Class 9 Physics (Malayalam Medium) Chapter 06 ധാരാവൈദ്യുതി - ചോദ്യോത്തരങ്ങൾ 

Textbooks Solution for Class 9th Physics (Malayalam Medium) Current Electricity  | Text Books Solution Physics (Malayalam Medium) ഭൗതികശാസ്ത്രം: അദ്ധ്യായം 06 ധാരാവൈദ്യുതി

SCERT Solutions for Class 9 Physics Chapterwise
Physics Questions and Answers in Malayalam
Class 9 Physics Questions and Answers
Chapter 6: ധാരാവൈദ്യുതി
ധാരാവൈദ്യുതി - Study Notes, Textual Questions and Answers & Model Questions

* വൈദ്യുതപ്രവാഹം
ചാര്‍ജുകളുടെ ചലനമാണ്‌ വൈദ്യുതപ്രവാഹം സാധ്യമാക്കുന്നത്‌. ചാലകങ്ങളില്‍ സ്വതന്ത്ര ഇലക്ട്രോണുകള്‍വഴിയും ഇലക്ട്രോലൈറ്റുകളിലും വാതകങ്ങളിലും അയോണുകള്‍ മുഖാന്തിരവുമാണ്‌ വൈദ്യുതപ്രവാഹമുണ്ടാകുന്നത്‌.
ഒരുചാലകത്തിലൂടെ വൈദ്യുതപ്രവാഹം സാധ്യമാകണമെങ്കില്‍ അതിന്റെ അഗ്രങ്ങള്‍ക്കിടയില്‍ ഒരു പൊട്ടന്‍ഷ്യല്‍ വ്യത്യാസമുണ്ടാകണം. പൊട്ടന്‍ഷ്യല്‍ കൂടിയ ഭാഗത്തുനിന്നും കുറഞ്ഞഭാഗത്തേക്കാണ്‌ വൈദ്യതപ്രവാഹം ഉണ്ടാകുന്നത്‌.
പൊട്ടന്‍ഷ്യല്‍വ്യത്യാസത്തിന്റെ യൂണിറ്റ്‌ വോള്‍ട്ട്‌ ആണ്‌. 
വോള്‍ട്ട്മീറ്റര്‍ ഉപയോഗിച്ചാണ്‌ പൊട്ടന്‍ഷ്യല്‍വ്യത്യാസം അളക്കുന്നത്‌. ജനറേറ്റര്‍, ഡയനാമോ, സെല്‍ എന്നീ വൈദ്യതസ്രോതസുകളുപയോഗിച്ചാണ്‌ ഒരുസര്‍ക്യൂട്ടില്‍ പൊട്ടന്‍ഷ്യല്‍ വ്യത്യാസം നിലനിര്‍ത്തി അതിലൂടെ വൈദ്യുതപ്രവാഹം സാധ്യമാക്കുന്നത്‌. പൊട്ടന്‍ഷ്യല്‍വ്യത്യാസം സൃഷ്ടിക്കുവാനുള്ള ഈ സ്രോതസുകളുടെ കഴിവാണ്‌ വിദ്യുത്ചാലകബലം അഥവാ emf. 
emf ന്റെ യൂണിറ്റും വോള്‍ട്ട്‌ ആണ്‌.

* സെല്ലുകളുടെ ക്രമീകരണം.
emf സ്രോതസുകളായ സെല്ലുകളെ അനുയോജ്യമായി ക്രമീകരിച്ചാണ്‌ നാം പലപ്പോഴും അവ ഉപയോഗിക്കുന്നത്‌. ഈ ക്രമീകരണമാണ്‌ ബാറ്ററി. രണ്ടുരീതിയില്‍ സെല്ലുകളെ ക്രമീകരിക്കാം.
1. ശ്രേണി രീതി.
ചിത്രത്തിലേതുപോലെ സെല്ലുകളെ ഒന്നിനുപിറകെ മറ്റൊന്നായ്‌ സെല്ലുകളെ ക്രമീകരിക്കുന്ന രീതിയാണ്‌ ശ്രേണീ രീതി. ഈ ക്രമീകരണത്തിലെ ആകെ emf ഓരോ സെല്ലിന്റെയും emf കളുടെ ആകെത്തുകയായിരിക്കും. ഉയര്‍ന്ന വോള്‍ട്ടതയിലൂടെ
ഒരുസര്‍ക്യൂട്ടില്‍ ഉയര്‍ന്ന അളവില്‍ വൈദ്യുതി ലഭ്യമാക്കുവാനാണ്‌ ഈ രീതി അവലംബിക്കുന്നത്‌. സെല്ലുകളെ ഇത്തരത്തില്‍ ക്രമീകരിക്കുമ്പോള്‍ ഓരോ സെല്ലിലൂടെയും കടന്നുപോകുന്ന വൈദ്യുതി തുല്യമായിരിക്കും.
2. സമാന്തരീതി.
ചിത്രത്തില്‍ കാണിച്ചിരിക്കുന്നതുപോലെ സെല്ലുകള്‍ ക്രമീകരിക്കുന്നതാണ്‌
സമാന്തരക്രമീകരണം. ഇത്തരം ക്രമീകരണത്തിലെ ആകെ emf ഉം ആകെ
വൈദ്യുതിയും ഒരു സെല്ലിന്റേതിന്‌ തുല്യമായിരിക്കും. അതായത്‌ ഇത്തരം
ക്രമീകരണത്തില്‍ സെല്ലുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നതുമൂലം വൈദ്യുതിയുടെ
അളവില്‍ വര്‍ദ്ധനവ്‌ ഉണ്ടാകുകയില്ല.

* വൈദ്യുതപ്രവാഹതീവ്രത (കറന്റ്‌)
ഒരു സെക്കന്റില്‍ ഒരുചാലകത്തിലൂടെ ഒഴുകുന്ന ചാര്‍ജിന്റെ അളവാണ്‌ വൈദ്യുതപ്രവാഹതീവ്രത (I)
കറന്റ്‌, I = Q/t
കറന്റ്‌ ഒരു സദിശ അളവാണ്‌. ഇതിന്റെ യൂണിറ്റ്‌ കൂളമ്പ്‌/സെക്കന്റ്‌ ആണ്‌. ഇതിനെ ആമ്പിയര്‍ (A) എന്ന്‌ വിളിക്കുന്നു. അമ്മീറ്ററുപയോഗിച്ചാണ്‌ കറന്റ്‌ അളക്കുന്നത്‌. സർക്യൂട്ടർ അമ്മീറ്റര്‍ ശ്രേണിയായാണ്‌ ഉള്‍പ്പെടുത്തേണ്ടത്‌.

