Class 10 Social Science II: Chapter 09 ധനകാര്യാപനങ്ങളും സേവനങ്ങളും - ചോദ്യോത്തരങ്ങൾ  


Study Notes for Class 10th Social Science II Financial Institutions and Services | Text Books Solution Geography (Malayalam Medium) Social Science II: Chapter 09 ധനകാര്യാപനങ്ങളും സേവനങ്ങളും    

SCERT Solutions for Class 10 Geography Chapterwise

Class 10 Social Science II Questions and Answers
Chapter 09 ധനകാര്യാപനങ്ങളും സേവനങ്ങളും

1. ഭാരതീയ റിസര്‍വ്‌ ബാങ്കിനെ കുറിച്ച്‌ കുറിപ്പ് തയ്യാറാക്കുക.
- ഇന്ത്യയുടെ കേന്ദ്ര ബാങ്ക്‌ ആണ്‌ ഭാരതീയ റിസര്‍വ്‌ ബാങ്ക്‌.
- ഈ സ്ഥാപനം സ്ഥാപിതമായത്‌1935-ലാണ്‌.
- മുംബൈ ആണ്‌ ഭാരതീയ റിസര്‍വ്‌ ബാങ്കിന്റെ ആസ്ഥാനം.

2. റിസര്‍വ്‌ ബാങ്കിന്റെ ധര്‍മ്മങ്ങള്‍.
-നോട്ട്‌ അച്ചടിച്ചിറക്കല്‍.
-വായ്യു നിയന്ത്രിക്കല്‍.
-സര്‍ക്കാരിന്റെ ബാങ്ക്‌.
-ബാങ്കുകളുടെ ബാങ്ക്‌ എന്നിവയെല്ലാമാണ്‌ റിസർവ് ബാങ്കിന്റെ ധര്‍മ്മങ്ങള്‍.

3. റിസര്‍വ്‌ ബാങ്ക് നോട്ട്‌ അടിച്ചിറക്കുന്നത്‌ എങ്ങനെയെന്ന്‌ വ്യക്തമാക്കുക.
- ഇന്ത്യയില്‍ ഒരു രൂപ ഒഴികെയുള്ള എല്ലാ നോട്ടുകളും അച്ചടിച്ചിറക്കുന്നത്‌ ഭാരതീയ റിസര്‍വ്‌ ബാങ്ക്‌ ആണ്‌.
-ഒരു രൂപ നോട്ടും അനുബന്ധ നാണയങ്ങളും അടിച്ചിറക്കുന്നത്‌ കേന്ദ്ര ധനകാര്യ വകുപ്പാണ്‌.
- നോട്ട്‌ അടിക്കുന്നതിന് നിശ്ചിത മൂല്യം വരുന്ന സ്വര്‍ണമോ വിദേശനാണ്യ ശേഖരമോ കരുതലായി സൂക്ഷിക്കുന്നു.

4. റിസര്‍വ്‌ ബാങ്ക് വായ്പ നിയന്ത്രിക്കുന്നത്‌ എങ്ങനെ എന്ന്‌ വ്യക്തമാക്കുക
- ഭാരതീയ റിസര്‍വ്‌ ബാങ്ക്‌ നോട്ട്‌ അച്ചടിച്ചു വിതരണം ചെയ്യുക വഴിയോ വായ്പ വഴിയോ ആണ്‌ ഇന്ത്യയുടെ സമ്പദ്വ്യവസ്ഥയില്‍ പണലഭ്യത വര്‍ദ്ധിക്കുന്നത്‌.
- വായ്പയുടെ നിയന്ത്രണം റിസര്‍വ്‌ ബാങ്കിന്റെ പ്രധാന ചുമതലയാണ്‌.
- പലിശ നിരക്കില്‍ മാറ്റം വരുത്തിയാണ്‌ ഇത്‌ സാധിക്കുന്നത്‌.
- പലിശനിരക്ക്‌ കൂടുമ്പോള്‍ വായ്പയുടെ അളവ്‌ കുറയുന്നു.
- പലിശനിരക്ക്‌ കുറയുമ്പോള്‍ വായ്പയുടെ അളവ്‌ കൂടുന്നു.

5. ഭാരതീയ റിസര്‍വ്‌ ബാങ്ക്‌ സര്‍ക്കാരിന്റെ ബാങ്കായി പ്രവര്‍ത്തിക്കുന്നതെങ്ങനെ?
-കേന്ദ്ര-സംസ്ഥാനസര്‍ക്കാരുകളുടെ ബാങ്കായി പ്രവര്‍ത്തിക്കുക എന്നത്‌ റിസര്‍വ്‌ ബാങ്കിന്റെ ധര്‍മ്മമാണ്‌.
-കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളില്‍ നിന്ന്‌ നിക്ഷേപങ്ങള്‍ സ്വീകരിക്കുകയും അവര്‍ക്ക്‌ വായ്പ നല്‍കുകയും മറ്റ്‌ ബാങ്കിംഗ്‌ സേവനങ്ങള്‍ നല്‍കുകയും ചെയ്യുന്നത്‌ റിസര്‍വ്‌ ബാങ്ക്‌ ആണ്‌.
-സര്‍ക്കാരുകള്‍ക്കായി ചെയ്യുന്ന സേവനങ്ങള്‍ക്ക്‌ ഭാരതീയ റിസര്‍വ്‌ ബാങ്ക്‌ യാതൊരു പ്രതിഫലവും വാങ്ങുന്നില്ല.

6. റിസര്‍വ്‌ ബാങ്ക്‌ ബാങ്കളുടെ ബാങ്കായി പ്രവര്‍ത്തിക്കുന്നതെങ്ങനെ?
-എല്ലാ ബാങ്കുകളുടെയും അമരക്കാരനാണ്‌ റിസര്‍വ്‌ ബാങ്ക്‌.
- ബാങ്കുകളുടെ പ്രവര്‍ത്തനങ്ങളെ സഹായിക്കുകയും ബാങ്കുകള്‍ക്ക്‌ ഉപദേശം നല്‍കുകയും ചെയ്യുക എന്നത്‌ റിസര്‍വ്‌ ബാങ്കിന്റെ ധര്‍മ്മമാണ്‌.
-റിസര്‍വ്‌ ബാങ്ക്‌ എല്ലാ ബാങ്കുകളുടെയും പണ സംബന്ധമായ കാര്യങ്ങളുടെ അവസാന ആശ്രയമായി പ്രവര്‍ത്തിക്കുന്നു.

7. എന്താണ്‌ ധനകാര്യസ്ഥാപനങ്ങള്‍?
- നിക്ഷേപം, വായ്പ തുടങ്ങിയ സാമ്പത്തിക ഇടപാടുകള്‍ നടത്തുന്ന സ്ഥാപനങ്ങളാണ്‌ ധനകാര്യസ്ഥാപനങ്ങള്‍.

