STD 6 കേരളപാഠാവലി: പുഴ - പഠനപ്രവർത്തനങ്ങൾ - ചോദ്യോത്തരങ്ങൾ 


Questions and Answers for Class 6 Kerala Padavali - Activities - prakruthibhavangal - Puzha | Std 6 Malayalam കേരളപാഠാവലി: Unit 05 പ്രകൃതി ഭാവങ്ങൾ:
 പുഴ - ചോദ്യോത്തരങ്ങൾ | Teachers Handbook

എൻ.പി.മുഹമ്മദ് 
• സ്വാതന്ത്ര്യ സമരസേനാനി എൻ.പി.അബുവിന്റെ മകനായി 1928 ജൂലൈ 1ന് കോഴിക്കോട് ജില്ലയിലെ കുണ്ടുങ്ങലിലെ ഇടിയങ്ങരയിൽ ജനിച്ചു. നോവലിസ്റ്റ്, കഥാകൃത്ത്, പത്രപ്രവർത്തകൻ എന്നീ നിലകളിൽ പ്രസിദ്ധൻ. കേരളകൗമുദി ദിനപത്രത്തിന്റെ കോഴിക്കോട് പതിപ്പിൽ റസിഡന്റ് എഡിറ്ററായി കുറച്ചുനാൾ  പ്രവർത്തിച്ചു. ഇദ്ദേഹത്തിന്റെ ആദ്യ കൃതി 'തൊപ്പിയും തട്ടവും' എന്ന വിമർശന സാഹിത്യഗ്രന്ഥമായിരുന്നു. ഇദ്ദേഹത്തിന്റെ ശ്രദ്ധേയമായ രചന 'ദൈവത്തിന്റെ കണ്ണ്' എന്ന നോവലാണ്. ഈ നോവലിനെ ആദ്യ പരിസ്ഥിതി നോവലായി കണക്കാക്കുന്നവരുണ്ട്. ഇദ്ദേഹം മരിക്കുമ്പോൾ കേരള സാഹിത്യ അക്കാദമിയുടെ പ്രസിഡന്റായിരുന്നു. 2003 ജനുവരി 2ന് ഇദ്ദേഹം നിര്യാതനായി.
‘എണ്ണപ്പാട'ത്തിന് കേരള സാഹിത്യ അക്കാദമി അവാർഡും 'ദൈവത്തിന്റെ കണ്ണി'ന് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡും 'തൊപ്പിയും തട്ടവും' എന്ന കൃതിക്ക് മദിരാശി സർക്കാരിന്റെ പുരസ്കാരവും ലഭിച്ചു.

വായിക്കാം പറയാം
1. കുട്ടിക്കാലത്ത് ലേഖകൻ കല്ലായിപ്പുഴയുടെ കരയിൽ കണ്ട കാഴ്ചകൾ എന്തെല്ലാം ?
- കല്ലായിപ്പുഴയുടെ തീരത്ത് മരപ്പാണ്ടികശാലകകൾ ഉണ്ട്. തടിച്ച ഇരുമ്പ് ചങ്ങലകളുടെ കൊക്കകൾ മരത്തടികൾ തൂക്കിയെടുത്ത് ഈർച്ചമില്ലുകളുടെ ബാൻഡ് സോവിലേക്ക് തള്ളിക്കൊടുക്കുന്ന കാഴ്ച. പുഴയ്ക്കരികിൽ അട്ടിയിട്ടിരിക്കുന്ന മരത്തടികൾ, ചതുപ്പുനിലം, മണ്ണിൽ പുറ്റുകൾ പൊങ്ങി നിൽക്കുന്നു. അവയ്ക്കിടയിൽ മഞ്ഞക്കാലുള്ള ഞണ്ടുകൾ, മരത്തടിയിൽ നിന്ന് പുറം തൊലികൾ അടർത്തിയെടുക്കുന്ന കുട്ടികൾ, മരത്തടികൾ വെള്ളത്തിൽനിന്ന് തോളിൽ കയറ്റി ഈർച്ചമില്ലുകളിൽ വെച്ചുകൊടുക്കുന്ന മുതിർന്നവർ. പുഴയ്ക്ക് നടുവിൽ ചങ്ങാടം കുത്തിവരുന്ന കുപ്പായമിടാത്ത മനുഷ്യർ. ഇതൊക്കെയാണ് കുട്ടിക്കാലത്ത് ലേഖകൻ കല്ലായിപ്പുഴയുടെ കരയിൽ കണ്ട കാഴ്ചകൾ.

