Class 6 കേരളപാഠാവലി - Chapter 02 ഓടയിൽ നിന്ന് - പഠനപ്രവർത്തനങ്ങൾ - ചോദ്യോത്തരങ്ങൾ   


Questions and Answers for Class 6 Malayalam - Kerala Padavali - Activities | Std 6 മലയാളം- കേരളപാഠാവലി: Unit 01 ചിത്രവർണങ്ങൾ - 
അദ്ധ്യായം 02 ഓടയിൽ നിന്ന് - ചോദ്യോത്തരങ്ങൾ - ചോദ്യോത്തരങ്ങൾ 
ഓടയിൽ നിന്ന്
(നോവൽ)
(പി കേശവദേവ്)
പി കേശവദേവ്ന്റെ ആദ്യ നോവലാണ് ഓടയിൽ നിന്ന്. മലയാള സാഹിത്യ ചരിത്രത്തിൽ വലിയ സ്ഥാനം ലഭിച്ച കൃതിയാണിത്.

* പി കേശവദേവ് 
1905 ഓഗസ്റ്റില്‍ ജനിച്ചു. യഥാര്‍ത്ഥ നാമം കേശവപിള്ള. പിതാവ്‌ പപ്പുപിള്ള, മാതാവ്‌ കാർത്യായനി അമ്മ. പണ്ഡിറ്റ് ഖുശിറാമിന്റെ ചിന്തകളില്‍ ആകൃഷ്ടനായി ആര്യസമാജത്തില്‍ ചേര്‍ന്ന് കേശവദേവ് എന്ന പേരു സ്വീകരിച്ചു. പിന്നീട് യുക്തിവാദി പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തകനായി രാഷ്ട്രീയത്തില്‍ പ്രവേശിച്ചു. തൊഴിലാളി പ്രസ്ഥാനങ്ങള്‍ക്ക് നേതൃത്വം നല്‍കി. സ്വദേശാഭിമാനി, രാജഭാരതം, പ്രതിദിനം, മഹാത്മാ എന്നീ ആനുകാലികങ്ങളുടെ പത്രാധിപരായിരുന്നു. 1930-കളില്‍ മലയാള കഥാസാഹിത്യത്തിന് നേതൃത്വം നല്‍കി. ആദ്യനോവല്‍ ഓടയില്‍നിന്ന്. എണ്‍പതോളം കൃതികള്‍ പ്രസിദ്ധപ്പെടുത്തി. അയല്‍ക്കാര്‍ 1964-ലെ സാഹിത്യ അക്കാദമി അവാര്‍ഡും ’70-ലെ സോവിയറ്റ് ലാന്‍ഡ് നെഹ്‌റു അവാര്‍ഡും നേടി. കേരള സാഹിത്യ അക്കാദമിയുടെയും സാഹിത്യ പ്രവര്‍ത്തക സഹകരണസംഘത്തിന്റെയും പ്രസിഡന്റായിരുന്നു. കുറച്ചുകാലം ആകാശവാണിയില്‍ പ്രൊഡ്യൂസറായി ജോലി ചെയ്തു. കേരള സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ് ലഭിച്ചിട്ടുണ്ട്. 1983 ജൂലൈ ഒന്നിന് അന്തരിച്ചു.

പ്രധാന കൃതികള്‍
നോവല്‍ : പങ്കലാക്ഷീടെ ഡയറി, വെളിച്ചം കേറുന്നു, സര്‍വ്വരാജ്യ കോഴികളേ സംഘടിക്കുവിന്‍, ഓടയില്‍നിന്ന്, കണ്ണാടി, സഖാവ് കരോട്ട് കാരണവര്‍, അയല്‍ക്കാര്‍, കേശവദേവിന്റെ മൂന്ന് നോവലുകള്‍
കഥ : ‘പ്രതിജ്ഞ’യും മറ്റ് പ്രധാന കഥകളും, കേശവദേവിന്റെ കഥകള്‍
ആത്മകഥ : എതിര്‍പ്പ്‌

