STD 6 അടിസ്ഥാനപാഠാവലി: ബാലലീല, പഠനപ്രവർത്തനങ്ങൾ - ചോദ്യോത്തരങ്ങൾ   


Questions and Answers for Class 6 Malayalam - Adisthana Padavali Unit 03 swathanthryam thanne jeevitham - Balaleela | Std 6 അടിസ്ഥാനപാഠാവലി: സ്വാതന്ത്ര്യം തന്നെ ജീവിതം: ബാലലീല - ആശയം - ചോദ്യോത്തരങ്ങൾ | Teachers Handbook
ബാലാമണിയമ്മ 
• ചിറ്റഞ്ഞൂർ കോവിലകത്ത് കുഞ്ചുണ്ണിരാജയുടെയും നാലപ്പാട്ട് കൊച്ചുകുട്ടിയമ്മയുടെയും മകളായി തൃശൂർ ജില്ലയിലെ ‍നാലപ്പാട്ട് തറവാട്ടിൽ ബാലാമണിയമ്മ ജനിച്ചു. കവിയായ നാലപ്പാട്ട് നാരായണമേനോൻ അമ്മാവനായിരുന്നു. അമ്മാവന്റെ ഗ്രന്ഥശേഖരവും ശിക്ഷണവും ഔപചാരികവിദ്യാഭ്യാസം ലഭിക്കാതിരുന്ന ബാലാമണിക്ക് മാർഗ്ഗദർശകമായി. 1928-ൽ മാതൃഭൂമി മാനേജിങ് ഡയറക്ടറും മാനേജിങ് എഡിറ്ററുമായിരുന്ന വി.എം. നായരെ വിവാഹം ചെയ്തു. 1977-ലാണ് അദ്ദേഹം അന്തരിക്കുന്നത്. മലയാളത്തിലെയും ഇംഗ്ലീഷിലെയും പ്രശസ്ത സാഹിത്യകാരിയായിരുന്ന കമലാ സുരയ്യ എന്ന മാധവിക്കുട്ടി ബാലാമണിയമ്മയുടെ മകളാണ്. ഡോ. മോഹൻദാസ്, ഡോ. ശ്യാം സുന്ദർ, സുലോചന നാലപ്പാട് എന്നിവരാണ് മറ്റു മക്കൾ. ചെറുപ്പം മുതലേ കവിതയെഴുതിയിരുന്ന ബാലാമണിയമ്മയുടെ ആദ്യ കവിതയായ 'കൂപ്പുകൈ'ഇറങ്ങുന്നത് 1930-ലാണ്. കൊച്ചി മഹാരാജാവായിരുന്ന പരീക്ഷിത്തു തമ്പുരാനിൽനിന്ന് 1947-ൽ ‘സാ‍ഹിത്യനിപുണ‘ബഹുമതി നേടി. പിന്നീട് നിരവധി പുരസ്കാരങ്ങളും ബഹുമതികളും അവരെ തേടിയെത്തി. ലളിതവും പ്രസന്നവുമായ ശൈലിയിൽ മനുഷ്യമനസ്സിന്റെ അഗാധതയെ പ്രതിഫലിപ്പിക്കുന്നതാണ് ബാലാമണിയമ്മയുടെ കവിതകൾ. മാതൃത്വവും നിഷ്കളങ്കമായ ശൈശവഭാവവും അവയിൽ മുന്നിട്ടുനിന്നു. ബാലാമണിഅമ്മയുടെ ഭാവഗീതങ്ങളിലെ മുഖ്യമായ ഭാവധാര മാതൃവാത്സല്യമാണ് .
അഞ്ചുവർഷത്തോളം അൽഷിമേഴ്സ് രോഗത്തിനൊടുവിലാണ് ബാലാമണിയമ്മ മരിക്കുന്നത്. 2004 സെപ്റ്റംബർ 29-നായിരുന്നു മരണം.

