Kerala Syllabus Class 5 കേരളപാഠാവലി Chapter 01 - മണ്ണിന്റെ കിനാവുകൾ - ചോദ്യോത്തരങ്ങൾ 


Study Notes for Class 5 കേരള പാഠാവലി (ഇത്തിരിപ്പൂവേ കുരുന്നുപൂവേ) മണ്ണിന്റെ കിനാവുകൾ | Class 5 Malayalam - Kerala Padavali Questions and Answers - Chapter 01 Manninte kinavukal - മണ്ണിന്റെ കിനാവുകൾ - ചോദ്യോത്തരങ്ങൾ
ഇത്തിരിപ്പൂവേ കുരുന്നുപൂവേ
♦ മഴയും നോക്കി തിണ്ണയിൽ ഇരിക്കുമ്പോൾ തൊട്ടടുത്ത് മരക്കൊമ്പിൽ ഒരു പക്ഷി തണുത്തുവിറച്ചിരിക്കുന്നു. ഭംഗിയുള്ള ചിറകുകൾ ഇടയ്ക്കിടയ്ക്ക് കുടയുന്നു. എന്നെപ്പോലെ മഴക്കാഴ്ച പക്ഷിക്കും ഒരു രസം തന്നെ. 
ഇതിലെ ഏതെല്ലാം കാഴ്ചകളാണ് നിങ്ങൾക്കിഷ്ടമായത്? ചുവടെ എഴുതിനോക്കു 
 ചാഞ്ഞു പെയ്യുന്ന മഴ 
 മരത്തിന്റെ ഇലകളിൽ തട്ടി മഴത്തുള്ളികൾ താഴെ വീഴുന്നു.
 മുറ്റത്തെ മഴവെള്ളത്തിൽ കുഞ്ഞുവൃത്തങ്ങളുണ്ടാകുന്നത്.
 മഴവെള്ളത്തിൽ ഒഴുകിപ്പോകുന്ന കുഞ്ഞിലകൾ
• മഴവെള്ളം മണ്ണിൽ മറയുന്നു.

♦ പ്രകൃതിയിലെ എല്ലാ ജീവജാലങ്ങളും മണ്ണിനെ ആശ്രയിച്ചാണ് കഴിയുന്നത്. ആ മണ്ണ് എന്തെല്ലാം സ്വപ്നങ്ങൾ കാണുന്നുണ്ടാവും? 
വരണ്ടുണങ്ങിയ മണ്ണിൽ പുതുഴെ പെയ്ത് നനയുന്നത്, തന്നിൽ ഉറങ്ങിക്കിടന്ന വിത്തുകൾ ഓരോന്നായി മുള പൊട്ടുന്നത്. വേനലിൽ വാടിത്തളർന്ന മരങ്ങളും ചെടികളും പുതുജീവൻ ലഭിച്ചപോലെ ഉണർന്നെണീക്കുന്നത്. ഉണങ്ങിയ കൊമ്പിലാകെ തളിരിലകളും പൂമൊട്ടുകളും ഉണ്ടാകുന്നത്. മരങ്ങളിൽ നിറഞ്ഞ പൂക്കളും പഴങ്ങളും ഭക്ഷിക്കാൻ കിളികളും മറ്റു ജീവികളും എത്തുന്നത്. എല്ലാം മണ്ണ് സ്വപ്നം കാണുന്നുണ്ടാവാം.

ഈ ബ്ലോഗ് ഉടമയുടെ രേഖാമൂലമുള്ള അനുമതിയില്ലാതെ ഈ ബ്ലോഗിൽ നൽകിയിരിക്കുന്ന ചോദ്യോത്തരങ്ങൾ, ഇതേരീതിയിലോ പി.ഡി.എഫ് രൂപത്തിലോ, മറ്റേതെങ്കിലും ഡിജിറ്റലോ, പ്രിന്റഡ് ഉൾപ്പെടെയുള്ള ഏതെങ്കിലും രൂപങ്ങളിലേക്കോ മാറ്റി മറ്റൊരു വെബ്സൈറ്റിലോ, ബ്ലോഗിലോ, യുട്യൂബ്, സോഷ്യൽ മീഡിയാ ഗ്രൂപ്പുകളിലോ ഉൾപ്പെടെ ഒരിടത്തും പ്രചരിപ്പിക്കാൻ പാടില്ലാത്തതാകുന്നു.

