിന്റെ സാന്നിധ്യം.
3. പൊട്ടാസ്യം പെര്‍മാംഗനേറ്റ്‌ (KMnO₄) - വയലറ്റ്‌ - മാംഗനീസ്‌ അയോണിന്റെ സാന്നിധ്യം.
(iii). ഒരേ പിരീഡില്‍വരുന്ന d ബ്ലോക്ക്‌മൂലകങ്ങളുടെ (സംക്രമണമൂലകങ്ങളുടെ)
ബാഹ്യതമ ഷെല്ലിലെ ഇലക്ട്രോണുകളുടെ എണ്ണം തുല്യമായതിനാല്‍ അവ രാസഗുണങ്ങളില്‍ സാദൃശ്യം കാണിക്കുന്നു.
f ബ്ലോക്ക്‌ മൂലകങ്ങള്‍:  f ബ്ലോക്ക്‌ മൂലകങ്ങളില്‍ അവസാനം ഇലക്ട്രോണ്‍ പൂരണം നടക്കുന്നത്‌ f സബ്ഷെല്ലില്‍ (ബാഹ്യതമഷെല്ലിന്‌ ഉള്ളിലുള്ളതിന്റെയും ഉള്ളില്‍) ആണ്‌. സിറിയം (₅₈Ce): [Xe] 4f¹ 5d¹ 6s², തോറിയം (₉₀Th): [Rn] 5f¹ 6d¹ 7s²
എന്നിവ f ബ്ലോക്ക്‌ മൂലകങ്ങള്‍ക്ക്‌ ഉദാഹരണങ്ങളാണ്‌.
സിറിയത്തിലെ ബാഹ്യതമഷെൈല്‍ 6 ആണ്‌. ഈ മൂലക ആറ്റത്തില്‍ അവസാനം ഇലക്ട്രോണ്‍ വന്നു ചേരുന്നത്‌ നാലാമത്തെ ഷെല്ലിലെ (ബാഹ്യതമഷെല്ലിന്റെ ഉള്ളിന്റെയുള്ളില്‍) 4f സബ്ഷെല്ലിലാണ്‌.
അതുപോലെ തോറിയത്തില്‍ അതിന്റെ ഏഴാമത്തെ ഷെല്ലായ ബാഹ്യതമഷെല്ലിന്റെ ഉള്ളിന്റെ ഉള്ളിലുള്ള 5f സബ്ഷെല്ലിലാണ്‌ അവസാനം ഇലക്ട്രോണ്‍ വന്നുചേരുന്നത്‌.
പീരിയോഡിക് ടേബിളില്‍ ഏറ്റവും താഴെയായി രണ്ട്നി രകളിലായാണ്‌ f ബ്ലോക്ക്‌ മൂലകങ്ങളെ ക്രമീകരിച്ചിരിക്കുന്നത്‌. ഇതില്‍ ആദ്യനിരയിലെ മൂലകങ്ങളെ ലാന്ഥനോയിഡുകളെന്ന്‌ വിളിക്കുന്നു. ലാന്ഥനോയിഡുകള്‍ ആറാം പിരീഡിലെ മൂലകങ്ങളാണ്‌.
രണ്ടാം നിരയില്‍ ക്രമീകരിച്ചിട്ടുള്ള f ബ്ലോക്ക്‌ മൂലകങ്ങള്‍ ഏഴാം പിരീഡിലെ മൂലകങ്ങളാണ്‌. ഇവ ആക്ടിനോയിഡുകളെന്നറിയപ്പെടുന്നു. ആക്ടിനോയിഡുകളിലെ ഭൂരിഭാഗം മൂലകങ്ങളും കൃത്രിമമൂലകങ്ങളും റേഡിയോ ആക്ടീവ്‌ മൂലകങ്ങളുമാണ്‌. f ബ്ലോക്ക്‌ മൂലകങ്ങള്‍ ഒരു ഗ്രൂപ്പിലും പെടാത്തവയാണ്‌. d ബ്ലോക്ക്‌ മൂലകങ്ങളെപ്പോലെ ബ്ലോക്ക്‌ മൂലകങ്ങളും വ്യത്യസ്ത ഓക്സീകരണാവസ്ഥ
പ്രകടിപ്പിക്കുന്നു.
യുറേനിയം, തോറിയം, പ്ലൂട്ടോണിയം തുടങ്ങിയ f ബ്ലോക്ക്‌ മൂലകങ്ങള്‍ ന്യൂക്ലിയര്‍ റിയാക്ടറുകളില്‍ ഇന്ധനമായി ഉപയോഗിക്കുന്നു. അതുപോലെ പല f ബ്ലോക്ക്‌ മൂലകങ്ങളും പെട്രോളിയം വ്യവസായത്തില്‍ ഉല്‍പ്രേരകങ്ങളായി
ഉപയോഗിക്കുന്നുണ്ട്‌.

