Class 8 Basic Science (Malayalam Medium) Chapter 07 ലോഹങ്ങൾ - ചോദ്യോത്തരങ്ങൾ 


Textbooks Solution for Class 8th Basic Science (Malayalam Medium) 
Metals | Text Books Solution Chemistry (Malayalam Medium) Chapter 07 ലോഹങ്ങൾ


Class 8 Chemistry - Questions and Answers 
Chapter: 07 - ലോഹങ്ങൾ

* ലോഹങ്ങളുടെ സവിശേഷതകള്‍

1. മാലിയബിലിറ്റി: ലോഹങ്ങളെ അടിച്ചുപരത്തി നേര്‍ത്ത തകിടുകളാക്കിമാറ്റാം. ലോഹങ്ങളുടെ ഈ സവിശേഷതയാണ്‌ മാലിയബിലിറ്റി. ഏറ്റവും നല്ല മാലിയബിലിറ്റിയുള്ള ലോഹം സ്വര്‍ണ്ണമാണ്‌.

2. ഡക്ടിലിറ്റി: ലോഹങ്ങളെ വലിച്ചുനീട്ടി നേര്‍ത്ത കമ്പിയാക്കിമാറ്റാം. ഈ സവിശേഷതയാണ്‌ ഡക്ലിലിറ്റി. ഏറ്റവും ഉയര്‍ന്ന ഡക്ടിലിറ്റി പ്രകടിപ്പിക്കുന്ന ലോഹമാണ്‌പ്ലാറ്റിനം.

3. കാഠിന്യം: ലോഹങ്ങള്‍ പൊതുവില്‍ കാഠിന്യമുള്ള പദാര്‍ത്ഥങ്ങളാണ്‌. കാഠിന്യമുള്ളതിനാലാണ്‌ ഇരുമ്പിനെ പണിയായുധങ്ങള്‍,എഞ്ചിന്‍ ഭാഗങ്ങള്‍, റെയിലുകള്‍ എന്നിവ നിര്‍മ്മിക്കാനുപയോഗിക്കുന്നത്‌. എന്നാല്‍ അപൂര്‍വ്വം ചില ലോഹങ്ങള്‍ മൃദുവായ ലോഹങ്ങളാണ്‌. ലിഥിയം, സോഡിയം, പൊട്ടാസ്യം എന്നിവ മൃദുവായ ലോഹങ്ങള്‍ക്ക്‌ ഉദാഹരണങ്ങളാണ്‌.

4. ലോഹദ്യുതി: ലോഹങ്ങളുടെ പ്രതലങ്ങള്‍ക്ക്‌ നല്ലതിളക്കമുണ്ട്‌. ഇതാണ്‌ ലോഹദ്യുതി. ആകര്‍ഷകമായ ദ്യുതിയുള്ളതിനാലാണ്‌ സ്വര്‍ണ്ണമുപയോഗിച്ച്‌ ആഭരണങ്ങള്‍ നിര്‍മ്മിക്കുന്നത്‌.

5. താപ - വൈദ്യുത ചാലകത: എല്ലാ ലോഹങ്ങളും താപ വൈദ്യുത ചാലകങ്ങളാണ്‌. ചെമ്പ്‌, അലൂമിനിയം, സില്‍വര്‍ എന്നിവ വളരെ ഉയര്‍ന്ന ചാലകതയുള്ള ലോഹങ്ങളാണ്‌. ഏറ്റവും ഉയര്‍ന്ന താപ - വൈദ്യുത ചാലകതയുള്ള ലോഹം
വെള്ളിയാണ്‌. നല്ല വൈദ്യുതചാലകതയുള്ള പദാര്‍ത്ഥങ്ങളായതിനാലാണ്‌ വൈദ്യത കമ്പികളുടെ നിര്‍മ്മാണത്തിന്‌ ചെമ്പ്‌, അലൂമിനിയം എന്നിവ ഉപയോഗിക്കുന്നത്‌. അതുപോലെ ഉയര്‍ന്ന താപചാലകതയുള്ളതിനാലാണ്‌ പാചകപ്പാത്രങ്ങളുടെ നിര്‍മ്മാണത്തിന്‌ അലൂമിനിയം ഉപയോഗിക്കുന്നത്‌.

