STD 6 കേരളപാഠാവലി: പരിശ്രമം ചെയ്യുകിലെന്തിനേയും - പഠനപ്രവർത്തനങ്ങൾ - ചോദ്യോത്തരങ്ങൾ 


Questions and Answers for Class 6 Kerala Padavali - Activities - prakashakiranangal | Std 6 Malayalam കേരളപാഠാവലി: Unit 04 പ്രകാശ കിരണങ്ങള്‍:
 പരിശ്രമം ചെയ്യുകിലെന്തിനേയും - ചോദ്യോത്തരങ്ങൾ - parisramam cheyyukilenthineyum | Teachers Handbook

വിജയത്തിലേക്ക് 
• പനാമ കനാലിനെക്കുറിച്ച് പുസ്തകത്തിൽ കൊടുത്തിരിക്കുന്ന സംഭവ വിവരണം വായിച്ചല്ലോ കുട്ടുകാരെ?
ഈ സംഭവത്തിൽ നിന്നും എന്തു സന്ദേശമാണ്‌ ലഭിക്കുന്നത് ?
- പനാമ കനാലിന്റെ നിർമ്മാണ പ്രവർത്തനത്തിലുണ്ടായ പരാജയത്താൽ എല്ലാവരും മനംനൊന്ത്‌ പിന്തിരിയാൻ ശ്രമിച്ചപ്പോൾ മേജർ  ഗെഫൽസ്‌ നല്‍കിയ പ്രചോദനവും കരുത്തുമാണ്‌ പനാമ കനാൽ എന്ന ജലപാതയുടെ പണി പൂർത്തിയാക്കാൻ സഹായകമായത്. അതായത്‌ പരാജയത്തിൽ തളരാതെ പ്രതീക്ഷയോടെ പ്രയത്നിച്ചാൽ വിജയം ഉറപ്പാണ്‌ എന്ന സന്ദേശമാണ്‌ ഈ സംഭവം നമുക്ക്‌ നല്‍കുന്നത്‌.

പരിശ്രമം ചെയ്യുകിലെന്തിനേയും
''പരിശ്രമം ചെയ്യുകിലെന്തിനേയും 
വശത്തിലാക്കാൻ കഴിവുള്ളവണ്ണം 
ദീർഘങ്ങളാം കൈകളെ നൽകിയത്രേ 
മനുഷ്യരെപ്പാരിലയച്ചതീശൻ''- കെ.സി കേശവപിള്ള (സുഭാഷിതരത്‌നാകരം - കാവ്യം)

ഡോ എ.പി.ജെ അബ്ദുൾ കലാം 
കുരുന്നുകളെ സ്വപ്നം കാണാൻ പഠിപ്പിച്ച ശാസ്ത്രജ്ഞൻ. ഇന്ത്യ കണ്ട എക്കാലത്തെയും എളിമയുള്ള ദീർഘവീക്ഷണമുള്ള രാഷ്ട്രപതി. അങ്ങനെ വിശേഷണങ്ങൾ അനവധിയാണ് എ.പി.ജെ. അബ്ദുൽ കലാം എന്ന പ്രതിഭാ സമ്പന്നന്. ഇന്ത്യയുടെ പതിനൊന്നാമത് രാഷ്ട്രപതിയായിരുന്നു (2002-2007) 'അവുൽ പകീർ ജൈനുലബ്ദീൻ അബ്ദുൽ കലാം' എന്ന 'ഡോ. എ.പി.ജെ. അബ്ദുൽ കലാം'. പ്രശസ്തനായ മിസൈൽ സാങ്കേതികവിദ്യാവിദഗ്ദ്ധനും എഞ്ചിനീയറുമായിരുന്നു ഇദ്ദേഹം.
1931 ഒക്ടോബർ 15 നു തമിഴ്‌നാട്ടിലെ രാമേശ്വരത്ത് ജനിച്ച ഇദ്ദേഹം ബഹിരാകാശ എൻജിനീയറിംഗ് പഠനത്തിന് ശേഷം പ്രതിരോധ ഗവേഷണ വികസന കേന്ദ്രം (DRDO), ബഹിരാകാശഗവേഷണകേന്ദ്രം (ISRO) തുടങ്ങിയ ഗവേഷണസ്ഥാപനങ്ങളിൽ ഉന്നതസ്ഥാനങ്ങൾ വഹിച്ചിരുന്നു.
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളിന്റേയും, ബാലിസ്റ്റിക് മിസൈലിന്റേയും വികസനത്തിനും ഏകോപനത്തിനും മറ്റും അബ്ദുൾകലാം വിലപ്പെട്ട സംഭാവനകൾ നൽകിയിട്ടുണ്ട്. മിസ്സൈൽ സാങ്കേതികവിദ്യയിൽ അദ്ദേഹത്തിന്റെ സംഭാവനകൾ കണക്കിലെടുത്ത് 'ഇന്ത്യയുടെ മിസ്സൈൽ മനുഷ്യൻ' എന്ന് കലാമിനെ വിശേഷിപ്പിക്കാറുണ്ട്. 2015 ജൂലൈ 27 ന് 84-ാം വയസ്സിൽ അദ്ദേഹം അന്തരിച്ചു. ഷില്ലോങ്ങിൽ ഇന്ത്യൻ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റിൽ പ്രസംഗിക്കുന്നതിനിടെ ഉണ്ടായ ഹൃദയാഘാതത്തെത്തുടർന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഉടനെ അടുത്തുള്ള ബഥനി ആസ്പത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

