Class 10 കേരളപാഠാവലി - Chapter 01 ഋതുയോഗം - ആശയം - ചോദ്യോത്തരങ്ങൾ   


Study Notes for Class 10th Malayalam | SSLC Malayalam കേരളപാഠാവലി: Unit 01 കാലാതീതം കാവ്യ വിസ്മയം

Std X Malayalam: കേരളപാഠാവലി: Unit 01 കാലാതീതം കാവ്യ വിസ്മയം - അദ്ധ്യായം 01 ഋതുയോഗം - ചോദ്യോത്തരങ്ങൾ 

ഋതുയോഗം:-
* എ. ആർ. രാജരാജവർമ - മലയാള ശാകുന്തളം - ഏഴാം അങ്കം.
അഭിജ്ഞാനശാകുന്തളം - കാളിദാസൻ രചിച്ച സംസ്കൃത നാടകം - മഹാഭാരതത്മിലെ ശകന്തളോപാഖ്യാനത്തെ ആസ്പദമാക്കി രചിച്ച കൃതി - കാളിദാസൻ വിക്രമാദിത്യ സദസ്സിലെ നവരത്നങ്ങളിൽ ഒരാൾ 

എ. ആർ. രാജരാജവർമ -
. ആർ. രാജരാജവർമ - കേരളപാണിനി എന്നറിയപ്പെടുന്നു - ചങ്ങനാശ്ലേരിയിൽ ജനനം.
കൃതികൾ -കേരളപാണിനീയം, ഭാഷാഭൂഷണം, വൃത്തമഞ്ജരി, സാഹിത്യ സാഹ്യം, ശബ്ദശോധി, മധ്യമ വ്യാകരണം, ഭാഷാകുമാരസംഭവം, മലയാള ശാകുന്തളം, മലയവിലാലാസം, പ്രസാദമാല.

കഥാസംഗ്രഹം
“ഹസ്തിനപുരിയിലെ രാജാവായ ദുഷ്യന്തൻ മൃഗയാവിനോദത്തിനായി മാലിനീ നദി തീരത്തുള്ള കണ്വാശ്രമത്തിൽ എത്തുന്നു.
*കണ്വ മഹർഷി തന്റെ വളർത്തു മകളായ ശകുന്തളയുടെ വളർത്തുദോഷം
പരിഹരിക്കുന്നതിനായി സോമതീർഥത്തിലേക്ക്‌ പോയിരുന്നു.
* ശകുന്തളയും തോഴിമാരും ചേർന്ന്‌ ദുഷ്യന്തനെ അതിഥി മര്യാദാനുസരണം സല്‍ക്കരിക്കുകയും ശകുന്തളയും ദുഷ്യന്തനും പ്രണയത്തിലാവുകയും ഗാന്ധർവ്വ വിധിപ്രകാരം വിവാഹിതരാവുകയും ചെയ്യുന്നു.
*രാജ്യഭരണാര്‍ഥം രാജധാനിയിലേക്ക്‌ പോകേണ്ടി വന്നപ്പോൾ ദുഷ്യന്തന്‍ ഗർഭിണിയായ ശകുന്തളയ്ക്ക്‌ മുദ്രമോതിരം നല്‍കി നാലുനാൾക്കകം കൊട്ടാരത്തിലേക്ക്‌ കൂട്ടികൊണ്ടുപോകാമെന്ന്‌ അറിയിച്ചു പോകുന്നു.
*മനോവിചാരത്തിലായിരുന്ന ശകുന്തള ആശ്രമത്തിൽ അതിഥിയായി എത്തിയ ക്ഷിപ്രകോപിയായ ദുർവാസാവിനെ കണ്ടില്ല.
* അതിഥിമര്യാദ പൂർവ്വം സല്‍ക്കരികാത്തതില്‍ ദുർവാസാവ്‌ ശപിക്കുന്നു- ശകുന്തള
ആരെയാണോ ഓർത്തുകൊണ്ടിരിക്കുന്നത്‌ അയാൾ അവളെ മറന്നു പോകട്ടെയെന്ന്‌.
* ശാപവാക്കുകൾ കേട്ട സഖിമാരായ അനസുയയും പ്രിയംവദയും മഹർഷിയെ അനുനയിപ്പിച്ച്‌ പരിഹാരം തേടുന്നു.
* ആരെയാണ്‌ ഓർത്തിരിന്നു പോയത്‌ അയാളെ എന്തെങ്കിലും അടയാളം കാണിച്ചാല്‍
ശാപമോക്ഷം ലഭിക്കുമെന്ന്‌ ദുര്‍വാസാവ്‌ പറഞ്ഞു.
* മുദ്രമോതിരം ശകുന്തളയുടെ കയ്യിൽ ഉണ്ടായിരുന്നതിനാൽ സഖിമാർ ആശ്വസിക്കുന്നു.
* ആശ്രമത്തിലെത്തിയ കണ്വ മഹര്‍ഷി ദിവ്യദൃഷ്ടി കൊണ്ട്‌ കാര്യങ്ങള്‍ മനസ്സിലാക്കിയിട്ട്‌ ഗര്‍ഭിണിയായ ശകുന്തളയെ ശിഷ്യന്മാരോടൊപ്പം കൊട്ടാരത്തിലേക്ക്‌ യാത്രയാക്കുന്നു.
* യാത്രമധ്യേ മുദ്രമോതിരം നഷ്ടപ്പെടുന്നു.
* കൊട്ടാരത്തിലെത്തിയ ശകുന്തളയെ, ദുര്‍വാസാവിന്റെ ശാപകാരണം ദുഷ്യന്തന്‍
തിരിച്ചറിഞ്ഞില്ല .
*ദുഷ്യന്തന്‍ അപമാനിച്ച്‌ തിരിച്ചയച്ച ശകുന്തളയെ മാതാവായ മേനക അവിടെ എത്തി
കൂട്ടിക്കൊണ്ടുപോയി.
*മാരീചാശ്രമത്തില്‍ വെച്ച്‌ ശകുന്തള സർവദമനനെ പ്രസവിച്ചു.
*ദേവാസുര യുദ്ധത്തില്‍ വിജയിയായി ഇന്ദ്രതേരാളിയായ മാതലിയോടൊപ്പം ഭൂമിയിലേക്കു വരുന്ന വേളയില്‍ ദുഷ്ഷന്തന്‍ മാരീചാശ്രമത്തില്‍ എത്തുന്നു. ബാല പ്രായമെത്തിയ സര്‍വദമനനെ കാണുന്നു.
*സിംഹക്കുട്ടിയുടെ വായപൊളിച്ച്‌ പല്ലെണ്ണിനില്‍ക്കുന്ന സര്‍വദമനനെ അത്ഭുതത്തോടെ നോക്കിനിന്ന ദുഷ്യന്തൻ കുട്ടിയുടെ കയ്യില്‍ കെട്ടിയിരുന്ന രക്ഷ അഴിഞ്ഞുവീണ്‌ തറയില്‍ കിടന്നതെടുത്തു കെട്ടിക്കൊടുത്തു.
*അവന്റെ മാതാപിതാക്കളോ അവനോ, അല്ലാതെ തറയില്‍ വീണ രക്ഷ എടുത്താല്‍ അത്‌ സർപ്പമായിമാറി ആ രക്ഷ എടുത്തവനെ കടിക്കും.
*തന്റെ മകനെയും (സര്‍വദമനന്‍) ശകുന്തളയേയും ദുഷ്യന്തന്‍ തിരിച്ചറിയുന്നു.
*തന്റെ കൈവശമുള്ള മുദ്രമോതിരം (ശകുന്തളയുടെ കൈയില്‍ നിന്ന്‌ നഷ്ടപ്പെട്ട തിരികെ കിട്ടിയത്‌) ശകുന്തളയോട്‌ അണിയാൻ ആവശ്യപ്പെടുന്നു.
*താന്‍ ചെയ്തുപോയ അരുതായ്യകളുടെ പേരില്‍ പശ്ചാത്താപ പരവശനായ ദുഷ്യന്തന്‍ മാപ്പ്‌ ചോദിക്കുന്നു.
*ദേവ പിതാക്കളായ ആദിതിയുടേയും (ദാക്ഷായണി) മാരീചന്റെയും അനുഗ്രഹത്തോടെ ദുഷ്യന്തന്‍ ശകുന്തളയെ സന്തോഷപൂര്‍വം സ്വീകരിച്ചു.

