Class 6 കേരളപാഠാവലി: പാട്ടിന്റെ പാലാഴി - പഠനപ്രവർത്തനങ്ങൾ - ചോദ്യോത്തരങ്ങൾ 


Questions and Answers for Class 6 Kerala Padavali - Activities - Kalayude Kedaram | Std 6 Malayalam കേരളപാഠാവലി: Unit 01 കലയുടെ കേദാരം:
 പാട്ടിന്റെ പാലാഴി - ചോദ്യോത്തരങ്ങൾ - paatinte palazhi

എം. എസ്. ബാബുരാജ്
മുഹമ്മദ് സബീർ ബാബുരാജ് എന്ന എം എസ് ബാബുരാജിനെ അറിയാത്ത മലയാളി ഇല്ലെന്നു തന്നെ പറയാം.1929 മാർച്ച് 3 നു അദ്ദേഹം ജനിച്ചു. അദ്ദേഹത്തിന്റെ പിതാവ് ഒരു ബംഗാളി ഹിന്ദുസ്ഥാനി ഗായകൻ ആയിരുന്ന ജാൻ മുഹമ്മദ് സാഹിബ് ആണ്. എന്നാൽ മാതാവ് മലയാളിയായിരുന്നു. പിതാവിന്റെ നാടുവിടൽ ആ കുടുംബത്തെ അക്ഷരാർഥത്തിൽ അനാഥമാക്കി. അതിനാൽ  ബാബുരാജിന്റെ  ബാല്യകാലം വളരെയധികം കഷ്ടപ്പാടുകൾ നിറഞ്ഞതായിരുന്നു. കോഴിക്കോട്ടങ്ങാടിയിലും ട്രെയിനിലും പാട്ടു പാടി ഉപജീവന മാർഗ്ഗം കണ്ടെത്തിക്കൊണ്ടിരുന്ന അദ്ദേഹത്തെ ഒരു പോലീസുകാരൻ കണ്ടെത്തി ദത്തെടുത്തു. അതോടെ അദ്ദേഹത്തിന്റെ ജീവിതം തന്നെ മാറി മറിഞ്ഞു. കോഴിക്കോട്ടെ കല്യാണ വീടുകളിൽ ബാബുരാജിന്റെ സംഗീതവിരുന്ന് ഒഴിവാക്കാൻ പറ്റാത്ത ഒന്നായി. മംഗളഗാനങ്ങൾക്ക് നിമിഷ നേരം കോണ്ട്  സംഗീതം നൽകാനുള്ള കഴിവ് ആരെയും ആകർഷിക്കുന്നതായിരുന്നു.
കെ പി ഉമ്മർ, തിക്കൊടിയൻ, കെ ടി മുഹമ്മദ് എന്നിവരുമായുള്ള ബന്ധം നാടകഗാനങ്ങൾക്ക് സംഗീതം നൽകാനുള്ള അവസരം നൽകി. 1951 ഇൽ ഇൻ‌ക്വിലാബിന്റെ മക്കൾ എന്ന നാടകത്തിനു സംഗീതസംവിധാനം നിർവഹിച്ച ബാബുരാജ് അരങ്ങിന്റെ അണിയറയിൽ എത്തി. അതോടെയാണു മുഹമ്മദ് സബീർ ബാബുരാജ് എന്ന പേരിൽ പ്രശസ്തനായത്.
ടി മുഹമ്മദ് യൂസഫിന്റെ കണ്ടം ബെച്ച കോട്ട്, കേരള കലാവേദി അവതരിപ്പിച്ച നമ്മളൊന്ന് എന്ന് നാടകത്തിലെ ഗാനങ്ങൾ തുടങ്ങിയ അദ്ദേഹത്തിന്റെ പ്രശസ്തി ഉയർത്തി. കോഴിക്കോട് അബ്ദുൾ ഖാദർ വഴി പി ഭാസ്കരനുമായുണ്ടായ പരിചയം 1953 ൽ തിരമാല എന്ന ചിത്രത്തിന്റെ സഹ സംഗീത സംവിധാനം നിർവഹിക്കാൻ അവസരം നൽകി. ആദ്യം സ്വതന്ത്രമായി സംഗീത സംവിധാനം നൽകിയത് 1957ൽ മിന്നാമിനുങ്ങ് എന്ന ചിത്രത്തിൽ ആണ്.
ചുരുങ്ങിയ കാലം കൊണ്ട് മലയാള സിനിമാ ശാഖയെ കേരളീയരുടെ ഹൃദയത്തുടിപ്പാക്കി മാറ്റിയ ഈ സംഗീത മാന്ത്രികൻ, മുന്നൂറിലധികം  ചലച്ചിത്ര ഗാനങ്ങളും നൂറോളം നാടകഗാനങ്ങളും മലയാളിക്കു നൽകിയിട്ടുണ്ട്. ദ്വീപ്, സുബൈദ, ഉമ്മ, കാട്ടുമല്ലിക, ഭാര്‍ഗവീനിലയം, ലൈലാമജ്നു, കാർത്തിക, ഖദീജ, കാട്ടുതുളസി, മിടുമിടുക്കി, പുള്ളിമാൻ, തച്ചോളി ഒതേനൻ, മൂടുപടം, തറവാട്ടമ്മ, ഡോക്ടർ, പാലാട്ടു കോമൻ, നിണമണിഞ്ഞ കാല്‍പ്പാടുകൾ, പരീക്ഷ, അന്വേഷിച്ചു കണ്ടെത്തിയില്ല, ഭദ്രദീപം, യത്തീം തുടങ്ങിയവയാണു അദ്ദേഹം സംഗീത സംവിധാനം നിർവഹിച്ച പ്രശസ്ത ചിത്രങ്ങൾ. പെണ്മക്കൾ, ഭർത്താവ്, കാട്ടു തുളസി, നിണമണിഞ്ഞ കാല്‍പ്പാടുകൾ തുടങ്ങി കുറച്ചു ചിത്രങ്ങൾക്കു വേണ്ടി അദ്ദേഹം പാടുകയും ഉണ്ടായി. ബാബുരാജ് വേദികളിലും സുഹൃത്ത് സദസുകളിലും ഹാര്‍മോണിയം വായിച്ചു പാടിയ പാട്ടുകള്‍ക്ക് അവയുടെ ഒറിജിനല്‍ റെകോര്‍ഡിന്റെ അത്രതന്നെ ജനപ്രീതി ഉണ്ട് എന്നത് അദ്ദേഹത്തിന്‍റെ മാന്ത്രിക ആലാപനത്തിന് ദൃഷ്ടാന്തം ആണ്. 1978 ഒക്ടോബർ 7 നു ഒരു പിടി മധുരഗാനങ്ങൾ ബാക്കിയാക്കിക്കൊണ്ട്  ഈ ലോകത്തു നിന്നും അദ്ദേഹം വിട പറഞ്ഞു.