കലാമിന്റെ കൃതികൾ 
• ഇന്ത്യ2020: എ വിഷൻ ഫോർ ദ ന്യൂ മില്ലെനിയം എ.പി.ജെ.അബ്ദുൾ കലാം, വൈ.എസ്.രാജൻ (പെൻഗ്വിൻ ബുക്ക്സ് ഇന്ത്യ, 2003) 
• ഇന്ത്യ-മൈ-ഡ്രീം എ.പി.ജെ.അബ്ദുൾ കലാം (എക്സൽ ബുക്സ്, 2004) 
• എൻവിഷനിംഗ് ആൻ എൻപവേഡ് നേഷൻ: ടെക്നോളജി ഫോർ സൊസൈറ്റൽ ട്രാൻസ്ഫോർമേഷൻ എ.പി.ജെ.അബ്ദുൾ കലാം (ടാറ്റാ മക്ഗ്രോ-ഹിൽ, 2004)
• ഗൈഡിംഗ് സോൾസ്: ഡയലോഗ്സ് ഓൺ ദ പർപ്പസ് ഓഫ് ലൈഫ് എ.പി.ജെ.അബ്ദുൾ കലാം, അരുൺ.കെ.തിവാരി, (ഓഷ്യൻ ബുക്സ്, 2005)
• ചിൽഡ്രൺ ആസ്ക് കലാം എ.പി.ജെ.അബ്ദുൾ കലാം (പിയേഴ്സൺ എഡ്യുക്കേഷൻ) 
• വിംഗ്സ് ഓഫ് ഫയർ: ആൻ ഓട്ടോബയോഗ്രഫി ഓഫ് എ.പി.ജെ.അബ്ദുൾ കലാം എ.പി.ജെ.അബ്ദുൾ കലാം, അരുൺ തിവാരി (ഓറിയന്റ് ലോംങ്മാൻ, 1999)
• ഇഗ്നൈറ്റഡ് മൈൻഡ്സ്: അൺലീഷിംഗ് ദ പവർ വിത്തിൻ ഇന്ത്യ എ.പി.ജെ.അബ്ദുൾ കലാം (പെൻഗ്വിൻ ബുക്സ്, 2003)
• സയന്റിസ്റ്റ് ടു പ്രസിഡന്റ് എ.പി.ജെ.അബ്ദുൾ കലാം (ഗ്യാൻ പബ്ലിഷിംഗ് ഹൗസ്, 2003) 