പഠനപ്രവർത്തനങ്ങൾ

വായിക്കാം, പറയാം

• ജനത്തിരക്കുള്ള നഗരപാതയെ കഥാകൃത്ത്‌ വർണിക്കുന്നതെങ്ങനെ?
- പാത ജന നിബിഡമായിരുന്നു. പ്ലഷർ കാറുകർ, ബസ്സുകൾ, കാളവണ്ടികൾ, റിക്ഷകൾ. പുതുമയുടെ യുവത്വവും പഴമയുടെ വാർധക്യവും മുട്ടിയും തട്ടിയും പാഞ്ഞും ഇഴഞ്ഞും അങ്ങോട്ടും ഇങ്ങോട്ടും പോകുന്നുണ്ട്‌. അവയുടെ ഇടയില്‍ക്കൂടി ജീവിതം പുളച്ചുകയറിയും പതുങ്ങി പതുങ്ങിയും ചാഞ്ഞും ചരിഞ്ഞും ചിരിച്ചും കരഞ്ഞും അങ്ങനെ ഒഴുകി ക്കൊണ്ടിരുന്നു. ഇങ്ങനെയാണ്  ജനത്തിരക്കുള്ള നഗരപാതയെ കഥകൃത്ത്‌ വർണ്ണിച്ചിരിക്കുന്നത്‌.

• റിക്ഷാ തട്ടി വീഴുന്ന കുട്ടി എന്തിനെപ്പറ്റിയാണ്‌ സങ്കടപ്പെടുന്നത്‌?
- കുട്ടിയുടെ കയ്യിലെ കൊട്ടയിൽ അത്താഴത്തിനുള്ള അരിയും, ഉപ്പും, മുളകുമെല്ലാം ഉണ്ടായിരുന്നു. റിക്ഷാ തട്ടി വീണപ്പോൾ അവയെല്ലാം ചിതറിപ്പോയി. ഇതൊക്ക കളഞ്ഞുവെന്ന്‌ അമ്മയറിഞ്ഞാൽ തന്നെ തല്ലുമെന്നോർത്ത്‌ അവൾ കരഞ്ഞു.

• പെണ്‍കുട്ടിയുടെ മനസ്സ്‌ തെളിഞ്ഞതെപ്പോൾ ?
- റിക്ഷ തട്ടി പെണ്‍കുട്ടിയുടെ കയ്യിലെ അരിയും, ഉപ്പും, മുളകുമെല്ലാം റോഡിൽ വീണത്‌ കൊണ്ട്‌ അവൾക്ക്‌ നഷ്ടപ്പെട്ടതിനേക്കാൾ കൂടുതൽ സാധനങ്ങൾ പപ്പു വാങ്ങി കൊടുത്തു. കൂട്ടത്തിൽ അവൾക്ക്‌ കഴിക്കാൻ പാളയം കോടൻ പഴവും പപ്പു വാങ്ങിക്കൊടുത്തു. അപ്പോഴാണ്‌ കുട്ടിയുടെ മനസ്സ്‌ തെളിഞ്ഞത്‌.

• തന്റെ റിക്ഷാ തട്ടി കുട്ടി വീണതുകണ്ടപ്പോൾ പപ്പുവിന്റെ മാനസികാവസ്ഥ എന്തായിരുന്നു?
പപ്പുവിന്റെ ജീവിതത്തിൽ ഉണ്ടായ ആദ്യത്തെ സംഭവമാണ്‌. തന്റെ റിക്ഷതട്ടി പെണ്‍കുട്ടി വീണപ്പോൾ പപ്പുവിന്റെ മനസ്സിൽ സഹതാപവും, കുറ്റബോധവുമാണ്‌ തോന്നിയത്‌. റിക്ഷാക്കാരനെന്ന നിലയിലുള്ള തന്റെ സല്‍പ്പേരും കളങ്കപ്പെട്ടല്ലോ എന്ന വിഷമവും ഉണ്ടായി.

