STD 6 കേരളപാഠാവലി: വിക്ടോറിയാവെള്ളച്ചാട്ടം - പഠനപ്രവർത്തനങ്ങൾ - ചോദ്യോത്തരങ്ങൾ 


Questions and Answers for Class 6 Kerala Padavali - Activities - prakruthibhavangal - victoria vellachattam | Std 6 Malayalam കേരളപാഠാവലി: Unit 05 പ്രകൃതി ഭാവങ്ങൾ:
 വിക്ടോറിയാവെള്ളച്ചാട്ടം - ചോദ്യോത്തരങ്ങൾ | Teachers Handbook

എസ്.കെ. പൊറ്റെക്കാട്ട്
• മലയാള സാഹിത്യത്തിലെ അതുല്യ സഞ്ചാര സാഹിത്യകാരന്‍, അധ്യാപകന്‍, നോവലിസ്റ്റ്, ഗ്രന്ഥകാരന്‍, ഇന്ത്യന്‍ പാര്‍ലമെന്റ് അംഗം എന്നീ നിലകളില്‍ വ്യക്തിമുദ്രപതിപ്പിച്ച പ്രതിഭാധനനായിരുന്നു എസ് കെ പൊറ്റെക്കാട്ട് എന്ന ശങ്കരന്‍ കുട്ടി കുഞ്ഞിരാമന്‍ പൊറ്റെക്കാട്ട്. 1913 മാര്‍ച്ച് 14ന് കുഞ്ഞിരാമന്‍ പൊറ്റെക്കാടിന്റെ മകനായി കോഴിക്കോട് ജനനം. കോഴിക്കോട് ഗുജറാത്തി വിദ്യാലയത്തില്‍ 1937 മുതല്‍ 1939 വരെ അധ്യാപകനായി സേവനമനുഷ്ഠിച്ചു. അധ്യാപകനായി പ്രവര്‍ത്തിക്കുന്ന കാലഘട്ടത്തിലാണ് അദ്ദേഹത്തിന് യാത്രകളില്‍ താല്‍പര്യം ജനിക്കുന്നത്. 1939 ല്‍ ബോംബെയിലേക്കുള്ള യാത്രയില്‍ നിന്നാണ് പില്‍ക്കാലത്ത് ‘ലോകസഞ്ചാരങ്ങള്‍’ ആരംഭിക്കുന്നത്. ബോംബെയില്‍ കുറച്ചുകാലം ജോലിചെയ്തിരുന്ന സമയത്താണ് ഇന്ത്യയിലുടനീളം സഞ്ചരിക്കുവാന്‍ അദ്ദേഹം പരിശ്രമിച്ചത്. 1949 ല്‍ കപ്പല്‍ മാര്‍ഗം അദ്ദേഹം ആദ്യത്തെ വിദേശയാത്ര നടത്തി. യൂറോപ്പ്, ആഫ്രിക്ക, അമേരിക്ക, ദക്ഷിണേഷ്യ, പൂര്‍വേഷ്യ എന്നിവിടങ്ങളിലെ മിക്ക രാജ്യങ്ങളും നിരവധി തവണ അദ്ദേഹം സന്ദര്‍ശിക്കുകയും ഓരോ സ്ഥലത്തേയും സാധാരണ മനുഷ്യരുമായി ഇടപഴകുകയും ചെയ്തു. മലയാളത്തിന് ഏറെക്കുറെ നവീനമായ യാത്രാവിവരണ സാഹിത്യശാഖയ്ക്ക് എസ് കെ പൊറ്റെക്കാട്ടിന്റെ സംഭാവനകള്‍ വിലപ്പെട്ടതാണ്. യൂറോപ്പ്, ആഫ്രിക്ക, അമേരിക്ക, ദക്ഷിണേഷ്യ, പൂര്‍വ്വേഷ്യ എന്നിവിടങ്ങളിലെ മിക്ക രാജ്യങ്ങളിലും നിരവധി തവണ സഞ്ചരിക്കുകയും അവിടത്തെ സാമാന്യ ജനങ്ങളുമായി ഇടപെടുകയും ചെയ്തു. നേപ്പാള്‍ യാത്ര, കാപ്പിരികളുടെ നാട്ടില്‍, സിംഹഭൂമി, നൈല്‍ഡയറി, ലണ്ടന്‍ നോട്ട്ബുക്ക്, ഇന്തോനേഷ്യന്‍ ഡയറി, പാതിരാസൂര്യന്റെ നാട്ടില്‍, ബൊഹീമിയന്‍ ചിത്രങ്ങള്‍, ബാലിദ്വീപ് എന്നിവ ഈ യാത്രകളുടെ ഫലമായി മലയാള ഭാഷയ്ക്ക് എസ്.കെ.പൊറ്റെക്കാട്ടില്‍ നിന്നു ലഭിച്ച ഈടുറ്റ സഞ്ചാരകൃതികളാണ്. 1972ല്‍ കേരള സാഹിത്യ അക്കാദമി അവാര്‍ഡിനും 1977ല്‍ കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡിനും അര്‍ഹമായിട്ടുണ്ട്. 1980ല്‍ എസ്.കെ.പൊറ്റക്കാട്ട് ജ്ഞാനപീഠം അവാര്‍ഡ് ജേതാവുമായി. അദ്ദേഹത്തിന്റെ കൃതികള്‍ ഇതര ഇന്ത്യന്‍ ഭാഷകളിലേക്കും വിദേശ ഭാഷകളിലേക്കും തര്‍ജ്ജമ ചെയ്യപ്പെട്ടിട്ടുണ്ട്.1982 ഓഗസ്റ്റ് ആറിന് എസ്.കെ.പൊറ്റക്കാട്ട് അന്തരിച്ചു.

