Class 10 അടിസ്ഥാന പാഠാവലി - Unit 01 പ്ലാവിലക്കഞ്ഞി - ചോദ്യോത്തരങ്ങൾ 


Textbooks Solution for Class 10th Malayalam | SSLC Malayalam അടിസ്ഥാന പാഠാവലി: അദ്ധ്യായം 01 ജീവിതം പടർത്തുന്ന വേരുകൾ  

Std X Malayalam: അടിസ്ഥാന പാഠാവലി: അദ്ധ്യായം 01 ജീവിതം പടർത്തുന്ന വേരുകൾ - Unit 01 പ്ലാവിലക്കഞ്ഞി - ചോദ്യോത്തരങ്ങൾ 

പ്ലാവിലക്കഞ്ഞി - തകഴി ശിവശങ്കരപ്പിള്ള

1. "വേരുകള്‍'” എന്ന കഥ നല്‍കുന്ന സന്ദേശം എന്ത്‌?
ഉത്തരം: വൃക്ഷങ്ങളെ നിലനിര്‍ത്തുന്നത്‌ വേരുകളാണ്‌. വേരറ്റ്‌ പോയാല്‍ എത്ര വലിയ
വൃക്ഷമായാലും നിലംപതിക്കും. മരത്തിനു വേരുകള്‍ പോലെയാണ്‌ മനുഷ്യന് ബന്ധങ്ങള്‍. ഒരോ മനുഷ്യനും മറ്റുള്ളവരുമായി പലതരത്തിലുള്ള ബന്ധങ്ങള്‍ സൃഷ്ടിച്ചാണ്‌ വളരുന്നത്‌. അമ്മയോടുള്ള, ഭൂമിയോടുള്ള സ്നേഹത്തിന്റെ പ്രതീകമാണ്‌ വേരുകള്‍. പരസ്പരസ്നേഹവും വിശ്വാസവും സഹവര്‍ത്തിത്വവുമാണ്‌ ജീവിതത്തിന്റെ വേരുകള്‍. അവയാണ്‌ ജീവിതത്തെ പവിത്രവും ദൃഢവുമാക്കുന്നത്‌.

2. കുട്ടനാടിന്റെ കഥാകാരന്‍ എന്നറിയപ്പെടുന്നതാര്‌? 
ഉത്തരം: തകഴി ശിവശങ്കരപ്പിള്ള

3. പ്ലാവിലക്കഞ്ഞി എന്ന പാഠഭാഗം ഏത്‌ നോവലില്‍ നിന്നെടുത്തതാണ്‌
ഉത്തരം: രണ്ടിടങ്ങഴി

4. പ്ലാവിലക്കഞ്ഞി എന്ന പാഠഭാഗത്തിലെ പ്രധാന കഥാപാത്രങ്ങള്‍ ആര്‌? 
ഉത്തരം: കോരന്‍, ചിരുത, അച്ഛന്‍

5. പ്ലാവിലക്കഞ്ഞി എന്ന നോവല്‍ ഭാഗത്ത്‌ പ്രതിഫലിക്കുന്ന സാമൂഹ്യാവസ്ഥ? 
ഉത്തരം: ദാരിദ്ര്യം

6. നെല്ലില്ല, പിശാശ്തുക്കള്‌ ഈ പ്രസ്താവനയിലെ ഭാവം എന്ത്‌?
ഉത്തരം: പുച്ഛം

7. തമ്പ്രാ ഏനു നെല്ല് കൂലി മതി ചക്രം മേണ്ട - ഈ വാമൊഴി തനിമയുടെ മാനകഭാഷാരൂപം ഏത്‌?
ഉത്തരം: തമ്പുരാനേ എനിക്ക്‌ നെല്ലു കൂലി മതിചക്രം വേണ്ട

8. മറ്റ വേലക്കാര്‍ ഒന്നും പറയാതെ വള്ളത്തില്‍ കയറി. കോരന്‍ തന്നെ അവിടെ നിന്നതു കൊണ്ട്‌എന്ത്‌ പ്രയോജനമാണ്‌. ഒന്നുമില്ല. അവനും പോയി. വരികളിലെ സാമൂഹികാവസ്ഥകണ്ടെത്തുക.
ഉത്തരം: അസംഘടിത തൊഴിലാളി സമൂഹത്തിന്റെ ചിത്രം

9. കോരന്‍ ആ ചക്രവും മടിയിലിട്ട്‌ അരി അന്വേഷിച്ച്‌ ഊന്നി നടന്നു - അടിവരയിട്ട പ്രയോഗത്തിന്റെ ഏറ്റവും യോജിച്ച അര്‍ഥം. ?
ഉത്തരം: വള്ളം തുഴഞ്ഞു.

