STD 6 കേരളപാഠാവലി: ഒരു കെട്ടുകല്യാണം - പഠനപ്രവർത്തനങ്ങൾ - ചോദ്യോത്തരങ്ങൾ 


Questions and Answers for Class 6 Kerala Padavali - Activities - prakashakiranangal | Std 6 Malayalam കേരളപാഠാവലി: Unit 04 പ്രകാശ കിരണങ്ങള്‍:
 ഒരു കെട്ടുകല്യാണം - ചോദ്യോത്തരങ്ങൾ | Teachers Handbook

ഒരു കെട്ടുകല്യാണം - കെ.ദാമോദരൻ ബി.എ 
• പത്തൊമ്പതാം നൂറ്റാണ്ടിൽ കേരളത്തിലെ നായർ, ഈഴവർ, വാണിയർ, തീയർ തുടങ്ങിയ ചില സമുദായങ്ങളിൽ നിലനിന്നിരുന്ന ഒരു ആചാരമാണ് കെട്ടുകല്യാണം അഥവാ താലികെട്ടുകല്യാണം. യഥാർത്ഥവിവാഹം പിന്നീടാണു നടത്തുന്നത്. പെൺകുട്ടികളെ ഏതെങ്കിലും ബ്രാഹ്മണനെക്കൊണ്ടോ സമുദായത്തിലെതന്നെ പ്രമുഖരായവരെക്കൊണ്ടോ താലികെട്ടിക്കുന്ന ചടങ്ങായിരുന്നു നായന്മാർക്കിടയിലുണ്ടായിരുന്നത്. കെട്ടുകല്യാണം നടത്തിയതുകൊണ്ട് പെൺകുട്ടി പുരുഷന്റെ ഭാര്യയാകുന്നില്ല. ബാല്യത്തിൽനിന്ന് യൗവനത്തിലേക്ക് അവൾ കടന്നുവെന്നുള്ള പ്രഖ്യാപനം മാത്രമാണിത്. വളരെ നീണ്ടതും ചിലവേറിയതുമായ ആഘോഷമായിരുന്നതുകൊണ്ട് തറവാടുകളിൽ മാസമുറയാകാറായ പെൺകുട്ടികളുടെ താലികെട്ടുകല്യാണം ഒരുമിച്ചുനടത്തുന്ന രീതിയും പതിവായിരുന്നു. താലികെട്ടിക്കഴിഞ്ഞ പെൺകുട്ടി 'അമ്മയായി' എന്നായിരുന്നു ചൊല്ല്. സാമ്പത്തികസ്ഥിതി കുറഞ്ഞ കുടുംബങ്ങൾ ചെറിയതോതിൽ കെട്ടുകല്യാണം നടത്തിയിരുന്നു. പെൺകുട്ടിയുടെ അമ്മതന്നെ താലികെട്ടുകയോ ഒരു ബൊമ്മയെ അടുത്തിരുത്തിയശേഷം ഏതെങ്കിലും സ്ത്രീകളായ ബന്ധുക്കൾ താലികെട്ടുകയോ ചെയ്യുന്ന രീതികൾ നിലവിലുണ്ടായിരുന്നു.
കെട്ടുകല്യാണം അസന്മാർഗ്ഗികമാണെന്നും, അത് ബ്രാഹ്മണരോട് വിധേയത്വം കാട്ടുന്നുവെന്നും, ഇത് ഭാരിച്ച ചിലവിനിടയാക്കുന്നു എന്നും വിമർശനങ്ങളുയർത്തി, ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽത്തന്നെ സമുദായപരിഷ്ക്കർത്താക്കൾ കെട്ടുകല്യാണത്തെ എതിർത്തു. കാലക്രമേണ ഈ ആചാരം പ്രചാരത്തിലല്ലാതായി.

