Class 6 അടിസ്ഥാനപാഠാവലി: വേഗമുറങ്ങൂ‍, പഠനപ്രവർത്തനങ്ങൾ - ചോദ്യോത്തരങ്ങൾ   


Questions and Answers for Class 6 Malayalam - Adisthana Padavali Unit 01 Snahasparsam - Vegamurangu | Std 6 അടിസ്ഥാനപാഠാവലി: സ്നേഹസ്പർശം അദ്ധ്യായം 03 വേഗമുറങ്ങൂ‍ - ആശയം - ചോദ്യോത്തരങ്ങൾ 

കെ സച്ചിദാനന്ദൻ
കവിയും സഹിത്യനിരൂപകരനുമായ കെ സച്ചിദാനന്ദൻ1946 ൽ തൃശൂർ കൊടുങ്ങല്ലൂരിനു സമീപം പുല്ലൂറ്റിൽ ജനിച്ചു. മുൻപ് ക്രൈസ്റ്റ് കോളേജിൽ ഇംഗ്ലീഷ് അധ്യാപകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. കുട്ടിക്കാലത്തേ കവിതകൾ എഴുതാൻ ആരംഭിച്ചു. കേന്ദ്ര സാഹിത്യ അക്കദമി സെക്രട്ടറിയായും ഇന്ത്യൻ ലിറ്ററേച്ചറിൻ്റെ എഡിറ്ററായും പ്രവർത്തിച്ചിട്ടുണ്ട്. ഇന്ദിരാ ഗാന്ധി ഓപ്പൺ യൂണിവേഴ്സിറ്റിയിൽ പരിഭാഷാ വകുപ്പിലെ പ്രൊഫസർ, ഡയറക്ടർ, കേരള സാഹിത്യ അക്കാദമി അധ്യക്ഷൻ തുടങ്ങിയ പദവികളിലും പ്രവർത്തിച്ചിട്ടുണ്ട്. 1996 മുതൽ 2006 വരെ അദ്ദേഹം കേന്ദ്ര സാഹിത്യ അക്കാദമി സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്. അഞ്ച് തവണ കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയിട്ടുണ്ട്.
പ്രധാന കൃതികൾ: അഞ്ചു സൂര്യൻ, എഴുത്തച്ഛനെഴുതുമ്പോൾ, പീഡനകാലം, വേനൽമഴ, സോക്രട്ടീസും കോഴിയും, ഇവനെക്കൂടി, വീടുമാറ്റം,കയറ്റം,കവിബുദ്ധൻ, ദേശാടനം, മലയാളം, അപൂർണ്ണം, സംഭാഷണത്തിന്‌ ഒരു ശ്രമം, തിരഞ്ഞെടുത്ത കവിതകൾ

കണ്ടെത്താം, പറയാം 
1. രാത്രിയുടെ വരവിനെ കവി എങ്ങനെയാണ് ആവിഷ്കരിച്ചിരിക്കുന്നത്? 
- ആനപ്പുറത്ത് പൊൻ തിടമ്പും വെച്ച് അമ്പലത്തിലേക്ക് പോകുന്ന ആനയെപ്പോലെ രാത്രി വരുന്നു. ഇരുട്ടിനെ ആനയായും ആനപ്പുറത്തിരിക്കുന്ന തിടമ്പായി അമ്പിളിമാമനേയും കവി ആവിഷ്കരിച്ചിരിക്കുന്നു.

2. രാത്രിയിൽ പ്രകൃതിയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ എന്തെല്ലാം? 
- മാനും മയിലും ഉറങ്ങി. കാട്ടിലെ ഒച്ചയും അനക്കവും നിന്നു.പുഴയും കടലും ശാന്തമായി. മീനുകൾ പായലിനുള്ളിൽ ഒളിച്ച് കണ്ണുകളടച്ചു.പക്ഷികൾ പാട്ട് നിർത്തി കൂട്ടിലേക്ക് ഉറങ്ങാൻ പോയി. കുട്ടികൾ വായന മതിയാക്കി പുസ്തകങ്ങൾ മടക്കി വെച്ചു. സൂര്യൻ നീലക്കായലിൽ (കടലിൽ) താഴ്ന്ന് ഉറങ്ങാൻ പോയി.

