Class 5 കേരളപാഠാവലി - Chapter 03 കോയസ്സൻ - പഠനപ്രവർത്തനങ്ങൾ - ചോദ്യോത്തരങ്ങൾ   


Questions and Answers for Class 5 Malayalam - Kerala Padavali Chapter 3 Koyassan | Std 5 Malayalam കേരളപാഠാവലി: അദ്ധ്യായം 01 തേനൂറും മലയാളം 

Std V കേരളപാഠാവലി: അദ്ധ്യായം 03 കോയസ്സൻ - ചോദ്യോത്തരങ്ങൾ, പഠനപ്രവർത്തനങ്ങൾ
 
ഉറൂബ്
ലളിതമായ ശൈലിയും ഭാഷയും കൊണ്ട് മലയാള സാഹിത്യത്തില്‍ മറക്കാനാവാത്ത രചനകള്‍ സമ്മാനിച്ച എഴുത്തുകാരനായിരുന്നു ഉറൂബ്. പി.സി. കുട്ടികൃഷ്ണന്‍ എന്നാണ് ഉറൂബിന്‍റെ യഥാര്‍ത്ഥ പേര്. 1915 ഓഗസ്റ്റ് 15ന് പൊന്നാനിയിലെ കടവനാടാണ് പി.സി. കുട്ടികൃഷ്ണന്‍ ജനിച്ചത്. അധ്യാപകന്‍, പ്രസ് ഉദ്യോഗസ്ഥന്‍, ക്ളാര്‍ക്ക് എന്നീ ജോലികള്‍ വഹിച്ച ശേഷം മംഗളോദയത്തില്‍ പത്രാധിപ സമിതി അംഗമായി. 1950 ലാണ് ആകാശവാണിയിലെ ഉദ്യോഗസ്ഥനാകുന്നത്. 1952 മുതല്‍ ഉറൂബ് എന്ന തൂലികാനാമത്തില്‍ എഴുതിത്തുടങ്ങി. നോവല്‍, ചെറുകഥ, കവിത ബാലസാഹിത്യം തുടങ്ങി വിവിധ ശാഖകളിലായി 25-ലധികം കൃതികള്‍ രചിച്ചിട്ടുണ്ട്.
ഉമ്മാച്ചു, സുന്ദരികളും സുന്ദരന്മാരും, ഗോപാലന്‍നായരുടെ താടി, പിറന്നാള്‍, ഉള്ളവരും ഇല്ലാത്തവരും, കുഞ്ഞമ്മയും കൂട്ടുകാരും, ബാലസാഹിത്യ കൃതികള്‍, അമ്മിണി, തീ കൊണ്ട് കളിക്കരുത്, മിണ്ടാപ്പെണ്ണ്, തുറന്നിട്ട ജാലകം, ആമിന, അണിയറ എന്നിവയാണ് പ്രധാന കൃതികള്‍. 
കുട്ടികളുടെ ലോകത്തേക്കിറങ്ങിവന്ന് അവരുടെ ഭാവനകൾക്കനുസൃതമായി രചന നടത്താൻ ഉറൂബിനുള്ള വൈഭവം അസാധാരണമായിരുന്നു. അങ്കവീരൻ, മല്ലനും മരണവും, അപ്പുവി​ന്റെ ലോകം തുടങ്ങിയ രചനകൾ  ബാലസാഹിത്യരംഗത്തെ മികച്ച സൃഷ്​ടികളാണ്
തീ കൊണ്ടു കളിക്കരുത് എന്ന കൃതിക്ക് കേന്ദ്ര കലാസമിതി അവാര്‍ഡ്, ഉമ്മാച്ചുവിന് കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്, എം.പി. പോള്‍ സമ്മാനം, ആശാന്‍ ജന്മശതാബ്ദി പുരസ്കാരം എന്നിവ നേടിയിട്ടുണ്ട്.
ഉമ്മാച്ചു, അണിയറ, നായരുപിടിച്ച പുലിവാല് എന്നീ കൃതിക സിനിമയായിട്ടുണ്ട്. ഉറൂബ് കഥയെഴുതിയ നീലക്കുയില്‍ എന്ന സിനിമ മികച്ച മലയാള ചിത്രത്തിനുള്ള പ്രസിഡണ്ടിന്‍റെ വെള്ളിമെഡല്‍ കരസ്ഥമാക്കി. 1979 ജൂലൈ 10ന് അന്തരിച്ചു.