അർഥം
• ഗൃഹനാഥൻ  - ഗൃഹാസ്ഥാശ്രമം സ്വീകരിച്ചവൻ, ഗൃഹനായകൻ 
• പൊടിപൂരം - വലിയഘോഷം
• യഥാസ്ഥാനം - തക്കസ്ഥാനം, യോജിച്ച സ്ഥാനം
• പുരുഷാരം - ആൾകൂട്ടം
• സന്ധി - ഉടമ്പടി, മൈത്രി 
• കൗരവസഭ - ദുർജനങ്ങളുടെ സഭ
• അലൗകികം - അസാധാരണമായ, ലോകസ്ഥിതിയെ കവിഞ്ഞ
• കൽപ്പന - ആജ്ഞ
• സ്വജനം - തന്റെ ജനം, ബന്ധു
• അടിയന്തിരം - ആഘോഷം, മുടക്കാൻ വയ്യാത്ത ചടങ്ങ്
     
പര്യായം
• പുത്രി - തനയ, മകൾ 
• വീട് - ഭവനം, ആലയം 
• ശ്രീകൃഷ്ണൻ - ഹരി, ഗോവിന്ദൻ 
• പുഷ്പം - പൂവ്, കുസുമം 
• പഴം - ഫലം, പക്വം

പിരിച്ചെഴുതുക 
• അദ്ദേഹത്തിന്റെ - അ + ദേഹത്തിന്റെ 
• അലങ്കരിച്ചിരുത്തിയിരുന്നു - അലങ്കരിച്ച് + ഇരുത്തിയിരുന്നു 
• തിക്കിത്തിരക്കി - തിക്കി + തിരക്കി 
• എത്തിയപ്പോൾ - എത്തി + അപ്പോൾ 
• വാക്കിൽ വാക്ക് + ഇൽ 
• മുടക്കിക്കൂടേ - മുടക്കി + കൂടേ 
• അതറിയട്ടെ - അത് + അറിയട്ടെ 
• പറഞ്ഞറിയിക്കാൻ - പറഞ്ഞ് + അറിയിക്കാൻ 
• ആശ്ചര്യത്തോടും - ആശ്ചര്യം + ഓടും

വിഗ്രഹിക്കുക 
• വിശ്വസ്തഭക്തൻ - വിശ്വസ്തനായ ഭക്തൻ 
• ശുഭമുഹൂർത്തത്തിൽ - ശുഭമായ മുഹൂർത്തത്തിൽ 
• തിക്കിത്തിരക്കി - തിക്കിയും തിരക്കിയും
• പൂർണ്ണസമ്മതം - പൂർണ്ണമായ സമ്മതം

വിപരീതപദം 
• ലൗകീകം x അലൗകികം
• വിശ്വാസം x അവിശ്വാസം
• സമ്മതം x വിസമ്മതം
• ആവശ്യം x അനാവശ്യം 

കണ്ടെത്താം, പറയാം
• എന്തെല്ലാം ഒരുക്കങ്ങളാണ് താലികെട്ടിന് ഉണ്ടായിരുന്നത്? 
- വിവാഹം നടക്കുന്നതിനുള്ള പന്തൽ വളരെയധികം പണം ചെലവഴിച്ച്മ നോഹരമായി അലങ്കരിച്ചിരുന്നു. വാദ്യാഘോഷങ്ങളും ആഡംബരങ്ങളും ഒരുക്കിയിരുന്നു. താലികെട്ടൽ നടത്താനുള്ള പെൺകുട്ടിയെ അണിയിച്ചൊരുക്കിയിരുന്നു. വളരെ കേമമായ സദ്യ ഒരുക്കിയിരുന്നു. ഇവയെല്ലാമായിരുന്നു താലികെട്ടിന്റെ ഒരുക്കങ്ങൾ.

• സ്വാമി ഗൃഹസ്ഥനോട് ആവശ്യപ്പെട്ടതെന്താണ്? 
- കെട്ടുകല്യാണം ആവശ്യമില്ലാത്ത ആചാരമാണ്. ഗുരുവിന്റെ വാക്കുകളിൽ വിശ്വാസമുണ്ടെങ്കിൽ ചടങ്ങ് നടത്തരുതെന്നാണ് സ്വാമി ഗൃഹസ്ഥനോട് ആവശ്യപ്പെട്ടത്. 