* പരിശീലനചോദ്യങ്ങളും ഉത്തരങ്ങളും
1. ആധുനിക പീരിയോഡിക് ടേബിളിൽ മൂലക വർഗ്ഗീകരണത്തിന്റെ അടിസ്ഥാനം എന്താണ്?
- അറ്റോമിക നമ്പർ

1. സോഡിയം ആറ്റത്തില്‍ K,L,Mഎന്നിങ്ങനെ മൂന്ന്ഷെല്ലുകളുണ്ട്‌. ഇവയില്‍ ഏതു ഷെല്ലിലെ ഇലക്ട്രോണുകള്‍ക്കാണ്‌ ഏറ്റവും കൂടിയ ഊര്‍ജമുള്ളത്‌?
ഉത്തരം: M ഷെല്‍.

2. ന്യൂക്ലിയസില്‍നിന്നുള്ള അകലവും ഷെല്ലുകളിലെ ഊര്‍ജനിലയും തമ്മിലുള്ള ബന്ധമെന്ത്‌?
ഉത്തരം: അകലം കൂടുന്നതിനനുസരിച്ച്‌ ഊര്‍ജം കൂട്ടുന്നു.

4. ഒരു സബ്ഷെല്‍മാത്രമുള്ള ര്‍ജനിലയേത്‌?
ഉത്തരം: K ഷെല്‍.

5. L ഷെല്ലിലെ സബ്ഷെല്ലുകളുടെ എണ്ണമെത്ര? ഏതെല്ലാം?
ഉത്തരം: 2. s & p

6. എല്ലാ ഊര്‍ജനിലകളിലുമുള്ള സബ്ഷെല്ലേത്‌?
ഉത്തരം: s

7. ₁₁Na, ₁₇ Cl എന്നീ മൂലകങ്ങളുടെ സബ്ഷെല്‍ ഇലക്ട്രോണ്‍വിന്യാസമെഴുതി അവ ഏതു പിരീഡില്‍ വരുന്ന മൂലകങ്ങളാണെന്ന്‌ കണ്ടെത്തുക.
ഉത്തരം: Na – 1s² 2s² 2p⁶ 3s¹  പിരീഡ്‌. 3
Cl-1s² 2s² 2p⁶ 3s² 3p⁵  പിരീഡ്‌. 3

8. ഒരാറ്റത്തിലെ ഏറ്റവും പുറമെയുള്ള സബ്ഷെല്‍ ഇലക്ട്രോണ്‍ ക്രമീകരണം 3p³ ആയാല്‍ അതിന്റെ ആറ്റമികസംഖ്യ, ബ്ലോക്ക്‌, ഗ്രൂപ്പ്‌ എന്നിവ കണ്ടെത്തുക.
ഉത്തരം: പൂര്‍ണ്ണമായ ഇലക്ട്രോണ്‍ വിന്യാസം: 1s² 2s² 2p⁶ 3s² 3p³
ആറ്റോമികസംഖ്യ - 15, ബ്ലോക്ക്‌- p, ഗ്രൂപ്പ്‌ - 3+12=15,