വായിക്കാം കണ്ടെത്താം

1. കോയസ്സന്റെ കുടുംബത്തെക്കുറിച്ച്‌ നിങ്ങള്‍ക്ക്‌ എന്തൊക്കെ അറിയാം?
- കോയസ്സുനു വീടുണ്ട്‌, മക്കളുമുണ്ട്‌. കുഞ്ഞാലു, കദീസ എന്നാണ്‌ മക്കളുടെ പേര്‌. കുഞ്ഞാലു നല്ല മിടുക്കനാണ്‌, കുറുമ്പനുമാണ്‌. കദീസ നാണക്കാരിയാണ്. കോയസ്സൻ വല്ലപ്പോഴുമേ സ്വന്തം വീട്ടിലേക്ക് പോകാറുള്ളൂ. ദാരിദ്ര്യം അനുഭവിക്കുന്ന കുടുംബമായിരുന്നു കോയസ്സന്റെത്. 

2. ഒരു കുതിരക്കാരൻ എന്നതിലുപരി എന്തെല്ലാം സഹായങ്ങളാണ്‌ കോയസ്സൻ അപ്പുവിന്റെ വീട്ടിൽ ചെയ്തുകൊടുത്തത്‌?
- കോയസ്സൻ അപ്പുവിന്റെ വീട്ടിലെ ഒരു അംഗത്തെ പോലെ ആയിരുന്നു. അപ്പുവിന്റെ വല്യച്ഛന്റെ ഭൃത്യനും കുതിരക്കാരനും ആയിരുന്നു കോയസ്സൻ. വീട്ടിലെ എല്ലാറ്റിനും കോയസ്സൻ വേണം. കത്ത് പഞ്ചായത്താപ്പീസിൽ 
കൊണ്ട്‌ കൊടുക്കാനും, മറുപടി വാങ്ങാനും, പുകയിലയും ചായപ്പൊടിയും വാങ്ങാനും എല്ലാം കോയസ്സൻ പോയാലേ വല്യച്ഛന് തൃപ്തിയാവുകയുള്ളൂ. കോയസ്സൻ എല്ലാ ജോലിയും കൃത്യമായി നിർവ്വഹിക്കും എന്നുള്ള വല്യച്ഛന്റെ വിശ്വാസമായിരുന്നു ഇതിനു കാരണം.  

3.അപ്പുവിനെ എല്ലാരും പരിഹസിക്കാനിടയാക്കിയ സംഭവമെന്ത്? 
- എന്തിനാണ് ഇത്ര വലിയ തലപ്പാവ് വയ്ക്കുന്നതെന്ന് ഒരിക്കൽ അപ്പു കോയസ്സനോട് ചോദിച്ചു. മാനം പൊട്ടി തലയിൽ വീണാൽ തലയ്ക്കു പരിക്ക് പറ്റാതിരിക്കാനാണ് തലപ്പാവ് വയ്ക്കുന്നതെന്ന് കോയസ്സൻ മറുപടി പറഞ്ഞു. ഇത് വിശ്വസിച്ച അപ്പു അന്ന് രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ അമ്മയോട് മാനം പൊട്ടി വീണാലുള്ള വിഷമത്തെ പറ്റി പറഞ്ഞു, പിറ്റേന്ന് അമ്മ ഇതെല്ലാവരോടും പറഞ്ഞു, അപ്പോളെല്ലാവരും അപ്പുവിനെ പരിഹസിച്ചു. 

4.കോയസ്സന്റെ തലപ്പാവിനെക്കുറിച്ച് നിങ്ങൾക്ക് എന്തൊക്കെ പറയാൻ കഴിയും
- ഒരു തൊപ്പിക്കുടയോളം വലിപ്പമുള്ളതാണ് കോയസ്സന്റെ തലപ്പാവ്. വളരെ നേരം പണിപ്പെട്ടാണ് അത് കെട്ടി ഉറപ്പിക്കുന്നത്. വീട്ടിലുള്ളവരുടെ പഴയ മുണ്ടെല്ലാം കോയസ്സൻ തലപ്പാവിനായി ശേഖരിച്ചു വയ്ക്കും. തലപ്പാവ് കെട്ടിയേ കോയസ്സൻ കുതിരാലയത്തിലേക്കു പോകൂ, കാരണം തലക്കെട്ടില്ലാതെ കോയസ്സനെ കണ്ടാൽ കുതിര ബഹളം വയ്ക്കും. 

