Class 9 അടിസ്ഥാനപാഠാവലി - അദ്ധ്യായം 02 സഫലമീയാത്ര - ചോദ്യോത്തരങ്ങൾ   


Textbooks Solution for Class 9th Malayalam | Text Books Solution Malayalam കേരളപാഠാവലി: അദ്ധ്യായം 03 ഒരു കുടന്ന വെളിച്ചമായ്: 
സഫലമീയാത്ര 

SCERT Solutions for Std IX Malayalam Chapterwise
കേരളപാഠാവലി: അദ്ധ്യായം 03 ഒരു കുടന്ന വെളിച്ചമായ്: സഫലമീയാത്ര 

Class 9 Malayalam BT Questions and Answers
അടിസ്ഥാന പാഠാവലി: ഒരു കുടന്ന വെളിച്ചമായ്: സഫലമീയാത്ര 
1. “നീയെന്നണിയത്തുതന്നെ നിൽക്കൂ". എന്ന് കവി ഭാര്യയോട് പറയാനുള്ള കാരണമെന്ത്? 
- മരണം ഏതു നിമിഷവും ജീവിതത്തിലേക്ക് കടന്നുവരാം.താങ്ങാനാളില്ലെങ്കിൽ ഒരുപക്ഷേ ഒരു ചുമയ്ക്ക് അടിപതറി വീണേക്കാം.

2. കവിയുടെ ഓർമ്മകൾ പഴകിയതാണ് എന്ന് വ്യക്തമാക്കുന്നത് എങ്ങനെ?
- 'നേരിയ നിലാവ്', 'അനന്തതയിൽ അലിയുന്ന ഇരുൾ നീലിമ' എന്നീ പ്രയോഗങ്ങൾ കവിയുടെ ഓർമ്മകൾ പഴകിയതാണ് എന്ന് വ്യക്തമാക്കുന്നു.

3. "നേരിയ നിലാവിന്റെ പിന്നിലെയനന്തതയി 
ലലിയുമിരുൾ നീലിമയിൽ
എന്നോ പഴകിയൊരോർമ്മകൾ മാതിരി,
നിന്നു വിറയ്ക്കുമീ ഏകാന്തതാരകളേ''.
വിറയ്ക്കുന്ന ഏകാന്ത താരകളെ പഴകിയ ഓർമ്മകൾ മാതിരിയാണെന്നു സങ്കല്പിക്കുന്നതിലെ ഔചിത്യം എന്ത്?
• നേരിയ നിലാവിന്റെ പിന്നിലെ അനന്തതയിൽ അലിയുന്ന ഇരുൾ നീലിമയിലാണ് ഏകാന്തതാരകൾ നിന്നുവിറയ്ക്കുന്നത്. കവിയുടെ ഓർമ്മകൾ നേരിയ നിലാവിന്റെ പിന്നിലെ ഏകാന്തതാരകൾ പോലെ അവ്യക്തമാണെങ്കിലും ദീപ്തമാണ്. കവിയുടെ ശാരീരികാവസ്ഥയെയും മാനസികാവസ്ഥയെയും വിറയ്ക്കുന്ന ഏകാന്തതാരകൾ ഓർമ്മിപ്പിക്കുന്നു. അവ്യക്തവും വിറയ്ക്കുന്നതാണെങ്കിലും താരകങ്ങളെ കാണാനുള്ള കവിയുടെ ആഗ്രഹം പ്രത്യാശയെയും തളരാത്ത മനസ്സിനെയും വ്യക്തമാക്കുന്നതാണ്.
• ആകാശത്തു കവി കാണുന്ന നേരിയ നിലാവ് സ്നേഹാർദ്രമായ ജീവിതത്തിന്റെയും അതിനു പിന്നിലുള്ള അനന്തതയും അതിലലിയുന്ന ഇരുൾ നീലിമയും മരണത്തിന്റെയും സൂചനകളാവാം. അവശതമുറ്റിയ ശരീരത്തിൽ സാവകാശം സംഭവിക്കുന്ന മരണത്തെയും ഇത് സൂചിപ്പിക്കുന്നു. മരണത്തിന്റെ നിഗൂഢത ഇരുൾ നീലിമയിൽ കാണാം. മരണശേഷം ആത്മാക്കൾ ആകാശത്തിൽ നക്ഷത്രങ്ങളായി ഉദിക്കും എന്നത് ഇതിനോട് ചേർത്തു വായിക്കാം. മരണത്തെ അഭിമുഖീകരിക്കുന്ന അവശമായ കവിയുടെ മാനസികഭാവം ഈ വരികളിലാകെ നിറഞ്ഞുനിൽക്കുന്നു.

