STD 9 Geography: Chapter 05 സമുദ്രവും മനുഷ്യനും - ചോദ്യോത്തരങ്ങൾ 
Study Notes for Class 9th Social Science II (Malayalam Medium) Ocean and Man | Geography: Chapter 05 സമുദ്രവും മനുഷ്യനും

👉ഈ അദ്ധ്യായം English Medium Notes Click here
Class 9 Geography Questions and Answers
Chapter 5: സമുദ്രവും മനുഷ്യനും
1ഉൾക്കടലും കടലിടുക്കും തമ്മിലുള്ള വ്യത്യാസം എന്താണ്?
* ഉള്‍ക്കടല്‍:- മൂന്നു വശങ്ങള്‍ കരയാല്‍ ചുറ്റപ്പെട്ടതാണ്‌ ഉള്‍ക്കടല്‍ (Bay). 
* കടലിടുക്ക്‌:- രണ്ടു കരകള്‍ക്കിടയിലുള്ള ഇടുങ്ങിയ സമുദ്രഭാഗമാണ്‌ കടലിടുക്ക്‌ (Strait). 

2. ലോക ഭൂപടത്തിൽ നിന്ന് ഓരോ സമുദ്രത്തിന്റെയും സ്ഥാനം തിരിച്ചറിയുക. ഓരോ സമുദ്രത്തിലെയും കടലിടുക്കുകൾ, കടൽത്തീരങ്ങൾ, കടലുകൾ എന്നിവ ഒരു അറ്റ്ലസിന്റെ സഹായത്തോടെ പട്ടികപ്പെടുത്തുക. (TextBook Page no: 68) 

3. ദ്വീപുകളും ഉപദ്വീപും തമ്മിലുള്ള വ്യത്യാസം.
പൂര്‍ണ്ണമായും സമുദ്രത്താല്‍ ചുറ്റപ്പെട്ട കരഭാഗങ്ങളാണ്‌ ദ്വീപുകള്‍
- മൂന്നു വശങ്ങള്‍ സമുദ്രത്താല്‍ ചുറ്റപ്പെട്ട വന്‍കരഭാഗങ്ങളാണ്‌ ഉപദ്വീപുകള്‍ 

4. ഏത് സമുദ്രമാണ് ദക്ഷിണസമുദ്രം എന്നറിയപ്പെടുന്നത്.
- അന്റാര്‍ട്ടിക് സമുദ്രം

5. സമുദ്രങ്ങളില്‍ വെച്ച് ഏറ്റവും ചെറുത് ഏത്?
- ആര്‍ട്ടിക് സമുദ്രം

6. അറ്റ്ലാന്റിക് സമുദ്രത്തിലെ ഏറ്റവും ആഴം കൂടിയ ഭാഗം ഏത് പേരിലാണ് അറിയപ്പെടുന്നത്?
- പ്യൂറിട്ടോറിക്കോ ഗര്‍ത്തം

7. പസഫിക് സമുദ്രത്തിലെ ഏറ്റവും ആഴം കൂടിയ ഭാഗം ഏത്?
- ചലഞ്ചര്‍ ഗര്‍ത്തം

8. സമുദ്രജലത്തിന്റെ പ്രധാന സവിശേഷതകൾ എന്തെല്ലാം?
- സമുദ്രജലത്തിന്റെ പ്രധാന സവിശേഷതകളാണ താപം, ലവണത്വം, സാന്ദ്രത എന്നിവ. ഇവ എല്ലാ സമുദ്രങ്ങളിലും ഒരുപോലെയല്ല അനുഭവ
പ്പെടുന്നത്‌. 

9. ലോകത്തിലെ ചില പ്രധാന ദ്വീപുകളുടെയും ഉപദ്വീപുകളുടെയും പേരുകളാണ് താഴെ പട്ടികയിൽ. അവ സ്ഥിതി ചെയ്യുന്നത് ഏതേത്സ മുദ്രങ്ങളിലാണെന്ന് അറ്റ്ലസിന്റെ സഹായത്തോടെ കണ്ടെത്തുക.

10. വിവിധ അക്ഷാംശീയ മേഖലകളില്‍ സമുദ്രജലത്തിന്റെ താപനില എങ്ങനെയാണ് വ്യത്യാസപ്പെട്ടിരിക്കുന്നത്? അതിനുള്ള കാരണങ്ങള്‍ എന്തെല്ലാം?
- ഭൂമധ്യരേഖയുടെ ഇരുവശങ്ങളിലായി ഏകദേശം 10 ഡിഗ്രിവരെയുള്ള അക്ഷാംശ മേഖലകളില്‍ ഏറ്റവും ഉയര്‍ന്ന താപനില അനുഭവപ്പെടുന്നു. മധ്യരേഖാപ്രദേശത്ത് നിന്ന് ധ്രൂവീയ മേഖലകളിലേക്ക് പോകുന്തോറും താപനില ഗണ്യമായി കുറയുന്നു.
മധ്യഅക്ഷാംശീയ മേഖലകളില്‍ താപനില ഏകദേശം 10 ഡിഗ്രിയായി താഴുന്നു.
ധ്രൂവീയമേഖലകളില്‍ -2 ഡിഗ്രി വരെ താപ‌നില താഴുന്നു
- സൗരോര്‍ജം ഭൂമിയില്‍ ലഭിക്കുന്നതിലുള്ള അസന്തുലിതാവസ്ഥയും, സമുദ്രജലപ്രവാഹങ്ങളും, കാറ്റുകളും സമുദ്രജലത്തിന്റെ താപനിലയില്‍ സ്വാധീനം ചെലുത്തുന്നുണ്ട്‌. 