5.“കോയസ്സൻ പോയി എന്നു കേട്ടപ്പോൾ അപ്പുവിന് വലിയ വ്യസനമായി." - കോയസ്സനും അപ്പുവും തമ്മിലുള്ള അടുപ്പം വ്യക്തമാക്കുന്ന കഥാഭാഗങ്ങൾ കണ്ടെത്തി അവതരിപ്പിക്കൂ. 
• കോയസ്സൻ കുതിരക്കു തീറ്റ കൊടുക്കുന്നതും, തുടയ്ക്കുന്നതും, പന്തി വെടിപ്പാക്കുന്നതുമെല്ലാം ചെയ്യുന്നത് നോക്കി നില്ക്കാൻ അപ്പുവിനെ മാത്രമേ കോയസ്സൻ അനുവദിച്ചിട്ടുള്ളു. 
• ആരെങ്കിലും അപ്പുവിനെ ശാസിക്കുന്നത് കോയസ്സന് ഇഷ്ടമല്ലായിരുന്നു. 
• കുതിരപ്പന്തിയുടെ പിൻവശത്തുള്ള കോയസ്സന്റെ മുറിയിലേക്ക് അപ്പുവിന് മാത്രമേ പ്രവേശനം ഉണ്ടായിരുന്നുള്ള. 
• അയാൾ കുടുക്കയിൽ സൂക്ഷിച്ചിരുന്ന അരിച്ചക്കര അപ്പുവിന് തിന്നാൻ  കൊടുക്കുമായിരുന്നു. 
• ജോലി നഷ്ടപ്പെട്ട് പോയതിനു ശേഷം അപ്പുവിനെ കാണാനായി മാത്രം അരിച്ചക്കരയും കൊണ്ട് കോയസ്സൻ വന്നു. 

6. കാറു വന്നപ്പോൾ കുതിരവണ്ടി ആവശ്യമില്ലാതായി. കുതിരക്കാരൻ കോയസ്സനെയും വേണ്ടാതായി - ഈ വാക്യം നിങ്ങളിൽ എന്തെല്ലാം ചിന്തകളുണർത്തുന്നു? ഒരു കുറിപ്പാക്കു. 
- കാലം മാറി, ലോകം ഒരുപാട് മുന്നേറി, അതോടൊപ്പം പഴയതു പലതും ഇപ്പോൾ നമുക്ക് ആവശ്യമില്ലാത്തതായി. കാറ് വന്നപ്പോൾ കോയസ്സനും, കുതിരവണ്ടിക്കും ആവശ്യമില്ലാതായതു പോലെ, ഗ്രൈൻഡറും മിക്സിയുമെല്ലാം വന്നപ്പോൾ ആട്ടുകല്ലം, ഉരലുമെല്ലാം ആർക്കും വേണ്ടാതായി. കറന്റ് വന്നതോടെ മണ്ണണ്ണ വിളക്കുകൾ ആർക്കും വേണ്ടാതായി. മൊബൈൽ ഫോൺ വന്നതോടെ ലാൻഡ് ഫോണുകളും പതുക്കെ പതുക്കെ അന്യമായി കൊണ്ടിരിക്കുന്നു. ഇന്ന് നമ്മുടെ ജീവിതത്തിന്റെ ഭാഗമായ പല വസ്തുക്കളും ലോകം പുരോഗമിക്കുന്നതോടെ നാളെ ആർക്കും വേണ്ടാത്തതായി മാറാം. 

7. പഴയകാല കേരളീയ ജീവിതത്തിന്റെ എന്തൊക്കെ അടയാളങ്ങൾ ഈ കഥയിൽ നിന്ന് കണ്ടെത്താം? 
- കുതിരവണ്ടി, കൂട്ട് കുടുംബ വ്യവസ്ഥിതി, തലപ്പാവ്, തൊപ്പിക്കുട, കുടുക്ക, അരിച്ചക്കര ഇവയെല്ലാം പഴയകാല കേരളീയ ജീവിതത്തിന്റെ ചില അടയാളങ്ങൾ ആയി നമുക്ക് കഥയിൽ കാണാം. 

8. “കുഞ്ഞാലു ഡോക്ടറായാലോ എന്ന് അപ്പു ആലോചിച്ചു. കുഞ്ഞാലു ഡോക്ടറായാൽ കോയസ്സന്റെ കുടുംബത്തിൽ - എന്തെല്ലാം മാറ്റങ്ങളാണ് ഉണ്ടാവുക?സങ്കൽപ്പിച്ചെഴുതുക. 
- കുഞ്ഞാലു ഡോക്ടർ ആയതോടു കൂടി കോയസ്സന്റെ കുടുംബത്തിലെ കഷ്ടപ്പാട് മാറി. മക്കളെ പഠിപ്പിക്കാൻ കൂലിപ്പണിക്ക് പോയിരുന്ന കോയസ്സന് വിശ്രമജീവിതം നയിക്കാനായി. ഇടിഞ്ഞു പൊളിയാറായ പഴയ വീടിനു പകരം പുതിയ വീട് പണിതു. കദീസയെ നല്ല രീതിയിൽ വിവാഹം കഴിപ്പിച്ചു അയച്ചു. ഒരു കാറ് വാങ്ങി. എല്ലാ സുഖസൗകര്യങ്ങൾ ആയപ്പോളും കോയസ്സൻ അപ്പുവിനെ മറന്നില്ല. മകനെയും കൂട്ടി ഇടയ്ക്കിടെ അയാൾ അപ്പുവിന്റെ വീട്ടിൽ പോകാറുണ്ടായിരുന്നു. 

