Class 8 Basic Science (Malayalam Medium) Chapter 09 ചലനം - ചോദ്യോത്തരങ്ങൾ 


Textbooks Solution for Class 8th Basic Science (Malayalam Medium) 
Motion | Text Books Solution Physics (Malayalam Medium) Chapter 09 ചലനം 


Class 8 Physics - Questions and Answers 
Chapter: 09 - ചലനം 
* ചലനം  
ചലനം ആപേക്ഷികമാണ്‌. ഒരു വസ്തുവിന്റെ സ്ഥാനം സമയത്തിനനുസരിച്ച്‌ മാറുമ്പോഴാണ്‌ ആ വസ്തു ചലനത്തിലാണ്‌ എന്ന്‌ പറയുന്നത്‌. ഒരു വസ്തുവിനെ ആധാരമാക്കിമാത്രമേ മറ്റൊരു വസ്തു ചലനാവസ്ഥയിലാണോ നിശ്ചലാ വസ്ഥയിലാണോ എന്ന്‌ പറയാന്‍ കഴിയൂ. ഒരു വസ്തുവിന്റെ ചലനാനാവസ്ഥയെ പ്രതിപാദിക്കാന്‍ നാം ആധാരമായെടുക്കുന്ന വസ്തുവിനെ അവലംബകവസ്തു എന്ന്‌ വിളിക്കുന്നു. ഒരു വസ്ത്രവിന്റെ സ്ഥാനം അവലംബകവസ്തുവിനെ അപേക്ഷിച്ച്‌ മാറിക്കൊണ്ടിരുന്നാല്‍ ആ വസ്തു ചലനത്തിലാണെന്ന്‌പറയുന്നു.
ഒരാള്‍ക്ക്‌ ചലിക്കുന്നതായി തോന്നുന്ന ഒരു വസ്തു മറ്റൊരാള്‍ക്ക്‌ നിശ്ചലാവസ്ഥയിലുള്ള വസ്തുവായി അനുഭവപ്പെടാം. ഒരു ഉദാഹരണത്തിലൂടെ ഇത്‌ വ്യക്തമാക്കാം. ഓടിക്കൊണ്ടിരിക്കുന്ന ഒരു ട്രെയിനിലിരുന്ന്‌ ഒരാള്‍ എതിര്‍സീറ്റിലിരിക്കുന്ന തന്റെ സഹയാത്രികനെ നിരീക്ഷിക്കുന്നുവെന്ന്‌ കരുതുക. അയാളെ സംബന്ധിച്ചിടത്തോളം സഹയാത്രികന്റെ സ്ഥാനത്തിന്‌ സമയം മാറുന്നതിനനുസരിച്ച്‌ മാറാത്തതിനാല്‍ അയാള്‍ നിശ്ചലാവസ്ഥയിലാണ്‌. എന്നാല്‍ ഈ സഹയാത്രികനെ പ്ലാറ്റ്‌ഫോമില്‍ നിന്നുകൊണ്ട്‌ ഒരാള്‍ നിരീക്ഷിക്കുന്നുവെന്ന്‌ കരുതുക. അയാളെ സംബന്ധിച്ചിടത്തോളം ആ യാത്രികന്‍ വളരെ വേഗത്തില്‍ ചലിക്കുകയാണ്‌. ആദ്യത്തെയാള്‍ ട്രെയിനിനെയാണ്‌ അവലംബകവസ്തുവായി പരിഗണിച്ചത്‌. എന്നാല്‍ രണ്ടാമത്തെയാളാകട്ടെ പ്ലാറ്റ്‌ഫോമിനെയാണ്‌ അവലംബകവസ്തുവായി പരിഗണിച്ചത്‌.