6. സൊണോറിറ്റി: കട്ടിയുള്ള വസ്തുക്കള്‍ കൊണ്ട്‌ പ്രതലത്തില്‍ തട്ടുമ്പോള്‍ ശബ്ദം പുറപ്പെടുവിക്കുവാനുള്ള ലോഹങ്ങളുടെ കഴിവാണ്‌ സൊണോറിറ്റി. ഇലത്താളം, മണി എന്നിവ ലോഹങ്ങള്‍കൊണ്ട്‌ നിര്‍മ്മിക്കുന്നത്‌ ലോഹങ്ങള്‍ക്ക്‌ സൊണോറിറ്റി ഉള്ളതിനാലാണ്‌.

7. ഉയര്‍ന്ന സാന്ദ്രത: മിക്കലോഹങ്ങളും ഉയര്‍ന്ന സാന്ദ്രതയുള്ളവയാണ്‌. എന്നാല്‍ ലിഥിയം, സോഡിയം, പൊട്ടാസ്യം തുടങ്ങിയ ലോഹങ്ങള്‍ക്ക്‌ സാന്ദ്രത കുറവാണ്‌.
ദ്രവണാങ്കം.
ഒരു ഖരവസ്ത്ര ഉരുകി ദ്രാവകമാകുന്ന താപനിലയാണ്‌ ദ്രവണാങ്കം. ഇരുമ്പിന്റെ ദ്രവണാങ്കം 15380 ആണ്‌.
തിളനില.
ഒരു ദ്രാവകം തിളച്ച്‌ വാതകാവസ്ഥയിലേക്ക്‌ മാറുന്ന താപനിലയാണ്‌തിളനില.

8. ഉയര്‍ന്ന ദ്രവണാങ്കം: മിക്കവാറും ലോഹങ്ങള്‍ ഉയര്‍ന്ന ദ്രവണാങ്കമുള്ളവയാണ്‌. എന്നാല്‍ ഗാലിയം, സീസിയം എന്നിവ താഴ ദ്രവണാങ്കമുള്ള ലോഹങ്ങളാണ്‌. സാധാരണ താപനിലയില്‍ ദ്രാവകാവസ്ഥയില്‍ കാണപ്പെടുന്ന ലോഹമാണ്‌ മെര്‍ക്കുറി.

* ലോഹങ്ങളുടെ രാസഗുണങ്ങള്‍.

1. അന്തരീക്ഷവുമായുള്ള പ്രവര്‍ത്തനം.
അന്തരീക്ഷവുമായി സമ്പര്‍ക്കത്തില്‍ വരുമ്പോള്‍ അന്തരീക്ഷത്തിലെ ഓക്സിജന്‍, കാർബൺഡൈഓക്സൈഡ്, ജലബാഷ്‌പം  തുടങ്ങിയ വാതകങ്ങളുമായി ലോഹങ്ങള്‍ രാസപ്രവര്‍ത്തനത്തിലേര്‍പ്പെടും. ഈ പ്രവര്‍ത്തനം മൂലമാണ്‌ ലോഹോപരിതലങ്ങളിലെ ദ്യുതി നഷ്ടപ്പെട്ട്‌ അത്‌ മങ്ങുന്നത്‌.

