Class 4 കേരള പാഠാവലി: പാഠം 1: അമൃതം - സ്നേഹം താൻ ശക്തി - ചോദ്യോത്തരങ്ങൾ, പഠന സഹായികൾ  


നാലാം ക്‌ളാസിലെ മലയാളത്തിലെ ഒന്നാം പാഠമായ അമൃതം (സ്നേഹം താൻ ശക്തി)  പഠിക്കുന്നതിനും, പഠിപ്പിക്കുന്നതിനും ആവശ്യമായ വിവിധ പഠനസഹായികൾ ഇവിടെ പോസ്റ്റ് ചെയ്യുന്നു | Student Support Materials for Class 4 Unit 1: അമൃതം (സ്നേഹം താൻ ശക്തി) - Study Materials & Teaching Manual / Questions and Answers. 
Teaching Manual ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് ഈ Notes ന്റെ അവസാനഭാഗത്ത് നൽകിയിട്ടുണ്ട്.
അദ്ധ്യായം 2 സ്നേഹം താൻ ശക്തി

ഇത്തിരിക്കാര്യം - നിത്യചൈതന്യയതി 
പ്രമുഖ ആത്മീയാചാര്യനും തത്ത്വചിന്തകനുമായിരുന്ന ഗുരു നിത്യചൈതന്യയതി പത്തനംതിട്ട ജില്ലയിലെ മുറിഞ്ഞകല്ലില്‍ 1924 നവംബര്‍ 2നാണ് ജനിച്ചത്. എം.എ ബിരുദം നേടിയശേഷം കൊല്ലം ശ്രീനാരായണ കോളേജിലും മദ്രാസ് വിവേകാനന്ദ കോളേജിലും അധ്യാപകനായിരുന്നു. ദല്‍ഹിയിലെ സൈക്കിക് ആന്‍ഡ് സ്പിരിച്വല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ഡയറക്ടര്‍, അമേരിക്ക, ഇംഗ്ലണ്ട്, യൂറോപ്പ് എന്നിവിടങ്ങളിലെ സര്‍വ്വകലാശാലകളില്‍ വിസിറ്റിങ് പ്രൊഫസര്‍ എന്നീ നിലകളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. കൂടാതെ ഫേണ്‍ഹില്‍ ഗുരുകുലത്തിന്റേയും നാരായണ ഗുരുകുലത്തിന്റേയും ഈസ്റ്റ് വെസ്റ്റ് യൂണിവേഴ്‌സിറ്റിയുടേയും അധിപനായിരുന്നു.

തത്ത്വശാസ്ത്രം, മനശാസ്ത്രം, സൗന്ദര്യശാസ്ത്രം, സാമൂഹികാചാരങ്ങള്‍ തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് മലയാളത്തിലും ഇംഗ്ലീഷിലുമായി നിരവധി പുസ്തകങ്ങള്‍ പ്രസിദ്ധപ്പെടുത്തി. കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. 1999 മെയ് 14-ന് സമാധിയായി.

കണ്ടെത്താം

• മൈനയുടെ ഒച്ച എങ്ങനെയുള്ളതായിരുന്നു?
- മനുഷ്യർ ചിരിക്കുന്ന സ്വരത്തിലാണ് മൈന ഒച്ചയുണ്ടാക്കിയത്.

• കുട്ടൻ ക്ഷുഭിതനായതെന്തുകൊണ്ട്‌?
- മുറ്റത്തു കളിച്ചു കൊണ്ടിരുന്ന കുട്ടന്റെ അരികിലേക്ക്‌ ഒരു മൈന പറന്നു വന്നു.
തന്റെ അടുത്ത്‌ വന്നിരുന്ന മൈനയെ കുട്ടൻ പിടിക്കാൻ ചെന്നപ്പോൾ അത്‌ അടുത്ത മാവിൻ കൊമ്പിലേക്കു പറന്നു പോയി. മൈന തന്നെ കബളിപ്പിച്ചതുകൊണ്ടാണ്‌ കുട്ടൻ ക്ഷുഭിതനായത്‌.

