STD 6 അടിസ്ഥാനപാഠാവലി: ജീവിതത്തിന്റെ ഉപ്പ്‌, പഠനപ്രവർത്തനങ്ങൾ - ചോദ്യോത്തരങ്ങൾ   


Questions and Answers for Class 6 Malayalam - Adisthana Padavali Unit 02 keraleeyam - jeevithathinte uppu | Std 6 അടിസ്ഥാനപാഠാവലി:  കേരളീയം: ജീവിതത്തിന്റെ ഉപ്പ്‌ - ആശയം - ചോദ്യോത്തരങ്ങൾ | Teachers Handbook

പറയിപെറ്റ പന്തിരുകുലത്തിലെ അംഗങ്ങളുടെ പേരുകൾ  പരാമർശിക്കുന്ന ശ്ലോകം 
''മേഷ (ള)ത്തോളഗ്നിഹോത്രീ രജകനുളിയനൂർ-
 ത്തച്ചനും പിന്നെ വള്ളോൻ 
 വായില്ലാക്കുന്നിലപ്പൻ വടുതലമരുവും 
 നായർ കാരയ്ക്കൽ മാതാ
 ചെമ്മേ കേളുപ്പുകൂറ്റൻ പെരിയ തിരുവര
 ങ്കത്തെഴും പാണനാരും
 നേരേ നാരായണഭ്രാന്തനുമുടനകവൂർ-
 ചാത്തനും പാക്കനാരും.''

കണ്ടെത്താം, പറയാം 
1. ഉപ്പുകൊറ്റനുംഅഗ്നിഹോത്രിയും കണ്ടപ്പോൾ പരസ്പരം തോന്നിയ പരിചയഭാവം സൂചിപ്പിക്കുന്നത്‌ എങ്ങനെയാണ്‌?
ഉപ്പുകൊറ്റനും അഗ്നിഹോത്രിയും കണ്ട് മുട്ടുന്നത് അഗ്നിഹോത്രിയുടെ മേഴത്തൂരിലെ ഇല്ലത്തുവെച്ചാണ്. ഇല്ലത്തിന്റെഉമ്മറമുറ്റത്തെനടക്കല്ലില്ലിരിക്കുന്ന ഉപ്പുകൊറ്റനെ കാണുമ്പോൾ അഗ്നിഹോത്രിക്കും അഗ്നിഹോത്രിയെ കാണുമ്പോൾ ഉപ്പുകൊറ്റനും പരിചയം തോന്നുന്നുണ്ട്. അതിഹോത്രി പേര് ചോദിക്കുമ്പോൾ ഉപ്പുകൊറ്റനെന്നാണ് ഉപ്പുകൊറ്റൻ പറയുന്നത്. രണ്ടാളുകൾക്കും പരസ്പരം എവിടെയോ കണ്ടപോലെ തോന്നി. സംസാരത്തിനിടക്ക് ഉറക്കെ പൊട്ടിച്ചിരിക്കുന്ന ഉപ്പുകൊറ്റന്റെ ചിരി കേട്ടിട്ട് അഗ്നിഹോത്രിക്ക്നാറാണത്തുഭ്രാന്തനെഓർമ വന്നു. അദ്ദേഹം അത് ആരായുകയും ചെയ്തു. നാറണത്തിന്റെ ചിരിയും പാക്കനാരുടെ ശബ്ദവും ആണല്ലോ എന്ന ചിന്തയിൽ അവരെ അറിയുമോ എന്ന് ചോദിച്ച അഗ്നിഹോത്രിക്ക് അവരെ അറിയാം എന്ന് ഉപ്പുകൊറ്റൻ മറുപടി നൽകി. തിരിച്ച് ഉപ്പുകൊറ്റൻ അഗ്നിഹോത്രിയുടെ ചിരി പാക്കനാരുടെതും സംസാരം നാറാണത്തിന്റെതും ആയിട്ടാണ് ഉപമിച്ചത്.
അനിഹോത്രിയുംനാറാണത്തുംപാക്കനാരുംഉപ്പ്കോറ്റനുമെല്ലാംവരരുചിക്കും പഞ്ചമിക്കും ജനിച്ചതാണല്ലോ. ഇവർ തമ്മിലുള്ള ആത്മബന്ധത്തെയും പരസ്പരമുള്ള സാദൃശ്യത്തെയും ഇവർക്കിടയിലെ പരിചയഭാവം വിളിച്ചോതുന്നു.

