STD 5 കേരളപാഠാവലി: കാൻസർ വാർഡിലെ ചിരി - പഠനപ്രവർത്തനങ്ങൾ - ചോദ്യോത്തരങ്ങൾ 


Questions and Answers for Class 5 Malayalam - Kerala Padavali chiriyum chinthayum: kansarvaardile chiri Teachers Handbook | Std 5 Malayalam കേരളപാഠാവലി: അദ്ധ്യായം 03 ചിരിയും ചിന്തയും

Std V കേരളപാഠാവലി: കാൻസർ വാർഡിലെ ചിരി - ചോദ്യോത്തരങ്ങൾ, പഠനപ്രവർത്തനങ്ങൾ
 
കാൻസർ വാർഡിലെ ചിരി - ഇന്നസെന്റ്
അർബുദരോഗിയായിരിക്കെ കടന്നുപോയ അനുഭവങ്ങളിലൂടെ മലയാളികളുടെ പ്രിയനടൻ ഇന്നസെന്റ് സഞ്ചരിക്കുന്നു.
രോഗത്തെക്കുറിച്ച് അറിയുകയും രോഗികളുടെ അനുഭവങ്ങൾ കാണുകയും കേൾക്കുകയും ചെയ്യുന്നതിൽ നിന്നു വളരെ വ്യത്യാസമുണ്ട് ആ രോഗാവസ്ഥയിൽ ജീവിക്കക എന്നത്. കാൻസർ പോലെയുള്ള മാരകമായ രോഗമാണെങ്കിൽ ആ അവസ്ഥ ഏറെ ഭീകരവുമാണ്. മനോധൈര്യമാണ് ഏറ്റവും ഫലപ്രദമായ മരുന്ന് എന്ന് ഇന്നസെന്റിന്റെ അനുഭവങ്ങളിലൂടെ കടന്നുപോകുമ്പോൾ മനസ്സിലാകും . ഓരോ പേജിലും നിറഞ്ഞുനിൽക്കുന്ന ഹാസ്യരസം എടുത്തുപറയേണ്ടതാണ്. അത് വായിച്ചുതന്നെ ആസ്വദിക്കണം. അത്തരമൊരു അവസ്ഥയിലും അങ്ങനെയൊക്കെ പെരുമാറുവാനും പറയുവാനും അദ്ദേഹത്തിനുമാത്രമേ സാധിക്കൂ. പൊട്ടിച്ചിരിക്കുന്ന, ചിരിപ്പിക്കുന്ന ആ കണ്ണുകളിലൂറുന്ന നനവ് സൂക്ഷിച്ചുനോക്കിയാൽ കാണാനും സാധിക്കും. ഉള്ളിൽ കരയുമ്പോഴും പുറമേ ചിരിച്ചഭിനയിക്കേണ്ടതായ ഒരു രംഗമായി ഇത്തരം പ്രതിസന്ധികളെ കാണണം, അങ്ങനെ ചിരിച്ചുകൊണ്ടുതന്നെ മുന്നോട്ടു നീങ്ങിയാൽ ഏതു വലിയ ശത്രുവും ഒന്നു ഭയന്നു പിന്മാറും. അതാണ് ഇന്നസെന്റ് ഇതിലൂടെ പകർന്നുതരുന്ന പാഠം .
''ജീവിതത്തിലായാലും മരണത്തിലായാലും സങ്കടപ്പെടുന്ന മനുഷ്യനു നല്കാൻ എന്റെ കൈയിൽ ഒരൗഷധം മാത്രമേ ഉള്ളൂ-ഫലിതം. ജീവിതത്തിന്റെയും മരണത്തിന്റെയും ഇടനാഴിയിൽ നിന്ന് തിരിച്ചുവന്ന് എനിക്കു നല്കാനുള്ളതും കാൻസർ വാര്‍ഡിൽ നിന്നും കണ്ടെത്തിയ ഈ ചിരിത്തുണ്ടുകൾ മാത്രം.'' - ഇന്നസെന്റ്. 