കണ്ടെത്താം പറയാം 
 ബാബുരാജ് ഉൾപ്പെടെയുള്ളവരുടെ വളർച്ചയിൽ കുഞ്ഞുമുഹമ്മദ്ക്ക പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. ആരുടെയെല്ലാം? സന്ദർഭങ്ങൾ ഏതെല്ലാം?
- ബാബുരാജ്, കെ. ടി. മുഹമ്മദ്, കെ. പി. ഉമ്മർ എന്നിവരെയെല്ലാം വളർത്തിയത് കുഞ്ഞുമുഹമ്മദിക്കയാണ്. കോഴിക്കോട് പട്ടണത്തിൽ പോലീസ്കോ ൺസ്റ്റബിളായിരുന്നു അദ്ദേഹം. പോലീസ് ലൈനിനടുത്ത റോഡിൽ സ്വന്തം ഉദരം തന്നെ തബലയാക്കി പാടുകയായിരുന്നു. പന്ത്രണ്ട് വയസ്സുകാരൻ സാബിർ ബാബുവിനെ അദ്ദേഹം സ്വന്തം വീട്ടിലേക്ക് കൊണ്ടുപോയി തന്റെ സഹോദരങ്ങൾക്കൊപ്പം വളർത്തി. സംഗീതമടക്കം എല്ലാ കലകളെയും ഒരുപാട് സ്നേഹിച്ചിരുന്ന കുഞ്ഞുമുഹമ്മദിക്ക കഴിവുള്ളവരെ വളർത്തിയെടുക്കുക എന്നത് തന്റെ ഒരു നിയോഗമായി കണ്ടു. അദ്ദേഹം ബാബുവിനും അബ്ദുൽ ഖാദറിനും പലയിടത്തും സംഗീതവേദികൾ സംഘടിപ്പിച്ചു കൊടുത്തു. അവർക്ക് പ്രചോദനമേകാൻ സ്വന്തം കാശ് കൊടുത്തു മാലകൾ വാങ്ങി കൂട്ടുകാരെ കൊണ്ട് അവരുടെ കഴുത്തിൽ അണിയിപ്പിച്ചു. ഇങ്ങനെ തന്നാൽ കഴിയുന്ന രീതിയിലെല്ലാം അദ്ദേഹം അവരുടെ കഴിവുകൾ വളർത്തിയെടുക്കാൻ ശ്രമിച്ചു.

