STD 5 കേരളപാഠാവലി: കാസിമിന്റെ ചെരുപ്പ് - പഠനപ്രവർത്തനങ്ങൾ - ചോദ്യോത്തരങ്ങൾ 


Questions and Answers for Class 5 Malayalam - Kerala Padavali chiriyum chinthayum: kasiminte cherippuTeachers Handbook | Std 5 Malayalam കേരളപാഠാവലി: അദ്ധ്യായം 03 ചിരിയും ചിന്തയും

Std V കേരളപാഠാവലി: കാസിമിന്റെ ചെരുപ്പ് - ചോദ്യോത്തരങ്ങൾ, പഠനപ്രവർത്തനങ്ങൾ
 
കാസിമിന്റെ ചെരുപ്പ്
സർവസൗഭാഗ്യങ്ങളുമുണ്ടായിരുന്നിട്ടും യാചകനെപ്പോലെ ജീവിച്ച അറുപിശുക്കനാണ് അബൂകാസിം എന്ന മുറിവൈദ്യൻ. പഴകിയതും നൂറുകണക്കിന് തുണിക്കഷണങ്ങൾ തുന്നിച്ചേർത്തതുമായ കോട്ടും മുഷിഞ്ഞ് നിറംകെട്ട തൊപ്പിയും അഴുക്കടിഞ്ഞ ശരീരവും നിറയെ ആണികൾ തറച്ച തുകൽ ചെരുപ്പുകളുമായിരുന്നു കാസിമിന്റെ പ്രത്യേകത. ചെരുപ്പുകൾ തേഞ്ഞുപോകാതിരിക്കാൻ കക്ഷത്തിൽ വച്ചാണ് അയാൾ നടക്കുക. തന്നിലേക്കുമാത്രം ചുരുങ്ങിപ്പോയ കഥാപാത്രമാണ് അബൂകാസിം. പിശുക്കൻ മാത്രമല്ല, അത്യാഗ്രഹിയും സഹകരണമനോഭാവമില്ലാത്ത ആളുമാണ്. അതിനാൽത്തന്നെ അയാൾ എല്ലാവരുടെയും കണ്ണിൽ  വെറുക്കപ്പെട്ടവനും ഒപ്പം പരിഹാസ്യനുമാണ്.
ഇത്തരം ആള്‍ക്കാര്‍ വേഗം ആപത്തില്‍ച്ചെന്നുപെടും. അവരെ സഹായിക്കാനും ആരുമുണ്ടാവില്ല. അബൂകാസിമിന്റെ സര്‍വനാശത്തിനു കാരണം അയാളുടെ വ്യക്തിത്വത്തിന്റെ ഭാഗമായി അയാള്‍ കരുതിയിരുന്ന ചെരുപ്പുകള്‍തന്നെയാണ്. ഒന്നു പരിഹരിക്കുമ്പോള്‍ മറ്റൊന്ന് എന്ന കണക്കിന് ദൗര്‍ഭാഗ്യങ്ങള്‍ ആ ചെരുപ്പുമൂലം കാസിമിന് വന്നുപെട്ടു.  ആരോടും സഹതാപമോ കാരുണ്യമോ സ്‌നേഹമോ പരിഗണനയോ കാണിക്കാത്ത ആളാണ് കാസിം. തനിക്കുള്ളത് ഇല്ലാത്തവര്‍ക്കുകൂടി പങ്കിട്ടു ജീവിതം സാര്‍ഥകമാക്കുകയാണ് നാം ചെയ്യേണ്ടത്. അങ്ങനെയുള്ളവര്‍ സമൂഹത്തില്‍ അംഗീകരിക്കപ്പെടുകയും ആദരിക്കപ്പെടുകയും ചെയ്യും.