* ഓം നിയമം.
ഒരു ചാലകത്തിലൂടെയുള്ള കറന്റും അതിന്റെ അഗ്രങ്ങള്‍ക്കിടയിലെ പൊട്ടന്‍ഷ്യല്‍ വ്യത്യാസവും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്ന നിയമമാണിത്‌.
താപനിലസ്ഥിരമായിരുന്നാല്‍ ഒരു ചാലകത്തിലൂടെയുള്ള കറന്റ്‌ അതിന്റെ അഗ്രങ്ങള്‍ക്കിടയിലുള്ള പൊട്ടന്‍ഷ്യല്‍ വ്യത്യാസത്തിന്‌ നേര്‍ അനുപാതത്തിലായിരിക്കും.
അതായത്‌, V/I - സ്ഥിര സംഖ്യ (R)
ഈ സ്ഥിരസംഖ്യയാണ്‌ ചാലകത്തിന്റെ പ്രതിരോധം.
പ്രതിരോധത്തിന്റെ യൂണിറ്റ്‌ വോള്‍ട്ട്‌ / ആമ്പിയര്‍ ആണ്‌. ഇതിനെ ഓം (Ω) വിളിക്കുന്നു.
ഒരു ചാലകത്തിന്റെ അഗ്രങ്ങള്‍ക്കിടയില്‍ ഒരുവോള്‍ട്ട്‌ പൊട്ടന്‍ഷിയല്‍ വ്യത്യാസം ഉള്ളപ്പോള്‍ അതിലൂടെ ഒഴുകുന്ന കറന്റ്‌ 1 A ആയാല്‍ ആചാലകത്തിന്റെ പ്രതിരോധം 1Ω ആയിരിക്കും.

* പ്രതിരോധകം.
ഒരു നിശ്ചിതപ്രതിരോധം സര്‍ക്യൂട്ടില്‍ ഉള്‍പ്പെടുത്താന്‍ ഉപയോഗിക്കുന്ന ചാലകങ്ങളാണ്‌ പ്രതിരോധകങ്ങള്‍ അഥവാ റെസിസ്റ്ററുകള്‍. ഇതിന്റെ പ്രതീകമാണ്‌ ഇവിടെ കൊടുത്തിരിക്കുന്നത്‌.
ഒരു ചാലകത്തിന്റെ (പ്രതിരോധകത്തിന്റെ) പ്രതിരോധം പദാര്‍ത്ഥത്തിന്റെ സ്വഭാവം, ചാലകത്തിന്റെ നീളം, കനം എന്നിവയെ ആശ്രയിക്കുന്നു.
പ്രതിരോധംR = ρL/A ആയിരിക്കും.
ഇവയില്‍ L ചാലകത്തിന്റെ നീളവും, A ഛേദതലപരപ്പളവും, ρ പദാര്‍ത്ഥത്തിന്റെ റെസിസ്റ്റീവിറ്റിയുമാണ്‌. ഒരു നിശ്ചിതതാപനിലയില്‍ ഓരോപദാര്‍ത്ഥത്തിനും ഒരു നിശ്ചിത റെസിറ്റിവിറ്റിയുണ്ടാകും.
ഒരു ചാലകത്തിന്റെ നീളം കൂടുന്നതിനനുസരിച്ച്‌ പ്രതിരോധം കൂടുകയും കനം കൂടുന്നതിനനുസരിച്ച്‌ പ്രതിരോധം കുറയുകയും ചെയ്യും.
യൂണിറ്റ്‌ ഛേദതലപരപ്പളവും യൂണിറ്റ്‌ നീളവുമുള്ള ഒരു ചാലകത്തിന്റെ പ്രതിരോധമാണ്‌ അത്‌ നിര്‍മ്മിച്ചിരിക്കുന്ന പദാർത്ഥത്തിന്റെ റെസിസ്റ്റിവിറ്റി. ഇതിന്റെ യൂണിറ്റ്‌ ഓംമീറ്റര്‍ (Ωm) ആണ്‌.

* റിയോസ്റ്റാറ്റ്‌
ഒരു സര്‍ക്യൂട്ടിലെ പ്രതിരോധത്തില്‍ ക്രമമായ മാറ്റംവരുത്തി കറന്റിനെ നിയന്ത്രിക്കുന്നതിനുള്ള ഉപകരണമാണ്‌ റിയോസ്റ്റാറ്റ്‌. ഒരേ ഛേദതലപരപ്പളവുള്ള ഒരു ചാലകത്തിന്റെ പ്രതിരോധം അതിന്റെ നീളത്തിന്‌ നേര്‍ അനുപാതത്തിലായിരിക്കും എന്ന തത്വം അടിസ്ഥാനമാക്കിയാണ്‌റിയോസ്റ്റാറ്റ്‌ പ്രവര്‍ത്തിക്കുന്നത്‌.
ഇതിന്റെ ചിത്രവും പ്രതീകവും താഴെ കൊടുത്തിരിക്കുന്നു.

പരിശീലന ചോദ്യങ്ങളും ഉത്തരവും
1. വിട്ടുപോയ ഭാഗം പൂര്‍ത്തീകരിക്കുക.
a. ചാലകങ്ങളില്‍ വൈദ്യുതപ്രവാഹം സാധ്യമാകുന്നത്‌ ഇലക്ട്രോണുകള്‍ മൂലമാണ്‌. എന്നാല്‍ ഇലക്ട്രോലൈറ്റുകളില്‍ ഇത്‌ സാധ്യമാകുന്നത്‌....... മൂലമാണ്‌.
b. താപം ഒരു വസ്തുവില്‍ നിന്നും മറ്റൊന്നിലേക്ക്‌ പ്രവഹിക്കണമെങ്കില്‍ അവ തമ്മില്‍ താപനിലയില്‍ വ്യത്യാസമുണ്ടാകണം. ഒരു ചാലകത്തിന്റെ ഒരഗ്രത്തുനിന്നും മറ്റേ അഗ്രത്തേക്ക്‌ വൈദ്യുതപ്രവാഹമുണ്ടാകണമെങ്കില്‍ അഗ്രങ്ങള്‍ തമ്മില്‍ .......... ഉണ്ടായിരിക്കണം.
ഉത്തരം:
a. അയോണുകള്‍.
b. പൊട്ടന്‍ഷ്യല്‍ വ്യത്യാസം.

