STD 5 കേരളപാഠാവലി: വേനലിന്റെ ഒഴിവ് - പഠനപ്രവർത്തനങ്ങൾ - ചോദ്യോത്തരങ്ങൾ 


Questions and Answers for Class 5 Malayalam - Kerala Padavali - Thanimayude Polima: Venalinte Ozhivu - Teachers Handbook | Std 5 Malayalam

Std V കേരളപാഠാവലി: വേനലിന്റെ ഒഴിവ് - ചോദ്യോത്തരങ്ങൾ, പഠനപ്രവർത്തനങ്ങൾ

മാധവിക്കുട്ടി
• 1934 മാർച്ച് 31-ന് തൃശ്ശൂർ ജില്ലയിലെ പുന്നയൂർക്കുളത്ത് നാലപ്പാട്ട് കുടുംബത്തിലായിരുന്നു മാധവിക്കുട്ടിയുടെ ജനനം. വി.എം. നായരുടെയും കവയിത്രി ബാലാമണിയമ്മയുടെയും മകൾ. മാധവിക്കുട്ടിയുടെ ആദ്യകാല രചനകൾ ഇംഗ്ലീഷിലായിരുന്നു. പതിനഞ്ചാം വയസ്സിൽ മാധവദാസുമായി വിവാഹം നടന്നു. കമലാദാസ് എന്ന പേരും സ്വീകരിക്കുന്നത് ആ ഘട്ടത്തിലാണ്. കവിതകൾ, ചെറുകഥകൾ, നോവലെറ്റുകൾ എന്നിങ്ങനെ സാഹിത്യത്തിന്റെ പലമേഖലകളിലും കഴിവ് തെളിയിച്ചു. 'നഷ്ടപ്പെട്ട നീലാംബരി', 'ജാനുവമ്മ പറഞ്ഞ കഥ', 'കോലാട്', 'നെയ്പ്പായസം', 'ഉണ്ണി എന്ന കുട്ടി', 'മതിലുകൾ' എന്നിവ മാധവിക്കുട്ടിയുടെ ചില കഥകളാണ്. 'നീർമാതളം പൂത്ത കാലം', 'ബാല്യകാലസ്മരണകൾ', 'ഒറ്റയടിപ്പാത' എന്നിവ ഓർമ്മക്കുറിപ്പുകളും 'ചന്ദനമരങ്ങൾ', 'വണ്ടിക്കാളകൾ' എന്നിവ നോവലെറ്റുകളുമാണ്. 2009 മെയ് 31ന് അന്തരിച്ചു. 2018 ഫെബ്രുവരി ഒന്നിന് ഗൂഗിൾ മാധവിക്കുട്ടിയോടുള്ള ആദരസൂചകമായി ഒരു ഡൂഡിൽ പുറത്തിറക്കുകയുണ്ടായി.

പദപരിചയം
• ശുഷ്കിച്ച - ഉണങ്ങിയ
• മച്ചിങ്ങ - തെങ്ങിൻറെ ഇളം കായ്
• കഷ്ടി - കുറവ്
• കുപ്പിപിഞ്ഞാണം - ചില്ലുപാത്രം
• കൊതുമ്പ് - തെങ്ങിൻ പൂക്കുലയെ പൊതിഞ്ഞിരിക്കുന്ന പോള 
• കടയ്ക്കൽ - ചുവട്ടിൽ
• അനുകമ്പ - ദയ, സഹാനുഭൂതി
• ശപഥം - സത്യം ചെയ്യൽ