പദപരിചയം

• നിബിഡം, പാന്ഥര്‍, പ്രതിബന്ധം, വാഗ്ദത്തം, അക്ഷമ, സ്തബ്ധര്‍, സഹതാപം, കളങ്കം, സാക്ഷി, കൃതജ്ഞതാപൂര്‍വം എന്നിവയ്ക്ക്‌ പകരം പദങ്ങള്‍ കണ്ടെത്തി എഴുതുക.
• നിബിഡം - നിറഞ്ഞ
• വാന്ഥര്‍ - വഴിയാത്രക്കാർ 
• പ്രതിബന്ധം - തടസ്സം
• വാഗ്ദത്തം - വാക്കു കൊടുക്കപ്പെട്ട
• അക്ഷമ - ക്ഷമയില്ലായ്മ
• സഹതാപം - അനുകമ്പ
• കളങ്കം - മാലിന്യം
• സാക്ഷി - കണ്ടുനില്‍ക്കുന്നവൻ 
• സ്തബ്ധർ - തരിച്ചുനില്‍ക്കുന്നവർ 
• കൃതജ്ഞതാപുർവം - നന്ദിയോടെ

അന്നും ഇന്നും

• "പ്ലഷർകാറുകൾ, ബസ്സുകൾ, ജഡ്ക്കാകൾ, കാളവണ്ടികൾ...”
ഒരു പഴയകാല നഗരചിത്രമാണ്‌ കഥയിലുള്ളത്‌.
കാലംമാറി, രൂപം മാറി, ജീവിതം മാറി.
ഇക്കാലത്തെ തെരുവാണ്‌ വർണിക്കുന്നതെങ്കിൽ എന്തെല്ലാം മാറ്റങ്ങളാണ്‌ ഉണ്ടാവുക? ചർച്ചചെയ്യുക
പുതിയ തരത്തിലുള്ള കാറുകൾ, കൂറ്റൻ കെട്ടിടങ്ങൾ, ടാറിട്ട റോഡുകൾ, റോഡിനു മുകളിലൂടെ പോകുന്ന മേല്‍പ്പാലങ്ങൾ, മെട്രോകൾ, എങ്ങും ജനത്തിരക്ക്‌, എന്നിവയായിരിക്കും. കൂടാതെ മനുഷ്യജീവിതവും ആളുകളും പണ്ടത്തേതിനേക്കാൾ ഒരുപാട് മാറിയിരിക്കുന്നു. ഏവരുടെയും കയ്യിൽ മൊബൈല്‍ ഫോണുകളും, എല്ലാവിധ ആധുനിക സൗകര്യങ്ങളുമാണുള്ളത്‌. രൂപത്തിലും ഉണ്ട്‌ ഒരുപാട മാറ്റങ്ങൾ. പണ്ടത്തെ രീതിയിലുള്ള വസ്ത്രധാരണം അല്ല ഇപ്പോഴത്തെ രീതിയിൽ ഉള്ളത്‌.

ചൊല്ലുകൾ ചൊല്ലുകൾ 

* കൊളത്തീ മുങ്ങിയാ കെണറ്റിലേ നീരത്തൊള്ളു.
“ കുഴിയിൽ താണാൽ കുന്നിലേ പൊങ്ങു.
* കടലുണ്ടിയിൽ ഉറങ്ങിയാൽ കൊയിലാണ്ടിയിലേ ഉണരു.
ഏതാണ്ട്‌ ഒരേ ആശയങ്ങള്‍ ഉൾക്കൊള്ളുന്ന ചൊല്ലുകളാണിവ.
സമാനമായ ഒരു ചൊല്ല് നിർമ്മിക്കുക. പരസ്പരം വിലയിരുത്തുക.
• നാട്ടിൽ നിന്ന് ഓടിയാ കാട്ടിലേ നിൽക്കുള്ളൂ 
• കായലിൽ മുങ്ങിയാ കടലിലേ പൊങ്ങുള്ളൂ 
• വെളിച്ചത്ത് മുങ്ങിയാ ഇരുട്ടത്തേ പൊങ്ങു 
• പ്രാതലുകഴിഞ്ഞ് പോയാൽ അത്താഴത്തിന് നോക്കിയാൽ മതി 

