Class 5 കേരളപാഠാവലി: അനന്ത വിഹായസ്സിലേക്ക് - പഠനപ്രവർത്തനങ്ങൾ - ചോദ്യോത്തരങ്ങൾ   


Questions and Answers for Class 5 Malayalam - Kerala Padavali Kanakkazhchakal Chapter 1 Ananthavihayasilekk | Std 5 Malayalam കേരളപാഠാവലി: അദ്ധ്യായം 02 കാണാക്കാഴ്ചകൾ  

Std V കേരളപാഠാവലി: അദ്ധ്യായം 01 അനന്തവിഹായസ്സിലേക്ക് - ചോദ്യോത്തരങ്ങൾ, പഠനപ്രവർത്തനങ്ങൾ
 
യൂറി ഗഗാറിൻ
ലോകത്തിലെ ആദ്യ ബഹിരകാശ സഞ്ചാരിയാണ് യൂറി ഗഗാറിന്‍. 1934 മാര്‍ച്ച് ഒന്‍പതിനാണ് അദ്ദേഹം ജനിച്ചത്. ഇന്ന് ഏറ്റവുമധികം പരീക്ഷണങ്ങള്‍ നടക്കുന്ന ബഹിരാകാശ ശാസ്ത്ര രംഗത്തെ മനുഷ്യന്‍റെ ആദ്യ കാല്‍വയ്പ്പ് ആയിരുന്നു സോവിയറ്റ് യൂണിയന്‍റെ 1961 ലെ യൂറി ഗഗാറിന്‍റെ ബഹിരാകാശ യാത്ര.
ഗഗാറിന്‍ സോവിയറ്റ് യൂണിയനിലെ ക്ലുഷിനോ എന്ന ഗ്രാമത്തിലാണ് ജനിച്ചത്. മദ്ധ്യ വര്‍ഗ്ഗ കുടുംബമായിരുന്നു ഗഗാറിന്‍റേത്. അച്ഛനും അമ്മയും ആ കാലഘട്ടത്തില്‍ സോവിയറ്റ് യൂണിയനില്‍ ഉണ്ടായിരുന്ന കൂട്ടുകൃഷി സമ്പ്രദായത്തിലെ കര്‍ഷകരായിരുന്നു. നാലു മക്കളില്‍ മൂന്നാമനായിരുന്ന ഗഗാറിന്‍ പഠിക്കാന്‍ മിടുക്കനായിരുന്നു.
രണ്ടാം ലോകമഹായുദ്ധ കാലത്ത് തന്‍റെ കണക്ക് അദ്ധ്യാപിക യുദ്ധവിമാനം പറപ്പിച്ചത് ഗഗാറിനില്‍ ആവേശം ഉണര്‍ത്തി. സ്കൂള്‍ വിദ്യാഭ്യാസത്തിന് ശേഷം സാങ്കേതിക വിദ്യാഭ്യാസത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് പടിപടിയായി ഗഗാറിന്‍ പഠിച്ച് മുന്നേറി.
1955 റേന്‍ബെര്‍ഗ് പൈലറ്റ് സ്കൂളില്‍ ഗഗാറിന്‍ തെരഞ്ഞെടുക്കപ്പെട്ടു. മിഗ് 15 പറപ്പിക്കാനുള്ള കഴിവ് ഗഗാറിന്‍ നേടി. സര്‍ക്കാര്‍ ഗഗാറിനെ ഏറ്റവും ദുഷ്കരമായ യുര്‍മസാക് മേഖലയില്‍ നിയമിച്ചു. 1959 ല്‍ അദ്ദേഹം വലന്‍റീന ഗോറിയചേവിനെ പരിചയപ്പെടുകയും വിവാഹം കഴിക്കുകയും ചെയ്തു.
1960 ല്‍ സോവിയറ്റ് യൂണിയനില്‍ ബഹിരാകാശ സഞ്ചാരിക്ക് അനുയോജ്യനായ വ്യക്തിക്കു വേണ്ടി വന്‍ തെരച്ചില്‍ നടന്നു. കഴിവും ബുദ്ധിശക്തിയുമുള്ള ഗഗാറിന്‍ അവസാനം തെരഞ്ഞെടുക്കപ്പെട്ടു. 1961 ഏപ്രില്‍ 12ന് അങ്ങനെ യൂറി ഗഗാറിന്‍ ലോകത്തിലെ ആദ്യ ബഹിരാകാശ സഞ്ചാരിയായി.
തിരിച്ചെത്തിയ ഗഗാറിന് വന്‍ വരവേല്‍പ്പാണുണ്ടായത്. ലെഫ്റ്റനന്‍റ് റാങ്കില്‍ നിന്നും മേജറായി ഉയര്‍ത്തി. റഷ്യന്‍ പ്രസിഡന്‍റ് നികിതാ ക്രുഷ്ചേവ് നേരിട്ട് ഗഗാറിനെ അനുമോദിച്ചു.
ഗഗാറിന്‍ പിന്നീട് ബഹിരാകാശ ശാസ്ത്ര ഗവേഷണങ്ങളില്‍ മേല്‍നോട്ടം വഹിച്ചു. 1968 ല്‍ മിഗ് 15 പറപ്പിച്ചപ്പോള്‍ അതിലെ യന്ത്രത്തകരാറു മൂലം വിമാനം തകര്‍ന്നുവീണ് ഗഗാറിന്‍ മരിച്ചു.
എന്തായാലും മദ്ധ്യവര്‍ഗ്ഗ കുടുംബത്തില്‍ ജനിച്ച് രാജ്യത്തിന്‍റെ മാത്രമല്ല ലോകത്തിന്‍റെ തന്നെ അഭിമാനമായി മാറി ഗഗാറിന്‍.