മുഖ്യകഥാപാത്രങ്ങൾ 
ദുഷ്ഷന്തൻ, ശകുന്തള , സർവദമനൻ, കശ്യപൻ 
* ഗൌതമി - കണ്വാശ്രമത്തിലെ വൃദ്ധതാപസി - ശകുന്തളയുടെ വളർത്തമ്മ.
* മാതലി - ദേവേന്ദ്രന്റെ സാരഥി, ദേവാസുര യുദ്ധം, കഴിഞ്ഞു മടങ്ങുന്ന ദുഷ്ഷന്തനെ
ഹേമകൂടത്തിലെത്തിച്ച്‌ ശകുന്തള. സമാഗമത്തിന്‌ വഴിയൊരുക്കുന്നു.
* മാരീചൻ - (കശ്യപ പ്രജാപതി) ദേവേന്ദ്രന്റെ പിതാവായ മഹർഷി. ഭർത്താവ്‌ ഉപേക്ഷിച്ച ശകുന്തളയെ, മാതാവായ മേനക മാരീചാശ്രമത്തിലാണ്‌ കൊണ്ടു ചെന്നാക്കിയത്‌.
* അദിതി- ദക്ഷന്റെ പുത്രി- ദാക്ഷായണി- ദേവമാതാവ്‌.

ജാതി സ്വഭാവം
ക്ഷത്രിയഭാവം - ക്ഷത്രിയന്റെ ഹിംസ ഭാവം
വീരബാലൻ - വീര ലക്ഷണങ്ങൾ തികഞ്ഞ ബാലകൻ.

വിഗ്രഹാർഥം
• പൂമേനി- പൂപോലുള്ള മേനി
• മഹർഷി ബാലൻ - മഹർഷി വളർത്തിയ ബാലൻ 
• സിംഹബാലകൻ - സിംഹത്തിന്റെ ബാലകൻ
• താംബൂല ചർവണം - താംബൂലം ചർവണം ചെയ്യൽ 
• പല്ലിൻ മൊട്ടുകൾ - പല്ലുകളാകുന്ന മൊട്ടുകൾ 
• ഗളരോമങ്ങൾ - ഗളത്തിലെ രോമങ്ങൾ 
• വീരബാലൻ - വീരനായ ബാലൻ 
• ശകുന്തലാസ്യം - ശകുന്തത്തിന്റെ ലാസ്യം
• ബിംബാധരം - ബിംബം പോലുള്ള അധരം

