Class 6 അടിസ്ഥാനപാഠാവലി: സഹോദരശ്രുതി, ഊഞ്ഞാൽപ്പാട്ട്, പഠനപ്രവർത്തനങ്ങൾ - ചോദ്യോത്തരങ്ങൾ   


Questions and Answers for Class 6 Malayalam - Adisthana Padavali Unit 01 സ്നേഹസ്പർശം | Std 6 അടിസ്ഥാനപാഠാവലി: അദ്ധ്യായം 01 സഹോദരശ്രുതി - ഊഞ്ഞാൽപ്പാട്ട് - ആശയം - ചോദ്യോത്തരങ്ങൾ 
സഹോദരശ്രുതി
(ജീവിതഗാനം)
(പി.എൻ.ദാസ് )
• ദേവാലയം പണിയാൻ നാട്ടുകാര്‍ തിരഞ്ഞെടുത്തത്‌ സഹോദരങ്ങൾ കണ്ടുമുട്ടിയ
ഇടമാണ്‌. എന്തുകൊണ്ട്‌?
ജ്യേഷ്ഠനും അനുജനും തമ്മിലുള്ള ആത്മാർഥമായ സ്നേഹത്തിന്റെ കഥയാണ്‌ സഹോദരശ്രുതി. അവർ തമ്മിലുള്ള കരുതലും പരസ്പര സ്‌നേഹവും ആദ്യം തമ്മിൽ അറിയുന്നില്ലെങ്കിലും പിന്നീട്‌ ഇരുവരും അതു തിരിച്ചറിയുന്നു. ആ സ്‌നേഹം പരസ്പരം തിരിച്ചറിഞ്ഞ സ്ഥലമാണ്‌ നാട്ടുകാർ ദേവാലയത്തിനായി തെരഞ്ഞെടുക്കുന്നത്‌. രക്തബന്ധത്തിനപ്പുറം എല്ലാ മനുഷ്യരെയും സഹോദരന്മാരായിക്കാണാനുള്ള വിശാലത നമുക്കുണ്ടാവണമെന്നു ഓർമ്മിപ്പിക്കുന്നതാണ്‌ ഈ കഥ. സ്നേഹമുള്ളിടത്തേ ദൈവം വസിക്കുകയുള്ളൂ, സ്നേഹമാണ്‌ ദൈവം. അതുകൊണ്ടു തന്നെയാണ്‌ സഹോദരന്‍മാരുടെ സ്‌നേഹവും കരുതലും അവർ പരസ്പരം തിരിച്ചറിഞ്ഞ സ്ഥലത്തു തന്നെ ദേവാലയം പണിയാൻ നാട്ടുകാർ തീരുമാനിച്ചത്‌.

ഊഞ്ഞാൽപ്പാട്ട്
(പുരുഷസൂക്തം )
(കടമ്മനിട്ട രാമകൃഷ്ണൻ)

കടമ്മനിട്ട രാമകൃഷ്ണൻ
രാഷ്ട്രീയ സാംസ്കാരിക പ്രവർത്തകനും അതിലുപരി കവിയുമായ കടമ്മനിട്ട രാമകൃഷ്ണൻ 1935 മാർച്ച് 22ന് പത്തനംതിട്ട ജില്ലയിലെ കടമ്മനിട്ടയിൽ കടമ്മനിട്ട രാമൻ നായർ ആശാന്റെയും കുട്ടിയമ്മയുടെയും മകനായി ജനിച്ചു. കേരളത്തിന്റെ നാടോടി സംസ്കാരത്തെയും പടയണിപോലെയുള്ള നാടൻ കലാരൂപത്തെയും സന്നിവേശിപ്പിച്ച രചനാ ശൈലിയാണ് ഇദ്ദേഹം സ്വീകരിച്ചത്. നാടോടി കലാരൂപങ്ങളുടെ താളം തന്റെ കവിതയിലും പ്രതിഫലിപ്പിച്ചു. ഇദ്ദേഹത്തിന്റെ മിക്ക കവിതകളും മനുഷ്യകേന്ദ്രീകൃതമായിരുന്നു. ആറന്മുള നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിച്ച് ഒരിക്കൽ നിയമസഭാ അംഗവുമായി. 1965ൽ "ഞാൻ" എന്ന കവിത പ്രസിദ്ധീകരിച്ച് കവിതാലോകത്തേക്ക് ഇദ്ദേഹം കടന്നു. ശാന്തയാണ് ഭാര്യ. 2008 മാ‍ർച്ച് 31ന് അർബുധ ബാധയാൽ ഇദ്ദേഹം മരണമടഞ്ഞു.
ആശാൻ പുരസ്കാരം (കടമ്മനിട്ടയുടെ കവിതകൾ - 1982), കേരള സാഹിത്യ അക്കാദമി പുരസ്കാരം, അബുദാബി മലയാളി സമാജം പുരസ്കാരം, മസ്കറ്റ് കേരള സാംസ്കാരിക കേന്ദ്രം ഏർപ്പെടുത്തിയ പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്.

