Class 9 Chemistry: Chapter 03 റിഡോക്സ്‌ പ്രവര്‍ത്തനങ്ങളും രാസപ്രവര്‍ത്തനവേഗവും - ചോദ്യോത്തരങ്ങൾ 

Study Notes for Class 9th Chemistry (Malayalam Medium) | Chapter 03 REDOX REACTIONS AND RATE OF CHEMICAL REACTIONS (Malayalam) 

SCERT Solutions for Class 9 Chemistry Chapterwise

Class 9 Chemistry Questions and Answers- Chapter 03 റിഡോക്സ് പ്രവർത്തനങ്ങളും രാസപ്രവർത്തനവേഗവും 

മാസ്‌ സംരക്ഷണനിയമം:
ഒരു രാസപ്രവര്‍ത്തനത്തില്‍ മാസ്‌ നിര്‍മ്മിക്കപ്പെടുകയോ നശിപ്പിക്കപ്പെടുകയോ ചെയ്യുന്നില്ല. ഇതാണ്‌ മാസ്‌ സംരക്ഷണനിയമം. അതായത്‌ ഒരു രാസപ്രവര്‍ത്തിന്‌ വിധേയമാകുന്ന അഭികാരകങ്ങളുടെ ആകെ മാസും പ്രവര്‍ത്തനഫലമായി ഉണ്ടാകുന്ന ഉല്‍പ്പന്നങ്ങളുടെ ആകെ മാസും തുല്യമായിരിക്കും. അന്റോയിന്‍ ലാവോസിയ എന്ന ശാസ്ത്രജ്ഞനാണ്‌ ഈ നിയമം പ്രസ്താവിച്ചത്‌.
* രാസസമീകരണം:
ഒരു രാസസമവാക്യത്തിലെ അഭികാരകങ്ങളിലെ ഓരോ മൂലകത്റ്റങ്ങളുടെ ആകെ എണ്ണവും ഉൽപ്പന്നങ്ങളിലെ ഓരോ മൂലക ആറ്റങ്ങളുടെ ആകെ എണ്ണവും തുല്യമാക്കിയെഴുതുന്നതിനെയാണ്‌ രാസസമീകരണം എന്ന്‌ പറയുന്നത്‌. 
മെഗ്നീഷ്യം വായുവില്‍കത്തി മെഗ്നീഷ്യം ഓക്ലൈഡായി മാറുന്ന പ്രവര്‍ത്തനത്തിന്റെ രാസസമവാക്യം താഴെ കൊടുത്തിരിക്കുന്നു. 
Mg + O → MgO
ഈ സമവാക്യത്തില്‍ ഇടതുഭാഗത്ത്‌ (അഭികാരകത്തില്‍) ഓക്സിജന്റെ രണ്ടാറ്റവും വലതുഭാഗത്ത്‌ (ഉല്‍പ്പന്നഭാഗത്ത്‌) ഓക്സിജന്റെ ഒരാറ്റവുമാണുള്ളത്‌. അതിനാല്‍ ഈ സമവാക്യം സമീകരിക്കപ്പെട്ടിട്ടില്ല.
ഇതിനെ 2Mg + O → 2MgO എന്ന്‌ തിരുത്തിയെഴുതുമ്പോള്‍ ഇരുഭാഗത്തുമുള്ള ഓക്സിജന്റെയും മെഗ്നീഷ്യത്തിന്റെയും ആറ്റങ്ങളുടെ എണ്ണം തുല്യമാകും. ഈ സമവാക്യം സമീകരിച്ച സമവാക്യമാണ്‌.
കൂടുതല്‍ ഉദാഹരണങ്ങള്‍ പട്ടികയില്‍ കൊടുത്തിരിക്കുന്നു.