• സ്വാമി ആജ്ഞാപിച്ചതെന്തായിരുന്നു? 
- ഈ കെട്ടുകല്യാണം താൻ മുടക്കിയിരിക്കുന്നു. സ്വജനങ്ങളിലാരും ഈ അനാവശ്യമായ അടിയന്തരം മേലാൽ നടത്തരുത്. ഇതാണ് തന്റെ ആഗ്രഹം. ഇതായിരുന്നു സ്വാമിയുടെ ആജ്ഞ.

സമാനപദങ്ങൾ കണ്ടെത്താം
• ഗൃഹപ്രവേശം പോലുള്ള ചടങ്ങുകൾക്ക് നല്ല സമയം നോക്കാറുണ്ട്.
• ആന വിരണ്ടപ്പോൾ പൂരം കാണാനെത്തിയ ആൾക്കൂട്ടം ചിതറിയോടി
• കുടുംബത്തിന്റെ നന്മ വീട്ടുകാരന്റെ മനോഭാവത്തെ ആശ്രയിച്ചിരിക്കും. 
ഈ വാക്യങ്ങളിൽ അടിവരയിട്ട പദങ്ങളുടെ അർഥം വരുന്ന വാക്കുകൾ പാഠഭാഗത്തുനിന്നു കണ്ടെത്തുക.
• നല്ല സമയം - ശുഭമുഹൂർത്തം 
• ആൾക്കൂട്ടം - പുരുഷാരം, ജനസംഘം 
• വീട്ടുകാരന്റെ - ഗൃഹസ്ഥന്റെ, കാരണവരുടെ 

വിശകലനം ചെയ്യുക
* ഗുരുദേവന്റെ പ്രവൃത്തിയിൽ നിങ്ങൾ കണ്ട പ്രത്യേകതകൾ എന്തെല്ലാം?  
• അനാചാരങ്ങളോടുള്ള എതിർപ്പ്
• ................................................
കെട്ടുകല്യാണം മുടക്കിക്കൊണ്ടുള്ള ഗുരുദേവന്റെ പ്രവൃത്തി പല പ്രത്യേകതകൾ നിറഞ്ഞതായിരുന്നു. അനാചാരങ്ങളോടുള്ള എതിർപ്പ്, ആഡംബരങ്ങളോടും ദുർച്ചെലവുകളോടുമുള്ള എതിർപ്, സമൂഹക്ഷേമത്തിനായുള്ള ആഗ്രഹം, അനാചാരങ്ങളെ എതിർക്കാനുള്ള ധൈര്യം, ജനക്കൂട്ടത്തിനു നടുവിൽ വച്ച് തന്നെ അത് അവസാനിപ്പിക്കാനുള്ള ധൈര്യം, കാര്യങ്ങൾ പറഞ്ഞു ബോധ്യപ്പെടുത്താൻ ഉള്ള കഴിവ്, ഗുരുവിന്റെ അമാനുഷികമായ വ്യക്തിപ്രഭാവം തുടങ്ങി നിരവധി പ്രത്യകതകൾ കണ്ടെത്താൻ കഴിയും. 