വിക്ടോറിയാവെള്ളച്ചാട്ടം
• തെക്കുകിഴക്കൻ സാംബിയയ്ക്കും വടക്കുപടിഞ്ഞാറൻ സിംബാബ്‌വെയ്ക്കുമിടയിലുള്ള സാംബെസി നദിയിലെ തെക്ക് മധ്യ ആഫ്രിക്കയിലെ വെള്ളച്ചാട്ടമാണ് വിക്ടോറിയ വെള്ളച്ചാട്ടം.1855 നവംബറിൽ ഡേവിഡ് ലിവിംഗ്സ്റ്റൺ എന്ന പര്യഗവേഷകന്‍ ഈ വെള്ളച്ചാട്ടത്തെകുറിച്ച് ആദ്യമായി ലോകത്തെ അറിയിച്ചു. വിക്ടോറിയ രാജ്ഞിയോടുള്ള ബഹുമാനസുചകമായി "വിക്ടോറിയ ഫാള്‍സ് '' എന്നു പേരിട്ടതും ലിവിംഗ്സ്റ്റണ്‍ ആയിരുന്നു. തദേശിയരായ കുലോലുകള്‍ക്ക് 'മോയ്സ്- ഒവ- ടുന്യ' ആണിത് 'ഇരമ്പിയാർക്കുന്ന നുര' എന്നര്‍ത്ഥം. സിബാംബെയുടെ സാംബിയുടെയും അതിര്‍ത്തിയില്‍ സാംബസി നദിയിലാണ് വിക്ടോറിയ വെള്ളച്ചാട്ടം. 108.3 മീറ്റർ ഉയരവും 1,703 മീറ്റർ വീതിയുമുണ്ട്. ഇരുരജ്യങ്ങളില്‍ നിന്നും വിക്ടോറിയയുടെ സൊന്ദര്യം നുകരാം.