4. കവി പങ്കുവെയ്ക്കുന്ന ഓർമ്മകളുടെ സവിശേഷതകൾ എന്തെല്ലാം?
- പല ഭാവങ്ങളിൽ രൂപങ്ങളിൽ പുലരേണ്ടി വന്നതും നൊന്തും നോവിച്ചും നീണ്ട ജീവിതയാത്രയും അസുഖകരമായ ജീവിതാനുഭവങ്ങളെ ജീവിതത്തിന്റെ സമാധാനത്തിനായി അവഗണിച്ചും കിന്നാരവും കണ്ണീരും സ്നേഹവും കലഹവും നഷ്ടപ്പെടലും മറ്റുള്ളവരിൽ നിന്നും നേരിട്ട അവഗണനകളും അപ്രതീക്ഷിതമായ അത്യാഹിതങ്ങളും കൂടിച്ചേർന്നതാണ് കവിയുടെ ഓർമ്മകൾ.

5. 'ഇരവിൻ വ്രണങ്ങൾ' എന്നതുകൊണ്ട് സൂചിപ്പിക്കുന്നത് എന്ത്?
- ശാരീരികമായി രോഗാവസ്ഥയിലാണെങ്കിലും പ്രതീക്ഷാനിർഭരമായ മനസ്സ്
കവിയ്ക്കുണ്ട്. പക്ഷേ ശാരീരികാവസ്ഥകൾ അദ്ദേഹത്തെ തളർത്തുന്നു. രോഗം ശരീരത്തിലും മനസ്സിലും ഏൽപ്പിക്കുന്ന വ്രണങ്ങളാൽ പീഡിതനാണ് കവി. ഇരുട്ട്, ഏകാന്തത, ഉറക്കം എന്നിവ മരണത്തെ സൂചിപ്പിക്കുന്നു. ശരീരികാസ്വസ്ഥതകൾ രാത്രികാലങ്ങളിൽ വർദ്ധിക്കുന്നു. രാത്രിയിൽ ക്ഷണിക്കാതെ വരുന്ന ഓർമ്മകളും ചിന്തകളും കവിയെ വേദനിപ്പിക്കുന്നു. മരണത്തെ ഓർമ്മിപ്പിക്കുന്ന രാത്രിയിലെ കനത്ത ഏകാന്തത കവിയെ തളർത്തുന്നു. രാത്രി നൽകുന്ന വേദനാനുഭവങ്ങളാണ് ഇരവിൻ വ്രണങ്ങൾ എന്ന പ്രയോഗം കാവ്യസന്ദർഭത്തിന് നൽകുന്നത്.

6. 'ബധിരമാം ബോധം' എന്ന പ്രയോഗത്തിന്റെ ഔചിത്യം പരിശോധിക്കുക.
- ബധിരത ബാധിക്കുന്നത് കാതിനെയാണ്. ഇവിടെ ബധിരത ബാധിച്ചിരിക്കുന്നത്
ബോധത്തെയാണ്. പ്രായാധിക്യവും ശാരീരികാസ്വസ്ഥതയും കൂടുമ്പോൾ ബോധത്തിന് നാശം സംഭവിക്കുന്നു. അത് പുറമെനിന്നുള്ള ഒന്നിനെയും സ്വികരിക്കാൻ കഴിയാത്ത
അവസ്ഥയിലേക്ക് മനസ്സിനെ എത്തിക്കുന്നു. 'ബധിരതാബോധം' എന്ന പ്രയോഗം കവിയുടെ നഷ്ടമാവുന്ന ഓർമ്മകളെയും രോഗാവസ്ഥ കാർന്നുതിന്നുന്ന മാനസികാവസ്ഥയെയും സൂചിപ്പിക്കുന്നു.

7. "എത്ര കൊഴുത്ത ചവർപ്പു കുടിച്ചുവറ്റിച്ചു നാം 
ഇത്തിരി ശാന്തിതൻ ശർക്കര നുണയുവാൻ?"
ജീവിതത്തിലെ കൊഴുത്ത ചവർപ്പ് എന്തായിരിക്കാം?. ആശയം വിശദീകരിക്കുക.
- ജീവിതത്തിൽ അനുഭവിക്കേണ്ടിവന്ന ദുഃഖങ്ങളാണ് കൊഴുത്ത ചവർപ്പ്. 'കൊഴുത്ത' എന്ന പ്രയോഗം ദു:ഖത്തിന്റെ കാഠിന്യത്തെയും തീവ്രതയെയും സൂചിപ്പിക്കുന്നു. ശാന്തിയുടെ ശർക്കര നുണയുവാൻ ദു:ഖമാകുന്ന കൊഴുത്തചവർപ്പ് കുടിച്ചുവറ്റിക്കേണ്ടതുണ്ട്. ജീവിതദുഃഖങ്ങളെ കൊഴുത്ത ചവർപ്പായും ശാന്തിയെ ശർക്കരയായും കവി മനസ്സ് സ്വീകരിക്കുന്നു. ദു:ഖങ്ങൾ ചവർപ്പേറിയതും സമാധാനം ശർക്കര പോലെ മധുരിക്കുന്നതുമാണ്. ജീവിതത്തിലെ വേദനിപ്പിക്കുന്ന അനുഭവങ്ങളെ സമാധാനത്തിനായി അവഗണിക്കുന്നു.