അഭിപ്രായക്കുറിപ്പ് 
 "അന്യജീവനുതകി സ്വജീവിതം ധന്യമാക്കുമമലേ വിവേകികൾ " (നളിനി- കുമാരനാശാൻ) 
- ഈ വരികൾ കുഞ്ഞുമുഹമ്മദ്ക്കയെ സംബന്ധിച്ച് എത്രത്തോളം ശരിയാണ്? നിങ്ങളുടെ അഭിപ്രായം എഴുതൂ.
- മറ്റുള്ളവർക്ക് കൂടി പ്രയോജനകരമായ രീതിയിൽ പ്രവർത്തിച്ചു സ്വന്തം ജീവിതം ധന്യമാക്കുന്നവരാണ് വിവേകികൾ എന്നാണ് ഈ വരികളിൽ കുമാരനാശാൻ പറയുന്നത്. തെരുവിൽ വയറ്റത്തടിച്ച് പാടുകയായിരുന്ന പന്ത്രണ്ട് വയസ്സുകാരൻ സാബിർ ബാബുവിനെ കുഞ്ഞുമുഹമ്മദിന്റെ സ്വന്തം വീട്ടിലേക്ക്
കൊണ്ടുപോയി തന്റെ സഹോദരങ്ങൾക്കൊപ്പം വളർത്തി. ഈ കൊച്ചു പയ്യൻ ബാബു പിന്നീട് ഒരു പ്രശസ്തനായ സംഗീത സംവിധായകനായി മാറി. കൂടാതെ കെ. ടി. മുഹമ്മദ്, കോഴിക്കോട് അബ്ദുൽ ഖാദർ, കെ. പി. ഉമ്മർ എന്നിവരെല്ലാം വളർത്തിയെടുത്തത് കുഞ്ഞുമുഹമ്മദ്ക്കയാണ്. സമ്പാദ്യവും ജീവിതവും അദ്ദേഹം കഴിവുള്ളവരെ വളർത്തിയെടുക്കുന്നതിനായി മാറ്റിവെച്ചു. അവർക്ക് ഒരു പുതുജീവിതവും കഴിവ് തെളിയിക്കാനുള്ള വേദികളും അദ്ദേഹം ഒരുക്കിക്കൊടുത്തു. സ്വന്തം കാര്യം മാത്രം നോക്കാതെ മറ്റുള്ളവർക്ക് കൂടി ജീവിക്കണമെന്ന് തന്റെ ജീവിതത്തിലൂടെ അദ്ദേഹം നമ്മളെ പഠിപ്പിക്കുന്നു.

