STD 5 കേരളപാഠാവലി: മയിൽ‌പ്പീലി സ്പർശം - പഠനപ്രവർത്തനങ്ങൾ - ചോദ്യോത്തരങ്ങൾ 


Questions and Answers for Class 5 Malayalam - Kerala Padavali - sancharathinidayil: mayilppeelisparsam - Teachers Handbook | Std 5 Malayalam കേരളപാഠാവലി: അദ്ധ്യായം 01 മയിൽ‌പ്പീലി സ്പർശം  

Std V കേരളപാഠാവലി: മയിൽ‌പ്പീലി സ്പർശം - ചോദ്യോത്തരങ്ങൾ, പഠനപ്രവർത്തനങ്ങൾ
 
സഞ്ചാരത്തിനിടയിൽ 
''കല്ലിനുമുണ്ടൊരു കഥ പറയാൻ...''
• കല്ലു പറയുന്ന കഥകൾ എന്തെല്ലാമായിരിക്കും ?
- ലോകമുണ്ടായതു മുതൽ ഞാനിവിടെയുണ്ട്. എനിക്കു ശേഷമാണ് ഭൂമിയിൽ ജീവനുണ്ടായത്. കാലം മുന്നേറവേ വിവിധ രൂപമാറ്റങ്ങൾ എന്നിൽ ഉണ്ടായി. വലിയ ശിലയായിരുന്ന ഞാൻ സമ്മർദ്ദങ്ങൾ കാരണം അടരുകയും പിളരുകയും ചെയ്തു. എന്റെ രൂപത്തിൽ വലിയ മാറ്റങ്ങളുണ്ടായി. ആദ്യകാല മനുഷ്യർ എന്നെ ആയുധമായി ഉപയോഗിച്ചു. ശിലായുഗം എന്നാണ് അക്കാലം അറിയപ്പെട്ടത്. നദികളിലും നീരൊഴുക്കുകളിലും പെട്ട് പൊടിഞ്ഞും മിനുസപ്പെട്ടും ഞാൻ നീങ്ങി. മനുഷ്യൻ എന്നെ ഉപയോഗിച്ച് വാസസ്ഥലങ്ങൾ ഉണ്ടാക്കി. ശിൽപ്പങ്ങളും നഗരങ്ങളും ഉണ്ടാക്കി. മനുഷ്യർ ആദ്യമായി തീയുണ്ടാക്കിയതും എന്നെ ഉപയോഗിച്ചാണ്. കാലത്തിന്റെ വലിയ മാറ്റങ്ങൾക്ക് സാക്ഷിയാണ് ഞാൻ. 

മയിൽ‌പ്പീലി സ്പർശം - അഷിത 
മലയാളത്തിന്റെ പ്രിയ കഥാകാരിയായിരുന്നു അഷിത. 1956 ഏപ്രിൽ 5-ന് തൃശ്ശൂര്‍ ജില്ലയില്‍ പഴയന്നൂരില്‍ ജനിച്ചു. ഡല്‍ഹി ബോംബെ എന്നിവിടങ്ങളില്‍ സ്കൂള്‍ വിദ്യാഭ്യാസം . എറണാകുളം മഹാരാജാസ് കോളേജില്‍ നിന്ന് ഇംഗ്‌ളീഷില്‍ ബിരുദാനന്തര ബിരുദം . പറയാം നമ്മുക്കു കഥകള്‍, മയില്‍പ്പീലി സ്പര്‍ശം, താവോ ഗുരുവിന്റെ വഴി, അഷിതയുടെ നോവലെറ്റുകള്‍, പീറ്റര്‍ എന്ന മുയലും മറ്റു കഥകളും, വിസ്മയ ചിഹ്നങ്ങള്‍, അപൂര്‍ണ്ണ വിരാമങ്ങള്‍, അഷിതയുടെ കഥകള്‍, മഴമേഘങ്ങള്‍, റൂമി പറഞ്ഞ കഥകള്‍ നിലാവിന്റെ നാട്ടില്‍, താവോ തെ ചിങ്ങ്, ഒരു സ്ത്രീയും പറയാത്തത്, ശിവേന നര്‍ത്തനം അമ്മ, എന്നോട് പറഞ്ഞ നുണകള്‍, കൊച്ചു രാജകുമാരന്‍, കുട്ടികളുടെ രാമായണം, കുട്ടികളുടെ ഭാഗവതം, മയില്‍ പീലിസ്പര്‍ശം (Audio Book), സ്നേഹം തന്നെ സ്നേഹത്താലെഴുതിയത്, 365 കുഞ്ഞു കഥകള്‍ എന്നിവ കൃതികള്‍. പുരസ്കാരങ്ങള്‍ - കേരള സാഹിത്യ അക്കാദമി അവാർഡ്, ഇടശ്ശേരി അവാര്‍ഡ്, അങ്കണം അവാര്‍ഡ്, തോപ്പില്‍ രവി ഫൗണ്ടേഷന്‍ അവാര്‍ഡ്, ലളിതാംബികാ അന്തര്‍ജ്ജനം സ്മാരക സമിതിയുടെ യുവസാഹിത്യകാരിക്കുള്ള പുരസ്കാരം. 2019 മാർച്ച് 27-ന് അന്തരിച്ചു. 