2. എട്ടു ഭൃത്യന്മാർ പരിശ്രമിച്ചിട്ടും വഴിയിൽ നിന്ന്‌ മാറ്റാൻ കഴിയാത്ത ഉപ്പുകൊറ്റനെ നിഷ്പ്രയാസംഎഴുന്നേൽപ്പിക്കാൻ അഗ്നിഹോത്രിക്കു കഴിഞ്ഞത്‌ എന്തുകൊണ്ടാവാം?
- അഗ്നിഹോത്രിയും ഉപ്പുകൊറ്റനും സംസാരിച്ചിരിക്കുമ്പോഴാണ് അഗ്നിഹോത്രിയുടെ ഭാര്യാ പിതാവ് വരുന്നത്. സമൂഹത്തിലെ ഉന്നതനാണെങ്കിലും ഇയാളെ കണ്ടിട്ട് ഉപ്പുകൊറ്റൻ എഴുന്നേൽക്കാനോ ബഹുമാനം കാണിക്കുന്നോ തയ്യാറായില്ല. ഇത് കണ്ട് കുപിതനായ ഭാര്യാപിതാവ് ഉപ്പുകൊറ്റനെ പിടിച്ചു മാറ്റുവാൻ ആവശ്യപ്പെട്ടു. എന്നാൽ  എട്ടു ഭൃത്യന്മാര്‍ ചേർന്ന് പിടിച്ചിട്ടും ഉപ്പുകൊറ്റനോഅദ്ദേഹത്തിന്റെ ചാക്കിനോ ഒരനക്കവും സംഭവിച്ചില്ല. എന്നാൽ അഗ്നിഹോത്രി കൈ നീട്ടിയപ്പോൾ തന്നെ അതിൽ പിടിച്ച് ഉപ്പുകൊറ്റൻ എണീക്കുകയും പോവുകയും ചെയ്തു. ഇതിൽ നിന്ന് നമുക്ക് മനസ്സിലാക്കുന്നതും അവർ അനുഭവിക്കുന്നതും സഹോദരസ്നേഹമാണ്. ഒരമ്മ പെറ്റ രണ്ട് മക്കൾ ആണ് അഗ്നിഹോത്രിയും ഉപ്പുകൊറ്റനും. അവരുടെ രക്തബന്ധത്തിന്‍റെയും സ്നേഹബന്ധത്തിന്‍റെയും ശക്തിയാണ് നമുക്കിവിടെ കാണാൻ സാധിക്കുന്നത്. അത് കൊണ്ട് തന്നെ ആണ് എട്ട് പേർ ചേർന്ന് ശ്രമിച്ചിട്ടും അനങ്ങാത്ത ഉപ്പുകൊറ്റൻ അഗ്നിഹോത്രി കെ നീട്ടിയപ്പോൾ എഴുന്നേറ്റത്.

3. ആൽത്തറയിൽ കിടന്ന ഉപ്പുകൊറ്റൻ കണ്ട സ്വപ്നത്തിന്റെ പൊരുൾ എന്താണ്‌?
- ഉപ്പുകൊറ്റൻ പുഴക്കടവിലെ ആൽത്തറയിൽ കിടന്ന് മയങ്ങുമ്പോൾ ഒരു ബ്രാഹ്മണൻന്റെയും അയാളുടെ പൂർണഗർഭിണിയായ പത്നിയുടെയും ചിത്രം മനസ്സിൽ തെളിഞ്ഞു. വഴിയമ്പലത്തിൽ എത്തുമ്പോൾ അവർ ഒരു ചോരക്കുഞ്ഞിനെ അവിടെ ഉപേക്ഷിച്ച് പോകുന്നു. തുടർന്ന് ചന്തയിൽ നിന്ന് മടങ്ങിവരുന്ന രണ്ട്സ്ത്രീകൾ കുഞ്ഞിന്റെ കരച്ചിൽ കേൾക്കുകയും കുഞ്ഞിനെ എടുത്ത് നടന്നകലുകയും ചെയ്യുന്നു.
സ്വപ്നത്തിൽ പ്രതിപാദിക്കുന്ന സംഭവം ഒരു പക്ഷേ ഉപ്പുകൊറ്റന്‍റെ ജനനമാകാം. സ്വപ്നത്തിലെ ബ്രാഹ്മണനും ഭാര്യയും വരരുചിയും പഞ്ചമിയുമാണ്. 12 മക്കൾ ഇവർക്ക് ജനിച്ചിട്ടുണ്ട്. എന്നാൽ അവർ എല്ലാത്തിനെയും ഉപേക്ഷിക്കുകയാണ് ഉണ്ടായത്. ഇങ്ങനെ ഉപേക്ഷിക്കപ്പെട്ട ഈ കുട്ടികളെ സമൂഹത്തിലെ പല തട്ടിൽ നിന്നുള്ളവർ എടുത്തിവളർത്തി. അതാണ് ഈ സ്വപ്നത്തിൽ പ്രതിപാദിക്കുന്നത്.