താരതമ്യം ചെയ്യാം
“എവിടെ യുക്തിതൻ നീരൊഴുക്കാചാര-
പ്പഴമതൻ മണൽക്കാട്ടിൽ ലയിപ്പീല.''
                  - (ഗീതാഞ്ജലി-ടാഗോർ) 
“ഇന്നലെചെയ്തതൊരബദ്ധം-മൂഢ-
ർക്കിന്നത്തെയാചാരമാവാം നാളത്തെ ശാസ്ത്രമതാവാം-അതിൽ 
മൂളായ്ക സമ്മതം രാജൻ!”
               - (ചണ്ഡാലഭിക്ഷുകി-കുമാരനാശാൻ) 
• ഈ വരികളിലെ ആശയം പാഠഭാഗത്തിലെ ആശയവുമായി എങ്ങനെ താരതമ്യം ചെയ്യാം? ചർച്ചചെയ്ത് കുറിപ്പ് തയാറാക്കുക.
പുഴയുടെ പ്രവാഹം മണൽക്കൂട്ടത്തിൽ ലയിച്ചുപോകാത്തതു പോലെ ആചാരപഴമയിൽ യുക്തിചിന്ത നശിച്ചു പോകില്ല എന്നാണ് ടാഗോർ പറയുന്നത്. ഏത് ആചാരത്തെയും യുക്തിപൂർവം പരിശോധിച്ച് ഉചിതമെങ്കിൽ മാത്രമേ ആചരിക്കേണ്ട ആവശ്യമുള്ളൂ എന്നാണ് ഈ വരികൾ നൽകുന്ന സന്ദേശം.
ഇന്നലെ നാം ചെയ്ത അബദ്ധങ്ങൾ പിന്നീട് എന്തെല്ലാമായി മാറുന്നു എന്നാണ് കുമാരനാശാൻ നമ്മെ ഓർമ്മിപ്പിക്കുന്നത്. നാം ഒരുകാലത്തു ചെയ്ത കാര്യങ്ങൾ മറ്റൊരു കാലത്ത് അബദ്ധമായി അനുഭവപ്പെടും. ഈ സത്യം തിരിച്ചറിയാൻ കഴിയാത്തവർ വിഡ്ഢികളെന്നാണ് കവി പറയുന്നത്. 
കഴിഞ്ഞ കാലത്ത് ചെയ്ത കാര്യങ്ങളുടെ യുക്തി എന്തെന്ന് ചിന്തിക്കാത്ത അത്തരക്കാർ അതിനെ തങ്ങളുടെ കാലത്തും അതേപടി അനുഷ്ഠിക്കുന്നു. പിന്നീടത് ശാസ്ത്രമെന്ന നിലയിൽ സ്ഥാപിച്ചെടുക്കാനും ശ്രമിക്കുന്നു. അതിന് നാം അനുവദിക്കരുത് എന്നാണ് ആശാൻ നമ്മോട് പറയുന്നത്. പാഠഭാഗത്തെ ആശയവുമായി ഈ കാവ്യശകലങ്ങളെ താരതമ്യപ്പെടുത്താം. ഗുരുവിന്റെ യുക്തിപൂർവ്വമായ ഇടപെടലിൽ ഒലിച്ചു പോയത് കെട്ടുകല്യാണം എന്ന ആചാരമാണ്. അല്ലെങ്കിൽ ഒരുപക്ഷെ അത് ഇന്നത്തെ ശാസ്ത്രമാകുമായിരുന്നു.