പുതിയ പദങ്ങൾ
• നെറുക - തലയുടെ മധ്യം 
• കരുണ - ദയ 
• ഉതകുക - ഉപകരിക്കുക 
• കശ്മലൻ - നിന്ദ്യൻ 
• യാമം - ഏഴരനാഴിക കൂടിയ സമയം (മൂന്ന് മണിക്കൂർ) 
• പശി - വിശപ്പ് 
• അന്യോന്യം - പരസ്പരം 
 സ്പർശം - തൊടുന്നത്

വായിക്കാം കണ്ടെത്താം
 “ഒരു ജീവിതകാലം പോയി, സ്നേഹം എന്തെന്നറിയാതെ.'' എന്തുകൊണ്ടായിരിക്കാം ആന ഇങ്ങനെ പറഞ്ഞത്? 
- ഒരു ദിവസം തുള്ളി കളിച്ചു വന്ന ഒരു മുയൽക്കുട്ടൻ കൊമ്പനമ്മാവനെ കണ്ടുമുട്ടി. കൊമ്പനമ്മാവൻ സ്നേഹത്തിന്റെ വലിയ ഒരു ചുമടാണെന്ന് അവൻ മനസ്സിലാക്കി. മുയൽക്കുട്ടൻ ആനയ്ക്ക് പുള്ളിമാനുകളെയും പരിചയപ്പെടുത്തിക്കൊടുത്തു. ഇത്ര കാലം കാട്ടിൽ ഒരുമിച്ചു ജീവിച്ചിട്ടും മുയൽക്കുട്ടനെ പോലെ സ്നേഹമുള്ളവർ കാട്ടിലുണ്ടെന്ന് കൊമ്പനമ്മാവൻ അറിഞ്ഞിരുന്നില്ല. ഇത്ര കാലവും ആരുടേയും സ്നേഹം നേടിയെടുക്കാത്തതിൽ ആനയ്ക്ക് പശ്ചാത്താപം തോന്നി. അത് കാണ്ടാണ് ഒരു ജീവിതകാലം സ്നേഹം എന്തെന്നറിയാതെ നഷ്ടപ്പെട്ടു എന്ന് ഓർത്ത് ആന സങ്കടപ്പെടുന്നത്.