2. ജലവുമായുള്ള പ്രവര്‍ത്തനം.
സോഡിയം, പൊട്ടാസ്യം, കാല്‍സ്യം തുടങ്ങിയ ലോഹങ്ങള്‍ ജലവുമായിപ്രവര്‍ത്തിച്ച്‌ ഹൈഡ്രജന്‍ ഉല്‍പാദിപ്പിക്കും.
സോഡിയവും ജലവുമായുള്ള പ്രവര്‍ത്തനത്തിന്റെ രാസസമവാക്യം തന്നിരിക്കുന്നു.
സോഡിയം + ജലം → സോഡിയം ഹൈഡ്രോക്ലൈഡ്‌ + ഹൈഡ്രജന്‍ (2Na + 2H₂O  →2NaOH + H₂)

3. ആസിഡുമായുള്ള പ്രവര്‍ത്തനം.
ലോഹങ്ങള്‍ ആസിഡുമായിപ്രവര്‍ത്തിച്ച്‌ ഹൈഡ്രജന്‍ വാതകത്തെ സ്വതന്ത്രമാക്കും.
ഏതാനും ലോഹങ്ങളുടെ നേര്‍പ്പിച്ച ഹൈഡ്രോക്ലോറിക്കാസിഡുമായുള്ള പ്രവര്‍ത്തനത്തിന്റെ രാസസമവാക്യങ്ങള്‍ തന്നിരിക്കുന്നു.
i. Zn + 2HCl → ZnCl₂ + H₂
ii. Mg+ 2HCl → MgCl₂ + H₂
iii. Fe + 2HCl → FeCl₂ + H₂
iv. 2Al + 6HCl → 2AlCl₃ + 3H₂
നാരങ്ങ,പഴങ്ങള്‍ എന്നിവയിലെല്ലാം ആസിഡുകള്‍ അടങ്ങിയിട്ടുണ്ട്‌. അതുകൊണ്ടാണ്‌ ഇവമുറിക്കാന്‍ ഇരുമ്പുകത്തികള്‍ക്ക്‌ പകരം സ്റ്റീല്‍കത്തികള്‍ ഉപയോഗിക്കുന്നത്‌. ഇതേകാരണം കൊണ്ട്‌ തന്നെയാണ്‌ അലൂമിനിയം പാത്രങ്ങളില്‍ മോര്‌ സൂക്ഷിക്കുന്നത്‌ നല്ലതല്ലെന്ന്‌ പറയുന്നത്‌.

ഇരുമ്പിന്റെ നാശനം
അന്തരീക്ഷത്തിലെ ഓക്സിജനും ജലബാഷ്പവുമായിപ്രവര്‍ത്തിച്ച്‌ ഇരുമ്പ്‌ തുരുമ്പിച്ച്‌ അതിന്‌ നാശനം സംഭവിക്കുന്നു.
ലവണങ്ങളുടെയും ആസിഡിന്റെയും സാന്നിധ്യം ഇരുമ്പിന്റെ നാശനനിരക്ക്‌ വര്‍ധിപ്പിക്കും. അതിനാലാണ്‌ കടല്‍ത്തീരപ്രദേശങ്ങളിലെ വീടുകളിലെ ഇരുമ്പു കൊണ്ട്‌ നിര്‍മ്മിക്കുന്ന ജനലഴികള്‍ വേഗത്തില്‍ നശിക്കുന്നത്‌.
ഇരുമ്പിനെക്കൂടാതെ മറ്റുപലലോഹങ്ങളും നാശനത്തിന്‌ വിധേയമാകുന്നവയാണ്‌. ഇത്തരത്തില്‍ നാശനം സംഭവിക്കുന്ന ലോഹങ്ങളില്‍ പെയിന്റ്‌ ചെയ്യോ, വൈദ്യുത ലേപനത്തിലൂടെയോ അവയെ നാശനത്തില്‍നിന്നും സംരക്ഷിക്കാവുന്നതാണ്‌.
അന്തരീക്ഷവുമായുള്ള പ്രവര്‍ത്തനത്തിലൂടെ നാശനം സംഭവിക്കാത്ത ലോഹങ്ങളാണ്‌ സ്വര്‍ണ്ണവും പ്ലാറ്റിനവും.