3. മകളുടെ ഉറക്കത്തിന് അമ്മയായ പ്രകൃതി ഒരുക്കുന്നതെന്തെല്ലാമാണ്?
മകൾ ഉറങ്ങുമ്പോൾ സ്വപ്നത്തിൽ ലോകം നീലമയിലിനെ പോലെ വർണങ്ങൾ നിറഞ്ഞതാകും. അവളുടെ മിഴിക്കുള്ളിൽ കല്ലുകളും പുൽക്കൊടികളും പോലും സ്വപ്നത്തിന്റെ ചിറകിലേറി ഉയരുന്നു. അവൾ മയങ്ങുമ്പോൾ അവളുടെ സ്വപ്നത്തിൽ യുദ്ധക്കളം പോലും പൂക്കളമായി മാറും എന്ന് അമ്മയാകുന്ന പ്രകൃതി ആശംസിക്കുന്നു. അപ്പോൾ അമ്മയില്ലാത്തവർക്കെല്ലാം അമ്മയുടെ സ്നേഹം പകർന്ന് പ്രകൃതി നിലാവായി മാറും. ശാന്തമായ ആ ഉറക്കത്തിൽ വറ്റിയ പുഴയിലെല്ലാം നീർ നിറഞ്ഞ് ഓളങ്ങൾ ശ്രുതി മീട്ടുമെന്നും ഉണങ്ങിയ കാടുകളിൽ തളിർനാമ്പുകൾ നിറയുമെന്നും ചാറ്റൽമഴ പെയ്യുമെന്നും പ്രകൃതിയാകുന്ന അമ്മ പറയുന്നു.

ആശയം വിശദീകരിച്ചെഴുതു 
1. പൂക്കളമാകുന്ന പോർക്കളം. 
- ജീവിതത്തിൽ അനുഭവിക്കുന്ന സംഘർഷങ്ങളെയാണ് പോർക്കളമായി കവി അവതരിപ്പിക്കുന്നത്. ഉറങ്ങുമ്പോൾ അവയെല്ലാം മറന്ന് ശുഭപ്രതീക്ഷയുടെ പൂക്കളം സ്വപ്നത്തിൽ നിറയുന്നുവെന്നാണ് കവിതയിൽ സൂചിപ്പിക്കുന്നത്.

2. അമ്മയില്ലാത്തവർക്ക് അമ്മയാവുന്ന നിലാവ്. 
- നിലാവ് മനസിന് ശാന്തിയും സാന്ത്വനവും നൽകുന്നു. അമ്മയുടെ സാമീപ്യവും നമുക്കു തരുന്നത് അതാണ്. പാൽനിലാവ് പ്രകൃതിയുടെ സ്നേഹസ്പർശം തന്നെയാണ്.

3. കാറ്റിൻ ചുമലിലെ കാണാച്ചെണ്ട്. 
- കാറ്റെത്തുന്നത് പലതരം ശബ്ദങ്ങളുമായാണ്. ദലമർമ്മരങ്ങളും ചില്ലകൾ ആടിയുലയുന്ന ശബ്ദങ്ങളും എല്ലാം ചേർന്ന് വാദ്യഘോഷത്തിന്റെ നാദവുമായാണ് കാറ്റെത്തുന്നത്. ഈ ശബ്ദങ്ങളെയാണ് കാണാച്ചെണ്ടയായി കവി വർണ്ണിക്കുന്നത്.

വിശകലനം ചെയ്യാം 
1. "കൊന്നപ്പൂപോലെ ചായുന്ന വെയിൽ" - വെയിലിനെ കൊന്നപ്പൂവായി സങ്കൽപ്പിച്ചിരിക്കുന്നതിലെ പ്രത്യേകതകൾ കണ്ടെത്തു. 
- പോക്കുവെയിലിന് സ്വർണ്ണനിറമാണ്, കൊന്നപ്പൂവിനും സ്വർണ്ണനിറമാണ്. പോക്കുവെയിലിന്റെ സ്വർണ്ണശോഭയിൽ തിളങ്ങി നിൽക്കുന്ന പ്രകൃതിയെ കാണുമ്പോൾ കൊന്നപ്പൂ തോരണം കൊണ്ട് അലങ്കരിച്ച പോലെയാണ് കവിക്ക് തോന്നുന്നത്.

2. നിലാവിനെ അമ്മയായി സങ്കൽപ്പിച്ചിരിക്കുന്നത് എന്തുകൊണ്ടാവാം? 
- നിലാവ് മനസിന് ശാന്തിയും സാന്ത്വനവും നൽകുന്നു. അമ്മയുടെ സാമീപ്യവും നമുക്കു തരുന്നത് അതാണ്. അമ്മയുടെ സ്നേഹം പോലെ പാൽനിലാവും പ്രപഞ്ചമാകെ പരന്നൊഴുകുകയാണ്. നിലാവുപരന്ന പ്രകൃതിയിൽ ലയിച്ചിരിക്കുന്ന ഒരാൾക്കും, അമ്മയുടെ മാറിൽ ചേർന്ന് കിടക്കുന്ന ഒരു കുഞ്ഞിനുമുണ്ടാകുന്നത് ഒരേ നിർവൃതിയാണ് എന്നാണ് കവി നമ്മോടു പറയുന്നത്.