• ''സ്വാതന്ത്ര്യം എന്റെ ജന്മാവകാശമാണ് ''ബാലഗംഗാധരതിലകിന്റെ ഈ വാക്യങ്ങളുടെ പ്രസക്തി എന്താണ്? ചർച്ചചെയ്യു
- സ്വാതന്ത്ര്യത്തിന്റെ പ്രാധാന്യം വിളിച്ചോതുന്ന വരികളാണിവ. പ്രായത്തിനോ ആയുധങ്ങൾക്കോ, അഗ്നിക്കോ തന്റെ ഉള്ളിലെ സ്വാതന്ത്ര്യമോഹം ഇല്ലാതാക്കാനാകില്ല എന്ന് അദ്ദേഹം പറയുന്നു. സ്വാതന്ത്ര്യം തന്റെ ജന്മാവകാശമാണ് എന്നുറക്കെ പറയുന്നതിലൂടെ ബ്രിട്ടീഷുകാരുടെ ഔദാര്യമല്ല സ്വാതന്ത്ര്യം എന്നും അത് ഓരോ ഇന്ത്യക്കാരന്റെയും അവകാശമാണെന്നും അടിവരയിട്ടു പറയുകയാണദ്ദേഹം. ജനങ്ങളിൽ സ്വാതന്ത്ര്യബോധം ഉണർത്താനും, അതിനു വേണ്ടി പോരാടാനും പ്രാപ്തരാക്കാൻ തക്ക ശക്തിയുള്ളതായിരുന്നു ഈ വാക്കുകൾ. 

പുതിയ പദങ്ങൾ
 ഒലി - ശബ്ദം
• ഉൾക്കടം - വർധിച്ച
 ഓതുക - പറയുക
 ഇച്ഛ - ആഗ്രഹം
 കൂത്താടുക - കളിക്കുക
 മാമരം - വലിയ മരം
 തോഴർ - കൂട്ടുകാർ
 മൊഴി - വാക്ക്

കണ്ടെത്താം, പറയാം
• അമ്മയുടെ സമീപത്തുനിന്നു ദൂരെപ്പോയി കളിക്കണം എന്ന് കുട്ടി ആഗ്രഹിക്കുന്നത് എപ്പോഴാണ്?
- ശൈശവത്തിൽ കുട്ടി ഇഷ്ടപ്പെട്ടിരുന്ന പമ്പരവും പാവയും പോരാതെയായി എന്നും ഓലപ്പാമ്പിനെ കണ്ട് അമ്പരപ്പ് ഉണ്ടാകുന്നില്ല എന്നും കുട്ടി പറയുന്നു. ശൈശവത്തിൽ അമ്മയുടെ പൂഞ്ചേല തുമ്പിലൊളിക്കുന്ന കുഞ്ഞ് ബാല്യത്തിലെത്തുമ്പോൾ സ്വതന്ത്രമായി കൂട്ടുകാരോടൊപ്പം കളിച്ചു തിമർക്കാൻ ആഗ്രഹിക്കുന്നു. ശൈശവത്തിൽ നിന്ന് ബാല്യത്തിലേക്ക് വഴിമാറുന്ന കുട്ടിയെ നമുക്കിവിടെ കാണാം. കുട്ടികൾ വളരുമ്പോൾ അവരുടെ ഉള്ളിൽ സ്വാതന്ത്ര്യബോധം ഉടലെടുക്കുന്നത് നമുക്കിവിടെ കാണാൻ കഴിയും.

• ഇലഞ്ഞിക്കായയ്ക്ക് മാമ്പഴത്തിന്റെ മാധുര്യം അനുഭവപ്പെടുന്നതിന്റെ കാരണം എന്തായിരിക്കാം?
- മുതിർന്നവരുടെ അർത്ഥമില്ലാത്ത വിലക്കുകൾ ലംഘിച്ചു കൊണ്ട് കുട്ടികൾ
സ്വാതന്ത്ര്യബോധത്തോടെ വളരുകയാണ്. അവർ പൂക്കൾ ഇറുത്തെടുത്ത് പരസ്പരം അണിഞ്ഞും മരത്തിൽ കയറിയും ബാല്യം ആസ്വദിക്കുകയാണ്. ചവർപ്പും പുളിയും നിറഞ്ഞ ഇലഞ്ഞിക്കായ കൂട്ടുകാരുമായി ചേർന്ന് പറിച്ചു തിന്നുമ്പോൾ അതിന് മാമ്പഴത്തിന്റെ മാധുര്യം അനുഭവപ്പെടുന്നു. ഇത് സുന്ദരമായ ബാല്യത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും മാധുര്യമാണ്.