9. 1s, 2s, 2p, 3s, 3p,3s,3p,3d,4s, 4p എന്നീ ഉപഷെല്ലുകളെ ഊര്‍ജം കൂടിവരുന്ന ക്രമത്തിലെഴുതുക.
ഉത്തരം: 1s> 2s>2p> 3s> 3p>3s>3p>4s> 3d>4p
 
10. ഒരു മൂലകത്തിന്റെ ആറ്റോമികനമ്പര്‍ 23 ആണ്‌. ഈ മൂലക ആറ്റത്തിന്റെ ഇലക്ട്രോണ്‍ വിന്യാസമെഴുതി മൂലകത്തിന്റെ ബ്ലോക്ക്‌, ഗ്രൂപ്പ്‌, പിരീഡ്‌ എന്നിവ കണ്ടെത്തുക.
ഉത്തരം:1s² 2s² 2p⁶ 3s² 3p³ 3d³ 4s² 
ബ്ലോക്ക്‌ d       ഗ്രുപ്പ്‌: 3+2 =5   പിരീഡ്‌: 4

11. കാല്‍സ്യത്തിന്റെ ആറ്റോമികസംഖ്യ 20 ആണ്‌. ഇതിന്റെ ഇലക്‌ട്രോണ്‍ വിന്യാസമെഴുതി കാല്‍സ്യത്തിന്റെ ബ്ലോക്ക്‌; ഗ്രൂപ്പ്‌, പിരീഡ്‌ എന്നിവ കണ്ടെത്തുക.
ഉത്തരം: ₂₀Ca: 1s² 2s² 2p⁶ 3s² 3p⁶ 4s² 
ബ്ലോക്ക്‌. s     ഗ്രൂപ്പ്‌. 2   പിരീഡ്‌. 4

12. d ബ്ലോക്ക്‌ മൂലകങ്ങളുടെ മൂന്ന്‌ സവിശേഷതകളെഴുതുക.
ഉത്തരം:
* വ്യത്യസ്ത ഓക്സീകരണാവസ്ഥ.
* സംയുക്തങ്ങള്‍ നിറമുള്ളവയാണ്‌.
* ഒരേ പിരീഡില്‍വരുന്ന d ബ്ലോക്ക്‌ മൂലകങ്ങള്‍ രാസഗുണങ്ങളില്‍ സാദൃശ്യം കാണിക്കുന്നു.

13. മൂലകങ്ങളുടെ ഏതാനും സവിശേഷതകള്‍ താഴെകൊടുത്തിരിക്കുന്നു. ഇവയെ s,p,d,f ബ്ലോക്ക്മൂലകങ്ങള്‍ എന്നിങ്ങനെ വര്‍ഗീകരിക്കുക.
a. വ്യത്യസ്ത ഓക്സീകരണാവസ്ഥ. 
b. ആല്‍ക്കലി ലോഹം.
c. പെട്രോളിയം വ്യവസായത്തില്‍ ഉള്‍പ്രേരകമായി ഉപയോഗിക്കുന്നു.
d. നിശ്ചിത പോസിറ്റീവ്‌ ഓക്സീകരണാവസ്ഥ.
e. അവസാന ഇലക്ട്രോണ്‍പൂരണം ബാഹ്യതമഷെല്ലിന്‌ തൊട്ടുമുമ്പിലുള്ള ഷെല്ലില്‍.
f. ആല്‍ക്കലൈന്‍ എര്‍ത്ത് ലോഹം.
g. പോസിറ്റീവ്‌ ഓക്സീകരണാവസ്ഥയും നെഗറ്റീവ്‌ ഓക്സീകരണാവസ്ഥയും കാണിക്കുന്ന മൂലകങ്ങള്‍ കാണപ്പെടുന്നു.
h. റേഡിയോ ആക്ടീവ്‌ മൂലകങ്ങളാണ്‌.
i. അവസാന ഇലക്ട്രോണ്‍ പൂരണം നടക്കുന്നത്‌ ബാഹ്യതമ ഷെല്ലിന്റെ ഉള്ളിലുള്ള ഷെല്ലിന്റെയും ഉള്ളിലാണ്‌.
ഉത്തരം: 
s ബ്ലോക്ക്‌: b,d,f, 
p ബ്ലോക്ക്‌: g
d ബ്ലോക്ക്‌: a,e 
f ബ്ലോക്ക്‌: a,c,h,i