ചോദ്യോത്തരങ്ങൾ 

1. “ഋതുയോഗം' എന്ന ശീര്‍ഷകത്തിന്റെ ഔചിത്യം പരിശോധിക്കുക
- 'ഋതുയോഗത്തിന്‌ വസന്തകാലം എന്നാണ്‌ അർത്ഥം. ജുതുക്കളിൽ വച്ച്‌ ശ്രേഷ്ഠവും സുന്ദരവുമാണ്‌ വസന്തം. അതിനാൽ ഋതു എന്ന പദം വസന്തകാലത്തെ സൂചിപ്പിക്കുന്നു. വസന്തം വരുമ്പോൾ ലത പൂവണിയുന്നു. അതുപോലെ മോതിരം ധരിക്കൽ സൗഭാഗ്യത്തിന്റെ ചിഹ്നമാണെന്ന്‌ ദുഷ്യന്തൻ സൂചിപ്പിക്കുന്നു. ഇവിടെ ശകുന്തളയുടെ ജീവിതത്തിൽ ഉണ്ടാകാൻ പോകുന്ന സൗഭാഗ്യത്തെ വ്യംഗ്യമായി സൂചിപ്പിക്കുന്നുമുണ്ട്‌. ശകുന്തളയുടെയും ദുഷ്യന്തന്റെയും പുനസ്സമാഗമത്തെകൂടി
"ഋതുയോഗം” എന്ന പ്രയോഗം വ്യക്തമാക്കുന്നു.

2. സർവദമനിൽ പ്രകടമാവുന്ന ഭാവങ്ങൾ എന്തൊക്കെ?
- സർവദമനനിൽ ബാല്യത്തിന്റെ നിഷ്കളങ്കതയും കുസൃതിയും കാണുന്നുണ്ട്‌. “സർവദമനൻ”എന്ന വാക്കിന്‌ എല്ലാം അടക്കുന്നവൻ എന്നർഥം. ഇവിടെ ആശ്രമവാസികളെ കുസൃതി നിറഞ്ഞ നിഷ്കളങ്ക പ്രവൃത്തികളാലും സഹജീവികളെ സ്നേഹപരിചരണങ്ങളാലും വരുതിയിലാക്കാൻ അവന്‍ സാധിക്കുന്നുണ്ട്‌. ലൗകികവ്യാപാരങ്ങളിൽ നിന്ന്‌ ഇന്ദ്രിയങ്ങളെ അടക്കി വിജയം നേടിയവൻ എന്ന അർഥവുമുണ്ട്‌.

3. “കളിക്കോപ്പേല്‍ക്കാനായ്‌ കുതുകമൊടു നീട്ടീടിന കരം
വിളക്കിച്ചേർത്തോണം വിരൽനിര ഞെരുങ്ങിത്തൊടുകയാൽ 
വിളങ്ങുന്നു രാഗം ഭൃശമെഴുമുഷസ്സിൽദ്ദലകുലം
തെളിഞ്ഞീടാതൊന്നായ്‌ വിടരുമൊരു തണ്ടാർമലരുപോൽ'
ഈ വരികളിൽ തെളിയുന്ന ചമല്‍ക്കാരഭംഗി വിശകലനം ചെയ്ത്‌ കുറിച്ച്‌ തയാറാക്കുക.
- പ്രഭാതത്തിൽ വിടരുന്ന താമരപ്പൂവിന്റെ ഇതളുകളെല്ലാം പൂർണമായി വിടർന്നിട്ടുണ്ടാവില്ല. വിളക്കിച്ചേർത്ത പോലെ വിരൽഞ്ഞെരുങ്ങി നില്‍ക്കുന്ന സർവദമനന്റെ കൈകൾ താമരപ്പൂവിന്‌ സമാനമാണ്‌. താമരപ്പൂവിന്റെ ചുവപ്പുനിറവും മൃദുലതയും സർവദമനന്റെ കൈകൾക്കും യോജിക്കുന്നുണ്ട്‌. 'ഉഷസ്സ്‌' എന്ന പ്രയോഗം സർവദമനന്റെ ബാലത്വത്തെ സൂചിപ്പിക്കുന്നു. ച്രകവർത്തീ ലക്ഷണങ്ങൾ കൈകളിൽ കാണുമ്പോഴും അലപകാലത്തെ കാത്തിരിപ്പിനുശേഷം
അത്‌ തെളിയുമെന്ന്‌ തന്നെയാണ്‌ ദുഷ്യന്തന്റെ പ്രതീക്ഷ. നന്നായി ചെമന്നതും ഇടതൂർന്ന വിരലുകളുള്ളതും മൃദുവായതും ഉള്ളം കൈയിൽ വില്ലിന്റെയും അങ്കുശത്തിന്റെയും മുദ്രകളുള്ളതുമായ കൈയുള്ളവൻ ച്രകവർത്തിയായിത്തീരും എന്ന്‌ 'സാമുദ്രികശാസ്ത്രം” എന്ന ഗ്രന്ഥത്തിൽ സൂചിപ്പിക്കുന്നുണ്ട്‌. ആ ലക്ഷണത്തിന്റെ സാരാംശം തന്നെയാണ്‌ കാളിദാസൻ ഈ ശ്ലോകത്തിൽ ചേർത്തിട്ടുള്ളത്‌.

4. സർവദമനൻ തേജസ്വിയായി വളരും എന്ന ചിന്ത ദുഷ്യന്തനിൽ ഉദിക്കുന്നതായി
അവതതരിപ്പിച്ചിരിക്കുന്നത്‌ എങ്ങനെ?
- ഈ കുട്ടി വലിയോരു തേജസ്വിന്റെ വിത്താണെന്ന്‌ ദുഷ്യന്തന്‍ തോന്നുന്നു. എരിയുന്നതിനുവേണ്ടി വിറകും കാത്തുകിടക്കുന്ന തീപ്പൊരിപോലെ ഭാവിയിൽ മഹാതേജസ്വിയായി വളരാനുള്ള ലക്ഷണങ്ങൾ രാജാവ്‌ ബാലനിൽ കാണുന്നു. നാളെ അഗ്നിയായി വളരാനുള്ള തീപ്പൊരിയാണവൻ.
 