വായിക്കാം കണ്ടെത്താം
• മുത്തശ്ശിയും പേരക്കുട്ടിയും തമ്മിലുള്ള സ്നേഹബന്ധം വെളിപ്പെടുന്ന സന്ദർഭങ്ങൾ കണ്ടെത്തുക.
മുത്തശ്ശിയുടെ കൂട്ടുകാരെല്ലാം മരിച്ചുപോയെന്നും മുത്തശ്ശി ഒറ്റക്കാണെന്നും അറിയുന്ന സന്ദർഭത്തിൽ പേരക്കുട്ടിയായ അമ്മു, മുത്തശ്ശിയുടെ അടുത്തേക്ക് ചെന്ന് കെട്ടിപിടിച്ചു കൊണ്ട് മുത്തശ്ശിക്ക് ഞാനുണ്ടെന്നു പറയുന്നു. എനിക്ക് അമ്മു മതി എന്ന് മുത്തശ്ശിയും മറുപടി നൽകുന്നു. മറ്റൊരു സന്ദർഭത്തിൽ മുത്തശ്ശി മരിച്ചു പോകുമോ എന്ന് വേവലാതിപ്പെടുകയാണ് അമ്മു. പേരക്കുട്ടിക്ക് സങ്കടമാവേണ്ടാ എന്ന് കരുതി താൻ ഒരിക്കലും മരിക്കില്ല എന്ന് മുത്തശ്ശി സത്യം ചെയ്തു കൊടുക്കുന്നു. താൻ കൽക്കട്ടയ്ക്ക് പോയിക്കഴിഞ്ഞാൽ മുത്തശ്ശി ഒറ്റക്കാവില്ലേ എന്നും, അപ്പോൾ പേടിതോന്നില്ലേ എന്നും അമ്മു മറ്റൊരിക്കൽ ആവലാതിപ്പെടുന്നുണ്ട്. ഒടുവിൽ അമ്മു തിരികെ പോകുന്ന വേളയിലുള്ള മുത്തശ്ശിയുടെ കണ്ണീരും, അടുത്തകൊല്ലവും മുത്തശ്ശിയെ കാണണമെന്ന അമ്മുവിന്റെ ആഗ്രഹവും, യാത്രക്കിടയിലും മുത്തശ്ശി മരിച്ചുപോകുമോ എന്ന് അമ്മു അച്ഛനോട് ചോദിക്കുന്നതുമെല്ലാം അവർ തമ്മിലുള്ള അഗാധമായ സ്നേഹം വെളിപ്പെടുത്തുന്നു.

• ഗ്രാമീണജീവിതത്തിന്റെ എന്തെല്ലാം സൂചനകളാണ് കഥയിൽനിന്ന് കിട്ടുന്നത്?
- തെങ്ങിൻതോപ്പും, മരിച്ചവരെ അടക്കുന്ന തെക്കേ പറമ്പും, വരമ്പിലെ ഞാവൽ മരവുമെല്ലാം ഗ്രാമീണതയുടെ പ്രതീകങ്ങളാണ്. പറമ്പിൽ നിന്ന് കൊതുമ്പ് ശേഖരിക്കുന്നതും, അതുപയോഗിച്ച് വെളിച്ചെണ്ണ അരിക്കുന്നതും, കുളക്കടവിലെ കുളിയുമെല്ലാം ഗ്രാമീണ ജീവിതത്തിന്റെ ഉദാഹരണങ്ങളാണ്. ഞാവൽ മരത്തെക്കുറിച്ചും, കാക്കയുടെ ബുദ്ധിയെക്കുറിച്ചുമെല്ലാം മുത്തശ്ശിക്കുള്ള അറിവുകൾ പ്രകൃതിയെ അറിഞ്ഞു ജീവിക്കുക എന്ന ഗ്രാമീണജീവിതത്തിന്റെ പ്രത്യേകതയാണ്. ഗ്രാമ്യമായ ഭാഷയിലുള്ള മുത്തശ്ശിയും അമ്മുവും തമ്മിലുള്ള സംഭാഷണം കഥയിലെ ഗ്രാമീണതയുടെ മറ്റൊരു സൂചനയാണ്.

• “മുത്തശ്ശി തന്റെ മുണ്ടിന്റെ തലപ്പുകൊണ്ട് കണ്ണുകൾ തുടച്ചു.” മുത്തശ്ശിയുടെ സങ്കടത്തിനു കാരണമെന്താവാം?
- മുത്തശ്ശി ഏറെ സ്നേഹിച്ച പലരും ഇന്ന് അവരുടെ കൂടെയില്ല. അമ്മയും, അമ്മമ്മയും കൂട്ടുകാരികളുമെല്ലാം മുത്തശ്ശിയെ വിട്ടുപോയി. തന്റെ കുടുംബത്തിലെ എല്ലാവരും തന്നെക്കാൾ ചെറുപ്പത്തിൽ മരിച്ചുപോയവരാണ് എന്നത് വല്ലാത്ത വേദനയാണ് മുത്തശ്ശിയിൽ ഉണ്ടാക്കുന്നത്. ഒടുവിൽ തന്റെ ഏകമകളും തന്നെവിട്ടു പോയതോടെ മുത്തശ്ശി ജീവിതത്തിൽ ഒറ്റപെടുന്നു. ഇതെല്ലം കാണാനായി താൻ മാത്രം എന്തിനു ജീവിച്ചിരിക്കുന്നു എന്ന് പറയുന്നതിലൂടെ ഒറ്റപ്പെടലും, മരിച്ചുപോയവരെക്കുറിച്ചുള്ള; പ്രത്യേകിച്ച് മകളെക്കുറിച്ചുള്ള ചിന്തകളുമാണ് മുത്തശ്ശിയുടെ സങ്കടത്തിന് കാരണം.