14. FeCl₂, FeCl₃ എന്നീ സംയുക്തങ്ങളിലെ ഇരുമ്പിന്റെ ഓക്സീകരണാവസ്ഥകള്‍ എഴുതുക.
(Cl ന്റെ ഓക്ലീകരണാവസ്ഥ: -1)
ഉത്തരം: FeCl₂: 2,  FeCl₃ : 3

15. MnO₂ ലെ മാംഗനീസ്‌ അയോണിന്റെ സബ്ഷെല്‍ ഇലക്ട്രോണ്‍ വിന്യാസമെഴുതുക.
സൂചന: ഓക്സിജന്റെ ഓക്സീകരണാവസ്ഥ: -2, മാംഗനീസിന്റെ ആറ്റമികസംഖ്യ: 25
ഉത്തരം: MnO₂ ലെ മാംഗനീസിന്റെ ഓക്സിഡേഷന്‍ നമ്പര്‍ +4.
മാംഗനീസ്‌ ആറ്റത്തിലെ ഇലക്ട്രോണ്‍ വിന്യാസം: 1s² 2s² 2p⁶ 3s² 3p⁶ 3d⁵ 4s² 
Mn⁴⁺ അയോണിന്റെ ഇലക്ടോണ്‍ വിന്യാസം: 1s² 2s² 2p⁶ 3s² 3p⁶ 3d³
16. f ബ്ലോക്ക്‌ മൂലകങ്ങള്‍ക്ക്‌ 2 ഉദാഹരണങ്ങളെഴുതുക.
ഉത്തരം: യുറേനിയം, തോറിയം.

17. ആദ്യ ജോഡിയുടെ ബന്ധം കണ്ടെത്തി അതിനനുസരിച്ച് രണ്ടാമത്തെ ജോഡി പൂർത്തിയാക്കുക.
a) പിരീഡ്‌-7: ആക്ടിനോയിഡുകള്‍; ........... : ലാന്ഥനോയിഡുകള്‍
b) ലാന്ഥനോയിഡ്‌: 4f¹; ആക്ടിനോയിഡ്‌: .........
c) സബ്ഷെല്ലുകള്‍: ഉപഭര്‍ജനിലകള്‍, ഷെല്ലുകള്‍ : ..........
ഉത്തരം: 
a) പിരീഡ്‌-6
b) 5f¹
c) മുഖ്യഊര്‍ജനിലകള്‍.

18. കോപ്പര്‍ സള്‍ഫേറ്റ്‌ (CuSO₄), പൊട്ടാസ്യം ക്ലോറൈഡ്‌(KCl), പൊട്ടാസ്യം പെര്‍മാംഗനേറ്റ് (KMNO₄) എന്നീ സംയുക്തങ്ങളില്‍ നിറമുള്ള സംയുക്തമാകാന്‍ സാധ്യതയുള്ളവയേതെല്ലാം? ഉത്തരം സാധൂകരിക്കുക.
ഉത്തരം: 
കോപ്പര്‍ സള്‍ഫേറ്റ്‌ (CuSO₄), പൊട്ടാസ്യം പെര്‍മാംഗനേറ്റ് (KMNO₄) എന്നിവ നിറമുള്ള സംയുക്തങ്ങളായിരിക്കും. കാരണം ഇവ രണ്ടും d ബ്ലോക്ക്‌ മൂലക സംയുക്തങ്ങളാണ്‌.