5. ആശ്രമവാസിക്ക്‌ ചേരാത്തതാണ്‌ കുട്ടിയുടെ പ്രവൃത്തി എന്ന്‌ ദുഷ്യന്തൻ വ്യക്തമാക്കുന്നത്‌ എങ്ങനെ?
ചെറുപാമ്പ്‌, ചന്ദനമരം എന്നീ പ്രയോഗങ്ങള്‍ കൊണ്ട്‌ അര്‍ത്ഥമാക്കുന്നത്‌ എന്ത്‌?
- ചെറുപാമ്പ്‌ ചന്ദനമരത്തിലെന്നപോലെ ആശ്രമജീവിതത്തിന്‌ ചേരാത്ത കുസ്ൃതിത്തരങ്ങൾ ചെയ്ത്‌ നിന്റെ പവിത്രമായ ജന്‍മത്തിന്‌ കളങ്കമുണ്ടാക്കരുത്‌ എന്ന്‌ രാജാവ്‌ ബാലനോട്‌ പറയുന്നു. ശാന്തതയാണ്‌ ആശ്രമത്തിന്റ പൊതുസ്വഭാവം. ഇതിന്‌ വിരുദ്ധമായ ബാലചാപല്യങ്ങളാണ്‌ സർവദമനൻ കാണിക്കുന്നത്‌. പരിശുദ്ധി നിറഞ്ഞ, സൗരഭം പരത്തുന്ന ചന്ദനമരത്തിൽ അപകടകാരിയായ പാമ്പ്‌ കയറുന്നത്‌ പോലെയാണ്‌ കുട്ടിയുടെ പ്രവൃത്തി. വിശുദ്ധമായ ആശ്രമത്തെ ചന്ദനമരത്തോടും സർവദമനനെ ചെറുപാമ്പിനോടും സാദൃശ്യപ്പെടുത്തിയിരിക്കുന്നു.

6. “തന്റേതാണെന്ന്‌ അറിഞ്ഞുകൊണ്ട്‌ പുത്രനെ തൊടുന്ന പിതാവിന്റെ നിർവൃതി”എന്ന പ്രയോഗം രാജാവിന്റെ ഏത്‌ മാനസികാവസ്ഥയെ കുറിക്കുന്നു?
- സർവദമനന്റെ പിതാവായിരിക്കുന്നത്‌ അത്രയേറെ പുണ്യമാണെന്ന്‌ ദുഷ്ഷന്തൻ കരുതുന്നു. അവന്റെ നിഷ്കളങ്കതയും കുസൃതിയും പ്രസരിപ്പും വീരത്വവും അത്രയ്ക്ക്‌ രാജാവിനെ ആകർഷിച്ചു. സർവദമനൻ തന്റെ പുത്രനായിരുന്നെങ്കിൽ എന്ന രാജാവിന്റെ ചിന്ത ഈ വാക്യത്തിൽ പ്രതിഫലിക്കുന്നു.

7. 'ധരണീഭരണം' എന്നതുകൊണ്ട്‌ അര്‍ത്ഥമാക്കുന്നത്‌ എന്ത്‌?
- രാജ്യഭരണമാണ്‌ ധരണീഭരണം.

8. "തരുമൂലഗൃഹസ്ഥരായ് ചരിക്കുക” എന്നതുകൊണ്ട്‌ അർത്ഥമാക്കുന്നത്‌ എന്ത്‌?
- പുരുവംശരാജാക്കർമാർ രാജ്യഭരണത്തിനുശേഷം ഏകപത്നിയോടൊപ്പം കൊട്ടാരത്തിലെ സുഖസൗകര്യങ്ങൾ ഉപേക്ഷിച്ച്‌ വനവാസത്തിന്‌ പുറപ്പെടുന്നു.കൊട്ടാരത്തിലെ ആഡംബരത്തിൽ നിന്ന്‌ പ്രകൃതിയുടെ ലാളിത്യത്തിലേക്കുള്ള യാത്ര. ഇതാണ്‌ 'തരുമൂലഗൃഹസ്ഥരായ്‌ ചരിക്കുക" എന്ന പദംകൊണ്ട്‌ അര്‍ത്ഥമാക്കുന്നത്‌.

9. പുരുവംശ രാജാക്കൻമാരുടെ അന്ത്യമായ കുല്രവതം എന്ത്‌?
- രാജ്യഭരണത്തിനു ശേഷം വാർധക്യകാലത്ത്‌ വാനപ്രസ്ഥം സ്വീകരിക്കുക എന്നതാണ്‌ പൌരവൻമാരുടെ അന്ത്യമായ കുല്രവതം.

10. വിരഹദു:ഖം അനുഭവിക്കുന്ന ശകുന്തളയെ അവതരിപ്പിച്ചിരിക്കുന്നത്‌ എങ്ങനെ?
- മലിനമായ രണ്ട്‌ വസ്ത്രങ്ങളാണ്‌ ശകുന്തള ധരിച്ചിരുന്നത്‌. വ്രതാനുഷ്ഠാനത്താൽ ഏറെ
മെലിഞ്ഞിരിക്കുന്നു. മുടി മെടഞ്ഞ്‌ ഒറ്റയാക്കിയിരിക്കുന്നു. വിരഹത്തിൽ പതിവ്രതമാർ മുടി ഒറ്റയായി മെടഞ്ഞിടുകയാണ്‌ പതിവ്‌.