* ലോഹങ്ങള്‍ :പരിശീലനചോദ്യങ്ങളും ഉത്തരങ്ങളും.

1.ലോഹങ്ങളുടെ പ്രധാന സവിശേഷതകള്‍ ലിസ്റ്റ്‌ ചെയ്യുക.
ഉത്തരം: ഡക്ടിലിറ്റി, മാലിയബിലിറ്റി, സൊണോരിറ്റി, ഉയര്‍ന്ന വൈദ്യുത ചാലകത, ഉയര്‍ന്ന താപചാലകത, ഉയര്‍ന്ന സാന്ദ്രത, കാഠിന്യം.

4. ഏറ്റവും കൂടുതല്‍ ഡക്ടിലിറ്റിയുള്ള ലോഹമേത്‌?
ഉത്തരം: പ്ലാറ്റിനം.

3. ഫിലമെന്റ്‌ നിര്‍മ്മിക്കാനുപയോഗിക്കുന്ന ലോഹമേത്‌?
ഉത്തരം: ടങ്സ്റ്റണ്‍.

4. വൈദ്യുതവയറുകള്‍ നിര്‍മ്മിക്കാന്‍ ചെമ്പ്‌, അലൂമിനിയം തുടങ്ങിയ ലോഹങ്ങള്‍ കൂടുതല്‍ അഭിലഷണീയമാകുന്നതെന്തുകൊണ്ട്‌?
ഉത്തരം: അവയ്ക്ക്‌ ഉയര്‍ന്ന വൈദയതചാലകതരയുണ്ട്‌.

9. ഏറ്റവും മികച്ച വൈദ്യുതചാലകതയുള്ള ലോഹമേത്‌?
ഉത്തരം: വെള്ളി.

6. മണി, ഇലത്താളം എന്നിവ നിര്‍മ്മിക്കാന്‍ ലോഹങ്ങള്‍ ഉപയോഗിക്കുമ്പോള്‍ ലോഹത്തിന്റെ ഏതുസവിശേഷതയാണ്‌പ്രധാനമായും അവിടെ ഉപയോഗപ്പെടുത്തുന്നത്‌?
ഉത്തരം: സോണോരിറ്റി.

7. തന്നിട്ടുള്ള സൂചനകളുടെ അടിസ്ഥാനത്തില്‍ കൂട്ടത്തില്‍പ്പെടാത്തതിനെ കണ്ടെത്തിയെഴുതുക.
a. ഇരുമ്പ്‌, പ്ലാറ്റിനം,കോപ്പര്‍, സോഡിയം (സൂചന: കാഠിന്യം)
ഉത്തരം: സോഡിയം.
b. ലിഥിയം,സില്‍വര്‍,കോപ്പര്‍,സ്വര്‍ണ്ണം. (സൂചന: സാന്ദ്രത)
ഉത്തരം: ലിഥിയം.
c. ഗാലിയം, പ്ലാറ്റിനം, അലൂമിനിയം, ഇരുമ്പ്‌ (സൂചന: ദ്രവണാങ്കം)
ഉത്തരം: ഗാലിയം.

8. നാം ലോഹങ്ങള്‍കൊണ്ടുള്ള വസ്തക്കളും ഉപകരണങ്ങളും നിര്‍മ്മിച്ചുപയോഗിക്കുമ്പോള്‍ ലോഹങ്ങളുടെ നിശ്ചിതമായ ഗുണമോ/ഗുണങ്ങളോ ആണ്‌ അവിടെ പ്രയോജനപ്പെടുത്തുന്നത്‌. ഇതുമായി ബന്ധപ്പെട്ട്‌ താഴെകൊടുത്തിരിക്കുന്ന പട്ടിക പൂര്‍ത്തീകരിക്കുക.
ഉത്തരം: 
A - നല്ല താപചാലകത 
B - കാഠിന്യം. 
C - ആഭരണങ്ങള്‍. 
D - മാലിയബിലിറ്റി.