മണ്ണിന്റെ കിനാവുകൾ - പി.മധുസൂദനൻ
പ്രശസ്ത ബാലസാഹിത്യകാരന്‍ പി മധുസൂദനന്‍ ശാസ്ത്രചിന്തയും കാവ്യഭംഗിയും ഒത്തിണങ്ങിയ കവിതകളിലൂടെ ശ്രദ്ധേയനായ കവിയാണ്. മുക്കുറ്റിപ്പൂവിനും ഒരാകാശമുണ്ടെന്നും ചോണനുറുമ്പിന് വഴിയിൽ കാണും കല്ലൊരു പർവതമാകുന്നുവെന്നും ഉയരെപ്പാറും കഴുകനു പാടം പച്ചക്കമ്പളമായി തോന്നുമെന്നുമുള്ള ലളിതമായ ആഖ്യാനങ്ങളിലൂടെ സാധാരണ പ്രകൃതി പാഠങ്ങൾ മുതൽ ആപേക്ഷികത പോലെ വലിയ ശാസ്ത്രതത്വങ്ങൾ വരെ കവിതയിലേക്ക് ഹൃദ്യമായി സന്നിവേശിപ്പിച്ച കവിയാണ് പി.മധുസൂദനൻ. വളയന്‍ചിറങ്ങര അരിമ്പാശേരി വീട്ടില്‍ കെ പി പടനായരുടേയും ശാന്തയുടേയും മകനാണ്. ശ്രീമൂലനഗരം ഹൈസ്‌കൂളില്‍ നിന്നും ഹെഡ്മാസ്റ്ററായി റിട്ടയര്‍ ചെയ്തു. ഭാര്യ: ശ്രീകല. മകള്‍: നന്ദന. മകന്‍: ശ്രീജിത്ത്.
കുട്ടികളില്‍ ശാസ്ത്രബോധം വളര്‍ത്താനുതകുന്നതായിരുന്നു അദ്ദേഹത്തിന്റെ കുഞ്ഞുകവിതകള്‍. പ്രപഞ്ചവും കാലവും, അതിന്നുമപ്പുറമെന്താണ്? മുക്കുറ്റിപ്പൂവിന്റെ ആകാശം, ഞാനിവിടെയുണ്ട്, ഭൂമി പാടുന്ന ശീലുകള്‍ തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ പ്രധാനകൃതികള്‍.
 'അതിന്നുമപ്പുറമെന്താണ്' എന്ന കവിത സംസ്ഥാന  ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പുരസ്‌കാരം നേടി. അബുദാബി ശക്തി അവാര്‍ഡ് ഉള്‍പ്പെടെ മറ്റ് നിരവധി പുരസ്‌കാരങ്ങളും അദ്ദേഹം നേടിയിട്ടുണ്ട്. കേരള ശാസ്ത്രസാഹിത്യ പരിഷത്ത്, ഗ്രന്ഥശാലാ സംഘം, പുരോഗമന കലാസാഹിത്യ സംഘം എന്നിവയുടെ സജീവ പ്രവര്‍ത്തകനായിരുന്നു.  