പുതിയ പദങ്ങൾ
• മുറിവൈദ്യൻ - ശാസ്ത്രം പഠിച്ചിട്ടില്ലാത്ത ചികിത്സകൻ 
• യാചകൻ - ഭിക്ഷക്കാരൻ 
• തുകൽ - മൃഗത്തിന്റെ തോൽ 
• സ്നാനഗൃഹം - കുളിക്കാനുള്ള പുര 
• പഴഞ്ചൻ - പഴയത് 
• മുന്തിയ - മേൽത്തരമായ 
• മൃത്യൻ - ജോലിക്കാരൻ 
• ആക്രോശിക്കുക - ഉച്ചത്തിൽ സംസാരിക്കുക 
• മട്ടുപ്പാവ് - കെട്ടിടത്തിന്റെ മുകൾഭാഗത്തെ തുറസ്സായ സ്ഥലം

വായിക്കൂ കണ്ടെത്തു 
 കാസിമിന്റെ രൂപത്തിലും ഭാവത്തിലും എന്തെല്ലാം പ്രത്യേകതകളാണ് നിങ്ങൾ ശ്രദ്ധിച്ചത് ? 
ഉത്തരം: സർവ്വ സൗഭാഗ്യങ്ങളും ഉണ്ടായിരുന്ന കാസിം മഹാപപിശുക്കൻ ആയിരുന്നു. കണ്ടാൽ ഒരു യാചകനേക്കാൾ കഷ്ടം, അയാളുടെ വർഷങ്ങൾ പഴക്കമുള്ള കോട്ട് നൂറുകണക്കിന് തുണിക്കഷണങ്ങൾ തുന്നിച്ചേർത്ത് ഉണ്ടാക്കിയതാണ്, നിറംകെട്ട മുഷിഞ്ഞ തൊപ്പി. കുളിക്കാറില്ലാത്തതിനാൽ അഴുക്കടിഞ്ഞ ദേഹവും ചെരുപ്പാണെങ്കിൽ ആണികൾ തറച്ച് തുകലുകൾ വീണ്ടും വീണ്ടും തുന്നിപ്പിടിപ്പിച്ച് കുതിര തല പോലെയുള്ള ഒന്നായിരുന്നു. ഇതൊക്കെയായിരുന്നു കാസിമിന്റെ പ്രത്യേകതകൾ.

• കാസിമിന് പുതിയ ചെരുപ്പുകൾ കിട്ടിയതെങ്ങനെ? 
ഉത്തരം: ഒരിക്കൽ കാസിമിന് പതിവിലേറെ ധനം കൈയിൽ കിട്ടി. ധനം കിട്ടിയ സന്തോഷത്തിൽ കാസിം സാനഗൃഹത്തിൽ പോയി കുളിച്ചു വൃത്തിയാകാൻ തീരുമാനിച്ചു. കാസിം ചെരുപ്പുകൾ പുറത്തുവെച്ചു സ്നാനഗൃഹത്തിൽ കയറി. അപ്പോഴാണ് ന്യായാധിപൻ സ്നാനഗൃഹത്തിൽ എത്തിയത്. കാസിമിന്റെ വൃത്തികെട്ട ചെരുപ്പുകൾ ന്യായാധിപൻ കാണണ്ട എന്ന് കരുതി ഭൃത്യൻ അതെടുത്ത് വാതിലിന് പിന്നിലേക്ക് മാറ്റി വെച്ചു. ഭൃത്യൻ ജോലി സമയം കഴിഞ്ഞു പോവുകയും ചെയ്തു. കുളി കഴിഞ്ഞ് മടങ്ങി വന്ന കാസിം തന്റെ പഴഞ്ചൻ ചെരുപ്പിന്റെ സ്ഥാനത്ത് പുതിയതും വിലപിടിപ്പുള്ളതുമായ ചെരുപ്പുകൾ കണ്ട് അത്ഭുതപ്പെട്ടു. തനിക്ക് ദൈവം തന്നതാണീ ചെരുപ്പുകൾ എന്നാണ് കാസിം കരുതിയത്. അയാൾ ആ പുത്തൻ ചെരുപ്പും ധരിച്ച് വീട്ടിലേക്ക് പോയി.