വായിക്കൂ കണ്ടെത്തു 
 "ഡോക്ടറുടെ മരുന്നുകൾക്കൊപ്പം ഞാൻ എന്റെ തായ ഔഷധങ്ങളും തയാറാക്കാൻ തുടങ്ങി'' തന്റെ രോഗശമനത്തിനായി ഇന്നസെന്റ് സ്വയം തയാറാക്കിയ ഔഷധം എന്തായിരുന്നു?
ഉത്തരം: ചിരിയായിരുന്നു ക്യാൻസർ എന്ന മഹാരോഗത്ത അതിജീവിക്കാൻ ഇന്നസെന്റ് കണ്ടുപിടിച്ച ആയുധം. തന്റെ നർമ്മബോധം ഉപയോഗിച്ച് എന്തിലും ചിരി കണ്ടെത്തി സ്വയം ചിരിച്ചും മറ്റുള്ളവരെ ചിരിപ്പിച്ചും തന്നെ ബാധിച്ച രോഗത്തെ അതിജീവിക്കാൻ ഇന്നസെന്റ് തീരുമാനിച്ചു.

 “എന്താ ഇന്നസെന്റേ, നിങ്ങളുടെ വീട്ടിൽ ആരെങ്കിലും മരിച്ചോ? പെരുന്നാളിന്റെ വെളിച്ചോം ബഹളോം ഒന്നുമില്ലാതെ.” വഴിപോക്കന്റെ ഈ ചോദ്യത്തിന് ഇന്നസെന്റിന്റെ മറുപടി എന്തായിരുന്നു? 
ഉത്തരം: “ഇല്ല, മരിച്ചിട്ടില്ല. അടുത്തകൊല്ലം മരിക്കണേന്റെ റിഹേഴ്സലാ. ഞാൻ സിനിമാനടനല്ലേ. ഞങ്ങൾ ഏതു രംഗം ഷൂട്ട് ചെയ്യണതിന്റേം മുൻപേ ഒരു റിഹേഴ്സൽ എടുക്കും. 'മനസ്സിനക്കരെ' എന്ന സിനിമ നിങ്ങൾ കണ്ടിട്ടുണ്ടോ? അതിൽ ഞാൻ മരിച്ചുകിടക്കുന്ന ഒരു രംഗമുണ്ട്. ആറിലധികം തവണയാണ് അതിന്റെ റിഹേഴ്സൽ എടുത്തത്. എന്നിട്ടാണ് ഷോട്ട് ഓക്കെയായത്. അതുപോലെ ഇത് അടുത്തവർഷത്തെ വാലായ്മയ്ക്കുള്ള റിഹേഴ്സലാ.” ഇതായിരുന്നു വഴിപോക്കന്റെ ചോദ്യത്തിനുള്ള ഇന്നസെന്റിന്റെ മറുപടി.

 “അതുവരെ പൊട്ടിച്ചിരിച്ച് മമ്മൂട്ടി ഒന്നും മിണ്ടാതെ ഫോൺ കട്ട് ചെയ്തു.” എന്തായിരിക്കും മമ്മൂട്ടി ഫോൺ കട്ട് ചെയ്യാൻ കാരണം? ചർച്ചചെയ്യു.
ഉത്തരം: ഇന്നസെന്റ് പറഞ്ഞ കാര്യങ്ങൾ മമ്മുട്ടിയെ ഒരു നിമിഷത്തേക്ക് ചിന്താകുലനാക്കിയിരിക്കാം. ഇന്നസെന്റ് പറഞ്ഞ കാര്യം തന്റെ ജീവിതത്തിലും സംഭവിച്ചേക്കാം എന്ന് ചിന്ത അദ്ദേഹത്തിന് ഉണ്ടായിരിക്കണം. മരണമെന്ന സത്യത്തെക്കുറിച്ചുള്ള ചിന്തയാകാം മമ്മൂട്ടിയെ ഫോൺ കട്ട് ചെയ്യാൻ പ്രേരിപ്പിച്ചത്.