19. ലാന്ഥനോയിഡുകളും ആക്ടിനോയിഡുകളും f ബ്ലോക്ക്‌ മൂലകങ്ങളാണ്‌. ഇവ തമ്മിലുള്ള രണ്ട്‌ വ്യത്യാസങ്ങളെഴുതുക.
ഉത്തരം: 


20. ഒരാറ്റത്തില്‍ അവസാനത്തെ രണ്ട്‌ ഇലക്ട്രോണുകള്‍ വന്നുചേരുന്നത്‌ 3d സബ്ഷൈല്ലിലാണ്‌. ഈ ആറ്റത്തിന്റെ പൂര്‍ണ്ണമായ ഇലക്ട്രോണ്‍ വിന്യാസമെഴുതി മൂലകത്തിന്റെ ആറ്റോമിക നമ്പര്‍, പിരീഡ്‌, ബ്ലോക്ക്‌, ഗ്രൂപ്പ്‌ എന്നിവ കണ്ടെത്തുക.
ഉത്തരം: 
ഇലക്ട്രോണ്‍ വിന്യാസം. 1s² 2s² 2p⁶ 3s² 3p⁶ 3d² 4s²
ആറ്റോമികനമ്പര്‍ - 22
പിരീഡ്‌ - 4    ബ്ലോക്ക്‌ - d    ഗ്രൂപ്പ്‌ - 2+2 = 4

21. +1, +2 എന്നിങ്ങനെ രണ്ട്‌ വ്യത്യസ്ത ഓക്സീകരണാവസ്ഥകള്‍ കാണിക്കുന്ന ഒരു മൂലകമാണ്‌ കോപ്പര്‍. കോപ്പറിന്റെ ആറ്റോമിക നമ്പര്‍ 29 ആണ്‌.
a. കോപ്പറിന്റെയും, Cu⁺¹, Cu⁺² എന്നീ അയോണുകളുടെയും ഇലക്ട്രോണ്‍ വിന്യാസമെഴുതുക.
b. കോപ്പര്‍ ക്ലോറിനുമായി (₁₇Cl) പ്രവര്‍ത്തിച്ചുണ്ടാകുന്ന രണ്ട്‌ സംയുക്തങ്ങളുടെ രാസസൂത്രമെഴുതുക.
ഉത്തരം:
a. (i) Cu: 1s² 2s² 2p⁶ 3s² 3p⁶ 3d¹⁰ 4s¹
(ii) Cu⁺¹: 1s² 2s² 2p⁶ 3s² 3p⁶ 3d¹⁰ 
(iii) Cu⁺²: 1s² 2s² 2p⁶ 3s² 3p⁶ 3d⁹
b. CuCl, CuCl₂

22. പീരിയോഡിക്‌ടേബിളിന്റെ അപൂര്‍ണ്ണമായ ഒരുഭാഗം താഴെകൊടുത്തിരിക്കുന്നു. മൂലകങ്ങളുടെ പ്രതീകങ്ങള്‍ യഥാര്‍ഥമല്ല.
a. ഇതിലെ p ബ്ലോക്ക്‌ മൂലകങ്ങളേതെല്ലാം?
b. വ്യത്യസ്ത ഓക്സീകരണാവസ്ഥ കാണിക്കുന്ന രണ്ട്‌ മൂലകങ്ങളെ കണ്ടെത്തുക.
c. വലിപ്പം കൂടിയ ആല്‍ക്കലി ലോഹമേത്‌?
d. ക്രിയാശീലം ഏറ്റവും കുറവുള്ള മൂലകമേത്‌?
e. മൂലകം B യില്‍ അവസാനം ഇലക്ട്രോണ്‍ വന്നുചേരുന്നത്‌ ഏതു സബ്ഷെല്ലിലാണ്‌. ഉത്തരം സാധൂകരിക്കുക.
ഉത്തരം: 
a. E, F & G      
b. C&D      
c. B     
d. G    
e. s സബ്ഷെല്ലില്‍.