* ഓക്സികരണവും നിരോക്സീകരണവും.
ഇലകട്രോണുളെ കൈമാറ്റം ചെയ്‌തോ അല്ലെങ്കില്‍ പങ്കുവച്ചോ ആണ്‌ രാസപ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്‌. ഒരു രാസപ്രവര്‍ത്തനത്തില്‍ ഇലകട്രോണ്‍ നഷ്ടപ്പെടുന്ന പ്രവര്‍ത്തനത്തെ ഓക്സീകരണമെന്നും ഇലക്ട്രോണ്‍ നേടുന്ന പ്രവര്‍ത്തനത്തെ നിരോക്ലീകരണം എന്നും പറയുന്നു.
ഉദാഹരണം: 1: Mg + Cl₂ →MgCl₂
ഈ പ്രവര്‍ത്തനത്തില്‍ മെഗ്നീഷ്യം അതിന്റെ ബാഹ്യതമഷെല്ലിലെ രണ്ട്‌ ഇലക്ട്രോണുകളെ നഷ്ടപ്പെട്ട്‌ മെഗ്നീഷ്യം അയോണായിമാറുകയും ക്ലോറിന്‍ ഒരിലക്ട്രോണ്‍ സ്വീകരിച്ച്‌ ക്ലോറിന്‍ അയോണായിമാറുകയും ചെയ്യുന്നു.
Mg – 2e →Mg+ Cl + 1e → Cl-1
അതിനാല്‍ ഈ പ്രവര്‍ത്തനത്തില്‍ മെഗ്നീഷ്യം ഓക്സീകരിക്കപ്പെടുകയും ക്ലോറിന്‍ നിരോക്ലീകരിക്കപ്പെടുകയും ചെയ്തു.
ഓക്ലീകരിക്കപ്പെടുന്ന ആറ്റത്തെ നിരോക്സീകാരിയെന്നും നിരോക്സീകരിക്കപ്പെട്ട ആറ്റത്തെ ഓക്സീകാരിയെന്നും വിളിക്കുന്നു.
ഈ പ്രവര്‍ത്തനത്തില്‍ മെഗ്നീഷ്യം നിരോക്സീകാരിയും ക്ലോറിന്‍ ഓക്സീകാരിയും ആണ്‌.
ഉദാഹരണം: 2: 2Na + Cl₂ →2NaCl
ഈ പ്രവര്‍ത്തനത്തില്‍ സോഡിയം ഓക്സീകരിക്കപ്പെട്ടു. അതിനാല്‍ സോഡിയമാണ്‌ നിരോക്സീകാരി.
ക്ലോറിന്‍ നിരോക്സീകരിക്കപ്പെട്ടതിനാല്‍ ക്ലോറിനാണ്‌ ഓക്സീകാരി.
* ഓക്സിഡേഷന്‍ നമ്പര്‍
ഒരു തന്‍മാത്രാ രൂപീകരിക്കപ്പെടുമ്പോള്‍ ഇലക്ട്രോണ്‍ കൈമാറ്റത്തിലുടെയോ പങ്കുവയ്ക്കലിലൂടെയോ ഓരോ ആറ്റത്തിലും രൂപപ്പെടുന്ന ചാര്‍ജിനെയാണ്‌ ഓക്സിഡേഷന്‍ നമ്പര്‍ എന്ന്‌ പറയുന്നത്‌. സഹസംയോജകബന്ധനത്തിലൂടെ രൂപപ്പെടുന്ന തന്‍മാത്രകളില്‍ പങ്കുവച്ച ഇലക്ട്രോണുകള്‍, ഇലക്ട്രോനെഗറ്റിവിറ്റി കൂടിയ ആറ്റത്തിന്‌ ലഭിച്ചു എന്ന സങ്കല്‍പ്പത്തിലാണ്‌ ഓക്സിഡേഷന്‍ നമ്പര്‍ നിര്‍ണ്ണയിക്കുന്നത്‌. ബന്ധിത ഇലക്ട്രോണുകളെ ആറ്റങ്ങള്‍ തുല്യമായി ആകര്‍ഷിക്കുന്നതിനാല്‍ മൂലകതന്‍മാത്രകളില്‍ ആറ്റങ്ങളുടെ ഓക്സിഡേഷന്‍ നമ്പര്‍ പൂജ്യമായാണ്‌പരിഗണിക്കുന്നത്‌. ഒരു തന്‍മാത്രയിലെ ആറ്റങ്ങളുടെ ഓക്സിഡേഷന്‍ നമ്പറുകളുടെ ആകെത്തുക പൂജ്യം ആയിരിക്കും.
ഉദാഹരണം: 1. H₂ + Cl₂ →2HCl
ഈ രാസപ്രവര്‍ത്തനത്തില്‍ ഹൈഡ്രജന്‍, ക്ലോറിന്‍ എന്നിവ മൂലകതന്‍മാത്രകളായതിനാല്‍ അവയുടെ ഓക്സിഡേഷന്‍ നമ്പര്‍ പൂജ്യവും, HCl തന്‍മാത്രയിലെ ക്ലോറിന്‌ ഹൈഡ്രജനേക്കാള്‍ ഇലക്ട്രോനെഗറ്റിവിറ്റി കൂടുതലായതിനാല്‍ ഹൈഡ്രജൻ ഒരു ഇലക്ട്രോണ്‍ നഷ്ടപ്പെട്ട്‌ +1 ഓക്സിഡേഷന്‍ നമ്പര്‍ നേടിയതായും ക്ലോറിന്‍ ആറ്റം ഒരിലക്ട്രോണിനെ നേടി -1 ഓക്സീകരണാവസ്ഥ നേടിയതായും കണക്കാക്കുന്നു.
ഈ ഓാക്സീകരണാവസ്ഥകള്‍ സൂചിപ്പിച്ച്‌ ഈ സമവാക്യത്തെ താഴെ കൊടുത്തിരിക്കുന്ന രീതിയില്‍ എഴുതാം.
H2⁰ + Cl2⁰ →2H⁺¹Cl⁻¹
(ഹൈഡ്രജന്‍ ഓക്സീകരിക്കപ്പെട്ടു. ക്ലോറിന്‍ നിരോക്സീകരിക്കപ്പെട്ടു. അതിനാല്‍ ഹൈഡ്രജന്‍ നിരോക്സീകാരിയും ക്ലോറിന്‍ ഓക്സീകാരിയുമാണ്‌.
ഉദാഹരണം: 2. C + O2 →C⁺⁴O2⁻²
(കാര്‍ബണ്‍ ഓക്സീകരിക്കപ്പെട്ടു. ഓക്സിജന്‍ നിരോക്സീകരിക്കപ്പെട്ടു. അതിനാല്‍ കാര്‍ബണ്‍ നിരോക്സീകാരിയും ഓക്സിജന്‍ ഓക്സീകാരിയുമാണ്‌).
ഉദാഹരണം: 3. Zn⁰ + 2H⁺¹Cl⁻¹→Zn⁺²Cl₂⁻¹+ H₂⁰
ഓക്സിഡേഷന്‍ നമ്പര്‍ കൂടുന്ന പ്രവര്‍ത്തനത്തെ ഓക്സീകരണമെന്നും ഓക്ലിഡേഷന്‍ നമ്പര്‍ കുറയുന്ന പ്രവര്‍ത്തനത്തെ നിരോക്സീകരണമെന്നും വിളിക്കാം. താഴെ കൊടുത്തിരിക്കുന്ന ഉദാഹരണത്തില്‍നിന്നും ഇത്‌ വ്യക്തമാകും.
C⁰ + O₂⁰ →C⁺⁴O₂⁻²
ഈ രാസപ്രവര്‍ത്തനത്തില്‍ കാര്‍ബണിന്റെ ഓക്സിഡേഷന്‍ നമ്പര്‍ പൂജ്യത്തില്‍നിന്നും +4 ആയി വര്‍ധിച്ചിരിക്കുന്നു.
അതിനാല്‍ കാര്‍ബണിന്‌ ഓക്സീകരണം സംഭവിച്ചു. 
ഓക്സിജന്റെ ഓക്സിഡേഷന്‍ നമ്പര്‍ പൂജ്യത്തില്‍നിന്നും -2 ലേക്ക്‌ താഴ്ന്നിരിക്കുന്നതിനാല്‍ ഓക്സിജന്‌ നിരോക്സീകരണം സംഭവിച്ചു.
* ഓക്ലിഡേഷന്‍നമ്പര്‍ കണക്കാക്കുന്ന വിധം.
KMnO₄,MnO₂, Mn₂O₃, Mn₂O₇ എന്നീ സംയുക്ത തന്‍മാത്രകളിലെ മാംഗനീസ്‌ ആറ്റത്തിന്റെ ഓക്സിഡേഷന്‍ നമ്പര്‍ കണക്കാക്കുക. [ഓക്സിജന്റെ ഓക്സീകരണാവസ്ഥ -2 ഉം പൊട്ടാസ്യത്തിന്റേത്‌ +1 ഉം ആണ്‌]
i. Mn ന്റെ ഓക്സിഡേഷന്‍ നമ്പര്‍ 𝑥 എന്ന്‌ എടുത്താല്‍, തന്‍മാത്രയിലെ ആറ്റങ്ങളുടെ ഓാക്സിഡേഷന്‍ നമ്പറുകളുടെ ആകെത്തുക പൂജ്യം ആയതിനാല്‍,
i. 1x1+𝑥 +4x-2 = 0            1+ 𝑥 - 8 = 0           Then 𝑥 = +7
ii. 𝑥+ 2x-2 = 0                   𝑥 - 4 = 0                Then 𝑥 = +4
iii. 2x𝑥+3x-2= 0                2𝑥 -6= 0                Then 𝑥 = +3
iv. 2x𝑥+7x-2= 0                2𝑥 -14=0               Then 𝑥 = +7
* റിഡോക്സ് പ്രവര്‍ത്തനം.
ഒരു രാസപ്രവര്‍ത്തനത്തിലെ ഓക്ലീകരണത്തെയും നിരോക്സീകരണത്തെയും ചേര്‍ത്ത്‌ റിഡോക്സ്‌ പ്രവര്‍ത്തനം എന്ന്‌ പറയുന്നു. ഒരു റിഡോക്സ്‌ പ്രവര്‍ത്തനത്തില്‍ ഓക്സീകാരിക്ക്‌ നിരോക്സീകരണവും നിരോക്സീകാരിക്ക്‌ ഓക്സീകരണവും സംഭവിക്കും.
* ത്രെഷോള്‍ഡ്‌ എനര്‍ജി.
ഒരു രാസപ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്നതിന്‌ തന്‍മാത്രകള്‍ക്കുണ്ടായിരിക്കേണ്ട