പദപരിചയം 
 കുരുത്ത - മുളച്ച 
 നുകർന്ന - ആസ്വദിച്ച 
 ലാളിക്കുക - ഓമനിക്കുക 
 ചേറ്റി - വിതറി, പരത്തി 
 പെറ്റ - ജനിച്ച 
 രാജമുദ്ര - രാജാധികാരത്തിന്റെ ചിഹ്നമായ കിരീടത്തെയാണ് സൂചിപ്പിക്കുന്നത്. (കവിതയിൽ കൃഷ്ണകിരീടം എന്ന പുവിനെയാണ് പരാമർശിക്കുന്നത്)
 വാനം - ആകാശം 
 മിഴി - കണ്ണ് 
 നീർക്കണം - വെള്ളത്തുള്ളി 
 ചാർത്തുക - അണിയുക 
 കിനാവ് - സ്വപ്നം 
♦ കവിതയിൽ ഏതെല്ലാം പൂക്കളെക്കുറിച്ചാണ് പറഞ്ഞിരിക്കുന്നത്?
മുക്കൂറ്റി, തുമ്പ, ജമന്തി, കോളാമ്പി, പനിനീർ, കൃഷ്‌ണകിരീടം, മുല്ല, വാടാമല്ലി 
നമുക്കും പൂക്കളാകാം 
♦ പൂക്കളുടെ പേരുള്ള ഗ്രുപ്പുകളായി മാറൂ.
നിങ്ങൾക്ക് ലഭിച്ച പുവിനെക്കുറിച്ച് കവിതയിൽ പറഞ്ഞിട്ടുള്ള വരികൾ കണ്ടെത്തി അവതരിപ്പിക്കൂ. അവയുടെ സവിശേഷതകളും അവതരണത്തിൽ ഉൾപ്പെടുത്തുക.
 മുക്കൂറ്റി - 'പൊൻവെയിലിൽ കുരുത്ത മുക്കൂറ്റികൾ'
കേരളത്തിലെ പാതയോരങ്ങളിലും പറമ്പുകളിലും തണലുള്ള പ്രദേശങ്ങളിൽ കാണുന്ന മഞ്ഞനിറമുള്ള കുഞ്ഞുപൂക്കളാണ് ഞങ്ങൾ. കവികളും സാഹിത്യകാരും ഞങ്ങളെ കേരളീയ ഗ്രാമീണതയുടെ ബിംബമായി കണക്കാക്കാറുണ്ട്. ഔഷധ ഗുണമുള്ള ഞങ്ങൾ ദശപുഷ്പങ്ങളിൽപെടുന്നു. 

 തുമ്പ - 'പൂനിലാവ് നുകർന്ന പൂത്തുമ്പകൾ' 
അത്തപ്പൂക്കളത്തിലെ രാജാവെന്നാണ് വിനയത്തിന്റെ പ്രതീകമായ ഞങ്ങൾ അറിയപ്പെടുന്നത്. നാട്ടിൻപുറങ്ങളിലെല്ലാം സാധാരണയായി ഞങ്ങളെ കാണാം. ഞങ്ങളുടെ ഇലയും വേരും പൂവും എല്ലാം ഔഷധമായി ഉപയോഗിക്കുന്നു.

 ജമന്തി - 'സന്ധ്യ നെഞ്ചത്തെടുത്തു ലാളിച്ചതിൻ 
ചന്തമാകെപ്പകർന്ന ജമന്തികൾ' 
മഞ്ഞയും, വെള്ളയും, ഓറഞ്ചും നിറങ്ങളിൽ കാണുന്ന ഞങ്ങൾ നല്ല സുഗന്ധമുള്ളവരാണ്. നല്ല വെയില്‍ ഇഷ്ടപ്പെടുന്ന ഞങ്ങൾ ഏതു മണ്ണിലും വളരും. മാലകെട്ടാനും, അത്തപ്പൂക്കളമിടാനുമെല്ലാം ഞങ്ങൾ വേണം. 
 
 കോളാമ്പി - 'മഞ്ഞ നക്ഷത്രമെന്നപോൽ വേലിയിൽ 
മഞ്ഞണിഞ്ഞു വിരിഞ്ഞ കോളാമ്പികൾ'
പൂന്തോട്ടത്തിലും, മുറ്റത്തും, വേലിക്കലുമൊക്കെ മഞ്ഞ നിറത്തിൽ വിരിഞ്ഞു നിൽക്കുന്ന ഞങ്ങൾ നല്ല ഭംഗിയുള്ളവരാണ്. എന്നും പൂക്കുന്ന ഞങ്ങൾ ചില്ലകളുടെ അറ്റത്ത് കുലകളായാണ് കാണുന്നത്.  