• അമ്മുവിന്റെ അച്ഛൻ തറവാട്ടിൽ വരാത്തതെന്തുകൊണ്ടാണ്?
- മുത്തശ്ശിയുടെ മകളായ കമലമാണ് അമ്മുവിന്റെ അമ്മ. അമ്മുവും അച്ഛനും അമ്മയും കൽക്കട്ടയിലായിരുന്നു താമസം. അവർ ഒരുമിച്ചാണ് എപ്പോഴും തറവാട്ടിലേക്ക് വരാറുണ്ടായിരുന്നത്. ഭാര്യ മരിച്ചതോടെ അമ്മുവിന്റെ അച്ഛൻ നാട്ടിലേക്ക് വരാതായി. ഭാര്യയോടൊപ്പം മാത്രം വന്നുകയറിയിരുന്ന ആ വീട്ടിലേക്കു ഒറ്റയ്ക്ക് വന്നു കയറാൻ ഉള്ള വിഷമമായിരുന്നു അതിനു കാരണം. ഒറ്റയ്ക്ക് ഇവിടെ വരാൻ എന്റെ മനസ്സിന് കരുത്തില്ല എന്നാണ് മുത്തശ്ശിയോട് അദ്ദേഹം പറയുന്നത്.

• “അതിമ്മ് പഴം ഉണ്ടാവ്വോ?”
“ഇനി പഴം ഉണ്ടാവ്വോ, അമ്മ്വോ? എനിക്കറീലേ. ഉണ്ടായാത്തന്നെ വലുതാവില്യ, തീർച്ച.
കാലമേറെയായിട്ടും കായ്ക്കുന്ന ഞാവൽ മരത്തിന് ഈ കഥയിൽ ഒരു പ്രധാന സ്ഥാനമില്ലേ? ചർച്ചചെയ്യൂ.
- തറവാട്ടിലെ ഏറ്റവും പഴക്കംചെന്ന ഒന്നാണ് കഥയിലെ ഞാവൽ മരം. അത് ആ തറവാട്ടിലെ പല സംഭവങ്ങൾക്കും മൂകസാക്ഷിയായി നിൽക്കുന്നു. മുത്തശ്ശിയുടെ ബാല്യത്തിൽ ഞാവൽപഴം നൽകിയ മരമാണ്. വൃക്ഷങ്ങളോട് പഴമക്കാർ സ്നേഹവും മമതയും കാണിച്ചിരുന്നു എന്നതിന് തെളിവാണ് വളർച്ച മുരടിച്ച ഞാവൽ മരം. അതുകൊണ്ടാണ് അത് വെട്ടി മാറ്റാതെ സംരക്ഷിക്കുന്നത്. കായ്ക്കാറില്ലാത്ത ആ മരത്തിൽ മുത്തശ്ശിയെപ്പോലെ ജീവൻ മാത്രമേ അവശേഷിക്കുന്നുള്ളൂ. ആരോഗ്യമെല്ലാം ക്ഷയിച്ചിരിക്കുന്നു. പ്രായാധിക്യത്താൽ വളർച്ചയില്ലാതെ, ഫലമില്ലാതെ ഫലമില്ലാതെ ഞാവലും മരണം പ്രതീക്ഷിച്ചു മുത്തശ്ശിയെപ്പോലെ കഴിയുന്നു.