10. രാത്രിയില്‍ നടക്കുന്ന വ്യാപാരത്തെ പരസ്യപ്പെടുത്തിയാലെന്ത്‌? ഇവിടെ കോരന്‍ പ്രകടിപ്പിക്കുന്ന സ്വഭാവ സവിശേഷത എന്ത്‌?
ഉത്തരം: വിപ്ലവ ചിന്ത

11. കോരന്‍ വയറ്റില്‍ സുഖമില്ലെന്ന്‌ നടിച്ചു കിടന്നു - എന്തുകൊണ്ട്‌?
ഉത്തരം: കഞ്ഞി രണ്ടു പേര്‍ക്കുള്ളത്‌ ഉണ്ടായിരുന്നില്ല

12. ഏഴരക്കോഴി കൂവി - സൂചനയെന്ത്‌?
ഉത്തരം: ഏഴരവെളുപ്പിനുള്ള കോഴിയുടെ കൂവല്‍

13. പിറ്റേന്നു കാലത്ത്‌ ആ നാഴി കഞ്ഞിവെള്ളവും നാല്‌ കഷണം കപ്പയും ഒരു വഴക്കിനു കാരണമായി. എങ്ങനെ?
ഉത്തരം: ചിരുത ഒട്ടും കഴിക്കാത്തതിനാല്‍

14. അത്‌ കണ്ണു തണുപ്പിക്കുന്ന കാഴ്ച തന്നെ ആയിരുന്നു. ഏത്‌?
ഉത്തരം: ചിരുതയും കോരന്റെ അപ്പനും പരസ്പരം സംസാരിക്കുന്ന കാഴ്ച

15. അപരാധ ബോധം - വിഗ്രഹ രൂപ മേത്‌?
ഉത്തരം: അപരാധം ചെയ്തു എന്ന ബോധം

16. അരിയിട്ടു തിളപ്പിച്ച വെള്ളം കുടിച്ചിട്ട്‌ ദിവസം പത്തായി കപ്പ തന്നെ കപ്പ. വരിയില്‍ തെളിയുന്ന സാമൂഹ്യാവസ്ഥ എന്ത്‌?
ഉത്തരം: പട്ടിണിയും ദാരിദ്ര്യവും

17. എങ്ങനെയിരുന്ന ആളാണത്‌? നിറഞ്ഞ ആരോഗ്യവും ആനയുടെ കരുത്തുമുണ്ടായിരുന്നു. ആരെക്കുറിച്ചാണിവിടെ പരാമര്‍ശിക്കുന്നത്‌?
ഉത്തരം: കോരന്റെ അപ്പനെ

18. അതെന്തൊരു അക്ഷന്തവ്യമായ അപരാധമാണ്‌. അടിവരയിട്ട പദത്തിന്റെ സൂചനയെന്ത്‌?
ഉത്തരം: ക്ഷമിക്കാനാവാത്തത്‌

19. മൂഴക്കരി എന്ന പദത്തിന്റെ വികസിത രൂപം?
ഉത്തരം: മൂഴക്ക്‌ അരി

20. ചിരുത കൃത കൃത്യയായി എന്തുകൊണ്ട്‌?
ഉത്തരം: പ്രായമായ അപ്പന്‌ കഞ്ഞി കോരിതന്നു എന്ന്‌ പറഞ്ഞപ്പോള്‍

21. എന്തായാലും അന്നു നെല്ലു തന്നെ കൂലികിട്ടിയേ മതിയാവൂ - കോരന്‍ ഇങ്ങനെ ചിന്തിച്ചതിന്റെ പൊരുള്‍എന്ത്‌?
ഉത്തരം: അപ്പന്‌ ഒരു നേരമെങ്കിലും നിറച്ച്‌ ചോറു കൊടുക്കണം.

22. അപ്പോള്‍ നമ്മുടെ വേരുകളോ അതും ഈ അമ്മയായ ഭൂമിയില്‍ തന്നെ. വേരുകള്‍ എന്ന പദത്തിന്റെ അര്‍ഥസൂചന താഴെ പറയുന്നവയില്‍ ഏത്‌?
ഉത്തരം: പാരമ്പര്യവും സംസ്കാരവും