8. എന്താണ്‌ ബാങ്കുകള്‍?
-പൊതുജനങ്ങളില്‍നിന്ന്‌ നിക്ഷേപങ്ങള്‍ സ്വീകരിക്കുകയും ആവശ്യക്കാര്‍ക്ക്‌ വ്യവസ്ഥകള്‍ക്ക്‌ വിധേയമായി വായ്പകള്‍ നല്‍കുകയും ചെയ്യുന്ന സ്ഥാപനങ്ങളാണ്‌ ബാങ്കുകള്‍.
- ഭാരതീയ റിസര്‍വ്‌ ബാങ്ക്‌ തയ്യാറാക്കിയിട്ടുള്ള പൊതു നിയമാവലിയുടെയും, നിബന്ധനകളുടെയും അടിസ്ഥാനത്തിലാണ്‌ ബാങ്കുകള്‍ പ്രവര്‍ത്തിക്കുന്നത്‌.
- വ്യക്തികള്‍, സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ എന്നിവയില്‍നിന്നും നിക്ഷേപങ്ങള്‍ സ്വീകരിക്കുമ്പോള്‍ ബാങ്ക്‌ അവര്‍ക്ക്‌ പലിശ നല്‍കുന്നു.
- വ്യക്തികള്‍, സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ എന്നിവയ്ക്ക്‌ ബാങ്ക്‌ വായ്പ നല്‍കുമ്പോള്‍ അവരില്‍നിന്നും പലിശ ഈടാക്കുന്നു.
- നിക്ഷേപങ്ങള്‍ക്ക്‌ ബാങ്ക്‌ നല്‍കുന്ന പലിശയെക്കാള്‍ കൂടുതലായിരിക്കും വായ്പകള്‍ക്ക്‌ ബാങ്ക്‌ ഈടാക്കുന്ന പലിശ.
-ഈ പലിശകള്‍ തമ്മിലുള്ള വ്യത്യാസമാണ്‌ ബാങ്കിന്റെ പ്രധാന വരുമാനം.

9. ഇന്ത്യയിലെ ബാങ്കുകളുടെ വളര്‍ച്ചയെക്കുറിച്ച് കുറിപ്പ് തയ്യാറാക്കുക.
-1770 ല്‍ ആരംഭിച്ച ബാങ്ക്‌ ഓഫ്‌ഹിന്ദുസ്ഥാന്‍ ആണ്‌ ഇന്ത്യയിലെ ആധുനിക രീതിയിലുള്ള ആദ്യത്തെ ബാങ്ക്‌. അന്നുമുതല്‍ ഇന്നുവരെയുള്ള ബാങ്കിംഗ്‌ മേഖലയിലെ വളര്‍ച്ചയെ മൂന്ന്‌ ഘട്ടങ്ങളായി തിരിക്കാം
ഒന്നാംഘട്ടം
-1770 മുതല്‍ 1969 ലെ ബാങ്ക്‌ ദേശസാല്‍ക്കരണം വരെയുള്ള കാലഘട്ടമാണ്‌ ആദ്യഘട്ടം. 
- ബാങ്ക്‌ ഓഫ്‌ ബംഗാള്‍, ബാങ്ക്‌ ഓഫ്‌ ബോംബെ, ബാങ്ക്‌ ഓഫ്‌ മദ്രാസ്‌ എന്നീ പ്രസിഡന്‍സി ബാങ്കുകള്‍ ബ്രിട്ടീഷ്‌ ഈസ്റ്റിന്ത്യാ കമ്പനി സ്ഥാപിച്ചത്‌ ഈ
ഘട്ടത്തിലാണ്‌.
- ഈ ഘട്ടത്തില്‍ ബാങ്കുകളുടെ പ്രവര്‍ത്തനവും വളര്‍ച്ചയും സാവധാനത്തില്‍ ആയിരുന്നു.
രണ്ടാം ഘട്ടം
-1969 മുതല്‍ 1990 വരെ രണ്ടാം ഘട്ടം.
- ബാങ്കുകളുടെ പ്രവര്‍ത്തനം വേഗത്തിലായി.
- സാമൂഹിക പുരോഗതിലക്ഷ്യമാക്കി ബാങ്കുകളെ ദേശസാല്‍ക്കരിച്ചത്‌ രണ്ടാം ഘട്ടത്തിലാണ്‌.
-1969 ല്‍ 14 ബാങ്കുകളും 1980 ല്‍ 6 ബാങ്കുകളും ദേശസാല്‍ക്കരിച്ചു.
-1993 ദേശസാല്‍കൃത ബാങ്കായ ന്യു ബാങ്ക്‌ ഓഫ്‌ ഇന്ത്യ പഞ്ചാബ്‌ നാഷണല്‍ ബാങ്കില്‍ ലയിച്ചു.
മുന്നാംഘട്ടം.
-1991 മുതല്‍ ഉള്ളതാണ്‌ മൂന്നാംഘട്ടം.
-ഈ ഘട്ടത്തില്‍ അടിസ്ഥാന ധര്‍മ്മങ്ങള്‍ നിറവേറ്റുന്നതോടൊപ്പം തന്നെ മറ്റനേകം സേവനങ്ങളും ബാങ്കുകള്‍ നല്‍കാന്‍ തുടങ്ങി
-എടിഎം, ക്രെഡിറ്റ്‌ കാര്‍ഡ്‌, ഫോണ്‍ ബാങ്കിംഗ്, നെറ്റ്‌ ബാങ്കിംഗ്‌, കോര്‍ബാങ്കിംഗ്‌ മുതലായ നൂതന സംവിധാനങ്ങള്‍ മൂന്നാം ഘട്ട വികസനത്തിന്റെ ഫലമാണ്‌.
-ഈ ഘട്ടത്തില്‍ ലൈസന്‍സ്‌ ലഭിച്ച സ്വകാര്യബാങ്കുകൾ പുത്തന്‍ തലമുറ ബാങ്കുകള്‍ എന്നറിയപ്പെടുന്നു.
- പൊതുമേഖലാ ബാങ്കുകളെ ലയിപ്പിച്ചു കൊണ്ട്‌ ബാങ്കിംഗ്‌ മേഖലയില്‍ ധാരാളം മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്‌.
- ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യയില്‍ 2017 ഏപ്രില്‍ 1ന്‌ സ്റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ട്രാവന്‍കൂര്‍, സ്റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ഹൈദരാബാദ്‌, സ്റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ മൈസൂര്‍, സ്റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ പാട്യാല, ഭാരതീയ മഹിളാ ബാങ്ക്‌ എന്നിവ ലയിച്ചു.

10. പ്രവര്‍ത്തനത്തെ അടിസ്ഥാനമാക്കി ബാങ്കുകളെ തരംതിരിച്ചിരിക്കുന്നത്‌ എങ്ങനെ?
- വാണിജ്യ ബാങ്കുകള്‍,
- സഹകരണ ബാങ്കുകള്‍,
- വികസന ബാങ്കുകള്‍,
- സവിശേഷ ബാങ്കുകള്‍.

11. വാണിജ്യ ബാങ്കുകള്‍ കുറിപ്പ് തയ്യാറാക്കുക.
- ബാങ്കിങ്‌ മേഖലയിലെ പഴക്കം ചെന്നതും ധാരാളം ശാഖകള്‍ ഉള്ളതുമായ സംവിധാനം. 
- രാജ്യത്തെ സാമ്പത്തിക പ്രവര്‍ത്തനങ്ങളില്‍ പ്രധാനപങ്കുവഹിക്കുന്നു.
- ജനങ്ങളില്‍നിന്ന്‌ നിക്ഷേപങ്ങള്‍ സ്വീകരിക്കുകയും വാണിജ്യം, വ്യവസായം, കൃഷി തുടങ്ങിയവയ്ക്ക്‌ വ്യവസ്ഥകള്‍ക്ക്‌ വിധേയമായി വായ്പ നല്‍കുകയും ചെയ്യുന്നു.
- പൊതുമേഖല വാണിജ്യബാങ്കുകള്‍, സ്വകാര്യ വാണിജ്യബാങ്കുകള്‍ എന്നിങ്ങനെ വാണിജ്യ ബാങ്കുകളെ രണ്ടായി തിരിക്കാം.