 പനിനീർ - 'കാറ്റിലേക്കു സുഗന്ധമെല്ലായ്‌പ്പോഴും 
ചേറ്റിനിൽക്കും പനിനീർ മലരുകൾ'
നല്ല ഭംഗിയും സുഗന്ധവുമുള്ള ഞങ്ങൾ പലനിറങ്ങളിൽ കാണപ്പെടുന്നു. ഞങ്ങളുടെ പൂവിതളിൽ നിന്ന് നല്ല സുഗന്ധമുള്ള പനിനീർ ഉണ്ടാക്കുന്നു.

• കുരുക്കുത്തിമുല്ല - 'രാത്രി പെറ്റ കുരുക്കുത്തിമുല്ലകൾ' 
നല്ല സുഗന്ധമുള്ള ഞങ്ങൾ രാത്രിയിൽ വിരിയുന്നവരാണ്. വെള്ളനിറമുള്ള ഞങ്ങൾ ശലഭങ്ങളെ ആകർഷിക്കുന്നു. 

 കൃഷ്‌ണകിരീടം - 'രാജമുദ്രയണിഞ്ഞ ചെന്താരുകൾ'
നാട്ടിൻ പുറങ്ങളിൽ ഓണക്കാലത്ത് കാണപ്പെടുന്ന സുന്ദരിപ്പൂവാണ് ഞങ്ങൾ. കിരീടത്തിന്റെ ആകൃതിയിൽ കാണപ്പെടുന്ന പൂങ്കുലയാണ് ഞങ്ങളുടേത്.
 
• വാടാമല്ലി - 'ഭൂമി ചാർത്തിയ കുങ്കുമമപ്പൊട്ടുപോൽ
 തൂമയേറിടും വാടാമലരുകൾ' 
പേരുപോലെ ഏറെദിവസങ്ങൾ വാടാതെ നിൽക്കുന്നവരാണ് ഞങ്ങൾ. മാലകെട്ടാനും, ഓണപ്പൂക്കളമിടാനുമൊക്കെ ഞങ്ങളെ ഉപയോഗിക്കുന്നു.

ഓർത്തുചൊല്ലാം 
♦ കവിതയിൽ ആദ്യം പറഞ്ഞത് ഏതു പൂവിനെക്കുറിച്ചാണ്? 
കവിതയിൽ ആദ്യം പറഞ്ഞത് മുക്കൂറ്റിയെക്കുറിച്ചാണ് 
മുക്കൂറ്റി - 'പൊൻവെയിലിൽ കുരുത്ത മുക്കൂറ്റികൾ'

♦ ഓരോ പൂവിനെക്കുറിച്ച് പറഞ്ഞത് ഓർത്തുചൊല്ലൂ. താഴെനൽകിയിരിക്കുന്നത് കാണുക.
 തുമ്പ - 'പൂനിലാവ് നുകർന്ന പൂത്തുമ്പകൾ' 
 ജമന്തി - 'സന്ധ്യ നെഞ്ചത്തെടുത്തു ലാളിച്ചതിൻ 
ചന്തമാകെപ്പകർന്ന ജമന്തികൾ' 
 കോളാമ്പി - 'മഞ്ഞ നക്ഷത്രമെന്നപോൽ വേലിയിൽ 
മഞ്ഞണിഞ്ഞു വിരിഞ്ഞ കോളാമ്പികൾ'
 പനിനീർ - 'കാറ്റിലേക്കു സുഗന്ധമെല്ലായ്‌പ്പോഴും 
ചേറ്റിനിൽക്കും പനിനീർ മലരുകൾ'
• കുരുക്കുത്തിമുല്ല - 'രാത്രി പെറ്റ കുരുക്കുത്തിമുല്ലകൾ' 
 കൃഷ്‌ണകിരീടം - 'രാജമുദ്രയണിഞ്ഞ ചെന്താരുകൾ'
• വാടാമല്ലി - 'ഭൂമി ചാർത്തിയ കുങ്കുമമപ്പൊട്ടുപോൽ
 തൂമയേറിടും വാടാമലരുകൾ' 