കുറഞ്ഞ ഗതികോര്‍ജത്തെയാണ്ത്രെഷോള്‍ഡ്‌ എനര്‍ജി എന്ന്‌ വിളിക്കുന്നത്‌.
* രാസപ്രവര്‍ത്തനവേഗത്തെ സ്വാധീനിക്കുന്ന ഘടകങ്ങള്‍
i. അഭികാരകങ്ങളുടെ സ്വഭാവം.
അഭികാരകങ്ങളുടെ സ്വഭാവത്തിനനുസരിച്ച്‌ രാസപ്രവര്‍ത്തനവേഗത്തില്‍ മാറ്റമുണ്ടാകും.
താഴെകൊടുത്തിരിക്കുന്ന പരീക്ഷണത്തില്‍നിന്നും ഇത്‌ മനസ്സിലാക്കാം.രണ്ട്‌
ടെസ്റ്റ്യുബുകളില്‍ തുല്യഅളവില്‍ നേര്‍പ്പിച്ച ഹൈഡ്രോക്ലോറിക്കാസിഡെടുത്ത്‌ അതില്‍ ഒന്നിലേക്ക്‌ ഏതാനും സിങ്ക്തരികളും രണ്ടാമത്തേതിലേക്ക്‌ മെഗ്നീഷ്യം റിബണിന്റെ ഏതാനും കഷണങ്ങളും ഇടുക. മെഗ്നീഷ്യം, സിങ്കിനെ അപേക്ഷിച്ച്‌ നേര്‍പ്പിച്ച ആസിഡുമായി തീവ്രമായി പ്രവര്‍ത്തിച്ച്‌ ധാരാളം ഹൈഡ്രജന്‍ പുറത്തുവിടുന്നത്‌ കാണാം. Mg + 2HCl →MgCl₂ + H₂
ii. ഗാഢത
അഭികാരകങ്ങളുടെ ഗാഢത രാസപ്രവര്‍ത്തനവേഗത്തെ സ്വാധീനിക്കും. രണ്ട്‌ ടെസ്റ്റ്യുബുകളിലൊന്നില്‍ നേര്‍പ്പിച്ച ഹൈഡ്രോക്ലോറിക്കാസിഡും രണ്ടാമത്തേതില്‍ അതേ അളവില്‍ ഗാഢ ഹൈഡ്രോക്ലോറിക്കാസിഡും എടുത്ത്‌ രണ്ടിലേക്കും ഒരേ വലിപ്പമുള്ള ഓരോ മെഗ്നിഷ്യം റിബണിന്റെ കഷണങ്ങളിടുക.
ഗാഢഹൈഡ്രോക്ലോറിക്കാസിഡുമായിമെഗ്നീഷ്യം തീവ്രമായിപ്രവര്‍ത്തിക്കുന്നത്‌ കാണാം.
അഭികാരകങ്ങളുടെ ഗാഢത കൂടുമ്പോള്‍ യൂണിറ്റ്‌ വ്യാപ്തത്തിലെ തന്‍മാത്രകളുടെ എണ്ണം കൂടുകയും അത്‌ ഫലവത്തായ കൂട്ടിമുട്ടലുകളുടെ എണ്ണം വര്‍ധിപ്പിക്കുകയും ചെയ്യുന്നതിനാലാണ്‌ അഭികാരകങ്ങളുടെ ഗാഢത കൂടുമ്പോള്‍ രാസപ്രവര്‍ത്തനവേഗം കൂടുന്നത്‌.
iii. പ്രതലപരപ്പളവ്‌
ഖരരൂപത്തിലുള്ള അഭികാരകങ്ങള്‍ പൊടിച്ച്‌ ചേര്‍ക്കുമ്പോള്‍ രാസപ്രവര്‍ത്തനവേഗം കൂടും. പൊടിക്കുമ്പോള്‍ പദാർത്ഥങ്ങളുടെ പ്രതലപരപ്പളവ്‌ കൂടുകയും തല്‍ഫലമായി തന്‍മാത്രകള്‍ തമ്മിലുള്ള കൂട്ടിമുട്ടലുകളുടെ എണ്ണം കൂടുകയും ചെയ്യുന്നതിനാലാണിത്‌.
പരീക്ഷണം: രണ്ട്‌ ബീക്കറുകളില്‍ ഒരേഗാഢതയുള്ള ഹൈഡ്രോക്ളോറിക്കാസിഡെടുത്ത്‌ ഒന്നിലേക്ക്‌ ഒരു ചെറിയകഷണം മാര്‍ബിളും രണ്ടാമത്തേതിലേക്ക്‌ അതേവലിപ്പമുള്ള മാര്‍ബിള്‍ കഷണം പൊടിച്ചും ചേര്‍ക്കുക. പൊടിച്ചുചേര്‍ത്ത മാര്‍ബിള്‍ ആസിഡുമായിതീവ്രമായി പ്രവര്‍ത്തിച്ച്‌ ധാരാളം കാര്‍ബണ്‍ഡയോക്സൈഡ് ഉണ്ടാകുന്നത്‌ കാണാം.
CaCO₃ + 2HCl →CaCl₂ + CO₂ + H₂O
ചെറുചീളുകളാക്കിയ വിറക്‌നന്നായി കത്തുന്നത്‌ അവയുടെ പ്രതലപരപ്പളവ്‌ കൂടുന്നതിനാലാണ്‌.
iv. താപനില: അഭികാരകങ്ങളുടെ താപനില വര്‍ധിപ്പിച്ചാല്‍ രാസപ്രവര്‍ത്തനവേഗം കൂടും.
പരീക്ഷണം: രണ്ട്‌ ടെസ്റ്റ്യുബ്കളില്‍ ഒരേ അളവില്‍ നേര്‍പ്പിച്ച ഹൈഡ്രോക്ലോറിക്കാസിഡ് എടുത്ത്‌ ഒന്നിനെ ചെറുതായി ചൂടാക്കുക. അതിനുശേഷം രണ്ട്‌ ടെസ്റ്റുബിലേക്കും ഒരേ അളവില്‍ സോഡിയം തയോസള്‍ഫേറ്റ്‌ ലായനി ചേര്‍ക്കുക.
ചൂടാക്കിയ ടെസ്റ്റ്യുബില്‍ വളരെവേഗത്തില്‍ അവക്ഷിപ്തം ഉണ്ടാകുന്നത്‌ കാണാം.
Na₂S₂O₃ + 2HCl →2NaCl + SO₂ + S + H₂O
താപനില കൂടുമ്പോള്‍ അഭികാരകതന്‍മാത്രകളുടെ ഗതികോര്‍ജം കൂടുകയും ത്രെഷോള്‍ഡ്‌ എനര്‍ജി ലഭ്യമായ തന്‍മാത്രകളുടെ എണ്ണം കൂടുകയും ചെയ്യും. തല്‍ഫലമായി ഫലവത്തായ കൂട്ടിമുട്ടലുകളുടെ എണ്ണം കൂടുന്നതിനാലാണ്‌ താപനില
കൂടുമ്പോള്‍ രാസപ്രവര്‍ത്തനവേഗം കൂടുന്നത്‌.
v. ഉള്‍പ്രേരകത്തിന്റെ സാന്നിധ്യം.
സ്വയം രാസമാറ്റത്തിന്‌ വിധേയമാകാതെ രാസപ്രവര്‍ത്തനവേഗത്തില്‍ മാറ്റമുണ്ടാക്കുന്ന രാസവസ്‌തുക്കളെയാണ്‌ ഉള്‍പ്രേരകം എന്ന്‌ പറയുന്നത്‌.
ഹൈഡ്രജന്‍ പെറോക്സൈഡിന്റെ വിഘടനനിരക്ക്‌ വര്‍ധിപ്പിക്കുന്ന (H₂O₂ → H₂O+O₂) ഉള്‍പ്രേരകമാണ്‌ മാംഗനീസ്‌ ഡയോക്സൈഡ്‌.
പരീക്ഷണം: ഒരു ടെസ്റ്റ്യുബില്‍ അല്‍പം ഹൈഡ്രജന്‍ പെറോക്സൈഡ് എടുത്ത്‌ അതിന്റെ വായ്ഭാഗത്ത്‌ ഒരു എരിയുന്ന ചന്ദനത്തിരി കാണിക്കുക. അതിനുശേഷം ടെറ്റ്യുബിലെ ഹൈഡ്രജന്‍ പെറോക്ലൈഡിലേക്ക്‌ അല്‍പം മാംഗനീസ് ഡയോക്സൈഡ്‌ ചേര്‍ത്തതിനുശേഷം ടെസ്റ്റ്യുബിന്റെ വായ്ഭാഗത്ത്‌ ചന്ദനത്തിരി കാണിക്കുമ്പോള്‍ അത്‌ ആളിക്കത്തുന്നത്‌ കാണാം. ഹൈഡ്രജന്‍ പെറോക്സൈഡ്‌ ചേര്‍ക്കുമ്പോള്‍ ഹൈഡ്രജന്‍ പെറോക്സൈഡ്‌ കൂടിയ അളവില്‍ വിഘടിച്ച്‌ ധാരാളം ഓക്സിജന്‍ ഉണ്ടാകുന്നതിനാലാണ്‌ ചന്ദനത്തിരി ആളിക്കത്തിയത്‌.
രാസപ്രവര്‍ത്തനവേഗം വര്‍ധിപ്പിക്കുന്ന ഉള്‍പ്രേരകങ്ങളെ പോസിറ്റീവ്‌ ഉള്‍പ്രേരകങ്ങള്‍ എന്ന്‌ പറയുന്നു. മാംഗനീസ്‌ ഡയോക്സൈഡ്‌ ഹൈഡ്രജന്‍ പെറോക്സൈഡിന്റെ വിഘടനനിരക്ക്‌ വര്‍ധിപ്പിക്കുന്നതിനാല്‍ ഇത്‌ ഒരു പോസിറ്റീവ്‌ ഉള്‍പ്രേരകമാണ്‌.
രാസപ്രവര്‍ത്തനവേഗം കുറയ്ക്കുന്ന ഉള്‍പ്രേരകങ്ങളെ നെഗറ്റീവ്‌ ഉള്‍പ്രേരകം എന്ന്‌വിളിക്കുന്നു.
ഹൈഡ്രജന്‍ പെറോക്സൈഡിന്റെ വിഘടനനിരക്ക്‌ കുറയ്ക്കുന്ന രാസപദാര്‍ത്ഥമാണ്‌ ഫോസ്‌ഫോറിക്കാസിഡ്‌. അതിനാല്‍ ഫോസ്‌ഫോറിക്കാസിഡ്‌ ഒരു നെഗറ്റീവ്‌ ഉള്‍പ്രേരകമാണ്‌.
ഓരോ രാസ പ്രവര്‍ത്തനത്തിനും നിശ്ചിതമായ ഉള്‍പ്രേരകമാണ്‌ ഉപയോഗിക്കുന്നത്‌. സള്‍ഫ്യൂരിക്കാസിഡിന്റെ വ്യാവസായിക നിര്‍മ്മാണത്തില്‍ വനേഡിയം പെന്റോക്സൈഡും അമോണിയയുടെ നിര്‍മ്മാണത്തില്‍ ഇരുമ്പും പോസിറ്റീവ്‌ ഉള്‍പ്രേരകമായി ഉപയോഗിക്കുന്നു.