സി.ജി. ശാന്തകുമാർ‌
മലയാളത്തിലെ പ്രമുഖ ബാലസാഹിത്യകാരിൽ ഒരാളായിരുന്നു സി. ജി. ശാന്തകുമാർ കേരള സംസ്ഥാന ബാലസാഹിത്യ ഇൻറ്റിട്യൂട്ടിന്റെ ഡയറക്ടറായും പ്രവർത്തിച്ചി‌ട്ടുണ്ട്. കേരള സമ്പൂർണ്ണ സാക്ഷരതാപദ്ധതിയുടെ ഡയറക്‌ടർ, എറണാകുളം സാക്ഷരതാ പ്രോജക്‌ട്‌ ഓഫീസർ, കേന്ദ്ര മാനവവിഭവവികസനശേഷി മന്ത്രാലയത്തിന്റെ കിഴിലുളള ശ്രമിക്‌ വിദ്യാപീഠം ഡയറക്‌ടർ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. യുറീക്ക, ശാസ്ത്രകേരളം എന്നീ ആനുകാലികങ്ങളുടെ എഡിറ്ററായും പ്രവർത്തിച്ചിട്ടുണ്ട്. ജനനം തൃശൂർ ജില്ലയിലെ അന്തിക്കാടിൽ. ഇരുപത്തഞ്ചോളം പുസ്തകങ്ങൾ രചിച്ചിട്ടുള്ള അദ്ദേഹത്തിന് കേരള സാഹിത്യ അക്കാദമി, കൈരളി ചിൽഡ്രൻസ്‌ ബുക്‌ട്രസ്‌റ്റ്‌ എന്നിവർ നൽകുന്ന അവാർഡുകളും ലഭിച്ചിട്ടുണ്ട്. 2006ൽ 68ആമത്തെ വയസ്സിൽ അദ്ദേഹം അന്തരിച്ചു. കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ബാലസാഹിത്യത്തിന് നൽകിയ സമഗ്രസംഭാവനകൾക്കുള്ള പുരസ്കാരം അദ്ദേഹത്തിന്റെ പേരിലാണ്.