* ദൂരവും സ്ഥാനാന്തരവും: വസ്തു സഞ്ചരിച്ച പാതയുടെ നീളമാണ്‌ ദൂരം. വസ്തുവിന്റെ ആദ്യസ്ഥാനവും അന്ത്യസ്ഥാനവും തമ്മിലുള്ള നേര്‍രേഖാദൂരമാണ്‌ സ്ഥാനാന്തരം. ദൂരത്തിന്റെയും സ്ഥാനാന്തരത്തിന്റെയും യൂണിറ്റ്‌ മീറ്റര്‍ (m) ആണ്‌.
ഒരു വസ്ത്ര A യില്‍ നിന്ന്‌ B വഴി C യില്‍ എത്തിയെന്ന്‌കരുതുക.
ഇവിടെ വസ്തുവിന്റെ സഞ്ചാരപാതയുടെ നീളം AB + BC = 3+4 = 7m ആണ്‌.
അതിനാല്‍ ഇവിടെ ദൂരം 7m ആണ്‌.
എന്നാല്‍ A യില്‍ നിന്നും C യിലേക്കുള്ള നേര്‍രേഖാദൂരം 5m മാത്രമാണ്‌.
അതുകൊണ്ട്‌ വസ്തുവിന്റെ സ്ഥാനാന്തരം 5m ആണ്‌.
സ്ഥാനാന്തരം ഒരിക്കലും ദൂരത്തേക്കാള്‍ കൂടുകയില്ല. എന്നാല്‍ ദൂരവും സ്ഥാനാന്തരവും തുല്യമാകാം.
ഉദാഹരണം: ഒരു വസ്തു ഒരേദിശയിലാണ്‌ ചലിക്കുന്നതെങ്കില്‍ അതിന്റെ സ്ഥാനാന്തരവും ദൂരവും തുല്യമായിരിക്കും.

* സദിശ അളവുകളും അദിശ അളവുകളും: പരിമാണത്തോടൊപ്പം ദിശയും പ്രസ്താവിക്കേണ്ടതുള്ള അളവുകളെ സദിശങ്ങള്‍ എന്ന്‌ പറയുന്നു. എന്നാല്‍ പരിമാണത്തോടോപ്പം ദിശ സൂചിപ്പിക്കേണ്ടതില്ലാത്ത (ദിശയില്ലാത്ത) അളവുകളെ
അദിശങ്ങളെന്ന്‌ വിളിക്കുന്നു. സ്ഥാനാന്തരം സദിശവും, ദൂരം അദിശവുമാണ്‌.

* വേഗവും പ്രവേഗവും: യൂണിറ്റ്‌ സമയത്തില്‍ (ഒരു സെക്കന്റില്‍) വസ്തു സഞ്ചരിച്ച ദൂരമാണ്‌ വേഗം.
വേഗം - ദൂരം/സമയം. വേഗം ഒരു അദിശമാണ്‌.
യൂണിറ്റ്‌ സമയത്തില്‍ വസ്തുവിനുണ്ടാകുന്ന സ്ഥാനാന്തരമാണ്‌പ്രവേഗം.
പ്രവേഗം - സ്ഥാനാന്തരം/സമയം.
പ്രവേഗം ഒരു സദിശമാണ്‌. പ്രവേഗത്തിന്റെയും വേഗത്തിന്റെയും യൂണിറ്റ്‌ m/s ആണ്‌.
മുകളിലെ ചിത്രം. Fig1 ല്‍, വസ്തു A യില്‍നിന്ന്‌ C യിലെത്താന്‍ 10 s സമയം എടുത്തുവെന്ന്‌ കരുതിയാല്‍,
ഇതിന്റെ വേഗം = 7/10 = 0.7 m/s  ഉം പ്രവേഗം = 5/10 = 0.5 m/s ഉം ആയിരിക്കും.
ദിശമാറാതെ സഞ്ചരിക്കുന്ന വസ്തുവിന്റെ വേഗവും പ്രവേഗവും തുല്യമായിരിക്കും.

* സമവേഗവും അസമവേഗവും: ഒരു വസ്തു തുല്യ സമയഇടവേളകളില്‍ തുല്യദൂരമാണ്‌ സഞ്ചരിക്കുന്നതെങ്കില്‍ അതിന്റെ വേഗം സമവേഗമായിരിക്കും.
ഒരു കാര്‍ സഞ്ചരിച്ച ദ്ദൂരം താഴെ ചിത്രീകരിച്ചിരിക്കുന്നു.
ഇവിടെ ഓരോ രണ്ട്‌ സെക്കന്റിലും കാര്‍ തുല്യദൂരം (10 m) സഞ്ചരിച്ചതായികാണാം. അതിനാല്‍ ഇതിന്റെ വേഗം (10/2 = 5 m/s) സമവേഗമാണ്‌. വാച്ചിന്റെ സൂചിയുടെ വേഗം സമവേഗത്തിന്‌ ഉദാഹരണമാണ്‌.
ഒരു വസ്തു തുല്യ ഇടവേളകളില്‍ വ്യത്യസ്ത ദൂരമാണ്‌ സഞ്ചരിക്കുന്നതെങ്കില്‍ അതിന്റെ വേഗം അസമവേഗം ആയിരിക്കും.
തറയിലൂടെ ഉരുണ്ടുനിങ്ങുന്ന പന്ത്‌, സ്വതന്ത്രമായി താഴേക്ക്‌ പതിക്കുന്ന കല്ല്‌ തുടങ്ങിയവയുടെ വേഗം അസമവേഗമാണ്‌.