ഉപന്യാസം
• മഹാന്മാരുടെ ജീവിതത്തിൽനിന്നു നമുക്ക് പലതും ഉൾക്കൊള്ളാനുണ്ട്. സമൂഹ ത്തിന്റെ നന്മയ്ക്കു വേണ്ടി നിരവധി കാര്യങ്ങൾ ചെയ്തവരാണവർ. 
ഉദാഹരണത്തിന് അയ്യങ്കാളി, ചട്ടമ്പിസ്വാമികൾ, ചാവറയച്ചൻ, വൈകുണ്ഠസ്വാമികൾ, വക്കം മൗലവി തുടങ്ങി അനേകം മഹാന്മാർ. ഇവർ കേരളത്തിലെ സാമു ഹികപുരോഗതിക്ക് വിലപ്പെട്ട സംഭാവനകൾ നൽകിയവരാണ്.
പാഠഭാഗങ്ങളിൽനിന്നും മറ്റു കൃതികളിൽനിന്നും ഇങ്ങനെയുള്ള മഹാന്മാരെക്കു റിച്ച് വായിച്ചു മനസ്സിലാക്കിയ കാര്യങ്ങൾ ഉൾപ്പെടുത്തി ഉപന്യാസം തയാറാക്കു.
സാമൂഹ്യനവോത്ഥാനം കൈവരിക്കുന്നതിൽ നേതൃത്വപരമായ പങ്കുവഹിക്കുന്ന മഹദ് വ്യക്തികൾ ഓരോരോ കാലഘട്ടങ്ങളിലായി ഉണ്ടായിട്ടുണ്ട്. നമ്മുടെ കേരളവും അത്തരം മഹാന്മാരാൽ അനുഗൃഹീതമാണ്. അക്കൂട്ടത്തിൽ പ്രഥമസ്മരണീയരായ വ്യക്തിത്വങ്ങളാണ് ശ്രീനാരായണഗുരു, അയ്യങ്കാളി, ചട്ടമ്പിസ്വാമികൾ, ചാവറയച്ചൻ, വൈകുണ്ഠസ്വാമികൾ, വക്കം മൗലവി തുടങ്ങിയവർ.
കേരളത്തിലെ പിന്നാക്ക ജനവിഭാഗങ്ങളുടെ ഉന്നമനത്തിനുവേണ്ടി പ്രവർത്തിച്ച സാമൂഹിക പരിഷ്കർത്താക്കളിൽ പ്രമുഖനാണ് അയ്യങ്കാളി. പുലയസമുദായാംഗമായിരുന്ന അദ്ദേഹം സംഘാടനവും ശക്തിപ്രകടനവും വഴി സഞ്ചാരസ്വാതന്ത്ര്യം അനുവദിപ്പിച്ച് ശ്രദ്ധേയനായി. സാധുജന പരിപാലന യോഗം രൂപീകരിച്ചതോടെ ദലിതരുടെ അനിഷേധ്യനേതാവായി. ജാതിക്ക് അതീതമായി ചിന്തിക്കുക, വിദ്യാഭ്യാസത്തിലൂടെ സാമൂഹ്യസ്വാതന്ത്യത്തിലേക്ക് എത്തുക എന്നിവയായിരുന്നു അദ്ദേഹത്തിന്റെ പ്രധാന ആശയങ്ങൾ. 
ചട്ടമ്പിസ്വാമികൾ കേരളത്തിന്റെ സാമൂഹിക നവോത്ഥാനത്തിൽ നിർണായക പങ്കുവഹിച്ച ആത്മീയാചാര്യനാണ്. ഹിന്ദുമതത്തിലെ ബ്രാഹ്മണാധിപത്യത്തെ ചോദ്യം ചെയ്താണ് അദ്ദേഹം പൊതുരംഗത്തു ശ്രദ്ധേയനായത്. വർണാശ്രമവ്യവസ്ഥയുടെ നിഷേധം, സ്ത്രീപുരുഷ സമത്വവാദം, സാർവത്രിക വിദ്യാഭ്യാസത്തിനുള്ള ആഹ്വാനം എന്നിങ്ങനെ അതുവരെ കേരളീയസമൂഹം ചർച്ചചെയ്യാത്ത വിഷയങ്ങൾ ചട്ടമ്പിസ്വാമികൾ പൊതുവേദികളിൽ അവതരിപ്പിച്ചു. സാമൂഹികരാഷ്ട്രീയസാമ്പത്തിക കാര്യങ്ങളെക്കുറിച്ചു സാധാരണക്കാർക്ക് വേണ്ട വിജ്ഞാനം പകർന്നു നൽകാനും അവരുടെ അഭിപ്രായം രൂപപ്പെടുത്താനും സ്വാമികൾ തന്റെ കൃതികളും സുഹൃദ്ബന്ധങ്ങളും ഉപയോഗപ്പെടുത്തി. 