12. എന്താണ്‌ പൊതുമേഖലാ വാണിജ്യബാങ്കുകള്‍? ഉദാഹരണം എഴുതുക.
- പൊതുമേഖലാ വാണിജ്യബാങ്കുകളുടെ ഉടമസ്ഥത പൂര്‍ണമായും സര്‍ക്കാരിനാണ്‌.
- ഇവയുടെ പ്രവര്‍ത്തനം നിയന്ത്രിക്കുന്നത്‌ ഭാരതീയറിസര്‍വ്‌ ബാങ്ക്‌ ആണ്‌.
- ഭാരതീയ സ്റ്റേറ്റ്‌ ബാങ്ക്‌, റീജിയണല്‍ റൂറല്‍ബാങ്കുകള്‍,19ദേശസാല്‍കൃതബാങ്കുകള്‍ എന്നിവ ചേര്‍ന്നതാണ്‌ ഇന്ത്യയിലെ പൊതുമേഖല വാണിജ്യ ബാങ്കുകള്‍.

13. എന്താണ്‌സ്വകാര്യ വാണിജ്യബാങ്കുകള്‍
- സ്വകാര്യ വാണിജ്യബാങ്കുകളെ രണ്ടായി തിരിക്കാം
- സ്വകാര്യ ഇന്ത്യന്‍ വാണിജ്യ ബാങ്കുകള്‍, സ്വകാര്യ വിദേശ വാണിജ്യ ബാങ്കുകള്‍
- രണ്ടിന്റെയും ഉടമസ്ഥത സ്വകാര്യ വ്യക്തികള്‍ക്കാണ്‌.
-ഇവ റിസര്‍വ്‌ ബാങ്കിന്റെ നിയന്ത്രണങ്ങള്‍ക്ക്‌ വിധേയമായാണ്‌ പ്രവര്‍ത്തിക്കുന്നത്‌.
-ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതും ആസ്ഥാനം വിദേശത്ത്‌ പ്രവര്‍ത്തിക്കുന്നതുമായ ബാങ്കുകളാണ്‌ സ്വകാര്യ വിദേശ ബാങ്കുകള്‍.

14. വാണിജ്യ ബാങ്കുകളുടെ ധര്‍മ്മങ്ങള്‍ ഏവ?
- നിക്ഷേപങ്ങള്‍ സ്വീകരിക്കല്‍,
- വായ്പകള്‍ നല്‍കല്‍,
- മറ്റു സൌകര്യങ്ങള്‍ നല്‍കല്‍, സേവനങ്ങള്‍ നല്‍കല്‍.

15. വാണിജ്യബാങ്കുകള്‍ സ്വീകരിക്കുന്ന നിക്ഷേപങ്ങള്‍ ഏവ?
- സമ്പാദ്യ നിക്ഷേപം,
- പ്രചലിത നിക്ഷേപംം
- സ്ഥിരനിക്ഷേപം,
- ആവര്‍ത്തിത നിക്ഷേപം.

16. സമ്പാദ്യ നിക്ഷേപത്തെക്കുറിച്ച്‌ കുറിപ്പ് തയ്യാറാക്കുക.
- പൊതുജനങ്ങള്‍ക്ക്‌ അവരുടെ സമ്പാദ്യം നിക്ഷേപിക്കാന്‍ സഹായിക്കുന്ന പദ്ധതിയാണിത്‌.
-ഈ നിക്ഷേപത്തിന്‌ ബാങ്കുകള്‍ കുറഞ്ഞ പലിശ നല്‍കുന്നു.
-നിയന്ത്രണങ്ങള്‍ക്കു വിധേയമായി നിക്ഷേപകന്‌ ഈ നിക്ഷേപത്തില്‍ നിന്നും പണം പിന്‍വലിക്കാം.
-ഒരു കാലയളവില്‍ എത്രപ്രാവശ്യം പണം പിന്‍വലിക്കാന്‍ കഴിയുമെന്നും എത്ര രൂപ പിന്‍വലിക്കാന്‍ കഴിയുമെന്നുമുള്ള കാര്യത്തില്‍ പല ബാങ്കുകളും പല രീതിയാണ്‌ സ്വീകരിച്ചിട്ടുള്ളത്‌.
- നിക്ഷേപകന്റെ ബാങ്ക്‌ ഇടപാടുകള്‍ രേഖപ്പെടുത്തിയ പാസ്ബുക്ക്‌ നിക്ഷേപകന്‌ നല്‍കുന്നു.

17. പ്രചലിത നിക്ഷേപത്തെക്കുറിച്ച്‌ കുറിപ്പ് തയ്യാറാക്കുക.
- ഒരുദിവസം തന്നെ ധാരാളം പ്രാവശ്യം പണം നിക്ഷേപിക്കാനും, പിന്‍വലിക്കാനും സൗകര്യം നല്‍കുന്ന നിക്ഷേപമാണിത്‌.
- വ്യവസായികളും വ്യാപാരികളും ആണ്‌ ഇത്തരം നിക്ഷേപങ്ങള്‍ കൂടുതലായി ഉപയോഗിക്കുന്നത്‌.
-ഇത്തരം നിക്ഷേപത്തിന്‌ പലിശ ലഭിക്കുകയില്ല.

18. സ്ഥിരനിക്ഷേപത്തെക്കുറിച്ച്‌ കുറിപ്പ് തയ്യാറാക്കുക.
- വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും നിശ്ചിത കാലയളവിലേക്ക്‌ പണം ബാങ്കില്‍ നിക്ഷേപിക്കാന്‍ യോജിച്ചതാണ്‌ സ്ഥിര നിക്ഷേപങ്ങള്‍. നിക്ഷേപത്തിന്റെ കാലാവധി അടിസ്ഥാനമാക്കിയാണ്‌ പലിശനിരക്ക്‌ നിശ്ചയിക്കുന്നത്‌. നിശ്ചിത കാലാവധിക്ക്‌ മുന്‍പ്‌ പണം പിന്‍വലിച്ചാല്‍ പലിശ നിരക്ക്‌ കുറയും.

19. ആവര്‍ത്തന നിക്ഷേപം സവിശേഷതകള്‍ കുറിപ്പാക്കുക.
- ഒരു നിശ്ചിത തുക വീതം ഒരു നിശ്ചിത കാലയളവിലേക്ക്‌ എല്ലാമാസവും നിക്ഷേപിക്കുന്നതാണ്‌ ആവര്‍ത്തന നിക്ഷേപം. സമ്പാദ്യ നിക്ഷേപത്തെക്കാള്‍ കൂടിയ പലിശനിരക്ക്‌ ഈ നിക്ഷേപത്തിന്‌ലഭിക്കും. സ്ഥിരനിക്ഷേപത്തിന്‌ ലഭിക്കുന്ന പലിശയെക്കാള്‍ കുറവായിരിക്കും ആവര്‍ത്തന നിക്ഷേപത്തില്‍ ലഭിക്കുന്ന പലിശ.
നിക്ഷേപത്തുക കാലാവധിതീരുന്നതിനു മുന്‍പ്‌ പിന്‍വലിച്ചാല്‍ പലിശ നിരക്ക്‌ കുറയും.