• “അവന്റെ ഉള്ളിൽ ഇത്ര ത്യാഗം ഇരിക്കുന്നല്ലോ.” ആരെക്കുറിച്ചാണ് സിംഹം ഇങ്ങനെ പറഞ്ഞത്? അതിനുള്ള കാരണം എന്തായിരിക്കാം?
- കാട്ടുപോത്തിനെക്കുറിച്ചാണ് സിംഹം ഇങ്ങനെ പറഞ്ഞത്. സിംഹവും കടുവയുമെല്ലാം മാംസാഹാരികളാണ്. അവർക്കു സസ്യങ്ങൾ ഭക്ഷിച്ചു വിശപ്പടക്കാൻ ആവില്ല. ഇത് അറിയാവുന്ന കാട്ടുപോത്ത് വിശപ്പടക്കാൻ തങ്ങളുടെ കൂട്ടത്തിലെ പ്രായമായവരെ ഭക്ഷിച്ചുകൊള്ളാൻ സിംഹത്തോട് പറയുന്നു. കാട്ടുപോത്ത് നിർദയനും കശ്മലനുമാണെന്നാണ് സിംഹം കരുതിയിരുന്നത്. എന്നാൽ അവന്റെ ഉള്ളിൽ ഇത്രയും ദയയും ത്യാഗവും ഉണ്ടെന്ന് അപ്പോൾ മാത്രമാണ് സിംഹം തിരിച്ചറിയുന്നത്. ആ തിരിച്ചറിവാണ് സിംഹം ഇങ്ങനെ പറയാൻ കാരണം.

• “മാമൻ സ്നേഹത്തിന്റെ വലിയൊരു ചുമടാണ്.” ആരാണീ മാമൻ? കുഞ്ഞുമുയൽ ഇങ്ങനെ പറയാനുള്ള കാരണം എന്താണ്? 
- കൊമ്പനാനയെ ആണ് കുഞ്ഞു മുയൽ മാമൻ എന്ന് വിളിക്കുന്നത്. കൊമ്പനാനയും മുയൽക്കുട്ടനും കണ്ടുമുട്ടുകയും മുയൽക്കുട്ടൻ ആനയുടെ തുമ്പിക്കൈയിൽ തൊടുകയും ചെയ്തു. അപ്പോഴാണ് ആ വലിയ ശരീരം മുഴുവൻ സ്നേഹമാണെന്ന് മുയൽക്കുട്ടൻ  മനസ്സിലാക്കിയത്. അതുകൊണ്ടാണ് ആന സ്നേഹത്തിന്റെ വലിയൊരു ചുമടാണെന്ന് മുയൽക്കുട്ടൻ പറഞ്ഞത്.

 മൃഗങ്ങൾക്ക് മനുഷ്യരേക്കാൾ വകതിരിവുണ്ടെന്ന് ദൈവം തിരിച്ചറിഞ്ഞത് എപ്പോഴാണ്? 
- ഈ ലോകത്തെ സൃഷ്ടിച്ചിരിക്കുന്നത് അന്യോനം ഉതകി ജീവിക്കാനാണ് എന്ന് പറയുന്ന കാട്ടുപോത്ത് മാംസാഹാരികളായ ജീവികളുടെ വിശപ്പടക്കാൻ തങ്ങളിൽ പ്രായമായവരെ കൊന്നു തിന്നുകൊള്ളുവാൻ പറയുന്നു. എന്നായാലും മരിക്കണം, അത് നിങ്ങൾക്ക് ഉപകരിച്ചിട്ടായാൽ അത്രയും സന്തോഷം എന്നാണ് ഈ തീരുമാനത്തിന് കാരണമായി കാട്ടുപോത്ത് പറയുന്നത്. കാട്ടുപോത്തിന്റെ ഈ വാക്കുകളും മൃഗങ്ങളുടെ അന്യോന്യമുള്ള സ്നേഹവും, ത്യാഗവും എല്ലാം കണ്ടപ്പോളാണ് ദൈവത്തിനു മൃഗങ്ങളുടെ വകതിരിവ് മനസ്സിലായത്.