2. EMF സ്രോതസുകള്‍ സര്‍ക്യൂട്ടില്‍ ഉള്‍പ്പെടുത്തിയാണ്‌ അതിലൂടെ തുടര്‍ച്ചയായ വൈദ്യുതപ്രവാഹം സാധ്യമാക്കുന്നത്‌.
a. EMF സ്രോതസുകള്‍ക്ക്‌ ഏതാനും ഉദാഹരണങ്ങളെഴുതുക.
b. EMF ന്റെ യൂണിറ്റെന്ത്‌?
ഉത്തരം:
a.രാസ സെല്ലുകള്‍, ഡയനാമോ, ജനറേറ്റര്‍. 
b. വോള്‍ട്ട്‌.

3. ഒരു വൈദ്യുത സര്‍ക്യൂട്ടിലെ ഘടകങ്ങളോരോന്നും യഥാവിധി അതില്‍ ബന്ധിപ്പിച്ചാല്‍ മാത്രമേ അത്‌ ശരിയായരീതിയില്‍ പ്രവര്‍ത്തിക്കുകയുള്ളൂ.
a. മുകളില്‍കൊടുത്തിരിക്കുന്ന ഘടകങ്ങളെ തിരിച്ചറിയുക.
b. ഇവയെല്ലാം ഉള്‍പ്പെടുത്തിയ ഒരു സര്‍ക്യൂട്ട്‌ ചിത്രീകരിക്കുക.
ഉത്തരം a: a. സെല്‍ b: ലാമ്പ്‌ c: അമ്മീറ്റര്‍ d. വോള്‍ട്ട്മീറ്റര്‍ e. സ്വിച്ച്‌.
  
 
4. 1.5V emf ലബ്‌ ഉള്ള മൂന്ന്‌ സെല്ലുകളും ഒരു ലാമ്പുമാണ്‌ സര്‍ക്യൂട്ടിലുള്ളത്‌.
a. സര്‍ക്യൂട്ടില്‍ സെല്ലുകളെ ഏതു രീതിയിലാണ്‌ ക്രമീകരിച്ചിരിക്കുന്നത്‌?
b.സര്‍ക്യൂട്ടിലെ ലാമ്പിന്‌ എത്ര വോള്‍ട്ടതയാണ്‌ ലഭിക്കാന്‍ സാധ്യതയുള്ളത്‌?
c. ഇപ്പോള്‍ ലാമ്പിലൂടെ ഒഴുകുന്ന വൈദ്യതി 3A ആണെങ്കില്‍ സര്‍ക്യൂട്ടില്‍ നിന്നും ഒരു
സെല്‍നീക്കം ചെയ്താല്‍ ലാമ്പിന്‌ ലഭിക്കുന്ന വൈദ്യുതിയെത്രയായിരിക്കും?
ഉത്തരം:
a. സമാന്തരമായി.
b. 1.5V (സെല്ലുകളെ സമാന്തരമായി ക്രമീകരിച്ചാല്‍ സഫല വോള്‍ട്ടത ഒരു സെല്ലില്‍നിന്നുള്ള വോള്‍ട്ടത മാത്രമായിരിക്കും)
c. 3A (സെല്ലുകളെ സമാന്തരമായിക്രമീകരിച്ചാല്‍ സെല്ലുകളുടെ എണ്ണം എത്രയായാലും ഒരു സെല്ലില്‍നിന്നും ലഭിക്കുന്ന വൈദ്യുതിമാത്രമേ ലഭ്യമാകൂ)

5. a. രവിയുടെ കയ്യില്‍ 1.5 V ഈ.എം.എഫ്‌ ഉള്ള നാലുസെല്ലുകളുണ്ട്‌. ഈ സെല്ലുകളുപയോഗിച്ച്‌ 6V ലഭ്യമാക്കാന്‍ സെല്ലുകളെ ഏതുരീതിയിലാണ്‌ ക്രമീകരിക്കേണ്ടത്‌? (സമാന്തരമായി/ശ്രേണിയായി)
b. ഈ ക്രമീകരണത്തില്‍ 12Ω  പ്രതിരോധമുള്ള ഒരു പ്രതിരോധകം ഘടിപ്പിച്ചാല്‍ സര്‍ക്യൂട്ടിലെ വൈദ്യുതിയുടെ അളവെത്രയായിരിക്കും?
c. വൈദ്യുതി കണക്കാക്കാന്‍ നിങ്ങളുപയോഗിച്ച നിയമമേത്‌?
ഉത്തരം: 
a. ശ്രേണിയായി.
b.I = V/R = 6/12 = 0.5A      
c. ഓംനിയമം.

6. ഒരു സര്‍ക്യൂട്ടിലെ വൈദ്യുതപ്രവാഹ തീവ്രത 2A ആണ്‌.
a. ഏതുപകരണമുപയോഗിച്ചാണ്‌ വൈദ്യുതപ്രവാഹ തീവ്രത അളക്കുന്നത്‌?
b. ഈ സര്‍ക്യൂട്ടിലൂടെ ഓരോസെക്കന്റിലും പ്രവഹിക്കുന്ന ചാര്‍ജിന്റെ അളവെത്ര?
ഉത്തരം:
a. അമ്മീറ്റര്‍.
b. വൈദ്യുതപ്രവാഹതീവ്രതയെന്നാല്‍ ഓരോസെക്കന്റിലും ഒഴുകുന്ന ചാര്‍ജിന്റെ അളവാണ്‌. അതിനാല്‍ ഈ സര്‍ക്യൂട്ടിലൂടെ ഓരോസെക്കന്റിലും 2 കൂളം നിരക്കില്‍ വൈദ്യുതചാര്‍ജ്‌പ്രവഹിക്കും.