2. ഈർച്ചമില്ലിലേക്ക് തടികൊണ്ടുവരുന്ന രംഗം ആവിഷ്കരിച്ചതെങ്ങനെ?
- കൊലക്കയർ നീട്ടിയതുപോലെ തടിച്ച ഇരുമ്പു ചങ്ങലകളുടെ കൊക്കകൾ മരത്തടികൾ - കാടിന്റെ മയ്യത്തുകൾ - തൂക്കിയെടുത്ത് ഈർച്ചമില്ലുകളിലെ വാതുറന്ന കൂർത്തപല്ലുള്ള ബാൻഡ് സോവിലേക്ക് ഉന്തിതള്ളുന്നു. 
മരത്തടികൾ യാ അള്ളാ പാടി മുട്ടോളം വെള്ളത്തിൽ നിന്ന് മുതിർന്നവർ തോളിൽ കയറ്റുന്നു. ഈർച്ചമില്ലുകളിൽ ചക്രവാളിനു ഭക്ഷണം നൽകുന്നതുപോലെ മരത്തടികൾ വച്ചു കൊടുക്കുന്നു. 
പുഴയുടെ ഇരുഭാഗത്തും പന്തം കെട്ടി മരത്തടികളെ വെള്ളത്തിൽ തടവിലാക്കുന്നു.

3. ഇളം മനസ്സുകൾ പുഴയോട് ചോദിക്കുന്ന ചോദ്യങ്ങൾ എന്തൊക്കെയാണ്?
- എവിടെ നിന്നു വന്നു? എവിടേക്കു പോകുന്നു? എത്രയാഴമുണ്ട് എന്താണ് നിന്റെ ചുറ്റും? ഇതെല്ലാമാണ് ഇളം മനസ്സ് പുഴയോട് ചോദിക്കുന്ന ചോദ്യങ്ങൾ.

4. പുഴ എന്നും സാഹിത്യകാരനു പ്രചോദനമായത് എന്തുകൊണ്ടായിരിക്കാം? 
- മനുഷ്യൻ കൂട്ടമായി താമസം തുടങ്ങിയത് പുഴവക്കുകളിലാണ്. വെള്ളം നനഞ്ഞ ഭൂമികളിൽ അവർ ചതുപ്പുകൾ വിരിച്ചു. നദീതടങ്ങളിലാണ് മനുഷ്യ സംസ്കാരത്തിന്റെ തുടക്കം കുറിച്ചത്. നൈൽ നദീതീരങ്ങളിലും യൂഫ്രട്ടീസ് - ടൈഗ്രീസ് തീരങ്ങളിലും ഗംഗാസമതലങ്ങളിലും മനുഷ്യസംസ്കാരത്തിന്റെ വിളംബരങ്ങളുയർത്തി ചരിത്രം യാത്ര തുടങ്ങി. പിന്നീടതു മീൻപിടിത്തമായി, പുഴയിലെ യാത്രകളായി. ഒരു പക്ഷേ അതു കൊണ്ടാകാം പുഴകൾ എന്നും സാഹിത്യകാരന് പ്രചോദനമായത്.