23. ജീവിതദുരിതങ്ങളെ സ്നേഹം കൊണ്ട്‌ അതിജീവിക്കുന്നതിന്റെ വികാരനിര്‍ഭരമായ
ആവിഷ്‌കാരമാണ്‌ പ്ലാവിലക്കഞ്ഞിയുടെ ഒരു പ്രധാന സവിശേഷത. വിലയിരുത്തുക
ഉത്തരം: മനോഹരമായ സ്നേഹബന്ധങ്ങളുടെ കഥ പറയുന്ന നോവല്‍ കൂടിയാണ്‌
രണ്ടിടങ്ങഴി. അത്തരം മുഹൂര്‍ത്തങ്ങള്‍ രണ്ടിടങ്ങഴിയിലെ പതിനേഴാം അധ്യായത്തില്‍
കാണാം. കൂലിയായിലഭിച്ച മുക്കാല്‍ രൂപയുമായി കോരന്‍ നാട് നീളെ അരി അന്വേഷിച്ചു നടന്നു. ഒടുവില്‍ നാഴി അരിയും കപ്പയുമായി കോരന്‍ കുടിലിലെത്തി. കോരന്റെ ഭാര്യ ചിരുത അന്ന്‌ ഒന്നും കഴിച്ചിട്ടില്ല, അതിനാല്‍ ഉള്ളകഞ്ഞി ചിരുത കഴിക്കട്ടെ എന്നു കരുതി വയറിന്‌ സുഖമില്ല എന്ന ഭാവത്തില്‍ കോരന്‍ കിടന്നു. എന്നാല്‍ കോരന്‍ പട്ടിണികിടക്കാന്‍ ചിരുത അനുവദിച്ചില്ല. കൂടുതല്‍ കഞ്ഞി കോരനു നല്‍കി കുറച്ചു മാത്രം അവള്‍ കഴിച്ചു. പിറ്റേന്ന്‌ കോരന്‍ ജോലിക്ക്‌ പോകുമ്പോള്‍ നല്‍കാനായി കഞ്ഞി കരുതി വയ്ക്കുകയും ചെയ്തു. ജീവിതത്തിലെ ഇല്ലായ്മകളെ പരസ്പരസ്നേഹത്താല്‍ അവര്‍ അതിജീവിക്കുന്നു.
കോരനുമായി പിണങ്ങികഴിഞ്ഞിരുന്ന അച്ഛന്‍ വര്‍ഷങ്ങള്‍ക്കുശേഷം കുടിലിലെത്തിയപ്പോള്‍ ചിരുത അവള്‍ നെയ്ത മുറം വിറ്റ്‌ അരി വാങ്ങി ഒരു വറ്റ്‌ പോലും കഴിക്കാതെ കോരന്റെ അപ്പന്‌ കഞ്ഞികോരി നല്‍കി. ചിരുത സ്വന്തം പിതാവിനെപ്പോലെ കോരന്റെ പിതാവിനേയും കരുതുന്നു. പണികഴിഞ്ഞ്‌ കുടിലിലെത്തിയ കോരന്‍ ചിരുതയുമായി സംസാരിച്ചിരിക്കുന്ന അച്ഛനെ കണ്ടു. മനംകുളിര്‍പ്പിക്കുന്ന കാഴ്ചയായിരുന്നു അത്‌.” അപ്പാ” എന്ന വിളിയോടെ
കോരന്‍ അപ്പനെ കെട്ടിപ്പിടിച്ചു. വര്‍ഷങ്ങള്‍ക്കുശേഷം കുടിലിലെത്തിയ അപ്പനും കോരനും തമ്മിലുള്ള കൂടിക്കാഴ്ച പിതൃപുത്ര ബന്ധത്തിന്റെ തീവ്രത വ്യക്തമാക്കുന്നു. അപ്പന്റെയും മകന്റെയും സ്നേഹം കണ്ട്‌ ചിരുതയും സന്തോഷിക്കുന്നു. സ്വന്തം അപ്പന്‌ ഒരുനേരമെങ്കിലും വയറു നിറച്ച്‌ ചോറ്‌ നല്‍കണം, അതാണ്‌ അവന്റെ സ്വപ്നം.
ആഴത്തിലുള്ള സ്നേഹബന്ധം കൊണ്ട്‌ ജീവിതദുരിതങ്ങളെ മറികടക്കുകയാണ്‌ ആ
കുടുംബം.

24. "തമ്പ്രാ ഏനു നെല്ലുകൂലി മതി, ചക്രം വേണ്ട ”.സന്ദര്‍ഭം വിശദമാക്കുക
ഉത്തരം: പുഷ്പവേലില്‍ ഔസേപ്പില്‍ നിന്നും നെല്ലിന്‌ പകരം പൈസ കൂലിയായി ലഭിച്ചപ്പോഴുള്ള കോരന്റെ പ്രതികരണമാണ്‌ ഈ സംഭാഷണം. ജന്മിമാര്‍ക്ക്‌ വേണ്ടി പണിയെടുക്കുന്ന അടിയാളന്‍മാരായ കൃഷിക്കാര്‍ക്ക്‌ നെല്ലാണ്‌ കൂലിയായി ലഭിച്ചിരുന്നത്‌. എന്നാല്‍ നെല്ലിന്‌ വില കൂടിയപ്പോള്‍ നെല്ലിന്‌ പകരം പൈസ കൂലിയായി നല്‍കിത്തുടങ്ങി. ഈ പൈസയുമായിനാടുനീളെ നടന്നാലും അരി
ലഭിക്കില്ല. കോരന്‍ കൂലിയായി നെല്ല് ആവശ്യപ്പെടുന്നത്‌ വില്‍ക്കാനല്ല അത്താഴത്തിനാണ്‌.