* ശരാശരിവേഗം: റോഡിലൂടെ സഞ്ചരിക്കുന്ന ഒരു വാഹനത്തിന്റെ വേഗം നിമിഷം പ്രതി മാറിക്കൊണ്ടിരിക്കും. ഇത്‌നമുക്ക്‌ സ്പീഡോമീറ്ററില്‍നിന്നും മനസ്സിലാക്കാന്‍ കഴിയും. ഇത്തരം സാഹചര്യങ്ങളില്‍ ശരാശരിവേഗത്തില്‍ നിന്നാണ്‌ അതിന്റെ
വേഗത്തെക്കുറിച്ചുള്ള ഒരുയഥാര്‍ത്ഥധാരണ നമുക്ക്‌ ലഭിക്കുന്നത്‌.
ശരാശരിവേഗം - ആകെ സഞ്ചരിച്ചദൂരം/സമയം
 
* സമപ്രവേഗവും അസമപ്രവേഗവും: വസ്തുവിന്റെ സ്ഥാനാന്തരം തുല്യ ഇടവേളകളില്‍ തുല്യമായിരിക്കുകയും അത്‌ ഒരേ ദിശയില്‍തന്നെ സഞ്ചരിക്കുകയും ചെയ്താല്‍ അതിന്റെ പ്രവേഗം സമപ്രവേഗമായിരിക്കും.
ഉദാഹരണങ്ങള്‍: 
i. വളവില്ലാത്ത ട്രാക്കിലൂടെ ഒരേവേഗത്തില്‍ സഞ്ചരിക്കുന്ന ട്രെയിന്‍.
ii. ശുന്യതയിലൂടെയുള്ള പ്രകാശത്തിന്റെ സഞ്ചാരം.
വേഗമോ അല്ലെങ്കില്‍ ചലനദിശയോ മാറിയാല്‍ പ്രവേഗം അസമപ്രവേഗമാകും.
കുറിപ്പ്‌: സമവേഗത്തിലുള്ള വസ്തുവിന്റെ പ്രവേഗം സമപ്രവേഗമാകണമെന്നില്ല.
ഉദാഹരണം: ക്ലോക്കിന്റെ സൂചിയുടെ ചലനം സമവേഗത്തിലാണെങ്കിലും അതിന്റെ ചലനദിശ തുടര്‍ച്ചയായി മാറിക്കൊണ്ടിരിക്കുന്നതിനാല്‍ അതിന്റെ പ്രവേഗം അസമപ്രവേഗമാണ്‌.