വായിക്കാം, കണ്ടെത്താം 
• ചുമതലകൾ ഏറ്റെടുക്കാനുള്ള ആത്മധൈര്യം നൽകിക്കൊണ്ട് അബ്ദുൽ കലാമിനു ധവാൻ നൽകിയ ഉപദേശം എന്തായിരുന്നു? 
- എസ്.എൽ.വി-3 പദ്ധതിയുടെ ചുമതല ഏൽപ്പിച്ചപ്പോൾ ആ പദ്ധതി എങ്ങനെ പ്രാവർത്തികമാക്കും എന്ന് സംശയിച്ചു നിൽക്കുകയായിരുന്നു കലാം. അപ്പോൾ സതീശ് ധവാൻ കലാമിന് ധൈര്യം നൽകിക്കൊണ്ട് പറഞ്ഞു: “കലാം, ഒരാൾ പരിശ്രമങ്ങളിൽ ഏർപ്പെടുന്നില്ലെന്നു വയ്ക്കുക. എങ്കിൽ അയാൾ തന്റെ മാളത്തിൽത്തന്നെ കഴിഞ്ഞുകൂടുകയായിരിക്കും. നാം ഒരു ദൗത്യമോ ചുമതലയോ ഏറ്റെടുക്കുമ്പോൾ പ്രശ്നങ്ങളുണ്ടാവും. നിങ്ങൾ ആ പ്രശ്നത്തെ സ്വന്തം പിടിയിലൊതുക്കണം, അതിനെ തോൽപ്പിക്കണം. അങ്ങനെയാണ് വിജയം കൈവരിക്കേണ്ടത്.''

• ഒന്നാംവിക്ഷേപണത്തിന്റെ പരാജയകാരണങ്ങൾ എന്തെല്ലാമായിരുന്നു?
- വിക്ഷേപണത്തിനു മുമ്പുള്ള സമയത്ത് കൺട്രോൾ പവർ പ്ലാന്റിന്റെ വാൽവിൽ പൊടി കടന്നിരുന്നു അതിനാൽ അത് ശരിയായി പ്രവർത്തിക്കാതെയായി. ഇതൊന്നുമറിയാതെ, വിക്ഷേപിക്കരുതെന്നെ കമ്പ്യൂട്ടറിന്റെ മുന്നറിയിപ്പ് അവഗണിച്ചു കൊണ്ട് വിക്ഷേപിച്ചതാണ് ഒന്നാം വിക്ഷേപണം പരാജയപ്പെടാൻ കാരണം.

• എസ്.എൽ.വി മൂന്നിന്റെ പരാജയം നൽകിയ പാഠം എന്താണ്? 
- എസ്.എൽ.വി മൂന്നിന്റെ പരാജയത്തിൽ നിന്ന് കലാമും സംഘവും പല പാഠങ്ങളും പഠിച്ചു. പരാജയത്തിന്റെ മൂലകാരണം വിശകലനം ചെയ്യാൻ തങ്ങളുടെ ഊർജമെല്ലാം അവർ വിനിയോഗിച്ചു. ആ സംഭവത്തിനു ശേഷം എല്ലാ ഉപകരണങ്ങളുടെയും ഗുണനിലവാരം കർശനമായി പരിശോധിച്ചു. അങ്ങനെ സാങ്കേതിക പ്രശ്നങ്ങൾ കണ്ടെത്തുന്നതോടൊപ്പം ശാസ്ത്രജ്ഞരുടെ മനോവീര്യം ഉയർത്താനും കഴിഞ്ഞു.

സമാനപദങ്ങൾ കണ്ടെത്തി വാക്യങ്ങൾ രചിക്കാം 
• “അവർ 125 ശാസ്ത്രജ്ഞരുമായും ഉദ്യോഗസ്ഥരുമായും സസൂക്ഷ്മം സംസാരിക്കുകയും 200 ൽ അധികം രേഖകൾ വിലയിരുത്തുകയും ചെയ്തു.” അടിയിൽ വരയിട്ട പദത്തിന്റെ അർഥം ഊഹിച്ചെഴുതുക; നിഘണ്ടു പരിശോധിച്ച് ഉറപ്പുവരുത്തുക. ഇതുപോലെ സസന്തോഷം, സസ്നേഹം തുടങ്ങിയ പദങ്ങളുടെ അർഥം കണ്ടെത്തി ഇവ ഉപയോഗിച്ച് വാക്യങ്ങൾ രചിക്കുക. 
• സസൂക്ഷ്മം - സൂക്ഷ്മതയോടുകൂടി 
• സസന്തോഷം - സന്തോഷത്തോടുകൂടി 
ക്ലാസ് ലീഡറുടെ ചുമതല എന്നെ ഏൽപ്പിച്ചപ്പോൾ ഞാനതു സസന്തോഷം ഏറ്റെടുത്തു. 
• സസ്നേഹം - സ്നേഹത്തോടുകൂടി 
വേനലവധിക്ക് മുത്തശ്ശനും, മുത്തശ്ശിയും കൂടെ ചെല്ലാൻ സസ്നേഹം നിർബന്ധിച്ചപ്പോൾ എനിക്ക് പോവാതിരിക്കാൻ കഴിഞ്ഞില്ല.