25. “നെല്ലില്ല, പിശാശുക്കള്” അടിയാളന്‍മാരായ കൃഷിക്കാരോടുള്ള ജന്‍മിമാരുടെ സമീപനം ഈ കഥാസന്ദര്‍ഭത്തില്‍ തെളിഞ്ഞു വരുന്നതെങ്ങനെ? വിശകലനം ചെയ്യുക.
ഉത്തരം: തങ്ങളുടെ കൃഷിയിടത്തില്‍ പകലന്തിയോളം പണിയെടുക്കുന്ന തൊഴിലാളികളെ ജന്മിമാര്‍ അടിമകളെപ്പോലെ കരുതുന്നു. തൊഴിലാളികളുടെ അഭ്യര്‍ഥനകള്‍ക്ക്‌ വിലനല്‍കാതെ അവരെ അട്ടിപ്പായിക്കുന്നു. മനുഷ്യന്‍ എന്നുള്ള പരിഗണനപോലും അവര്‍ക്ക്‌ നല്‍കുന്നില്ല. തൊഴിലാളികളെ പിശാചുക്കളായി കാണുന്നു. നെല്ല് കൂലിയായി ആവശ്യപ്പെട്ട കോരന്‍ ജന്മിയായ പുഷ്പവേലില്‍ ഔസേപ്പിന്റെ കണ്ണില്‍ പിശാചാണ്‌. ജന്മിമാരുടെ മനസ്സില്‍ നിറഞ്ഞുനില്‍ക്കുന്ന തൊഴിലാളിയോടുള്ള വെറുപ്പിന്റെയും അറപ്പിന്റെയും പ്രതിഫലനമാണ്‌ “പിശാച്‌” എന്ന പദപ്രയോഗം.

26. “രാത്രിയുടെ കൂരിരുട്ടില്‍ നടക്കുന്ന ചില വന്‍വ്യാപാരങ്ങള്‍ കോരന്‍ കണ്ടു". ആശയം വിശദമാക്കുക
ഉത്തരം: ജന്മിമാര്‍ക്കു വേണ്ടി പണിയെടുക്കുന്ന പാവപ്പെട്ട കര്‍ഷകത്തൊഴിലാളികള്‍ക്ക്‌ നെല്ലാണ്‌ കൂലിയായി നല്‍കിയിരുന്നത്‌. എന്നാല്‍ നെല്ലിന്‌ വില കിട്ടാന്‍ തുടങ്ങിയപ്പോള്‍ നെല്ലിന്‌ പകരം പൈസ കൂലിയായി നല്‍കിത്തുടങ്ങി. ഈ പൈസയുമായി നാട്നീ ളെ നടന്നാലും നെല്ല്‌ ലഭിക്കില്ല. അന്നന്നത്തെ അത്താഴത്തിനുള്ള നെല്ല്‌ പോലും ലഭിക്കാതെ അവരുടെ ജീവിതം പട്ടിണിയിലായി. ജന്മിമാര്‍ പൂഴ്ത്തിവെച്ച നെല്ലെല്ലാം രാത്രികാലങ്ങളില്‍ വലിയ
കെട്ടുവള്ളങ്ങളില്‍ കയറ്റി നഗരങ്ങളിലെ മില്ലുകളിലെത്തിച്ചു. അവര്‍ക്ക്‌ നല്ല ലാഭവും
ലഭിച്ചു. അങ്ങനെ നെല്ല് വില്‍ക്കുന്ന കാഴ്ചയാണ്‌ കോരന്‍ കണ്ടത്‌. പില്‍ക്കാലത്ത്‌
ജന്‍മിമാരുടെ ചൂഷണത്തിനെതിരെ പ്രതിഷേധം ഉയര്‍ത്താന്‍ കോരനെ പ്രേരിപ്പിച്ചത്‌ ഈ സംഭവമാണ്‌.

27. അങ്ങനെ പാതിരായ്ക്കുശേഷം അടുപ്പില്‍ തീ എരിഞ്ഞു. ആ കുടിലില്‍ വെളിച്ചമുണ്ടായി. ഈ വാക്യം നല്‍കുന്ന സൂചന എന്ത്‌?
ഉത്തരം: അന്നത്തെ ദിവസം ആ കുടിലില്‍ ആഹാരം പാകം ചെയ്തിട്ടില്ല. അന്ന്‌ പാതിരായ്ക്കാണ്‌ കോരന്റെ കുടിലിലെ അടുപ്പില്‍ തീ കത്തിയത്‌. കുടുംബത്തിന്റെ ദൈന്യത സുചിപ്പിക്കുന്ന വാക്യമാണിത്‌. അടുപ്പിലെ പ്രകാശം കുടിലിലെ പ്രകാശം മാത്രമല്ല കോരന്റേയും ചിരുതയുടേയും മനസ്സിലെ പ്രകാശം കൂടിയാണ്‌. ചിരുത അന്നത്തെ ദിവസം ഒന്നും കഴിച്ചിട്ടില്ല. പകലന്തിയോളം പണിയെടുത്ത കോരനും തളര്‍ന്നാണ്‌ കുടിലിലെത്തിയത്‌. അവരുടെ അന്നത്തെ ദിവസത്തെ അന്നമാണ്‌ അടുപ്പിലുള്ളത്‌.