* പരിശിലനചോദ്യങ്ങളും ഉത്തരങ്ങളും.
1. ഒരു ഗ്രാം ഹൈഡ്രജനും 8 ഗ്രാം ഓക്സിജനും തമ്മില്‍പ്രവര്‍ത്തിച്ച്‌ അത്‌ പൂര്‍ണ്ണമായും ജലമായിമാറി.
a. ലഭിച്ച ജലത്തിന്റെ മാസ്‌ എത്രയായിരിക്കും?
b. ഏതുനിയമത്തിന്റെ അടിസ്ഥാനത്തിലാണ്‌ ഈ ചോദ്യത്തിന്‌ നിങ്ങള്‍ ഉത്തരം കണ്ടെത്തിയത്‌?
ഉത്തരം:
a. 9 ഗ്രാം.
b. മാസ്‌ സംരക്ഷണനിയമം.

2. മാസ്‌ സംരക്ഷണനിയമം പ്രസ്താവിച്ചതാര്‌?
ഉത്തരം: അന്റോയിന്‍ ലാവോസിയ.

3. താഴെ തന്നിട്ടുള്ള രാസസമവാക്യങ്ങളെ സമീകരിച്ചഴുതുക.
a. Na + Cl₂ →NaCl
b. H₂O₂ → H₂O + O₂
c. CO₂ + C →CO
d. Zn + HCl →H₂ + ZnCl₂
e. Al + O₂ →Al₂O₃
ഉത്തരം:
a. 2Na + Cl₂ →2NaCl
b. 2H₂O₂ → 2H₂O + O₂
c. CO₂ + C →2CO
d. Zn + 2HCl →H₂ + ZnCl₂
e. 4Al + 3O₂ →2Al₂O₃

4. "സമീകരിച്ച ഒരു രാസസമവാക്യത്തിലെ അഭികാര തന്‍മാത്രകളുടെ എണ്ണവും ഉല്‍പ്പന്ന തന്‍മാത്രകളുടെ എണ്ണവും തുല്യമായിരിക്കും.” ഈ പ്രസ്താവനയോട്‌ നിങ്ങളുടെ പ്രതികരണമെന്ത്‌?
ഉത്തരം: ഈ പ്രസ്താവന ശരിയല്ല. സമീകരിച്ച രാസസമവാക്യങ്ങളില്‍ സമവാക്യത്തിന്റെ ഇരുവശത്തുമുള്ള ഓരോഇനം ആറ്റങ്ങളുടെ എണ്ണവും തുല്യമായിരിക്കും. തന്‍മാത്രകളുടെ എണ്ണം തുല്യമാകണമെന്നില്ല.
ഉദാഹരണം: 2H₂O₂ → 2H₂O + O₂
ഇതൊരു സമീകൃതസമവാക്യമാണ്‌. എന്നാല്‍ ഈ രാസസമവാക്യത്തിന്റെ ഇടതുഭാഗത്ത്‌ രണ്ട്തന്‍മാത്രകളാണുള്ളത്‌. എന്നാല്‍ വലതുഭാഗത്ത്‌ മൂന്ന്‌ തന്‍മാത്രകളുണ്ട്‌.

5. തന്നിരിക്കുന്ന രാസസമവാക്യം കാണുക. Mg + Cl₂ →MgCl₂
(ഇലക്ട്രോണ്‍ വിന്യാസം Mg – 2,8,2 Cl – 2,8,7)
a.ഈ സമവാക്യത്തില്‍ ഓക്സിഡേഷന്‍ നമ്പറുകള്‍ ചേര്‍ത്തെഴുതുക.
b.ഏതുമൂലകത്തിന്റെ ഓക്സിഡേഷന്‍ നമ്പറാണ് വര്‍ധിച്ചത്?
c.ഇതില്‍ ഓക്സീകരിക്കപ്പെട്ട മൂലകത്തെയും നിരോക്സീകരിക്കപ്പെട്ട മൂലകത്തെയും കണ്ടെത്തുക.
d.ഇതിലെ ഓക്സീകാരിയേത്? നിരോക്സീകാരിയേത്?
ഉത്തരം:
a. Mg⁰ + Cl₂⁰ →Mg⁺²Cl₂⁻¹
b. മെഗ്നീഷ്യത്തിന്റെ ഓക്സിഡേഷന്‍ നമ്പര്‍ പൂജ്യത്തില്‍നിന്നും +2 ആയി വര്‍ധിച്ചു.
c. മെഗ്നീഷ്യം ഓക്സീകരിക്കപ്പെട്ടു. ക്ളോറിന്‍ നിരോക്സീകരിക്കപ്പെട്ടു.
d. മെഗ്നീഷ്യം - നിരോക്സീകാരി. ക്ളോറിന്‍ - ഓക്സീകാരി.

6. സള്‍ഫര്‍ട്രയോക്സൈഡിലെ (SO₃) സള്‍ഫറിന്റെ ഓക്സിഡേഷന്‍ നമ്പര്‍ കണക്കാക്കുക.
ഉത്തരം: 𝑥+ 3x(-2) = 0           𝑥 = 6
ഈ തന്‍മാത്രയിലെ സള്‍ഫറിന്റെ ഓക്സിഡേഷന്‍ നമ്പര്‍ +6 ആണ്.