കാവ്യഭംഗി
“ചീറുന്നു, കാറ്റടിഞ്ഞേറുന്നു കാറുകൾ 
ചാറുന്നു, പെയ്യുന്നു കാലവർഷം''
വരികളുടെ ആകർഷകത്വത്തിന് കാരണമെന്ത്? ഇതുപോലുള്ള വരികൾ കണ്ടെത്തു. - അക്ഷരങ്ങളുടെ ആവർത്തനം ഉണ്ടാക്കുന്ന ശബ്ദഭംഗിയാണ് ഈ വരികളുടെ ആകർഷണീയത. ചീറുന്നു, ഏറുന്നു, ചാറുന്നു, പെയ്യുന്നു എന്നീ വാക്കുകളിലൂടെ കാറ്റിന്റെ ശക്തിയും, കാർമേഘങ്ങൾ നിറയുന്നതും, കാലവർഷം പെയ്യുന്നതുമെല്ലാം നമ്മുടെ മനസ്സിലേക്ക് ഓടിയെത്തുന്നു.
സമാനമായ വരികൾ
• ഇക്കൊടുങ്കാറ്റൊലി നമ്മൾ തന്നാർപ്പാലാ 
ണുൽക്കടമാവതെന്നാരറിയും?
• മാമ്പഴമെന്നോണം പുത്തിലഞ്ഞിക്കായും 
മാധുര്യമുള്ളാന്നേ നാം പറിച്ചാൽ!

ചൊല്ലാം, രസിക്കാം
 കുട്ടികൾ മഴവെള്ളത്തിൽ കളിക്കുന്നതു വർണിച്ചിരിക്കുന്ന ഭാഗം കണ്ടെത്തി വായിച്ച് അവതരിപ്പിക്കു.
• ഇമ്മഴവെള്ളത്തിൽപ്പുൽകളാൽ നിർമ്മിച്ച 
നമ്മൾതൻ വഞ്ചികൾ ചാഞ്ചാടട്ടേ, 
ഒപ്പമീ നീർക്കുത്തിലോടിയും വീണും പേർ 
ത്തൊച്ചയിട്ടാവൂ നാം വീണ്ടും വീണ്ടും.

 ഇച്ഛയാ നമ്മൾക്കു കൂത്താടാനല്ലെങ്കി 
ലിച്ചളിയുണ്ടായതെന്തിനാവോ?

താളവ്യത്യാസം കണ്ടെത്താം
 പമ്പരം പാവയും പോരാതായ്, തെല്ലുമി-
ങ്ങമ്പരപ്പേകാതായോലപ്പാമ്പും.

 പാലാഴിത്തൂവെള്ളം തൂകുന്നപോലെ നൽ- 
പ്രാലേയം തൂകിത്തുടങ്ങീതെങ്ങും 

 കൊല്ലുന്ന ചൂടിനാൽ മാമരം വേവുന്നു 
പുല്ലിന്റെ കാരിയമെന്തുചൊൽവാൻ

 തോളത്തു കനം തൂങ്ങും വണ്ടിതൻ തണ്ടുംപേറി 
കാളകൾ മന്ദം മന്ദമിഴഞ്ഞു നീങ്ങീടുന്നു

- ഇതിൽ ആദ്യത്തെ മൂന്ന് കവിതകളിലെ വരികളും ഒരേ താളത്തിലുള്ളവയാണ്. "തോളത്തു കനം തൂങ്ങും'', എന്ന് തുടങ്ങുന്ന കവിതാഭാഗം വ്യത്യസ്ത താളത്തിൽ ചൊല്ലേണ്ടതാണ്. വരികളിലെ അക്ഷരങ്ങളുടെ എണ്ണമനുസരിച്ചാണ് ഈണത്തിൽ വ്യത്യാസം വരുന്നത്.