23. താഴെ കൊടുത്തിരിക്കുന്ന സംയുക്തങ്ങളിലെ d ബ്ലോക്ക്‌ മൂലകങ്ങളുടെ ഓക്സീകരണാവസ്ഥയെഴുതുക.
i. FeCl₃ 
ii. MnCl₂
iii. CuO 
iv. MnO₂ 
v. Mn₂O₃ 
vi. Mn₂O₇
ഉത്തരം:
i. FeCl₃:  Fe³⁺  - ഓക്സീകരണാവസ്ഥ: +3 
ii. MnCl₂: Mn²⁺ - ഓക്സീകരണാവസ്ഥ: +2
iii. CuO: Cu2²⁺ - ഓക്സീകരണാവസ്ഥ: +2
iv. MnO₂: Mn⁴⁺ - ഓക്സീകരണാവസ്ഥ: +4
v. Mn₂O₃: Mn³⁺ - ഓക്ലീകരണാവസ്ഥ: +3
vi. Mn₂O₇: Mn⁷⁺- ഓക്ലീകരണാവസ്ഥ: +7

24. d ബ്ലോക്ക്‌ മൂലകങ്ങളുടെയും f ബ്ലോക്ക്‌ മൂലകങ്ങളുടെയും പൊതുവായ ഒരു സവിസേഷതയെഴുതുക.
ഉത്തരം: ഈ രണ്ടുതരം മൂലകങ്ങളും വ്യത്യസ്ത ഓക്സീകരണാവസ്ഥ പ്രകടിപ്പിക്കുന്നവയാണ്‌.

25. ക്രോമിയത്തിന്റെ (₂₄Cr) സബ്ഷെല്‍ ഇലക്ട്രോണ്‍ വിന്യാസം 1s² 2s² 2p⁶ 3s² 3p⁶ 3d⁵ 4s¹ എന്നിങ്ങനെയാണ്‌.
a.സാധാരണ ഇലക്ട്രോണ്‍ ക്രമീകരണത്തില്‍ നിന്നും ഈ ക്രമീകരണത്തില്‍ വല്ലമാറ്റവും കാണുന്നുണ്ടോ? ഉണ്ടെങ്കില്‍ ഇതിന്റെ കാരണമെഴുതുക.
b. ഇത്തരത്തിലുള്ള മൂലകത്തിന്‌ ഒരുദാഹരണം കൂടിഎഴുതുക.
ഉത്തരം: 
a. ഉണ്ട്‌. മറ്റുള്ള മൂലകങ്ങളുടേതില്‍നിന്നും വ്യത്യസ്തമാണ്‌ ഈ ക്രമീകരണം. പകുതി നിറഞ്ഞതോ പൂര്‍ണ്ണമായിനിറഞ്ഞതോ ആയ d സബ്ഷെല്ലുകള്‍ ആറ്റത്തിന്‌ കൂടുതല്‍ സ്ഥിരത നൽകും. ഇവിടെ ക്രമീകരണത്തിന്റെ മാറ്റത്തിലൂടെ d സബ്ഷെല്‍ 5 ഇലക്ട്രോണിനെ സ്വീകരിച്ച്‌ പകുതി നിറഞ്ഞിരിക്കുന്നു.
b. കോപ്പര്‍.

26. അറ്റോമികനമ്പർ 26  ആയ Fe എന്ന മൂലകം രാസപ്രവർത്തനത്തിലേർപ്പെടുമ്പോൾ +3  ഓക്സീകരണാവസ്ഥയിലുള്ള അയോൺ  ആയി മാറുന്നു.
a) Fe യുടെ സബ്ഷെൽ ഇലക്ട്രോൺ വിന്ന്യാസം എഴുതുക
b) രാസപ്രവർത്തനഫലമായി ഉണ്ടാകുന്ന അയോണിന്റെ ഇലക്‌ട്രോൺ വിന്ന്യാസം എഴുതുക
c) ഈ മൂലകം വ്യത്യസ്ത ഓക്സീകരണാവസ്ഥ പ്രകടിപ്പിക്കാൻ സാധ്യതയുണ്ടോ ?നിങ്ങളുടെ ഉത്തരം സാധൂകരിക്കുക
ഉത്തരം: 
a. 1s² 2s² 2p⁶ 3s² 3p⁶ 3d⁶ 4s²
b. 1s² 2s² 2p⁶ 3s² 3p⁶ 3d⁵
c. ഉണ്ട്. d ബ്ലോക്ക് മൂലകങ്ങൾ ബാഹ്യതമ s സബ്ഷെല്ലിലെ ഇലക്ട്രോണുകൾക്കൊപ്പം അതിനുള്ളിലെ ഷെല്ലായ d  സബ്ഷെല്ലിലെ ഇലക്ട്രോണുകൾ കൂടി രാസപ്രവർത്തനത്തിൽ പങ്കെടുക്കുന്നു
 