28. അപ്പന്റെ അവസ്ഥയെക്കുറിച്ച കോരന്‍ കുറ്റബോധം തോന്നിയത്‌ എന്തുകൊണ്ടായിരിക്കാം?
ഉത്തരം: അപ്പന്റെ ഈ അവസ്ഥക്ക്‌ താന്‍കൂടിയാണ്‌ കാരണക്കാരന്‍ എന്ന്‌ കോരന് തോന്നുന്നു. അതുകൊണ്ടാണ്‌ കോരന്‌ അപരാധബോധം തോന്നിയത്‌. നിറഞ്ഞ ആരോഗ്യവും ആനയുടെ കരുത്തുമുണ്ടായിരുന്ന അപ്പന്‍ ആകെ ക്ഷീണിച്ച്‌ അവശനായിരിക്കുന്നു. ഒരു തീരുമാനം എടുത്തുകഴിഞ്ഞാല്‍ അതില്‍ നിന്നും അണുവിട പിന്‍മാറുന്ന ആളല്ല. എന്നിട്ടും പിണക്കമെല്ലാം മറന്ന്‌ തന്നെത്തേടി വന്നിരിക്കുന്നു. വളരെ കഷ്ടപ്പെട്ടാണ്‌ തന്നെ വളര്‍ത്തിയത്‌. സ്വന്തം സുഖം നോക്കി ജീവിക്കുന്നതിനിടയില്‍ അപ്പന്റെ കാര്യം ഇതുവരെ തിരക്കിയില്ല.താന്‍ അപ്പനെ വിട്ടുപോരാതിരുന്നെങ്കില്‍ അപ്പന്‌ ഈ ഗതി വരുമായിരുന്നില്ല എന്നും കോരന്‍ ചിന്തിക്കുന്നു.

29. അതെന്തൊരു അക്ഷന്തവ്യമായ അപരാധമാണ്‌. ഒരു തരത്തിലും ആ തെറ്റ്‌
ന്യായീകരിക്കാവുന്നതല്ല. കോരന്റെ ഈ ധാര്‍മ്മികബോധം വര്‍ത്തമാനസമൂഹത്തില്‍
എത്രത്തോളം നിലനില്‍ക്കുന്നുണ്ട്‌?
ഉത്തരം: കോരന്റെയും ചിരുതയുടെയും വിവാഹവുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങള്‍ കാരണം കോരനെ അവന്റെ അച്ഛന്‍ കൈവെടിഞ്ഞതായിരുന്നു. എന്നാല്‍ വര്‍ഷങ്ങള്‍ക്കുശേഷം അയാള്‍ മകനെത്തേടിവരുന്നു. പാടത്തെ പണികഴിഞ്ഞ്‌ തിരിച്ചുവരുന്ന കോരന്‍ കുടിലിനകത്ത്‌ ചിരുതയുമായി സംസാരിച്ചിരിക്കുന്ന അച്ഛനെ കാണുന്നു. എഴുന്നേല്‍ക്കാന്‍ വയ്യാതായ, ക്ഷീണിതനായ തന്റെ പിതാവിനെ കണ്ടപ്പോള്‍ കോരന്റെ കണ്ണുകള്‍ നിറഞ്ഞു. അച്ഛനെ തനിച്ചാക്കി ചിരുതയുമായി മറുനാട്ടില്‍ പോയത്‌ അക്ഷന്തവ്യമായ അപരാധമായി കോരന്‌ തോന്നുന്നു. കോരന്റെ ഈ ധാര്‍മ്മികബോധം ഇന്നത്തെ സമൂഹത്തില്‍ വളരെ വിരളമായെ കാണാന്‍ കഴിയു. അതിന്‌ തെളിവാണ്‌ നമ്മുടെ നാട്ടില്‍ വര്‍ദ്ധിച്ചു വരുന്ന വൃദ്ധസദനങ്ങള്‍. മാതാപിതാക്കള്‍ തങ്ങളുടെ ജീവിതം മുഴുവന്‍ മക്കള്‍ക്കായി സമര്‍പ്പിക്കുന്നു. സുഖങ്ങള്‍ തേടി പായുന്നതിനിടയില്‍ മക്കള്‍ക്ക്‌ വൃദ്ധരായ മാതാപിതാക്കളെ ശ്രദ്ധിക്കാന്‍ സമയമില്ല. വീടിന്റെ അകത്തളങ്ങളിലും വൃദ്ധസദനങ്ങളിലും അനാഥാലയങ്ങളിലും അവരുടെ ജീവിതം തളച്ചിടപ്പെടുന്നു. സ്വന്തം മാതാപിതാക്കളെ കൈവെടിയുന്ന മക്കള്‍ അറിയുന്നില്ല നാളെ തങ്ങള്‍ക്കും ഈ ഗതിവരുമെന്ന്‌.പുതിയതലമുറയ്ക്കുള്ള ഉപദേശം കൂടിയാണ്‌ കോരന്റെ ഈ പരാമര്‍ശം.