* ത്വരണം: പ്രവേഗമാറ്റത്തിന്റെ നിരക്ക്‌ അഥവാ ഒരു സെക്കന്റില്‍ പ്രവേഗത്തിലുണ്ടാകുന്ന മാറ്റമാണ്‌ ത്വരണം.
അസമപ്രവേഗത്തിലുള്ള വസ്തുവിനേ ത്വരണം ഉണ്ടാകുകയുള്ളൂ.
ത്വരണം, a = പ്രവേഗമാറ്റം/സമയം = (അന്ത്യപ്രവേഗം - ആദ്യപ്രവേഗം)/ സമയം = (v – u)/t
ത്വരണം ഒരു സദിശ അളവാണ്‌. ഇതിന്റെ യൂണിറ്റ്‌ m/s² ആണ്‌.
സ്വതന്ത്രമായി താഴേക്ക്‌ പതിക്കുന്ന വസ്തുവിന്‌ ത്വരണമുണ്ട്‌. ഭൂമിയുടെ ഗുരുത്വാകര്‍ഷണ ബലം മൂലമാണ്‌ താഴേക്ക്‌ പതിക്കുന്ന വസ്തുക്കള്‍ക്ക്‌ ത്വരണമുണ്ടാകുന്നത്‌. അതിനാല്‍ ഈ ത്വരണത്തെ ഗുരുത്വാകര്‍ഷണത്വരണം എന്ന്‌ വിളിക്കുന്നു.
ഇതിനെ 'g' അക്ഷരംകൊണ്ടാണ്‌സൂചിപ്പിക്കുന്നത്‌.
ഉദാഹരണം: 
1. ചലനാവസ്ഥയിലുള്ള ഒരു വസ്ത്രവിന്റെ A, B എന്നീ ബിന്ദുക്കളിലെ പ്രവേഗങ്ങള്‍  
രേഖപ്പെടുത്തിയിരിക്കുന്നു. A. യില്‍ നിന്ന്‌ B യിലെത്താന്‍ വസ്തു 4 സെക്കന്റ്‌ എടുത്തുവെങ്കില്‍ അതിന്റെ ത്വരണം കണക്കാക്കുക.
ആദ്യ പ്രവേഗം u = 8 m/s
അന്ത്യപ്രവേഗം, v = 20 m/s
സമയം = 4 s
ത്വരണം, a = (v-u)/t = (20 – 8)/4 = 12/4 = 3 m/s²
ഉദാഹരണം:
2. ഒരു ഹെലിക്കോപ്റ്ററില്‍നിന്നും താഴേക്കിടുന്ന ഒരു ഭക്ഷണപ്പൊതി 5 സെക്കന്റുകള്‍ക്ക്‌ ശേഷം താഴെപതിക്കുന്നു. താഴെപതിക്കുമ്പോള്‍ അതിന്റെ പ്രവേഗം 50 m/s ആയാല്‍ അതിന്റെ ത്വരണം കണക്കാക്കുക.
ആദ്യ പ്രവേഗം u = 0
അന്ത്യപ്രവേഗം v = 50 m/s
സമയം = 5 s
ത്വരണം, a =  (v-u)/t = (50 – 0)/5 = 10 m/s²

* മന്ദീകരണം: നെഗറ്റീവ്‌ ത്വരണത്തെയാണ്‌ മന്ദീകരണം എന്ന്‌ പറയുന്നത്‌. പ്രവേഗം കുറഞ്ഞുവരുന്ന വസ്തുക്കള്‍ക്കാണ്‌ നെഗറ്റീവ്‌ ത്വരണം അഥവാ മന്ദീകരണം ഉണ്ടാകുന്നത്‌. മന്ദീകരണം ഉണ്ടാകുന്ന സാഹചര്യങ്ങള്‍ക്ക്‌ ഉദാഹരണങ്ങള്‍
താഴെകൊടുത്തിരിക്കുന്നു.
i. നിരപ്പായ തറയിലൂടെ ഉരുണ്ടുനിങ്ങുന്ന പന്ത്‌.
ii. ബ്രേക്ക്‌ പ്രയോഗിച്ചതിനുശേഷം വാഹനത്തിനുണ്ടാകുന്ന ചലനം.
iii. മുകളിലേക്ക്‌ എറിയുന്ന കല്ല്‌.

പരിശീലന ചോദ്യങ്ങളും ഉത്തരങ്ങളും

1. ഒരു വസ്തുവിന്റെ ചലനാവസ്ഥയെ പ്രതിപാദിക്കാന്‍ അടിസ്ഥാനമാക്കുന്ന വസ്തുവാണ്‌ ............
ഉത്തരം: അവലംബകവസ്തു.

2. സമപ്രവേഗത്തിലുള്ള വസ്തുവിന്റെ ത്വരണം ....... ആയിരിക്കും.
ഉത്തരം: പൂജ്യം

3. നിര്‍ബാധപതനത്തിലുള്ള വസ്തുവിന്റെ ആദ്യപ്രവേഗം ....... ആണ്‌.
ഉത്തരം: പൂജ്യം.

4. കുത്തനെ മുകളിലേക്കെറിഞ്ഞകല്ല്‌ 10 m ഉയര്‍ന്നതിനുശേഷം തിരികെ കയ്യില്‍ പതിക്കുന്നുവെങ്കില്‍ കല്ലിന്റെ ദൂരവും സ്ഥാനാന്തരവും കണക്കാക്കുക.
ഉത്തരം: 
ദൂരം = 10+10 = 20 m  
സ്ഥാനാന്തരം = പൂജ്യം.

5. "ദൂരം എല്ലായ്പ്പോഴും സ്ഥാനാന്തരത്തേക്കാള്‍ കൂടുതലായിരിക്കും" ഈ പ്രസ്താവനയോട്‌ നിങ്ങളുടെ പ്രതികരണമെന്ത്‌?
ഉത്തരം: പ്രസ്താവന തെറ്റാണ്‌.
വസ്തു ഒരേദിശയിലാണ്‌ സഞ്ചരിക്കുന്നതെങ്കില്‍ ദൂരവും സ്ഥാനാന്തരവും തുല്യമായിരിക്കും.