7. ഒരു ചാലകത്തിലൂടെ 10 സെക്കന്റ്‌ കൊണ്ട്‌ 2 C ചാര്‍ജ്‌ ഒഴുകുന്നു. വൈദ്യുത പ്രവാഹതീവ്രത കണക്കാക്കുക.
ഉത്തരം: I = Q/t = 2/10 = 0.2A

8. ഒരു ചാലകത്തിലൂടെയുള്ള കറന്റും ചാലകത്തിന്റെ അഗ്രങ്ങള്‍ക്കിടയിലെ പൊട്ടന്‍ഷ്യല്‍ വ്യത്യാസവും നേര്‍ അനുപാതത്തില്‍ ആയിരിക്കും.
a. ഈ നിയമത്തിന്റെ പേരെന്ത്‌?
b. പൊട്ടന്‍ഷ്യല്‍വ്യത്യാസവും കറന്റും തമ്മിലുള്ള അനുപാത സംഖ്യ എന്തുപേരിലാണ്‌ അറിയപ്പെടുന്നത്‌?
ഉത്തരം:
a. ഓം നിയമം. 
b. ചാലകത്തിന്റെ പ്രതിരോധം.

9. ആദ്യജോടിയിലെ ബന്ധത്തിനനുസരിച്ച്‌ രണ്ടാമത്തെ ജോടിപൂര്‍ത്തീകരിക്കുക.
a. C/s: ആമ്പിയര്‍; V/A: …..     
b. വൈദ്യുത ചാര്‍ജ്‌, കൂളം; പൊട്ടന്‍ഷ്യല്‍ വ്യത്യാസം: ......
c. വൈദ്യുതപ്രവാഹതീവ്രത: അമ്മീറ്റര്‍; പൊട്ടന്‍ഷ്യല്‍ വ്യത്യാസം: .......
ഉത്തരം:
a. ഓം
b. വോള്‍ട്ട്‌ 
c. വോള്‍ട്ട്‌മീറ്റര്‍.
10. ഒരു ചാലകത്തില്‍ വ്യത്യസ്ത പൊട്ടന്‍ഷ്യല്‍ വ്യത്യാസം പ്രയോഗിച്ചപ്പോള്‍ ലഭിച്ച വൈദ്യുതിയാണ്‌ തന്നിരിക്കുന്നത്‌.
a. പട്ടികയിലെ വിട്ടുപോയഭാഗം പൂര്‍ത്തിയാക്കുക.
b. ഈ ചാലകത്തിന്റെ പ്രതിരോധമെത്ര?
c. പ്രതിരോധകത്തെ സൂചിപ്പിക്കുന്ന പ്രതീകമെന്ത്‌?
ഉത്തരം:
a. 

b.  R = V/I = 12/1 = 12 Ω   
c.    

11. ABC, എന്നിവ വ്യത്യസ്തവലിപ്പമുള്ള ഇരുമ്പുവയറുകളാണ്‌. A യുടെയും Bയുടെയും വണ്ണം തുല്യവും നീളം വ്യത്യസ്തവുമാണ്‌. A യുടെയും C യുടെയും നീളം തുല്യമാണ്‌. എന്നാല്‍ വണ്ണത്തില്‍ വ്യത്യാസമുണ്ട്‌.
a. A,B എന്നീ കമ്പികളില്‍ ഏതിനാണ്‌ പ്രതിരോധം കൂടുതല്‍?
b.ആദ്യ രണ്ട്‌ സര്‍ക്യൂട്ടുകളില്‍ ഏതു ലാമ്പാണ്‌കൂടുതല്‍ തീവ്രതയില്‍ പ്രകാശിക്കാന്‍ സാധ്യതയുള്ളത്‌. എന്തുകൊണ്ട്‌?
c. സര്‍ക്യൂട്ട്1, സര്‍ക്യൂട്ട് 3 എന്നിവയിലെ പ്രകാശതീവ്രത കൂടിയ സര്‍ക്യൂട്ടേത്‌? ഉത്തരം സാധൂകരിക്കുക.
ഉത്തരം:
a. A. ക്ക്‌ നീളം കൂടുതലായതിനാല്‍ അതിനായിരിക്കും പ്രതിരോധം കൂടുതല്‍.
b. സര്‍ക്യൂട്ട്‌. 2 ല്‍ പ്രതിരോധം കുറവായതിനാല്‍ അതില്‍ കറന്റ്‌ കൂടുതലായിരിക്കും. അതിനാല്‍ ഈ സര്‍ക്യൂട്ടിലെ ലാമ്പ്‌ കൂടുതല്‍ തീവ്രതയില്‍ പ്രകാശിക്കും.
c. സര്‍ക്യൂട്ട്‌ 3 ലെ ചാലകക്കമ്പിക്ക്‌ വണ്ണം കൂടുതലായതിനാല്‍ പ്രതിരോധം കുറവായിരിക്കും. അതിനാല്‍ ഈ സര്‍ക്യൂട്ടിലായിരിക്കും പ്രകാശം കൂടുതല്‍.