3. മകളുടെ ഉറക്കത്തിനു താരാട്ടുപാടാൻ പ്രകൃതി ആരെയെല്ലാമാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്? ഇവരുടെ താരാട്ടുപാട്ടുകൾ എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു? 
- രാവിന്റെ പൂമരമായി തിളങ്ങി നിൽക്കുന്ന താരജാലങ്ങൾ പാടുന്നത് നിശബ്ദമായ താരാട്ടാണ്. വാദ്യമേളങ്ങൾ പോലെയാണ് കാറ്റിലുലയുന്ന മരച്ചില്ലകളുടെ താളം, ദലമർമ്മരം എന്നിവയുടെ താരാട്ട്. ചാറ്റൽ മഴയുടെ ഇരമ്പമാകട്ടെ സംഗീതസാന്ദ്രമായ താരാട്ടാണ്.

4. "നീ ഉറങ്ങുമ്പോൾ മകളേ, ലോകം നീലമയിലിനെപ്പോലെ.' - ലോകത്തെ നീലമയിലായി സങ്കൽപ്പിച്ചിരിക്കുന്നതെന്തുകൊണ്ട്? ചർച്ചചെയ്യു. 
- മകളുടെ ഉറക്കത്തിൽ വിരിയുന്ന സ്വപ്നങ്ങളിൽ ലോകം നീലമയിലിനെ പോലെ വർണ്ണങ്ങൾ നിറഞ്ഞതാകും. രാത്രിയുടെ നീലിമയാർന്ന ആകാശത്തെയാണ് പീലി വിടർത്തി നിൽക്കുന്ന മയിലായി കവി സങ്കൽപ്പിച്ചത്. മലനിരകളുടെയും വൃക്ഷത്തലപ്പുകളുടെയും നിഴൽ കലർന്ന ആകാശക്കാഴ്ച മയിലാട്ടം പോലെ മനസ്സിൽ നിറഞ്ഞു നിൽക്കും.

വർണന 
ഈ കവിതയിലെ ആശയങ്ങളും പ്രയോഗങ്ങളും ഉൾപ്പെടുത്തി ഉറങ്ങുന്ന പ്രകൃതിയെക്കുറിച്ചുള്ള വർണന തയാറാക്കു. 
- കൊന്നപ്പൂ പോലെ വർണ്ണം വാരിവിതറി കൊണ്ട് വെയിൽ അസ്തമിച്ചിരിക്കുന്നു. ചന്ദ്രന്റെ പ്രകാശം പൊൻ തിടമ്പായിട്ടാണ് കവി ചിത്രീകരിച്ചിരിക്കുന്നത്. അമ്പിളി പൊൻ തിടമ്പേന്തിയ കരിം കൊമ്പനായിട്ടാണ് രാത്രി കടന്നു വരുന്നത്. മാനും മയിലും കാടും ആറും കടലും ഉറങ്ങിയിരിക്കുന്നു. മീനുകൾ ഇമകൾ പൂട്ടിയിരിക്കുന്നു. സൂര്യൻ അസ്തമിച്ചു കഴിഞ്ഞിരിക്കുന്നു. മകൾ ഉറങ്ങുമ്പോൾ നീലാകാശം നീല മയിലിനെ പോലെ നൃത്തം ചെയ്യുന്നു. മകളുടെ സ്വപ്നത്തിൽ പോർനിലം പൂക്കളമായി മാറുന്നു. അമ്മയില്ലാത്തവർക്ക് നിലാവ് അമ്മയായി മാറുന്നു. വറ്റിവരണ്ട പുഴയിൽ നീരൊഴുക്കുണ്ടാകുന്നു. ഉണങ്ങിയ കാട്ടിൽ പുതിയ നാമ്പുകൾ മുളയ്ക്കുന്നു. മകൾ ഉറങ്ങുമ്പോൾ ആകാശമാകുന്ന പൂമരം നക്ഷത്രങ്ങളാകുന്ന പൂക്കളെക്കൊണ്ട് പൂത്തുലഞ്ഞു നിൽക്കുന്നു. കാറ്റ് വാദ്യഘോഷത്തിന്റെ നാദവുമായാണ് എത്തുന്നത്. ചാറ്റൽമഴയുടെ ഇരമ്പുന്ന ശബ്ദവും - കേൾക്കാം. "മകളെ നീയുറങ്ങു" എന്നുപറഞ്ഞ് - പ്രകൃതിയാകുന്ന അമ്മ മകളെ ഉറക്കുന്നു.



ഈ ബ്ലോഗിലെ എല്ലാ പോസ്റ്റുകളും ഒരുമിച്ച് കാണാനും ആവശ്യമുള്ളവ എളുപ്പത്തിൽ തിരഞ്ഞെടുക്കാനും ഇവിടെ ക്ലിക്കുക.

PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here