ദൃശ്യം വർണിച്ചെഴുതു 
കശ്മീരിലെ മനോഹരമായ ദാൽ തടാകത്തിന്റെ ചിത്രമാണ് ഇവിടെ നൽകിയിരിക്കുന്നത്. കാശ്മീരിന്റെ കിരീടത്തിലെ ആഭരണം എന്നാണ് ഈ തടാകം അറിയപ്പെടുന്നത്. തെളിഞ്ഞ നീലാകാശത്തിനു താഴെ മഞ്ഞണിഞ്ഞു നിൽക്കുന്ന മലനിരകൾ. അവയ്ക്ക് താഴെ തടാകക്കരയിലായി ഹരിതഭംഗിയാർന്നു നിൽക്കുന്ന മരങ്ങൾ. തെളിഞ്ഞ വെള്ളത്തിൽ കുഞ്ഞോളങ്ങളുമായി ശാന്തരൂപിണിയായ തടാകം എന്നിവ നമുക്ക് കാണാം. തടാകക്കരയിലുള്ള പൂച്ചെടികൾ ഈ കാഴ്ചക്ക് സൗന്ദര്യം വർധിപ്പിക്കുന്നു. പ്രകൃതി നമുക്കായി ഒരുക്കിയിട്ടുള്ള ഈ മനോഹരമായ ദൃശ്യവിരുന്നിന് മാറ്റ് കൂട്ടുന്നതാണ് തടാകത്തിലെ ചന്തമേറിയ വർണ്ണങ്ങൾ നിറഞ്ഞ കൊച്ചു ബോട്ടുകളും. എല്ലാം കൊണ്ടും മനസ്സിനെ കുളിരണിയിക്കുന്ന മനോഹരമായ ഒരു ദൃശ്യമാണിത്.

വായിക്കാം പറയാം
1. തീവണ്ടിയാത്രയ്ക്കിടയിലെ അനുഭവം എന്തായിരുന്നു?
- നിലാവുള്ള രാത്രിയിൽ ഒരു തീവണ്ടി യാത്രയിൽ ആയിരുന്നു പൊറ്റെക്കാട്ട്.  തീവണ്ടി ലിവിങ്സ്റ്റൺ റെയിൽവേ സ്റ്റേഷൻ കഴിഞ്ഞതിനുശേഷം സാംബസി പാലത്തിന് അപ്പുറത്ത് എത്തിയപ്പോൾ ആണ് അദ്ദേഹം വിക്ടോറിയാ വെള്ളച്ചാട്ടത്തിൻ്റെ ഒരു ഭാഗം ആദ്യമായി കാണുന്നത്. അതിന് ഒരുപാട് മുമ്പുതന്നെ വെള്ളച്ചാട്ടത്തിന്റെ ആരവം അദ്ധേഹം കേട്ടിരുന്നു. നിലാവിൽ പാൽക്കുടം മറിക്കുന്നത് പോലെയാണ് ആ കാഴ്ച എന്ന് അദ്ദേഹം പിന്നീട് വിശേഷിപ്പിച്ചിരുന്നു, തീവണ്ടി അൽപം കൂടി മുന്നോട്ട് പോയപ്പോൾ പിന്നീട് ആ കാഴ്ച കാണാതെയായി എന്നും അദ്ദേഹം പറയുന്നു.

2. ജൂണ്‍-ജൂലൈ മാസങ്ങളിലാണ്‌ വിക്ടോറിയാവെള്ളച്ചാട്ടം സന്ദര്‍ശിക്കാന്‍ പറ്റിയ ഏറ്റവും നല്ല കാലം എന്നു പറയാന്‍ കാരണമെന്ത്‌?
- ജൂൺ - ജൂലൈ മാസങ്ങളിലാണ് വിക്ടോറിയവെള്ളച്ചാട്ടം സന്ദർശിക്കാൻ പറ്റിയ ഏറ്റവും നല്ല കാലമെന്ന് പൊറ്റക്കാട്ട് പറയുന്നു. ഇക്കാലയളവിൽ മഴ മാറി നദി നിറഞ്ഞ് ആകാശം നല്ല രീതിയിൽ തെളിഞ്ഞുനിൽക്കുന്ന കാലാവസ്ഥയാവും. ആയതിനാൽ തന്നെ ഈ സമയത്ത് വെള്ളച്ചാട്ടം സന്ദർശിക്കുക എന്നുള്ളത് ഏറ്റവും മനോഹരമായ ഒന്നാണ്. ഏപ്രിൽ-മെയ് മാസങ്ങളിൽ ആണ് ഏറ്റവും വലിയ രീതിയിൽ വെള്ളച്ചാട്ടം ഒഴുകുന്നുണ്ടാവുക പക്ഷേ ആ സമയത്ത് കാണാൻ വരുന്ന ആളുകൾക്ക് വെറും നീരാവി മാത്രം അല്ലാതെ ഒന്നും കാണാൻ പറ്റില്ല എന്നും പൊറ്റെക്കാട് പറയുന്നു.