9. മണികള്‍ നിര്‍മ്മിക്കുന്നത്‌ ലോഹങ്ങള്‍കൊണ്ടാണ്‌. ലോഹങ്ങളുടെ ഏതു സവിശേഷതയാണ്‌ ഇവിടെ പ്രയോജനപ്പെടുത്തിയിരിക്കുന്നത്‌?
ഉത്തരം: സോണോരിറ്റി.

10. സാധാരണ താപനിലയില്‍ ദ്രാവകാവസ്ഥയില്‍കാണപ്പെടുന്ന ലോഹമേത്‌?
ഉത്തരം: മെര്‍ക്കുറി.

11. മിക്കലോഹങ്ങളും ഉയര്‍ന്ന സാന്ദ്രതയുള്ളവയാണ്‌. കുറഞ്ഞ സാന്ദ്രതയുള്ള ലോഹങ്ങള്‍ക്ക്‌ ഏതാനും ഉദാഹരണങ്ങളെഴുതുക.
ഉത്തരം: ലിഥിയം, സോഡിയം, പൊട്ടാസ്യം.

12. സ്വര്‍ണ്ണത്തെ 1062°C വരെ ചൂടാക്കുമ്പോള്‍ അത്‌ ദ്രവീകരിക്കപ്പെടുന്നു. ഈ താപനില എന്തുപേരിലാണ്‌ അറിയപ്പെടുന്നത്‌?
ഉത്തരം: ദ്രവണാങ്കം.

13. സാധാരണയായി സ്വര്‍ണ്ണം ഉപയോഗിച്ചാണ്‌ ആഭരണങ്ങള്‍ നിര്‍മ്മിക്കുന്നത്‌. ഇതിന്‌ കാരണമായ രണ്ട്‌ പ്രധാനസവിശേഷതകളെഴുതുക.
ഉത്തരം: ആകര്‍ഷകമായ ദ്യുതിയുള്ളതും, നാശനം സംഭവിക്കാത്തതുമായ ലോഹമാണ്‌ സ്വര്‍ണ്ണം.

14. അലൂമിനിയം പാത്രങ്ങളില്‍ മോര്‌സൂക്ഷിക്കുന്നത്‌ നല്ലതല്ലെന്ന്‌ പറയുന്നതെന്തുകൊണ്ട്‌?
ഉത്തരം: മോരിലടങ്ങിയിരിക്കുന്ന ആസിഡും അലുമിനിയം പാത്രവും തമ്മിലുള്ള രാസപ്രവര്‍ത്തനംമൂലം പാത്രത്തിന്‌ കേടുവരുന്നതുകൊണ്ട്‌.

15. ഇരുമ്പ്‌ തുരുമ്പിക്കലിന്‌ അനുകൂലമായ മൂന്ന്‌ സാഹചര്യങ്ങളെഴുതുക.
ഉത്തരം: ഈര്‍പ്പം,ലവണം, ആസിഡ്‌ എന്നിവയുടെ സാന്നിധ്യം.

16. മിക്കവാറും ലോഹങ്ങളില്‍ നമുക്ക്‌ അതിന്റെ ദ്യുതി ദൃശ്യമല്ല. എന്തുകൊണ്ട്‌?
ഉത്തരം: ലോഹങ്ങളും അന്തരീക്ഷവും തമ്മിലുള്ള രാസപ്രവര്‍ത്തനത്തിലൂടെ ഉണ്ടാകുന്ന സംയുക്തങ്ങളുടെ സാന്നിധ്യംമൂലം ലോഹോപരിതലങ്ങളുടെ തിളക്കം മങ്ങിപ്പോകുന്നു.

17. തണുത്തജലവുമായി പ്രവര്‍ത്തിക്കാന്‍ കഴിയുന്ന ലോഹങ്ങള്‍ക്ക്‌ രണ്ടുദാഹരണങ്ങളെഴുതുക.
ഉത്തരം: സോഡിയം, പൊട്ടാസ്യം.