സി ജി ശാന്തകുമാർ രചിച്ച പുസ്തകങ്ങളിൽ ചിലത്
 നീയൊരു സ്വാർത്ഥിയാവുക,
 അപ്പുവിന്റെ സയൻസ്‌ കോർണർ
 ഗ്രീൻ ക്വിസ്സ്‌
 വീട്ടുമുറ്റത്തെ ശാസ്‌ത്രം
 ശാസ്‌ത്രലോകത്തിലെ വനിതാപ്രതിഭകൾ
 തിരിച്ചറിവെന്ന കുട്ടി
 ഭൂമിയുടെ രക്ഷകർ
 ഏങ്ങു നിന്നോ ഒരു വെളിച്ചം
 നഴ്‌സറിയിലെ വികൃതിക്കുരുന്നുകൾ
 ഏഴുസൂര്യന്മാർ

വായിക്കു കണ്ടെത്തു
1. ഈ അസുലഭ നിമിഷത്തിൽ എന്താണ് പറയേണ്ടത് എന്ന് എനിക്കറിഞ്ഞുകൂടാ ഏതു സാഹചര്യത്തിലാണ് യൂറിഗഗാറിൻ ഇങ്ങനെ പറഞ്ഞത്?
- ലോകത്തിലെ ആദ്യത്തെ ബഹിരാകാശ സഞ്ചാരിയായ യൂറി ഗഗാറിൻ തന്റെ ആദ്യ ബഹിരാകാശ യാത്രയ്ക്ക് ഒരുങ്ങുന്ന വേളയിൽ പത്രമാദ്ധ്യമങ്ങൾക്ക് വേണ്ടി നൽകിയ ഒരു അഭിമുഖത്തിലാണ് ഇങ്ങനെ പറഞ്ഞത് .ആദ്യ ബഹിരാകാശ സഞ്ചാരി ആവാൻ ഭാഗ്യം ലഭിച്ചതിനുള്ള സന്തോഷവും അഭിമാനവും അതിനേക്കാൾ കവിഞ്ഞുള്ള മറ്റെന്തൊക്കെയോ വികാരങ്ങൾ ആയിരുന്നു ആ സമയത്ത് അദ്ദേഹത്തിന്റെ മനസ്സിൽ.

2. യൂറി ബഹിരാകാശത്തുനിന്ന് കണ്ട കാഴ്ചകൾ എന്തൊക്കെയാണ്? ഒരു വിവരണം തയാറാക്കു. 
- ഭൂമിയിൽ നിന്ന് യുറിയെയും വഹിച്ചുകൊണ്ട് ബഹിരാകാശവാഹനം ഉയരങ്ങളിൽ എത്തി. താഴെ ഒരു വെള്ളിരേഖ പോലെ നീണ്ടുകിടക്കുന്ന സൈബീരിയയിലെ മഞ്ഞുറഞ്ഞ നദികൾ അദ്ദേഹം കണ്ടു. ഭൂമിയിലെ നദികൾ, കാടുകൾ, മേഘങ്ങൾ എല്ലാമദ്ദേഹത്തിനു വ്യക്തമായി കാണാൻ കഴിഞ്ഞിരുന്നു. ആകാശത്തിൽ - ചിതറിക്കിടക്കുന്ന നക്ഷത്രങ്ങളെ കണ്ടപ്പോൾ ഉഴുതുമറിച്ച വയലിൽ പുതുതായി വിതച്ച ഗോതമ്പുമണികളാണ് അദ്ദേഹത്തിന് ഓർമ്മവന്നത്. നക്ഷത്രങ്ങളുടെ നിറം കെടുത്തിക്കൊണ്ട് പ്രകാശിക്കുന്ന സൂര്യന് ഭൂമിയിൽ നിന്ന് കാണുന്നതിന്റെ നൂറിരട്ടി തീവ്രത ബഹിരാകാശത്തു നിന്ന് നോക്കുമ്പോൾ ഉണ്ടെന്ന് അദ്ദേഹം മനസ്സിലാക്കി. ബഹിരാകാശത്തുനിന്ന് നോക്കിയപ്പോൾ ഭൂഗോളത്തിനു ചുറ്റും ഇളം നീല നിറത്തിലുള്ള ഒരാവരണം യുറി കണ്ടു. ഭൂമിയിൽനിന്ന് അകലുംതോറും ഇളംനീല കടുംനീലയായും പിന്നീട് വയലറ്റായും അവസാനം കറുപ്പായും മാറി. നിറങ്ങളുടേതായ ഈ മാറ്റം ബഹിരാകാശത്തുനിന്ന് കാണുന്നത് അതീവ ഹൃദ്യമായ ഒരനുഭവമായിരുന്നു. ബഹിരാകാശവാഹനം ഭൂഗോളത്തിന്റെ സൂര്യനെതിരായ ഭാഗത്തേക്ക് പ്രവേശിച്ചപ്പോൾ സൂര്യന്റെ തീവ്രപ്രകാശത്തിനു പകരം ഇപ്പോൾ ചുറ്റിലും കനത്ത ഇരുട്ടായി. അല്പസമയത്തിനു ശേഷം ബഹിരാകാശവാഹനം ഭൂമിയുടെ നിഴലിൽ നിന്ന് പുറത്തുവന്നപ്പോൾ വീണ്ടും വെളിച്ചത്തിന്റെ മഹാപ്രവാഹം അനുഭവപ്പെട്ടു. വിവിധവർണ്ണങ്ങളുടെ ഈ സംഗമം ഒരു ക്യാൻവാസ് ചിത്രത്തെ അനുസ്മരിപ്പിക്കുന്നതായി യുറിക്ക് തോന്നി.