3. ഡേവിഡ്‌ ലിവിങ്സ്റ്റന്റെ പ്രതിമയെ വർണിച്ചത്‌ എങ്ങനെ?
- ചെകുത്താൻ്റെ കുത്തിത്തിരുപ്പ് എന്ന വെള്ളച്ചാട്ടത്തിൻ്റെ എതിർഭാഗത്ത് ആയിട്ടുള്ള  കാട്ടുമരങ്ങൾക്കിടയിൽ ആണ് ഡേവിഡ് ലിവിങ്സ്റ്റൻ്റെ പ്രതിമ സ്ഥാപിച്ചിട്ടുള്ളത്. ലിവിങ്സ്റ്റൺ തലയിൽ മഞ്ഞു തൊപ്പിയും കയ്യിൽ ഊന്നുവടിയും ഏന്തി വെള്ളച്ചാട്ടത്തെ അത്ഭുതത്തോടെ നോക്കി നിൽക്കുന്നത് പോലെയാണ് ആ പ്രതിമയുടെ നിൽപ്പ്. 

4. “നദി ഉയർന്ന കുന്നിൽ നിന്നോ പാഠറക്കെട്ടിൽ നിന്നോ പെട്ടെന്നു കീഴ്പ്പോട്ടു ചാടുകയല്ല ചെയുന്നത്‌, സമതലത്തിലൂടെ പ്രവഹിച്ചുകൊണ്ടിരിക്കെ ഗംഭീരമായൊരു പാറപ്പിളർപ്പിലേക്കു വഴുതിവീഴുകയാണുണ്ടായത്‌''. ഇതുപോലെ സഞ്ചാരി വിവരിക്കുന്ന മറ്റുകാഴ്ചകൾ കണ്ടെത്തി പറയൂ.
• നിലാവുള്ള രാത്രിയിൽ ഞാൻ സഞ്ചരിച്ചിരുന്ന തീവണ്ടി ലിവിങ്സ്റ്റൺ റെയിൽവേ സ്റ്റേഷനപ്പുറമുള്ള സാംബസി പാലം കടക്കുമ്പോഴാണ്  വിക്ടോറിയാ വെള്ളച്ചാട്ടത്തിൻ്റെ ഒരു ഭാഗം ആദ്യമായി കാണുന്നത്. അതിന് ഒരുപാട് മുമ്പുതന്നെ വെള്ളച്ചാട്ടത്തിന്റെ ആരവം കേട്ടിരുന്നു. തീവണ്ടി പാലം കയറിയപ്പോൾ പടിഞ്ഞാറുഭാഗത്ത് അര ഫർലോങ് അകലെയായി, നിലാവിൽ പാൽക്കുടം മറിക്കുമ്പോഴുള്ള ഒരു കാഴ്ച.
• താഴത്തെ പാതാളപ്പിളർപ്പിലേക്കു പതിക്കുന്ന ജലത്തിന്റെ സമ്മർദത്തിൽ നിന്നു തള്ളിയുയരുന്ന നീർക്കണങ്ങളുടെ നിരന്തരപടലങ്ങൾ ആകാശത്തിൽ ഉയർന്ന് വീണ്ടും മഴപോലെ മറുഭാഗത്തെ ഈ കാടുകളിൽ ചിതറിവീണുകൊണ്ടേയിരിക്കുന്നു...
• വെള്ളച്ചാട്ടത്തിനു നിദാനമായ പിളർപ്പിൻ്റെ വക്കിൽ കിടക്കുന്ന തുരുത്തുകൾ അനർഗളമായി വരുന്ന ജലപ്രവാഹത്തെ നാലായി മുറിക്കുകയും, അങ്ങനെ വിശാലമായ ഒരു വെള്ളച്ചാട്ടത്തിനു പകരം നാലു വെള്ളച്ചാട്ടങ്ങൾ ഉണ്ടായിത്തീരുകയും ചെയ്യുന്നു.
• നാലു വെള്ളച്ചാട്ടങ്ങളിൽ നിന്നുള്ള മുഴുവൻ വെള്ളവും തിളച്ചുമറിഞ്ഞു നുരച്ചിരമ്പികൊണ്ട് താഴെ വിശാലമായ ഒരു കൊട്ട തളത്തിൽ വന്നുചേരുന്നു. 
• വീഴ്ച പറ്റിയ സാംബസി നദി തലചുറ്റലോടെ വായിൽ നുര പിണ്ഡവുമായി കിടന്ന് മുരളുന്നു. എങ്ങോട്ടു നീങ്ങണം എന്നറിയാതെ വിരളുന്നു. ഒടുവിലൊരു നാഗത്തെ പോലെ മുമ്പിൽ കണ്ട അളയിലേക്ക് ഇഴഞ്ഞു പോവുകയും ചെയ്യുന്നു.