വിശകലനം ചെയ്യുക
 ഈ ഈ കവിത സ്വാതന്ത്ര്യത്തിന്റെ മാധുര്യത്തെയാണു വർണിക്കുന്നത്. - ഈ പ്രസ്താവനയോട് നിങ്ങൾ യോജിക്കുന്നുണ്ടോ? കവിതാഭാഗം വിശകലനം ചെയ്ത് കുറിപ്പു തയാറാക്കുക.
- സ്വാതന്ത്ര്യത്തിന്റെ മാധുര്യം കുട്ടികൾക്ക് അനുഭവവേദ്യമാക്കുന്ന കവിതയാണ് ബാലലീല. ബാലലീല എന്ന ശീർഷകത്തിലൂടെ കളിക്കാനുള്ള കുട്ടികളുടെ അവകാശത്തെക്കുറിച്ച് ബാലാമണിയമ്മ സൂചന നൽകുന്നു. ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യുവാനും, ഇഷ്ടമുള്ളവരോട് കൂട്ടുകൂടാനും, ഇഷ്ടമുള്ള കളികൾ കളിക്കാനും ഉള്ള അസ്വാതന്ത്ര്യമാണ് കുട്ടികളെ വീർപ്പുമുട്ടിക്കുന്നതെന്ന സന്ദേശം ഈ കവിത തരുന്നു. മുതിർന്നവരുടെ വിലക്കുകൾ മറികടന്നു വളരുമ്പോഴാണ് കുട്ടികൾ സ്വാതന്ത്ര്യത്തിന്റെ മാധുര്യം നുകരുന്നത്. മഴവെള്ളത്തിൽ കളിച്ചും, കളിവഞ്ചി ഒഴുക്കിയും, മരത്തിൽ വലിഞ്ഞു കയറിയും, ചളിയിൽ കിടന്നുരുണ്ടുമെല്ലാമാണ് അവർ ഈ മാധുര്യം ആസ്വദിക്കേണ്ടത് എന്ന് ബാലാമണിയമ്മ പറയുന്നു.

കുറിപ്പ് തയ്യാറാക്കുക
 “ബാലലീല'' എന്ന ശീർഷകം ഈ കവിതയ്ക്ക് ഉചിതമാണോ? ചർച്ച ചെയ്ത് കുറിപ്പ് തയ്യാറാക്കുക.
- സ്വാതന്ത്ര്യത്തിന്റെ മാധുര്യം കുട്ടികൾക്ക് അനുഭവവേദ്യമാക്കുന്ന കവിതയാണ് ബാലലീല. ബാലലീല എന്ന ശീർഷകത്തിലൂടെ കളിക്കാനുള്ള കുട്ടികളുടെ അവകാശത്തെക്കുറിച്ച് ബാലാമണിയമ്മ സൂചന നൽകുന്നു. ബാലാവകാശത്തിന്റെ വിശാലമായ തലത്തിലാണ് ഈ കവിത നില കൊള്ളുന്നത്. ശൈശവത്തിൽ നിന്ന് ബാല്യത്തിലേക്ക് കടക്കുന്ന കുട്ടി അമ്മയുടെ ചേലത്തുമ്പു വിട്ടു സ്വതന്ത്രമായി കൂട്ടുകൂടി കളിയ്ക്കാൻ ആഗ്രഹിക്കും. മഴവെള്ളത്തിൽ കളിക്കാനും, കളിവഞ്ചി ഒഴുക്കാനും, മരത്തിൽ വലിഞ്ഞു കയറാനും, ചളിയിൽ കിടന്നുരുളാനും അവർ ആഗ്രഹിക്കുന്നു. കുട്ടികളുടെ ഈ സ്വാതന്ത്ര്യബോധത്തെ കൃത്യമായി ആവിഷ്കരിച്ചിരിക്കുന്നതിനാൽ 'ബാലലീല' എന്ന ശീർഷകം തന്നെയാണ് ഈ കവിതയ്ക്ക് ഉചിതം.