• ലൈലയ്ക്കും കുട്ടനും അമ്മ പകർന്നുകൊടുത്ത പാഠമെന്തായിരുന്നു?
- ഒരു പീഡയെറുമ്പിനും വരുത്തരുത്‌ എന്നതാണ്‌ അമ്മ അവർക്കു നല്‍കിയ പാഠം

• മൈനയുടെ പാട്ടുകേട്ട്‌ മരത്തിനുണ്ടായ മാറ്റമെന്താണ്‌?
- മധുരമായി പാടിക്കൊണ്ട് മൈന മാവിന്റെ കൊമ്പിലിരുന്നപ്പോൾ അതിലുണങ്ങിയും മുരടിച്ചും നിന്ന ഇലകളെല്ലാം പൊഴിഞ്ഞു താഴേ വിണു. അതിനുപകരം തളിരിലകൾ ആ കൊമ്പിലാകെ വന്നു നിറഞ്ഞു. മാത്രമല്ല കൊമ്പിന്റെ അറ്റത്തെല്ലാം പൂക്കുലകളും വന്നു നിറഞ്ഞു.

• മൈന മനുഷ്യശബ്ദത്തിൽ പാടിയ പാട്ടേതാണ്‌?
- സ്നേഹത്തിൽനിന്നുദിക്കുന്നു -ലോകം 
സ്നേഹത്താൽ വൃദ്ധിതേടുന്നു,
സ്‌നേഹം താൻ ശക്തി ജഗത്തിൽ -സ്വയം
സ്നേഹംതാനാനന്ദമാർക്കും;
സ്നേഹം താൻ ജീവിതം ശ്രിമൻ,-സ്നേഹ 
വ്യാഹതി തന്നെ മരണം !!

* അർഥം കണ്ടെത്താം
ക്ഷുഭിതൻ - കോപിച്ചവൻ  
• ലാക്ക്‌  - ലക്‌ഷ്യം 
• ശോഭ - ഭംഗി 
• അനുബന്ധം - കൂട്ടിച്ചേർത്തത്  
• ജഗത്ത്‌ - ലോകം 
• പീഡ - ഉപദ്രവം 
• വസന്തം - പൂക്കാലം 
• മൃദുലം - മാർദ്ദവമുള്ളത് 

  
കണ്ടെത്താം എഴുതാം
• ചേട്ടാ ഇത്‌ വെറുമൊരു മൈനയല്ല.” എന്തുകൊണ്ടായിരിക്കാം ലൈല ഇങ്ങനെ പറഞ്ഞത്‌?
- ലൈലയുടെ വീട്ടുമുറ്റത്തുണ്ടായിരുന്ന ഉണങ്ങിയ മാവിൽ പാട്ടുപാടി മൈന വന്നിരുന്നപ്പോൾ അതിൽ ഉണങ്ങിയും മുരടിച്ചും നിന്ന ഇലകളെല്ലാം പൊഴിഞ്ഞു താഴേ വീണു. അതിനുപകരം തളിരിലകളും പൂക്കളും ആ കൊമ്പിലാകെ വന്നുനിറഞ്ഞു. ഇത്‌ കണ്ട്‌ അത്ഭുതപെട്ടാണ്‌ ലൈല ഇങ്ങനെ പറഞ്ഞത്.

• മൈനയുടെ പാട്ട്‌ കുട്ടികൾ ഏറ്റുപാടിയപ്പോൾ  ചുറ്റുപാടിനുണ്ടായ മാറ്റങ്ങൾ എന്തെല്ലാമാണ്‌?
- മൈനയുടെപാട്ടു കുട്ടികൾ ഏറ്റു പാടിയപ്പോൾ മുറ്റത്തും പുരയിടത്തിലും അവർ എവിടെ നിന്നെല്ലാം ഇതു പാടിയോ അവിടെയെല്ലാം ഒരു മായാവിദ്യയിലെന്ന പോലെ നല്ല ശോഭയും മണവും തേനുമുള്ള പൂക്കളുതിർത്തു കൊണ്ട്‌ ഓരോ ചെടി പ്രത്യക്ഷപ്പെട്ടു. ആ നാട്‌ തന്നെ പാട്ടുകേട്ട്‌ കുളുർത്തതു പോലെ, വസന്തത്തിലെന്നതുപോലെ അതീവ സുന്ദരമായിത്തീർന്നു.