 "സൗഹൃദത്തടാകം'' എന്ന് കഥയിൽ പ്രയോഗിച്ചിരിക്കുന്നതിന്റെ ഔചിത്യമെന്ത്? 
- പലതായി പകുക്കപ്പെട്ട ഒരു കാട്. പലമാതിരി മൃഗങ്ങൾ വർഗപരമായ വേർതിരിവോടെ കാടിന്റെ പലഭാഗത്തായി ജീവിച്ചുപോരുന്നു. എന്നാൽ കാടിന്റെ നടുക്കുള്ള തടാകത്തിലാണ് ഇവരെല്ലാം വെള്ളം കുടിക്കാനെത്താറുള്ളത്. ആനകളും, പുലികളും, മുയലുകളും, സിംഹങ്ങളും, അങ്ങനെ എല്ലാ ജാതിമൃഗങ്ങളും ഒത്തു കൂടുന്ന ഇടമാണ് ആ തടാകം. ഒടുവിൽ എല്ലാ വ്യത്യാസങ്ങളും മാറ്റിവച്ചു എല്ലാമൃഗങ്ങളും സ്നേഹത്തോടെയും സൗഹൃദത്തോടെയും ഒന്നിച്ചു ജീവിക്കാൻ തീരുമാനിക്കുന്നതും ഈ തടാകക്കരയിൽ വച്ചാണ്. "സൗഹൃദത്തടാകം'' എന്ന പേരുതന്നെയാണ് മൃഗങ്ങളുടെയെല്ലാം സൗഹൃദത്തിനു ഇടമായ ആ തടാകത്തിനു ഏറ്റവും ഉചിതം.

• ആന സ്നേഹമുള്ള ജീവിയാണ്. എന്തൊക്കെ സൂചനകളാണ് പാഠഭാഗത്ത് കണ്ടെത്താൻ കഴിയുന്നത്?
- ആനയുടെ തുമ്പിക്കൈ നിറയെ സ്നേഹമാണ്. തുമ്പിക്കെകൊണ്ടു തൊട്ടു നോക്കിയാണ് അവൻ സ്നേഹം പകർന്നു കൊടുക്കുന്നത്. ആനയുടെ ശരീരം മുഴുവൻ സ്നേഹമാണെന്ന് അവനെ സ്പർശിച്ച കുഞ്ഞുമുയൽ തിരിച്ചറിയുന്നു. അന്നുവരെ എല്ലാവർക്കും പേടിയായിരുന്ന ആന പുള്ളിമാനുകളോടും ആടുകളോടും ചെന്നായ്ക്കളോടുംകൂടെ കളിക്കുകയും സ്നേഹം പങ്കു വയ്ക്കുകയും ചെയ്യുന്നു. മറ്റുള്ളവരുടെ
സ്നേഹത്തെയും സൗഹൃദത്തെയും ഇത്രയും കാലം തിരിച്ചറിയാൻ കഴിഞ്ഞില്ലല്ലോ എന്നോർത്ത് ആന വിഷമിക്കുന്നു. ഇതിൽനിന്നെല്ലാം ആന വളരെ സ്നേഹമുള്ള ജീവിയാണ് എന്ന് മനസ്സിലാക്കാം.

പ്രയോഗഭംഗി കണ്ടെത്താം
 “സ്നേഹത്തിന്റെ വലിയൊരു ചുമട്' എന്നത് കഥയിലെ ഭംഗിയുള്ള ഒരു പ്രയോഗമാണ്. സ്നേഹം ചുമടായി മാറുമോ? എന്തുകൊണ്ടായിരിക്കാം കഥാകാരി ഇങ്ങനെ പറയുന്നത്?
- സ്നേഹം ഒരിക്കലും ഒരു ഭാരമല്ല. ആനയുടെ സ്നേഹത്തിന്റെ വ്യാപ്തി വരച്ചുകാട്ടാനാണ് ഈ പ്രയോഗം ഉപയോഗിച്ചിരിക്കുന്നത്. വളരെയധികം വലിപ്പമുള്ള ആനയെ എല്ലാവർക്കും പേടിയായിരുന്നു. എന്നാൽ തുമ്പിക്കയ്യിൽ തൊട്ടപ്പോൾ ആ വലിയ ശരീരം മുഴുവൻ സ്നേഹമാണെന്നു കുഞ്ഞുമുയൽ മനസ്സിലാക്കി. സ്നേഹത്തിന്റെ ഭാരം സുഖമുള്ളതാണ്. കുന്നോളം സ്നേഹം എന്ന് പറയുന്നപോലെയാണ് സ്നേഹത്തിന്റെ ചുമട് എന്ന പ്രയോഗം കൊണ്ട് ഇവിടെ അർത്ഥമാക്കുന്നത്.