പ്രയോഗസവിശേഷത 
 സംഗീതത്തിൽ ബാബുരാജിനുള്ള പ്രാവീണ്യം വ്യക്തമാക്കാൻ ചേർത്ത പ്രയോഗം കണ്ടെത്തു. സവിശേഷതകൾ ചർച്ചചെയ്യു.
- "ബോധം ഉണരുമ്പോഴേക്കും സംഗീതത്തിന്റെ - പ്രതിഭാപരമായ ശക്തി അവനിൽ രുഢമൂലമായിക്കഴിഞ്ഞിരുന്നു." സംഗീതത്തിൽ ബാബുരാജിനുള്ള അസാമാന്യ കഴിവും പാണ്ഡിത്യവുമാണ് ഇവ സൂചിപ്പിക്കുന്നത്.

ജീവിതചിത്രം 
 "പ്രാണസഖി, ഞാൻ വെറുമൊരു 
പാമരനാം പാട്ടുകാരൻ 
ഗാനലോകവീഥികളിൽ 
വേണുവൂതുമാട്ടിടയൻ
................................" ബാബുരാജ് ഈണം നൽകിയ ഒരു സിനിമാഗാനത്തിലെ വരികളാണിത്. അദ്ദേഹത്തിന്റെ ജീവിതവുമായി ഈ വരികളിലെ ആശയം എത്രത്തോളം ബന്ധപ്പെട്ടിരിക്കുന്നു?വിശദമാക്കുക.
- ദാരിദ്ര്യം നിറഞ്ഞ ഒരു ബാല്യമായിരുന്നു ബാബുരാജിന്റേത് ഔപചാരിക വിദ്യാഭ്യാസം പോലും അദ്ദേഹത്തിന് ലഭിച്ചിരുന്നില്ല. കോഴിക്കോട് പട്ടണത്തിൽ വയറ്റത്തടിച്ച് പാടിയായിരുന്നു. പന്ത്രണ്ട് വയസ്സ് പ്രായത്തിൽ അദ്ദേഹം അന്നത്തിനുള്ള വക കണ്ടെത്തിയിരുന്നത്. 'പാമരനാം പാട്ടുകാരൻ' എന്ന് വരിയിലൂടെ ഈ ജീവിത കാലഘട്ടമാണ് സൂചിപ്പിക്കുന്നത്. സംഗീതത്തിൽ അപാരമായ അറിവും ഒരുപാട് നേട്ടങ്ങളും നേടിയിട്ടും അദ്ദേഹത്തിന് അതിൽ ഒട്ടും തന്നെ അഹങ്കാരം ഉണ്ടായിരുന്നില്ല. ' ഗാനലോക വീഥികളിൽ വേണുവൂതുമാട്ടിടയൻ' എന്ന വരിയിലൂടെ അദ്ദേഹത്തിന്റെ ജീവിതത്തിന്റെ ലാളിത്യമാണ് പ്രകടമാകുന്നത്.