കൃതികൾ
• കുറത്തി
• കുഞ്ഞേ മുലപ്പാൽ കുടിക്കരുത്
• മഴപെയ്യുന്നു മദ്ദളംകട്ടുന്നു
• വെള്ളിവെളിച്ചം
• ഗേദയെ കാത്ത് (വിവർത്തനം)
• സൂര്യശില (വിവർത്തനം)
• കോഴി
• കാട്ടാളാൻ

ഊഞ്ഞാൽപ്പാട്ട് - ആശയം 

ജോലി കഴിഞ്ഞ്‌ ക്ഷീണിച്ച്‌ അവശനായിവീട്ടിലെത്തുന്ന അച്ഛനെ എതിരേൽക്കാൻ ഓടിയെത്തുകയാണ്‌ കൊച്ചു കുട്ടികളായ മകനും മകളും.
കുഞ്ഞുമോൻ തളിര്‌ പോലുള്ള ചുണ്ടുകൊണ്ട്‌ കൊഞ്ചിക്കൊഞ്ചി അവ്യക്തമായി എന്തെല്ലാമോ പറഞ്ഞു.
അച്ഛൻ അവനെ എടുത്തു തോളത്തു കിടത്തിയപ്പോൾ തന്റെ കൊച്ചു ചിറ്റുളി പല്ലുകൾ കൊണ്ട്‌ അമർത്തി പതിയെ കടിച്ചു.
അച്ഛന്റെ തോളിൽ കൊച്ചുപൂവ്‌ പോലെയുള്ള പാടുകൾ വീണു.
അച്ഛൻ താഴെ നിർത്തിയപ്പോൾ പിച്ചവച്ച്‌ ഓടിനടന്ന്‌ വീണിട്ട്‌ അച്ഛനെ നോക്കി കണ്ണീര്‍ പൊഴിച്ചു. ഓമനക്കണ്ണാ നീ നില്‍ക്കു നിന്‍റെ അടുത്തേക്ക്‌ അച്ഛൻ എത്തട്ടെ..., ഓമന ചന്തമേ....
നില്‍ക്കു അച്ഛൻ ഈ ഉടുപ്പൊന്നുമാറ്റട്ടെ....
വല്ലാത്ത ഉഷ്ണമാണ്‌ മക്കളെ, ദേഹത്താകെ വിയർപ്പാണ്‌. ഈ വിയർപ്പൊക്കെ തുടച്ചിട്ട്‌ നിങ്ങളെ എടുക്കാം.
അപ്പോഴേക്കും ഗീതമോള്‍ ഓടിയെത്തി. അച്ഛന്റെ കഴുത്തിൽ താമരയുടെ തണ്ടുകൾ പോലെയുള്ള കൈകൾകൊണ്ട് ചുറ്റി കുനിച്ചു, എന്നിട്ടു അച്ഛന്റെ വിയർപ്പു നിറഞ്ഞ നെറ്റിയിൽ കുഞ്ഞു ചുണ്ടുകളാൽ ഉമ്മ വച്ചു. 
അച്ഛന്റെയും മക്കളുടെയും സ്‌നേഹപ്രകടനങ്ങൾ മനസ്സുനിറയെ കണ്ട്‌ ഒരു പ്രാർത്ഥാനാനാളം പോലെ നില്‍ക്കുകയാണ്‌ അമ്മ.
അവർക്കിടയിൽ അപ്പോൾ വീശുന്ന കാറ്റിന്‌ പോലും എന്ത്‌ സുഗന്ധമാണെന്നു കറുത്ത തൂവൽ ചിക്കികൊണ്ട്‌ ഒരു കുയില്‍ പാടുന്നു.
അച്ഛന്റെ മനസ്സാകുന്ന കൊച്ചു പൂമ്പാറ്റ പുള്ളിച്ചിറകുവീശി ആഴത്തിൽ കറുത്ത്‌ കിടക്കുന്ന കടലിന്റെ അക്കരെ എത്തി.
അപ്പോൾ ഓളങ്ങൾ എല്ലാം ചേർന്ന്‌ ശോഭയുള്ള ഒരു പുവായ്‌ വിടരുന്ന പോലെ അച്ഛന്റെ മനസ്സ്‌ സന്തോഷത്താൽ വിടർന്നു.
ഉണ്ണിമോഹങ്ങൾ തുള്ളി കളിക്കുന്ന മണ്ണിലെ നറും കൗതുകത്തിന്റെ ഉള്ളിന്റെ ഉള്ളിലെ തേൻ തുള്ളിയായി ഞാൻ കുറച്ചു നേരം സന്തോഷമായി നില്‍ക്കുന്നു എന്ന്‌ അച്ചൻ പറയുന്നു.