4. ഉപ്പുകൊറ്റന്റെ അമാനുഷിക സിദ്ധികൾ വെളിപ്പെടുത്തുന്ന സംഭവങ്ങൾ  വിവരിക്കുക.
- കഥയിൽ രണ്ടിടത്ത് ഉപ്പുകൊറ്റൻ തന്‍റെ അമാനുഷിക സിന്ധികൾ വെളിപ്പെടുത്തുന്നുണ്ട്.
അഗ്നിഹോത്രിയുടെ ഭാര്യാപിതാവ് വരുമ്പോൾ അചാരം കാണിക്കാത്ത ഉപ്പുകൊറ്റനെ എടുത്തു മാറ്റാൻ ഭൃത്യരോട് ഭാര്യാപിതാവ് കൽപ്പിക്കുന്നു. എന്നാൽ എട്ട്പേർ ചേർന്ന് പിടിച്ചിട്ടും ഉപ്പുകൊറ്റൻ അനങ്ങിയില്ല. അത് പോലെ തന്നെ അദ്ദേഹത്തിന്റെ സഞ്ചിയും. എന്നാൽഅഗ്നിഹോത്രി കൈ നീട്ടുമ്പോൾ അതിൽ പിടിച്ച് നിസ്സാരമായി എഴുന്നേൽക്കുകയും സഞ്ചി തോളത്താക്കുകയും ചെയ്തു ഉപ്പുകൊറ്റൻ.
രണ്ടാമത്തെ സംഭവം പുഴക്കടവിൽ ഉള്ള ആൽത്തറയിൽ വെച്ചാണ് ഉണ്ടായത്. ഉപ്പുകൊറ്റനെ കണ്ട് ഒത്ത് കൂടിയ കുട്ടികൾക്ക് ഉപ്പുകൊറ്റൻ സഞ്ചി കമിഴ്ത്തി അതിനുള്ളിൽ നിന്നും ഉണ്ണിയപ്പങ്ങൾ എടുത്തു കൊടുത്തു. അത് കഴിഞ്ഞ് കളിച്ച് തളർന്ന് വന്ന കുട്ടികൾ ഒന്നുകൂടി ഉപ്പുകൊറ്റന്റെ സഞ്ചി പരതി. എന്നാൽ അതിൽ ഉപ്പ് മാത്രം ആണ് ഉണ്ടായിരുന്നത്. കുട്ടികളുടെ വിഷമം കണ്ട ഉപ്പുകൊറ്റൻ ഉപ്പ് വാരിയെടുത്ത് മുകളിലേക്ക് എറിഞ്ഞു. ആ ഉപ്പ് അപ്പങ്ങളായി താഴേക്ക് പതിച്ചു. 
ഇവ രണ്ടുമാണ് ഉപ്പുകൊറ്റന്‍റെ അമാനുഷികസിദ്ദികൾ വെളിപ്പെടുത്തുന്ന സന്ദർഭങ്ങൾ.