11. എന്താണ് ലവണത്വം?
- കടല്‍വെള്ളത്തിലടങ്ങിയിരിക്കുന്ന ലവണാംശത്തിന്റെ സാന്ദ്രീകരണം “ലവണത്വം" എന്നറിയപ്പെടുന്നു. 1000 ഗ്രാം ജലത്തില്‍ എത്ര ഗ്രാം ലവണം അടങ്ങിയിരിക്കുന്നു എന്ന രീതിയിലാണ്‌ ലവണത്വം സൂചിപ്പിക്കുന്നത്‌. സമുദ്രജലത്തിന്റെ ശരാശരി ലവണത്വം 35 സഹ്രസാംശമാണ്‌. ഇത്‌ രേഖപ്പെടുത്തുന്നത്‌ 35‰ എന്നാണ്‌. ഇത്‌ അര്‍ഥമാക്കുന്നത്‌ 1000 ഗ്രാം സമുദ്രജലത്തില്‍ 35 ഗ്രാം ലവണാംശം അടങ്ങിയിരിക്കുന്നുവെന്നാണ്‌. ഇത് 3.5% ആണ്.

12. സമുദ്രജലത്തിലെ ലവണത്വത്തിന്റെ പ്രധാന കാരണം എന്താണ്?
- സമുദ്രജലത്തിലെ ലവണത്വത്തിന്റെ പ്രധാന കാരണം അതിലടങ്ങിയിരിക്കുന്ന സോഡിയം ക്ലോറൈഡ് ആണ് (കറിയുപ്പ്).

13. സമുദ്രജലത്തിലെ പ്രധാന ഘടകങ്ങൾ എന്തെല്ലാം?
- സോഡിയം ക്ലോറൈഡ്
- മഗ്നീഷ്യം ക്ലോറൈഡ്‌
- മഗ്നീഷ്യം സള്‍ഫേറ്റ്‌
- കാല്‍സ്യം സള്‍ഫേറ്റ്‌ 
- പൊട്ടാസ്യം സള്‍ഫേറ്റ്‌
- കാല്‍സ്യം കാര്‍ബണേറ്റ്‌ 

14. സമുദ്രജലത്തില്‍ ലവണത്വത്തിന്റെ ഏറ്റക്കുറച്ചിലുകള്‍ക്ക് കാരണമായ ഘടകങ്ങള്‍ എന്തെല്ലാം?
- കരയാല്‍ ചുറ്റപ്പെട്ട കടല്‍ഭാഗങ്ങളില്‍ ലവണത്വം കൂടുതലായിരിക്കും.
- കരയാല്‍ ചുറ്റപ്പെട്ട കടല്‍ഭാഗങ്ങളില്‍ ലവണത്വം കൂടുതലായിരിക്കും.
- ഉയര്‍ന്ന അളവില്‍ ബാഷ്പീകരണം നടക്കുന്ന പ്രദേശങ്ങളില്‍ ലവണത്വം കൂടുതലായിരിക്കും
- ഉയര്‍ന്ന അളവില്‍ മഞ്ഞ് ഉരുകിയെത്തുന്ന സമുദ്രഭാഗങ്ങളില്‍ ലവണത്വം കുറയുന്നു.
- ധാരാളം നദികള്‍ വന്നു ചേരുന്ന സമുദ്ര ഭാഗങ്ങളില്‍ ലവണത്വം കുറയുന്നു.
- ഉയര്‍ന്ന അളവില്‍ മഴ ലഭിക്കുന്നത് ലവണത്വം കുറയുന്നതിന് ഇടയാക്കുന്നു. 

15. സമുദ്രജലത്തിന്റെ ലവണത്വവും സാന്ദ്രതയും തമ്മിലുള്ള ബന്ധത്തെപ്പറ്റി ഒരു കുറിപ്പ് തയാറാക്കുക.
- സമുദ്രജലത്തിന്റെ സാന്ദ്രത സമുദ്രങ്ങളില്‍ എല്ലായിടത്തും ഒന്നുപോലെയല്ല
- സമുദ്രജലത്തിന്റെ ലവണത്വത്തിലും, താപനിലയിലും കാണുന്ന വ്യത്യാസമാണ് ഇതിന് കാരണം
- താപം വര്‍ദ്ധിക്കുമ്പോള്‍ സാന്ദ്രത കുറയുന്നു.
- ലവണത്വം കൂടുമ്പോള്‍ സാന്ദ്രത കൂടുന്നു

16. ധ്രുവപ്രദേശങ്ങളെ അപേക്ഷിച്ച്‌ ഭൂമധ്യരേഖാപ്രദേശത്ത്‌ ഉയർന്ന ലവണത്വം രേഖപ്പെടുത്തുന്നു. എന്തായിരിക്കാം ഇതിനു കാരണെം? (TextBook Page No: 70)
- ഉയര്‍ന്ന അളവില്‍ മഞ്ഞ് ഉരുകി ജലം എത്തുന്ന സമുദ്രഭാഗങ്ങളില്‍ ലവണത്വം കുറവായിരിക്കും. ധ്രുവപ്രദേശങ്ങളെ അപേക്ഷിച്ച് ഭൂമധ്യരേഖ പ്രദേശത്ത് ബാഷ്പീകരണ തോത് കൂടുതലാണ്.
- ഉയര്‍ന്ന അളവില്‍ ബാഷ്പീകരണം നടക്കുന്ന പ്രദേശങ്ങളില്‍ ലവണത്വം കൂടുന്നു. മധ്യപ്രദേശങ്ങളില്‍ ഉയര്‍ന്ന താപനില ആയതിന് ബാഷ്പീകരണം കൂടുതലായിരിക്കും