സങ്കല്പിക്കാം, എഴുതാം

• വീട്ടിൽ തിരിച്ചെത്തിയ കുട്ടി അമ്മയോട്‌ എന്തെല്ലാമായിരിക്കും സംസാരിച്ചിരിക്കുക?
അമ്മയും മകളും തമ്മിലുണ്ടാവാനിടയുള്ള സംഭാഷണം സങ്കൽപ്പിച്ചെഴുതുക.
കല്യാണി (അമ്മ): നീഎന്താ ഇത്ര വൈകിയത്‌?
ലക്ഷ്മി (മകൾ): അമ്മേ, വരുന്ന വഴിക്കു എന്നെ ഒരു റിക്ഷാ വണ്ടി തട്ടി.
അമ്മ: അയ്യോ, മോൾക്കെന്തെങ്കിലുംപറ്റിയോ?
ലക്ഷ്മി: ഇല്ലമ്മേ, ഉപ്പും മുളകും എല്ലാം വഴിയില്‍ പോയി.
അമ്മ: കഷ്ടമായി, നമ്മളിനി എന്ത്‌ ചെയ്യും? എന്റെ മോൾക്ക്‌ ഞാനിനി എന്ത്‌ തരും?
ലക്ഷ്മി: അമ്മ വിഷമിക്കണ്ട, ആ റിക്ഷാവണ്ടിക്കാരൻ മാമ്മൻ പകരം സാധനങ്ങൾ 
വാങ്ങിത്തന്നു, എനിക്ക്‌ കഴിക്കാൻ പഴവും വാങ്ങിത്തന്നു.
അമ്മ: സത്യമാണോ? അയാള്‍ നല്ല ഒരു മനുഷ്യനാണല്ലോ? അയാളെ ദൈവം അനുഗ്രഹിക്കും. എന്താ അയാളുടെ പേര്‌?
ലക്ഷ്മി: പപ്പു എന്നാണ്‌ ആ മാമ്മന്റെ പേര്‌. അമ്മ പറഞ്ഞത് ശരിയാ ആ മാമൻ വളരെ നല്ല മനുഷ്യനാണ്.

കണ്ടെത്താം, വിശദികരിക്കാം

• ഒരു കുട്ട അകലെ തെറിച്ചുകിടക്കുന്നു. അതിനരുകിൽ കുറച്ച്‌ അരിയും മൂന്ന്‌ മുളകും അല്‍പ്പം ഉപ്പും ചിതറിക്കിടക്കുന്നു.
• ഉച്ചയായപ്പഴ് ഒരു ചട്ടി പച്ചോളം കുടിച്ചു.
• വീട്ടിലമ്മയൊണ്ട്‌, അമ്മേം ഞാനുംകൂടെ തിന്നോളാം.
• ഞാനൊന്നേ ഒള്ളൂ.
കഥയിലെ വ്യത്യസ്ത സന്ദർഭങ്ങളിൽ നിന്നെടുത്ത വാക്യങ്ങളാണിവ.
ഇതിലൂടെ കുട്ടിയുടെ ജീവിതസാഹചര്യത്തെക്കുറിച്ച്‌ എന്തെല്ലാം മനസ്സിലാക്കാം?
വിശദീകരിക്കുക.
- കുട്ടിയുടെ ജീവിതസാഹചര്യം വരച്ചു കാണിക്കുന്ന വാക്യങ്ങളാണിവ. തികഞ്ഞ ദാരിദ്ര്യത്തിലാണ്‌ അവളുടെ ജീവിതം എന്ന്‌ നമുക്ക്‌ മനസിലാക്കാം. റിക്ഷ തട്ടി വീണപ്പോൾ തെറിച്ചു വീണ അവളുടെ കുട്ടയിൽ ആകെയുണ്ടായിരുന്നത്‌ കുറച്ചു അരിയും, മൂന്നു മുളകും അല്പം ഉപ്പും മാത്രമാണ്‌. അത്രയും വാങ്ങാനുള്ള കാശേ അവളുടെ കയ്യിൽ ഉണ്ടായിരുന്നുള്ളു. ഉച്ചഭക്ഷണം പോലും അവൾ കഴിച്ചിരുന്നില്ല, പച്ച വെള്ളം മാത്രമാണ്‌ കുടിച്ചത്‌. വീട്ടിൽ അവളും അമ്മയും മാത്രമേ ഉള്ളു. അവൾക്കു അച്ഛനോ സഹോദരി സഹോദരന്മാരോ ആരും ഇല്ല. ദാരിദ്ര്യം നിറഞ്ഞ, സഹായിക്കാൻ ആരുമില്ലാത്ത ഒരു കുട്ടിയുടെയും അമ്മയുടെയും അവരുടെ വീടിന്റെയും ചിത്രം നമുക്കിവിടെ തെളിഞ്ഞു കാണാം.