6. ദൂരവും സ്ഥാനാന്തരവും തുല്യമാകുന്നതെപ്പോള്‍?
ഉത്തരം: വസ്തു ദിശമാറാതെ സഞ്ചരിക്കുമ്പോഴാണ്‌ദൂരവും സ്ഥാനാന്തരവും തുല്യമാകുന്നത്‌.

7. ഒരു വസ്തു സമവേഗത്തില്‍ സഞ്ചരിച്ച്‌ 10 s സമയംകൊണ്ട്‌ P യില്‍ നിന്ന്‌ Q വഴി R ല്‍ എത്തുന്നു.
a. വസ്തു സഞ്ചരിച്ചദുരമെത്ര?
b. സ്ഥാനാന്തരമെത്ര?
c. ഈ വസ്തുവിന്റെ വേഗവും പ്രവേഗവും കണക്കാക്കുക.
d.ഈ വസ്ത്ര സമപ്രവേഗത്തിലാണോസഞ്ചരിച്ചത്‌. എന്തുകൊണ്ട്‌?
ഉത്തരം: 
ദൂരം =140 m.
b. സ്ഥാനാന്തരം = 110 m 
c. i. വേഗം = ദൂരം/സമയം = 140/10 = 14 m/s
ii. പ്രവേഗം = സ്ഥാനാന്തരം/സമയം = 110/10 = 11 m/s
d. അല്ല. വസ്തുവിന്റെ സഞ്ചാരദിശമാറുന്നതിനാല്‍ സമപ്രവേഗമല്ല.

8. സദിശഅളവുകള്‍ക്ക്‌ ഏതാനും ഉദാഹരണങ്ങളെഴുതുക. 
ഉത്തരം: സ്ഥാനാന്തരം, പ്രവേഗം, ത്വരണം.

9. വേഗവും പ്രവേഗവും തമ്മിലുള്ള ഒരു സാദൃശ്യവും ഒരു വൃത്യാസവുമെഴുതുക.
ഉത്തരം:
i. സാദൃശ്യം:- രണ്ടിന്റെയും യൂണിറ്റ്‌ m/s ആണ്‌.
ii. വ്യത്യാസം: പ്രവേഗം ഒരു സദിശ അളവും വേഗം ഒരു അദിശ അളവുമാണ്‌.

10. സമവേഗത്തിന്‌ രണ്ടുദാഹരണങ്ങളെഴുതുക.
ഉത്തരം: 
i. വാച്ചിന്റെ സൂചിയുടെ അഗ്രത്തിന്റെ ചലനം. 
ii. പ്രകാശത്തിന്റെ ശുന്യതയിലൂടെയുള്ള സഞ്ചാരം.

11. ഒരു വൃത്തപാതയിലൂടെ ഒരുകാര്‍ ഒരേവേഗത്തില്‍ സഞ്ചരിക്കുന്നു. ഈ കാര്‍ സമപ്രവേഗത്തിലാണോ? എന്തുകൊണ്ട്‌?
ഉത്തരം: കാര്‍ സമപ്രവേഗത്തിലല്ല. ഇതിന്റെ ദിശ തുടര്‍ച്ചയായി മാറിക്കൊണ്ടിരിക്കുന്നതിനാലാണിത്‌.

12. ഒരാള്‍ A എന്ന സ്ഥാനത്തുനിന്നും പുറപ്പെട്ട്‌ B എന്ന സ്ഥാനത്തെത്തുമ്പോഴുള്ള സ്ഥാനാന്തരം 100 m ആണ്‌. താഴെതന്നിട്ടുള്ളവയില്‍ ഇയാള്‍ സഞ്ചരിച്ച ദൂരമാകാന്‍ സാധ്യതയില്ലാത്തതേത്‌? എന്തുകൊണ്ട്‌?
80m, 100 m, 150m, 160m
ഉത്തരം: 80 m. ദൂരം ഒരിക്കലും സ്ഥാനാന്തരത്തേക്കാള്‍ കുറവാകുകയില്ല.