പൂക്കളോടൊപ്പം 
പൂക്കൾ മണ്ണിന്റെയോമൽക്കിനാവുകൾ 
പൂക്കൾ ജീവന്റെ പ്രേമപ്രതീക്ഷകൾ!
♦ പൂക്കളെക്കുറിച്ച് കവിതയിൽ പൊതുവായി പറയുന്ന കാര്യങ്ങൾ കണ്ടെത്തിയെഴുതുക.  
കവിതയുടെ ആദ്യഭാഗത്ത് പലതരത്തിലുള്ള പൂക്കളെക്കുറിച്ചുള്ള വർണ്ണനകളാണ് നൽകിയിരിക്കുന്നത്. പിന്നീട്  കവി പൂക്കളുടെ മഹത്വത്തെ വാഴ്ത്തിപ്പാടുന്നു. എല്ലാദിവസവും എത്രയോ പൂക്കളാണ് ഭൂമിയുടെ മക്കളായി പിറക്കുന്നത് എന്ന് പറയുന്നതിലൂടെ ഭൂമിയുടെ മക്കളാണ് പൂക്കൾ എന്ന് കവി വിശ്വസിക്കുന്നു. ഓരോ പൂക്കൾക്കും എന്തെങ്കിലുമൊക്കെ സവിശേഷതകൾ കാണാം. നീലാകാശം കണ്ണിലുള്ളവർ, വെള്ളത്തുള്ളികൾ കൊണ്ട് മാല ചാർത്തുന്നവർ, ഏത് ചൂടിലും വാടാതെ നിൽക്കുന്നവർ, ഏത് ഇരുട്ടിലും പുഞ്ചിരിക്കുന്ന പൂക്കൾ. അവ ജീവിതത്തിൽ പ്രേമവും പ്രതീക്ഷയും നൽകുന്നു.
പൂക്കളും നമ്മളും 
നീലവാനം മിഴികളിലുള്ളവർ 
നീർക്കണങ്ങളാൽ മാലചാർത്തുന്നവർ 
ഏത് ചൂടിലും വാടാതെ നിൽപ്പവർ 
എതിരുട്ടിലും മന്ദഹസിപ്പവർ ...
♦ ഈ വരികളിൽ പൂക്കളുടെ സവിശേഷതകൾക്കൊപ്പം മറ്റെന്തെല്ലാം കാര്യങ്ങളാണ് പറയാനുള്ളത്? ചർച്ച ചെയ്ത കുറിപ്പ് തയ്യാറാക്കുക.
നീലവാനം മിഴികളിൽ ഉള്ളവരാണ് ഭൂമിയുടെ മക്കളായി പിറക്കുന്ന പൂക്കൾ. നിറം, വിശാലത, ഭംഗി എന്നിവയാണ് നീലവാനത്തിന്റെ സവിശേഷതകൾ. എല്ലാം കാണാനും അറിയാനുമുള്ള കുട്ടികളുടെ കൗതുകവും അത് നൽകുന്ന ഭംഗിയുമാണ് നീലവാനം മിഴികളിലുള്ളത് എന്നതുകൊണ്ട് അർത്ഥമാക്കുന്നത്. മഞ്ഞുതുള്ളികൾ വീണുകിടക്കുന്ന പൂക്കളുടെ ഭംഗിയാണ് നീർക്കണങ്ങളാൽ മാല ചാർത്തുന്നവർ എന്ന വരികളിലുള്ളത്. സങ്കടകരമായ സാഹചര്യങ്ങളിലൂടെ കടന്നുപോകുന്ന കുട്ടികളെക്കുറിച്ചാണ് ഇവിടെ സൂചന. ഏതു ചൂടിലും വാടാതെ നിൽക്കുന്ന പൂക്കളുണ്ട്. അതുപോലെ ഏതു പ്രതിസന്ധിയിലും തളരാതെ കരുത്തോടെ നിൽക്കുന്ന മനുഷ്യരുമുണ്ട്. ഇരുട്ടിൽ പുഞ്ചിരി തൂകിനിൽക്കുന്ന പൂക്കളെക്കുറിച്ചാണ് അടുത്തവരിയിൽ കവി പറയുന്നത്. ഏതു ദുഃഖത്തെയും ഉള്ളിലൊതുക്കി ചിരിയിലൂടെ അതിനെ മറികടക്കുന്നവരെയാണ് ഈ വരികകളിൽ കാണുന്നത്. പൂക്കളിൽനിന്നും മനുഷ്യരിലേക്ക് പടരുന്നതാണ് കവിയുടെ ചിന്തകൾ എന്ന് കവിതാഭാഗത്തു നിന്നും മനസ്സിലാക്കാം.