പുതിയ പദങ്ങൾ 
• കറ്റൻ - കറുത്തവൻ 
• ചെറ്റ്‌ - അല്പം
• ഒളി - ശോഭ
• ഉഷ്ണം - ചൂട്‌
• കറ്റനാമാഴി - കറുത്ത കടൽ 
• പൂൺപ് - അലങ്കാരം

പഠനപ്രവർത്തനങ്ങൾ 

കണ്ടെത്താം, പറയാം

1. അച്ഛനെ കണ്ടപ്പോൾ കുട്ടികൾ സന്തോഷം പ്രകടിപ്പിക്കുന്നത്‌ എങ്ങനെയെല്ലാമാണ്‌?
- കുഞ്ഞുമോൻ തളിര്‌ പോലുള്ള ചുണ്ടുകൊണ്ട്‌ കൊഞ്ചിക്കൊഞ്ചി അവ്യക്തമായി
എന്തെല്ലാമോ പറഞ്ഞു. അവനെ എടുത്തു തോളത്തു കിടത്തിയപ്പോൾ തന്റെ
കൊച്ചു ചിറ്റുളി പല്ലുകൾ കൊണ്ട്‌ അമർത്തി പതിയെ കടിച്ചു. ഗീതമോള്‍ ഓടിയെത്തി അച്ഛന്റെ കഴുത്തിൽ താമരത്തണ്ടെറിഞ്ഞു കുനിച്ചു, എന്നിട്ടു അച്ഛന്റെ വിയർപ്പു നിറഞ്ഞ നെറ്റിയിൽ കുഞ്ഞു ചുണ്ടുകളാൽ ഉമ്മ വച്ചു.

2. “ചിറ്റുളിപ്പല്ലമർത്തിയെൻ തോളിൽ 
കൊച്ചുപൂവിൻ പടങ്ങൾ വരഞ്ഞും”
കൊച്ചുകുട്ടികൾ എങ്ങനെയെല്ലാമാണ്‌ സ്നേഹപ്രകടനം നടത്താറുള്ളത്‌?
- കൊച്ചുകുട്ടികൾ പ്രിയപ്പെട്ടവരെ കാണുമ്പോൾ ഓടിച്ചെന്ന് കെട്ടിപ്പിടിക്കുകയും ഉമ്മ വക്കുകയും ചെയ്യും. ചുറ്റും ഓടി കളിച്ചു സന്തോഷം പ്രകടിപ്പിക്കും. അവരുടെ മടിയിൽ കയറിയിരുന്നു കഥകൾ പറയാൻ തുടങ്ങും.