11. "മോഹം അകന്നു”എന്ന പ്രയോഗംകൊണ്ട്‌ സുചിപ്പിക്കുന്നത്‌ എന്ത്‌?
- ചന്ദ്രന്റെ ഭാര്യയാണ്‌ രോഹിണി. രാഹുബാധിക്കുമ്പോൾ രോഹിണിയെ കാണാൻ ച്യന്ദ്രന്‌ സാധിക്കില്ല. ഗ്രഹണം തീരുമ്പോൾ ചന്ദ്രന് രോഹിണീ സാമിപ്യം കൈവരും. അതുപോലെ ദുർവാസാവിന്റെ ശാപത്താൽ ശകുന്തളയെ മറന്ന ദുഷ്യന്തന്‍ ശാപമകന്ന്‌ ബുദ്ധിതെളിഞ്ഞപ്പോൾ ശകുന്തളയെ തിരിച്ചറിയാൻ കഴിഞ്ഞുവെന്ന്‌ സാരം.

12. ദുർവാസാവിന്റെ ശാപം ബാധിച്ച തന്നെ രാജാവ്‌ എന്തിനോടാണ്‌ ഉപമിക്കുന്നത്‌?
- രാഹുഗ്രസ്തനായ ചന്ദ്രനോട്‌.

13. രാജാവിന്റെയും ശകുന്തളയുടെയും സംഗമത്തെ സാദൃശ്യപ്പെടുത്തിയിരിക്കുന്നത്‌ എന്തിനോട്‌?
- രാഹുഗ്രസ്തനായി രോഹിണീസാമിപ്യം നഷ്ടമാകുന്ന ചന്ദ്രന്‌ ഗ്രഹണം തീരുമ്പോൾ 
രോഹിണീ സാമിപ്യം കൈവരുന്നതിനോട്‌ രാജാവിന്റെയും ശകുന്തളയുടേയും സംഗമത്തെ സാദൃശ്യപ്പെടുത്തിയിരിക്കുന്നു.

14. ജയപ്രാർത്ഥന പകുതിമുറിഞ്ഞിട്ടും ഫലിച്ചു എന്ന്‌ ദുഷ്യന്തൻ കരുതിയത്‌ എന്തുകൊണ്ടാവാം?
- ഗദ്ഗദത്താൽ ശകുന്തളയുടെ ജയപ്രാർത്ഥന മുറിയുന്നു. ശകുന്തളയ്ക്ക്‌ തന്നോടുള്ള
സ്നേഹാധിക്യം തിരിച്ചറിഞ്ഞതുകൊണ്ടുള്ള സന്തോഷത്താലാണ്‌ ജയപ്രാർത്ഥന
പകുതിമുറിഞ്ഞിട്ടും ഫലിച്ചുവെന്ന്‌ ദുഷ്യന്തൻ കരുതിയത്‌.

15. ഇക്കാലമത്രയും ശകുന്തള തന്നെ സ്നേഹിച്ചിരുന്നു എന്നതിന്‌ ദുഷ്യന്തൻ പറയുന്ന തെളിവെന്ത്‌?
- വിരഹിണികൾ താംബൂലചർവണം(വെറ്റില മുറുക്കൽ) നടത്താറില്ല. താംബൂല രാഗം ചേരാത്ത ശകുന്തളയുടെ തൊണ്ടിപ്പഴം പോലെയുള്ള അധരങ്ങളാണ്‌ ശകുന്തള ഇത്രനാളും തന്നെ സ്നേഹിച്ചിരുന്നു എന്നതിന്‌ തെളിവായി ദുഷ്യന്തൻ പറയുന്നത്‌.

16. ശകുന്തളയോടുള്ള ദുഷ്യന്തന്റെ അഭ്യർത്ഥന എന്ത്‌?
- ഞാൻ നിന്നെ ഉപേക്ഷിച്ചതിന്റെ പരിഭവം നീ നിന്റെ ഹൃദയത്തിൽ നിന്നും നീക്കിക്കളയണം എന്നതാണ്‌ ശകുന്തളയോടുള്ള ദുഷ്യന്തന്റെ അഭ്യർത്ഥന.

17. ദുഷ്യന്തൻ അന്ധനെന്ന് സ്വയം വിശേഷിപ്പിക്കാൻ കാരണം എന്ത്‌?
- തലയിലിട്ടുകൊടുത്ത പൂമാലയെ പാമ്പെന്നു കരുതി പേടിച്ച്‌ കുടഞ്ഞുകളയുന്ന അന്ധനെപ്പോലെ മനസ്സിൽ കളങ്കമുള്ളവർക്ക്‌ നന്‍മവരുമ്പോൾ അത്‌ തിരിച്ചറിയാൻ കഴിയാതെവരുന്നു. ദുർവാസാവിന്റെ ശാപത്തെ ദുഷ്യന്തന്റെ മനസ്സിലെ കളങ്കമായി സൂചിപ്പിക്കുന്നു. ശകുന്തളയെന്ന നന്‍മയെ തിരിച്ചറിയാൻ തന്റെ മനസ്സിലെ മാലിന്യം കൊണ്ട്‌ തിരിച്ചറിഞ്ഞില്ലെന്ന കുറ്റസമ്മതമാണ്‌ ദുഷ്യന്തൻ നടത്തുന്നത്‌.

