STD 6 അടിസ്ഥാനപാഠാവലി: തള്ളവിരലില്ലാത്ത ഗ്രാമം, പഠനപ്രവർത്തനങ്ങൾ - ചോദ്യോത്തരങ്ങൾ   


Questions and Answers for Class 6 Malayalam - Adisthana Padavali Unit 03 swathanthryam thanne jeevitham - thallaviralillatha gramam | Std 6 അടിസ്ഥാനപാഠാവലി: സ്വാതന്ത്ര്യം തന്നെ ജീവിതം: തള്ളവിരലില്ലാത്ത ഗ്രാമം - ആശയം - ചോദ്യോത്തരങ്ങൾ | Teachers Handbook
ആനന്ദ് 
• പ്രശസ്തനായ മലയാള നോവലിസ്റ്റും എഴുത്തുകാരനുമാണ് ആനന്ദ്‌ എന്നറിയപ്പെടുന്ന പി. സച്ചിദാനന്ദൻ.1936-ൽ ഒരു പ്രൈമറി സ്‌കൂൾ അധ്യാപകന്റെ മകനായി ഇരിങ്ങാലക്കുടയിൽ ജനിച്ചു.നോവൽ, കഥ, നാടകം, ലേഖനം, പഠനം തുടങ്ങിയ വിഭാഗങ്ങളിലായി ഇരുപതോളം കൃതികൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. കേന്ദ്ര-കേരള സാഹിത്യ അക്കാദമി അവാർഡുകൾ, വയലാർ അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്. ആൾക്കൂട്ടം, മരണസർട്ടിഫിക്കറ്റ്, ഉത്തരായനം, മരുഭൂമികൾ ഉണ്ടാകുന്നത്, ഗോവർധന്റെ യാത്രകൾ, അഭയാർഥികൾ, വ്യാസനും വിഘ്നശ്വരനും, അപഹരിക്കപ്പെട്ട ദൈവങ്ങൾ, വിഭജനങ്ങൾ, പരിണാമത്തിന്റെ ഭൂതങ്ങൾ, ദ്വീപങ്ങളും തീരങ്ങളും എന്നീ നോവലുകളും ഒടിയുന്ന കുരിശ്, ഇര, വീടും തടവും, സംവാദം, അശാന്തം, നാലാമത്തെ ആണി, സംഹാരത്തിന്റെ പുസ്തകം, ചരിത കാണ്ഡം എന്നീ കഥാസമാഹാരങ്ങളും ശവഘോഷയാത്ര, മുക്തിപഥം എന്നീ നാടകങ്ങളും ഇടവേളകളിൽ എന്ന ലേഖനസമാഹാരവുമാണ് പ്രധാന കൃതികൾ.

പുതിയ പദങ്ങൾ
• ഗുമസ്തൻ - കണക്കപ്പിള്ള
• ദല്ലാൾ - ഇടനിലക്കാരൻ
• തമ്പടിക്കുക - കൂടാരമുണ്ടാക്കി താമസിക്കുക
• കുരുടൻ - കണ്ണുകാണാത്തവൻ
• മുക്കാലി - കുറ്റക്കാരെ കെട്ടിയിട്ട് അടിക്കുന്നതിനുള്ള മൂന്ന് കാലുള്ള ഉപകരണം
• കച്ചേരി - നീതിന്യായക്കോടതി
• പ്രഹരിക്കുക - അടിക്കുക
• നിസ്സംഗത - ഒന്നിനോടും ചേരാത്ത അവസ്ഥ
• വൈകൃതം - വികൃതമാക്കപ്പെട്ടത്
• നിരുപദ്രവികൾ - ഉപദ്രവം ചെയ്യാത്തവർ

സമാനപദം എഴുതുക
• കൈ - ഹസ്തം, കരം, പാണി
• മനുഷ്യൻ - മാനവൻ, മർത്ത്യൻ, നരൻ
• വാതിൽ - കവാടം, ദ്വാരം, അരരം
• സ്ത്രീ - നാരി, വനിത, യോഷ