12. AB എന്ന പ്രതിരോധകമ്പിയുടെ മധ്യത്തിലുള്ള ബിന്ദുവാണ്  Q . ചിത്രത്തിൽ കാണിച്ചിരിക്കുന്ന രീതിയിൽ സ്വിച്ച് ഓൺചെയ്തപ്പോൾ പ്രതിരോധകമ്പിയിൽ കൂടി 4A കറണ്ട് പ്രവഹിച്ചു.
a) S എന്ന അഗ്രം AB യുടെ മധ്യബിന്ദുവായ Q വിലാണ് സ്പർശിക്കുന്നത് എങ്കിൽ സർക്കീട്ടിലെ വൈദ്യുതപ്രവാഹത്തിന് എന്ത്മാറ്റം ഉണ്ടാകും? 
b) ഇതേ സർക്യൂട്ടിൽ A എന്ന അഗ്രം B യിൽ ബന്ധിപ്പിച്ചതിനുശേഷമാണ് S എന്ന അഗ്രം AB യുടെ മധ്യബിന്ദുവായ Qവില്‍ സ്പർശിക്കുന്നത് എങ്കിൽ വൈദ്യുതപ്രവാഹത്തിന് എന്ത് മാറ്റമുണ്ടാകും ?
c) AB എന്ന ചാലകം വലിച്ച് നീളം ഇരട്ടിയാക്കി വൈദ്യുതികടത്തിവിട്ടാൽ സർക്യൂട്ടിലെ കറണ്ടിൽ മാറ്റമുണ്ടാകുമോ ?
(d) ഉത്തരം സാധൂകരിക്കുക.
ഉത്തരം:
a) V/I =R ;V/R = I മധ്യ ബിന്ദുവായ Qവില്‍ സ്പർശിക്കുമ്പോള്‍ R പകുതിയായി കുറയുന്നു,
V / R/2=I ; V/R=2I വൈദ്യുതപ്രവാഹം ഇരട്ടിയാകുന്നു I =8A
b) നീളം പകുതിയാകുന്നു ,ഛേദതല വിസ്തീര്‍ണം ഇരട്ടിയാകുന്നു I = 4A
നീളം പകുതിയാകുന്നു R=R/2ഛേദതല വിസ്തീര്‍ണം ഇരട്ടിയാകുന്നു R=R/2*2 : I=16A
c) നീളം ഇരട്ടിയാകുന്നു ,ഛേദതല വിസ്തീര്‍ണം പകുതിയാകുന്നു R=R*2*2 =4R : I =1A

13. a) 1.5 v വോൾട്ടതയുള്ള ഒരു സെൽ സർക്യൂട്ടിൽ ഘടിപ്പിച്ചപ്പോൾ 1.2A  വൈദ്യുതി പ്രവാഹിച്ചു രണ്ട് 1.5 v വോൾട്ടതയുള്ള സെല്ലുകൾ ആണ്   ശ്രേണീരീതിയിൽ ഘടിപ്പിച്ചിരുന്നതെങ്കിൽ വൈദ്യുത പ്രവാഹത്തിന് എന്ത് മാറ്റം സംഭവിക്കും?
b) സെല്ല് സമാന്തര രീതിയിലാണ് ഘടിപ്പിക്കുന്നത് എങ്കിൽ വൈദ്യുത പ്രവാഹത്തിന് മാറ്റം ഉണ്ടാകുമോ ? എന്തുകൊണ്ട് ?
ഉത്തരം:
a) വൈദ്യുത പ്രവാഹം ഇരട്ടിയാകും , v=v 1+ v 2 , V =I R : V ഇരട്ടിയായാല്‍ I ഇരട്ടിയാകും കാരണം Rസ്ഥിരമണ് -
(b) ഇല്ല, സമാന്തര രീതിയില്‍ ഒരേ em f ഉള്ള സെല്ലുകൾ ആണെങ്കിൽ ആകെ emf ഒരു സെല്ലിൻ്റെ emf ന് തുല്യമായിരിക്കും

14. ഒന്നാം പദജോഡിബന്ധം കണ്ടെത്തി രണ്ടാം ജോഡി പൂർത്തിയാക്കുക
a) ചാലകങ്ങളിൽ വൈദ്യുതപ്രവാഹം ഉണ്ടാകുന്നത് ; സ്വതന്ത്ര ഇലക്ട്രോണുകളുടെപ്രവാഹം മൂലം 
b) ഇലക്ട്രോലൈറ്റുകൾ ,വാതകങ്ങൾ എന്നിവയിൽ വൈദ്യുതപ്രവാഹം ഉണ്ടാകുന്നത് ;_______________________
ഉത്തരം:
അയോണുകളുടെ പ്രവാഹം മൂലം

15. ഒരു ചാലകത്തിന്റെ പ്രതിരോധത്തെ ആശ്രയിക്കുന്ന രണ്ട്‌ ഘടകങ്ങളാണ്‌ അതിന്റെ നീളവും വണ്ണവും. പ്രതിരോധത്തെ ആശ്രയിക്കുന്ന രണ്ട്‌ ഘടകങ്ങള്‍കൂടി എഴുതുക.
ഉത്തരം: പദാര്‍ത്ഥത്തിന്റെ സ്വഭാവം, താപനില.

16. ഒരു ചാലകത്തിന്റെ പ്രതിരോധത്തെ ആശ്രയിക്കുന്ന ഒരു ഘടകമാണ്‌ അതിന്റെ താപനില. ഒരു ലോഹക്കമ്പിയുടെ താപനിലയും അതിന്റെ പ്രതിരോധവും തമ്മിലുള്ള ബന്ധമെന്ത്‌?
ഉത്തരം: താപനില കൂടുമ്പോള്‍ പ്രതിരോധവും കൂടും.

17. താഴെ കൊടുത്തിരിക്കുന്നവയിൽ ഒരു ചാലകത്തിന്റെ പ്രതിരോധത്തെ സ്വാധീനിക്കാത്ത ഘടകം ഏത് ?
(നീളം ,ഛേദതല പരപ്പളവ്, സാന്ദ്രത , റെസിസ്റ്റിവിറ്റി)
ഉത്തരം: സാന്ദ്രത

18. ഒരു ചാലകത്തിന്റെ പ്രതിരോധവുമായി ബന്ധപ്പെട്ട പട്ടികയാണ് താഴെ കൊടുത്തിരിക്കുന്നത് പട്ടിക പൂർത്തീകരിക്കുക
ഉത്തരം: 
a-20ohm
b-5 ohm
c-10 ohm
d- 20 ohm

19. a. ചിത്രത്തില്‍കാണുന്ന ഉപകരണമേത്‌?
b. ഇതിന്റെ പ്രതീകം വരയ്ക്കുക.
c. ഈ ഉപകരണത്തിന്റെ ഉപയോഗമെന്ത്‌?
ഉത്തരം:
a. റിയോസ്റ്റാറ്റ്‌.
b. 
c. ഒരു സര്‍ക്യൂട്ടിലെ പ്രതിരോധത്തില്‍ ക്രമമായമാറ്റം വരുത്തി കറന്റിനെ ആവശ്യാനുസരണം നിയന്ത്രിക്കുന്നതിനുള്ള ഉപകരണമാണ്‌ റിയോസ്റ്റാറ്റ്‌.