17. കരയാൽ ചുറ്റപെട്ട കടലുകളിൽ ലവണത്വം കൂടാ൯ കാരണമെന്ത്‌?
- കരയാൽ ചുറ്റപ്പെട്ട കടലുകളിലെ ബാഷ്പീകരണം ജലത്തെ നീരാവിയിലൂടെ പുറന്തള്ളുന്നു. ഇത് സമുദ്രജലത്തിലെ ലവണത്വം വർദ്ധിപ്പിക്കുന്നു.

18. നദീമുഖങ്ങളിലെ സമുദ്രഭാഗങ്ങളിൽ ലവണത്വം കുറയാൻ കാരണമെന്ത് ?
- ധാരാളം നദികള്‍ വന്നു ചേരുന്ന സമുദ്രഭാഗങ്ങളില്‍ ജലത്തിന്റെ അളവ് കൂടുന്നു. അതിനാലാണ് ഈ ഭാഗങ്ങളില്‍ ലവണത്വം കുറയുന്നത്.

19. സമുദ്രജലത്തിലെ ചലനങ്ങൾക്ക് കാരണമാകുന്നത് എന്താണ്?
- താപം, ലവണത്വം, സാന്ദ്രത എന്നിവ സമുദ്രങ്ങളില്‍ എല്ലായിടത്തും ഒരുപോലെ
യല്ല. താപം വര്‍ദ്ധിക്കുമ്പോള്‍ സാന്ദ്രത കുറയുന്നു. ലവണത്വം കൂടുമ്പോള്‍ സാന്ദ്രത കൂടുന്നു. ഇവയിലെ അസന്തുലിതാവസ്ഥ സമുദ്രജലത്തിന്റെ ചലനങ്ങള്‍ക്കു കാരണമാകുന്നു. 

20. ഏതൊക്കെയാണ്‌ സമുദ്രജലത്തിന്റെ ചലനങ്ങള്‍?
- തിരമാലകള്‍, വേലികള്‍, ജലപ്രവാഹങ്ങള്‍, എന്നിവയാണ്‌ സമുദ്രജലത്തിന്റെ ചലനങ്ങള്‍.

21. എന്താണ് തിരമാലകൾ? അവ ഉണ്ടാകുന്നതിന് കാരണമെന്ത്?
- സമുദ്രജല ഉപരിതലത്തിന്റെ നിമ്നോന്നത രൂപത്തിലുള്ള ചലനങ്ങളെയാണ്‌ തിരകള്‍ എന്നു പറയുന്നത്‌. കാറ്റുകള്‍ സമുദ്രജലോപരിതലത്തില്‍ ഏല്‍പ്പിക്കുന്ന ഘര്‍ഷണമാണ്‌ തിരകള്‍ക്കു കാരണം. 

22. താഴെകൊടുത്തിരിക്കുന്ന തിരമാലയുടെ ചിത്രത്തില്‍ നിന്ന് A,B,C,D എന്നിവ എന്താണെന്ന് തിരിച്ചറിയുക.
A. അടുത്തടുത്തുള്ള രണ്ട്‌ തിരാശിഖരങ്ങള്‍ തമ്മിലുള്ള അകലം - തിരാദൈര്‍ഘ്യം 
B. തിരാതടം മുതല്‍ തിരാശിഖരം വരെയുള്ള ലംബദൂരം - തിരോന്നതി 
C. തിരകളുടെ ഉയർന്ന ഭാഗം - തിരാശിഖരം
D. രണ്ട് തിരാശിഖരങ്ങള്‍ക്കിടയിലുള്ള താഴ്ന്ന ഭാഗം - തിരാതടം

23. ശക്തികൂടിയ തിരമാലകള്‍ കടല്‍ത്തീരങ്ങളിലെ ജനവാസത്തിന് ഭീഷണിയാകാറുണ്ട്. ഇത് പ്രതിരോധിക്കാന്‍ സ്വീകരിച്ച് വരുന്ന മാര്‍ഗങ്ങള്‍ എന്തെല്ലാമാണ്?
- കടലോരങ്ങളില്‍ പാറകള്‍ നിക്ഷേപിക്കല്‍
- പുലിമുട്ടുകള്‍ നിര്‍മ്മിക്കല്‍
- കണ്ടല്‍കാടുകള്‍ വെച്ച് പിടിപ്പിക്കല്‍

24. എന്താണ് സീസ്മിക്‌ കടല്‍ത്തിരകള്‍ അഥവാ സുനാമികൾ?
- കടല്‍ത്തറകളില്‍ ഉണ്ടാകുന്ന അഗ്നിപര്‍വതങ്ങളും ഭൂകമ്പങ്ങളും വിനാശകാരികളായ വന്‍ തിരമാലകള്‍ക്കു കാരണമാകാറുണ്ട്‌. ഇത്തരം തിരമാലകള്‍ സീസ്മിക്‌ കടല്‍ത്തിരകള്‍ അഥവാ സുനാമികൾ എന്നറിയപ്പെടുന്നു.