പരിചയപ്പെടുത്തൽക്കുറിപ്പ് 
കെ. ടി. മുഹമ്മദിനെ പരിചയപ്പെടുത്തിക്കൊണ്ട് ഈ യൂണിറ്റിന്റെ അവസാനഭാഗത്ത് നൽകിയ കുറിപ്പ് വായിക്കൂ. എന്തെല്ലാം സവിശേഷതകളാണ് അതിനുള്ളത്? ചർച്ചചെയ്ത എഴുതൂ.
 ജീവിതകാലം
1928- ൽ മലപ്പുറം ജില്ലയിലെ മഞ്ചേരിയിൽ ജനിച്ചു. 2008-ൽ അന്തരിച്ചു.
 പ്രവർത്തന മേഖല
നാടകരംഗത്ത് നിരന്തരമായ പരീക്ഷണങ്ങൾ നടത്തി തന്റേതായ ഒരു ശൈലി രൂപപ്പെടുത്തിയ അദ്ദേഹത്തിന്റെ പ്രവർത്തനരംഗം കോഴിക്കോട്ടായിരുന്നു. കെ. ടി. എന്ന രണ്ടക്ഷരത്തിലൂടെയാണ് അദ്ദേഹം അറിയപ്പെട്ടത്. അദ്ദേഹത്തിന്റെ നാടകങ്ങളിലധികവും മനുഷ്യ നന്മക്ക് വേണ്ടിയുള്ള അന്വേഷണങ്ങളായിരുന്നു.
 പ്രധാന കൃതികൾ
ഊരും പേരും ഇത് ഭൂമിയാണ്, കാഫർ, നാൽക്കവല, അസ്ഥിവാരം, മേഘസന്ദേശം, വെളിച്ചം വിളക്ക് അന്വേഷിക്കുന്നു, ചുവന്ന ഘടികാരം, അപരിചിതൻ, കടൽപ്പാലം തുറക്കാത്ത വാതിൽ, സംഗമം, സൃഷ്ടി സ്ഥിതി സംഹാരം, സാക്ഷാൽക്കാരം, ദീപസ്തംഭം മഹാസ്തംഭം, മാംസപുഷ്പങ്ങൾ, കണ്ണുകൾ, ചിരിക്കുന്ന കത്തി, കണ്ടം ബച്ച കോട്ട്, അച്ഛനും ബാപ്പയും, കടൽപ്പാലം, രാജഹംസം.
 പുരസ്കാരങ്ങൾ
കേരള സംഗീത നാടക അക്കാദമി അവാർഡ്,പി. ജെ. ആന്റണി പുരസ്കാരം, മികച്ച തിരക്കഥക്കുള്ള സംസ്ഥാന അവാർഡ് തുടങ്ങിയവ.

ഉപശീർഷകം 
 "ആദ്യനാടകം, ആദ്യസംഗീതം', 'നിയോഗം പോലൈ', 'ബാബുരാജിന്റെ നിസ്സഹായാവസ്ഥ 'എന്നീ ഉപശീർഷകങ്ങൾ ആ ഭാഗങ്ങൾക്ക് എത്രമാത്രം യോജിക്കുന്നു? ചർച്ചചെയ്യുക.
തെരുവിൽ വയറ്റത്തടിച്ചു പാട്ടു പാടി നടന്നിരുന്ന ഒരു അനാഥ ബാലനിൽ നിന്ന് ലോകപ്രശസ്തനായ ഒരു സംഗീത സംവിധായകനിലേക്കുള്ള വളർച്ചയുടെ വിവിധ ഘട്ടങ്ങളാണ് ഈ ഉപശീർഷകങ്ങളിലൂടെ സൂചിപ്പിക്കുന്നത്. ആദ്യ നാടകം' 'ആദ്യ സംഗീതം' എന്ന് ഉപശീർഷകത്തിലൂടെ ബാബുരാജിന്റെ സംഗീതസംവിധാന ലോകത്തേക്കുള്ള ആദ്യ ചുവടുവെപ്പിനുള്ള പരിശ്രമമാണ് സൂചിപ്പിക്കുന്നത്. ബാബുരാജ്, കെ. പി. ഉമ്മർ, കെ. ടി. മുഹമ്മദ്, കോഴിക്കോട് അബ്ദുൽ ഖാദർ എന്നീ പ്രശസ്തരെയെല്ലാം വളർത്തിയെടുത്തത് കുഞ്ഞുമുഹമ്മദിക്കയാണ്, കഴിവുള്ളവരെ വളർത്തിയെടുക്കുക എന്നത് തന്റെ ഒരു നിയോഗമായി കണ്ട വ്യക്തിയായിരുന്നു അദ്ദേഹം. ഇതാണ് 'നിയോഗം പോലെ' എന്ന ഉപശീർഷകം കൊണ്ട് അർത്ഥമാക്കുന്നത്. കുഞ്ഞുമുഹമ്മദിക്കയുടെ സംരക്ഷണത്തിൽ വളരുമ്പോഴും അഭിനന്ദനങ്ങളും അനുമോദനങ്ങളും ഏറ്റുവാങ്ങുമ്പോഴും തെരുവിൽ വളർന്നതിന്റെ നിസ്സഹായാവസ്ഥ അദ്ദേഹത്തിനുണ്ടായിരുന്നു. ബാബുരാജിന്റെ നിസ്സഹായാവസ്ഥ എന്ന ഉപശീർഷകം ഈ ഭാഗത്ത് ചേർത്തത് അതുകൊണ്ടാണ്.