5. ഉപ്പുകൊറ്റന്റെമനസ്സിൽ നിറയെ സങ്കടമാണെന്നു സൂചിപ്പിക്കുന്നസന്ദര്‍ഭം കഥയില്‍ നിന്നു കണ്ടെത്തി അവതരിപ്പിക്കുക.
- അയാൾ നടക്കുകയാണ്. മലകയറി, കാടുകടന്ന്, കുന്നിറങ്ങി, വയൽ മുറിച്ച്... പുഴയോരത്തുകൂടെ നടക്കുമ്പോൾ അയാളുടെ മനസ്സ് പലവിധ വിചാരങ്ങളിൽ മുഴുകി. തന്റെ ജീവിതവും പുഴപോലെയാണ് എന്നയാൾ ചിന്തിക്കുന്നു. രണ്ടും മുന്നോട്ടൊഴുകുന്നു. ചുഴികളും കയങ്ങളും അടിയൊഴുക്കുകളും. അങ്ങനെയങ്ങനെ... പുഴ സമുദ്രത്തിലേക്ക് ഒഴുകിയടുക്കുന്നു ഉപ്പിൽ ലയിക്കാനായി. അമ്മയുടെ സ്നേഹത്തിന്റെ ഉപ്പറിയാത്ത താൻ ഉപ്പും പേറി നടക്കുന്നു. ജീവിക്കാനായി ഉപ്പ് വിൽക്കുന്നവനാണ് ഉപ്പുകൊറ്റൻ. ഈ ചിന്തകളെല്ലാം ഉപ്പുകൊറ്റന്റെ മനസ്സിൽ നിറയെ സങ്കടമാണെന്നു സൂചിപ്പിക്കുന്നു.

6. അഗ്നിഹോത്രി പുഞ്ചിരിച്ചുകൊണ്ട് മുറ്റത്തേക്കിറങ്ങി ഉപ്പുകൊറ്റന് നേരെ കൈനീട്ടി'. ബന്ധത്തിന്റെ ആഴവും വിശാലതയും പകർന്നു തരുന്ന അഗ്നിഹോത്രിയെ പരിചയപ്പെട്ടില്ലേ? അദ്ദേഹത്തിന്റെ സ്വഭാവത്തിന്റെ സവിശേഷതകളും കഥയിലെ സ്ഥാനവും ഉൾപ്പെടുത്തി കഥാപാത്ര നിരൂപണം തയ്യാറാക്കുക. 
- പന്തിരുകുലത്തിലെ ആദ്യ സന്തതിയാണ് മേഴത്തോൾ അഗ്നിഹോത്രി. പാലക്കാട്ടെ തൃത്താലയിലുള്ള ഒരു അന്തർജ്ജനം എടുത്തുവളർത്തിയ കുട്ടിയാണ് പിന്നീട് തൊണ്ണൂറ്റൊമ്പത് അഗ്നിഹോത്രയാഗങ്ങൾ ചെയ്ത് അഗ്നിഹോത്രി എന്ന പദവി നേടിയത് എന്നു കരുതപ്പെടുന്നു. ചൈതന്യം തുടിക്കുന്ന മുഖമാണ് അഗ്നിഹോത്രിക്ക്. ശരീരത്തിന് കുറുകെ പൂണുൽ, കുടുമ, കസവുമുണ്ട്, കസവിന്റെ മേൽമുണ്ടും ഇതായിരുന്നു അഗ്നിഹോത്രിയുടെ രൂപം. ഉപ്പുകൊറ്റൻ സ്വന്തം സഹോദരനാണെന്ന് തിരിച്ചറിഞ്ഞപ്പോൾ അദ്ദേഹത്തിന് സ്നേഹവും വാത്സല്യവും തോന്നുന്നു. തന്റെ ഭാര്യാപിതാവിൽ നിന്ന് അധിക്ഷേപം ഏറ്റുവാങ്ങേണ്ടി വന്ന ഉപ്പുകൊറ്റനെ സ്വന്തം കൈ കൊണ്ട് പിടിച്ചു എഴുന്നേൽപ്പിക്കുന്നു. സ്നേഹത്തിന്റെ ബലം കൊണ്ടാണ് എട്ടാൾ പിടിച്ചിട്ടും അനങ്ങാത്ത ഉപ്പുകൊറ്റനെ അദ്ദേഹം എഴുന്നേൽപ്പിച്ചത്. ശാരീരികബലം കൊണ്ടല്ല സ്നേഹം കൊണ്ടാണ് ആളുകളെ കീഴ്പെടുത്തേണ്ടതെന്നു എല്ലാവർക്കും മനസ്സിലാക്കികൊടുക്കുകയായിരുന്നു അദ്ദേഹം.