സങ്കൽപ്പിക്കാം, എഴുതാം
• “എന്റെ പ്രായമുള്ള കുട്ടികൾ കഠിനമായ ജീവിതസമരത്തിന്റെ ഇരകളായിത്തീരുന്നു. അവർക്ക് അക്ഷരം വേണ്ട; വേണ്ടതു ഭക്ഷണം. അതിനുള്ള വക മരത്തടികൾ സമ്മാനിക്കുന്നു.''
മുകളിൽ കൊടുത്ത പ്രസ്താവനയും ചിത്രവും വായിച്ചല്ലോ. ചിത്രത്തിൽ കാണുന്ന കുട്ടികളിൽ ഒരാൾ മറ്റൊരാളെക്കുറിച്ച് ചിന്തിച്ചത് എന്തായിരിക്കാം? സങ്കൽപ്പിച്ച് എഴുതുക.
- മരത്തടികൾക്കുമേൽ പുസ്തകവും പിടിച്ചിരിക്കുന്ന ആ കുട്ടിയെക്കുറിച്ചു ചിന്തിക്കുകയായിരുന്നു ഞാൻ. എന്റെ അതേ പ്രായം തന്നെയാണെന്ന് തോന്നുന്നു അവനും. അവൻ പക്ഷെ ഭാഗ്യവാനാണ്. അവന്റെ കയ്യിൽ പുസ്തകങ്ങളും ചോറ്റുപാത്രവുമാണ്. എന്റെ കയ്യിൽ പണിയായുധവും. അവന്റെ ജീവിതം എന്ത് രസമായിരിക്കും. രാവിലെ തന്നെ പുസ്തകങ്ങളും അമ്മ ഒരുക്കികൊടുക്കുന്ന ചോറ്റുപാത്രവുമായി സ്കൂളിലേക്ക്. അവിടെ അവനു ധാരാളം കൂട്ടുകാർ ഉണ്ടാകും. അവർ ഒരുമിച്ചു കളിക്കുകയും പഠിക്കുകയും ഒക്കെ ചെയ്യുന്നുണ്ടാകും. നാളെ പഠിച്ചു നല്ല ജോലി ഒക്കെ ആയി അവൻ സന്തോഷത്തോടെ ജീവിക്കുമായിരിക്കും. ഞാൻ പാവപ്പെട്ടവനായത് കൊണ്ട് എനിക്ക് പഠിക്കാൻ പോകാൻ കഴിയുന്നില്ല. ഭക്ഷണം കഴിക്കണമെങ്കിൽ മില്ലിൽ പകലന്തിയോളം പണിയെടുക്കണം.

വിശകലനം ചെയ്യാം
• “ഒഴുക്കുവെള്ളം മാറ്റമില്ലാത്ത മാറ്റമാണ്.''
ഒഴുക്കുവെള്ളത്തിന്റെ എന്തെല്ലാം പ്രത്യേകതകളാണ് ഈ വാക്യം നമ്മോടു പറയുന്നത്? ചർച്ചചെയ്യു.
താഴെക്കൊടുത്ത വാക്യംകൂടി ചർച്ചയിൽ ഉപയോഗപ്പെടുത്തൂ.
കുട്ടി പുഴയോടു ചോദിച്ചു: “നിനക്ക് വിശ്രമമില്ലേ?” പുഴ പറഞ്ഞു: “ഈ ഒഴുക്കുതന്നെയാണ് എന്റെ വിശ്രമം.
പുഴയിൽ വെള്ളം മാത്രമല്ല ഒഴുകുന്നത്. അതിനോടൊപ്പം മൺതരികളും കല്ലുകളും പൊങ്ങുതടികളും മാലിന്യങ്ങളുമെല്ലാം ഒഴുകിക്കൊണ്ടിരിക്കുകയാണ്. പുഴ എപ്പോഴും താഴോട്ടാണ് ഒഴുകുന്നത്. പുഴയിലെ വെള്ളം ഒഴുകി പോകുന്നതിനനുസരിച്ച് പുതിയ ജലം ആ സ്ഥാനത്തേക്ക് നിമിഷംതോറും വന്നുകൊണ്ടിരിക്കും. ഈ നിമിഷത്തിൽ ഉള്ള പുഴയല്ല അടുത്ത നിമിഷത്തിൽ ഉള്ളത്. അങ്ങനെ പുഴ എപ്പോഴും മാറിക്കൊണ്ടിരിക്കുന്നു. ''ഒഴുക്കുവെള്ളം മാറ്റമില്ലാത്ത മാറ്റമാണ്' എന്ന് ലേഖകൻ പറയുന്നത് അതുകൊണ്ടാണ്. ഒഴുകിക്കൊണ്ടിരിക്കുന്ന നദിക്ക് വിശ്രമമില്ല. ഒഴുക്കാണ് നദിയുടെ വിശ്രമവും സന്തോഷവും. ഒഴുക്ക് ഇല്ലാതാകുമ്പോഴാണ് നദിക്ക് വേദന. ഒഴുക്കാണ് നദിയിൽ മാറ്റങ്ങളുണ്ടാക്കുന്നത്. ജലം വറ്റുമ്പോൾ മാത്രമായിരിക്കും പുഴയുടെ ഒഴുക്ക് നിലയ്ക്കുക.