7. i. Ca⁺²C⁺⁴O3⁻² →Ca⁺²O⁻² + C⁺⁴O2⁻² 
ii. 2N2⁰ + O2⁰ → 2N⁺²O⁻²
ഓക്സിഡേഷന്‍ നമ്പര്‍ രേഖപ്പെടുത്തിയിട്ടുള്ള രണ്ട് രാസപ്രവര്‍ത്തനസമവാക്യങ്ങള്‍ തന്നിരിക്കുന്നു.
a. ഇതില്‍ ഓക്സീകരണവും നിരോക്സീകരണവും നടക്കുന്ന പ്രവര്‍ത്തനമേത്?
b. ഇവയിലേതാണ് റിഡോക്സ് പ്രവര്‍ത്തനം?
ഉത്തരം:
a. ii. 2N2⁰ + O2⁰ → 2N⁺²O⁻²
b. രണ്ടാമത്തെ രാസപ്രവര്‍ത്തനത്തില്‍ ഓക്സീകരണവും നിരോക്സീകരണവും നടക്കുന്നതിനാല്‍ അതാണ് റിഡോക്സ് പ്രവര്‍ത്തനം.

8. ഖരരൂപത്തിലുള്ള അഭികാരകങ്ങള്‍ പൊടിച്ചുചേര്‍ത്താല്‍ രാസപ്രവര്‍ത്തന വേഗം കൂടും. എന്തുകൊണ്ട്?
ഉത്തരം: അഭികാരകങ്ങള്‍ പൊടിച്ചുചേര്‍ക്കുമ്പോള്‍ അവയുടെ പ്രതലപരപ്പളവ് കൂടുന്നതിനാല്‍ അഭികാരകതന്‍മാത്രകള്‍ തമ്മിലുള്ള ഫലവത്തായ കൂട്ടിമുട്ടലുകലുടെ എണ്ണം വര്‍ധിക്കുന്നു.

9. നിവര്‍ത്തിപ്പിടിച്ച കടലാസ് ചുരുട്ടിയ കടലാസിനേക്കാള്‍ നന്നായി കത്തുന്നു. കാരണം വിശദീകരിക്കുക.
ഉത്തരം: കടലാസ് നിവര്‍ത്തിപ്പിടിക്കുമ്പോള്‍ അവയുടെ പ്രതലപരപ്പളവ്കൂ ടുന്നതിനാല്‍ അഭികാരകമായ ഓക്സിജന്‍ തന്‍മാത്രകളുമായുള്ള കൂട്ടിമുട്ടലുകളുടെ എണ്ണം വര്‍ധിക്കുന്നതിനാലാണ് വേഗത്തില്‍ രാസപ്രവര്‍ത്തനം നടന്ന് കടലാസ്
വേഗത്തില്‍ എരിഞ്ഞുതീരുന്നത്.

10. ഹൈഡ്രജന്‍ പെറോക്സൈഡ് (HO) സ്വയം വിഘടിച്ച് പോകുന്ന പദാര്‍ത്ഥമാണ്.
a. ഈ വിഘടനരാസപ്രവര്‍ത്തനത്തിന്റെ സമവാക്യം സമീകരിച്ചെഴുതുക.
b. ഇതിന്റെ വിഘടനനിരക്ക് കുറയ്ക്കാന്‍ സഹായിക്കുന്ന ഒരു പദാര്‍ത്ഥത്തിന്റെ പേരെഴുതുക.
c.ഇത്തരം പദാര്‍ത്ഥങ്ങള്‍ എന്തുപേരിലാണ് അറിയപ്പെടുന്നത്?
ഉത്തരം:
a. 2H₂O₂ → 2H₂O + O₂
b. ഫോസ്ഫോറിക്കാസിഡ്.
c. നെഗറ്റീവ് ഉള്‍പ്രേരകം.
11. ഹൈഡ്രജന്‍ പെറോക്സൈഡ് (H₂O₂) വിഘടിപ്പിച്ച് ഓക്സിജന്‍ ലഭ്യമാക്കാം. ഈ പ്രവര്‍ത്തനത്തിലൂടെ കൂടുതല്‍ അളവില്‍ ഓക്സിജന്‍ ലഭ്യമാക്കാന്‍ ഒരു മാര്‍ഗം നിര്‍ദ്ദേശിക്കുക.
ഉത്തരം: ഹൈഡ്രജന്‍ പെറോക്സൈഡിലേക്ക് പോസിറ്റീവ് ഉള്‍പ്രേരകമായ മാംഗനീസ് ഡയോക്സൈഡ് ചേര്‍ത്താല്‍ മതി.

12. ഒരു ടെസ്റ്റ്യൂബില്‍ നേര്‍പ്പിച്ച ഹൈഡ്രോക്ളോറിക്കാസിഡെടുത്ത് അതിലേക്ക് ഏതാനും സിങ്ക് തരികള്‍ ഇടുന്നു.
a. ഇവിടെ നടക്കുന്ന രാസപ്രവര്‍ത്തനത്തിന്റെ സമീകരിച്ച സമവാക്യമെഴുതുക.
b. ഈ പ്രവര്‍ത്തനത്തിലൂടെ ലഭിക്കുന്ന വാതകമേത്?
c. ഈ വാതകം കൂടുതല്‍ ലഭ്യമാക്കാന്‍ രണ്ട് മാര്‍ഗ്ഗങ്ങള്‍ നിര്‍ദേശിക്കുക.
ഉത്തരം: 
a. Zn + 2HCl →H₂ + ZnCl₂
b. ഹൈഡ്രജന്‍.
c. ഗാഢ ആസിഡ്‌ ചേര്‍ക്കുക, ചൂടാക്കുക.

13. അടുപ്പില്‍ ഊതുമ്പോള്‍ തീ ആളിക്കത്തുന്നു. കാരണമെന്ത്‌?
ഉത്തരം: ജ്വലനത്തിലെ ഒരഭികാരകം ഓക്സിജനാണ്‌. അടുപ്പിലേക്ക്‌ ഊതുമ്പോള്‍ അടുപ്പിനുള്ളിലെ ഓക്സിജന്റെ അളവ്‌/ഗാഢത വര്‍ദ്ധിക്കുന്നതിനാലാണ്‌ തീ ആളിക്കത്തുന്നത്‌.

14. പോസിറ്റീവ്‌ ഉള്‍പ്രേരകം എന്നാലെന്ത്‌? രണ്ടുദാഹരങ്ങളെഴുതുക.
ഉത്തരം: രാസപ്രവര്‍ത്തനവേഗം വര്‍ധിപ്പിക്കുന്ന ഉള്‍പ്രേരകങ്ങളാണ്‌ പോസിറ്റീവ്‌ ഉള്‍പ്രേരകങ്ങള്‍.
ഹൈഡ്രജന്‍ പെറോക്സൈഡിന്റെ വിഘടനനിരക്ക്‌ വര്‍ധിപ്പിക്കാന്‍ ഉള്‍പ്രേരകമായി മാംഗനീസ്‌ ഡയോക്സൈഡ്‌ ഉപയോഗിക്കുന്നു. അമോണിയ നിര്‍മ്മാണത്തില്‍ ഇരുമ്പ്‌ പോസിറ്റീവ്‌ ഉള്‍പ്രേരകമായി ഉപയോഗിക്കുന്നു.

15. ആദ്യജോടിയിലെ ബന്ധത്തിനനുസരിച്ച്‌ രണ്ടാമത്തെ ജോടി പൂര്‍ത്തിയാക്കുക.
a. അമോണിയ: ഉള്‍പ്രേരകം - ഇരുമ്പ്‌; സള്‍ഫ്യുരിക്കാസിഡ്‌: ............
b. ഹൈഡ്രജന്‍ പെറോക്സൈഡിന്റെ വിഘടനം - പോസിറ്റീവ്‌ ഉള്‍പ്രേരകം: മാംഗനീസ്‌ ഡയോക്സൈഡ്‌; ഹൈഡ്രജന്‍ പെറോക്സൈഡിന്റെ വിഘടനം - നെഗറ്റീവ്‌ ഉള്‍പ്രേരകം: .......
ഉത്തരം: 
a. ഉള്‍പ്രേരകം - വനേഡിയം പെന്റോക്സൈഡ്‌.
b. ഫോസ്‌ഫോറിക്കാസിഡ്‌.