6. 'പുഴയോരത്തുകൂടി നടക്കുമ്പോൾ അയാളുടെ മനസ്സ് പലവിധ വിചാരങ്ങളിൽ മുഴുകി. പുഴപോലെയാണ് തന്റെ ജീവിതം. രണ്ടും മുന്നോട്ട് ഒഴുകുന്നു. ചുഴികളും കയങ്ങളും അടിയൊഴുക്കുകളും. അങ്ങനെയങ്ങനെ... പുഴ സമുദ്രത്തിലേക്ക് ഒഴുകിയടുക്കുന്നു. ഉപ്പിൽ ലയിക്കാൻ. അമ്മയുടെ സ്നേഹത്തിന്റെ ഉപ്പറിയാത്ത താൻ ഉപ്പും പേറി നടക്കുന്നു. കൊറ്റിന് ഉപ്പു 'വിൽക്കുന്നവൻ ഉപ്പുകൊറ്റൻ. 
ഈ പ്രയോഗങ്ങൾ ഉപ്പുകൊറ്റന്റെ ജീവിതത്തിലെ പ്രധാന സംഭവങ്ങളെ 'സൂചിപ്പിക്കുന്നതെങ്ങനെയെന്ന് വിശദമാക്കുക. 
- ഒരു പുഴപോലെതന്നെയാണ് ഉപ്പുകൊറ്റന്റെ ജീവിതവും. രണ്ടും മുന്നോട്ടു ഒഴുകുന്നു. പുഴയിൽ ചുഴികളും കയങ്ങളും അടിയൊഴുക്കുകളുമെല്ലാമുള്ളതുപോലെ ഉപ്പുകൊറ്റന്റെ ജീവിതത്തിൽ സംഘർഷങ്ങളും ദുഃഖങ്ങളും സന്തോഷവുമെല്ലാം ഉണ്ട്. പുഴ സമുദ്രത്തിൽ എത്തിച്ചേരുന്നു. എന്നാൽ ഉപ്പുകൊറ്റനാകുന്ന പുഴയ്ക്ക് അമ്മയാകുന്ന സമുദ്രത്തിലേക്ക് ഒഴുകിയെത്താൻ പറ്റുന്നില്ല. അമ്മയുടെ സ്നേഹത്തിന്റെ ഉപ്പറിയാത്ത താൻ ഉപ്പുവിറ്റു നടക്കുന്നതിലെ വൈരുദ്ധ്യം ഉപ്പുകൊറ്റൻ ചിന്തിക്കുന്നു.

പ്രയോഗ വിശേഷങ്ങൾ
ഇടവഴി താണ്ടി നടവഴിതാണ്ടി ഉപ്പുകൊറ്റൻ വിളിച്ചു ചോദിക്കുകയാണ്. 
• അയാൾ നടക്കുകയാണ് - മല കയറി കാടു കടന്ന്, കുന്നിറങ്ങി വയൽമുറിച്ച്. അടിവരയിട്ട് പ്രയോഗങ്ങളുടെ ഉദ്ദേശ്യം ചർച്ചചെയ്യു. 
 ഉപ്പുകൊറ്റന്റെ അലച്ചിലിനെയും ദീർഘമായ യാത്രയെയുമാണ് ഇടവഴി താണ്ടി നടവഴി താണ്ടി എന്ന പ്രയോഗം സൂചിപ്പിക്കുന്നത്. അയാൾ സഞ്ചരിക്കാത്ത വഴികളില്ല. ഉപ്പ് വിറ്റാണ് ഉപ്പുകൊറ്റൻ ജീവിക്കുന്നത്. ആവശ്യക്കാരെ തേടി ഉപ്പുകൊറ്റൻ എല്ലായിടത്തും എത്തി ഉപ്പു വിൽക്കും. 
 മല കയറി, കാടു കടന്ന്, കുന്നിറങ്ങി വയൽമുറിച്ച് എന്ന പ്രയോഗം ഉപ്പുകൊറ്റന്റെ സഞ്ചാരവഴികളെയും പ്രദേശത്തിന്റെ സവിശേഷതകളെയും സൂചിപ്പിക്കുന്നു. ഉപ്പുകൊറ്റന്റെ ക്ലേശകരമായ യാത്രകളെയും ഈ പ്രയോഗം സൂചിപ്പിക്കുന്നു. 
 അക്ഷരങ്ങളുടെ ആവർത്തനവും നിർത്തിനിർത്തിയുള്ള പറച്ചിലും വായനയ്ക്ക് താളവും ഒഴുക്കും നൽകുന്നു.