കുര്യാക്കോസ് ഏലിയാസ് ചാവറ അഥവാ ചാവറയച്ചൻ. സീറോ മലബാർ കത്തോലിക്കാസഭയിലെ സി.എം.ഐ. സന്ന്യാസി സഭയുടെ സ്ഥാപകരിൽ ഒരാളും ആദ്യത്തെ സുപ്പീരിയർ ജനറലുമായിരുന്നു. ക്രിസ്തീയപുരോഹിതൻ എന്ന നിലയിൽ മാത്രമല്ല സാമുദായ പരിഷ്കർത്താവ്, വിദ്യാഭ്യാസപ്രവർത്തകൻ, ജീവകാരുണ്യപ്രവർത്തകൻ എന്നീ നിലകളിലും ശ്രദ്ധനേടിയിട്ടുണ്ട്. എല്ലാ ഇടവകകളിലും വിദ്യാഭ്യാസസ്ഥാപനങ്ങൾ തുറക്കുന്നതിനും ജാതിമതഭേദമെന്യ എല്ലാവർക്കും വിദ്യാഭ്യാസം ലഭ്യമാക്കുന്നതിനും വേണ്ടി അദ്ദേഹം അക്ഷീണം പരിശ്രമിച്ചു. 2014 ൽ ഫ്രാൻസിസ് മാർപാപ്പ ചാവറയച്ചനെ വിശുദ്ധനായി പ്രഖ്യാപിച്ചു.
ദലിതരുടെ ഉന്നമനത്തിനു വേണ്ടി പ്രവർത്തിച്ചിരുന്ന കേരളത്തിലെ ആദ്യകാല സാമൂഹിക പരിഷ്കർത്താവാണ് വൈകുണ്ഠസ്വാമി. മുത്തുക്കുടി എന്നായിരുന്നു ആദ്യ പേര്. നാടാർ സമുദായത്തിന് ജാതീയമായി നേരിടേണ്ടി വന്ന അവഗണനകളോട് വൈകുണ്ഠസ്വാമി പ്രതികരിച്ചു. മനുഷ്യരെല്ലാം സമന്മാരാണെന്ന ബോധം സൃഷ്ടിക്കുന്നതിന് വേണ്ടി 'സമത്വസമാജം' എന്ന സംഘടന അദ്ദേഹം സ്ഥാപിച്ചു. ജാതീയമായ ഉച്ചനീചത്വങ്ങൾ ഇല്ലായ്മചെയ്യാൻ എല്ലാ ജാതിക്കാരെയും ഒരുമിച്ചിരുത്തി ഭക്ഷണം കഴിക്കുന്ന 'സമപന്തിഭോജനം' ആരംഭിച്ചത്, മേൽജാതിക്കാരുടെ മാത്രം അവകാശമായിരുന്ന തലപ്പാവ് താഴ്ന്ന ജാതിക്കാരോടും ധരിക്കാൻ ആഹ്വാനം ചെയ്തത് തുടങ്ങിയ പ്രവർത്തികളിലൂടെ ദലിതരുടെ ഉന്നമനത്തിനായുള്ള നീക്കങ്ങൾ അദ്ദേഹം നടത്തി.
കേരളത്തിലെ മുസ്ലിംകൾക്കിടയിലെ സാമൂഹികപരിഷ്കർത്താവും സ്വാതന്ത്ര്യസമര പോരാളിയും പത്രപ്രവർത്തകനും പ്രമുഖ പണ്ഡിതനുമായിരുന്നു വക്കം മൗലവി എന്ന വക്കം അബ്ദുൽഖാദർ മൗലവി. സ്വദേശാഭിമാനി എന്ന പ്രതിവാരപത്രം ആരംഭിച്ചത്. അദ്ദേഹമാണ്. അറബിമലയാളലിപിപരിഷ്കരണത്തിന് 'അൽ ഇസ്ലാം' മാസികവഴി അദ്ദേഹം വലിയ സേവനം നിർവഹിച്ചു. 'മുസ്ലിം', 'ദീപിക' എന്നീ മാസികകളും അദ്ദേഹം പ്രസിദ്ധപ്പെടുത്തി. തിരുവിതാംകൂർ മുസ്ലിം മഹാസഭ, ചിറയിൻകീഴ് താലൂക്ക് 'മുസ്ലിം സമാജം തുടങ്ങിയ സംഘങ്ങൾ മൗലവി സ്ഥാപിച്ചു. സ്വന്തം ജീവിതം കൊണ്ട് സമൂഹത്തിൽ വിപ്ലവകരമായ ചലനങ്ങൾക്ക് പ്രചോദനമേകിയ ഇത്തരം മഹാന്മാർ തന്നെയാണ് കേരളത്തെ നാം ഇന്ന് കാണുന്ന നിലയിൽ നവീകരിച്ചത് എന്ന് നമുക്ക് നിസ്സംശയം പറയാം.



ഈ ബ്ലോഗിലെ എല്ലാ പോസ്റ്റുകളും ഒരുമിച്ച് കാണാനും ആവശ്യമുള്ളവ എളുപ്പത്തിൽ തിരഞ്ഞെടുക്കാനും ഇവിടെ ക്ലിക്കുക.

PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here