പദം വേർതിരിക്കുക
• ഗ്രാമത്തിലെത്തിയപ്പോഴേക്കും - ഗ്രാമത്തിൽ + എത്തി + അപ്പോഴേക്കും
• അടിച്ചേല്പിക്കുകയുമായിരുന്നു - അടിച്ച് + ഏല്പിക്കുകയും + ആയിരുന്നു
• നെയ്തുകൊടുത്തില്ലെങ്കിൽ - നെയ്ത് + കൊടുത്ത് + ഇല്ലെങ്കിൽ
• ഭയന്നുവെങ്കിലും - ഭയന്നു + എങ്കിലും

വായിക്കാം പറയാം
• ഗ്രാമത്തിലെത്തിയ ഗോവർധൻ കണ്ട കാഴ്ചകൾ എന്തെല്ലാമായിരുന്നു?
- വെയിൽ ചായുന്ന നേരത്താണ് ഗോവർധൻ ഗ്രാമത്തിലെത്തിയത്. ഏതോ ആപത്ത് വന്നതുപോലെ എല്ലായിടവും ബഹളമായിരുന്നു. ചന്തയിലെ കടകൾ ഭീതിയോടെ അടയ്ക്കുന്ന കച്ചവടക്കാർ. വില്ക്കാൻ വച്ചരുന്ന സാധനങ്ങളുമായി ഓടുന്ന ചിലർ. എടുത്തുകൊണ്ട് പോകാൻ പറ്റാത്ത അരി, ഗോതമ്പ് എന്നിവയുടെ കൂമ്പാരങ്ങൾ ചവിട്ടി മനുഷ്യർ പരക്കം പാഞ്ഞു. കളിച്ചു നടന്ന കുട്ടികളെ പരിഭ്രമത്തോടെ വിളിച്ചുവരുത്തുന്ന സ്ത്രീകൾ, വീട്ടുവാതിലുകൾ ഉറക്കെ അടച്ച് ഭദ്രമാക്കുന്ന ശബ്ദങ്ങൾ.

• ജനങ്ങൾ ധൃതിപിടിച്ച് ഓടിപ്പോകാൻ കാരണമെന്ത്?
- നദി തീരത്തെ ചന്തയിലേക്ക് കുറെ വഞ്ചികൾ വരുന്നത് കണ്ടു. അവയിൽ കമ്പനിയുടെ കൊടികൾ പറക്കുന്നു. വഞ്ചിയിൽ നിറയെ കച്ചവട സാധനങ്ങളാണ്. കമ്പനി ഓഫീസർമാരും ഗുമസ്തന്മാരും ദല്ലാളുകളും ആ കച്ചവട സാധനങ്ങൾ നാട്ടുകാർക്ക് വില്ക്കാൻ കൊണ്ടുവരുകയാണ്. എന്നിട്ട് നാട്ടുകാർ വില്ക്കാൻ വച്ചിരിക്കുന്നവ വാങ്ങുവാനുമാണ് കമ്പനിക്കാർ എത്തുന്നത്. കമ്പനിക്കാർ പറയുന്ന വിലയ്ക്ക് സാധനങ്ങൾ വാങ്ങാനും തങ്ങളുടെ ഉല്പന്നങ്ങൾ നിസ്സാരവിലയ്ക്ക് കൊടുക്കാനും നാട്ടുകാർ തയ്യാറല്ല. 