• “കുപ്പിപ്പിഞ്ഞാണത്തില് ഞാവലിൻപഴം ഇട്ടപോലെ” എന്ന് കണ്ണുകളെക്കുറിച്ചു
പറഞ്ഞതെന്തുകൊണ്ടാവാം?
- ഇരുണ്ട നിറത്തിൽ ഉരുണ്ടിരിക്കുന്നതാണ് ഞാവൽപ്പഴം. തിളക്കമുള്ള ഞാവൽപ്പഴങ്ങൾ കുപ്പിയിലിട്ടിരിക്കുന്നതു കാണാൻ നല്ല രസമാണ്. കുട്ടിക്കാലത്തു മുത്തശ്ശിയുടെ കണ്ണുകളും അതുപോലെ സുന്ദരമായിരുന്നു. മുത്തശ്ശിയുടെ ഇരുണ്ട് ഉരുണ്ട കണ്ണുകളുടെ ഭംഗി കാരണമാവാം കൂട്ടുകാരി അവയെ കുപ്പിയിലിട്ട് ഞാവൽപ്പഴത്തോട് സാദൃശ്യപ്പെടുത്തിയത്.

കഥാപാത്രനിരൂപണം
• 'വേനലിന്റെ ഒഴിവ്' എന്ന കഥയിലെ മുത്തശ്ശിയെക്കുറിച്ച് കൂടുതലറിയാൻ കഥ മുഴുവനായി വായിക്കൂ. മുത്തശ്ശിയുടെ സ്വഭാവസവിശേഷതകൾ തിരിച്ചറിഞ്ഞ് കഥാപാത്രനിരൂപണം തയാറാക്കൂ.
- സ്നേഹത്തിന്റെയും സങ്കടത്തിന്റെയും ഒറ്റപെടലിന്റെയും ഗ്രാമീണതയുടെയും എല്ലാം പ്രതീകമാണ് 'വേനലിന്റെ ഒഴിവ് ' എന്ന കഥയിലെ പ്രധാന കഥാപാത്രമായ മുത്തശ്ശി. കൊച്ചുമകളായ അമ്മുവിനോട് ഗാഢമായ സ്നേഹബന്ധം മുത്തശ്ശിക്കുണ്ട്. സ്വന്തം മകളും, മറ്റു ബന്ധുക്കളും കൂട്ടുകാരുമെല്ലാം അകാലത്തിൽ മരണത്തിനു കീഴടങ്ങിയപ്പോൾ ജീവിത്തിൽ മുത്തശ്ശി ഒറ്റപ്പെട്ടു. വീടും പറമ്പും പരിസരവുമൊക്കെയാണ് അവരുടെ ലോകം.
ചെറുപ്പം തൊട്ടേ കാഴ്ചശക്തി അൽപം കുറവാണെങ്കിലും ഗ്രാമീണമായ സർവ അറിവുകളും മുത്തശ്ശിയിൽ സജീവമാണ്. ഞാവൽ മരത്തെക്കുറിച്ചും കാക്കയെക്കുറിച്ചുമെല്ലാമുള്ള അറിവുകൾ അവർ അമ്മുവിന് പകർന്നുകൊടുക്കുന്നു.
പ്രകൃതിയെ അറിഞ്ഞു ജീവിച്ചിരുന്ന മുത്തശ്ശിയുടെ ഭാഷയും വേഷവുമെല്ലാം തികച്ചും ഗ്രാമീണമാണ്. കാലങ്ങൾക്കും വേർപ്പാടുകൾക്കും ഒരുപോലെ സാക്ഷിയായ മുത്തശ്ശിയും തൊടിയിലെ ഞാവൽ മരവും ഈ കഥയിലെ മികവാർന്ന സമാന ബിംബങ്ങളാണ്. പ്രായമാകുംതോറും താൻ ചുളിഞ്ഞു ചെറുതാകുകയാണ് ചെയ്യുക എന്നും സ്നേഹിക്കുന്നവരെല്ലാം തന്നെ വിട്ടു പോയി ഇനി താൻ മാത്രം എന്തിനു ജീവിച്ചിരിക്കുന്നു എന്നും പറയുന്നതിലൂടെ മരണത്തെക്കുറിച്ചുള്ള മുത്തശ്ശിയുടെ കാഴ്ചപ്പാടാണ് വ്യക്തമാവുന്നത്.
അമ്മു വരുന്നതോടെ ജീവിതത്തിൽ പുതിയ പ്രതീക്ഷകളും സന്തോഷവും മുത്തശ്ശിക്കുണ്ടാവുകയാണ്. അമ്മയില്ലാത്ത കൊച്ചുമകൾക്കു ആവോളം സ്നേഹം കൊടുക്കണമെന്നും എല്ലാ വർഷവും കാണണമെന്നും അവർ ആഗ്രഹിക്കുന്നുണ്ടാവാം.


TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here