18. സോഡിയം, പൊട്ടാസ്യം തുടങ്ങിയ ലോഹങ്ങള്‍ക്ക്‌ ജലവുമായി പ്രവര്‍ത്തിക്കാന്‍ കഴിയും. ഈ പ്രവര്‍ത്തനം മൂലമുണ്ടാകുന്ന വാതകമേത്‌?
ഉത്തരം: ഹൈഡ്രജന്‍.

19. സോഡിയവും ജലവും തമ്മിലുള്ള രാസപ്രവര്‍ത്തന സമവാക്യം സമീകരിച്ചെഴുതുക.
ഉത്തരം: 2Na + 2H₂O →2NaOH + H₂

20. സിങ്കം നേര്‍പ്പിച്ച ഹൈഡ്രോക്ലോറിക്കാസിഡും തമ്മില്‍ പ്രവര്‍ത്തിച്ചുണ്ടാകുന്ന പദാര്‍ത്ഥങ്ങളേവ?
ഉത്തരം: സിങ്ക്‌ ക്ലോറൈഡും ഹൈഡ്രജനും.

21. നേര്‍പ്പിച്ച ആസിഡുമായിപ്രവര്‍ത്തിക്കാത്ത ലോഹങ്ങള്‍ക്ക്‌ രണ്ടുദാഹരണങ്ങളെഴുതുക.
ഉത്തരം: സ്വര്‍ണ്ണം, പ്ലാറ്റിനം

22. നേര്‍പ്പിച്ച ഹൈഡ്രോക്ലോറിക്കാസിഡും സിങ്കും പ്രവര്‍ത്തിച്ചുണ്ടാകുന്ന വാതകം ഹൈഡ്രജനാണ്‌. ഈ വാതകം ഹൈഡ്രജനാണെന്ന്‌ എങ്ങനെയാണ്‌ പരിശോധിച്ചുറപ്പുവരുത്തുന്നത്‌.
ഉത്തരം: വാതകത്തില്‍ ഒരു തീജ്വാല കാണിക്കുക. അപ്പോള്‍ വാതകം ഒരു സ്‌ഫോടനത്തോടെ കത്തുകയാണെങ്കില്‍ അത്‌ ഹൈഡ്രജനാണെന്ന്‌ഉറപ്പിക്കാം.

23. തന്നിട്ടുള്ള സമവാക്യങ്ങളെ സമീകരിച്ചെഴുതുക.
i. Mg+ HCl → MgCl₂ + H₂        
ii. Fe + HCl → FeCl₂ + H₂
iii. Al + HCl → AlCl₃ + H₂        
iv. Na + H2O  →NaOH + H₂
ഉത്തരം:
i. Mg+ 2HCl → MgCl₂ + H₂           
ii. Fe + 2HCl → FeCl₂ + H₂
iii. 2Al + 6HCl → 2AlCl₃ + 3H₂        
iv. 2Na + 2H₂O  →2NaOH + H₂

24. നാരങ്ങമുറിക്കുന്നതിന്‌ ഇരുമ്പ്‌ കത്തിയേക്കാള്‍ നല്ലത്‌ സ്റ്റയിന്‍ലസ്‌ സ്റ്റീല്‍ കത്തിയാണ്‌. എന്തുകൊണ്ട്‌?
ഉത്തരം: നാരങ്ങയില്‍ അടങ്ങിയിരിക്കുന്ന ആസിഡുമായി ഇരുമ്പ്‌ പ്രവര്‍ത്തിച്ച്‌ കത്തിക്ക്‌ നാശനം സംഭവിക്കും. എന്നാല്‍ സ്റ്റയിന്‍ലസ്‌സ്റ്റീല്‍ ഈ ആസിഡുമായി പ്രവര്‍ത്തിക്കുകയില്ല.