കഥാപാത്രനിരൂപണം
"ഉപ്പുകൊറ്റൻ' എന്ന കഥാപാത്രത്തിന്റെ സവിശേഷതകൾ എന്തൊക്കെയാണ്?
• ഉപ്പുവിറ്റു ജീവിക്കുന്നു. 
 എത്തിയേടത്ത് കിടന്നുറങ്ങുന്നു.
കണ്ടെത്തിയ ആശയങ്ങളും സ്വന്തം അഭിപ്രായങ്ങളും ഉൾപ്പെടുത്തി കഥാപാത്ര
നിരൂപണം എഴുതു.
- പറയിപ്പെറ്റ പന്തിരുകുലത്തിലെ ഒരംഗമാണ് ഉപ്പുകൊറ്റൻ. വരരുചിക്ക് പഞ്ചമിയിൽ ജനിച്ച മകനാണ് ഉപ്പുകൊറ്റൻ. 
കൊറ്റിനു വേണ്ടി അതായത് ആഹാരത്തിന് വേണ്ടി ഉപ്പ് വിറ്റ് ജീവിക്കുന്നതു കൊണ്ടാവാം അദ്ദേഹത്തിന് ഉപ്പുകൊറ്റൻ എന്ന പേര് ലഭിച്ചത്. ഉപ്പുകൊറ്റനെ വ്യത്യസ്ഥമാക്കുന്നത് അയാളുടെ കച്ചവട രീതിയും രൂപവുമായിരുന്നു. വെളുത്ത നിറവും നീട്ടിവളർത്തിയ മുടിയും താടിയും നാറാണത്തിന്‍റെ ചിരിയും പാക്കനാരുടെ ശബ്ദവും അദ്ദേഹത്തെ വ്യത്യസ്ഥനാക്കി. 
സ്വന്തമായി വീടും കൂടുമൊന്നുമില്ലഉപ്പുകൊറ്റന്. എവിടെ എത്തുന്നൊ അവിടെ കിടന്നുറങ്ങും. അരേയും കൂസാത്ത എന്നാൽ പാവങ്ങളോട് മനസ്സലിവും ഉള്ള പ്രകൃതവും അദ്ദേഹത്തെ വ്യത്യസ്ഥനാക്കി. ആചാരങ്ങളിലും സവർണരുടെ മേൽകൊയ്മയിലും വിശ്വസിക്കാതിരുന്ന ഉപ്പുകൊറ്റൻ “എല്ലാവരും മനുഷ്യരല്ലേ ഒരേ ചോരയല്ലേ” എന്നാണ് വിശ്വസിച്ചിരുന്നത്. ഇത് അദ്ദേഹത്തിലെ സമത്വചിന്തയും തത്ത്വചിന്താബോധവുമാണ് പ്രകടമാക്കുന്നത്. കുട്ടികളോട് വലിയ താല്പര്യമായിരുന്നു ഉപ്പുകൊറ്റന്. അവർക്കായി ഉണ്ണിയപ്പം കയ്യിൽ കരുതുമാർന്നു. കൂടാതെ ചില മായാജാലങ്ങളും, താളമുള്ള പാട്ടുകളും, കഥകളും കൂടെ കരുതിയിരുന്ന ഉപ്പുകൊറ്റൻ അവരുടെ ഒപ്പം ആടിയും പാടിയും ആനന്ദം കണ്ടെത്തിയിരുന്നു.
എട്ടാൾ എടുത്തിട്ടും പൊങ്ങാത്ത ഉപ്പുകൊറ്റൻ അഗ്നിഹോത്രി കൈ നീട്ടിയപ്പോൾ സ്വീകരിച്ചതും അവർ തമ്മിലുള്ള സ്നേഹമയമായ പെരുമാറ്റവും അദ്ദേഹത്തിന്റെ ധൈര്യത്തെയും വിശാലമനസ്കതയുമാണ് ചൂണ്ടി കാട്ടുന്നത്. 
പ്രവർത്തികൊണ്ടും വ്യക്തിത്വംകൊണ്ടും ഒരു മഹാത്മാവാണ് ഉപ്പുകൊറ്റൻ എന്ന് അദ്ദേഹം സ്വയം തെളിയിക്കുന്നു.