ഊഹിച്ചെഴുതാം
• അഴിമുഖം, തിരപ്പം, പ്രചോദനം, ആകൃഷ്ടൻ എന്നീ പദങ്ങളുടെ അർഥം ഊഹിച്ചെഴുതൂ. നിഘണ്ടു പരിശോധിച്ച് ഉറപ്പുവരുത്തൂ.
• അഴിമുഖം - നദി കടലിനോടു ചേരുന്ന സ്ഥലത്തെ നദീമുഖം.
• തിരപ്പം - ചങ്ങാടം
• പ്രചോദനം - പ്രേരണ
• ആകൃഷ്ടൻ - ആകർഷിക്കപ്പെട്ടവൻ

കുറിപ്പ് തയാറാക്കു
• “പ്രകൃതി കനിവാർന്നരുളിയ വരദാനമത്രേ കല്ലായിപ്പുഴ. അതു കല്ലായിപ്പുഴയ്ക്കു മാത്രമേയുള്ളുവെന്നായിരുന്നു എന്റെ ഇളം മനസ്സിന്റെ വിശ്വാസം. കാലം ആ തെറ്റു തിരുത്തുന്നു.'
ഈ പ്രസ്താവന ശരിവയ്ക്കുന്ന ഒരു ഉദാഹരണമിതാ:
“ഇളനീരതിനൊത്ത തണ്ണീരിളകി
ക്കൊണ്ടാഴുകും മൃദുസ്വനത്താൽ 
നിള നല്ലൊരു പാട്ടുകാരിപോലാം 
കളസംഗീതസുഖം ചെവിക്കണപ്പു 
(ഭാരതപ്പുഴ- വള്ളത്തോൾ)
പുഴയെക്കുറിച്ചുള്ള ഇത്തരം വരികളോ കുറിപ്പുകളോ ശേഖരിച്ച് അവതരിപ്പിക്കുക.
- കല്ലായിപ്പുഴ പ്രകൃതി കനിഞ്ഞു നൽകിയ ഒരു വരദാനമാണെന്ന് എൻ. പി. മുഹമ്മദ് തന്റെ കുട്ടിക്കാലത്ത് വിശ്വസിച്ചിരുന്നു. ഇത്രയും സൗന്ദര്യമുള്ളതും, തങ്ങളുടെ ജീവിതത്തിന്റെ തന്നെ ഭാഗവുമായ കല്ലായിപ്പുഴ പോലെ മറ്റൊരു പുഴയില്ലെന്നു അദ്ദേഹം വിശ്വസിച്ചു. പിന്നീട് ബാല്യം കഴിഞ്ഞപ്പോൾ അദ്ദേഹത്തിന് മറ്റു പല പുഴകളും കാണാനുള്ള അവസരം കിട്ടി. എല്ലാ പുഴകളും സുന്ദരമാണെന്നും, പ്രകൃതി കനിഞ്ഞു നൽകിയ വരദാനം തന്നെയാണ് ഓരോ പുഴയുമെന്നും അദ്ദേഹം തിരിച്ചറിഞ്ഞു. തന്റെ വിശ്വാസം തെറ്റാണെന്നു അദ്ദേഹത്തിന് അതോടെ ബോധ്യമായി. 

“ഇളനീരതിനൊത്ത തണ്ണീരിളകി
ക്കൊണ്ടാഴുകും മൃദുസ്വനത്താൽ 
നിള നല്ലൊരു പാട്ടുകാരിപോലാം 
കളസംഗീതസുഖം ചെവിക്കണപ്പു 
(ഭാരതപ്പുഴ- വള്ളത്തോൾ)
ഭാരതപ്പുഴയുടെ സൗന്ദര്യമാണ് വള്ളത്തോൾ തന്റെ കവിതയിലൂടെ വർണ്ണിക്കുന്നത്.
ഇളനീരുപോലെ തെളിഞ്ഞ മധുരമുള്ള ജലവുമേന്തി ഒഴുകുന്ന നിളയുടെ ശബ്ദം കാതിനു സുഖം പകരുന്ന സംഗീതമായി അദ്ദേഹത്തിന് തോന്നുന്നു. നിള ഒരു നല്ല പാട്ടുകാരികൂടിയാണെന്ന് അദ്ദേഹം തന്റെ വരികളിലൂടെ പറയുന്നു. ഓരോ പുഴയും അതിനെ സ്നേഹിക്കുന്നവർക്ക് ഏറ്റവും സുന്ദരമായി തോന്നും. ആ പുഴയോടുള്ള വൈകാരികമായ അടുപ്പമാണ് അതിനു കാരണം എന്ന് ഇതിൽ നിന്ന് നമുക്ക് മനസ്സിലാക്കാം.