25. ഇരുമ്പ്‌ നശിക്കുന്നക്കുന്നതിനനുകൂലമായ സാഹചര്യങ്ങള്‍ കണ്ടെത്താനുള്ള പരീക്ഷണത്തിലാണ്‌ രാഹുല്‍.
i. ഈപരീക്ഷണത്തിന്‌ ആവശ്യമായ വസ്തുക്കളേതെല്ലാം?
ii. ഈ പരീക്ഷണത്തിലൂടെ രാഹുല്‍ എത്തിച്ചേരുന്ന നിഗമനങ്ങളെന്തൊക്കെയാകും?
ഉത്തരം:
i. ഇരുമ്പാണി, വെള്ളത്തില്‍ നനച്ച പഞ്ഞിക്കഷണങ്ങള്‍, നേര്‍പ്പിച്ച ഹൈഡ്രോക്ലോറിക്കാസിഡ്‌, ഉപ്പുവെള്ളം, നീറ്റുകക്ക, ടെസ്റ്റ്യുബ്‌, കോര്‍ക്ക്‌.
ii. ഈര്‍പ്പം, ആസിഡ്‌, ലവണങ്ങള്‍ എന്നിവയുടെ സാന്നിധ്യത്തില്‍ ഉരുമ്പിന്‌കൂടുതല്‍ നാശനം സംഭവിക്കുന്നു.

26. ഇരുമ്പിന്റെ നാശനത്തെ സ്വാധീനിക്കുന്ന ഘടകങ്ങളെ കണ്ടെത്തുവാനുള്ള പരീക്ഷണത്തില്‍ നീറ്റുകക്ക ഉപയോഗിക്കുന്നുണ്ട്‌. നീറ്റുകക്കയുടെ ഏതു സവിശേഷതയാണ്‌ ഇവിടെ ഉപയോഗപ്പെടുത്തുന്നത്‌?
ഉത്തരം: നീറ്റുകക്കക്ക്‌ ഈര്‍പ്പം ആഗിരണം ചെയ്യാനുള്ള കഴിവുണ്ട്‌.

40. ക്ലാസ്സില്‍ നടത്തിയ ഒരു പരീക്ഷണക്രമീകരണമാണ്‌ചിത്രത്തില്‍ കാണുന്നത്‌.
a. ഈ പരീക്ഷണത്തിന്റെ ലക്ഷ്യമെന്ത്‌?
b. ഒന്നാമത്തെ ടെസ്റ്റ്ട്യൂബില്‍ ഇരുമ്പാണിയെക്കൂടാതെ എന്താണ്‌ എടുത്തിരിക്കുന്നത്‌?
c. കോര്‍ക്ക്‌ കൊണ്ടടച്ച ടെസ്റ്യൂബില്‍ ആണികൂടാതെ എന്താണ്‌ ഇട്ടിരിക്കുന്നത്‌? ഇതിന്റെ ആവശ്യമെന്ത്‌?
d. ഈപരീക്ഷണത്തിലൂടെ എത്തിച്ചേരുന്ന നിഗമനങ്ങളെന്തൊക്കെയായിരിക്കും.?
ഉത്തരം:
a. ഇരുമ്പിന്റെ നാശനത്തെ സ്വാധീനിക്കുന്ന ഘടകങ്ങളെ കണ്ടെത്തുന്നതിന്‌.
b. വെള്ളത്തില്‍ കുതിര്‍ത്തിയ പഞ്ഞി.
c. നീറ്റു കക്ക. ഇതിന്‌ ഈര്‍പ്പത്തെ ആഗിരണം ചെയ്യാനുള്ള കഴിവുണ്ട്‌.
d. ഈര്‍പ്പം, ലവണങ്ങള്‍, ആസിഡുകള്‍ എന്നിവയുടെ സാന്നിധ്യം ഇരുമ്പിന്റെ നാശനനിരക്ക്‌ വര്‍ധിപ്പിക്കുന്നു.