3. “കഴുത്തിൽ താമരത്തണ്ടെറിഞ്ഞു.”
ഇവിടെ “താമരത്തണ്ട്‌” എന്നതുകൊണ്ട്‌ കവി എന്താണ്‌ ഉദ്ദേശിക്കുന്നത്‌?
- താമരയുടെ തണ്ടുകൾ പോലെ മൃദുലവും വഴങ്ങുന്നതുമായ ഗീതമോളുടെ സുന്ദരമായ കൊച്ചുകൈകളെയാണ് താമരത്തണ്ട് എന്ന് കവി വിശേഷിപ്പിക്കുന്നത്.

4. മക്കളുടെ സ്നേഹം അച്ഛന്‌ എന്തെല്ലാം അനുഭവങ്ങൾ നൽകുന്നു?
- മക്കളുടെ സ്നേഹം അച്ഛനെ സന്തോഷവാനാക്കുന്നു. അച്ഛന്റെ മനസ്സാകുന്ന കൊച്ചു പൂമ്പാറ്റ പുള്ളിച്ചിറക് വീശി ആഴത്തിൽ ആഴത്തിൽ കറുത്ത്‌ കിടക്കുന്ന കടലിന്റെ അക്കരെ എത്തി. അപ്പോൾ ഓളങ്ങൾ എല്ലാം ചേർന്ന്‌ ശോഭയുള്ള ഒരു പുവായ്‌ വിടരുന്ന പോലെ അച്ഛന്റെ മനസ്സ്‌ സന്തോഷത്താൽ വിടർന്നു. ഉണ്ണിമോഹങ്ങൾ തുള്ളി കളിക്കുന്ന മണ്ണിലെ നറും കൗതുകത്തിന്റെ ഉള്ളിന്റെ ഉള്ളിലെ തേൻ തുള്ളിയായി ഞാൻ കുറച്ചു നേരം സന്തോഷമായി നില്‍ക്കുന്നു എന്ന്‌ അച്ചൻ പറയുന്നു.

വിശകലനം ചെയ്യുക

• “ഉഷ്ണമാണെന്റെ മക്കളേ ദേഹ-
ത്തുപ്പുനാറും, തുടച്ചിട്ടെടുക്കാം.” - അച്ഛനിങ്ങനെ പറയാൻ കാരണമെന്ത്‌?
ജോലി കഴിഞ്ഞ്‌ ക്ഷീണിച്ച്‌ അവശനായാണ്‌ അച്ഛൻ വീട്ടിൽ എത്തുന്നത്‌. അച്ഛന്റെ വരവ്‌ കാത്തിരുന്ന കുട്ടികൾ അച്ഛനെ കണ്ടതിന്റെ സന്തോഷത്തിൽ  കെട്ടിപ്പിടിക്കുകയും, ഉമ്മ വക്കുകയും ചെയ്യുന്നു. കുട്ടികളുടെ ദേഹത്ത്‌ വിയർപ്പു പറ്റുമെന്ന്‌ കരുതി അച്ഛൻ അവരെ പിന്തിരിപ്പിക്കാനായി ഇങ്ങനെ പറയുന്നു “വല്ലാത്ത ഉഷ്ണമാണ്‌ മക്കളെ, ദേഹത്താകെ വിയർപ്പാണ്‌. ഈ വിയർപ്പൊക്കെ തുടച്ചിട്ട്‌ നിങ്ങളെ എടുക്കാം.” തന്റെ ദേഹത്തെ അഴുക്ക്‌ കുഞ്ഞുങ്ങളുടെ മേല്‍ പറ്റരുതെന്നും, തന്റെ കഷ്ടപ്പാടും ക്ഷീണവും മക്കൾ അറിയരുതെന്നും അച്ഛൻ ആഗ്രഹിക്കുന്നു.