20. ബാങ്കുകള്‍ വായ്പകള്‍ നല്‍കുന്നതിനുള്ള മാനദണ്ഡങ്ങള്‍ ഏവ?
- പൊതുജനങ്ങളില്‍ നിന്നും നിക്ഷേപമായി സ്വീകരിക്കുന്ന തുകയാണ്‌ പൊതുവേ ബാങ്ക്‌ വായ്പയായി നല്‍കുന്നത്‌. നിക്ഷേപങ്ങള്‍ക്ക്‌ നല്‍കുന്ന പലിശയെക്കാള്‍ കൂടുതലായിരിക്കും വായ്പകളുടെ പലിശനിരക്ക്‌. വായ്‌പാ കാലാവധി, വായ്പയുടെ ആവശ്യം എന്നിവയ്ക്കനുസരിച്ച്‌ വായ്പയുടെ പലിശ നിരക്കില്‍ വ്യത്യാസം വരും. ബാങ്കുകള്‍ വായ്പ അനുവദിക്കുന്നത്‌ ഏതെങ്കിലും ഒരു ഈട്‌ സ്വീകരിച്ചുകൊണ്ടാണ്‌.
- സ്വര്‍ണ്ണം, വസ്തുവിന്റെ ആധാരം മുതലായ ഭൗതിക ആസ്തികളും, സ്ഥിരനിക്ഷേപ പത്രങ്ങള്‍, ശമ്പള പത്രം എന്നിവയെല്ലാം ബാങ്കുകള്‍ ഈടായി സ്വീകരിക്കാറുണ്ട്‌.

21. വാണിജ്യ ബാങ്കുകള്‍ നല്‍കുന്ന വായ്പകള്‍.
- പണവായ്പ, ഓവര്‍ ഡ്രാഫ്റ്റ്‌ എന്നിവയാണ്‌ വാണിജ്യ ബാങ്കുകള്‍ നല്‍കുന്ന വായ്പകള്‍.

22. എന്താണ്‌ പണവായ്പ ? ഏതെല്ലാം ആവശ്യങ്ങള്‍ക്കാണ്‌ ബാങ്കുകള്‍ പണവായ്പ നല്‍കുന്നത്‌?
- ഈടുകള്‍ സ്വീകരിച്ച്‌ ബാങ്കുകള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും നല്‍കുന്ന വായ്പയാണ്‌ പണവായ്പ.
- കൃഷി ആവശ്യങ്ങള്‍, വ്യവസായ ആവശ്യങ്ങള്‍, വീട്‌ നിര്‍മാണം, വാഹനങ്ങള്‍ വാങ്ങാന്‍, വീട്ടുപകരണങ്ങള്‍ വാങ്ങാന്‍ മുതലായവയ്ക്ക്‌ ബാങ്കുകള്‍ പണവായ്പ നല്‍കുന്നു.

23. ഓവര്‍ ഡ്രാഫ്റ്റ്‌ - കുറിപ്പ് തയ്യാറാക്കുക.
- വ്യക്തികളുടെ ബാങ്ക്‌ അക്കൗണ്ടില്‍ ഉള്ള തുകയേക്കാള്‍ കൂടുതല്‍ പണം പിന്‍വലിക്കാനുള്ള അവസരമാണ്‌ ഓവര്‍ ഡ്രാഫ്റ്റ്‌
-ബാങ്കുമായി തുടര്‍ച്ചയായി ഇടപാടുകള്‍ നടത്തുന്ന വ്യക്തികള്‍ക്കാണ്‌ ബാങ്ക്‌ ഈ സൗകര്യം നല്‍കുക.
-പ്രചലിത നിക്ഷേപം ഉള്ളവര്‍ക്കാണ്‌ ഈ അവസരം നല്‍കുന്നത്‌.
-അധികമായി പിന്‍വലിച്ച തുകയ്ക്ക്‌ ബാങ്ക്‌ പലിശ ഈടാക്കും.

24. വാണിജ്യ ബാങ്കുകള്‍ നല്‍കുന്ന സൌകര്യങ്ങള്‍ ഏവ?
-ലോക്കര്‍ സൌകര്യം
-ഡിമാന്‍ഡ്‌ ഡ്രാഫ്റ്റ്‌
-മെയില്‍ ട്രാന്‍സ്ഫര്‍
-ടെലിഗ്രാഫിക്‌ ട്രാന്‍സ്ഫര്‍
-എടിഎം സൗകര്യം
-ഡബിറ്റ്‌ കാര്‍ഡ്‌ സൌകര്യം.

25. ലോക്കര്‍ സൗകര്യം കൊണ്ടുള്ള ഉപയോഗങ്ങള്‍.
- വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും അവരുടെ വിലപിടിപ്പുള്ള വസ്തക്കള്‍ സുരക്ഷിതമായി സൂക്ഷിക്കുന്നതിനുള്ള ലോ ക്കര്‍ സൌകര്യം മിക്ക ബാങ്കുകളും നല്‍കുന്നു. സാധനങ്ങള്‍ സുരക്ഷിതമായിവച്ചിട്ടുള്ള ലോക്കറിന്റെ ഒരു താക്കോല്‍ ഉടമസ്ഥനും ഒന്ന്‌ ബാങ്കിലും സൂക്ഷിക്കും. രണ്ടു പേരും കൂടി ചേര്‍ന്നാല്‍ മാത്രമെ ലോക്കര്‍ തുറക്കാനാവൂ. ഈ സൌകര്യം അനുവദിക്കുന്നതിന്‌ ഇടപാടുകാരില്‍ നിന്നും ഒരു നിശ്ചിത തുക സര്‍വീസ്‌ചാര്‍ജായി ബാങ്കുകള്‍ ഈടാക്കുന്നു.

26. ഡിമാന്‍ഡ്‌ഡ്രാഫ്റ്റ്‌ എന്താണ്‌?
-പണം ഒരു സ്ഥലത്തുനിന്നും മറ്റൊരു സ്ഥലത്തേക്ക്‌ അയക്കാന്‍ ബാങ്കുകള്‍ ഒരുക്കുന്ന സൗകര്യമാണ്‌ ഡിമാന്‍ഡ്‌ഡ്രാഫ്റ്റ്‌.
-ഇതിന്‌ ബാങ്കില്‍ അക്കൌണ്ട്‌ വേണമെന്നില്ല.

27. മെയില്‍ ട്രാന്‍സ്ഫര്‍
- ലോകത്തിലെ ഏതു ഭാഗത്തുനിന്നും സ്വന്തം അക്കൌണ്ടിലേക്കോ മറ്റൊരാളുടെ അക്കൗണ്ടിലേക്കോ പണം അയക്കാനുള്ള സൌകര്യമാണ്‌ മെയില്‍ ട്രാന്‍സ്ഫര്‍.