9. ഈ കഥയിൽ നിങ്ങൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട കഥാപാത്രം ആരാണ്? എന്തെല്ലാം സവിശേഷതകളാണ് നിങ്ങൾ ആ കഥാപാത്രത്തിൽ കണ്ടത്? 
• കഥാപാത്രത്തിന്റെ സവിശേഷതകൾ 
• മറ്റുള്ളവരോടുള്ള ബന്ധം 
• കഥാപാത്രത്തിന്റെ രൂപം, വേഷം എന്നിവയിലെ പ്രത്യേകതകൾ - ഇവയെല്ലാം ഉൾപ്പെടുത്തി കഥാപാത്രനിരൂപണം തയാറാക്കുക 
കോയസ്സൻ ആണ് ഈ കഥയിലെ എന്റെ ഇഷ്ടപെട്ട കഥാപാത്രം. നന്മയും സ്നേഹവും നിറഞ്ഞ കഠിനാധ്വാനി ആയിരുന്നു കോയസ്സൻ, ഏൽപ്പിച്ച
ജോലികളെല്ലാം അയാൾ ഉത്തരവാദിത്തത്തോടെ ചെയ്യുമായിരുന്നു. ആ കുടുംബത്തിലെ ഒരു അംഗത്തെ പോലെയായിരുന്നു അയാൾ. കോയസ്സനു എല്ലാവരോടും നല്ല സ്നേഹവും ബഹുമാനവും ആയിരുന്നു. അപ്പുവിനോട് അയാൾക്ക് പ്രത്യേക വാത്സല്യം ഉണ്ടായിരുന്നു. തൊപ്പിക്കുട പോലുള്ള തലപ്പാവ് ധരിച്ചായിരുന്നു കോയസ്സൻ എപ്പോളും നടന്നിരുന്നത്. തന്റെ കുതിരയോടും കോയസ്സന് ആത്മാർത്ഥമായ സ്നേഹം ഉണ്ടായിരുന്നു, മനുഷ്യരോടെന്ന പോലെ സംസാരിച്ചു കൊണ്ടായിരുന്നു അയാൾ കുതിരയെ തുടച്ചു മിനുക്കിയിരുന്നത്. 

10 .കോയസ്സൻ പോയി എന്ന് കേട്ടപ്പോൾ ആർക്കാണ് വ്യസനം തോന്നിയത്?
- അപ്പുവിന്

12. കോയസ്സൻ ആരുടെ വീട്ടിലെ കുതിരക്കാരൻ ആയിരുന്നു?
- അപ്പുവിന്റെ

13. കോയസ്സന്റെ മക്കൾ ആരൊക്കെ?
 - കുഞ്ഞാലു, കദീസ

14. കോയസ്സൻ എന്ന കഥ എഴുതിയതാര്?
 - ഉറൂബ്

15.ഉറൂബ് എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്നതാര്?
- പിസി കുട്ടികൃഷ്ണൻ

16.ഉറൂബ് ജനിച്ചതെന്ന്? എവിടെ?
-1915 ജൂൺ 8, മലപ്പുറം ജില്ലയിൽ പൊന്നാനി താലൂക്കിൽ

17.അപ്പുവിന്റെ  വീട്ടിലെ കുതിരക്കാരൻ ആര്?
- കോയസ്സൻ

18.കോയസ്സന്റെ തലപ്പാവ് എങ്ങനെ ഉള്ളതാണ്?
- തൊപ്പിക്കുടയോളം വലുപ്പം ഉള്ളതാണ്

19.എന്തുപയോഗിച്ചാണ് കോയസ്സൻ തലപ്പാവ് കെട്ടിയിരുന്നത്?
- പഴയ സാരി അല്ലെങ്കിൽ പഴയ മുണ്ട്

20.വ്യസനം എന്ന പദത്തിന്റെ അർത്ഥം
- ദുഃഖം


TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here