25. ചാകരയെക്കുറിച്ച് ഒരു കുറിപ്പ് തയ്യാറാക്കുക.
- മണ്‍സൂണ്‍ കാലത്തിന്റെ ആരംഭത്തിലോ അവസാനത്തിലോ അറബിക്കടലില്‍ രൂപംകൊള്ളുന്ന പ്രതിഭാസമാണ്‌ ചാകര. ചെളി അടിഞ്ഞുകൂടി ഉണ്ടാകുന്ന ചിറകളിലെ കലക്കവെള്ളത്തിലെ പ്ലവകങ്ങളും ചെളിയും ഭക്ഷിക്കാന്‍ ചെമ്മീന്‍, മത്തി, അയല മുതലായ മത്സ്യങ്ങള്‍ കൂട്ടംകൂട്ടമായി എത്തുന്നു. ഈ പ്രതിഭാസമാണ്‌ ചാകര.

26. എന്താണ് വേലികൾ?
- ഒരു നിശ്ചിത സമയപരിധിക്കുള്ളില്‍ സമുദ്രജലനിരപ്പിനുണ്ടാകുന്ന ഉയര്‍ച്ചയും താഴ്ചയുമാണ്‌ വേലികള്‍. സമുദ്രജല വിതാനത്തിന്റെ ഉയര്‍ച്ചയെ വേലിയേറ്റമെന്നും സമുദ്രജല വിതാനം താഴുന്നതിനെ വേലിയിറക്കമെന്നും പറയുന്നു.

27. വേലികൾക്ക് കാരണമെന്ത്?
- ഭൂമിയുടെ മേല്‍ ചന്ദ്രനും സൂര്യനും ചെലുത്തുന്ന ആകര്‍ഷണബലവും ഭൂമിയുടെ ഭ്രമണ ഫലമായുണ്ടാകുന്ന അപകേന്ദ്രബലവും വേലികള്‍ക്ക്‌ കാരണമാകുന്നു.

28. ചുവടെ നൽകിയിയിരിക്കുന്ന ചിത്രത്തെ അടിസ്ഥാനമാക്കി വേലിയേറ്റ - വേലിയിറക്കങ്ങൾ വിശദീകരിക്കുക.
-  ചന്ദ്രൻ ഭൂമിയില്‍ ചെലുത്തുന്ന ആകര്‍ഷണബലത്തിന്റെ ഫലമായി 
ചന്ദ്രന്‌ അഭിമുഖമായ ഭൂമിയുടെ ഭാഗത്തെ ജലനിരപ്പ്‌ ഉയര്‍ന്ന്‌ വേലിയേറ്റം ഉണ്ടാകുന്നു. ചന്ദ്രന്‌ പ്രതിമുഖമായ ഭാഗത്തെ ജലനിരപ്പ്‌ ഉയരുന്നതിനു കാരണമായ ഘടകം ഭൂമിയുടെ രമണഫലമായുള്ള അപകേന്ദ്ര ബലമാണ്‌. വേലിയേറ്റങ്ങള്‍ക്കു വിധേയമാകുന്ന സ്ഥലങ്ങള്‍ക്ക്‌ 90 ഡിഗ്രി അകലെയുള്ള പ്രദേശങ്ങളില്‍ ജലനിരപ്പ്‌ താഴുന്നതായി കാണാം. ഈ പ്രദേശങ്ങളിലെ ജലം വേലിയേറ്റ പ്രദേശങ്ങളിലേക്ക്‌ ഒഴുകിപ്പോകുന്നതിനാലാണ്‌ ഇവിടെ ജലനിരപ്പ്‌ താഴുന്നത്‌. ജലനിരപ്പ്‌ താഴുന്ന ഈ പ്രതിഭാസമാണ്‌ വേലിയിറക്കം.

29. ചുവടെ കൊടുത്തിരിക്കുന്ന ചിത്രങ്ങള്‍ ഏതെന്ന് തിരിച്ചറിഞ്ഞ് കുറിപ്പ് തയാറാക്കുക.
A - വാവുവേലികള്‍ 
- ഓരോ മാസത്തിലും അമാവാസി (കറുത്തവാവ്‌) ദിവസത്തിലും പൗര്‍ണമി (വെളുത്തവാവ്‌) ദിവസത്തിലും സൂര്യനും ചന്ദ്രനും ഭൂമിയും നേര്‍രേഖയില്‍ വരുന്നു. ഈ ദിവസങ്ങളില്‍ സൂര്യന്റെയും ചന്ദ്രന്റെയും ആകര്‍ഷണശക്തി കൂടുതലായിരിക്കും. തന്മൂലം മറ്റു ദിവസങ്ങളെ അപേക്ഷിച്ച്‌ ശക്തമായ വേലിയേറ്റം ഉണ്ടാകുന്നു. ഇത്തരം വേലിയേറ്റങ്ങളെയാണ്‌ വാവുവേലികള്‍ എന്നു വിളിക്കുന്നത്‌.
B - സപ്തമിവേലികള്‍
- അമാവാസി, പൗര്‍ണമി എന്നീ ദിവസങ്ങള്‍ക്കുശേഷം ഏഴ്‌ ദിവസം കഴിയുമ്പോള്‍ സൂര്യനും ഭൂമിയും ചന്ദ്രനും 90 ഡിഗ്രി കോണീയ അകലങ്ങളില്‍ എത്തുന്നു. ഈ ദിവസങ്ങളില്‍ സൂര്യനും ചന്ദ്രനും ഭൂമിയെ 90 ഡിഗ്രി കോണീയ അകലങ്ങളില്‍നിന്ന്‌ ആകര്‍ഷിക്കുന്നതിനാല്‍ വളരെ ദുര്‍ബലമായ വേലികളാണ്‌ ഉണ്ടാകുന്നത്‌. ദുര്‍ബലമായ ഇത്തരം വേലികളെ സപ്തമിവേലികള്‍ എന്നു പറയുന്നു. 