28. ടെലഗ്രാഫിക്‌ട്രാന്‍സ്ഫര്‍
-മെയില്‍ ട്രാന്‍സ്ഫറിനെക്കാള്‍ വേഗത്തില്‍ സന്ദേശത്തിലൂടെ പണമയക്കാന്‍ ബാങ്ക്‌ ഏര്‍പ്പെടുത്തിയിട്ടുള്ള സംവിധാനമാണ്‌ ടെലിഗ്രാഫിക്‌ട്രാന്‍സ്ഫര്‍.

39. എ.ടി.എം സൌകര്യം കൊണ്ടുള്ള ഗുണം.
- ബാങ്കില്‍ പോകാതെ ഏതുസമയത്തും പണം പിന്‍വലിക്കാനുള്ള സംവിധാനമാണ്‌ എടിഎം
-ഇപ്പോള്‍ മിക്ക ബാങ്കുകളും എടിഎം സൌകര്യം നല്‍കുന്നുണ്ട്‌.

30. എ.ടി.എം കാര്‍ഡില്‍ ഉള്‍പചെടുത്തിയിരിക്കുന്ന വിവരങ്ങള്‍ എന്തെല്ലാം?
-കാര്‍ഡിന്റെ നമ്പര്‍
- ബാങ്കിന്റെ പേര്‌
- ബാങ്കിന്റെ എംബ്ലം
- കാര്‍ഡിന്റെ കാലാവധി
- ചിപ്പ്‌

31. എ.ടി.എം കാര്‍ഡ്‌ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടകാര്യങ്ങള്‍ എന്തെല്ലാം?
-എ.ടി.എം കൌണ്ടറില്‍ മറ്റാരും ഇല്ലെന്ന്‌ ഉറപ്പാക്കുക.
-എ.ടി.എം പിന്‍ നമ്പര്‍ മറ്റൊരാള്‍ക്കും നല്‍കാതിരിക്കുക.
-പണം പിന്‍വലിച്ച ശേഷം രസീത്‌സ്വീകരിച്ച്‌ ബാക്കി പണം ഉറപ്പാക്കുക.
-ഈ രസീത്‌ അലക്ഷ്യമായി വലിച്ചെറിയാതിരിക്കുക.
-എ.ടി.എം നഷ്ടപ്പെട്ടാല്‍ ഉടന്‍ കാര്‍ഡ്‌ബ്ലോക്കുക.

32. ക്രെഡിറ്റ്‌ കാര്‍ഡ്‌ സൌകര്യം.
-പണം കയ്യില്‍ സൂക്ഷിക്കാതെ സാധനങ്ങള്‍ വാങ്ങാന്‍ സഹായിക്കുന്ന സംവിധാനമാണ്‌ ക്രെഡിറ്റ്‌ കാര്‍ഡ്‌. ക്രെഡിറ്റ്‌ കാര്‍ഡ്‌ എന്നത്‌ ഒരു പ്ലാസ്റ്റിക്‌ കാര്‍ഡാണ്‌. അക്കൌണ്ടില്‍ പണമില്ലാതെ ഇതുപയോഗിച്ച്‌ സാധനങ്ങളും സേവനങ്ങളും വാങ്ങാന്‍ കഴിയും. നിശ്ചിത ദിവസത്തിനുള്ളില്‍ പണം ബാങ്കില്‍ നിക്ഷേപിച്ചാല്‍ മതി.

33. വാണിജ്യ ബാങ്കുകള്‍ നല്‍കുന്ന മറ്റ് സേവനങ്ങള്‍
- നിക്ഷേപകരുടെ ഇന്‍ഷുറന്‍സ്‌പ്രീമിയം, ടെലിഫോണ്‍ ചാര്‍ജ്‌, വൈദ്യുത ചാര്‍ജ്‌ എന്നിവ അടയ്ക്കുക.
- മൊബൈല്‍ റീചാര്‍ജ്‌ചെയ്യുക.
-യാത്രടിക്കറ്റുകള്‍ എടുക്കുന്നതിന്‌ സഹായിക്കുക.
-ആദ്യകാലത്ത്‌ ട്രഷറികളിലൂടെ മാത്രം നടന്നിരുന്ന ചില സര്‍ക്കാര്‍ പണമിടപാടുകളായ ശമ്പളം, പെന്‍ഷന്‍ എന്നിവ നല്‍കുക.

34. ബാങ്കിംഗ്‌ രംഗത്തെ നൂതന പ്രവണതകള്‍ ഏവ?
-ഇലക്ടോണിക്‌ ബാങ്കിംഗ്‌
-കോര്‍ബാങ്കിംഗ്‌ എന്നിവയാണ്‌ ബാങ്കിംഗ്‌ രംഗത്തെ നൂതന പ്രവണതകള്‍.

35. എന്താണ്‌ ഇലക്ട്രോണിക്‌ബാങ്കിങ്‌?
- നെറ്റ്‌ ബാങ്കിങ്ങിലൂടെയും ടെലിബാങ്കിംഗിലൂടെയും എല്ലാവിധ ഇടപാടുകളും നടത്താന്‍ കഴിയുന്ന രീതിയാണ്‌ ഇലക്‌ട്രോണിക്‌ ബാങ്കിംഗ്‌.
-എല്ലാസമയത്തും ബാങ്കിംഗ്‌, എല്ലായിടത്തും ബാങ്കിംഗ്‌, നെറ്റ്‌ ബാങ്കിംഗ്‌, മൊബൈല്‍ ഫോണിലൂടെയുള്ള ബാങ്കിംഗ്‌, എന്നിവയെല്ലാം ഇലക്ട്രോണിക്‌ ബാങ്കിങ്ങിന്റെ ഭാഗമാണ്‌.
-ഇതിന്‌ ബാങ്ക്‌ ഉപകരണങ്ങളുടെയും ഉദ്യോഗസ്ഥരുടെയും സഹായം ആവശ്യമില്ല.
ബാങ്ക്‌ അക്കൌണ്ടും നെറ്റ്‌ ബാങ്കിംഗ്‌ സാകര്യവും മാത്രം മതി.

36. നെറ്റ്‌ ബാങ്കിംഗ്‌ കൊണ്ടുള്ള ഗുണങ്ങള്‍?
-വീട്ടില്‍നിന്നുതന്നെ ലോകത്തെവിടെയും പണം അയക്കാനും ബില്ലുകള്‍ അടയ്ക്കാനും കഴിയും. ഇതിന്‌കുറഞ്ഞ സമയം മതിയാകും. ഇതിനുള്ള സര്‍വീസ്‌ചാര്‍ജ്‌ കുറവാണ്‌.

37. കോര്‍ബാങ്കിംഗ്‌എന്താണ്‌?
-ഇലക്‌ട്രോണിക്‌ബാങ്ക്‌ വഴിയുള്ള ഏറ്റവും പ്രധാനപ്പെട്ട സൌകര്യമാണ്‌ കോര്‍ ബാങ്കിങ്‌.
-എല്ലാ ബാങ്കുകളുടെയും ശാഖകള്‍ ഒരു സെന്‍ട്രല്‍ സെര്‍വറിന്റ കീഴില്‍ കൊണ്ടുവന്ന്‌ ബാങ്ക്‌ സേവനങ്ങള്‍ ഒരു ബാങ്കില്‍ നിന്നും മറ്റൊരു ബാങ്കിലേക്ക്‌ സാധ്യമാകുന്ന തരത്തില്‍ ക്രമീകരിച്ചിട്ടുള്ള ഒരു സൌകര്യമാണ്‌ കോര്‍ബാങ്കിംഗ്‌.