 ഇന്നസെന്റിന്റെ രോഗാവസ്ഥ അദ്ദേഹത്തിലും ഭാര്യ ആലീസിലും ഉണ്ടാക്കിയ പ്രതികരണങ്ങൾ താരതമ്യം ചെയ്ത് കുറിപ്പ് തയാറാക്കൂ. 
ഉത്തരം: ഇന്നസെന്റ് അർബുദകാരനായതിൽ ഭാര്യ ആലീസ് ദുഖിച്ചു കരഞ്ഞപ്പോൾ, ചിരിച്ചുകൊണ്ട് ഈ രോഗത്തെ തനിക്ക് മറികടക്കാനാവും എന്നായിരുന്നു ഇന്നസെന്റിന്റെ വാക്കുകൾ. രോഗം ശരീരത്തെ കാർന്നു തിന്നുമ്പോൾ ഇന്നസെന്റിന്റെ മുഖത്ത് വിഷാദ ഭാവം നിറയാത്തതിലും ചിരി മാഞ്ഞു പോകാത്തതിലും ഭാര്യ ആലീസ് അതിശയിച്ചു. അർബുദത്തെ ചിരി കൊണ്ട് നേരിടാനും തോൽപ്പിക്കാനും ഇന്നസെന്റിന് കഴിഞ്ഞത് അദ്ദേഹത്തിന്റെ ആത്മവിശ്വാസം കൊണ്ടാണ്.

 രോഗത്തെ നർമ്മബോധത്തോടെ നേരിട്ട് ഇന്നസെന്റിനോട് നിങ്ങൾക്ക് എന്താണ് പറയാനുള്ളത്? കത്ത് തയാറാക്കു. 
സ്ഥലം 
തിയ്യതി
പ്രിയപ്പെട്ട ഇന്നസെന്റ് അങ്കിളിന്,
ഞങ്ങൾ യു. പി. സ്കൂളിലെ അഞ്ചാം ക്ലാസ്സ് വിദ്യാർഥികളാണ്. അങ്ങയുടെ "കാൻസർ വാർഡിലെ ചിരി" എന്ന അനുഭവക്കുറിപ്പ് ഞങ്ങൾക്ക് പഠിക്കാനുള്ള ഒരു പാഠമാണ്. ചെറിയ മനസ്സുള്ള ഞങ്ങളെപ്പോലും അതിശയിപ്പിച്ചു അങ്ങ് ചിരികൊണ്ട് കാൻസർ എന്ന മഹാരോഗത്തെ മറികടന്നതിൽ, നിരാശയെ പോലും തമാശയിലേക്ക് ചേർത്തുവയ്ക്കാൻ അങ്ങേയ്ക്കുള്ള കഴിവിൽ ഞങ്ങൾ അത്ഭുതപ്പെട്ടു. ഞങ്ങൾക്കെല്ലാവർക്കും അങ്ങയോട് വളരെയധികം സ്നേഹവും ബഹുമാനവും തോന്നി. അങ്ങ് കാൻസർ രോഗം കൊണ്ട് കഷ്ടതയനുഭവിക്കുന്ന എല്ലാവർക്കും ഒരു പ്രചോദനമാണ്.അങ്ങയുടെ ആരോഗ്യത്തിനും ആയുസ്സിന്റെ വലിപ്പത്തിനും വേണ്ടി ഞങ്ങൾ എന്നും പ്രാർത്ഥിക്കും.
നന്മയോടെ കുട്ടികൾ.