അനുസ്മരണച്ചടങ്ങ് 
* ക്ലാസിൽ 'ബാബുരാജ് അനുസ്മരണ' പരിപാടി സംഘടിപ്പിക്കുക (ചരമദിനം ഒക്ടോബർ 7). ഈ പരിപാടിയിൽ എന്തെല്ലാം കാര്യങ്ങൾ ഉൾപ്പെടുത്താം?
 അനുസ്മരണ പ്രസംഗം 
 പാട്ടുകൾ 
 ബാബുരാജ് ചിത്രപ്രദർശനം 
അനുസ്മരണപ്രസംഗം തയാറാക്കു. പരിപാടിയുടെ പ്രചാരണത്തിനായി പോസ്റ്റർ, നോട്ടീസ് എന്നിവകൂടി തയാറാക്കുമല്ലോ.
മാന്യ സദസ്സിനു നമസ്കാരം,
"പ്രാണസഖി, ഞാൻ വെറുമൊരു പാമരനാം പാട്ടുകാരൻ ഈ വരികൾ കേൾക്കുമ്പോൾ നമ്മുടെ മനസ്സിലേക്ക് ഓടിയെത്തുന്നത് 'ബാബുക്ക' എന്ന് ഓരോ മലയാളിയും സ്നേഹത്തോടെ വിളിക്കുന്ന എം. എസ്. ബാബുരാജിന്റെ മുഖം തന്നെയാകും. അദ്ദേഹം ഈണം നൽകിയ അനശ്വരഗാനങ്ങൾ ഇന്നും മലയാളികൾ നെഞ്ചോടുചേർക്കുന്നു. ദാരിദ്ര്യവും, പട്ടിണിയും നിറഞ്ഞ ബാല്യമായിരുന്നു അദ്ദേഹത്തിന്റേത്. കുഞ്ഞുമുഹമ്മദ് എന്ന പോലീസ്കാരൻ തെരുവിൽനിന്നു കണ്ടെടുത്തതാണ് ഈ അതുല്യ പ്രതിഭയെ എന്നത് ഇന്നും നമ്മൾ അതിശയത്തോടെയാണ് ഓർക്കാറുള്ളത്. കോഴിക്കോട് അബ്ദുൽഖാദർ, കെ.പി. ഉമ്മർ എന്നീ പ്രതിഭകളുമൊത്തായിരുന്നു അദ്ദേഹത്തിന്റെ ബാല്യവും, യൗവ്വനവും. കോഴിക്കോട്ടെ സൗഹൃദസദസ്സുകളിൽ ഗാനമേളയവതരിപ്പിച്ചും മറ്റും വളർന്ന ഈ അതുല്യകലാകാരൻ തന്റെ പ്രതിഭാശക്തി കൊണ്ട് മലയാള സംഗീതത്തിലെ പ്രഗത്ഭർക്കൊപ്പം സ്ഥാനം പിടിച്ചു. 'ഒരു പുഷ്പം മാത്രമെൻ, താമസമെന്തേ വരുവാൻ, തുടങ്ങി ബാബുക്കയുടെ ഒരുപാട് ഗാനങ്ങൾ നമ്മുടെ ഓരോരുത്തരുടെയും മനസ്സിൽ സുവർണ്ണലിപികളിൽ കുറിക്കപ്പെട്ടിട്ടുള്ളതാണ്. 'ബാബുക്ക' എന്ന സംഗീതപ്രതിഭയുടെ സ്മരണയ്ക്ക് മുന്നിൽ നമുക്ക് കൈകുപ്പാം.
നന്ദി, നമസ്കാരം.



ഈ ബ്ലോഗിലെ എല്ലാ പോസ്റ്റുകളും ഒരുമിച്ച് കാണാനും ആവശ്യമുള്ളവ എളുപ്പത്തിൽ തിരഞ്ഞെടുക്കാനും ഇവിടെ ക്ലിക്കുക.

PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here