38. കോര്‍ബാങ്കിംങ്‌ കൊണ്ടുള്ള ഗുണങ്ങള്‍?
-കോര്‍ ബാങ്കിംഗ്‌ വഴി എടിഎം, ഡെബിറ്റ്‌ കാര്‍ഡ്‌, ക്രെഡിറ്റ്‌ കാര്‍ഡ്‌, നെറ്റ്‌ ബാങ്കിംഗ്‌, ടെലി ബാങ്കിംഗ്‌, മൊബൈല്‍ ബാങ്കിംഗ്‌ എന്നിവയെല്ലാം ഒരു കുടക്കീഴില്‍ വന്നു.
ബാങ്ക്‌ ഇടപാടുകള്‍ ലളിതമായി.
-ഒരു സ്ഥലത്തുള്ള ഒരു വ്യക്തിക്ക്‌ തന്റെ ബാങ്ക് അക്കൗണ്ടിണ്ടില്‍ നിന്നും പണം മറ്റൊരു സ്ഥലത്തുള്ള സുഹൃത്തിന്റെ ബാങ്കിലെ അക്കൗണ്ടിലേക്ക്‌ അയക്കാന്‍ കഴിയും.

39. എന്താണ്‌ സഹകരണ ബാങ്കുകള്‍.
- 'സഹകരണം, സ്വയം സഹായം, പരസ്പരസഹായം' എന്നതാണ്‌ സഹകരണ ബാങ്കുകളുടെ പ്രവര്‍ത്തനതത്വം.
- സാധാരണക്കാര്‍ക്ക്‌ പ്രത്യേകിച്ച്‌ ഗ്രാമീണര്‍ക്ക്‌ സാമ്പത്തികസഹായം നല്‍കുക എന്നതാണ്‌ സഹകരണബാങ്കിന്റെ പ്രധാനലക്ഷ്യം. കൃഷിക്കാര്‍, കൈത്തൊഴിലുകാര്‍, ചെറുകിട വ്യവസായികള്‍ തുടങ്ങിയവരാണ്‌ സഹകരണ ബാങ്കില്‍നിന്ന്‌ കൂടുതല്‍ സേവനങ്ങള്‍ ഉപയോഗപ്പെടുത്തുന്നത്‌.

40. സഹകരണ ബാങ്കുകളുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ പട്ടികപ്പെടുത്തുക.
- ജനങ്ങള്‍ക്ക്‌ വായ്പ നല്‍കുക
- സ്വകാര്യപണമിടപാട്‌നടത്തുന്ന വ്യക്തികളില്‍നിന്ന്‌ഗ്രാമീണരെ രക്ഷിക്കുക,
- കുറഞ്ഞ പലിശനിരക്കില്‍ വായ്പ നല്‍കുക.
- ജനങ്ങളില്‍ സമ്പാദ്യ ശീലം വളര്‍ത്തുക
- എന്നിവ സഹകരണ ബാങ്കുകളുടെ ഉദ്ദേശ്യലക്ഷ്യങ്ങളാണ്‌.

41. സഹകരണബാങ്കുകളുടെ വിവിധതലങ്ങള്‍.
* സംസ്ഥാന സഹകരണ ബാങ്കുകള്‍
- സംസ്ഥാനത്തെ സഹകരണ രംഗത്തെ ഉയര്‍ന്ന ഘടകം.
- ജില്ലാ സഹകരണ ബാങ്കുകള്‍ക്കും പ്രാഥമിക സഹകരണ ബാങ്കിനും സഹായം നല്‍കുന്നു.
*ജില്ലാ സഹകരണബാങ്കുകള്‍
-ജില്ലാകേന്ദ്രങ്ങളില്‍ പ്രവര്‍ത്തിക്കുന്നു.
-പ്രാഥമിക സഹകരണബാങ്കുകള്‍ക്ക്‌ സഹായവുംഉപദേശവും നല്‍കുന്നു.
* പ്രാഥമിക സഹകരണ ബാങ്കുകള്‍
- ഗ്രാമങ്ങളില്‍ പ്രവര്‍ത്തിക്കുന്നു,
- പ്രവര്‍ത്തന പ്രദേശത്തിന്റെ പരിധികുറവ്‌,
- ഗ്രാമീണരുടെ സമ്പാദ്യശീലം പ്രോത്സാഹിപ്പിക്കുന്നു,
- ഗ്രാമീണര്‍ക്ക്‌ കുറഞ്ഞ പലിശനിരക്കില്‍ വായ്പ നല്‍കുന്നു.

42. വികസന ബാങ്കുകളെക്കുറിച്ച്‌ കുറിപ്പ് തയ്യാറാക്കുക.
- വ്യവസായം, കൃഷി, വാണിജ്യം തുടങ്ങിയ മേഖലകളുടെ വികസനത്തിനായി ദീര്‍ഘകാല വായ്പകള്‍ നല്‍കുന്ന ബാങ്കുകളാണ്‌ വികസന ബാങ്കുകള്‍.
- കൃഷി വ്യവസായം വാണിജ്യം എന്നീ മേഖലകളുടെ വികസനത്തിന്‌ സഹായിക്കുന്ന
ഏജന്റായി പ്രവര്‍ത്തിക്കുന്നു.
- ഇന്ത്യയിലെ വികസനബാങ്കിന്‌ ഉദാഹരണമാണ്‌ ഇന്‍ഡസ്ട്രിയല്‍ ഫിനാന്‍സ്‌ കോര്‍പ്പറേഷന്‍ ഓഫ്‌ ഇന്ത്യ

43. സവിശേഷ ബാങ്കുകള്‍ - ഉദാഹരണങ്ങള്‍, ലക്ഷ്യങ്ങള്‍
-ചില പ്രത്യേക മേഖലകളുടെ വികസനത്തിന്‌ മാത്രമായി സാമ്പത്തിക സഹായം നല്‍കുന്ന സ്ഥാപനങ്ങളാണ്‌ഇവ.
-ഒരു സംരംഭം തുടങ്ങുന്നതിനുള്ള എല്ലാസഹായവും ഇത്തരം ബാങ്കുകള്‍ ചെയ്തുവരുന്നു.
i. എക്ലിം ബാങ്ക്‌ ഓഫ്‌ഇന്ത്യ (Export-Import Bank of India)
- ഉല്‍പ്പന്നങ്ങള്‍ കയറ്റി അയക്കുന്നതിനും ഇറക്കുമതി ചെയ്യുന്നതിനും വായ്പ നല്‍കുന്നു.
-ഈ മേഖലയിലേക്ക്‌ കടന്നു വരുന്ന വ്യക്തികള്‍ക്ക്‌ ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നു.
ii. ഇന്ത്യന്‍ ചെറുകിട വ്യവസായ വികസന ബാങ്ക് (Small Industries Development
 Bank of India - SIDBI )
-പുതിയ ചെറുകിട വ്യവസായം തുടങ്ങാനും, വ്യവസായങ്ങള്‍ ആധുനിക വല്‍ക്കരിക്കാനും സഹായം നല്‍കുന്നു.
- ഗ്രാമീണ വ്യവസായത്തെ ഉണര്‍ത്തുകയാണ്‌ലക്ഷ്യം.
iii. നബാര്‍ഡ്‌ ( (National Bank for Agricultural and Rural Development - NABARD))
- ഗ്രാമീണ വികസനത്തിനും കാര്‍ഷിക വികസനത്തിനുമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യയുടെ പരമോന്നത ബാങ്ക്‌.
- ഗ്രാമീണ വികസനത്തിനായി പ്രവര്‍ത്തിക്കുന്ന ബാങ്കുകളെ ഏകോപിപ്പിക്കുന്ന ബാങ്ക്‌ ആണിത്‌.
- കൃഷി കൈത്തൊഴില്‍ ചെറുകിട വ്യവസായം തുടങ്ങിയവയ്ക്ക്‌ സാമ്പത്തിക സഹായം നല്‍കുന്നു.