* വിലയിരുത്താം - ചോദ്യങ്ങൾ (പാഠപുസ്തകം - പേജ് 29, 30)

27. താഴെ കൊടുത്ത സൂചനകളുടെ അടിസ്ഥാനത്തില്‍ അറ്റോമിക നമ്പര്‍
കണ്ടെത്തി സബ്ഷെല്‍ ഇലക്ട്രോണ്‍ വിന്യാസം എഴുതുക. (പ്രതീകങ്ങള്‍
യഥാര്‍ഥമല്ല).
(i) A - 3 -ാം പിരിയഡ്‌ 17-ാം ഗ്രൂപ്പ്‌
(ii) B - 4 -ാം പിരിയഡ്‌ 6-ാം ഗ്രൂപ്പ്‌
ഉത്തരം: 
i) A- 1s² 2s² 2p⁶ 3s² 3p⁵
ii) B- 1s² 2s² 2p⁶ 3s² 3p⁶ 3d⁵ 4s¹

28. ഒരാറ്റത്തിന്റെ അവസാന ഇലക്ട്രോണ്‍ പൂരണം 3d സബ്ഷെല്ലില്‍ നടന്നപ്പോള്‍ ആ സബ്ഷെല്ലിലെ ഇലക്ട്രോണ്‍ വിന്യാസം 3d⁸ എന്ന്‌ രേഖപ്പെടുത്തി. ഈ ആറ്റത്തെ സംബന്ധിക്കുന്ന ചോദ്യങ്ങള്‍ക്ക്‌ ഉത്തരം കണ്ടെത്തു.
* പൂര്‍ണ സബ്ഷെല്‍ ഇലക്ട്രോണ്‍ വിന്യാസം
* അറ്റോമികനമ്പര്‍
ബ്ലോക്ക്‌
* പീരിയഡ്‌നമ്പര്‍
* ഗ്രൂപ്പ്നമ്പര്‍
ഉത്തരം: 
* പൂര്‍ണ സബ്ഷെല്‍ ഇലക്ട്രോണ്‍ വിന്യാസം - 1s² 2s² 2p⁶ 3s² 3p⁶ 3d⁸ 4s²
* അറ്റോമികനമ്പര്‍ - 28
* ബ്ലോക്ക്‌ - d
* പീരിയഡ്‌നമ്പര്‍ - 4
* ഗ്രൂപ്പ്നമ്പര്‍ - 10

29. താഴെ കൊടുത്തിരിക്കുന്ന സബ്ഷെല്‍ ഇലക്ട്രോണ്‍ വിന്യാസത്തില്‍ ശരിയല്ലാത്തവ ഏതെല്ലാം.
a) 1s² 2s² 2p⁷
b) 1s² 2s² 2p²
c) 1s² 2s² 2p⁵ 3s¹
d) 1s² 2s² 2p⁶ 3s² 3p⁶ 3d² 4s¹
e) 1s² 2s² 2p⁶ 3s² 3p⁶ 3d² 4s²
ഉത്തരം: a, c, d

30. ഗ്രൂപ്പുനമ്പര്‍ 17 ആയ X എന്ന മൂലകത്തിന്‌ 3 ഷെല്ലുകള്‍ ഉണ്ട്‌. എങ്കില്‍
a) ഈ മൂലകത്തിന്റെ സബ്ഷെല്‍ ഇലക്ട്രോണ്‍ വിന്യാസം എഴുതുക.
b) പീരിയഡ്‌ നമ്പര്‍ എത്രയാണ്‌?
c) p സബ്‌ ഷെല്ലില്‍ ഒരു ഇലക്ട്രോണുള്ള മൂന്നാം പീരിയഡിലെ Y എന്ന മൂലകത്തിന്റെ ആറ്റവുമായി X പ്രവര്‍ത്തിച്ചാല്‍ ഉണ്ടാകുന്ന സംയുക്തത്തിന്റെ രാസസൂത്രം എന്തായിരിക്കും?
ഉത്തരം:
a) 1s² 2s² 2p⁶ 3s² 3p⁵
b) 3
c) YX₃