ചർച്ചക്കുറിപ്പ്
"എല്ലാരും മനുഷ്യരല്ലേ, ഒരേ ചോരയല്ലേ." ഉപ്പുകൊറ്റന്റെ ചോദ്യം ഇപ്പോഴും പ്രസക്തമാണോ? ചർച്ച ചെയ്ത് കുറിപ്പ് തയാറാക്കു. 
- എല്ലാ മനുഷ്യരും തുല്യരാണ്. അവരിൽ താഴ്ന്നവരും ഉയർന്നുവരും ഇല്ല. എല്ലാവരുടെ ശരീരത്തിലും ഓടുന്നത് ഒരേ ചോരയാണ്. അതുകൊണ്ട് പ്രത്യേകമായ ബഹുമാനം ആരും അർഹിക്കുന്നില്ല എന്നതാണ് ഉപ്പുകൊറ്റന്റെ അഭിപ്രായം.
ഇന്നത്തെ കാലത്തും ഉപ്പുകൊറ്റന്റെ ഈ ചിന്ത വളരെ പ്രസക്തമാണ്. സമൂഹത്തിൽ പലതരത്തിലുള്ള വേർതിരിവുകൾ ഇന്നും നിലനിൽക്കുന്നുണ്ട്. സമ്പത്തിന്റെ പേരിൽ, നിറത്തിന്റെ പേരിൽ, ജാതിയുടെ പേരിൽ, എല്ലാം ഇന്നും വിവേചനം നിലനിൽക്കുന്നു. ജന്മം കൊണ്ടല്ല കർമം കൊണ്ട് നേടിയെടുക്കേണ്ടതാണ് ബഹുമാനം. മനുഷ്യർ സമന്മാരാണ് എന്ന ചിന്തയാണ് ഉപ്പുകൊറ്റൻ നമ്മിൽ ഉണർത്തുന്നത്. അസമത്വം തുടച്ചുനീക്കാൻ നമുക്ക് കഴിയാത്തിടത്തോളം കാലം ഉപ്പുകൊറ്റന്റെ ഈ ചോദ്യത്തെയും അവഗണിക്കാൻ നമുക്ക് കഴിയില്ല.