3. ''ആദ്യ ബഹിരാകാശ യാത്രികൻ ആവണമെന്ന് ആവശ്യപ്പെട്ടപ്പോൾ എനിക്കുണ്ടായ വികാരങ്ങൾ എന്തൊക്കെയായിരുന്നു എന്ന് വിവരിക്കാൻ കഴിയുന്നില്ല''. എന്തൊക്കെ വികാരവിചാരങ്ങൾ ആയിരിക്കും അപ്പോൾ ഗഗാറിന് ഉണ്ടായിട്ടുണ്ടാവുക?
- ആദ്യത്തെ ബഹിരാകാശ യാത്രികൻ ആകാനുള്ള അവസരം ലഭിച്ചപ്പോൾ യൂറി ഗഗാറിന് സന്തോഷവും അഭിമാനവും തോന്നിയിട്ടുണ്ടാകും. ലോകത്ത് ആദ്യമായി ബഹിരാകാശത്തേക്ക് യാത്ര പുറപ്പെടുന്ന വ്യക്തി എന്ന നിലയിൽ മറ്റാർക്കും ലഭിക്കാത്ത ഒരു സൗഭാഗ്യമാണ് തനിക്കു ലഭിച്ചിട്ടുള്ളത് എന്നും അദ്ദേഹം ചിന്തിച്ചിട്ടുണ്ടാകും മനുഷ്യരാരും ഇതുവരെ കടന്നു ചെന്നിട്ടില്ലാത്തെ, ഭൂമിക്കും അന്തരീക്ഷത്തിനും അപ്പുറത്തുള്ള മറ്റൊരു ലോകത്തേക്ക് പോകുന്നതിന്റെ ഉൽക്കണ്ഠയും ആകാംക്ഷയും എല്ലാം അദ്ദേഹത്തിൽ ഉണ്ടായിട്ടുണ്ടാകാം. ലോകത്തിന്റെ എല്ലാ കോണിലുമുള്ള ജനങ്ങളും ഉറ്റുനോക്കി കൊണ്ടിരിക്കുന്ന ഒരു ദൗത്യത്തിന് അമരക്കാരൻ ആവുക എന്നത് അദ്ദേഹത്തിന് കൂടുതൽ ആത്മവിശ്വാസം നൽകിയിട്ടുണ്ടാകാം. കോടിക്കണക്കിന് വരുന്ന ജനങ്ങൾ തന്നെ വിശ്വസിച്ച് ഏൽപ്പിച്ച ആ ഉത്തരവാദിത്വം വിജയകരമായി പൂർത്തിയാക്കണമെന്ന ദൃഢനിശ്ചയവും അദ്ദേഹത്തിന് ഉണ്ടായിരുന്നിരിക്കാം.