13. താഴെകൊടുത്തിരിക്കുന്ന പ്രസ്താവനകള്‍ തെറ്റോശരിയോയെന്നെഴുതുക. തെറ്റുള്ളവ തിരുത്തുക.
a. ദൂരം ഒരിക്കലും സ്ഥാനാന്തരത്തേക്കാള്‍ കൂടുതലാകില്ല.
b. ഒരു വസ്തു ദിശമാറാതെയാണ്‌സഞ്ചരിക്കുന്നതെങ്കില്‍ ദൂരവും സ്ഥാനാന്തരവും തുല്യമായിരിക്കും.
c. സമപ്രവേഗത്തിലുള്ളവസ്തു സമവേഗത്തിലായിരിക്കും സഞ്ചരിക്കുന്നത്‌.
d. സമവേഗത്തില്‍സഞ്ചരിക്കുന്ന വസ്തുവിന്റെ പ്രവേഗം സമപ്രവേഗമാകണമെന്നില്ല.
e. ദൂരവും സ്ഥാനാന്തരവും ഒരിക്കലും തുല്യമാകുകയില്ല.
f. ഒരേയൂണിറ്റില്‍ പ്രസ്താവിക്കുന്ന അളവുകളാണ്‌വേഗവും പ്രവേഗവും.
g. ഒരേദിശയില്‍ സഞ്ചരിക്കുന്ന വസ്തുവിന്റെ വേഗവും പ്രവേഗവും സംഖ്യാപരമായി തുല്യമായാരിക്കും.
h. സമവേഗത്തില്‍ വൃത്തപാതയിലുടെ സഞ്ചരിക്കുന്ന വസ്തുവിന്‌ ത്വരണമുണ്ട്‌.
ഉത്തരം:
a. തെറ്റ്‌. സ്ഥാനാന്തരം ഒരിക്കലും ദൂരത്തേക്കാള്‍ കൂടുതലാകില്ല.
b. ശരി.
c. ശരി.
d. ശരി.
e. തെറ്റ്‌. ഒരേദിശയിലാണ്‌സഞ്ചരിക്കുന്നതെങ്കില്‍ ദൂരവും സ്ഥാനാന്തരവും തുല്യമായിരിക്കും.
f. ശരി.
g. ശരി. 
h. ശരി.

14. "നേര്‍രേഖയില്‍ സഞ്ചരിക്കുന്ന ഒരുവസ്തുവിന്റെ ദൂരവും സ്ഥാനാന്തരവും എല്ലായ്‌പോഴും തുല്യമായിരിക്കും.” ഈ പ്രസ്താവനയോട്‌പ്രതികരിക്കുക.
ഉത്തരം: നേര്‍രേഖയില്‍ സഞ്ചരിക്കുന്ന ഒരു വസ്തുവിന്റെ ദൂരവും സ്ഥാനാന്തരവും
എല്ലായ്‌പോഴും തുല്യമാകണമെന്നില്ല. ഉദാഹരണത്തിന്‌ കുത്തനെ മുകളിലേക്കെറിഞ്ഞ്‌ തിരികെ കയ്യിലെത്തുന്ന ഒരു വസ്തു നേര്‍ രേഖയിലാണ്‌ സഞ്ചരിക്കുന്നത്‌. എന്നാല്‍ ഇതിന്റെ ദൂരവും സ്ഥാനാന്തരവും വ്യത്യസ്തമാണ്‌.

15. വാഹനങ്ങളില്‍ പ്രവേഗമാറ്റമുണ്ടാക്കുന്ന സംവിധാനങ്ങളാണ്‌....... , ....... എന്നിവ.
ഉത്തരം: ആക്സിലറേറ്റര്‍, ബ്രേക്ക്‌.

16. പ്രവേഗമാറ്റത്തിന്റെ നിരക്കിനെയാണ്‌...... എന്ന്‌ പറയുന്നത്‌.
ഉത്തരം: ത്വരണം.

17.  a. ത്വരണം കണക്കാക്കുന്നതിനുള്ള സൂത്രവാക്യമെഴുതുക. b. ത്വരണത്തിന്റെ യൂണിറ്റെന്ത്‌?
ഉത്തരം: 
a. ത്വരണം - (അന്ത്യപ്രവേഗം - ആദ്യപ്രവേഗം)/സമയം = (v – u)/t
b. ത്വരണത്തിന്റെ യൂണിറ്റ്‌  m/s² ആണ്‌.