30. 'ജീവിതത്തിന്റെ അവസാനാധ്യായങ്ങളാണ്‌ ഒരുകുറുകുറുപ്പോടെ അവിടെ വലിച്ചു
കഴിയുന്നത്‌”. കോരന്റെ അപ്പന്‌ ഈ ഗതി എങ്ങനെ വന്നു?
ഉത്തരം: കോരന്റെ അപ്പന്‍ രാപ്പകല്‍ അധ്വാനിച്ചു. അയാള്‍ അധ്വാനിച്ച്‌ വിളയിച്ച പതിനായിരം പറ നെല്ല് എത്തിയത്‌ ജന്മിമാരുടെ അറയിലാണ്‌. എന്നിട്ടും അയാള്‍ക്ക്‌ ജീവിക്കാനുള്ള വകപോലും ജന്മിമാര്‍ നല്‍കിയില്ല. എല്ലുമുറിയെ പണിയെടുത്തിട്ടും ദാരിദ്യം അല്ലാതെ മറ്റൊന്നും മിച്ചമില്ലാത്ത ജീവിതം.

31. രണ്ടിടങ്ങഴിയില്‍ തെളിയുന്ന സാമൂഹിക ജീവിതാവസ്ഥ പാഠഭാഗത്തെ ആസ്പദമാക്കി വിലയിരുത്തുക
ഉത്തരം: സ്വാമുഹ്യ വ്യവസ്ഥിതിയുടെ നേര്‍ക്കാഴ്ചകളാണ്‌ സാഹിത്യകൃതികള്‍.
ജന്മിത്തവ്യവസ്ഥയുടെ ക്രൂരതകളുടെ ഇരകളായ കുട്ടനാടന്‍ കര്‍ഷകത്തൊഴിലാളികള്‍
വര്‍ഗബോധത്തോടെ ഉയിര്‍ത്തെഴുന്നേല്‍ക്കുന്നതിന്റെ വീരോജ്വലവും വികാരനിര്‍ഭരവുമായ കഥയാണ്‌ തകഴിയുടെ രണ്ടിടങ്ങഴി. ജന്മിമാരുടെ അടിമകളായി പകലന്തിയോളം പണിയെടുക്കുന്ന കര്‍ഷകത്തൊഴിലാളികള്‍ക്ക്‌ മതിയായ കൂലിയൊ ഭക്ഷണമൊ ലഭിക്കാറില്ല. മനുഷ്യന്‍ എന്ന പരിഗണനപോലും അവര്‍ക്ക്‌ ലഭിക്കാറില്ല. ഭൂവുടമകളായ ജന്മിമാര്‍ കര്‍ഷകരെ ചൂഷണം ചെയ്യുന്ന വ്യവസ്ഥിതിയാണ്‌ അന്ന്‌ നിലനിന്നിരുന്നത്‌. കര്‍ഷകത്തൊഴിലാളികള്‍ക്കിടയില്‍ ഉയര്‍ന്നു വരുന്ന ഒറ്റപ്പെട്ട പ്രതിഷേധം കോരനിലൂടെ നോവലിസ്റ്റ്‌ ചിത്രീകരിക്കുന്നു. നോവലിന്റെ അവസാന ഭാഗമാകുമ്പോഴേക്ക്‌ ഈ പ്രതിഷേധത്തിന്‌ സംഘടിതസ്വഭാവം കൈവരുന്നത്‌
കാണാം. 'കൃഷിഭൂമി കര്‍ഷകന്‍ എന്ന മുദ്രാവാക്യം ഉയര്‍ത്തി കര്‍ഷകര്‍ ജന്‍മിത്തത്തിനെതിരെ പോരാടുന്നു. തൊഴിലാളികളുടെ നിസ്വാര്‍ത്ഥവും നിരുപാധികവുമായ സ്നേഹത്തിന്റേയും ത്യാഗത്തിന്റേയും കഥകൂടിയാണ്‌ രണ്ടിടങ്ങഴി.