• പപ്പുവിന്റെ എന്തെല്ലാം സവിശേഷതകളാണ്‌ കഥയിൽ വെളിവാകുന്നത്‌?
- ജോലിയിലുള്ള വൈദഗ്ദ്ധ്യം
- പറഞ്ഞ വാക്കുപാലിക്കൽ 
- അനുകമ്പ 
- ജീവിതത്തെക്കുറിച്ചുള്ള പ്രതീക്ഷ.
ഇവ വ്യക്തമാക്കുന്ന സന്ദർഭങ്ങൾ കഥയിൽ നിന്നു കണ്ടെത്തി വിശദീകരിക്കുക.
• ജോലിയിലുള്ള വൈദഗ്ദ്ധ്യം
പപ്പുവിന്റെ റിക്ഷ പാന്ഥരുയുടെയും വാഹനങ്ങളുടെയും ഇടയിൽക്കൂടി മിന്നൽ  വേഗത്തിൽ പോകുന്നുണ്ട്‌. വലതുകൈ ബെല്ലിന്റെ അടുത്തു തന്നെ ഇരിക്കുന്നുണ്ടെങ്കിലും അതുപയോഗിക്കുന്നില്ല. വാഹനങ്ങളിൽ നിന്നും പാന്ഥരിൽ നിന്നും ഒഴിഞ്ഞൊഴിഞ്ഞു അയാൾ റിക്ഷയും കൊണ്ട്‌ ഓടുന്നത്‌ അത്ഭുതകരമായ ഒരു കാഴ്ചയാണ്‌. റിക്ഷയിലിരിക്കുന്നവർക്ക്‌ തോന്നും വാഹനങ്ങളുമായി കൂട്ടിമുടി അപകടമുണ്ടാവുമെന്ന്‌. വഴിപോക്കർക്കു തോന്നും റിക്ഷാ അവരുടെ ശരീരത്തു കയറുമെന്ന്‌. തൊട്ടു, തൊട്ടില്ല എന്ന മട്ടാകുമ്പോൾ കാണാം, പപ്പു അലക്ഷ്യമായി റിക്ഷ ഒന്ന്‌ വെട്ടിച്ച്‌ ഒരു ചിരിയും ചിരിച്ചുകൊണ്ടു പോകുന്നത്‌.

• പറഞ്ഞ വാക്കു പാലിക്കൽ 
പപ്പുവിന്‌ അയാളുടെ വാക്കിനെ അവിശ്വസിക്കുന്നതും, അയാളുടെ പ്രാപ്തിയെ ചോദ്യം ചെയുന്നതും സഹിക്കാൻ കഴിയാവുന്നതല്ലായിരുന്നു. അയാൾ എന്ത് കഷ്ടപ്പാട്‌ സഹിച്ചും കൊടുത്ത വാക്ക്‌ പാലിച്ചിരുന്നു. റിക്ഷ അപകടത്തിൽ പെട്ടിട്ടും തനെ റിക്ഷയിൽ ഉണ്ടായിരുന്ന യാത്രക്കാരനെ വളരെ പെട്ടെന്ന്‌ റെയിൽവേ സ്റേഷനിൽ എത്തിക്കാം എന്ന്‌ യാത്രക്കാരനോട് പറഞ്ഞ വാക്ക്‌ അയാൾ പാലിച്ചു. കൂടാതെ, അപകടത്തില്‍പ്പെട പെണ്കുട്ടിയോട് താൻ ഇപ്പോൾ വരാമെന്നും സാധനങ്ങൾ വാങ്ങിച്ചു തരാം എന്നുള്ള വാക്കും അയാൾ നിറവേറ്റി.