വർണനയുടെ ഭംഗി
5. “വീഴ്ചപറ്റിയ സാംബസി നദി തലചുറ്റലോടെ വായിൽ നുരപ്പിണ്ഡവുമായി കിടന്നു മുരളുന്നു; എങ്ങോട്ടു നീങ്ങണമെന്നറിയാതെ വിരളുന്നു. ഒടുവിൽ മെല്ലെ ഒരു നാഗത്തെപ്പോലെ മുമ്പിൽക്കണ്ട അളയിലേക്ക്‌ ഇഴഞ്ഞുപോവുകയുംചെയ്യുന്നു.”- ഈ വർണനയുടെ സവിശേഷത ചർച്ച ചെയ്യൂ.
- വിക്ടോറിയ വെള്ളച്ചാട്ടം നേരിൽ കണ്ട അനുഭവം വായനക്കാരുടെ മനസ്സിലേക്ക് പകർന്നു നൽകുകയാണ് എസ് കെ പൊറ്റക്കാട് ഇവിടെ. ഇത്രയും അഗാധമായ ഒരു വീഴ്ചയിൽ നിന്ന് താഴോട്ട് വീണു വായിൽ നിന്ന് നുരയും പതയും ആയി കിടക്കുന്ന ഒരു പാമ്പിനോട് ആണ് സാംബസി നദിയെ എസ് കെ പൊറ്റക്കാട് ഉപമിച്ചിരിക്കുന്നത്. എങ്ങനെയാണ് വിക്ടോറിയവെള്ളച്ചാട്ടം അതിൻ്റെ ജലപാതങ്ങളിലൂടെ കടന്നു പോകുന്നതെന്നും സാംബസി നദി എങ്ങനെയാണ് അഗാധമായ താഴ്ചയിലേക്ക് വീഴുന്നത് എന്ന് കാവ്യാത്മകമായി വരച്ചു കാണിക്കുകയാണ് എസ് കെ പൊറ്റക്കാട്. കാഴ്ചയുടെ മാസ്മരികത വായനക്കാരിൽ എത്തിക്കാൻ എസ് കെ പൊറ്റക്കാട് യാത്ര അനുഭവത്തിന് ആയിട്ടുണ്ട്. മുകളിൽ നിന്ന് താഴോട്ട് വീഴുന്ന സാംബസി നദി നുരയും പതയും ആയി തലചുറ്റി കിടക്കുന്ന പാമ്പിനെ പോലെ പാറകൾക്ക് ഉള്ളിലേക്ക് ഒരു പാമ്പ് തൻറെ മാളത്തിലേക്ക് പോകുന്നതുപോലെ ചലിക്കുന്നു എന്ന് നമുക്ക് വരച്ചുകാണിക്കുന്നു അദ്ദേഹം.