20. ഒരു ചതുരശ്രമീറ്റര്‍ ഛേദതലപരപ്പളവും ഒരുമീറ്റര്‍ നീളവുമുള്ള ഒരു ചാലകത്തിന്റെ പ്രതിരോധമാണ്‌ ആ ചാലകം നിര്‍മ്മിച്ചിരിക്കുന്ന പദാര്‍ത്ഥത്തിന്റെ റെസിസ്റ്റിവിറ്റി.
a. റെസിസ്റ്റിവിറ്റിയുടെ യൂണിറ്റെന്ത്‌?
b. ഒരേ വണ്ണമുള്ള ഒരു ചാലക്കമ്പി മുറിച്ച്‌ അതിന്റെ നീളം പകുതിയാക്കിയാല്‍ അതിന്റെ പ്രതിരോധത്തില്‍ എന്തുമാറ്റം വരും?
c. റെസിസ്റ്റിവിറ്റിയിലുണ്ടാകുന്ന മാറ്റമെന്ത്‌?
ഉത്തരം:
a. ഓം മീറ്റര്‍ (Ωm)
b. പ്രതിരോധം പകുതിയാകും.
c. റെസിസ്റ്റിവിറ്റിയില്‍ യാതൊരു മാറ്റവും ഉണ്ടാകുകയില്ല.

21. സർക്യൂട്ടിലെ പ്രതിരോധം മാറ്റംവരുത്തി കറണ്ട് നിയന്ത്രിക്കുന്ന ഉപകരണം ആണ് -----------------------
ഉത്തരം: റിയോസ്റ്റാറ്റ്

22. ചിത്രത്തിലെ XY എന്നത്‌ ഉയര്‍ന്ന പ്രതിരോധമുള്ള ഒരു നിക്രോം കമ്പിയാണ്‌.
a. പ്രതിരോധത്തിന്റെ യൂണിറ്റെന്ത്‌?
b. തന്നിട്ടുള്ള ക്രമീകരണത്തിലെ J എന്ന ഭാഗം ആദ്യം P യിലും പിന്നീട്‌ Y യിലും സ്പര്‍ശിക്കുന്നു. എപ്പോഴാണ്‌ലാമ്പിന്‌കൂടുതല്‍ പ്രകാശം ഉണ്ടാകുന്നത്‌? ഉത്തരം സാധൂകരിക്കുക.
ഉത്തരം:
a. ഓം (Ωm)
b. P യില്‍ സ്പര്‍ശിക്കുമ്പോഴാണ്‌ലാമ്പ്‌ കൂടുതല്‍ പ്രകാശിക്കുന്നത്‌. P യില്‍ സ്പര്‍ശിക്കുമ്പോള്‍ സര്‍ക്യൂട്ടില്‍ ഉള്‍പ്പെടുന്ന ചാലകക്കമ്പിയുടെ നീളം
കുറവായതിനാല്‍ സര്‍ക്യൂട്ടിലെ പ്രതിരോധം കുറവായിരിക്കും.
23. സര്‍ക്യൂട്ടിലെ AB എന്നത്‌ ഒരു ലോഹക്കമ്പിയാണ്‌. സര്‍ക്യൂട്ടിലുള്ള ഈ കമ്പിയെ ചൂടാക്കിയാല്‍ ലാമ്പില്‍നിന്നുള്ള പ്രകാശത്തില്‍ എന്തുമാറ്റുമുണ്ടാകും. എന്തുകൊണ്ട്‌?
ഉത്തരം: പ്രകാശം കുറയും. ലോഹങ്ങളുടെ താപനില ഉയരുമ്പോള്‍ അതിന്റെ പ്രതിരോധവും ഉയരും.

24. "ഒരു സെല്ലിന്‌ പകരമായി ഒന്നിലധികം സെല്ലുകള്‍ സമാന്തരമായി ക്രമീകരിച്ചാലും ലഭിക്കുന്ന വൈദ്യുതിയുടെ അളവില്‍ മാറ്റം ഉണ്ടാകുകയില്ല."
a. ഈ പ്രസ്താവന ശരിയോണോ?
b. ശരിയെങ്കില്‍ ഇത്തരം ക്രമീകരണം കൊണ്ടുള്ള പ്രയോജനമെന്ത്‌?
ഉത്തരം:
a. പ്രസ്താവന ശരിയാണ്‌. 
b. ഒരേ അളവിലുള്ള വൈദ്യുതി ദീര്‍ഘനേരത്തേക്ക്‌ ആവശ്യമുള്ളപ്പോള്‍ ഇത്തരം ക്രമീകരണം കൂടുതല്‍ ഫലപ്രദമാണ്‌.

25. ഒരു വൈദ്യുതബൾബിന്റെ പ്രതിരോധം 42 ഓം ആണ്. 230 v ബൾബിന് നൽകിയപ്പോൾ ബൾബിൽകൂടി കടന്നുപോയ കറണ്ട് താഴെ പട്ടികയിൽ നൽകിയിരിക്കുന്നു. പട്ടിക പൂർത്തീകരിക്കുക
b) ബൾബ് പ്രകാശിക്കുമ്പോഴും പ്രകാശിക്കാത്തപ്പോഴും പ്രതിരോധം ഒന്നു തന്നെയാണോ ? എന്തായിരിക്കും കാരണം ?
ഉത്തരം:
a) R=522.7ഓം
b) അല്ല,കാരണം താപനില കൂടുമ്പോള്‍ പ്രതിരോധം കൂടുന്നു

26. ഒന്നാം പദജോഡിയിൽനിന്ന് ബന്ധം കണ്ടെത്തി രണ്ടാം ജോഡി പൂർത്തിയാക്കുക.
kgm/s² : N
വോൾട്ട് /ആമ്പിയർ ; -----------------
ഉത്തരം: ഓം

27. 500 ഓം പ്രതിരോധം ഉള്ള ഒരു സോൾഡറിങ്ങ് അയേണിൽ കൂടി 0.2A കറണ്ട് പ്രവഹിക്കുന്നു എങ്കിൽ സോൾഡറിങ്ങ് അയേണിന്റെ അഗ്രങ്ങൾക്കിടയിലെ വോൾട്ടത എത്ര ?
ഉത്തരം:
ഓംനിയമം പ്രകാരം,V = IxR
=500 x 0.2=100v