18. ത്വരണമുണ്ടാകുന്ന സന്ദര്‍ഭങ്ങള്‍ക്ക്‌ രണ്ടുദാഹരണമെഴുതുക.
ഉത്തരം: 
i. നിര്‍ബാധംതാഴേക്ക്‌ പതിക്കുന്ന കല്ല്‌. 
ii. ചെരിഞ്ഞപ്രതലത്തിലൂടെ താഴേക്ക്‌ ഉരുളുന്ന പന്ത്‌.

19. ഉയരത്തില്‍നിന്നും നിര്‍ബാധം താഴേക്ക്പതിക്കുന്ന ഒരുകല്ല്‌ 5 s കൊണ്ട്‌ തറയില്‍പതിക്കുന്നു. കല്ല്‌ തറയിലെത്തുന്നത്‌ 50 m/s പ്രവേഗത്തിലാണെങ്കില്‍ കല്ലിന്റെ ത്വരണം കണക്കാക്കുക.
ഉത്തരം: 
കല്ലിന്റെ ആദ്യപ്രവേഗം u = 0   
അന്ത്യപ്രവേഗം v = 50 m/s     
സമയം t = 5 s
ത്വരണം, a = (v – u)/t = (50 – 0)/5 = 50/5 = 10 m/s²

20. കുത്തനെ മുകളിലേക്കറിയുന്ന ഒരുകല്ല്‌ പരമാവധിഉയരത്തിലെത്തുമ്പോള്‍ അതിന്റെ പ്രവേഗം ആയിരിക്കും.
ഉത്തരം: പൂജ്യം.

21. മന്ദീകരണമെന്നാലെന്ത്‌? മന്ദീകരണമുണ്ടാകുന്ന ഒരുസന്ദര്‍ഭമെഴുതുക.
ഉത്തരം: നെഗറ്റിവ്‌ ത്വരണത്തെയാണ്‌ മന്ദികരണമെന്ന്‌ പറയുന്നത്‌.
ഉദാഹരണം:-കുത്തനെ മുകളിലേക്കെറിയുന്ന വസ്തു മന്ദീകരണത്തിലാണ്‌.

22. വാഹനത്തിന്‌ മന്ദീകരണമുണ്ടാക്കുന്ന സംവിധാനമേത്‌?
ഉത്തരം: ബ്രേക്ക്‌.

23. ഗുരുത്വാകര്‍ഷണത്വരണം എന്നാലെന്ത്‌? ഇതിനെ ഏതക്ഷരം കൊണ്ടാണ്‌ സൂചിപ്പിക്കുന്നത്‌?
ഉത്തരം: നിര്‍ബാധപതനത്തിലുള്ള വസ്തുവിന്‌ ഭൂമിയുടെ ആകര്‍ഷണബലം കൊണ്ടുണ്ടാകുന്ന ത്വരണമാണ്‌ ഗുരുത്വാകര്‍ഷണത്വരണം. ഇതിനെ 'g' എന്ന അക്ഷരംകൊണ്ടാണ്‌സൂചിപ്പിക്കുന്നത്‌

24. ത്വരണം നെഗറ്റീവാകുമ്പോള്‍ വസ്തുവിന്റെ വേഗവും പ്രവേഗവും ...... (വര്‍ധിക്കും/ കുറയും) 
ഉത്തരം: കുറയും.

25. റോഡപകടത്തിന്‌ കാരണമാകുന്ന നാല്‌ സന്ദര്‍ഭങ്ങളെഴുതുക.
ഉത്തരം: 
i. അമിതവേഗം. 
ii. മദ്യപിച്ച്‌ വാഹനമോടിക്കല്‍.
iii. വാഹനമോടിക്കുന്ന അവസരത്തില്‍ ഫോണ്‍ ഉപയോഗിക്കല്‍.
iv. ഇന്റിക്കേറ്ററുകള്‍ ഉപയോഗിക്കാതിരിക്കല്‍.

26. റോഡപകടങ്ങള്‍ കുറയ്ക്കാന്‍ കാല്‍നടയാത്രക്കാര്‍ ശ്രദ്ധിക്കേണ്ടകാര്യങ്ങളേവ?
ഉത്തരം: 
i. റോഡിന്റെ വലതുവശത്തുകൂടി നടക്കുക.
ii. സീബ്രാവരകളുള്ള സ്ഥലങ്ങളില്‍ അതിലൂടെ മാത്രം റോഡ്‌മുറിച്ചുകടക്കുക.
iii. ഇരുവശത്തുനിന്നും വാഹനം വരുന്നില്ലെന്ന്‌ ഉറപ്പുവരുത്തിയതിനുശേഷം മാത്രം റോഡ്‌മുറിച്ചുകടക്കുക.
iv. നടപ്പാതയിലൂടെ മാത്രം നടക്കുക.