30. വേലിയേറ്റവും വേലിയിറക്കവും സൃഷ്ടിക്കുന്ന ഫലങ്ങള്‍ എന്തെല്ലാം?
- തുറമുഖങ്ങളിലും സമുദ്രതീരങ്ങളിലും നിക്ഷേപിക്കപ്പെട്ട മാലിന്യങ്ങള്‍ ഉള്‍ക്കടലിലേക്ക് നീക്കം ചെയ്യപ്പെടുന്നു.
- ശക്തമായ വേലികളുടെ ഫലമായി നദീമുഖങ്ങളില്‍ ഡെല്‍റ്റകള്‍ രൂപം കൊള്ളുന്നത് തടസ്സപ്പെടുന്നു.
- വേലിയേറ്റ സമയങ്ങളില്‍ ഉപ്പളങ്ങളില്‍ കടല്‍വെള്ളം കയറ്റാന്‍ കഴിയുന്നു.
- മീന്‍പിടുത്തത്തിനായി കടലിലേക്ക് കട്ടമരങ്ങളില്‍ പോകുന്നതിനും, വരുന്നതിനും കഴിയുന്നു.
- വേലിയേറ്റ ശക്തിയില്‍ നിന്നു വൈദ്യുതി ഉല്പാദിപ്പിക്കുന്നു.
- ആഴം കുറഞ്ഞ തുറമുഖങ്ങളിലേക്ക് കപ്പലുകള്‍ അടുപ്പിക്കുന്നത് വേലിയേറ്റ സന്ദര്‍ഭങ്ങളിലാണ്.

31. എന്താണ് സമുദ്രജല പ്രവാഹങ്ങൾ? കുറിപ്പ് തയ്യാറാക്കുക.
- ഒരു ദിശയില്‍നിന്ന്‌ മറ്റൊരു ദിശയിലേക്കുള്ള സമുദ്രജലത്തിന്റെ തുടര്‍ച്ചയായ പ്രവാഹമാണ്‌ സമുദ്രജല്രപവാഹം. ഉഷ്ണജല പ്രവാഹങ്ങള്‍ എന്നും ശീതജല പ്രവാഹങ്ങള്‍ എന്നും പ്രവാഹങ്ങള്‍ രണ്ടുതരത്തിലുണ്ട്‌. ഉഷ്ണ മേഖലയില്‍ നിന്നോ ഉപോഷ്ണമേഖലയില്‍നിന്നോ സഞ്ചരിച്ച്‌ ധ്രുവീയ-ഉപധ്രുവീയ മേഖലകളിലേക്ക്‌ ഒഴുകുന്ന സമുദ്രജല പ്രവാഹങ്ങളാണ്‌ ഉഷ്ണജലപ്രവാഹങ്ങള്‍. അതുപോലെ ധ്രുവീയ - ഉപ്രധുവീയ മേഖലകളില്‍നിന്ന്‌ ഉഷ്ണമേഖലയിലേക്കോ ഉപോഷ്ണമേഖലയിലേക്കോ ഒഴുകിയെത്തുന്ന സമുദ്രജല്രപവാഹങ്ങളാണ്‌ ശീതജലപ്രവാഹങ്ങള്‍. 

32. ചിത്രം നിരീക്ഷിച്ച് പസഫിക്‌ സമുദ്രത്തിലെ ജലപ്രവാഹങ്ങളെ അടിസ്ഥാനമാക്കി പട്ടിക പൂർത്തിയാക്കുക. (TextBook Page No: 75)

33. അറ്റ്‌ലാന്റിക് സമുദ്രത്തിലൂടെ ഉഷ്ണ-ശീതജല പ്രവാഹങ്ങൾ ഏതെല്ലാം? ഇവ ഓരോന്നും ഒഴുകുന്നത് ഏതൊക്കെ വൻകരകളുടെ സമീപത്ത് കൂടെയാണെന്ന് തിരിച്ചറിഞ്ഞ് പട്ടികപ്പെടുത്തുക. (TextBook Page No: 76)

34. ഇന്ത്യൻ മഹാസമുദ്രത്തിലെ ജലപ്രവാഹങ്ങളെ അടിസ്ഥാനമാക്കി താഴെ നൽകിയിട്ടുള്ള പട്ടിക പൂർത്തിയാക്കുക.