സംവാദം 
• പദ്ധതിയുടെ ഡയറക്ടർ എന്ന നിലയിലുള്ള ഉത്തരവാദിത്വത്തോടെ ഞാൻ കംപ്യൂട്ടറിനെ മറി കടന്നു കൈകൊണ്ടു പ്രവർത്തിപ്പിച്ച് വിക്ഷേപണമാരംഭിച്ചു. വിക്ഷേപണം പരാജയപ്പെടുകയും ഉപഗ്രഹ വാഹനം ബംഗാൾ ഉൾക്കടലിൽ പതിക്കുകയും ചെയ്തു. കലാമിന്റെ ഈ പ്രവൃത്തിയോട് നിങ്ങൾ യോജിക്കുന്നുണ്ടോ? ക്ലാസ്സിൽ നടക്കുന്ന സംവാദത്തിൽ അഭിപ്രായങ്ങൾ പ്രകടിപ്പിക്കൂ. 
സംവാദത്തിൽ എന്തെല്ലാം പറയാം?
സംവാദത്തിൽ യോജിക്കാവുന്ന വാദഗതികൾ 
• ഒരു പദവിയിലിരിക്കേ തെറ്റോ ശരിയോ നോക്കാതെ പെട്ടെന്ന് തീരുമാനങ്ങൾ എടുക്കേണ്ടി വരും. 
• കലാമിന്റെ തീരുമാനത്തിന്റെ ഉദ്ദേശ്യശുദ്ധി നല്ലതായിരുന്നു. അദ്ദേഹം ഒറ്റയ്ക്കല്ല, വിദഗ്ധരോട് ആലോചിച്ചാണ് ഈ തീരുമാനം എടുത്തത് 
• പിന്നീട് അദ്ദേഹം തന്നെ ഈ പദ്ധതി വിജയിപ്പിച്ചതിലൂടെ ആദ്യപരാജയം വിജയത്തിലേക്കുള്ള ചവിട്ടുപടി ആയിരുന്നുവെന്ന് അദ്ദേഹം തെളിയിച്ചു.
സംവാദത്തിൽ വിയോജിക്കാവുന്ന വാദഗതികൾ
• കംപ്യൂട്ടറിനെ മറികടക്കേണ്ട ആവശ്യം ഇല്ലായിരുന്നു. 
• ഇത്രയും ഭീമമായ നഷ്ടം വരും എന്ന് ചിന്തിക്കാതെ പ്രവർത്തിച്ചു. 
• തിരക്കുകൂട്ടാതെ വിക്ഷേപണം മാറ്റിവെക്കാമായിരുന്നു.