27. വേഗം, പ്രവേഗം, ത്വരണം, സ്ഥാനാന്തരം എന്നിവയില്‍ കൂട്ടത്തില്‍പ്പെടാത്തതേത്‌? അത്‌ കൂട്ടത്തില്‍പ്പെടാത്തതെന്തുകൊണ്ട്‌?
ഉത്തരം: വേഗം. മറ്റുള്ളവയെല്ലാം സദിശങ്ങളാണ്‌.

28. 30 m/s പ്രവേഗത്തില്‍ സഞ്ചരിക്കുന്ന ഒരു ലോറി 10 s കൊണ്ട്‌ നിശ്ചലാവസ്ഥയിലായെങ്കില്‍ അതിന്റെ ത്വരണം കണക്കാക്കുക.
ഉത്തരം. ത്വരണം, a= (അന്ത്യപ്രവേഗം - ആദ്യപ്രവേഗം)/സമയം = (v – u)/t = ( 0 – 30)/10 = -3 m/s²

29. 15 m/s സമപ്രവേഗത്തില്‍ സഞ്ചരിക്കുന്ന ഒരു വസ്തുവിന്‌ 30 s കൊണ്ടുണ്ടാകുന്ന സ്ഥാനാന്തരമെത്ര?
ഉത്തരം: പ്രവേഗം = സ്ഥാനാന്തരം/സമയം
അഥവാ സ്ഥാനാന്തരം = പ്രവേഗം x സമയം = 15x30 = 450 m.

30. ഒരു കാര്‍ ആദ്യ 400 m ദൂരം 8 m/s വേഗത്തിലും അടുത്ത 1200 m ദൂരം 10 m/s വേഗത്തിലും അവസാന 360m ദൂരം 12 m/s വേഗത്തിലും വളവില്ലാത്ത പാതയിലൂടെ സഞ്ചരിച്ചു.
a. കാര്‍ സഞ്ചരിച്ച ആകെദൂരമെത്ര? 
b. എത്രസമയം കൊണ്ടാണ്‌ഇത്രയുംദൂരം കാര്‍ സഞ്ചരിച്ചത്‌?
c. കാറിന്റെ ശരാശരിവേഗം കണക്കാക്കുക.
ഉത്തരം: 
a. ആകെ ദൂരം = 400 +1200+ 360 = 1960 m.
b. i. 400 m സഞ്ചരിക്കാനെടുത്ത സമയം = 400/8 = 50 s
ii. അടുത്ത 1200 m സഞ്ചരിക്കാനെടുത്ത സമയം = 1200/10 = 120 s
iii. അവസാന 300 m ദൂരം സഞ്ചരിക്കാനെടുത്ത സമയം = 360/12 = 30 s
സഞ്ചരിക്കാനെടുത്ത ആകെസമയം = 50+120+30 = 200 s
c. കാറിന്റെ ശരാശരി വേഗം = 1960/200 = 9.8 m/s.

31. "സമവേഗത്തില്‍ സഞ്ചരിക്കുന്ന എല്ലാവസ്തുക്കളുടെയും പ്രവേഗം സമപ്രവേഗമാകണമെന്നില്ല.”” ഈ പ്രസ്താവന ഉദാഹരണസഹിതം ന്യായീകരിക്കുക.
ഉത്തരം: ഈ പ്രസ്താവന ശരിയാണ്‌. ഉദാഹരണത്തിന്‌വാച്ചിന്റെ സൂചിയുടെ വേഗം സമവേഗമാണ്‌. എന്നാല്‍ ഇതിന്റെ ചലനദിശമാറിക്കൊണ്ടിരിക്കുന്നതിനാല്‍ പ്രവേഗം സമപ്രവേഗമല്ല.


Basic Science Textbooks (pdf) - Click here 

ഈ ബ്ലോഗിലെ എല്ലാ പോസ്റ്റുകളും ഒരുമിച്ച് കാണാനും ആവശ്യമുള്ളവ എളുപ്പത്തിൽ തിരഞ്ഞെടുക്കാനും ഇവിടെ ക്ലിക്കുക.
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
PDF BOOKS - Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here