ആസ്വാദനക്കുറിപ്പിലേക്ക് 
♦ മണ്ണിന്റെ കിനാവുകൾ എന്ന കവിത ഇഷ്ടമായല്ലോ. നിങ്ങൾ മനസിലാക്കിയ കാര്യങ്ങൾ ഉൾപ്പെടുത്തി താഴെക്കൊടുത്ത മനോപടം പൂർത്തിയാക്കു.
• കവിയെക്കുറിച്ച് 
പ്രശസ്ത ബാലസാഹിത്യകാരന്‍ പി മധുസൂദനന്‍ ശാസ്ത്രചിന്തയും കാവ്യഭംഗിയും ഒത്തിണങ്ങിയ കവിതകളിലൂടെ ശ്രദ്ധേയനായ കവിയാണ്. മുക്കുറ്റിപ്പൂവിന്റെ ആകാശം, ഞാനിവിടെയുണ്ട്, ഭൂമി പാടുന്ന ശീലുകള്‍ തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ പ്രധാനകൃതികള്‍.

• പദങ്ങളും പദപ്രയോഗങ്ങളും 
പൊൻവെയിലിൽ കുരുത്ത മുക്കൂറ്റികൾ
രാജമുദ്രയണിഞ്ഞ ചെന്താരുകൾ
സന്ധ്യ നെഞ്ചത്തെടുത്തു ലാളിച്ചു 
നീലവാനം മിഴികളിലുള്ളവർ 
മണ്ണിന്റെയോമൽക്കിനാവുകൾ 
നീർക്കണങ്ങളാൽ മാല ചാർത്തുന്നവർ

• പ്രധാന ആശയങ്ങൾ 
ഭൂമിയുടെ മക്കളായി പിറക്കുന്ന പൂക്കളുടെ സവിശേഷതകൾ 
ഓരോ പൂവിനും നിറവും ആകൃതിയും നൽകുന്നത് പ്രകൃതി തന്നെയാണ്.
പൂക്കൾ നൽകുന്ന ചിന്തകൾ, അവ ജീവിതത്തിൽ പ്രേമവും പ്രതീക്ഷയും നൽകുന്നു.