• ജനങ്ങളുടെ തള്ളവിരലുകൾ നഷ്ടപ്പെട്ട കഥ കണ്ടെത്തി അവതരിപ്പിക്കൂ.
- നാട്ടുകാർക്കാർക്കും തള്ളവിരൽ ഇല്ലായിരുന്നു. കേവലം നാലുവിരൽ മാത്രം. ഗോവർധൻ ഒരു സ്ത്രീയോട് വിരൽ നഷ്ടപ്പെട്ടകാര്യം ചോദിച്ചു. അവർ നെയ്ത്തുകാരാണ്. കമ്പനി ഓഫീസർമാരും ഗുമസ്തന്മാരും ഇടയ്ക്കിടെ ഗ്രാമത്തിലെത്തി കച്ചേരി വിളിക്കും. നെയ്യുന്ന വസ്ത്രങ്ങൾ കമ്പനിക്കാര് പറയുന്ന വിലയ്ക്ക് കൊടുക്കാൻ പറയും. കരാർ ഉണ്ടാക്കി കർശനമായി ഒപ്പിടാൻ അവർ കല്പിക്കും. ആ വ്യവസ്ഥ അനുസരിച്ച് വസ്ത്രം നെയ്തില്ലെങ്കിൽ മുക്കാലിയിൽ കെട്ടി മരിക്കുംവരെ മർദ്ദിക്കും. അതിൽനിന്ന് രക്ഷപെടാൻ ഗ്രാമവാ സികൾ തള്ളവിരൽ മുറിച്ച് ഗംഗയിലൊഴുക്കും. വസ്ത്രം നെയ്യാൻ തള്ളവിരൽ വേണമല്ലോ? 

• ഈ “വീട്ടിൽ വെട്ടം തരുന്നവരായിരുന്നു അവർ''-
ചക്കാട്ടുന്നവരെ ഇങ്ങനെ വിശേഷിപ്പിക്കാൻ കാരണമെന്ത്?
- പണ്ട് ചക്കിലാട്ടിയ വെളിച്ചെണ്ണയും പുന്നക്ക എണ്ണയുമാണ് വീടുകളിൽ ഉപയോഗിച്ചിരുന്നത്. തേങ്ങ ഉണക്കി ചക്കിലിട്ടാട്ടി വെളിച്ചെണ്ണ എടുക്കും. പുന്നക്ക തോടു കളഞ്ഞ് ഉണക്കി ചക്കിലിട്ടാട്ടി എണ്ണയെടുക്കുന്നു. ഈ എണ്ണ വിളക്ക് കത്തിക്കാൻ ഉപയോഗിക്കുന്നു. അതുകൊണ്ട് ചക്കാട്ടുന്നവരെ വീട്ടിൽ വെട്ടം തരുന്നവർ എന്നു പറയുന്നു.