• “പ്രാർഥനാനാളം” എന്ന പദംകൊണ്ട്‌ കവി ഉദ്ദേശിക്കുന്നതാരെ? എന്തുകൊണ്ടാണ്‌ ഈ പദം തന്നെ ഉപയോഗിച്ചത്‌?
- അച്ഛന്റെയും മക്കളുടെയും സ്‌നേഹപ്രകടനങ്ങൾ കണ്ട്‌ നില്‍ക്കുന്ന അമ്മയെയാണ്‌ 'പ്രാർഥനാനാളം” എന്ന പദംകൊണ്ട്‌ കവി ഉദ്ദേശിക്കുന്നത്‌. ഭർത്താവിന്റെയും മക്കളുടെയും അഭിവൃദ്ധിക്കുവേണ്ടി എപ്പോഴും പ്രാർത്ഥനയോടെ ജീവിക്കുന്നവളാണ്‌ അമ്മ.

• “കൊച്ചുപൂമ്പാറ്റ പുള്ളിച്ചിറകാൽ 
കറ്റനാമാഴിക്കക്കരെയെത്തി” - വരികളിലെ ആശയം വിശദമാക്കുക.
അച്ഛന്റെ മനസ്സാകുന്ന കൊച്ചു പൂമ്പാറ്റ പുള്ളിച്ചിറകുവിശി ആഴത്തിൽ കറുത്ത്‌ കിടക്കുന്ന കടലിന്റെ അക്കരെ എത്തി എന്നതാണ്‌ ഈ വരികളുടെ അർഥം. തന്റെ കുടുംബത്തിൽ നിറഞ്ഞിരിക്കുന്ന സ്നേഹവും പ്രാർത്ഥനയും ആണ്‌ എല്ലാ കഷ്ടപ്പാടുകളും നീന്തി കടക്കാൻ അച്ഛന്റെ മനസ്സിനെ സഹായിക്കുന്നത്‌.

പ്രയോഗഭംഗി കണ്ടെത്താം

• പിരണ്ടോടി വീണു, ഉള്ളിന്നുള്ളിലെ തേൻതുള്ളി, ഓമനച്ചന്തം-
ഇതുപോലെ കവിതയിലെ സവിശേഷപ്രയോഗങ്ങൾ കണ്ടെത്തി കവിതയ്ക്ക്‌ ഇവ നല്‍കുന്ന സൌന്ദര്യം വിശദമാക്കുക.
- പിച്ചവെച്ചു, പിരണ്ടോടി വീണു, കൊഞ്ഞകൂമ്പി, ചിറ്റുളിപ്പല്ല് , കൊച്ചുപൂവിൻപടങ്ങൾ, ഓമനക്കണ്ണാ, താമരത്തണ്ട്, പ്രാർത്ഥനാനാളം, ഒളിപൂൺപ്,  ഉണ്ണിമോഹങ്ങൾ എന്നിങ്ങനെ മനസ്സിൽ സുന്ദരമായ ചിത്രങ്ങൾ ഉണ്ടാക്കുന്ന ഒരുപാട് പ്രയോഗങ്ങൾ കവിതയിലുണ്ട്. കൊഞ്ഞകൂമ്പി, ചിറ്റുളിപ്പല്ല് , കൊച്ചുപൂവിൻപടങ്ങൾ, ഓമനക്കണ്ണാ, താമരത്തണ്ട്, പ്രാർത്ഥനാനാളം, ഒളിപൂൺപ്, എന്നീ പ്രയോഗങ്ങളിലെല്ലാം പിതാവിന്റെ സ്നേഹവാത്സല്യങ്ങൾ നിറഞ്ഞു നിൽക്കുന്നു. പിച്ചവെച്ചു, പിരണ്ടോടി വീണു എന്നീ പാദങ്ങളിലെ അക്ഷരാവർത്തനം വായനയ്ക്ക്‌ താളഭംഗി നല്‍കുന്നു. പ്രാർത്ഥനാനാളം എന്ന പ്രയോഗത്തിലൂടെ കുടുംബത്തിന്റെ നന്മയ്ക്ക്‌ വേണ്ടി എപ്പോഴും പ്രാർഥിച്ചു കൊണ്ടിരിക്കുന്ന അമ്മയെയാണ്‌ കവി സൂചിപ്പിക്കുന്നത്‌.