32. ഭാഷാഭേദങ്ങൾ സാഹിത്യകൃതികളെ ആസ്വാദ്യമാക്കുന്നുണ്ടൊ? പ്ലാവിലക്കഞ്ഞി എന്ന പാഠഭാഗത്തെ ആസ്പദമാക്കി വിലയിരുത്തുക
ഉത്തരം: മാതൃഭാഷയുടെ ശക്തിയും ചൈതന്യവും ഭാഷാഭേദങ്ങളാണ്‌. കുട്ടനാട്ടിലെ പാവപ്പെട്ട കര്‍ഷകരുടെ സംസാരഭാഷയാണ്‌ രണ്ടിടങ്ങഴിയിലേത്‌. അധ:സ്ഥിത വര്‍ഗത്തിന്റെ എളിമയും വിനയവും ഈ ഭാഷാശൈലിയില്‍ കാണാം. 'ഏന്‍' എന്ന ഉത്തമപുരുഷ സര്‍വനാമത്തിന്റെ ഉപയോഗം ഇതിന്‌ ഉദാഹരണമാണ്‌. 'വ' എന്ന
അക്ഷരത്തിന്‌ പകരം 'മ” ഉപയോഗിക്കുന്നു.”മേണ്ട” “മയറ്റില്‌' എന്നിങ്ങനെ. “ഭ്‌”ക്ക്‌ പകരം "ബ്‌ ഉപയോഗിക്കുന്നു. 'അത്താഴക്കരിക്കാടി”, കൊട്ടില്‍”, തറ, മോന്തുക' തുടങ്ങിയ കര്‍ഷകത്തൊഴിലാളികളുടെ ജീവിതവുമായി ചേര്‍ന്നു നില്‍ക്കുന്ന പദങ്ങളും നോവലില്‍ ഉണ്ട്‌. ഗ്രാമീണഭാഷയുടെ തെളിമയും വിശുദ്ധിയും രണ്ടിടങ്ങഴളിയില്‍ കാണാം. ഓരോ നാടിനും അവരവരുടേതായ ഭാഷാരീതികളുണ്ട്‌. ആറുനാട്ടില്‍ നൂറുഭാഷ എന്നാണ്‌ ചൊല്ല്. ഭാഷാഭേദങ്ങളാണ്‌ ഭാഷയുടെ ജീവന്‍. ഭാഷഭേദങ്ങളാണ്‌ ഭാഷയുടെ സൌന്ദര്യം. സംസാരഭാഷ സാഹിത്യത്തില്‍ ഉപയോഗിക്കുന്നത്‌
ആക്ഷേപിക്കപ്പെടേണ്ടതല്ല. സംഭാഷണഭാഷ സാഹിത്യത്തെ കുടുതല്‍
ആസ്വാദ്യകരമാക്കുന്നു. വായനക്കാരന്റെ മനസ്സില്‍ കഥാപാത്രവും കഥയും ആഴത്തില്‍
പതിയുന്നത്‌ സംഭാഷണഭാഷ സാഹിത്യത്തില്‍ ഉപയോഗിക്കുമ്പോഴാണ്‌.

കഥാപാത്രങ്ങള്‍: സവിശേഷതകള്‍

ചിരുത
• രണ്ടിടങ്ങഴിയിലെ നായിക
• 'അധ:സ്ഥിതവര്‍ഗത്തിലെ ഇന്ദുലേഖ” എന്ന്‌ പ്രൊഫ. ജോസഫ്‌ മുണ്ടശ്ശേരി വിശേഷിപ്പിച്ച കഥാപാത്രം 
• ഉത്തമകുടുംബിനി
• കുടുംബത്തിനുവേണ്ടി തന്നാലാവും വിധം അധ്വാനിച്ചു
• കുടുംബസ്നേഹവും ഭര്‍ത്തൃസ്നേഹവും ഉള്ളവള്‍

* കോരന്‍
• പകലന്തിയോളം പണിയെടുക്കുന്നു
• പിതൃസ്നേഹി, കുടുംബസ്നേഹി
• ജന്മിമാരുടെ ചൂഷണത്തിനെതിരെ പ്രതികരിക്കാന്‍ ധൈര്യം കാണിച്ചവന്‍
• തൊഴിലിനോടുള്ള ആത്മാര്‍ത്ഥത
• കൂടെപണിയെടുക്കുന്നവരോടുള്ള സ്നേഹം
 വര്‍ഗബോധം

* പുഷ്പവേലില്‍ ഓസേപ്പ്‌
• രണ്ടിടങ്ങഴിയിലെ പ്രതിനായക കഥാപാത്രം
• ക്രൂരവും മനുഷ്യത്വരഹിതവുമായ ജന്മിത്തവ്യവസ്ഥയുടെ പ്രതീകം
• തൊഴിലാളികളെ പിശാചുക്കളായി കാണുന്നു
• അവരുടെ അഭ്യര്‍ഥനകള്‍ക്ക്‌ വിലകല്‍പിക്കുന്നില്ല
 ജന്മിത്തവ്യവസ്ഥക്കെതിരെ കോരന്റെ മനസ്സില്‍ പ്രതിഷേധചിന്ത ഉയരാന്‍ കാരണം പുഷ്പവേലില്‍ ഓസേേപ്പിന്റെ മനുഷ്യത്വരഹിതമായ പ്രവര്‍ത്തികളാണ്‌.