• ചെരുപ്പുകളൊഴിവാക്കാൻ കാസിം നടത്തിയ ഓരോ ശ്രമവും കണ്ടെത്തിപ്പറയു..
ഉത്തരം: ചെരുപ്പുകൾ കാരണം ധനനഷ്ടവും മാനഹാനിയും അനുഭവിക്കേണ്ടി വന്ന കാസിം അവയെ ആദ്യത്തെ തവണ വെറുപ്പോടെ നൈൽനദിയിലേക്ക് വലിച്ചെറിഞ്ഞു. നദിയിൽ വല വീശിയ മുക്കുവന്മാരുടെ വലയിൽ കാസിമിന്റെ ചെരുപ്പുകൾ കുടുങ്ങി. ചെരുപ്പുകളുടെ ഇരുമ്പാണികൾ കൊണ്ട് വലക്കണ്ണികൾ അറ്റുപോയതിന്റെ ദേഷ്യത്തിൽ അവർ കാസിമിന്റെ കടയിലേക്ക് ചെരുപ്പുകൾ വലിച്ചെറിഞ്ഞു. അത് തട്ടി കടയിലെ കുറേ കുപ്പികൾ പൊട്ടി. ചെരുപ്പുകൾ കാരണം കഷ്ടത്തിലായ കാസിം അവ പിന്നീട് സ്വന്തം പറമ്പിൽ കുഴിച്ചിട്ടു. ഇത് ഒളിച്ചിരുന്ന് കണ്ട അയൽവാസി കാസിമിന് നിധി കിട്ടി എന്ന് അധികാരികളെ അറിയിച്ചു. ഈ സംഭവത്തിലും കാസിമിന് ധനനഷ്ടം ഉണ്ടായി.
ഒഴിയാബാധയായ ചെരുപ്പുകൾ അയാൾ ഒരു തോട്ടിലേക്കെറിഞ്ഞു. തോട്ടിലെ നീരൊഴുക്കിൽ പ്രവർത്തിക്കുന്ന മിൽച്ചക്രത്തിന്റെ പല്ലുകളിൽ കുടുങ്ങിയ ചെരുപ്പുകൾ കാരണം മില്ലിന്റെ പ്രവർത്തനം നിലച്ചു. മില്ലുടമക്കും കാസിമിന് നഷ്ടപരിഹാരം കൊടുക്കേണ്ടി വന്നു. സമനില തെറ്റിയ കാസിം ചെരുപ്പുകൾ അവസാനം മട്ടുപ്പാവിലേക്കെറിഞ്ഞു. ഒരു നായ ആ ചെരുപ്പുകൾ കടിച്ചെടുത്ത് താഴേക്കെറിഞ്ഞു. നടന്ന് പോയ ഒരു വൃദ്ധയുടെ തലയിലേക്ക് വീണ ചെരുപ്പുകളുടെ ആണി കൊണ്ട് തലയ്ക്ക് പരിക്കേറ്റു. വൃദ്ധയ്ക്കും കാസിം നഷ്ടപരിഹാരം കൊടുക്കേണ്ടി വന്നു. ഒടുവിൽ ചെരുപ്പ് കാരണം ജീവിതം വഴിമുട്ടിയ കാസിം അവ അധികാരിയുടെ മുന്നിൽ അടിയറവ് വെച്ചു ഓടിപ്പോയി.