18. “സമ്മോഹത്താലവശനതുനാളേതു ഞാൻ തുള്ളിയായി
ബ്ബിംബോഷ്ഠത്തിൽ പരിചൊടു പതിക്കുന്നതും പാർത്തു നിന്നേൻ 
ഇന്നക്കണ്ണീർ ചുളിവെഴുമിമയ്ക്കുള്ളിൽ നിന്നേ തുടച്ചി
ട്ടന്തസ്താപം സുമുഖി,ദയിതേ!ചെറ്റു ഞാനാറ്റിടട്ടേ.”
ഈ വരികളുടെ ആശയം വിശദമാക്കുക
ദുഷ്യന്തന്റെ രാജധാനിയിൽ എത്തിയ ഗർഭിണിയായ ശകുന്തളയെ ദുഷ്യന്തൻ സ്വീകരിക്കാതെ തിരിച്ചയയ്ക്കുന്നു. അന്ന്‌ അപമാനഭാരത്താൽ ശകുന്തളപൊഴിച്ച കണ്ണീര്‍ ദുഷ്ഷന്തൻ നോക്കിനിന്നു. ഇന്ന്‌ ശകുന്തളയുടെ കണ്ണീര്‍ തുടച്ചുകൊണ്ട്‌ തന്റെ ദു:ഖം കുറയ്ക്കാൻ രാജാവ്‌ ശ്രമിക്കുന്നു. പശ്ചാത്താപം ദുഷ്ഷന്തന്റെ മഹത്വം വർദ്ധിപ്പിക്കുന്നു. സ്ത്രീയോട്‌ ചെയ്ത അപരാധത്തിന്‌ ക്ഷമചോദിക്കാനും പ്രായശ്ചിത്തം ചെയ്യാനും തന്റെ രാജപദവിയോ വീരത്വമോ ദുഷ്ഷന്തന്‍ തടസ്സമാകുന്നില്ല.

19. ദേവരാജാവായ ഇന്ദ്രന്റെ വജ്രായുധം ഭൂഷണ പ്രായമായിഎന്ന്‌ പറയുന്നത്‌ എന്തുകൊണ്ട്‌?
- കശ്യപ പ്രജാപതിയായ മാരീചൻ തന്റെ പത്നിയായ അദിതിയോട്‌ പറയുന്നതാണ്‌
സന്ദർഭം.ദുഷ്ഷന്ത൯ തന്റെ കുലവില്ലിനാൽ അസുരന്‍മാരെ വധിച്ചതിനാൽ ദേവ്വേന്ദ്രൻ തന്റെ വജ്രായുധം പ്രയോഗിക്കേണ്ടി വന്നില്ല. അതിനാൽ വജ്രായുധം ഇന്ദ്രന്‌ വെറുമൊരു അലങ്കാരമായി മാത്രം മാറി. ദുഷ്ഷന്തന്റെ വീരത്വത്തെയാണ്‌ മാരീചൻ ഇവിടെ സൂചിപ്പിക്കുന്നത്‌.

20. 'പന്ത്രണ്ടായി പിരിഞ്ഞീടിനമഹസ്സഞ്ചയം എന്നു വിശേഷിപ്പിച്ചിരിക്കുന്നത്‌ ആരെയാണ്‌?
- 'പന്ത്രണ്ടായി പിരിഞ്ഞീടിന മഹസ്സഞ്ചയം എന്ന്‌ വിശേഷിപ്പിച്ചിരിക്കുന്നത്‌ സൂര്യനെയാണ്‌. ഓരോ മാസവും സൂര്യൻ ഓരോ രൂപം ധരിക്കുന്നുവെന്നാണ്‌ സങ്കല്പം. ധാതാവ്‌, മിത്രൻ, ആര്യമാവ്‌, അംശൻ, വരുണൻ, ശുഗന്‍, ഭഗൻ, വിവസ്വാൻ, പുഷാവ്‌, സവിതാവ്‌, വിഷ്ണു, തൃഷ്ടാവ്‌ എന്നിങ്ങനെ പന്ത്രണ്ട്‌ മൂർത്തീഭേദങ്ങൾ സൂര്യനുള്ളതായി മഹാഭാരതം ആദിപർവത്തിൽ പറയുന്നു.

21. 'വിധിക്കൊന്നുവിട്ടുള്ള പുത്രർ” എന്ന്‌ വിശേഷിപ്പിച്ചിരിക്കുന്നത്‌ ആരെ?
- മാരീചനെ. വിധി എന്നാൽ ബ്രഹ്‌മാവ്‌. ബ്രഹ്മാവിന്റെ പുത്രൻ മരീചി. മരീചിയുടെ പുത്രൻ മാരീചൻ 

22. മാരീചൻ ശകുന്തളയ്ക്ക്‌ നല്‍കിയ ആശിസ്സ്‌ എന്ത്‌?
- ഇന്ദ്രതുല്യനായ ഭർത്താവിനും ഇന്ദ്രന്റെ പുത്രനായ ജയന്തന്‍ തുല്യനായ മകനുമൊപ്പം ഇന്ദ്രന്റെ ഭാര്യയായ പൌലോമിയെപ്പോലെ നീ ജീവിക്കുക എന്നാണ്‌ മാരീചൻ ശകുന്തളയ്ക്ക്‌ നല്‍കിയ ആശിസ്സ്‌.