വ്യത്യാസം കണ്ടെത്താം

* “അ' മുന്നിൽ ചേരുമ്പോൾ വാക്കുകൾക്ക്‌ വിപരീതാർഥം വന്നുചേരുന്നതു ശ്രദ്ധിക്കൂ.
മറ്റു വാക്കുകളും ഇതുപോലെ മാറ്റിയെഴുതു.
• സാധാരണം- അസാധാരണം
• നീതി - അനീതി 
• ധർമം - അധർമം 
• സത്യം - അസത്യം 
   
കേട്ടെഴുതാം
• അധ്യാപിക പറയുന്ന ഏതാനും വാക്കുകൾ ശ്രദ്ധിച്ചു കേട്ട്‌ എഴുതു.

മാറ്റിയെഴുതാം
അടിവരയിട്ട പദങ്ങൾ അർഥവ്യത്യാസം വരാതെ വാക്യത്തിന്റെ മറ്റൊരു ഭാഗത്തു ചേർത്ത്‌ വാക്യം മാറ്റിയെഴുതാം.
• ഒരിക്കലും ഒരു പക്ഷി പേടിയില്ലാതെ ഇത്ര അടുത്തു വന്നിരിക്കുന്നത്‌ കുട്ടൻ കണ്ടിട്ടില്ല.
ഒരു പക്ഷി പേടിയില്ലാതെ ഇത്ര അടുത്തു വന്നിരിക്കുന്നത്‌ കുട്ടൻ ഒരിക്കലും കണ്ടിട്ടില്ല.

• അവർ കളിക്കുകയാണ്‌ മുറ്റത്ത്‌.
അവർ മുറ്റത്ത് കളിക്കുകയാണ് 

• അവനു തോന്നി പതുക്കെ അടുത്തു ചെന്നാൽ അതിനെ കൈയിലെടുക്കാമെന്ന്‌.
പതുക്കെ അടുത്തു ചെന്നാൽ അതിനെ കൈയിലെടുക്കാമെന്ന്‌ അവനു തോന്നി 

സ്നേഹവചനങ്ങൾ ശേഖരിക്കാം
• 'നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനെയും സ്നേഹിക്കുക'.
• 'സ്നേഹിക്കയുണ്ണീ നീ നിന്നെ ദ്രോഹിക്കുന്ന ജനത്തെയും'
ഇതുപോലെ സ്നേഹത്തിന്റെ മഹത്ത്വം സൂചിപ്പിക്കുന്ന വചനങ്ങൾ ശേഖരിക്കുക.

• സ്നേഹമാണഖിലസാരമൂഴിയിൽ 
സ്നേഹസാരമിഹസത്യമേകമാം   
- കുമാരനാശാൻ 

• "സ്നേഹമില്ലാത്ത ജീവിതമെന്നത് മരണത്തിന് തുല്യമാണ്." 
- മഹാത്മാ ഗാന്ധി

• "സ്നേഹമില്ലാത്ത ജീവിതം ഇലകളും പഴങ്ങളുമില്ലാത്ത മരം പോലെയാണ്."
- ഖലീൽ ജിബ്രാൻ 

• അന്യജീവനുതകി സ്വജീവിതം 
ധന്യമാക്കുമാമലേ വിവേകികൾ
- കുമാരനാശാൻ

• സ്‌നേഹിക്കയില്ല ഞാൻ നോവുമാത്മാവിനെ 
സ്‌നേഹിച്ചിടാത്തൊരു തത്ത്വശാസ്‌ത്രത്തെയും 
- വയലാർ രാമവർമ്മ 

• ആരെയും സ്നേഹിക്കാത്ത  മനുഷ്യന് തന്നെ ആരെങ്കിലും സ്നേഹിക്കണമെന്നു ആഗ്രഹിക്കാന്‍ അവകാശമില്ല
- എപ്പിക്കട്സ്

• സ്നേഹമെന്ന ദിവ്യമായ വികാരം അക്ഷരങ്ങളിലല്ല ഹൃദയത്തിലാണ് ജീവിക്കുന്നത്
- വില്യം ഹോക്ക്നെർ 