44. പ്രത്യേക ലക്ഷ്യത്തോടെ ബാങ്കിംഗ്‌ രംഗത്തേക്ക്‌ പുതുതായിവന്ന ബാങ്കുകള്‍?
- മഹിള ബാങ്കുകള്‍
- പെയ്മെന്റ്‌ ബാങ്കുകള്‍
- മുദ്ര ബാങ്ക്‌.

45. മഹിളാ ബാങ്ക്‌
-2013 നവംബറില്‍ ആരംഭിച്ച ബാങ്ക്‌ ആണ്‌ഭാരതീയ മഹിളാ ബാങ്ക്‌.
- 'വനിതാ ശാക്തീകരണം ഇന്ത്യയുടെ ശാക്തീകരണം' എന്നതാണ്‌ ഈ ബാങ്കിന്റെ മുദ്രാവാക്യം.
- ഈ ബാങ്കിന്‌ ഇന്ന്‌ പല സംസ്ഥാനത്തും ശാഖകളുണ്ട്‌.
- എല്ലാ ജനവിഭാഗങ്ങളില്‍ നിന്നും നിക്ഷേപം സ്വീകരിക്കുന്നു.
- വായ്പ നല്‍കുന്നത്‌ കൂടുതലും വനിതകള്‍ക്കാണ്‌.
- എന്നാല്‍ മഹിളാ ബാങ്ക്‌ ഇപ്പോള്‍ എസ്‌.ബി.ഐ യില്‍ ലയിപ്പിച്ചു.

46. പേയ്‌മെന്റ് ബാങ്കുകള്‍- സവിശേഷതകള്‍.
-കുറഞ്ഞ വരുമാനക്കാരെയും ചെറുകിട വ്യവസായികളെയും കുടിയേറ്റ തൊഴിലാളികളെയും സഹായിക്കാനായി രൂപം കൊണ്ടബാങ്ക്.
സവിശേഷതകള്‍
-100000 രൂപ വരെ മാത്രമേ വ്യക്തികളില്‍നിന്നും നിക്ഷേപമായി സ്വീകരിക്കുകയുള്ളൂ.
- നിക്ഷേപങ്ങള്‍ക്ക്‌ ഭാരതീയ റിസര്‍വ്‌ ബാങ്ക്‌ നിശ്ചയിച്ചുള്ള പലിശ നല്‍കുന്നു.
-ഈ ബാങ്കുകള്‍ വായ്പ നല്‍കാറില്ല.
-ബാങ്ക്‌ ഇടപാടുകള്‍ക്ക്‌ നിശ്ചിത ഫീസ്‌ കമ്മീഷനായി ഈടാക്കുന്നു.
-ഡെബിറ്റ്‌ കാര്‍ഡ്‌ നല്‍കും.
- ക്രെഡിറ്റ്‌ കാര്‍ഡ്‌ നല്‍കില്ല.

47. മുദ്രാബാങ്ക് (Micro Units Development and Refinance Agency Bank)
-ചെറുകിട വായ്പ നല്‍കുന്നതിനായി അനുവദിച്ച മറ്റൊരു ബാങ്കാണ്‌ മുദ്രാ ബാങ്ക്.
- ചെറുകിട സംരംഭകര്‍ക്കും മൈക്രോഫിനാന്‍സിനും മുദ്രാ ബാങ്ക്‌ സാമ്പത്തിക സഹായം നല്‍കുന്നു.

48. എന്താണ്‌ ബാങ്ക്‌ ഇതര ധനകാര്യ സ്ഥാപനങ്ങള്‍? സവിശേഷതകള്‍?
- ധനകാര്യ രംഗത്ത്‌പ്രവര്‍ത്തിക്കുകയും ബാങ്ക്‌ നല്‍കുന്ന എല്ലാ ധര്‍മങ്ങളും നിര്‍വഹിക്കാതിരിക്കുകയും ചെയ്യുന്ന സ്ഥാപനങ്ങളാണ്‌ ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍.
സവിശേഷതകള്‍
- നിക്ഷേപങ്ങള്‍സ്വീകരിക്കുന്നു.
- വായ്പകള്‍ നല്‍കുന്നു.
- ചെക്കുകള്‍ ഉപയോഗിച്ച്‌ പണം പിന്‍വലിക്കാന്‍ കഴിയില്ല.
- മെയില്‍ ട്രാന്‍സ്ഫര്‍ സംവിധാനം അനുവദിക്കുന്നില്ല.
- ലോക്കര്‍ സൌകര്യം ലഭിക്കില്ല.

49. ഏതെല്ലാമാണ്‌ ഇന്ത്യയിലെ ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍?
- ബാങ്കിതര ധനകാര്യ കമ്പനികള്‍.
- മ്യുച്വൽ ഫണ്ട്‌ സ്ഥാപനങ്ങള്‍.
- ഇന്‍ഷുറന്‍സ്‌കമ്പനികള്‍.

50. ബാങ്കിതര ധനകാര്യ കമ്പനികള്‍ - അവ നല്‍കുന്ന സേവനങ്ങള്‍
-ഭാരതീയ റിസര്‍വ്‌ ബാങ്കിന്റെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്നു.
-1936 ലെ കമ്പനി ആക്ട്‌ പ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്‌.
നല്‍കുന്ന സേവനങ്ങള്‍
- ഹയര്‍ പര്‍ച്ചേസിന്‌ വായ്പ നല്‍കുന്നു
- വീട്‌ നിര്‍മ്മാണത്തിന്‌ വായ്പ നല്‍കുന്നു.
- സ്വര്‍ണ്ണ പണയത്തിന്മേല്‍ വായ്പ നല്‍കുന്നു.
- സ്ഥിര നിക്ഷേപത്തിന്റെ അടിസ്ഥാനത്തില്‍ വായ്പ നല്‍കുന്നു.
- ചിട്ടികള്‍ നടത്തുന്നു.
- ബാങ്കിതര ധനകാര്യ കമ്പനിക്ക്‌ ഉദാഹരണമാണ്‌ കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന കേരള സ്റ്റേറ്റ്‌ ഫിനാന്‍ഷ്യല്‍ എന്‍റര്‍പ്രൈസസ്‌(കെഎസ്‌എഫ്‌ഇ)

51. മ്യുച്വൽ ഫണ്ട്‌ സ്ഥാപനങ്ങള്‍.
- സാധാരണക്കാരായ നിക്ഷേപകരില്‍ നിന്നും പണം സമാഹരിച്ച്‌ ഓഹരി കമ്പോളങ്ങളിലും കടപ്പത്രങ്ങള്‍ അടിസ്ഥാന വികസന മേഖലകള്‍ എന്നിവയില്‍ നിക്ഷേപിച്ച്‌, ഇതില്‍നിന്നും ലഭിക്കുന്ന ലാഭം അഥവാ നഷ്ടം നിക്ഷേപകര്‍ക്ക്‌ വീതിച്ചുനല്‍കുന്ന സ്ഥാപനങ്ങളാണ്‌ മ്യുച്വല്‍ ഫണ്ട്‌ സ്ഥാപനങ്ങള്‍.
- ഇന്ത്യയില്‍ സ്വകാര്യമേഖലയിലും പൊതുമേഖലയിലും നിരവധി മ്യൂച്ചല്‍ഫണ്ട്‌ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്‌.