28. 30 v വോൾട്ടിൽ പ്രവർത്തിക്കുന്ന ഒരു ഹീറ്ററിൽ കൂടി 10 A വൈദ്യുതി പ്രവഹിക്കുന്നുവെങ്കിൽ ഹിറ്റര്‍ കോയിലിന്റെ പ്രതിരോധം കണക്കാക്കുക ?
ഉത്തരം:
ഓംനിയമം
V / I =R ;
=230/10=23Ω

29. സർക്കീട്ടിൽ 12 വോൾട്ട് സെൽ ഘടിപ്പിച്ച് സ്വിച്ച് ഓണ്‍ ചെയ്തപ്പോള്‍ 5 സെക്കൻഡ് സമയം കൊണ്ട്  20 കൂളോം ചാർജ് പ്രവഹിച്ചുവെങ്കിൽ
a) സര്‍ക്ക്യൂട്ടിലെ വൈദ്യുത പ്രവാഹ തീവ്രത എത്രയായിരിക്കും?
b) വൈദ്യുത പ്രവാഹ തീവ്രത അളക്കുന്ന ഉപകരണത്തിന് പേര് എന്ത് ?
c) ഈ ഉപകരണം സർക്കീട്ടിൽ ഉള്‍പ്പെടുത്തി ചിത്രം വരയ്ക്കുക.
ഉത്തരം:
a) 4A,
b) അമ്മീറ്റര്‍
c)  

30. ഒന്നാം പദജോഡിയിൽനിന്ന് ബന്ധം കണ്ടെത്തി രണ്ടാം ജോഡി പൂർത്തിയാക്കുക
പൊട്ടൻഷ്യൽ വ്യത്യാസം : വോൾട്ട് മീറ്റർ
വൈദ്യുതപ്രവാഹ തീവ്രത : -------------------------
ഉത്തരം: അമ്മീറ്റര്‍

31. ഒന്നാം പദജോഡിയിൽനിന്ന് ബന്ധം കണ്ടെത്തി രണ്ടാം ജോഡി പൂർത്തിയാക്കുക
പൊട്ടൻഷ്യൽ വ്യത്യാസം: വോൾട്ടത
വൈദ്യുത പ്രവാഹ തീവ്രത :----------------------
ഉത്തരം: ആമ്പിയര്‍
32. ഒരു സർക്കീട്ടിൽ കൂടി 40 കൂളോം ചാർജ്  8 സെക്കൻഡ് സമയത്തേക്ക് ഒഴുകിയാൽ സർക്കീട്ടിൽ കൂടി ഉള്ള വൈദ്യുതപ്രവാഹം എത്രയായിരിക്കും?
ഉത്തരം: 
I =Q/t   
I  =40/8=  5A

33. A കോളത്തിൽ ചില പ്രതീകങ്ങൾ നൽകിയിരിക്കുന്നു അവയ്ക്ക് അനുയോജ്യമായ പേരുകൾ B കോളത്തിൽ നിന്നും കണ്ടെത്തി എഴുതുക.
ഉത്തരം:
ഉത്തരം:
a- സെൽ b-പ്രതിരോധകം c- ബൾബ് d- സ്വിച്ച് e- റിയോസ്റ്റാറ്റ്

34. a. സര്‍ക്യൂട്ടില്‍ X എന്ന്‌ അടയാളപ്പെടുത്തിയിരിക്കുന്ന ഘടകമേത്‌?
b. ഈ സര്‍ക്യൂട്ടില്‍ ഒരു വോള്‍ട്ട്‌ മീറ്ററും അമ്മീറ്ററും ഉള്‍പ്പെടുത്തുക.
ഉത്തരം: 
a. പ്രതിരോധകം.
b. 

35. താഴെ കാണിച്ചിട്ടുള്ള വൈദ്യതോപകരണങ്ങളെ തിരിച്ചറിയുക. ഓരോന്നിന്റെയും ഉപയോഗമെഴുതുക.
ഉത്തരം:
(a): മള്‍ട്ടിമീറ്റര്‍ - സര്‍ക്യൂട്ടിലെ കറന്റ്‌, വോള്‍ട്ടത, പ്രതിരോധം എന്നിവ അളക്കുവാനും
സര്‍ക്യൂട്ട്‌ എവിടെയെങ്കിലും മുറിഞ്ഞിട്ടുണ്ടോയെന്ന്‌ മനസ്സിലാക്കുവാനും കഴിയും.
(b) വൈദ്യുതടെസ്റ്റര്‍ - സര്‍ക്യൂട്ടിലെ ഏതെങ്കിലും ഭാഗത്ത്‌ വൈദ്യതി എത്തുന്നുണ്ടോയെന്ന്‌ പരിശോധിക്കാം. സ്‌ക്രുഡ്രൈവറായും ഉപയോഗിക്കാം.
(c) സോള്‍ഡറിങ്ങ്‌ അയണ്‍ - വയറുകളും ഇലക്ടോണിക്‌ ഘടകങ്ങളും സര്‍ക്യൂട്ടില്‍ വിളക്കിയോജിപ്പിക്കാം.
(d) ക്ലാമ്പ് അമ്മീറ്റർ - സര്‍ക്യൂട്ടിലെ വയറുമോയോ ഉപകരണങ്ങളുമായോ ബന്ധിപ്പിക്കാതെ കറന്റ്‌ അളക്കാന്‍ ഉപയോഗിക്കുന്നു.

36. a. ഈ സര്‍ക്യൂട്ടിലെ കറന്റ്‌ കണക്കാക്കുക.
b. കറന്റ്‌ കണക്കാക്കുവാന്‍ നിങ്ങളുപയോഗിച്ച നിയമം പ്രസ്താവിക്കുക.
ഉത്തരം:
a. കറന്റ്‌, I = V/R = 6/3 = 2A
b. സ്ഥിരതാപനിലയില്‍ ഒരു ചാലകത്തിലൂടെയുള്ള കറന്റ്‌ അതിന്റെ അഗ്രങ്ങള്‍ക്കിടയുലുള്ള പൊട്ടന്‍ഷ്യല്‍ വ്യത്യാസത്തിന്‌ നേര്‍ അനുപാതത്തിലായിരിക്കും.