4. യൂറിയെ സംബന്ധിച്ചിടത്തോളം ഏകാന്തത ബോധം എന്ന അനുഭവമേ ഉണ്ടായിരുന്നില്ല. ഈ സന്ദർഭത്തിൽ യൂറിക്ക് പ്രചോദനവും ആശ്വാസവും ആകുന്ന രീതിയിൽ നമുക്കും ഒരു സന്ദേശം തയ്യാറാക്കാം.
- സീനിയർ ലഫ്റ്റനന്റ് യൂറി അലകസേവിച്ച് ഗഗാറിൻ,
ആദ്യ ബഹിരാകാശ യാത്രികനായ അങ്ങേയ്ക്ക് ആശംസകൾ . ലോകം മുഴുവൻ ഉറ്റുനോക്കുന്ന ഒരു യാത്രയുടെ അമരക്കാരനായ താങ്കൾക്ക് ലഭിച്ച ഈ സൗഭാഗ്യത്തിൽ ഞങ്ങളെല്ലാം അഭിമാനിക്കുന്നു മനുഷ്യരാശിയുടെ ചരിത്രത്തിൽ ഇടം നേടാൻ പോകുന്ന അങ്ങേയ്ക്ക് എല്ലാ യാത്രാ മംഗളങ്ങളും നേരുന്നു അഭിമാനകരമായ ഈ നേട്ടത്തിനു പിന്നിൽ താങ്കളുടെ കഠിനപ്രയത്നവും ദൃഢനിശ്ചയവും തീർച്ചയായും ഉണ്ട്. ഈ ദൗത്യത്തിനു വേണ്ടി പ്രവർത്തിച്ച എല്ലാവർക്കും ,അതിന്റെ അമരക്കാരനായ താങ്കൾക്കും നന്മകൾ ഭവിക്കട്ടെ ദൗത്യം വിജയകരമായി പൂർത്തിയാക്കി താങ്കൾ തിരിച്ചെത്തും എന്ന പ്രതീക്ഷയോടെ ..
(സന്ദേശം അയക്കുന്ന വ്യക്തിയുടെ പേര്)

5. താഴെക്കാണുന്നത് സൈബീരിയയിലെ മഹാനദികളാണ് എന്നതിനുപകരം വെള്ളിരേഖ പോലെ നീണ്ടു കിടക്കുന്നത് സൈബീരിയയിലെ മഞ്ഞുറഞ്ഞ മഹാനദികൾ ആണ് എന്ന് പ്രയോഗിച്ചിരിക്കുന്നു. ഇത് സന്ദർഭത്തിന് കൂടുതൽ ഭംഗി നൽകുന്നു . ഇത്തരം പ്രയോഗങ്ങൾ പാഠഭാഗത്തു നിന്ന് കണ്ടെത്താം.
- ആകാശത്തിന്റെ അനന്ത വിശാലതയിൽ ചിതറിക്കിടക്കുന്ന നക്ഷത്രങ്ങളെ കണ്ടപ്പോൾ ഉഴുതുമറിച്ച് വയലിൽ പുതുതായി വിതച്ച ഗോതമ്പുമണികൾ ആണ് യൂറിക്ക് ഓർമ്മവന്നത്.
യൂറി ഗഗാറിൻ ഒരു കർഷക കുടുംബത്തിലെ അംഗമാണ് . അതുകൊണ്ടായിരിക്കാം ആകാശത്തിന്റെ അനന്ത വിശാലതയിൽ ചിതറിക്കിടക്കുന്ന നക്ഷത്രങ്ങളെ കണ്ടപ്പോൾ ഉഴുതുമറിച്ച വയലിൽ പുതുതായി വിതച്ച ഗോതമ്പുമണികളെ അദ്ദേഹത്തിന് ഓർമ്മവന്നത്.