ചില പരിശീലന ചോദ്യങ്ങൾ: ഉത്തരം സ്വയം എഴുതി നോക്കുക 

1. രാത്രിയില്‍ നടക്കുന്ന വ്യാപാരത്തെ പരസ്യപ്പെടുത്തിയാലെന്ത്‌? നെല്ല്‌ കൂലി കിട്ടിയില്ലെങ്കില്‍ ജോലിക്ക്‌ പോകാതിരുന്നാലെന്ത്‌" കോരന്‍ ചിന്തിച്ചു. കര്‍ഷക തൊഴിലാളിയുടെ ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ സൂചനയാണോ ഈ ചിന്ത.? സന്ദര്‍ഭം വിശകലനം ചെയ്തെഴുതുക.
ഉത്തര സൂചനകള്‍ -
 കോരന്‍ എന്ന കഥാപാത്രം
 ചൂഷണത്തിനെതിരെയുള്ള പ്രതിഷേധം
 അധ്വാനത്തിന്‌ മതിയായ കൂലിയോ ഭക്ഷണമോ ലഭിക്കാത്ത അവസ്ഥ.
 നെല്ല്‌ കൂലിയായി കിട്ടാഞ്ഞാല്‍ കര്‍ഷക തൊഴിലാളികള്‍ പട്ടിണിയാകുന്നു.
 ജന്മിമാര്‍ നെല്ല്‌ കരിഞ്ചന്തയില്‍ വില്‍ക്കുന്നത്‌

2. *ഔസേപ്പ്‌ നെല്ല്‌ കൂലി കൊടുക്കാത്തതെന്തുകൊണ്ടാണെന്ന്‌ കോരന്‌ മനസിലായി. നെല്ലിന്‌ നല്ല വിലയുണ്ട്‌.
* ആണ്ടോടാണ്ട്‌ പതിനായിരപ്പറ നിലം കൃഷി ഉണ്ടായിരുന്ന ഒരു കൃഷിക്കാരന്റെ വേലക്കാരനായിട്ട്‌ എട്ടു വയസ്സില്‍ കൂടിയതാണയാള്‍. അതിനു ശേഷം ആ കൃഷിക്കാരന്‍ കോടീശ്വരനാവുകയും ക്ഷയിക്കുകയും പിന്നെ ഉയരുകയും ചെയ്തു.
കോരനെപ്പോലെയുള്ളവരെ പട്ടിണിയിലേക്ക്‌ തള്ളിയിട്ട പഴയ കാല സാമൂഹിക ഘടനയെക്കുറിച്ചുള്ള എന്തെല്ലാം സൂചനകള്‍ പാഠ ഭാഗത്തു നിന്ന്‌ ലഭിക്കുന്നുണ്ട്‌. വിശകലനം ചെയ്ത്‌ ഉപന്യാസം തയ്യാറാക്കുക.
ഉത്തര സൂചനകൾ: 
 അധ്വാനിച്ചിട്ടും വയറുനിറയെ ഭക്ഷണം കിട്ടാനില്ലാത്തവന്റെ വേദന, പ്രതിഷേധം - ഉദാഹരണ സഹിതം
 ജന്മിമാരുടെ കരിഞ്ചന്ത വില്പന
 കോരന്റെ അച്ഛന്റെ ജീവിതം
 ജന്മിമാരുടെ ചൂഷണം
 കേരളത്തില്‍ നിലനിന്ന ദുഷിച്ച സാമൂഹ്യ വ്യവസ്ഥിതി.

3. അത്‌ കണ്ണ് തണുപ്പിക്കുന്ന ഒരു കാഴ്ച തന്നെയായിരുന്നു (രണ്ടിടങ്ങഴി).
കണ്ണു തണുപ്പിക്കുന്ന കാഴ്ച എന്ന പ്രയോഗം നോവല്‍ സന്ദര്‍ഭത്തിന്‌ നല്‍കുന്ന സവിശേഷ ഭംഗി വിശകലനം ചെയ്ത്‌ കുറിപ്പ്‌ തയ്യാറാക്കുക.
ഉത്തരസൂചനകൾ:
 സന്ദര്‍ഭം പറയുക
 പ്രയോഗത്തിന്റെ അര്‍ഥം വിശദീകരിക്കുക

4. കഥാപാത്രനിരൂപണം തയ്യാറാക്കുക - കോരന്‍
ഉത്തരസൂചനകൾ:
 കഥ, കഥാപാത്രം പരിചയപ്പെടുത്തല്‍
 കഥാപാത്രസവിശേഷതകള്‍
 കഥാപാത്രത്തിന്റെ പ്രസക്തി
 കാലിക പ്രാധാന്യം.



ഈ ബ്ലോഗിലെ എല്ലാ പോസ്റ്റുകളും ഒരുമിച്ച് കാണാനും ആവശ്യമുള്ളവ എളുപ്പത്തിൽ തിരഞ്ഞെടുക്കാനും ഇവിടെ ക്ലിക്കുക.

PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here