കവിതയും ചിത്രവും
• കവിതയോടൊപ്പം കൊടുത്ത ചിത്രം ശ്രദ്ധിച്ചല്ലോ. ഇതിനെ കവിതയിലെ ആശയവുമായി എങ്ങനെ ബന്ധിപ്പിക്കാം? ചർച്ചചെയ്യു.
താമര, താമരമൊട്ട്, മത്സ്യങ്ങൾ, കൈവിരലുകൾ എന്നിവ ചിത്രത്തിൽ കാണാം. കവിതയിലെ കൊച്ചുകുടുമ്പത്തിന്റെ പ്രതീകമാണീ താമരച്ചെടി. കൈവിരലുകൾ അച്ഛന്റേതാണ് , അച്ഛന്റെയടുത്തേയ്ക്ക് ഓടിയെത്തുന്ന കുഞ്ഞുങ്ങളുടെ പ്രതീകമാണ് രണ്ട് മത്സ്യങ്ങൾ. പ്രാർത്ഥനയാൽ കൂമ്പി നിൽക്കുന്ന അമ്മയുടെ പ്രതീകമാണ് താമരമൊട്ട്.

പദചേർച്ച 
• നില്‍ക്കുമോമനക്കണ്ണാ: നില്കും - ഓമന - കണ്ണാ 
• ഗീതമോളോടിയെത്തി: ഗീതാമോൾ - ഓടി - എത്തി
• ഓളമെല്ലാമൊരുകുലപ്പുവായ്: ഓളമെല്ലാം - ഒരു കുല - പൂവായ് 

ആസ്വാദനക്കുറിപ്പ് 
കുടുംബബന്ധത്തിന്റെ ഇഴയടുപ്പമാണിവിടെ കവി വരച്ചു കാട്ടുന്നത്‌. ഉഷ്ണമാണ്‌ മക്കളെ, ദേഹത്താകെ വിയർപ്പാണ്‌, ഈ വിയർപ്പൊക്കെ തുടച്ചിട്ട്‌ നിങ്ങളെ എടുക്കാമെന്ന്‌ പറയുന്ന അച്ചൻ മക്കളുടെ സ്നേഹപ്രകടനത്തിൻ മുന്നിൽ തന്റെ കഷ്ടപ്പാടുകളെയാണ്‌ തുടച്ചു മാറ്റാൻ ശ്രമിക്കുന്നത്‌. അവര്‍ക്കിടയിൽ അപ്പൊൾ വീശുന്ന കാറ്റിനു പോലും സ്‌നേഹത്തിന്റെ സുഗന്ധമാണ്‌. അച്ചന്റെ മനസാകുന്ന പൂമ്പാറ്റയുടെ ചിറക്‌ ദുർബലമാണ്‌. എങ്കിലും ആ ചിറക്‌ കൊണ്ട്‌ എല്ലാ കഷ്ടതകളും താണ്ടി ജീവിതത്തിന്റെ അക്കരെയെത്താൻ കുടുംബബന്ധത്തിലെ സ്നേഹമാണ്‌ അച്ഛന്‌ ശക്തി നല്‍കുന്നത്‌. തേൻ നുകരാനെത്തിയ വണ്ടുകൾക്ക്‌ പൂവ്‌ തേൻ നല്‍കുന്നതു പോലെ തന്റെ ഉള്ളിലെ സ്നേഹം മുഴുവൻ അച്ഛൻ കുഞ്ഞുങ്ങൾക്ക്‌ പകർന്നു നല്‍കുന്നു. പിതൃസ്നേഹത്തിന്റെ ഉദാത്തഭാവമാണ്‌ ഈ കവിതയിൽ കാണാനാവുന്നത്‌. 



ഈ ബ്ലോഗിലെ എല്ലാ പോസ്റ്റുകളും ഒരുമിച്ച് കാണാനും ആവശ്യമുള്ളവ എളുപ്പത്തിൽ തിരഞ്ഞെടുക്കാനും ഇവിടെ ക്ലിക്കുക.

PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here