• കത്തുന്നതിനു മുന്പ് ജ്വലിക്കുന്ന സ്നേഹം എന്നും നില നില്‍ക്കുന്നതല്ല
- ഫെൽതാം

• അഗാധമായി നാം സ്നേഹിക്കുന്നതെന്തും നമ്മുടെ ഒരു ഭാഗമായി മാറും
- ഹെലൻ കെല്ലർ 

ചില വിശകലന ചോദ്യങ്ങൾ 
• എന്തോ അബദ്ധം ചെയ്യുവാൻ തുടങ്ങിയവനെപ്പോലെ കുട്ടൻ അവന്റെ കൈയിലിരിക്കുന്ന തെറ്റാലിയും കല്ലും തറയിലിട്ടു - അബദ്ധം ചെയ്യാൻ തുടങ്ങിയവനെപ്പോലെ എന്ന്‌ പറയാൻ കാരണമെന്ത്‌? 
മൈനയെ എറിഞ്ഞ്‌ തന്നെ വീഴ്ത്താനാണ്‌ കുട്ടൻ ശ്രമിച്ചത്‌. എന്നാൽ ഇത്രയധികം വിശിഷ്ടമായ കഴിവുകളുള്ള സ്നേഹഗാന മാലപിച്ച്‌ പ്രകൃതിയെപ്പോലും സന്തോഷിപ്പിക്കുന്ന ഈ മൈനയെയാണല്ലോ താൻ കൊല്ലാൻ ശ്രമിച്ചത്‌ എന്നോർത്ത്‌ കാണും. അപ്പോഴുണ്ടായ കുറ്റബോധത്തിൽ നിന്നാണ്‌ താൻ ചെയ്തത്‌ അബദ്ധമായിരുന്നു എന്ന്‌ കുട്ടന്‌ തോന്നിയത്‌. 

• കുട്ടന്റെ സ്ഥാനത്ത്‌ നിങ്ങളായിരുന്നെങ്കിൽ എന്തു ചെയ്യുമായിരുന്നു?
ഞാനും ഒരുപക്ഷെ കല്ലെടുത്തെറിയാൻ ശ്രമിച്ചേക്കാം. പക്ഷെ മൈനയുടെ സ്നേഹഗാനം കേട്ട ഒരാൾക്കും അതിനെ ഉപ്രദവിക്കാൻ തോന്നില്ല. സഹജീവികളെ ഉപ്രദ്രവിക്കുന്നത്‌ തെറ്റാണെന്നും അങ്ങനെ ചെയ്യരുതെന്നുമുളള തിരിച്ചറിവ്‌ എനിക്ക്‌ ഉണ്ടായിട്ടുണ്ട്‌. 

• എന്തുകൊണ്ടാണ്‌ മൈനക്ക്‌ ഈ അത്ഭുതങ്ങൾ ചെയ്യാൻ കഴിഞ്ഞത്‌? 
- സ്നേഹഗാനം പാടിയതുകൊണ്ടാണ്‌ മൈനക്കിതു സാധിച്ചത്‌ സ്നേഹത്തിന്‌ പരിഹരിക്കാൻ കഴിയാത്ത ഒന്നുമില്ല. ഏതു മുറിവും ഉണക്കാനുള്ള അത്ഭുത മരുന്നാണ്‌ സ്നേഹം. വരൾച്ചയിൽ വസന്തം വിരിയിക്കാനും ശൂന്യതയിൽ നിന്ന്‌ തേനും മണവും ശോഭയുമുളള പൂക്കളും തീർക്കാനും സ്നേഹത്തിന്‌ കഴിയും എന്ന്‌ ഈ കഥ നമ്മെ ഓർമിപ്പിക്കുന്നു.



ഈ ബ്ലോഗിലെ എല്ലാ പോസ്റ്റുകളും ഒരുമിച്ച് കാണാനും ആവശ്യമുള്ളവ എളുപ്പത്തിൽ തിരഞ്ഞെടുക്കാനും ഇവിടെ ക്ലിക്കുക.

PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here