6. ചിത്രത്തിലെ ദൃശ്യം വിവരിച്ചു കൊണ്ട്‌ നിങ്ങൾ നേരത്തേ എഴുതിയ വർണന സൂചകങ്ങൾ ഉപയോഗിച്ച്‌ വിലയിരുത്തുക.
വർണനകൾ വിലയിരുത്താൻ എന്തെല്ലാം സൂചകങ്ങൾ ഉപയോഗിക്കാം?
സൂചകങ്ങൾ
• യോജിച്ച പദപ്രയോഗം
• വിശദാംശങ്ങൾ ഉൾക്കൊള്ളിക്കണം
• പരിചിതമായ വസ്തുക്കളുമായി താരതമ്യം
• വായനക്കാരുടെ മനസ്സിൽ ഒരു ചിത്രം രൂപപ്പെടണം
സൂചകങ്ങൾ വിലയിരുത്തി മെച്ചപ്പെടുത്തി എഴുതൂ.
ഭൂമിയിലെ സ്വർഗം എന്നറിയപ്പെടുന്ന കശ്മീരിലെ മനോഹരമായ ദാൽ തടാകത്തിന്റെ ചിത്രമാണ് ഇവിടെ നൽകിയിരിക്കുന്നത്. കാശ്മീരിന്റെ കിരീടത്തിലെ ആഭരണം എന്നാണ് ഈ തടാകം അറിയപ്പെടുന്നത്. തെളിഞ്ഞു നിൽക്കുന്ന നീലാകാശത്തിനു താഴെ മഞ്ഞിന്റെ പുതപ്പണിഞ്ഞു ഒരു കൊമ്പനാനയുടെ തലയെടുപ്പോടെ ഉയർന്നു നിൽക്കുന്ന മലനിരകൾ. അവയ്ക്ക് താഴെ തടാകക്കരയിലായി പച്ചയണിഞ്ഞുനിൽക്കുന്ന മരങ്ങളുടെ നീണ്ട നിര. തെളിഞ്ഞ വെള്ളത്തിൽ കുഞ്ഞോളങ്ങളുമായി ശാന്തരൂപിണിയായ തടാകം ഒരു കണ്ണാടി പോലെ ചുറ്റുമുള്ള പ്രകൃതിയുടെ സൗന്ദര്യം തന്നിൽ പ്രതിഫലിപ്പിക്കുന്നു. തടാകക്കരയിലുള്ള പൂക്കളും ചെടികളും ഒരു പച്ചപരവതാനി വിരിച്ച പോലെ തോന്നിക്കുന്നു. തടാകത്തിൽ കുഞ്ഞോളങ്ങൾ തീർത്തുകൊണ്ടു നീങ്ങുന്ന പലവർണ്ണങ്ങളിലുള്ള തോണികൾ. എല്ലാം കൊണ്ടും മനസ്സിനെ കുളിരണിയിക്കുന്ന മനോഹരമായ ഒരു ദൃശ്യമാണിത്.