31. അറ്റോമിക നമ്പര്‍ 29 ആയ Cu എന്ന മൂലകം രാസപ്രവര്‍ത്തനത്തില്‍ ഏർപ്പെടുമ്പോള്‍ +2 ഓക്സീകരണാവസ്ഥയുള്ള അയോണ്‍ ആയിമാറുന്നു.
a) ഈ അയോണിന്റെ പ്രതീകവും സബ്ഷെല്‍ ഇലക്ട്രോണ്‍ വിന്യാസവും എഴുതുക.
b) ഈ മൂലകം വ്യത്യസ്ത ഓക്സീകരണാവസ്ഥ കാണിക്കുവാന്‍ സാധ്യതയുണ്ടോ? എന്തുകൊണ്ട്‌?
c) ക്ലോറിനുമായി (₁₇Cl) ഈ മൂലകം പ്രവര്‍ത്തിച്ചാല്‍ ഉണ്ടാകുന്ന ഒരു സംയുക്തത്തിന്റെ രാസസൂത്രം എഴുതുക.
ഉത്തരം:
a) Cu²⁺ , 1s² 2s² 2p⁶ 3s² 3p⁶ 3d⁹
b) ഉണ്ട്‌. ഇത്‌ ഒരു d ബ്ലോക്ക്‌ മൂലകമാണ്‌. d ബ്ലോക്ക്‌ മൂലകങ്ങളുടെ ബാഹ്യതമ ഷെല്ലിലെ s സബ് ഷെല്ലും അതിനു തൊട്ടുള്ളിലുള്ള ഷെല്ലിലെ d സബ്‌ഷെല്ലും തമ്മില്‍ ഊർജ്ജത്തില്‍ നേരീയയ വ്യത്യാസമേയുള്ളൂ. അനുയോജ്യമായ സാഹചര്യങ്ങളില്‍ ബാഹ്യതമ ഷെല്ലിലെ s സബ്‌ ഷെല്ലിലെ ഇലക്ട്രോണുകളോടൊപ്പം അതിനു തൊട്ടുള്ളിലുള്ള ഷെല്ലിലെ d സബ്ഷെല്ലിലെ ഇലക്ട്രോണുകള്‍ കൂടി രാസപ്രവര്‍ത്തനത്തില്‍ പങ്കെടുക്കാറുണ്ട്‌.
c) CuCl and CuCl₂

32. ആറ്റത്തിലെ ചില സബ്ഷെല്ലുകള്‍ താഴെകൊടുക്കുന്നു.
2s, 2d, 3f, 3d, 5s, 3p
a) ഇതില്‍ സാധ്യതയില്ലാത്ത സബ്ഷെല്ലുകള്‍ ഏതൊക്കെ?
b) സാധ്യതയില്ലാത്തതിന്റെ കാരണം എന്താണ്‌?
ഉത്തരം:
a) 2d, 3f
b) രണ്ടാം ഷെല്ലില്‍ s, p എന്നീ സബ്‌ ഷെല്ലുകള്‍ മാത്രമേ ഉള്ളൂ. 
മൂന്നാം ഷെല്ലില്‍ s, p, d എന്നീ സബ്‌ ഷെല്ലുകള്‍ മാത്രമേ ഉള്ളൂ.


CHEMISTRY Textbook (pdf) - Click here 


ഈ ബ്ലോഗിലെ എല്ലാ പോസ്റ്റുകളും ഒരുമിച്ച് കാണാനും ആവശ്യമുള്ളവ എളുപ്പത്തിൽ തിരഞ്ഞെടുക്കാനും ഇവിടെ ക്ലിക്കുക.

PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here