16. താഴെകൊടുത്തിരിക്കുന്ന പ്രസ്താവനകളിലെ വിട്ടുപോയ ഭാഗം പൂര്‍ത്തീകരിക്കുക.
a. ഓക്ലീകരിക്കപ്പെടുന്ന ആറ്റമാണ്‌........ (ഓക്സീകാരി/നിരോക്സീകാരി)
b. ഓക്സിഡേഷന്‍ നമ്പര്‍ കുറയുന്ന ആറ്റത്തിന്‌ ........ സംഭവിക്കുന്നു. (ഓക്ലീകരണം/നിരോക്സീകരണം)
c. താപനില ഉയരുമ്പോള്‍ ത്രെഷോള്‍ഡ്‌എനര്‍ജി...... (കൂടുന്നു/കുറയുന്നു/മാറുന്നില്ല)
d. മാസ്സ്‌ സംരക്ഷണനിയമം പ്രസ്താവിച്ച ശാസ്ത്രജ്ഞന്‍ .......... ആണ്‌.
e. സമീകരിച്ച ഒരു രാസസമവാക്യത്തിലെ ഇരുവശത്തുമുള്ള ....... തുല്യമായിരിക്കും.
(ആറ്റങ്ങളുടെ എണ്ണം/തന്‍മാത്രകളുടെ എണ്ണം)
f. ഇലക്ട്രോണ്‍ നഷ്ടപ്പെടുന്ന ആറ്റത്തിന്‌......... സംഭവിക്കുന്നു. (ഓക്സീകരണം/നിരോക്സീകരണം)
g. മൂലകതന്‍മാത്രകളിലെ ആറ്റങ്ങളുടെ ഓക്സിഡേഷന്‍ നമ്പര്‍ ....... ആയിരിക്കും.
ഉത്തരം: 
a. നിരോക്സീകാരി
b. നിരോക്ലീകരണം
c. മാറുന്നില്ല.
d. അന്റോയിന്‍ ലാവോസിയെ.
e. ആറ്റങ്ങളുടെ എണ്ണം.
f. ഓക്സീകരണം.
g. പൂജ്യം.
 
17. രാസപ്രവര്‍ത്തനത്തിന്റെ വേഗം വ്യത്യാസപ്പെടുത്തുന്ന പദാര്‍ങ്ങളെ ഉല്‍പ്രേരകങ്ങള്‍ എന്നുപറയുന്നു. പോസിറ്റീവ് ഉല്‍പ്രേരകങ്ങളും നെഗറ്റീവ് ഉല്‍പ്രേരകങ്ങളും എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു?ഉദാഹരണം സഹിതം വ്യക്തമാക്കുക.
ഉത്തരം:
പോസിറ്റീവ് ഉല്‍പ്രേരകങ്ങള്‍ രാസപ്രവര്‍ത്തന വേഗം വര്‍ദ്ധിപ്പിക്കുന്നു. എന്നാല്‍ നെഗറ്റീവ് ഉല്‍പ്രേരകങ്ങള്‍ രാസപ്രവര്‍ത്തന വേഗം കുറക്കുന്നു.
ഹൈഡ്രജന്‍ പെറോക്സൈഡിന്റെ വിഘടന വേഗം MnO₂ വര്‍ദ്ധിപ്പിക്കുന്നു. അതിനാല്‍ MnO₂ പോസിറ്റീവ് ഉല്‍പ്രേരകം ആണ്.
ഫോസ്‍ഫോറിക് ആസിഡ് ഹൈഡ്രജന്‍ പെറോക്സൈഡിന്റെ വിഘടന വേഗം കുറക്കുന്നു. അതിനാല്‍ ഫോസ്‍ഫോറിക് ആസിഡ് നെഗറ്റീവ് ഉല്‍പ്രേരകം ആണ്.

18. സോഡിയം തയോസള്‍ഫേറ്റ് ലായനി തുല്യ അളവ് വീതം രണ്ടു ബോയിലിംഗ് ട്യൂബുകളില്‍ എടുത്തിരിക്കുന്നു. ഒരു ബോയിലിംഗ് ട്യൂബിലെ ലായനി ചൂടാക്കുന്നു. രണ്ടിലും ഒരേ അളവ് HCl ചേര്‍ക്കുന്നു. ചൂടാക്കിയ ബോയിലിംഗ് ട്യൂബില്‍ സള്‍ഫറിന്റെ അവക്ഷിപ്തം വേഗത്തില്‍ ഉണ്ടാവുന്നു. പ്രവര്‍ത്തനസമവാക്യം എഴുതുക. ഈ പരീക്ഷണത്തിൽരാസപ്രവര്‍ത്തന വേഗത്തെ സ്വാധീനിച്ച ഘടകമേത്? രാസപ്രവര്‍ത്തന വേഗം കൂടാന്‍ കാരണമെന്ത്?
ഉത്തരം:
a) Na₂S₂O₃ + 2HCl → 2NaCl + H₂O +SO₂ +S
b) താപനില
c) താപനില വര്‍ദ്ധിപ്പിക്കുമ്പോള്‍ ത്രെഷോള്‍ഡ് എനര്‍ജി ഉള്ള തന്മാത്രകളുടെ എണ്ണം വര്‍ദ്ധിക്കുന്നു.തല്‍ഫലമായി ഫലവത്തായ കൂട്ടിമുട്ടലുകളുടെ എണ്ണം കൂടുകയും രാസപ്രവര്‍ത്തന വേഗം വര്‍ദ്ധിക്കുകയും ചെയ്യുന്നു.

19. ഉത്തരമെഴുതുക.
a.താപനില രാസപ്രവര്‍ത്തന വേഗം വര്‍ദ്ധിപ്പിക്കം എന്നുതെളിയിക്കുന്ന ഒരു പരീക്ഷണം വിശദമാക്കുക.
b. താപനില വര്‍ദ്ധിക്കുമ്പോള്‍ രാസപ്രവര്‍ത്തന വേഗം വര്‍ദ്ധിക്കാനുണ്ടായ കാരണം എന്ത്?
ഉത്തരം:
a.സോഡിയം തയോസള്‍ഫേറ്റ് ലായനിയും HCl ഉം ഉപയോഗിച്ച് നടക്കുന്ന രാസപ്രവര്‍ത്തനം വിശദമാക്കുന്നു.
b.താപനില വര്‍ദ്ധിപ്പിക്കുമ്പോള്‍ ത്രെഷോള്‍ഡ് എനര്‍ജി ഉള്ള തന്മാത്രകളുടെ എണ്ണം വര്‍ദ്ധിക്കുന്നു.തല്‍ഫലമായി ഫലവത്തായ കൂട്ടിമുട്ടലുകളുടെ എണ്ണം കൂടുകയും രാസപ്രവര്‍ത്തനവേഗം വര്‍ദ്ധിക്കുകയും ചെയ്യുന്നു.

20. ചിത്രം നിരീക്ഷിച്ച് തന്നിരിക്കുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരമെഴുതുക
ഏത് ബീക്കറിലാണ് രാസപ്രവര്‍ത്തം വേഗത്തില്‍ നടക്കുന്നത്?കാരണം എന്ത്?
ഉത്തരം:
രണ്ടാമത്തെ ബീക്കറില്‍
കാരണംമാർബിൾ പൊടിച്ച് ചേര്‍ക്കുമ്പോള്‍ പ്രതലപരപ്പളവ് വര്‍ദ്ധിക്കുന്നു.