വാക്യഭംഗി
• “രാത്രിയുടെ നേരിയ തണുപ്പ് ആ നിരപരാധികളുടെ ദുരിതങ്ങൾക്കു മീതെക്കൂടി, അവരെ തണുപ്പിക്കാനായി ശ്രമിച്ചുകൊണ്ട് ഇഴഞ്ഞു നടന്നു''.
“അവശേഷിച്ച വിരലുകളിൽ ജീവിതം ഒതുക്കി ഗ്രാമം മുന്നോട്ടുപോയി.” ഈ വാക്യങ്ങളെ ആകർഷകമാക്കുന്ന ഘടകങ്ങൾ എന്തെല്ലാം? ചർച്ചചെയ്യു.
- ഗ്രാമവാസികൾ നേരിടേണ്ടി വരുന്നത് കൊടിയ പീഡനങ്ങളായിരുന്നു. നിരപരാധികളായ ജനങ്ങളുടെ ദുരിതങ്ങളും, വേദനകളും മനസ്സിലാക്കിയിട്ടെന്ന പോലെ അവരുടെ സങ്കടങ്ങളെ തണുപ്പിക്കാൻ ശ്രമിച്ചു കൊണ്ട് ഇഴഞ്ഞു നടക്കുകയായിരുന്നു രാത്രിയുടെ ആ നേരിയ തണുപ്പ്. ദുരിതങ്ങൾ കൊണ്ട് ചൂടുപിടിച്ച ഗ്രാമവാസികളുടെ ജീവിതത്തിൽ അല്പമെങ്കിലും ആശ്വാസമേകാൻ രാത്രിയുടെ തണുപ്പിന് കഴിഞ്ഞിട്ടുണ്ടാകാം എന്ന് നമുക്ക് പ്രയോഗത്തിലൂടെ മനസിലാക്കാം.
കമ്പനിയുടെ ചൂഷണങ്ങളിൽ നിന്നും കൊടിയ പീഡനങ്ങളിൽ നിന്നും രക്ഷ നേടാനായാണ് ഗ്രാമത്തിലെ നെയ്ത്തുകാർ തള്ളവിരലുകൾ മുറിച്ചു കളഞ്ഞത്. തള്ളവിരൽ നഷ്ടപ്പെട്ട ജനങ്ങൾ നെയ്ത്തു ജോലി ഉപേക്ഷിച്ച് മറ്റു തൊഴിലുകൾ ചെയ്യേണ്ടി വന്നു. അവശേഷിച്ച വിരലുകളിൽ ജീവിതം ഒതുക്കി ഗ്രാമം മുന്നോട്ട് പോയി എന്ന വാക്യത്തിലൂടെ കമ്പനിയുടെ നിരന്തരമായ പീഢനം കാരണം സ്വന്തം തൊഴിലായ നെയ്ത്തു ഉപേക്ഷിച്ചു ദുരിതങ്ങൾ ഏറ്റുവാങ്ങി ജീവിക്കേണ്ടി വരുന്ന ഒരു കൂട്ടം ജനങ്ങളെ നമുക്ക് കാണാം.
കാര്യങ്ങൾ വിശദീകരിച്ചു പറയുന്നതിന് പകരം ഇത്തരം പ്രയോഗങ്ങളിലൂടെ ചുരുക്കിപ്പറയുമ്പോൾ അവ നമ്മുടെ മനസ്സിൽ കൂടുതൽ ആഴത്തിൽ പതിയുന്നു.

അഭിപ്രായക്കുറിപ്പ്
• “ഭർത്താവ് നഷ്ടപ്പെട്ടതിന്റെ കൊടിയ ദുഃഖത്തിലും നിരാശയിലുമാണെങ്കിലും വീട്ടിലെത്തിയ അപരിചിതന് അഭയം നൽകുന്ന സ്ത്രീ മനുഷ്യനന്മയുടെ ഉത്തമ മാതൃകയാണ്. ഈ പ്രസ്താവനയോട് നിങ്ങൾ യോജിക്കുന്നുണ്ടോ? എന്തുകൊണ്ട്? കുറിപ്പ് തയാറാക്കുക. 
- ഭർത്താവ് നഷ്ടപ്പെട്ടതിന്റെ കൊടിയ ദുഖത്തിലും നിരാശയിലുമാണെങ്കിലും വീട്ടിലെത്തിയ അപരിചിതന് അഭയം നൽകിയ സ്ത്രീ മനുഷ്യനന്മയുടെ ഉത്തമമാതൃകയാണ്. ഗോവർധന് അവർ അഭയം നൽകി എന്നത് ഇതിന് ഉദാഹരണമാണ്. ആദ്യം ഭയന്നുവെങ്കിലും അവൾ അയാൾക്ക് കുടിക്കാനുള്ള വെള്ളവും ഭക്ഷണവും നൽകി. ഭർത്താവ് നഷ്ടപ്പെട്ട സങ്കടത്തിലും അഭയാർഥിയായി വന്ന ഗോവർധനെ അവർ സംരക്ഷിക്കുന്നു. കൊടിയ ദുരിതങ്ങൾക്കിടയിലും നന്മയുടെ കണിക അവളുടെ ഉള്ളിൽ കെടാതെ എരിയുന്നുണ്ട് എന്ന് നമുക്കി പ്രവർത്തിയിലൂടെ മനസിലാക്കാം.



ഈ ബ്ലോഗിലെ എല്ലാ പോസ്റ്റുകളും ഒരുമിച്ച് കാണാനും ആവശ്യമുള്ളവ എളുപ്പത്തിൽ തിരഞ്ഞെടുക്കാനും ഇവിടെ ക്ലിക്കുക.

PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here