* കഥയിലെ മറ്റുചില പ്രയോഗങ്ങൾ നോക്കു. 
• മയിൽപ്പീലിക്കണ്ണിൽനിന്ന് കരുണാകുലമായ ഒരു നോട്ടം നീണ്ടുവന്ന് അവളെ തൊട്ടു. 
• എന്റെ സ്നേഹം അരുവിയിലെ വെള്ളം പോലെയാണെങ്കിൽ പുള്ളിമാനിന്റെ
സ്നേഹം തേൻതുള്ളിപോലെയാണ്. 
• ദൈവത്തിന്റെ അനൽപമായ സ്നേഹം പോലെ നിലാവ് അവരെ തഴുകി. 
ഈ വാക്യങ്ങളുടെ അർഥഭംഗികളെക്കുറിച്ച് കൂടുതൽ ആലോചിക്കു. എന്തൊക്കെ ആശയങ്ങളാണ് തെളിഞ്ഞുവരുന്നത്?
- ഓരോ സ്നേഹവും വ്യത്യസ്തമാണ്. മയിൽപ്പീലിക്കണ്ണിൽനിന്ന് കരുണാകുലമായ ഒരു നോട്ടം നീണ്ടുവന്ന് അവളെ തൊട്ടു എന്ന് പറയുമ്പോൾ മാതൃവാത്സല്യത്തിന് സമാനമായ മൃദുസ്പർശനമാണ് നമുക്ക് അനുഭവപ്പെടുന്നത്. കുഞ്ഞുമുയലിന്റെ സ്നേഹം അരുവിയിലെ വെള്ളംപോലെ തെളിഞ്ഞതും, തണുപ്പുള്ളതുമാണെങ്കിൽ പുള്ളിമാനിന്റെ സ്നേഹം തേൻ തുള്ളി പോലെ മധുരമുള്ളതാണ്. ദൈവത്തിന്റെ സ്നേഹമാവട്ടെ നിലാവ് പോലെ വിശാലവും, പ്രകാശം പരത്തുന്നതുമാണ്. ഇങ്ങനെ സ്നേഹത്തിന്റെ വിവിധ രൂപങ്ങളും ഭാവങ്ങളുമാണ് ഈ പ്രയോഗങ്ങളിൽ തെളിയുന്നത്.

ശീർഷകം ഉചിതമോ? 
• "മയിൽപ്പീലിസ്പർശം'' എന്നാണല്ലോ ഈ കഥയുടെ പേര്. കഥാകാരി എന്തുകൊണ്ടായിരിക്കണം ഇങ്ങനെയൊരു ശീർഷകം കഥയക്ക് നൽകിയത്? നിങ്ങളുടെ ചിന്തകൾ പങ്കുവയ്ക്ക. 
- ഉണ്ണിമായയേപ്പോലെ മയിൽപ്പീലിയും ഈ കഥയിലെ ഒരു കഥാപാത്രമാണ്. ഒരു മയിൽപ്പീലി പറന്നുവന്ന് ഉണ്ണിമായയെ തൊടുന്നു. അവൾക്ക് ഉറങ്ങാനായി മനോഹരമായ സ്നേഹത്തിന്റെ കഥ പറഞ്ഞു കൊടുക്കുന്നു. മയിൽപ്പീലി കെട്ടിപ്പിടിച്ചാണ് അവൾ ഉറങ്ങുന്നത്. കുട്ടിക്കാലത്തെ നിഷ്കളങ്കതയുടെ സുഖമുള്ള ഓർമ്മയാണ് മയിൽപ്പീലി. ഇതെല്ലാം കൊണ്ടു തന്നെയാവാം കഥാകാരി ഈ കഥയ്ക്ക് മയിൽപീലിസ്പർശം എന്ന പേരു നൽകിയത്.