♦ മനോപടത്തിന്റെ സഹായത്തോടെ ആസ്വാദനക്കുറിപ്പ് തയ്യാറാക്കുക.നല്ലൊരു പേരു നല്കുമല്ലോ.
പ്രശസ്ത ബാലസാഹിത്യകാരന്‍ പി മധുസൂദനന്‍ ശാസ്ത്രചിന്തയും കാവ്യഭംഗിയും ഒത്തിണങ്ങിയ കവിതകളിലൂടെ ശ്രദ്ധേയനായ കവിയാണ്. മണ്ണിന്റെ കിനാവുകൾ എന്ന കവിതയിൽ മണ്ണിന്റെ സ്വപ്നങ്ങളും പ്രതീക്ഷകളുമായ പലതരം പൂക്കളെക്കുറിച്ചാണ് പറയുന്നത്. ഓരോ പുവിനെയും കവി പ്രത്യേകമായി വിശേഷിപ്പിക്കുന്നു. പൊൻവെയിലിൽ കുരുത്ത മുക്കുറ്റി. പൂനിലാവു നുകർന്ന പൂത്തുമ്പ എന്നിങ്ങനെയാണ് വിശേഷങ്ങൾ. ഈ വിശേഷണങ്ങളെല്ലാം പൂക്കൾക്കിണങ്ങുന്നവയാണ്. മണ്ണിന്റെ മക്കളാണ് പൂക്കൾ. ഓരോ പൂക്കൾക്കും നിറവും, ആകൃതിയും, മണവും നൽകുന്നത് പ്രകൃതി തന്നെയാണ്. മക്കളെക്കുറിച്ച് മണ്ണ് കിനാവ് കാണുന്നു. ആരിലും സന്തോഷവും പ്രതീക്ഷയും സ്നേഹവും നിറയ്ക്കാൻ പൂക്കൾക്കു കഴിയും. ധാരാളം പൂക്കൾ ഭൂമിയുടെ മക്കളായി നിത്യവും പിറക്കുന്നുണ്ട്. ചില പൂക്കൾ നീലാകാശം കണ്ണിലുള്ളവരാണ്, വെള്ളത്തുള്ളികൾ കൊണ്ട് മാല ചാർത്തുന്നവരും, ഏത് ചൂടിലും വാടാതെ നിൽക്കുന്നവരുമുണ്ട്, ചില പൂക്കൾ ഏത് ഇരുട്ടിലും പുഞ്ചിരിക്കുന്നവരാണ്. പരസ്പരസ്നേഹത്തിന്റെയും, സഹകരണത്തിന്റെയും, പ്രതിസന്ധികളെ അതിജീവിച്ച് മുന്നേറുന്നവരുടെയുമൊക്കെ പ്രതീകങ്ങളാണ് ഈ കവിതയിലെ പൂക്കൾ. ഓരോ പൂവും അവരുടെ ജീവിതം കൊണ്ട് നമുക്ക് സന്ദേശങ്ങൾ നൽകുന്നു. ഇത് നമ്മൾ ജീവിതത്തിൽ പകർത്തേണ്ടതാണ്. നമ്മുടെ ജീവിതത്തിലുണ്ടാകുന്ന ഓരോ പ്രശ്നങ്ങളെയും തളരാതെ നേരിടാൻ നമുക്ക് കഴിയണം. 
ആശയം, പ്രയോഗഭംഗി, മനോഹരമായ വർണന എന്നിവകൊണ്ടെല്ലാം സമ്പന്നമാണ് ഈ കവിത. ചുറ്റുപാടുകളെ നിരീക്ഷിക്കാനും പ്രകൃതിസ്നേഹം നിലനിർത്താനും നമ്മെ പ്രചോദിപ്പിക്കുന്ന കവിതയാണിത്. പ്രകൃതിയിൽ എല്ലാം പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു എന്ന സന്ദേശവും കവിത നൽകുന്നു.

👉മലയാളം മറ്റ് യൂണിറ്റുകളുടെ ചോദ്യോത്തരങ്ങൾക്കായി ഇവിടെ ക്ലിക്കുക 
👉Class V Malayalam Textbook (pdf) - Click here 


ഈ ബ്ലോഗിലെ എല്ലാ പോസ്റ്റുകളും ഒരുമിച്ച് കാണാനും ആവശ്യമുള്ളവ എളുപ്പത്തിൽ തിരഞ്ഞെടുക്കാനും ഇവിടെ ക്ലിക്കുക.

PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here