27. സോഡിയം, പോട്ടാസ്യം എന്നീലോഹങ്ങള്‍ മണ്ണെണ്ണയിലാണ്‌ സൂക്ഷിക്കുന്നത്‌. എന്തുകൊണ്ട്‌?
ഉത്തരം: സോഡിയവും പൊട്ടാസ്യവും വളരെ ഉയര്‍ന്ന ക്രിയാശീലമുള്ള ലോഹങ്ങളാണ്‌. അതിനാല്‍ അവയും അന്തരീക്ഷവുമായുള്ള സമ്പര്‍ക്കം തടയാനാണ്‌ ഈ ലോഹങ്ങളെ മണ്ണെണ്ണയില്‍ സൂക്ഷിക്കുന്നത്‌.

28. താഴെ കൊടുത്തിരിക്കുന്നതിന്‌ കാരണങ്ങളെഴുതുക.
a. പെയിന്റ്‌ ചെയ്തു ജനലഴികള്‍ തുരുമ്പിച്ചുപോകുന്നില്ല.
b. കടല്‍ത്തീരപ്രദേശങ്ങളില്‍ ഇരുമ്പാണിക്കു പകരം ചെമ്പാണി ഉപയോഗിക്കുന്നു.
c. ഇലക്ട്രിക്‌ വയറുകളുടെ നിര്‍മ്മാണത്തിന്‌ വ്യാപകമായി ഉപയോഗിക്കുന്നത്‌ ചെമ്പാണ്‌.
d. പാചകപ്പാത്രങ്ങളുടെ നിര്‍മ്മാണത്തിന്‌ അലൂമിനിയം ഉപയോഗിക്കുന്നു.
e. വാളന്‍പുളി അലൂമിനിയം പാത്രങ്ങളില്‍ സൂക്ഷിക്കാറില്ല.
f. ഉപയോഗിക്കാതെ ദീര്‍ഘനാള്‍ വയ്ക്കുന്ന പണിയായുധങ്ങളില്‍ എണ്ണപുരട്ടിവയ്ക്കുന്നു.
ഉത്തരം:
a. പെയിന്റിങ്ങിലൂടെ ജനാലക്കമ്പിയും അന്തരീക്ഷവുമായുള്ള സമ്പര്‍ക്കം തടയപ്പെടുന്നു.
b. തീരപ്രദേശങ്ങളില്‍ ലവണാംശവും ഈര്‍പ്പം എന്നിവയുടെ സാന്നിധ്യം കൂടുതലായതിനാല്‍ ഇരുമ്പ്‌ വളരെ വേഗത്തില്‍ നശിക്കുന്നു. എന്നാല്‍ ചെമ്പിന്‌ അന്തരീക്ഷവുമായുള്ള പ്രവര്‍ത്തനം വളരെക്കുറവാണ്‌.
c. കോപ്പര്‍ നല്ല ഒരു വൈദ്യുതചാലകമാണ്‌.
d. അലൂമിനിയം നല്ലൊരു താപചാലകമാണ്‌.
e. പുളിയിലടങ്ങിയിരിക്കുന്ന ആസിഡ്‌അലൂമിനിയം പാത്രവുമായി പ്രവര്‍ത്തിച്ച്‌ പാത്രം നശിച്ചുപോകും.
f. ലോഹോപരിതലത്തിലെ എണ്ണയുടെ ആവരണം ലോഹവും അന്തരീക്ഷവും തമ്മിലുള്ള സമ്പര്‍ക്കം തടയുന്നു.


Basic Science Textbooks (pdf) - Click here 

ഈ ബ്ലോഗിലെ എല്ലാ പോസ്റ്റുകളും ഒരുമിച്ച് കാണാനും ആവശ്യമുള്ളവ എളുപ്പത്തിൽ തിരഞ്ഞെടുക്കാനും ഇവിടെ ക്ലിക്കുക.
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
PDF BOOKS - Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here