കാടും നാടും
 കാടിനെക്കുറിച്ചും മൃഗങ്ങളെക്കുറിച്ചും മാത്രമല്ല ഈ കഥ, നാടിനെക്കുറിച്ചും മനുഷ്യരെക്കുറിച്ചും കൂടിയാണ്. നിങ്ങളുടെ അഭിപ്രായം എന്താണ്? ചർച്ചചെയ്ത് കുറിപ്പ് തയാറാക്കു. 
- കാടിന്റെ കഥയെന്നപോലെതന്നെ മനുഷ്യരുടെയും കഥയാണിത്. കാട്ടിലെ മൃഗങ്ങൾ കാടിന്റെ വിവിധ ദിക്കുകളിൽ കഴിയുന്ന പോലെ മനുഷ്യരും തങ്ങൾ തീർക്കുന്ന പലതരം വേലിക്കെട്ടുകൾക്കുള്ളിൽ ജീവിക്കുന്നവരാണ്. ഒരേ കാട്ടിൽ ഒരേ ജലവും, ഒരേ വായുവും പങ്കിടുന്ന മൃഗങ്ങൾ പരസ്പരം മനസ്സിലാക്കിയിരുന്നില്ല. മനുഷ്യരും ഇതേ പോലെയാണ്. തിരക്കേറിയ ജീവിതവും, നഗരവൽക്കരണവും നമ്മെ ഒറ്റപ്പെട്ട തുരുത്തുകളാക്കി മാറ്റി. നമ്മുടെ ചുറ്റുമുള്ള എല്ലാ മനുഷ്യരെയും ഒരേ പോലെ സ്നേഹിക്കണമെന്നും പരസ്പര സഹകരണത്തോടെ ഒറ്റകെട്ടായി ജീവിക്കണമെന്നും ഉള്ള മഹത്തായ പാഠം ഈ കഥ നമ്മെ പഠിപ്പിക്കുന്നു. സിംഹത്തെപ്പോലെ ക്രൂരനെന്നും, പോത്തിനെപ്പോലെ കശ്മലനെന്നും, ആനയെപ്പോലെ ഭീകരനെന്നും മുദ്രകുത്തി നാം ഒരുപാട് പേരെ സമൂഹത്തിൽ ഒറ്റപ്പെടുത്താറുണ്ട്. കഥയിലെ പോലെ ഇവരുടെയെല്ലാം ഉള്ളു നിറയെ സ്നേഹമാവാം, അത് തിരിച്ചറിയാൻ നാം ശ്രമിക്കണം. സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും വില മൃഗങ്ങൾ തിരിച്ചറിയുമ്പോൾ ദൈവം പറയുന്നത് ഇപ്രകാരമാണ്  “എന്റെ കാട്ടിലെ കുഞ്ഞുങ്ങളേ, നിങ്ങൾക്ക് വകതിരിവില്ലെന്ന് ഞാൻ വിചാരിച്ചു. അല്ലെങ്കിൽ ഇത്രയധികം മനുഷ്യരെ ഞാൻ സൃഷ്ടിക്കുകയില്ലായിരുന്നു.” മനുഷ്യൻ തന്നെ സൃഷ്ടിച്ച പലതരം അസമത്വങ്ങൾ ഇന്നത്തെ ലോകത്തു നിലനിൽക്കുന്നുണ്ട്. പല കാര്യങ്ങളിലും മൃഗങ്ങളുടെ അത്ര പോലും വകതിരിവ് നമുക്ക് ഇല്ല എന്ന് ഇതിൽ നിന്ന് മനസ്സിലാക്കാം. കഥയിലെ ആനയെപ്പോലെ “ഒരു ജീവിതകാലം പോയി, സ്നേഹം എന്തെന്നറിയാതെ.” എന്ന നിരാശ നമ്മുടെ ജീവിതത്തിലും വരാം എന്ന 'ഓർമ്മപ്പെടുത്തൽ കൂടിയാണ് ഈ കഥ.


TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here