ആസ്വാദനക്കുറിപ്പ്
 "ബാലലീല' എന്ന കവിതയ്ക്ക് ഒരു ആസ്വാദനക്കുറിപ്പ് തയ്യാറാക്കുക. 
- മാതൃത്വത്തിന്റെ ഭാവങ്ങൾ ലളിതമായി അവതരിപ്പിച്ച കവയിത്രിയാണ് ബാലാമണിയമ്മ. ശൈശവകൗതുകം ബാല്യത്തിലേക്ക് വഴിമാറുന്നതിനെ ലളിതമായി ഈ കവിതയിൽ അവതരിപ്പിച്ചിരിക്കുന്നു. കുട്ടികളുടെ സ്വാതന്ത്ര്യബോധം നമുക്കീ കവിതയിൽ കാണാം. ശൈശവത്തിൽ കുട്ടികൾ ഇഷ്ടപ്പെട്ടിരുന്ന പമ്പരവും പാവയും പോരാതെയായി എന്നും ഓലപ്പാമ്പിനെ കണ്ട് അമ്പരപ്പ് ഉണ്ടാകുന്നില്ല എന്നും കുട്ടികൾ പറയുന്നു. ശൈശവത്തിൽ അമ്മയുടെ പൂഞ്ചേലത്തുമ്പിലൊളിക്കുന്ന കുഞ്ഞ് ബാല്യത്തിലെത്തുമ്പോൾ മഴ പെയ്യുന്ന മുറ്റത്ത് ഇറങ്ങാനും മരം കയറാനും തുടങ്ങുകയാണ്. കളിക്കാനായി കുട്ടി കൂട്ടുകാരെ വിളിക്കുകയാണ്. മുതിർന്നവരുടെ വിലക്കുകൾ മറികടന്നു വളരുമ്പോഴാണ് കുട്ടികൾ സ്വാതന്ത്രത്തിന്റെ മാധുര്യം നുകരുന്നത്. മഴവെള്ളത്തിൽ കളിച്ചും, കളിവഞ്ചി ഒഴുക്കിയും, മരത്തിൽ വലിഞ്ഞു കയറിയും, ചളിയിൽ കിടന്നുരുണ്ടുമെല്ലാമാണ് അവർ ഈ മാധുര്യം ആസ്വദിക്കേണ്ടത് എന്ന് ബാലാമണിയമ്മ പറയുന്നു. മുതിർന്നവരുടെ അർത്ഥമില്ലാത്ത വിലക്കുകൾ ലംഘിച്ചു കൊണ്ടവർ സ്വാതന്ത്ര്യത്തിലേക്ക് വളരുകയാണ്. പൂക്കൾ ഇറുത്തെടുത്ത് പരസ്പരം അണിയുന്നതും മരത്തിൽ കയറുന്നതുമെല്ലാം പ്രകൃതിയെ അറിയാനുള്ള കുട്ടികളുടെ സ്വാതന്ത്ര്യത്തെ സൂചിപ്പിക്കുന്നു. ചവർപ്പും പുളിയും നിറഞ്ഞ ഇലഞ്ഞിക്കായ കൂട്ടുകാരുമായി ചേർന്ന് പറിച്ചു തിന്നുമ്പോൾ അവർക്ക് മാധുര്യമുള്ള മാമ്പഴമായിത്തീരുന്നു. ഇത് സ്വാതന്ത്ര്യത്തിന്റെ മാധുര്യം കൂടിയാണ്. ബാലലീല എന്ന ശീർഷകത്തിലൂടെ കളിക്കാനുള്ള കുട്ടികളുടെ അവകാശത്തെക്കുറിച്ച് ബാലാമണിയമ്മ സൂചന നൽകുന്നു.

ബാലാമണിയമ്മയുടെ കൃതികൾ
കവിതാസമാഹാരങ്ങൾ
കൂപ്പുകൈ (1930)
അമ്മ (1934)
കുടുംബിനി (1936)
ധർമ്മമാർഗ്ഗത്തിൽ (1938)
സ്ത്രീഹൃദയം (1939)
പ്രഭാങ്കുരം (1942)
ഭാവനയിൽ (1942)
ഊഞ്ഞാലിന്മേൽ (1946)
കളിക്കൊട്ട (1949)
വെളിച്ചത്തിൽ (1951)
അവർ പാടുന്നു (1952)
പ്രണാമം (1954)
ലോകാന്തരങ്ങളിൽ (1955)
സോപാനം (1958)
മുത്തശ്ശി (1962)
മഴുവിന്റെ കഥ (1966)
അമ്പലത്തിൽ (1967)
നഗരത്തിൽ (1968)
വെയിലാറുമ്പോൾ (1971)
അമൃതംഗമയ (1978)
സന്ധ്യ (1982)
നിവേദ്യം (1987)
മാതൃഹൃദയം (1988)
സഹപാഠികൾ
കളങ്കമറ്റ കൈ
ബാലാമണിഅമ്മയുടെ കവിതകൾ - സമ്പൂർണ്ണസമാഹാരം(2005) -മാതൃഭൂമി ബുക്സ്.
ഗദ്യം
ജീവിതത്തിലൂടെ (1969)
അമ്മയുടെ ലോകം (1952)



ഈ ബ്ലോഗിലെ എല്ലാ പോസ്റ്റുകളും ഒരുമിച്ച് കാണാനും ആവശ്യമുള്ളവ എളുപ്പത്തിൽ തിരഞ്ഞെടുക്കാനും ഇവിടെ ക്ലിക്കുക.

PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here