വിശകലനം ചെയ്യാം
• “പൊരുതുക വിജയത്തിന്റെ മുഖത്തു നോക്കിനിൽക്കാതെ 
പൊരുതുക പിൻവാങ്ങട്ടെ ഭയാശങ്കകൾ”
- (പടക്കളത്തിൽ - പി. കുഞ്ഞിരാമൻനായർ) 
മേൽസൂചിപ്പിച്ച വരികളിലെ ആശയവുമായി അബ്ദുൽകലാമിന്റെയും ജോർജ് ഗെഫൽസിന്റെയും അനുഭവങ്ങൾ എത്രത്തോളം ബന്ധപ്പെട്ടിരിക്കുന്നു? ചർച്ചചെയ്ത് കുറിപ്പ് തയാറാക്കുക. 
- പരാജയങ്ങളിൽ തളരാതെ വിജയത്തിനായി നാം പൊരുതുമ്പോൾ ഭയാശങ്കകൾ വഴി മാറുമെന്നാണ് ഈ വരികളിലൂടെ കവി നമ്മെ ഓർമ്മിപ്പിക്കുന്നത്. അബ്ദുൽ കലാമും ജോർജ് ഗെഫൈൽസും തങ്ങളുടെ ആദ്യ പരിശ്രമത്തിൽ പരാജയപ്പെട്ടവരാണ്. എന്നാൽ തങ്ങളുടെ ഉദ്യമത്തിൽ നിന്ന് പിന്മാറാതെ പരാജയത്തിൽ നിന്ന് പാഠങ്ങൾ ഉൾക്കൊണ്ട് വീണ്ടും പരിശ്രമിച്ചു. പരാജയത്തിന്റെ കാർമേഘങ്ങൾ മാറി വിജയത്തിന്റെ വെളിച്ചം വീശി. നിരന്തരമായ പരിശ്രമം കൊണ്ട് ഏതു പരാജയത്തെയും മറികടക്കാമെന്നാണ് കവിതയിലെ വരികളും കലാമിന്റെയും ജോർജ് ഗെഫൈൽസിന്റെയും അനുഭവങ്ങളും നമുക്ക് കാണിച്ചു തരുന്നത്.

• 'പരിശ്രമം ചെയ്യുകിലെന്തിനേയും' എന്ന ശീർഷകം ഈ പാഠഭാഗത്തിന് ഉചിതമാണോ എന്ന് വിശകലനം ചെയ്യുക. 
- 'പരിശ്രമം ചെയ്യുകിലെന്തിനേയും വശത്തിലാക്കാൻ കഴിവവുള്ളവണ്ണം ദീർഘങ്ങളാം കൈകളെ നൽകിയത്രേ മനുഷ്യരെപ്പാരിലയയതീശൻ' മഹാകവി കെ.സി. കേശവപിള്ളയുടെ വരികളാണിവ. പരിശ്രമിക്കുകിൽ എന്തിനേയും വശത്തിലാക്കാൻ കഴിയുമെന്നാണ് കവി പറയുന്നത്. പരാജയത്തിൽ തളരാതെയുള്ള കലാമിന്റെ പരിശ്രമമാണ് അദ്ദേഹത്തിന് ആത്യന്തികമായ വിജയം നേടിക്കൊടുത്തത്. ആദ്യപരാജയത്തിൽ നിന്ന് പാഠങ്ങൾ ഉൾക്കൊണ്ട് പരിശ്രമിച്ചപ്പോൾ പരാജയത്തിന്റെ കാർമേഘങ്ങൾ നീക്കി വിജയത്തിന്റെ വെളിച്ചം ദർശിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. ഇതിൽ നിന്ന് ഈ പാഠഭാഗത്തിന് തികച്ചും അനുയോജ്യമായ ശീർഷകം തന്നെയാണ് നല്കിയിരിക്കുന്നത് എന്ന് നമുക്ക് നിസ്സംശയം പറയാം.

പദപരിചയം 
• തരണം ചെയ്യുക - മറികടക്കുക 
• ദൗത്യം ഏറ്റെടുത്ത പ്രവൃത്തി 
• അങ്കുരിക്കുക - മുളയ്ക്കുക 
• വിഷണ്ണൻ - വിഷാദമുള്ളവർ 
• വിനിയോഗിക്കുക - ഉപയോഗിക്കുക 
• മനോവീര്യം - മനസ്സിന്റെ ശക്തി
• തന്മൂലം - അതുമൂലം 
• പ്രാപ്തനാക്കി - ശേഷിയുള്ളവനാക്കി
• വിക്ഷേപണം - അയക്കൽ 
• സസൂക്ഷ്മം - ശ്രദ്ധയോടു കൂടി 
• പ്രാപ്തൻ - കഴിവുള്ളവൻ 
• ഉദ്യമം - പരിശ്രമം  
• രേഖ - പ്രമാണം
• അങ്കുരിപ്പിച്ചു - മുളപ്പിച്ചു 



ഈ ബ്ലോഗിലെ എല്ലാ പോസ്റ്റുകളും ഒരുമിച്ച് കാണാനും ആവശ്യമുള്ളവ എളുപ്പത്തിൽ തിരഞ്ഞെടുക്കാനും ഇവിടെ ക്ലിക്കുക.

PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here