52. പൊതുമേഖലയില്‍ പ്രവര്‍ത്തിക്കുന്ന മ്യൂച്ചല്‍ഫണ്ട്‌ സ്ഥാപനങ്ങള്‍.
- യുണൈറ്റഡ്‌ട്രസ്റ്റ്‌ ഓഫ്‌ഇന്ത്യ (യുടിഐ)
- ലൈഫ്‌ ഇന്‍ഷുറന്‍സ്‌ കോര്‍പ്പറേഷന്‍ മ്യൂച്ചല്‍ഫണ്ട്‌ (എല്‍ഐസി ഐഎംഎഫ്‌)
- എസ്ബിഐ മ്യൂച്ചല്‍ ഫണ്ട്‌.

53. ഇന്‍ഷുറന്‍സ്‌കമ്പനികള്‍
- വ്യക്തികളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്ന സ്ഥാപനങ്ങളാണ്‌ ഇന്‍ഷുറന്‍സ്‌ കമ്പനികള്‍.
- ഇവ സാമൂഹിക സുരക്ഷിതത്വവും വ്യക്തിഗത ക്ഷേമവും ഉറപ്പുവരുത്തുന്നു.
- ഇന്ത്യയുടെ ആദ്യത്തെ ഇന്‍ഷുറന്‍സ്‌കമ്പനി 1818-ല്‍ കൊല്‍ക്കത്തയിലാണ്‌ സ്ഥാപിച്ചത്‌.
- ഇന്ത്യയില്‍ വ്യക്തികളുടെ ജീവനും ആരോഗ്യവും സംരക്ഷിക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനമാണ്‌ ലൈഫ്‌ഇന്‍ഷുറന്‍സ്‌ കോര്‍പ്പറേഷന്‍ ഓഫ്‌ഇന്ത്യ (എല്‍ഐസി)
- അപകടം പ്രകൃതിദുരന്തങ്ങള്‍ തുടങ്ങിയവമൂലം വ്യക്തികള്‍ക്കുണ്ടാകുന്ന നഷ്ടങ്ങളില്‍ നിന്ന്‌ സംരക്ഷിക്കുന്ന നോണ്‍ ലൈഫ്‌ ഇന്‍ഷുറന്‍സ്‌ കമ്പനികളും ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നു.
-ജനറല്‍ ഇന്‍ഷുറന്‍സ്‌കമ്പനിയും നാല്‌ അനുബന്ധ കമ്പനികളുമാണ്‌ പൊതുമേഖലാരംഗത്ത്‌ പ്രവര്‍ത്തിക്കുന്ന നോണ്‍ ലൈഫ്‌ ഇന്‍ഷുറന്‍സ്‌ കമ്പനികള്‍
- ന്യൂ ഇന്ത്യ അഷവറന്‍സ്‌കമ്പനി ലിമിറ്റഡ്‌
- യുണൈറ്റഡ്‌ഇന്ത്യ ഇന്‍ഷുറന്‍സ്‌കമ്പനിലിമിറ്റഡ്‌.
-ഓറിയന്‍റ്റല്‍ ഇന്‍ഷ്ടറന്‍സ്‌കമ്പനി ലിമിറ്റഡ്‌.
- നാഷണല്‍ ഇന്‍ഷുറന്‍സ്‌കമ്പനിലിമിറ്റഡ്‌; എന്നിവയാണ്‌ പൊതുമേഖലാരംഗത്ത്‌ പ്രവര്‍ത്തിക്കുന്ന നാല്‌ അനുബന്ധ നോണ്‍ ലൈഫ്‌ഇന്‍ഷുറന്‍സ്‌കമ്പനികള്‍

54. എന്താണ്‌ മൈക്രോഫിനാന്‍സ്‌ ?
- സാധാരണക്കാര്‍ക്ക്‌ ലഘുവായ്പ ഉള്‍പ്പെടെ വിവിധ തരത്തിലുള്ള സാമ്പത്തിക സേവനങ്ങള്‍ നല്‍കുക എന്നതാണ്‌ മൈക്രോഫിനാന്‍സിന്റെ ലക്ഷ്യം.
- സമൂഹത്തിലെ താഴ്ന്ന വരുമാനക്കാരില്‍ സമ്പാദ്യ ശീലം വളര്‍ത്തുക.
- സ്വയംതൊഴില്‍ കണ്ടെത്തുന്നതിന്‌ സഹായിക്കുക എന്നിവയെല്ലാം ഇതിന്റെ ലക്ഷ്യങ്ങളാണ്‌.
- കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന കുടുംബശ്രീ, പുരുഷ സ്വയംസഹായ സംഘങ്ങള്‍ എന്നിവ മൈക്രോഫിനാന്‍സ്‌ സ്ഥാപനങ്ങള്‍ക്ക്‌ ഉദാഹരണമാണ്‌.

55. കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന മൈക്രോഫിനാന്‍സ്‌ സ്ഥാപനങ്ങളായ കുടുംബശ്രീ, പുരുഷ സ്വയംസഹായ സംഘങ്ങള്‍ എന്നിവയുടെ പ്രധാനലക്ഷ്യങ്ങള്‍ ഏവ?
- വ്യക്തികളില്‍ നിന്ന്‌ പണം സമാഹരിച്ച്‌ കൂട്ടായ സാമ്പത്തിക വികസനത്തിന്‌ സഹായിക്കുക.
- പാവപ്പെട്ടവരുടെ ജീവിതനിലവാരം ഉയര്‍ത്താന്‍ സഹായിക്കുക.
- സമ്പാദ്യശീലം വളര്‍ത്തുക.
- കഴിവുകള്‍ ഗ്രുപ്പ്‌ വികസനത്തിന്‌പ്രയോജനപ്പെടുത്തുക.
-അംഗങ്ങള്‍ക്ക്‌ ആവശ്യസമയത്ത്‌ വായ്പ നല്‍കുക.
- ചെറുകിട സംരംഭങ്ങള്‍ ആരംഭിക്കുക.

* Geography Textbook (pdf) - Click here 


ഈ ബ്ലോഗിലെ എല്ലാ പോസ്റ്റുകളും ഒരുമിച്ച് കാണാനും ആവശ്യമുള്ളവ എളുപ്പത്തിൽ തിരഞ്ഞെടുക്കാനും ഇവിടെ ക്ലിക്കുക.

PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here