• അനുകമ്പ, ദയ, സ്നേഹം
അപകടത്തിൽപ്പെട്ട പെണ്‍കുട്ടി ഉച്ചയ്ക്ക്‌ ഒരു ചട്ടി പ്ച്ചവെള്ളമാണ്‌ കുടിച്ചത് എന്ന്‌ പറഞ്ഞപ്പോൾ അയാൾക്ക്‌ അവളോട്‌ അനുകമ്പ തോന്നി. ഒരു പീടികയിൽ കയറി അവൾക്ക്‌ കഴിക്കാനുള്ള പഴവും, തന്റെ റിക്ഷ തട്ടി ചിതറിപ്പോയതിനു പകരമായി അരിയും ഉപ്പും മുളകും വാങ്ങിച്ചു കൊടുത്തു.

• ജീവിതത്തെക്കുറിച്ചുള്ള പ്രതീക്ഷ
അതുവരെ പപ്പുവിന്റെ ജീവിതത്തിൽ 'നാളെ' എന്നൊരു പ്രതീക്ഷയുണ്ടായിരുന്നില്ല. എന്നാൽ ലക്ഷ്മിയെ പരിചയപ്പെട്ടതിനുശേഷം അയാൾക്ക്‌ തനിക്ക്‌ ആരൊക്കെയോ ഉണ്ടെന്നുള്ള പ്രതീക്ഷ ജീവിതത്തിൽ ഉണ്ടാകുന്നു. ആരോരുമില്ലാത്ത പപ്പുവിന് ജീവിതത്തിൽ ലക്ഷ്മിയെ പരിചയപ്പെടുന്നത്‌ വരെ നാളെയെക്കുറിച്ച്‌ ഒരു പ്രതീക്ഷയുണ്ടായിരുന്നില്ല. ലക്ഷ്മിയെ പരിചയപ്പെട്ടപ്പോൾ തനിക്ക്‌ ആരൊക്കെയോ ഉണ്ടെന്നന്നുള്ള തോന്നൽ പപ്പുവിനുണ്ടായി.

വിശകലനം ചെയ്യുക

• അതുവരെ അയാളുടെ ജീവിതത്തിൽ “നാളെ” ഉണ്ടായിരുന്നില്ല. അന്നാദ്യമായി അയാൾക്കൊരു “നാളെ” ഉണ്ടായി.
“നാളെ” എന്ന പദത്തിലൂടെ അർഥമാക്കുന്നതെന്ത്‌?
ആരോരുമില്ലാത്ത പപ്പുവിന് ജീവിതത്തിൽ ലക്ഷ്മിയെ പരിചയപ്പെടുന്നത്‌ വരെ നാളെയെക്കുറിച്ച്‌ ഒരു പ്രതീക്ഷയുണ്ടായിരുന്നില്ല. ലക്ഷ്മിയെ പരിചയപ്പെട്ടപ്പോൾ തനിക്ക്‌ ആരൊക്കെയോ ഉണ്ടെന്നന്നുള്ള തോന്നൽ പപ്പുവിനുണ്ടായി. പപ്പുവിന്‌ ആ പെണ്‍കുട്ടിയോട്‌ വളരെയധികം സ്നേഹവും വാത്സല്യവും തോന്നി. എന്നും അവളുടെ കൂടെ ഉണ്ടാകണമെന്ന്‌ അയാൾ ആഗ്രഹിച്ചു. അവൾക്ക് വേണ്ടി ഇനിയുള്ള കാലം ജീവിക്കണമെന്ന ആഗ്രഹം അയാളുടെ നാളെകളെ പ്രതീക്ഷകൾ നിറഞ്ഞതാക്കുന്നു.



ഈ ബ്ലോഗിലെ എല്ലാ പോസ്റ്റുകളും ഒരുമിച്ച് കാണാനും ആവശ്യമുള്ളവ എളുപ്പത്തിൽ തിരഞ്ഞെടുക്കാനും ഇവിടെ ക്ലിക്കുക.

PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here