35. സമുദ്രജലപ്രവാഹങ്ങളുടെ ഫലങ്ങള്‍ വിശദമാക്കുക.
- സമുദ്രതീരപ്രദേശങ്ങളിലെ കാലാവസ്ഥയെ സ്വാധീനിക്കുന്നു.
- ഉഷ്ണ-ശീതജലപ്രവാഹങ്ങള്‍ സന്ധിക്കുന്ന സ്ഥലങ്ങളില്‍ മൂടല്‍മഞ്ഞ് ഉണ്ടാകുന്നു.
- ഉഷ്ണ-ശീതജല പ്രവാഹങ്ങള്‍ സന്ധിക്കുന്ന പ്രദേശങ്ങളില്‍ മത്സ്യങ്ങളുടെ വളര്‍ച്ചയ്ക്ക് അനൂകൂലമായ സാഹചര്യങ്ങള്‍ ഉണ്ടാകുന്നു.

36. ചുവടെ കൊടുത്തിട്ടുള്ള ജലപ്രവാഹങ്ങളെ ഉഷ്ണജലപ്രവാഹങ്ങള്‍, ശീതജലപ്രവാഹങ്ങള്‍ എന്നിങ്ങനെ തരംതിരിക്കുക.
പെറുപ്രവാഹം
ഓയാഷിയോ പ്രവാഹം
ഗള്‍ഫ് സ്ട്രീം പ്രവാഹം
കുറോഷിയോ പ്രവാഹം
ബന്‍ഗ്വാല പ്രവാഹം
ബ്രസീല്‍ പ്രവാഹം

37. മുംബൈ തീരത്ത് നിന്ന് 162 കി.മീ അകലെ അറബികടലില്‍ സ്ഥിതിചെയ്യുന്ന എണ്ണപ്പാടം ഏത് പേരില്‍ അറിയപ്പെടുന്നു ?
- മുബൈഹൈ

38. സമുദ്രത്തിലെ ഏറ്റവും ഉയർന്ന താപനില എവിടെയാണ്?
- മധ്യരേഖയുടെ ഇരുവശത്തും 10° അക്ഷാംശങ്ങൾക്കിടയിൽ

39. ചുവടെ കൊടുത്തിരിക്കുന്നതില്‍ അറ്റ്ലാന്റിക് സമുദ്രത്തിലൂടെ ഒഴുകുന്ന ഉഷ്ണജലപ്രവാഹം ഏത്?
A. പെറുപ്രവാഹം B. ബ്രസീല്‍പ്രവാഹം
C. ഓയാഷിയോപ്രവാഹം D. കുറോഷിയോ പ്രവാഹം
Answer: B. ബ്രസീല്‍ പ്രവാഹം

40. സമുദ്രങ്ങളില്‍ നിന്ന് ലഭ്യമാകുന്ന ചില ധാതുക്കളുടെ  പേരെഴുതുക.
- കറിയുപ്പ് , ബ്രോമിന്‍, മഗ്നീഷ്യം, കല്‍ക്കരി, പെട്രോളിയം, പ്രകൃതിവാതകം തുടങ്ങിയവ