• “കരളെരിഞ്ഞാലും തലപുകഞ്ഞാലും 
ചിരിക്കണ, മതേ വിദൂഷകധർമ്മം. 
ചിരിയും കണ്ണീരുമിവിടെക്കാണുവ-
തൊരുപോലെ മിഥ്യയെന്നറിവോനല്ലീ നീ?'' - സഞ്ജയൻ 
ഇന്നസെന്റിന്റെ ജീവിതാനുഭവങ്ങൾ സഞ്ജയന്റെ വരികളുമായി താരതമ്യം ചെയ്ത് കുറിപ്പ് തയാറാക്കു.
ഉത്തരം: മലയാള സാഹിത്യത്തിലെ വലിയ ഹാസ്യ സാമ്രാട്ടായിട്ടാണ് സഞ്ജയൻ അറിയപ്പെടുന്നത്. സ്വന്തം ജീവിതത്തിൽ കനത്ത ദുരന്തങ്ങൾ അനുഭവിച്ച ആളാണ് സഞ്ജയൻ. വിവാഹം കഴിഞ്ഞ് മൂന്ന് വർഷം കഴിയുമ്പോഴേക്കും ഭാര്യ അന്തരിച്ചു. ഏകമകനും പത്താം വയസ്സിൽ മരണമടഞ്ഞു. ഇത്രയും ജീവിതവ്യഥകളുണ്ടായിട്ടും സാഹിത്യരചനയിൽ ഹാസ്യത്തിന്റെ മേമ്പൊടി ചേർക്കാൻ അദ്ദേഹം മറന്നില്ല. കരളെരിഞ്ഞാലും തല പുകഞ്ഞാലും ചിരിക്കണമെന്ന വിദൂഷക ധർമ്മം തന്നെയാണ് സഞ്ജയൻ തന്റെ ജീവിതത്തിൽ പാലിച്ചത്. അദ്ദേഹത്തിന്റെ ആത്മാനുഭവങ്ങൾ തന്നെയാണ് ഈ വരികളിലും പ്രതിഫലിക്കുന്നത്. ജീവിതത്തിൽ ആരും തളർന്നുപോകുന്ന കാൻസർ എന്ന മഹാവ്യാധിയെ ചിരി കൊണ്ടും, മനോബലം കൊണ്ടും നേരിട്ട് ഇന്നസെന്റിന്റെ ജീവിതം സഞ്ജയന്റെ ഈ വരികളുമായി ചേർന്ന് നിൽക്കുന്നത് തന്നെയാണ്.

• അദ്ദേഹം ആറാട്ടുപുഴ പൂരം കാണാൻ പോയി. 
ആദ്യം അറിഞ്ഞത് ബന്ധുക്കളാണ്. അവർ വന്നുതുടങ്ങി. അടിവരയിട്ടു വാക്കുകൾ ഏതിനു പകരമായിട്ടാണ് ഉപയോഗിച്ചിട്ടുള്ളതെന്ന് 'പാഠഭാഗങ്ങളിൽനിന്ന് കണ്ടെത്തു. 
ഉത്തരം: മുട്ടസ്സുനമ്പൂതിരിയെയാണ് ആദ്യത്തെ വാക്യത്തിൽ അദ്ദേഹം എന്ന് വിശേഷിപ്പിച്ചിരിക്കുന്നത്. ഇന്നസെന്റിനെ കാണാൻ വന്ന ബന്ധുക്കളെയാണ് രണ്ടാമത്തെ വാക്യത്തിൽ 'അവർ എന്ന് പറഞ്ഞിരിക്കുന്നത്. അദ്ദേഹം, അവർ എന്നുള്ളത് സർവ്വനാമങ്ങളായാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. 
ഒരു നാമപദം തന്നെ അവർത്തിക്കുന്നതിലുള്ള അഭംഗി ഇല്ലാതാക്കുവാൻ ആ നാമത്തിനു പകരം ഉപയോഗിക്കുന്ന നാമതുല്യമായ പദമാണ് സർവ്വനാമം.

• കാൻസർ വാർഡിലെ ചിരി എന്ന പേര് ഈ ലേഖനത്തിനു എത്രമാത്രം ഉചിതമാണ്? വിശദമാക്കുക. 
ഉത്തരം: കാൻസർ എന്ന മഹാവ്യാധിയെകുറിച്ചോർക്കുമ്പോൾ പേടിയും, കണ്ണീരും, വേദനയൊക്കെയുമാണ് ഏതൊരാളുടെയും മനസ്സിലേക്ക് ഓടിയെത്തുക. എന്നാൽ എല്ലാവരിൽ നിന്നും വ്യത്യസ്തനായി, ചിരിയും, ഹാസ്യവും കൊണ്ടാണ് ഇന്നസെന്റ് ആ രോഗത്തെ നേരിട്ടത്. ജീവിതത്തിലെ എല്ലാ പ്രതിസന്ധികളെയും മനോബലവും, ചിരിയും കൊണ്ട് വേണം നേരിടാൻ എന്ന മഹത്തായ ജീവിതപാഠം പകർന്നു നൽകുന്ന അദ്ദേഹത്തിന്റെ അനുഭവക്കുറിപ്പിന് "കാൻസർ വാർഡിലെ ചിരി' എന്ന പേരുതന്നെയാണ് ഉചിതം.


TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here