8. "മിഴിനീർ ചവർപ്പു പെടാതീ മധുപാത്ര
മടിയോളം മോന്തുക''.
ഈ വരികളിലെ ആശയം വിശദമാക്കുക.
- രോഗഗ്രസ്തമായ ശരീരവുമായി ജീവിതവഴി പാതിയിലധികം പിന്നിട്ടു എന്ന ബോധം കാത്തുസൂക്ഷിച്ചു കൊണ്ട് ആതിരയെ എതിരേൽക്കാൻ നിൽക്കുന്ന കവി ശേഷിക്കുന്ന ദിനങ്ങളിൽ മിഴിനീർ ചവർപ്പ് പെടാതെ ജീവിതമാകുന്ന മധുപാത്രം അടിയോളം മോന്തുവാൻ ഭാര്യയെ ഉപദേശിക്കുന്നു. എല്ലാ വേദനകളും മറന്ന് അവശേഷിക്കുന്ന ജീവിതനിമിഷങ്ങൾ ആവോളം ആസ്വദിക്കാനാണ് കവി ആവശ്യപ്പെടുന്നത്.

9. ''നാം അന്യോന്യം ഊന്നുവടികളായി നിൽക്കാം".
'ഊന്നുവടികൾ' എന്ന പ്രയോഗം നൽകുന്ന സൂചിപ്പിക്കുന്നത് എന്ത്?
- ദീർഘമായ ദാമ്പത്യജീവിതത്തിൽ പരസ്പരം താങ്ങും തണലുമായിരുന്ന ദമ്പതിമാർ തന്നെയാണ് ഊന്നുവടികൾ. ഒരാളില്ലാതെ മറ്റേയാൾക്ക് പുലരാനാവില്ല എന്നവിധം പരസ്പരം അഗാധമായി സ്നേഹിച്ച് അവർ ജീവിച്ചു. ദാമ്പത്യജീവിതത്തിന്റെ ദൃഢതയും പരസ്പരാശ്രിതത്വവും കരുതലും ഈ പ്രയോഗം ഉൾക്കൊള്ളുന്നുണ്ട്.
ജീവിതാന്ത്യത്തിലും ജീവിതത്തെ ആസ്വദിക്കാനാണ് അവർ പരസ്പരം ഊന്നുവടികളായി വർത്തിക്കുന്നത്.

10. ജീവിതപ്രതിസന്ധികളെ പ്രത്യാശയോടെ നേരിടുന്ന കവിയെയാണ് സഫലമീയാത്ര എന്ന കവിതയിൽ കാണാൻ കഴിയുന്നത്. വിലയിരുത്തുക.
- രോഗാവസ്ഥയിലും ആതിരയെ കൈകോർത്ത് എതിരേൽക്കാൻ കവി
ഉത്സാഹിക്കുന്നു. ശേഷിക്കുന്ന ദിവസങ്ങളിൽ മിഴിയിണ തുളുമ്പാതെ ജീവിതത്തിൽ ചന്തം നിറയ്ക്കുവാൻ കവി ഭാര്യയെ ഉപദേശിക്കുന്നു. മിഴിനീർ ചവർപ്പ് പെടാതെ ജീവിതമധുപാത്രം മോന്തുവാൻ നിർദ്ദേശിക്കുന്നു. ശാന്തിയുടെ ശർക്കര നുണയുവാൻ ദുഃഖമാകുന്ന കൊഴുത്ത ചവർപ്പ് കുടിക്കേണ്ടതുണ്ടെന്ന ബോധ്യം കവിക്കുണ്ട്.
കാലമുരുളുമ്പോൾ നമ്മുടെ അവസ്ഥയെന്തെന്ന് പ്രവചിക്കാനറിയാത്ത സാഹചര്യത്തിൽ 'ഇന്നിനെ' സന്തോഷത്തോടെ നേരിടുവാനുള്ള ആഹ്വാനം കവിതയിൽ കാണാം. വേദനകൾ നിറഞ്ഞതാണെങ്കിലും തന്റെ ജീവിതത്തെ സഫലമായിക്കാണുന്ന കവിയെയാണ് കവിതയിലെങ്ങും കാണാൻ കഴിയുന്നത്.

ഈ ബ്ലോഗിലെ എല്ലാ പോസ്റ്റുകളും ഒരുമിച്ച് കാണാനും ആവശ്യമുള്ളവ എളുപ്പത്തിൽ തിരഞ്ഞെടുക്കാനും ഇവിടെ ക്ലിക്കുക.

PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here