21. Zn + 2HCl → ZnCl+ H
രാസപ്രവര്‍ത്തനവേഗം വര്‍ദ്ധിപ്പിക്കാന്‍ സ്വീകരിക്കാവുന്ന മാര്‍ഗങ്ങള്‍ തെരെഞ്ഞെടുക്കുക
a) താപനില കുറയ്ക്കുക.
b) HCl ന്റെ ഗാഢത വര്‍ദ്ധിപ്പിക്കുക.
c) സിങ്ക് കഷ്ണങ്ങള്‍ പൊടിയാക്കുക.
d) HCl ന്റെ ഗാഢത കുറക്കുക.
ഉത്തരം: b യും c യും

22. തന്നിരിക്കുന്നവയില്‍ രാസസമവാക്യങ്ങളി നിന്നും ഓക്സീകരണ രാസപ്രവര്‍ത്തങ്ങൾ കണ്ടെത്തുക.
a) Zn → Zn⁺² +2e-
b) Cu²⁺ +2e- → Cu
c) Mg → Mg²⁺ +2e-
d) Zn²⁺+ 2e- → Zn
ഉത്തരം: a യും c യും

23. ഒരു രാസപ്രവര്‍ത്തന സമവാക്യം‌ തന്നിരിക്കുന്നു.
Zn + Cu⁺²SO⁻² → Zn⁺²SO⁻² + Cu
ഈ രാസപ്രവര്‍ത്തനം ഒരു റിഡോക്സ്പ്രവര്‍ത്തനമാണോ? എന്തുകൊണ്ട് ?
ഉത്തരം: 
അതെ.
Zn ഓക്സീകരികരിക്കപ്പെട്ട് ZnSO₄ ആയിമാറുന്നു
CuSO₄ നിരോക്സീകരിക്കപ്പെട്ടു Cu ആയിമാറുന്നു. ഇങ്ങനെ ഒരേസമയം ഓക്സീകരണവും നിരോക്സീകരണവും നടക്കുന്നതിനാല്‍ ഇത് ഒരു റിഡോക്സ് പ്രവര്‍ത്തനമാണ്.
24. തന്നിരിക്കുന്ന രാസവാക്യം പരിശോധിച്ചു ചോദ്യങ്ങള്‍ക്ക് ഉത്തരമെഴുതുക .
Zn + 2H⁺¹Cl⁻¹ → Zn+2Cl⁻¹ + H0
താഴെ കൊടുത്തിരിക്കുന്നവ ശരിയായ പ്രസ്താവനകള്‍ ആണോ? ഉത്തരം സാധൂകരിക്കുക
a) Zn ആണ് ഓക്സീകരിക്കപ്പെട്ടത്.
b) ഓക്സീകാരി HCl ആണ്.
ഉത്തരം: 
രണ്ടു പ്രസ്താവനകളും ശരിയാണ്.
കാരണം സിങ്കിന്റെ ഓക്സീകരണാവസ്ഥ 0 ത്തില്‍ നിന്നും +2ആയി വര്‍ദ്ധിച്ചു.
HCl ലെ H ന്റെ ഓക്സികരണാവസ്ഥ +1 ല്‍ നിന്നും 0 ത്തിലേക്കു കുറഞ്ഞു. അതിനാല്‍ HCl ഓക്സീകാരി ആണ്.

25. Fe + 2HCl → FeCl + H
a) FeCl₂ ലെ Fe യുടെ ഓക്സികരണാവസ്ഥ എത്ര?
b) ഈ രാസപ്രവര്‍ത്തനത്തിലെ ഓക്സീകാരി, നിരോക്സീകാരി എന്നിവ കണ്ടെത്തുക.
ഉത്തരം: 
a) +2
b) ഓക്സീകാരി -HCl/ H⁺
നിരോക്സീകാരി - Fe

26. 2Na + Cl → 2NaCl
രാസസമവാക്യം പരിശോധിച്ചു ശരിയായ വിധത്തില്‍ ചേര്‍ത്തെഴുതുക.

27. ഹൈഡ്രജനും ഓക്സിജനും ചേര്‍ന്ന് ജലമു​ണ്ടാകുന്ന രാസപ്രവര്‍ത്തനത്തിന്റെ സമവാക്യം എഴുതിയിരിക്കുന്നു.
H + O → HO
ഈ സമവാക്യം സമീച്ചതാണോ? എന്തുകൊണ്ട്?
ഉത്തരം: 
അല്ല
അഭികാരകങ്ങളിലും ഉല്‍പ്പന്നങ്ങളിലും അടങ്ങിയിരിക്കുന്ന ആറ്റങ്ങളുടെ എണ്ണം തുല്യമല്ല.

28. തന്നിരിക്കുന്ന പ്രസ്താവനകളില്‍ തെറ്റുണ്ടെങ്കില്‍ തിരുത്തുക.
a) രാസപ്രവർത്തനങ്ങളിൽ മാസ് നിർമ്മിക്കപ്പെടുകയോ നശിപ്പിക്കപ്പെടുകയോ ചെയ്യുന്നില്ല.
b) അഭികാരകങ്ങളുടെ ആകെ മാസിനേക്കാൾ ഉൽപ്പന്നങ്ങളുടെ ആകെ മാസ് കൂടുതൽ ആയിരിക്കും.
c) ഒരു രാസപ്രവർത്തനത്തിൽ ഓരോ മൂലകത്തിന്റേയും അഭികാരകഭാഗത്തെ ആകെ ആറ്റങ്ങളുടെ എണ്ണവും ഉൽപ്പന്നഭാഗത്തെ ആകെ ആറ്റങ്ങളുടെ എണ്ണവും തുല്യമായിരിക്കും.
ഉത്തരം: (b) 
അഭികാരകങ്ങളുടെ ആകെ മാസ്സുും ഉൽപ്പന്നങ്ങളുടെ ആകെ മാസ്സുും തുല്യമായിരിക്കും.

29. ഹൈഡ്രജന്‍ പെറോക്സൈഡിന്റെ വിഘടന വേഗത കുറയ്ക്കാന്‍ ഉപയോഗിക്കുന്ന ഉല്‍പ്രേരകം ഏത്?
ഉത്തരം: ഫോസ് ഫോറിക് ആസിഡ്

30. A, Bഎന്നീ ടെസ്റ്റ് ട്യൂബുകളില്‍ തുല്യ അളവ് സോഡിയം തയോസള്‍ഫേറ്റ് ലായനി എടുത്തിരിക്കുന്നു. ടെസ്റ്റ് ട്യൂബ് A യില്‍ എടുത്ത ലായനി ചൂടാക്കുന്നു. രണ്ടിലും തുല്യ അളവില്‍ നേര്‍പ്പിച്ച ഹൈഡ്രോ ക്ലോറിക് ആസിഡ് ചേര്‍ക്കുന്നു.
a. ഏത് ടെസ്റ്റ് ട്യൂബിലാണ് രാസപ്രവര്‍ത്തനം വേഗത്തില്‍ നടക്കുന്നത്?
b. ഇവിടെ രാസപ്രവര്‍ത്തന വേഗത്തെ സ്വാധീനിക്കുന്ന ഘടകം ഏതാണ്?
c. ഇവിടെ രാസപ്രവര്‍ത്തന വേഗം വര്‍ദ്ധിക്കാനുണ്ടായ കാരണം വിശദമാക്കുക.
ഉത്തരം:
a. ടെസ്റ്റ് ട്യൂബ് A ല്‍
b. താപനില
c. താപനില കൂടുമ്പോള്‍ ത്രെഷോള്‍ഡ് എനര്‍ജി ഉള്ള തന്മാത്രകളുടെ എണ്ണം വര്‍ദ്ധിക്കുന്നു. തത്ഫലമായി ഫലവത്തായ കൂട്ടിമുട്ടലുകളുടെ എണ്ണം കൂടുന്നു. രാസപ്രവര്‍ത്തനവേഗം കൂടുന്നു.