23. എന്റെ ആശക്ക്‌ ഒരു താങ്ങലും കൂടിയായി. ഈ വാക്യത്തിന്റെ സന്ദർഭം വിവരിച്ച്‌ ആശയം വ്യക്തമാക്കുക
രാജാവിന്റെ ഉള്ളിൽ സർവദമനൻ തന്റെ പുത്രനായിരുന്നെങ്കിൽ എന്നുള്ള ആഗ്രഹം ഉണ്ട്‌. അപ്സരസംബന്ധം കൊണ്ട്‌ മാതാവ്‌ കശ്യപാശ്രമത്തിൽ സർവദമനനന്‍ ജന്‍മം നല്‍കി എന്ന്‌ താപസി അറിയിക്കുമ്പോഴുള്ള ദുഷ്ഷന്തന്റെ മനോവിചാരമാണ്‌ പ്രസ്തുതവാക്യം. അപ്സരസ്സായ മേനകയുടെ പുത്രിയാണ്‌ ശകുന്തള. ഗർഭിണിയായ ശകുന്തളയെ കശ്യപന്റെ ആശ്രമത്തിൽ എത്തിക്കുന്നത്‌ മേനകയാണ്‌. താപസി പറയുന്നതെല്ലാം തന്നെ കുറിച്ചാണ്‌ എന്ന്‌ ദുഷ്ഷന്തൻ തിരിച്ചറിയുന്ന ഘട്ടമാണിത്‌.

24. "ഈ പ്രസ്താവം കാനൽ ജലം പോലെ ഒടുവിൽ എനിക്കു വിഷാദത്തിന്‌ ഇടയാക്കാതിരുന്നാൽ കൊള്ളാമായിരുന്നു” ദുഷ്ഷന്തൻ ഇങ്ങനെ ചിന്തിക്കാൻ കാരണം എന്ത്‌?
മയിലിനെ കൊടുത്തുകൊണ്ട്‌ “ശകുന്താലാസ്യം നോക്കൂ” എന്ന്‌ താപസി പറഞ്ഞപ്പോല് എന്റെ അമ്മ ഇവിടില്ല എന്ന്‌ ബാലൻ പറഞ്ഞത്‌ ദുഷ്ഷന്തനിൽ ആകാംക്ഷ വളർത്തി. 'ശകുന്തലാസ്യം' എന്ന പദത്തിന്‌ ശകുന്തത്തിന്റെ നൃത്തമെന്നും ശകുന്തളയുടെ മുഖമെന്നും അർത്ഥമുണ്ട്‌. കുട്ടിയുടെ മാതാവ്‌ ശകുന്തളയാകാം എന്ന്‌ രാജാവ്‌ ചിന്തിക്കുന്നു. മരുഭൂമിയിൽ ജലമില്ലാത്തിടത്ത്‌
ജലമുണ്ടെന്ന പ്രതീതി ജനിപ്പിക്കുന്നതാണ്‌ കാനൽ ജലം. ബാലന്റെ വാക്കുകൾ സന്തോഷം നല്‍കുന്നതാണെങ്കിലും അത്‌ ശകുന്തളയല്ലെങ്കിൽ വിഷാദത്തിനിടയാക്കും. അതിനാലാണ്‌ രാജാവ്‌ ഇപ്രകാരം പറഞ്ഞത്‌.

25. “വള്ളി ഋതുയോഗത്തിന്റെ ചിഹ്നമായ പുഷ്പത്തെ ധരിക്കട്ടെ''. ഈ വാക്കുകളുടെ ധ്വനി എന്ത്‌?
- ദുഷ്ഷന്തൻ ശകുന്തളയോട്‌ പറയുന്നതാണ്‌ ഈ വാക്കുകൾ. സംസ്കൃതനാടകങ്ങളിലും മറ്റും സ്ത്രീകളെ "വള്ളി" എന്ന്‌ വിശേഷിപ്പിക്കാറുണ്ട്‌. ഇവിടെ വള്ളി എന്ന്‌ വിശേഷിപ്പിച്ചിരിക്കുന്നത്‌ ശകുന്തളയെയാണ്‌. വള്ളിച്ചെടികൾ വസന്തകാലത്ത്‌ പുവിടുന്നത്‌ പോലെ ശകുന്തളയുടെയും ദുഷ്ഷന്തന്റെയും പുന:സമാഗമത്തിന്റെ അടയാളമായ മുദ്രമോതിരം ധരിക്കാനാണ്‌ ശകുന്തളയോട്‌ ദുഷ്ഷന്തൻ ആവശ്യപ്പെടുന്നത്‌.
“ഋതു' എന്ന പദം വസന്തകാലത്തെ സൂചിപ്പിക്കുന്നു. വസന്തകാലത്തിൽ വള്ളിച്ചെടികൾ പൂവണിയും. ഇവിടെ ശകുന്തളയുടെ ജീവിതത്തിൽ ഉണ്ടാകാൻ പോകുന്ന സൗഭാഗ്യത്തെ വ്യംഗ്യമായി സൂചിപ്പിക്കുന്നുമുണ്ട്‌. ശകുന്തളയുടെയും ദുഷ്ഷന്തന്റെയും പുന:സമാഗമത്തെക്കൂടി ഈ പദം സൂചിപ്പിക്കുന്നു.

26. രാജാവ്‌ രക്ഷ എടുത്തപ്പോൾ താപസിമാർ അത്ഭുതപ്പെടാൻ കാരണമെന്ത്‌?
- രക്ഷയ്ക്ക്‌ പല പ്രത്യേകതകൾ ഉണ്ട്‌. “അപരാജിത എന്നാണ്‌ അതിന്റെ പേര്. ജാതകകർമ്മ സമയത്ത്‌ മാരീചഭഗവാൻ നല്‍കിയതാണിത്‌. മാതാപിതാക്കളും കുട്ടിയും മാത്രമേ അത്‌ സ്പർശിക്കാൻ പാടുള്ളൂ. മറ്റുള്ളവർ സ്പർശിച്ചാൽ ചരട്‌ സർപ്പമായി മാറി മറ്റുള്ളവരെ കടിക്കും.അന്യനായ രാജാവ്‌ സ്പർശിച്ചിട്ടും ഒന്നും സംഭവിച്ചില്ല. അത്‌ താപസിമാരിൽ അത്ഭുതം ഉണ്ടാക്കുന്നു.