- ഓറഞ്ച് നിറമുള്ള ചക്രവാളത്തിൽ റോറിച്ച് ചിത്രങ്ങളെ അനുസ്മരിപ്പിക്കുന്ന മട്ടിൽ വിവിധ വർണ്ണങ്ങളുടെ മത്സരക്കളി
ചക്രവാളത്തിൽ പല നിറങ്ങൾ കണ്ടപ്പോൾ യൂറിഗഗാറിന് തോന്നിയത് റോറിച്ച് എന്ന പ്രശസ്ത ചിത്രകാരന്റെ ക്യാൻവാസ് ചിത്രങ്ങളാണ് അത് എന്നാണ്. അദ്ദേഹത്തിന്റെ ഉള്ളിൽ ഒരു കലാഹൃദയം കൂടി ഉണ്ടെന്ന് ഈ വരികളിൽ നിന്നും നമുക്ക് മനസ്സിലാക്കാം.

- നക്ഷത്രങ്ങളുടെ നിറംകെടുത്തിക്കൊണ്ട് പ്രചണ്ഡപ്രഭയോടെ പ്രകാശിക്കുന്നു
ഭൂമിയിൽ നിന്നും കാണുന്നതിക്കാൾ ഒരുപാട് കൂടുതൽ പ്രഭയോടെ തിളക്കത്തോടെ ആണ് സൂര്യനെ ബഹിരാകാശത്ത് വെച്ച് നോക്കുമ്പോൾ കാണുന്നത്. ഭൂമിയിൽനിന്നു കാണുന്നതിന് നൂറിരട്ടി തീവ്രതയുണ്ട് ബഹിരാകാശത്തെ സൂര്യന്. അതുകൊണ്ടാണ് നക്ഷത്രങ്ങളുടെ നിറംകെടുത്തിക്കൊണ്ട് പ്രഭയോടെ പ്രകാശിക്കുന്ന സൂര്യൻ എന്ന് പറഞ്ഞിരിക്കുന്നത്.

6. അജ്ഞാതമായ ഒരു സ്ഥലത്തേക്ക് ഒറ്റയ്ക്കൊരു യാത്ര. ഇങ്ങനെയൊരവസരം ലഭിച്ചാൽ എന്തായിരിക്കും അതിനോടുള്ള നിങ്ങളുടെ മനോഭാവം? ക്ലാസിൽ പങ്കുവയ്ക്കുക. 
- കൂട്ടായ യാത്രകൾ രസമാണ്. ഇഷ്ടപ്പെട്ടവർക്കൊപ്പം ചിരിച്ചും കളിച്ചുമുള്ള യാത്ര നൽകുന്ന സന്തോഷവും അനുഭവവും പകരം വയ്ക്കാൻ കഴിയാത്തതാണ്. അത് പോലെത്തന്നെ ഒറ്റക്കുള്ള യാത്രകളും ഞാൻ ഇഷ്ടപ്പെടുന്നു. പുതിയ ഒരു സ്ഥലത്തേക്ക് ഒറ്റക്കുള്ള യാത്ര നൽകുന്ന സാഹസികതയാണ് അതിനെ വ്യത്യസ്തമാക്കുന്നത്. നമ്മുക്കിഷ്ടമുള്ളത്രയും സമയമെടുത്ത്, നമ്മുടേതായ രീതിയിൽ, മറ്റാരുടെയും ഇടപെടലില്ലാതെ കാഴ്ചകൾ അനുഭവിക്കാനാവും എന്നതും ഒറ്റക്കുള്ള യാത്രയുടെ ഒരു ഗുണമാണ്. അതുകൊണ്ടു തന്നെ അജ്ഞാതമായ ഒരു സ്ഥലത്തേക്ക് ഒറ്റയ്ക്കൊരു യാത്ര, ഇങ്ങനെയൊരവസരം ലഭിച്ചാൽ ഒരിക്കലും ഞാനതു പാഴാക്കില്ല.


TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here