• കാസിമിനെക്കുറിച്ച് നിങ്ങൾ മനസ്സിലാക്കിയ കാര്യങ്ങൾ ഉൾപ്പെടുത്തി കഥാപാത്രനിരൂപണം തയാറാക്കുക. 
ഉത്തരം: അബൂകാസിം ഒരു മുറിവൈദ്യനായിരുന്നു. സ്വാർത്ഥനും പിശുക്കനുമായ കാസിം സമ്പന്നനാണെങ്കിലും യാചകനെ പോലെയാണ് ജീവിച്ചത്. വർഷങ്ങൾ പഴക്കമുള്ള നൂറുകണക്കിന് തുണിക്കഷണങ്ങൾ തുന്നിചേർത്തുണ്ടാക്കിയ കോട്ട്, നിറം കെട്ട് മുഷിഞ്ഞ തൊപ്പി, അഴുക്കുനിറഞ്ഞ ദേഹം, ആണികൾ തറച്ച് തുകലുകൾ വീണ്ടും വീണ്ടും തുന്നിപിടിപ്പിച്ച് പഴകിയ കുതിരത്തല പോലുള്ള ചെരുപ്പ് ഇതെല്ലാമായിരുന്നു കാസിമിന്റെ രൂപം. നാട്ടുകാർക്കൊന്നും കാസിമിനോട് സ്നേഹമോ സഹതാപമോ ഉണ്ടായിരുന്നില്ല. ചെരുപ്പ് കാരണം കാസിമിന് ഒരുപാട് ദുരന്തങ്ങൾ ഉണ്ടാകുന്നു. അയാൾ പിശുക്കിയുണ്ടാക്കിയ പണം പല സന്ദർഭങ്ങളിലായി നഷ്ടപ്പെടുന്നു. ലുബ്ധന് ഇരട്ടിച്ചെലവ് ഉണ്ടാകും എന്ന ചൊല്ലിന്റെ ഉത്തമ ഉദാഹരണമാണ് കാസിം എന്ന കഥാപാത്രം.

• കാസിമിന്റെ ചെരുപ്പ് തന്റെ തല പൊട്ടിച്ചിരിക്കുന്നു
അവിടെയുണ്ടായിരുന്ന എല്ലാവരും പൊട്ടിച്ചിരിക്കുന്നു. അടിവരയിട്ട പദങ്ങൾ രണ്ടു സന്ദർഭങ്ങളിലും ഏതൊക്കെ അർഥങ്ങളാണ് നൽകുന്നത്? വിശദമാക്കു. 
ഉത്തരം: 
'പൊട്ടിച്ചിരിക്കുന്നു' എന്ന പദം രണ്ടു വ്യത്യസ്ത അർത്ഥങ്ങളാണ് രണ്ടു സന്ദർഭങ്ങളിലും നൽകുന്നത്. ആദ്യത്തെ സന്ദർഭത്തിൽ കാസിമിന്റെ ചെരുപ്പ് കൊണ്ട് വൃദ്ധയുടെ തല 'പൊട്ടി' എന്നാണ് അർത്ഥമാക്കുന്നത്. 'പൊട്ടിച്ചിരിക്കുന്നു' എന്നത് പിരിച്ചെഴുതുമ്പോൾ ഇവിടെ പൊട്ടിച്ച് + ഇരിക്കുന്നു എന്നാണ് വരിക. രണ്ടാമത്തെ സന്ദർഭത്തിൽ ചിരിയുടെ സവിശേഷത കാണിക്കാനാണ് പൊട്ടിച്ചിരിക്കുന്നു എന്ന് പദം ഉപയോഗിച്ചിരിക്കുന്നത്. ഇവിടെ പിരിച്ചെഴുതുമ്പോൾ പൊട്ടി + ചിരിക്കുന്നു എന്നാണ് എഴുതുക. ചിരി എന്ന പദത്തിനാണ് ഇവിടെ പ്രാധാന്യം.