37. സര്‍ക്യൂട്ടിലെ A B ഒരു നിക്രോം കമ്പിയാണ്‌. ഇപ്പോള്‍ സര്‍ക്യൂട്ടിലെ വൈദ്യുതി 2A ഉം  ആണ്‌.
a.AB യുടെ പ്രതിരോധമെത്ര?
b.AB എന്ന കമ്പി വലിച്ചുനീട്ടി നീളം ഇരട്ടിയാക്കിയാല്‍ 
i. പ്രതിരോധം എത്രയാകും?
ii. കറന്റ്‌ എത്രയാകും?
ഉത്തരം:
a. പ്രതിരോധം R = V/I = 6/2 = 3 Ω
b. i. വലിച്ചുനീട്ടുമ്പോള്‍ നീളം ഇരട്ടിയാകുകയും വണ്ണം പകുതിയാകുകയും ചെയ്യുന്നതിനാല്‍ പ്രതിരോധം നാലുമടങ്ങായി വര്‍ധിക്കും. അതായത്‌ പ്രതിരോധം 4x3 = 12 Ω ആകും.
ii. കറന്റ്‌, I = V/R = 6/12 = ½ A

38. സര്‍ക്യൂട്ടില്‍ രണ്ട്‌ ഡ്രൈസെല്ലുകളും ഒരു പ്രതിരോധകവുമാണുള്ളത്‌. ഒരു സെല്ലിന്റെ emf 1.5 ആണ്‌.
a. സെല്ലുകളെ ഏതുരീതിയിലാണ്‌ ക്രമീകരിച്ചിരിക്കുന്നത്‌?
b. ഈ ക്രമീകരണത്തില്‍ പ്രതിരോധകത്തില്‍ ലഭ്യമാകുന്ന വോള്‍ട്ടതയെത്ര?
c. സര്‍ക്യൂട്ടിലെ കറന്റ്‌ കണക്കാക്കുക.
ഉത്തരം:
a. ശ്രേണിയായി.
b.V = 1.5 +1.5 = 3V
c. കറന്റ്‌, I = V/R = 3/1.5 = 2A  

39. ചിത്രം നിരീക്ഷിക്കുക.
a) ചിത്രത്തില്‍ ബള്‍ബിനിടയിലുള്ള വോൾട്ടേജ് അളക്കാൻ ബള്‍ബും, വോൾട്ട് മീറ്ററും സർക്യൂട്ടിൽ ഏത് രീതിയിലാണ് ഘടിപ്പിച്ചിരിക്കുന്നത് ?
(ശ്രേണീരീതി /സമാന്തര രീതി)
b) സെര്‍ക്കീട്ടില്‍ കറന്റ് അളക്കാന്‍ ഒരു അമ്മീറ്റര്‍ ഘടിപ്പിക്കണമെങ്കില്‍ ഏത് രീതിയില്‍ ഘടിപ്പിക്കണം?
ഉത്തരം:
a) സമാന്തര രീതി
b) ശ്രേണി രീതി

40. സെല്ലുകൾ രണ്ട് രീതിയിൽ ക്രമീകരിച്ചിരിക്കുന്നത് താഴെ ചിത്രീകരിച്ചിരിക്കുന്നു.
a)ഓരോ സെര്‍ക്കീട്ടിലും സെല്ലുകള്‍ ഏത് രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത് എന്ന് കണ്ടെത്തി എഴുതുക.
b)ഇത്തരം ക്രമീകരണത്തില്‍ സഫല വോള്‍ട്ടതയില്‍ വരുന്ന മാറ്റമെന്ത്?
ഉത്തരം:
a) a-ശ്രേണീരീതി  b-സമാന്തര രീതി,
b) ശ്രേണീരീതി  സഫല വോള്‍ട്ടത വര്‍ദ്ധിക്കുന്നു
സമാന്തര രീതിയില്‍ സെല്‍ ഘടിപ്പിക്കുമ്പോള്‍ സഫല വോള്‍ട്ടതയില്‍ വ്യതിയാനം വരുന്നില്ല 

41. ഒന്നാം പദജോഡിയിൽനിന്ന് ബന്ധം കണ്ടെത്തി രണ്ടാം ജോഡി പൂർത്തിയാക്കുക
ജനറേറ്റർ ;യാന്ത്രികോർജ്ജം→വൈദ്യുതോർജ്ജം
സെൽ :
ഉത്തരം: രാസോര്‍ജം →വൈദ്യുതോര്‍ജം

42. താഴെ കൊടുത്തിരിക്കുന്നവയിൽ emf ന്റെ  സ്രോതസ്സ് അല്ലാത്തവ ഏതൊക്കെ എന്ന് കണ്ടെത്തി എഴുതുക.
(ജനറേറ്റർ, ഇലക്ട്രിക് ഹീറ്റർ, സോളാർ പാനൽ, വൈദ്യുതരാസസെൽ, ഇലക്ട്രിക് മോട്ടോർ)
ഉത്തരം: ഇലക്ട്രിക് ഹീറ്റർ, ഇലക്ട്രിക് മോട്ടോർ

43. ഒരു ‍‌ചാലകത്തിലെ Pഎന്ന ബിന്ദുവിൽ നിന്നും Q എന്ന ബിന്ദുവിലേക്ക് 1 കൂളോം ചാർജ് എത്തിക്കാൻ 10 ജൂൾ പ്രവർത്തി ചെയ്തിട്ടുണ്ടെങ്കിൽ ആ ബിന്ദുക്കൾ തമ്മിലുള്ള പൊട്ടൻഷ്യൽ വ്യത്യാസം എത്രയായിരിക്കും?
ഉത്തരം: 10V


Physics Textbook (pdf) - Click here 

ഈ ബ്ലോഗിലെ എല്ലാ പോസ്റ്റുകളും ഒരുമിച്ച് കാണാനും ആവശ്യമുള്ളവ എളുപ്പത്തിൽ തിരഞ്ഞെടുക്കാനും ഇവിടെ ക്ലിക്കുക.
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
PDF BOOKS - Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here