41. സമുദ്രങ്ങള്‍ പലവിധത്തില്‍ മനുഷ്യര്‍ക്ക്‌ പ്രയോജനപ്പെടുന്നു. വിശദമാക്കുക.
സമുദ്രങ്ങള്‍ പലവിധത്തില്‍ മനുഷ്യര്‍ക്ക്‌ പ്രയോജനപ്പെടുന്നു. 
കാലാവസ്ഥ
- തീര്രപദേശങ്ങളിലെ കാലാവസ്ഥയെ സമുദ്രങ്ങള്‍ നിര്‍ണായകമായി സ്വാധീനിക്കുന്നു. പകല്‍സമയത്ത്‌ വീശുന്ന കടല്‍ക്കാറ്റും രാത്രികാലങ്ങളിലെ കരക്കാറ്റും തീരപ്രദേശങ്ങളിലെ താപനില നിയന്ത്രിക്കുന്നു. മഴ, കാറ്റ്‌, ചക്രവാതം പോലുള്ള കാലാവസ്ഥാ പ്രതിഭാസങ്ങളുടെ രൂപീകരണത്തില്‍ സമുദ്രങ്ങള്‍ക്ക്‌ പങ്കുണ്ട്‌. പൊതുവെ തീരപ്രദേശങ്ങളില്‍ മിതമായ കാലാവസ്ഥയാണുള്ളത്‌. എന്നാല്‍ സമുദ്രസാമീപ്യം ഇല്ലാത്ത പ്രദേശങ്ങളില്‍ വേനലും ശൈത്യവും കഠിനമായിരിക്കും.
ധാതുനിക്ഷേപങ്ങള്‍
- കരയില്‍ ലഭ്യമാകുന്ന ഒട്ടുമിക്ക ധാതുക്കളും സമുദ്രങ്ങളിലും കാണപ്പെടുന്നു. കറിയുപ്പ്‌, ബ്രോമിന്‍, മഗ്നീഷ്യം ക്ലോറൈഡ്‌ എന്നിവ കൂടാതെ ഇരുമ്പയിര്‍, കല്‍ക്കരി, പെട്രോളിയം, പ്രകൃതിവാതകം എന്നിവയുടെ നിക്ഷേപവും സമുദ്രങ്ങളിലുണ്ട്‌.
വൈദ്യുതി ഉല്‍പാദനം
- തിരമാലകള്‍, വേലികള്‍ എന്നിവ വൈദ്യുതി ഉല്‍പ്പാദനത്തിന്‌ ഉപയോഗപ്പെടുത്തുന്നു. തീരത്ത്‌ ആഞ്ഞടിക്കുന്ന ശക്തമായ തിരമാലകള്‍ അവിടെ സ്ഥാപിച്ചിട്ടുള്ള ടര്‍ബൈനുകളെ കുറക്കുന്നു. ഇങ്ങനെ വൈദ്യുതി ഉല്‍പ്പാദനം നടത്തുന്നു. സമുദ്രതീരങ്ങളില്‍ സമുദ്രജലം സംഭരിക്കാന്‍ റിസര്‍വോയറുകള്‍ നിര്‍മിക്കുന്നു. വേലിയേറ്റസമയത്ത്‌ അകത്തേക്കും വേലിയിറക്കസമയത്ത്‌ പുറത്തേക്കും ജലം ശക്തമായി നീങ്ങുന്നതിന്റെ ഫലമായി ടര്‍ബൈനുകള്‍ കറങ്ങുന്നു. ഇതുവഴിയും വൈദ്യുതി ഉല്‍പ്പാദനം നടക്കുന്നു.
സമുദ്രങ്ങള്‍ ഒരുക്കുന്ന ഭക്ഷ്യവിഭവങ്ങള്‍
- നമ്മുടെ പ്രധാന ഭക്ഷണങ്ങളിലൊന്നാണ്‌മത്സ്യം. ഏറ്റവുമധികം മത്സ്യബന്ധനം നടത്തുന്ന രാജ്യങ്ങള്‍ ജപ്പാന്‍, പെറു, ചൈന, നോര്‍വെ, അമേരിക്കന്‍ ഐക്യനാടുകള്‍ എന്നിവയാണ്‌. ആന്റിബയോട്ടിക്കുകള്‍, സ്റ്റിറോയ്ഡുകള്‍, വൈറ്റമിനുകള്‍ എന്നിവയുടെ ഉല്‍പ്പാദനത്തിനായി സമുദ്രത്തിലെ സസ്യ- ജന്തുജാലങ്ങളെ ഉപയോഗിക്കുന്നു.
കടല്‍വെള്ളത്തില്‍നിന്നു കുടിവെള്ളം
കടല്‍വെള്ളത്തെ ശുദ്ധീകരിച്ച്‌ കുടിവെള്ളമാക്കാനാവും. സമുദ്രജലസ്വേദനം, ബാഷ്പീകരണം, സാന്ദ്രീകരണം എന്നീ മാർഗ്ഗങ്ങളിലൂടെയും ഇലക്ട്രോഡയാലിസിസ്, വിപരീത ഓസ്മോസിസ് എന്നീ മാർഗ്ഗങ്ങളിലൂടെയുമാണ് സമുദ്രജലത്തെ ശുദ്ധീകരിച്ച്‌ കുടിവെള്ളമാക്കുന്നത്. 
സമുദ്രങ്ങള്‍ മനുഷ്യന്‍ നല്‍കുന്ന മറ്റു പ്രയോജനങ്ങളാണ്‌. 
 മത്സ്യബന്ധനം, മത്സ്യസംസ്കരണം, മത്സ്യവിപണനം പോലുള്ള മേഖലകളില്‍ ധാരാളം തൊഴില്‍സാധ്യതകള്‍ പ്രദാനം ചെയ്യുന്നു.
 വിനോദസഞ്ചാരസാധ്യതകള്‍
 ഭാരമേറിയ വസ്തുക്കള്‍ ചെലവുകുറഞ്ഞ മാര്‍ഗത്തിലൂടെ വന്‍കരകളില്‍നിന്നു വന്‍കരകളിലേക്ക്‌ കൊണ്ടുപോകാന്‍ സമുദ്രഗതാഗതം പ്രയോജനപ്രദമാണ്‌.

42. കടല്‍വെള്ളത്തെ ശുദ്ധീകരിച്ച്‌ കുടിവെള്ളമാക്കാനാവും. ഏതൊക്കെ മാര്‍ഗങ്ങളിലൂടെ കടല്‍വെള്ളത്തെ ശുദ്ധീകരിക്കാം? ചുവടെ കാണുന്ന ചാര്‍ട്ട്‌
പരിശോധിക്കൂ.
ലവണജലത്തിൽ നിന്നും ജലം വേർതിരിക്കൽ 
സമുദ്രജലസ്വേദനം, ബാഷ്പീകരണം, സാന്ദ്രീകരണം എന്നീ മാർഗ്ഗങ്ങളിലൂടെ ലവണജലത്തിൽ നിന്നും ശുദ്ധജലം വേർതിരിക്കുന്നു. ഇന്ത്യയില്‍ ചിലയിടങ്ങളില്‍ സമുദ്രജല സ്വേദനം എന്ന മാര്‍ഗമുപയോഗിച്ച്‌ കടല്‍വെള്ളം ശുദ്ധീകരിക്കുന്നു. ലക്ഷദ്വീപിലെ ജനങ്ങള്‍ക്ക്‌ കുടിവെള്ളം ലഭ്യമാക്കുന്നത്‌ ഈ രീതിയില്‍ കടല്‍വെള്ളം ശുദ്ധീകരിച്ചാണ്‌.
ലവണജലത്തിൽ നിന്നും ലവണം വേർതിരിക്കൽ 
ഇലക്ട്രോഡയാലിസിസ്, വിപരീത ഓസ്മോസിസ് എന്നീ മാർഗ്ഗങ്ങളിലൂടെ സമുദ്രജലത്തിൽ നിന്ന് ലവണം വേർതിരിച്ച് സമുദ്രജലത്തെ കുടിവെള്ളമാക്കാം 

43. കടലിലെ സസ്യജന്തുജാലങ്ങള്‍കൊണ്ട് മനുഷ്യനുള്ള പ്രയോജനങ്ങള്‍ വിശദമാക്കുക. 
- മത്സ്യം ഒരു പ്രധാനഭക്ഷ്യവിഭവമാണ്
- കടലിലെ സസ്യ-ജന്തുജാലങ്ങള്‍ നിരവധി ഔഷധങ്ങളുടെ സ്രോതസ്സാണ്.
- ആന്‍റി ബയോട്ടിക്കുകള്‍, വൈറ്റമിനുകള്‍, സ്റ്റിറോയിഡുകള്‍ എന്നിവയുടെ ഉല്പാദനത്തിന് ഉപയോഗിക്കുന്നു.