27. ദുഷ്ഷന്ത മഹാരാജാവിൽ കാണാൻ കഴിയുന്ന സവിശേഷതകള്‍ എന്തെല്ലാം?
- ധീരോദാത്തനും അതിപ്രതാപഗുണവാനും വിഖ്യാത വംശജനും രാജാവുമായ ദുഷ്ഷന്തൻ  അഭിജ്ഞാന ശാകുന്തളം നാടകത്തിലെ പ്രധാന കഥാപാത്രമാണ്‌.
- സ്നേഹസമ്പന്നനും ഉദാരമതിയുമായ രാജാവാണ്‌ ദുഷ്ഷന്തൻ.
- പുത്രവാത്സല്യം.
- ആദരിക്കേണ്ടവരെ ആദരിക്കാനും അംഗീകരിക്കേണ്ടവരെ അംഗീകരിക്കാനുമുള്ള മനസ്സ്‌.
- സഹജീവിസ്നേഹം.
- സ്ത്രീയോട്‌ ചെയ്ത അപരാധത്തിന്‌ ക്ഷമ ചോദിക്കാനും പ്രായശ്ചിത്തം ചെയ്യാൻ തന്റെ രാജപദവിയോ വീരത്വമോ തടസ്സമാകുന്നില്ലെന്ന സന്ദേശം ലോകത്തിന്‌ നല്‍കിയ കഥാപാത്രം.

25. കാളിദാസന്റെ ഭാവന ഏറ്റവും തെളിഞ്ഞുകാണുന്ന നാടകമാണ്‌ “ശാകുന്തളം'. ശുഭകരമായ അന്ത്യത്തിലേക്ക്‌ കഥാഗതിയെ നാടകീയമായി വളർത്തിക്കൊണ്ടുവരുന്നതിന്‌ കവി സ്വീകരിച്ച രചനാതന്ത്രങ്ങൾ എന്തൊക്കെ?
- ദുഷ്ഷന്തനും ശകുന്തളയും മകനും സമാഗമിക്കുന്ന ശാകുന്തളം ഏഴാമങ്കം നാടകീയ മുഹൂർത്തങ്ങൾ നിറഞ്ഞതാണ്‌. ശുഭകരമായ അന്ത്യത്തിലേക്ക്‌ കഥാഗതിയെ
നാടകീയമായി വളർത്തിക്കൊണ്ടുവരാൻ കവിക്ക്‌ കഴിഞ്ഞിട്ടുണ്ട്‌. കഥാപാത്രങ്ങളുടെ
രംഗപ്രവേശം, സംഭാഷണത്തിലെ ധ്വന്യാത്മകത, ചടുലത, ഉചിതമായ അന്തരീക്ഷസൃഷ്ടി വൈകാരികത ഇവയെല്ലാം നാടകീയമായി ശുഭകരമായ അന്ത്യത്തിലേക്ക്‌ നാടകത്തെ നയിക്കുന്നു.
സർവദമനൻ സിംഹക്കുട്ടിയുമായി കളിച്ചുനില്‍ക്കുമ്പോൾ ആകസ്മികമായുള്ള രംഗപ്രവേശം കഥാപാത്രങ്ങളുടെ ഉചിതസമയത്തുള്ള രംഗപ്രവേശങ്ങൾക്ക്‌ ഒരു ഉദാഹരണം മാത്രം. ''ശകുന്തലാസ്യം” എന്ന താപസിയുടെ പ്രയോഗവും അതിനെ സർവദമനൻ ശകുന്തളയെന്ന്‌ തെറ്റിദ്ധരിച്ചതും രാജാവിൽ സംശയം ബലപ്പെടുന്നതും അത്യധികം നാടകീയമായി അവതരിപ്പിച്ചിരിക്കുന്നു. സർവദമനൻ മഹർഷി ബാലനല്ലെന്നും ശകുന്തളയുടെ പുത്രനാണെന്നും മഹർഷിമാരുടെ സംഭാഷണത്തിൽ നിന്നും ദുഷ്ഷന്തൻ മനസ്സിലാക്കുന്നു. ഇത്തരം ധ്വന്യാത്മക സംഭാഷണങ്ങൾ കഥാഗതിയെ ചടുലമാക്കുകയും ആകാംക്ഷ ജനിപ്പിക്കുകയും ചെയ്യുന്നു.
സർവദമനന്റെ കൈയിൽ നിന്നു വീണുപോയ 'രക്ഷ' ദുഷ്ഷന്തൻ എടുത്തതു മുതൽ 
പ്രേക്ഷകന്റെ ആകാംക്ഷയെ അനുക്രമമായി വികസിപ്പിക്കുവാൻ കാളിദാസന്‍ കഴിഞ്ഞു. ഇതൊന്നും അറിയാതെ യാദൃശ്ചികമായുള്ള ശകുന്തളയുടെ രംഗപ്രവേശത്തോടുകൂടി ശുഭകരമായ അന്ത്യത്തിലേക്ക്‌ നാടകം കടക്കുന്നു.



ഈ ബ്ലോഗിലെ എല്ലാ പോസ്റ്റുകളും ഒരുമിച്ച് കാണാനും ആവശ്യമുള്ളവ എളുപ്പത്തിൽ തിരഞ്ഞെടുക്കാനും ഇവിടെ ക്ലിക്കുക.

PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here