7. എഴുത്തുകാരന്റെ മനസിലൂടെ
“ഈ നിരന്തരമായ "തിരുവാതിര ഞാറ്റുവേല''യിലെ ജലധാരയിൽ മരങ്ങളും വള്ളികളും സദാ തഴച്ചും പച്ചച്ചും പുഷ്പിച്ചും കാണപ്പെടുന്നു.
“ഇതു കണ്ടപ്പോൾ എനിക്ക് ഓർമ്മവന്നത് പമ്പാസരസ്സിനടുത്തു കാട്ടിൽ കണ്ട "ശ്രീരാമപാദ''മാണ്.
ആഫ്രിക്കൻ അനുഭവം പങ്കുവയ്ക്കുമ്പോൾ എസ്.കെ യെ ഇത്തരം ഓർമ്മകളിലൂടെ സഞ്ചരിക്കാൻ പ്രേരിപ്പിച്ച മനോഭാവം എന്തായിരിക്കാം? ചർച്ചചെയ്ത് കുറിപ്പ് തയാറാക്കാം.
മുമ്പ് കണ്ടതും അനുഭവിച്ചതുമായ അനുഭവങ്ങൾ നമ്മുടെ മനസ്സിൽ ചില ചിത്രങ്ങൾ രൂപീകരിക്കും. വായിക്കുമ്പോൾ വായനക്കാരുടെ മനസ്സിലും നാം കണ്ട അനുഭവങ്ങൾ തന്നെ ചില സമയങ്ങളിൽ തെളിഞ്ഞുവരുന്നു. നമുക്ക് പരിചയമില്ലാത്ത കാഴ്ചകൾ മുന്നിൽ കാണുമ്പോൾ പരിചയമുള്ള കാഴ്ചകളുമായി താരതമ്യപ്പെടുത്തുകയാണ് എസ് കെ പൊറ്റക്കാടിൻ്റെ ശൈലി. നാം കാണുന്ന സ്ഥലങ്ങളും അനുഭവിക്കുന്ന അനുഭവങ്ങളും നമുക്ക് മുന്നേ പരിചയമുള്ള അനുഭവങ്ങളുമായി സാമ്യപ്പെടുത്തുമ്പോൾ കുറച്ചുകൂടി വ്യക്തമായ ചിത്രം ലഭിക്കുന്നു. തന്റെ യാത്രാനുഭവങ്ങൾ വേഗത്തിൽ  വായനക്കാരന്റെ മനസ്സിൽ പതിയാൻ എസ് കെ പൊറ്റക്കാടിൻ്റെ ഈ ശൈലി സഹായിക്കുന്നു. 

8. "ഞാൻ വെളളച്ചാട്ടമായപ്പോൾ''
ഈ സാംബസി നദിയിലാണല്ലോ വിക്ടോറിയാ വെള്ളച്ചാട്ടമുള്ളത്. വിക്ടോറിയാവെള്ളച്ചാട്ടത്തിന്റെ കഥ നദിയുടെ ആത്മഗതമെന്ന മട്ടിൽ എഴുതി അവതരിപ്പിക്കു.
സാംബസി നദിയായ ഞാൻ പാറയിടുക്കിലൂടെ ഒഴുകി ഒഴുകി വിക്ടോറിയ വെള്ളച്ചാട്ടമായി താഴോട്ട് പതിച്ച് തുരുത്തുകളിലൂടെ സഞ്ചരിച്ച് ഇന്ത്യൻ മഹാസമുദ്രത്തിലേക്ക് ചേരുന്നു. നൂറ്റാണ്ടുകളോളം കാലമായി ഞാൻ യാത്ര തുടങ്ങിയിട്ട്. മനോഹരമായ പ്രകൃതി ഭംഗികൾക്കുള്ളിലൂടെ ഇക്കാലമത്രയും ഒഴുക്കുവറ്റാതെ ഞാൻ ഒഴുകി കൊണ്ടിരുന്നു. കാടും മലകളും കുന്നുകളും താണ്ടി ലോകത്തിലെ അത്ഭുതമായി ഞാൻ അറിയപ്പെടുന്നു. എത്രയെത്ര മനുഷ്യരാണ് എൻറെ മനോഹാരിത കാണാൻ വേണ്ടി എല്ലാ ദിവസവും വന്നു ചേരാൻ ഉള്ളതെന്ന് ഞാൻ അത്ഭുതപ്പെട്ടിട്ടുണ്ട്. മൃഗങ്ങളും പക്ഷികളും അങ്ങനെ ഒരുപാട് ഒരുപാട്പേരുടെ ജീവിതം എന്നെ ചുറ്റിപ്പറ്റിയിട്ടാണ്.



ഈ ബ്ലോഗിലെ എല്ലാ പോസ്റ്റുകളും ഒരുമിച്ച് കാണാനും ആവശ്യമുള്ളവ എളുപ്പത്തിൽ തിരഞ്ഞെടുക്കാനും ഇവിടെ ക്ലിക്കുക.

PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here