44. ചുവടെ സൂചിപ്പിട്ടുള്ളവയില്‍ സമുദ്ര ലവണത്വം ഏറ്റവും കുറവ് അനുഭവപ്പെടുന്നതെവിടെ?
1. കരയാല്‍ ചുറ്റപ്പെട്ട പ്രദേശം
2. മഴ കൂടുതല്‍ ഉള്ള പ്രദേശം
3. ബാഷ‍്പീകരണ തോത് കൂടിയ പ്രദേശം
Answer:
2. മഴ കൂടുതല്‍ ഉള്ള പ്രദേശം 

45. തിരമാലകളുടെ ശക്തിയും തിരദൈര്‍ഘ്യവും തമ്മില്‍ ബന്ധമുണ്ടോ? സമര്‍ഥിക്കുക.
- ബന്ധമുണ്ട്.
- തിരമാലകളുടെ ശക്തി കൂടുന്നതിനനുസരിച്ച് തീരാദൈർഘ്യവും കൂടുന്നു.

46. ഓരോ പ്രദേശത്തും ദിവസം രണ്ടുപ്രാവശ്യം വേലിയേറ്റം ഉണ്ടാകുന്നു. ഈ പ്രസ്താവനയ്ക്ക്‌ ഒരു വിശദീകരണം എഴുതുക. 
- ഭൂമിയുടെ മേല്‍ ചന്ദ്രനും സൂര്യനും ചെലുത്തുന്ന ആകര്‍ഷണബലവും ഭൂമിയുടെ ഭ്രമണ ഫലമായുണ്ടാകുന്ന അപകേന്ദ്രബലവും മൂലമുണ്ടാകുന്ന പ്രതിഭാസമാണ് വേലിയേറ്റം. ദിവസേന രണ്ട് തവണ വേലിയേറ്റഫലമായി സമുദ്രജലം ഉയരുന്നു.  രണ്ട് വേലിയേറ്റങ്ങളിൾക്കിടയിലെ ഇടവേള 12 മണിക്കൂറും 25 മിനുട്ടുമാണ്. ആയതിനാൽ 24 മണിക്കൂറിനിടെ രണ്ട് വേലിയേറ്റങ്ങൾ ഉണ്ടാകുന്നു.

47. A കോളത്തിന് അനുയോജ്യമായത് B കോളത്തില്‍ നിന്നും തെരഞ്ഞെടുത്തെഴുതുക.

48. സമുദ്രജല പ്രവാഹങ്ങളെ രണ്ടായി തരം തിരിച്ചിരിക്കുന്നു. അവ ഏത‌ൊക്കെയാണ്? അവ തമ്മിലുള്ള വ്യത്യാസം കുറിക്കുക.
1. ഉഷ്ണജലപ്രവാഹങ്ങള്‍
2. ശീതജലപ്രവാഹങ്ങള്‍
ഉഷ്ണജലപ്രവാഹങ്ങള്‍
ഉഷ്ണമേഖലയില്‍ നിന്നോ, ഉപോഷ്ണമേഖലയില്‍ നിന്നോ സഞ്ചരിച്ച് ധ്രുവീയ – ഉപധ്രുവീയ മേഖലകളിലേക്ക് ഒഴുകുന്ന സമുദ്രജല പ്രവാഹങ്ങളാണ് ഉഷ്ണജലപ്രവാഹങ്ങള്‍. ഇവയ്ക്ക് ഒഴുകിയെത്തുന്ന പ്രദേശങ്ങളിലെ ജലത്തെ അപേക്ഷിച്ച് ചൂട് കൂടുതലായിരിക്കും.
ശീതജലപ്രവാഹങ്ങള്‍
ധ്രുവീയ – ഉപധ്രുവീയ മേഖലകളില്‍ നിന്ന് ഉഷ്ണ-ഉപോഷ്ണ മേഖലകളിലേക്ക് ഒഴുകിയെത്തുന്ന സമുദ്രജല പ്രവാഹങ്ങളാണ് ശീത‌ജലപ്രവാഹങ്ങള്‍. ഇവയ്ക്ക് ഒഴുകിയെത്തുന്ന പ്രദേശത്തെ ജലത്തെ അപേക്ഷിച്ച് ചൂട് കുറവായിരിക്കും.
Social Science II Textbook (pdf) - Click here 

ഈ ബ്ലോഗിലെ എല്ലാ പോസ്റ്റുകളും ഒരുമിച്ച് കാണാനും ആവശ്യമുള്ളവ എളുപ്പത്തിൽ തിരഞ്ഞെടുക്കാനും ഇവിടെ ക്ലിക്കുക.
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here