പുഴയെക്കുറിച്ചുള്ള വരികൾ
പുഴവക്ക് ഒഴിഞ്ഞുകിടക്കുന്നു. ഒന്നും ഓർമിക്കാനാവാത്തതുപോലെ പുഴ വരണ്ടു കിടക്കുന്നു.അവസാനിക്കാത്ത മണൽത്തിട്ടിലൂടെ, പൂഴ്ന്നുപോകുന്ന കാലടികൾ വലിച്ചുവച്ചു നടക്കുന്നു.മലവെള്ളം സ്വപ്നംകണ്ടുണങ്ങിയ പുഴ, എന്റെ പുഴ,പിന്നിൽ ചോര വാർന്നുവീണ ശരീരം പോലെ ചലനമറ്റുകിടക്കുന്നു. 
- എംടി

പുലരിയിൽ പുഴ ഏറെ മനോഹരമാണ്. ചിതറിക്കിടക്കുന്ന കൊച്ചു കൊച്ചു പാറക്കൂട്ടങ്ങളിൽ പുഴ ചിന്നിച്ചിതറുമ്പോൾ സൂര്യരശ്മികൾ അതിൽ മഴവില്ല് തീർക്കും. അപ്പോൾ പുഴയ്ക്ക് മുകളിലൂടെ മറുകരയിലേക്ക് വേഴാമ്പൽക്കൂട്ടങ്ങൾ പറന്നുപോകുന്നതു കാണാം. മറുകരയിലെ പച്ചക്കാടുക ളിൽനിന്നും പിന്നെയും പുഴയ്ക്കു മുകളിലൂടെ താഴ്ന്നു പറന്നു വരുന്നവർ ഉണ്ട്. പൂമ്പാറ്റകളും തുമ്പികളും. പുഴയിലേക്ക് മനുഷ്യരെത്തുന്നതിനു മുൻപ് മീൻ തേടുന്ന നീർനായകളും നീർകാക്കകളും. അപ്പോൾ പുഴയ്ക്കും കാടിനും ഉദയസൂര്യൻ സ്വർണവർണം നൽകിയിട്ടുണ്ടാകും. എന്തൊരു ഭംഗി! ഈ മഹാസൗന്ദര്യം കാണുമ്പോൾ പുഴക്കരയിൽനിന്നും പിൻമാറാൻ തോന്നില്ല. വാഴച്ചാൽ പാലത്തിനടിയിൽക്കൂടി ചാലക്കുടിപ്പുഴ പിന്നെയും ഒഴുകിക്കൊണ്ടിരുന്നു.
- എൻ.എ. നസീർ

" എന്‍റെ പയ്ക്കന്നിന്നു നീര്‍ കൊടുതീടാതെ  
  എന്‍റെ പൊന്‍മാനിന്നു മീനു നല്‍കീടാതെ 
  എന്‍റെ മണ്ണിരകള്‍ക്ക് ചാലുനല്‍കീടാതെ
  കുസൃതി കുരുന്നുകള്‍ ജലകേളിയാടാതെ
  കുപ്പിവളതരുണി മുങ്ങിനീരാടാതെ 
  ആറ്റു വഞ്ചി കുഞ്ഞിനുമ്മ നല്‍കീടാതെ
  വയലുവാരങ്ങളില്‍ കുളിര് കോരീടാതെ
  എന്തിന്നു പുഴയെന്ന പേരുമാത്രം" 
(മുരുകന്‍ കാട്ടാകട: തിരികെയാത്ര)

'ആയിരം പാദസരങ്ങൾ കിലുങ്ങി
ആലുവാപ്പുഴ പിന്നെയുമൊഴുകി’
(വയലാർ. ചിത്രം: നദി).

പെരിയാറേ പെരിയാറേ
പർവ്വതനിരയുടെ പനിനീരേ
കുളിരുംകൊണ്ടു കുണുങ്ങി നടക്കും
മലയാളിപ്പെണ്ണാണു  നീ
ഒരു മലയാളിപ്പെണ്ണാണു നീ.
(വയലാർ. ചിത്രം: ഭാര്യ).

‘കരയുന്നോ പുഴ ചിരിക്കുന്നോ’
(പി. ഭാസ്കരൻ -ചിത്രം: ‘മുറപ്പെണ്ണ്‌’)



ഈ ബ്ലോഗിലെ എല്ലാ പോസ്റ്റുകളും ഒരുമിച്ച് കാണാനും ആവശ്യമുള്ളവ എളുപ്പത്തിൽ തിരഞ്ഞെടുക്കാനും ഇവിടെ ക്ലിക്കുക.

PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here