• കാസിമിന്റെ ചെരുപ്പ് മിൽച്ചക്രത്തിൽ കുടുങ്ങിയ സംഭവം ഒരു പത്രവാർത്തയുടെ രൂപത്തിൽ മാറ്റി എഴുതുക. ചെരുപ്പ് വരുത്തിവച്ച മറ്റു വിനകളും പത്രത്തിൽ വരാവുന്നവയാണോ? ഉചിതമായവ എഴുതു.
ചെരുപ്പ് കാരണം മിൽച്ചക്രം കേടായി. 
കെയ്റോ: തോട്ടിലൂടെ ഒഴുകി വന്ന ചെരുപ്പുകൾ ചക്രത്തിനിടയിൽ കുടുങ്ങി മിൽച്ചക്രം പണിമുടക്കി. കാസിം എന്ന ആളുടെ ചെരുപ്പാണ് ഇതെന്ന് മില്ലിലെ തൊഴിലാളികൾ പറയുന്നു. അധികാരിക്ക് പരാതി നൽകിയിട്ടുണ്ടെന്ന് മില്ലുടമ ഞങ്ങളുടെ ലേഖകനോട് പറഞ്ഞു. ചക്രത്തിനു സംഭവിച്ചിരിക്കുന്നത് വലിയ തകരാറാണെന്നും, ശരിയാക്കിയെടുക്കാൻ ഒരുപാട് സമയവും പണവും വേണ്ടിവരുമെന്നും മില്ലുടമ കൂട്ടിച്ചേർത്തു. ചെരുപ്പിന്റെ ഉടമ എന്ന് ആരോപിക്കപ്പെടുന്ന കാസിം ഒരു അറുപിശുക്കനാണെന്നു നാട്ടുകാർ അഭിപ്രായപ്പെട്ടു. കാസിമിന്റെ ഈ ചെരുപ്പ് മൂലം ഇതിനു മുൻപും പല പ്രശ്നങ്ങളും ഉണ്ടായിട്ടുണ്ടെന്നും തങ്ങളുടെ ജീവിതോപാധിയായ വല കീറിപ്പോയിട്ടുണ്ടെന്നും അവിടെ ഉണ്ടായിരുന്ന രണ്ടു മുക്കുവർ ആരോപിച്ചു.

• 'കാസിമിന്റെ ചെരുപ്പ്' എന്ന കഥയിലെ സംഭവങ്ങൾ ചേർത്ത് ഒരു ചിത്രകഥ തയാറാക്കുകയാണെങ്കിൽ എന്തെല്ലാം ശ്രദ്ധിക്കണം? 
• കാസിമിന്റെ രൂപം 
• കാസിം സ്നാനഗൃഹത്തിൽ കയറുന്നു. 
• അധികാരി ശിക്ഷിക്കുന്നു. 
• ചെരുപ്പ് നദിയിൽ വലിച്ചെറിയുന്നു. 
ഇനിയുള്ള രംഗങ്ങൾ എന്തെല്ലാമായിരിക്കും? 
• മീൻപിടുത്തക്കാരുടെ വലയിൽ ചെരുപ്പ് കുടുങ്ങി വല കീറുന്നു. 
• മീൻപിടിത്തക്കാർ കടയിലേക്ക് ചെരുപ്പുകൾ വലിച്ചെറിയുന്നു. 
• ചെരുപ്പുകൾ കുഴിച്ചിടുന്നു. 
• അയൽക്കാരൻ കാസിമിന് നിധി കിട്ടിയെന്നു അധികാരിയെ അറിയിക്കുന്നു
• അധികാരിയുടെ ഭടന്മാർ ചെരുപ്പുകൾ കുഴിച്ചെടുക്കുന്നു '
• ഭടന്മാർക്ക് പണം നൽകുന്നു 
• ചെരുപ്പുകൾ തോട്ടിൽ എറിയുന്നു 
• ചെരുപ്പുകൾ കുടുങ്ങി മിൽച്ചക്രം കേടാവുന്നു. 
• ചെരുപ്പുകൾ മട്ടുപ്പാവിലേക്കു വലിച്ചെറിയുന്നു 
• നായ ചെരുപ്പ് കടിച്ചെടുത്തു കളിക്കുന്നു 
• ചെരുപ്പ് തലയിൽ വീണു വൃദ്ധയുടെ തല പൊട്ടുന്നു 
• വൃദ്ധയ്ക്ക് നഷ്ടപരിഹാരം നൽകുന്നു 
• അധികാരിയുടെ അടുത്തെത്തി കാസിം സങ്കടം പറയുന്നു 
• ചെരുപ്പുകൾ അവിടെ ഇട്ടു ഓടിപ്പോകുന്നു


TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here