കഥപറയൽ
"പറയിപെറ്റ പന്തിരുകുല'ത്തിലെ മറ്റംഗങ്ങളെക്കുറിച്ചുള്ള കഥകൾ വായിച്ചറിഞ്ഞ് അവതരിപ്പിക്കു.
പറയിപെറ്റ പന്തിരുകുലം - ഒരു ഐതിഹ്യം
പറയിപെറ്റ പന്തിരുകുലത്തിലെ  അംഗങ്ങളെല്ലാം പല ദിക്കുകളിലായാണ് താമസിച്ചിരുന്നത്.  എങ്കിലും ബാല്യം കഴിഞ്ഞപ്പോഴേക്കും തങ്ങള്‍ സഹോദന്മാരാണെന്ന് അവര്‍ അറിയുകയും തമ്മില്‍ത്തമ്മില്‍ സ്‌നേഹത്തോടുകൂടി പാര്‍ത്തുവരികയും ചെയ്തു. ഇവരുടെ ദിവ്യത്വങ്ങളും അദ്ഭുതകര്‍മങ്ങളും അവസാനമില്ലാതെയുണ്ട്. പന്തിരുകുലത്തിന്റെ മാതാപിതാക്കളായ  വരരുചിയും പഞ്ചമിയും പിന്നീടുള്ള അവരുടെ ജീവിതം സഞ്ചാരംകൊണ്ടുതന്നെ കഴിച്ചുകൂട്ടി. ആ മാതാപിതാക്കളുടെ ശ്രാദ്ധത്തിനു മേല്‍പ്പറഞ്ഞ പന്ത്രണ്ടുപേരില്‍  വായില്ലാക്കുന്നിലപ്പന്‍ ഒഴിച്ചു ശേഷമെല്ലാവരും ഒരുമിച്ചു കൂടുകയും ഒരു പുല്ലിന്മേല്‍ത്തന്നെ ബലിയിടുകയുമായിരുന്നു പതിവ്. അത് മേളത്തോളഗ്നിഹോത്രിയുടെ ഇല്ലത്തുമാണ്. അഗ്നിഹോത്രി ബ്രാഹ്മണനായിരുന്നതിനാല്‍  ചാത്തത്തിനും ബ്രാഹ്മണര്‍തന്നെയാണ് പതിവ്. പറയന്‍വരെയുള്ള നാനാജാതികളുംകൂടി ചാത്തമൂട്ടുകയാല്‍ ചാത്തത്തിനു ക്ഷണിച്ചാല്‍ വരുന്നതിനു ബ്രാഹ്മണര്‍ക്കെല്ലാം മടിയായിത്തുടങ്ങി. അഗ്നിഹോത്രികളുടെ ഭാര്യയായ അന്തര്‍ജനത്തിനും ഈ സഹോദരന്മാരുടെ  മേളനം വളരെ കഷ്ടമെന്നു തോന്നിത്തുടങ്ങി. എന്നുമാത്രമല്ല, ഈ വിവരം അന്തര്‍ജനം ഒരു ദിവസം ഭര്‍ത്താവിനോടു പറയുകയും ചെയ്തു. ''ആട്ടെ അതിനു സമാധാനമുണ്ടാക്കാം'' എന്ന് അഗ്നിഹോത്രി മറുപടിയും പറഞ്ഞു. 
 അങ്ങനെയിരിക്കുമ്പോള്‍ വരരുചിയുടെ ശ്രാദ്ധമായി. ശ്രാദ്ധത്തിന്റെ തലേദിവസം വൈകുന്നേരമായപ്പോഴേക്കും ശേഷമുള്ള സഹോദരന്മാര്‍ പത്തുപേരും  ചാത്തക്കാരായ ബ്രാഹ്മണനും അഗ്നിഹോത്രികളുടെ ഇല്ലത്തു വന്നുചേര്‍ന്നു. ഈ സഹോദരന്മാര്‍ വന്നാല്‍ രാത്രിയില്‍ കിടക്കുന്നതിനായി  അഗ്നിഹോത്രികള്‍ പ്രത്യേകം പത്തു പുരമുറികള്‍ അവിടെ മുമ്പേതന്നെ ഉണ്ടാക്കിയിട്ടുണ്ടായിരുന്നു. എല്ലാവരും  അവരുടെ നിയമാനുഷ്ഠാനങ്ങളും മറ്റും കഴിച്ച് അവരവര്‍ക്കുള്ള ശയനഗൃഹങ്ങളില്‍  പോയി കിടക്കുകയും ചെയ്തു. എല്ലാവരും ഉറക്കമായപ്പോള്‍ അഗ്നിഹോത്രികള്‍ അന്തര്‍ജനത്തിനെയും ചാത്തത്തിനു വന്നിരിക്കുന്ന ബ്രാഹ്മണനെയും വിളിച്ച് ഒരു വിളക്കുമായി പത്തുപേരും കിടക്കുന്ന സ്ഥലത്തു കൊണ്ടുപോയി.  ''എന്നെ തൊട്ടുകൊണ്ടു നോക്കുവിന്‍'' എന്ന് അഗ്നിഹോത്രി അവരോടു പറഞ്ഞു. അന്തര്‍ജനവും  ചാത്തക്കാരനും  അഗ്നിഹോത്രികളെ തൊട്ടുകൊണ്ടു നോക്കിയപ്പോള്‍ പത്തുപേരും ഒന്നുപോലെ  ശംഖചക്രഗദാപത്മാദികളായ ആയുധങ്ങളോടുകൂടി ചതുര്‍ബാഹുക്കളായി അനന്തന്റെ മേല്‍ കിടന്നുറങ്ങുന്നതായി കണ്ടു. രണ്ടുപേരും ഏറ്റവും ഭയവിസ്മയാകുലരായിട്ടു പെട്ടെന്നു വീണു നമസ്‌കരിച്ചു. അങ്ങനെ അന്തര്‍ജനത്തിനും മറ്റുള്ള ബ്രാഹ്മണര്‍ക്കും ഉണ്ടായിരുന്ന ദുശ്ശങ്കയും സംശയവും തീരുകയും  ഇവര്‍ എല്ലാവരും  സാക്ഷാല്‍  മഹാവിഷ്ണുവിന്റെ അവതാരമൂര്‍ത്തികളാണെന്നു മനസ്സിലാക്കുകയും ചെയ്തു. 
  -കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ 'ഐതിഹ്യമാല'യില്‍നിന്ന്‌



ഈ ബ്ലോഗിലെ എല്ലാ പോസ്റ്റുകളും ഒരുമിച്ച് കാണാനും ആവശ്യമുള്ളവ എളുപ്പത്തിൽ തിരഞ്ഞെടുക്കാനും ഇവിടെ ക്ലിക്കുക.

PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here