31. ഒരു ടെസ്റ്റ് ട്യൂബില്‍ 5ml H₂O₂ ലായനി എടുത്തിരിക്കുന്നു. അതിലേക്ക് അല്പം MnO₂ ചേര്‍ക്കുന്നു.
a. രാസപ്രവര്‍ത്തന ഫലമായുണ്ടായ വാതകമേത്? അത് എങ്ങനെ തിരിച്ചറിയാം?
b. ഈ പ്രവര്‍ത്തനത്തില്‍ MnO₂ന്റെ ധര്‍മ്മമെന്ത്?
ഉത്തരം:
a. O₂, ടെസ്റ്റ് ട്യൂബിനുള്ളിലേക്ക് എരിയുന്ന ചന്ദനത്തിരി കാണിച്ചാല്‍ തിരി ആളി കത്തുന്നു.
b. MnO₂ ഇവിടെ പോസിറ്റീവ് ഉല്‍പ്രേരകമായി പ്രവര്‍ത്തിക്കുന്നു തത്ഫലമായി H₂O₂ന്റെ വിഘടന വേഗം കൂടുന്നു.

32. ചുവടെ നല്‍കിയിരിക്കുന്നവയില്‍ രാസപ്രവര്‍ത്തനവേഗത്തെ സ്വാധീനിക്കാത്ത ഘടകം  ഏത്?
(താപനില, മര്‍ദ്ദം, അഭികാരകങ്ങളുടെ നിറം, ഗാഢത)
ഉത്തരം:
അഭികാരകങ്ങളുടെ നിറം

33. ടെസ്റ്റ് ട്യൂബില്‍ 5mlഹൈഡ്രജന്‍ പെറോക്സൈഡിന്റെ (H₂O₂) ലായനി എടുത്ത് അതിലേക്ക് അല്പം മാംഗനീസ് ഡൈ ഓക്സൈഡ് ( MnO₂) ചേര്‍ക്കുന്നു.
a. ഈ രാസപ്രവര്‍ത്തന ഫലമായുണ്ടാകുന്ന വാതകമേത്?
b. ഈ രാസപ്രവര്‍ത്തനത്തില്‍ MnO2ന്റെ ധര്‍മ്മമെന്ത്?
c. രാസപ്രവര്‍ത്തനശേഷം ടെസ്റ്റ് ട്യൂബില്‍ അവശേഷിക്കുന്ന പദാര്‍ഥങ്ങള്‍ ഏതെല്ലാം?
ഉത്തരം:
a. O₂
b. പോസിറ്റീവ് ഉല്‍പ്രേരകം
c. H₂O യും MnO₂ യും

34. ചുവടെ നല്‍കിയിരിക്കുന്ന ചിത്രം നിരീക്ഷിക്കുക.
a. രാസപ്രവര്‍ത്തനവേഗം കൂടുതല്‍ ഏത് ടെസ്റ്റ്ട്യൂബിലാണ്?
b. ഇവിടെ രാസപ്രവര്‍ത്തനവേഗത്തെ സ്വാധീനിച്ച ഘടകം ഏതാണ്?
c. ഇവിടെ നടക്കുന്ന പ്രവര്‍ത്തനത്തിന്റെ സമീകൃത രാസസമവാക്യം എഴുതുക.
ഉത്തരം:
a. ഒന്നാമത്തെ ടെസ്റ്റ്ട്യൂബിലാണ്
b. അഭികാരകത്തിന്റെ ഗാഢത
c. Mg + 2HCl → MgCl₂ + H₂

35. Zn + Cu²⁺(SO4)2²⁻ → Zn²⁺(SO4)2²⁻+ Cu
ഈ രാസപ്രവർത്തനം പരിശോധിച്ചു തന്നിരിക്കുന്ന ചോദ്യങ്ങള്‍ക്കി ഉത്തരം എഴുതുക.
a. ഓക്സീകരിക്കപ്പെട്ട മൂലകം ഏത്?
b. നിരോക്സീകരിക്കപ്പെട്ട മൂലകം/അയോണ്‍ ഏത്?
c. ഓക്സീകാരി  ഏതാണ്?
d. നിരോക്സീകാരി  ഏതാണ്?
ഉത്തരം:
a. ഓക്സീകരിക്ക പ്പെട്ട മൂലകം - Zn
b. നിരോക്സീകരിക്ക പ്പെട്ട മൂലകം - Cu / Cu²⁺
c. ഓക്സീകാരി - Cu(SO4)2 / Cu²⁺
d. നിരോക്സീകാരി - Zn

36. Fe + 2HCl → FeCl + H
തന്നിരിക്കുന്ന ഈ പ്രവർത്തനം ഒരു റിഡോക്സ് പ്രവർത്തനമാണോ? ഉത്തരം സാധൂകരിക്കുക.
ഉത്തരം:
അതെ.
ഈ രാസപ്രവർത്തനത്തില്‍ Fe ഇലക്ട്രോണ്‍ വിട്ടുകൊടുത്ത് Fe ²⁺ അയോണുകള്‍ ആയിമാറുന്നു.
Fe → Fe ²⁺ + 2e⁻ (ഓക്സീകരണം)
H⁺ അയോണുകള്‍ ഇലക്ട്രോണ്‍ സ്വീകരിച്ച് H₂ ആയി മാറുന്നു.
2H⁺ + 2e⁻ → H₂ (നിരോക്സീകരണം)
ഈ പ്രവർത്തനത്തില്‍ ‍ഓക്സീകരണം, നിരോക്സീകരണം എന്നിവ ഒരുമിച്ച്ന ടക്കുന്നതിനാല്‍ ഇത് ഒ‍രു റിഡോക്സ് പ്രവർത്തനമാണ്.

37. ഹൈഡ്രജൻ പെറോക്സൈഡിന്റെ വിഘടനഫലമായി ഓക്സിജന്‍ വാതകം ലഭിക്കുന്നു.ഇതിന്റെ സമവാക്യം ഒരു കുട്ടി എഴുതിയിരിക്കുന്നത് ഇപ്രകാരമാണ്.
HO → HO + O
a. ഈ രാസപ്രവര്‍ത്തനത്തിലെ അഭികാരകങ്ങളും ഉൽപ്പന്നങ്ങളും എഴുതുക.
b. ഇവിടെ അഭികാരകങ്ങളുടേയും ഉൽപ്പന്നങ്ങളുടേയും രാസസൂത്രം എഴുതിയിരിക്കുന്നത് ശരിയാണോ?അല്ലെങ്കില്‍ തിരുത്തി എഴുതുക.
c. ഈ രാസപ്രവര്‍ത്തനത്തിന്റെ സമീകൃത സമവാക്യം എഴുതുക.
ഉത്തരം:
a. അഭികാരകം - ഹൈഡ്രജൻ പെറോക്സൈഡ്
ഉൽപ്പന്നങ്ങള്‍- ജലം,ഓക്സിജൻ
b. ഓക്സിജന്റെ  രാസസൂത്രം എഴുതിയിരിക്കുന്നത് ശരിയഅല്ല. ഓക്സിജന്റെ രാസസൂത്രം O₂ ആണ്.
c. 2H₂O₂ → 2H₂O + O₂


ഈ ബ്ലോഗിലെ എല്ലാ പോസ്റ്റുകളും ഒരുമിച്ച് കാണാനും ആവശ്യമുള്ളവ എളുപ്പത്തിൽ തിരഞ്ഞെടുക്കാനും ഇവിടെ ക്ലിക്കുക.

PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here