Kerala Syllabus Class 5 അടിസ്ഥാന പാഠാവലി Chapter 01 - റ്റോമോയിലെ കായികമേള - ചോദ്യോത്തരങ്ങൾ
Study Notes for Class 5 അടിസ്ഥാന പാഠാവലി (കളിയല്ല കളി) റ്റോമോയിലെ കായികമേള | Class 5 Malayalam - Adisthana Padavali Questions and Answers - Chapter 01 Tomoyile kayikamela - റ്റോമോയിലെ കായികമേള - ചോദ്യോത്തരങ്ങൾ
കളിയല്ല കളി
♦ ഒരു കുട്ടിയുടെ കളിയനുഭവം വായിച്ചുവല്ലോ (പാഠപുസ്തകം പേജ് നമ്പർ: 7? നിങ്ങളും ധാരാളം കളിക്കുന്നവരാണ്. വീട്ടിലും സ്‌കൂളിലും കൂട്ടുകാരോടൊത്ത് നിങ്ങൾ കളിക്കാറുണ്ട്. വീട്ടിൽ ഒറ്റയ്ക്കും ചില കളികൾ കളിച്ചിട്ടുണ്ടാവാം. നിങ്ങളുടെ ഏതെങ്കിലും ഒരു കളിയനുഭവം പറഞ്ഞുനോക്കിയാലോ? എല്ലാവരും പറയണേ.
വേനലവധിക്ക് സ്‌കൂൾ അടച്ചമ്പോൾ വീടിനടുത്തുള്ള വയലിൽ കൂട്ടുകാരുമൊത്ത് ഫുട്ബോളിന്റെ പിന്നാലെ ഓടിയതിന്റെ ഓർമകൾ മനസ്സിൽ തെളിഞ്ഞുവരുന്നു. വയലിൽ ഫുട്ബോൾ കളിക്കുമ്പോൾ റഫറിമാരായി നിൽക്കാറുള്ളതു ഞങ്ങളുടെ വീടിനടുത്തുള്ള രണ്ട് ചേട്ടന്മാരാണ്. അവർ രണ്ടുപേരും നല്ല കളിക്കാരായിരുന്നു. വലിയവരുടെ ഫുട്ബോൾ മത്സരമുണ്ടാകുമ്പോൾ എതിർ ടീമുകളുടെ ക്യാപ്റ്റന്മാരായി അവർ രണ്ടുപേരും കളിക്കാനിറങ്ങും. ഞങ്ങൾ കുട്ടികളുടെ ഫുട്ബോൾ ആവേശത്തിന് അവരായിരുന്നു പ്രചോദനം.
ആദ്യമൊന്നും ഞാൻ ഒരു നല്ല കളിക്കാരനായിരുന്നില്ല. എങ്കിലും എങ്ങനെയെങ്കിലും ഞാൻ ഒരു ടീമിൽ കയറിക്കൂടി. ആദ്യം ഗോളിയായിട്ടായിരുന്നു എന്നെ നിയോഗിച്ചത്. എതിർ ടീമിന്റെ പന്ത് മറ്റു കളിക്കാരുടെ കാൽപ്പാദങ്ങൾക്കിടയിലൂടെ ഒഴിഞ്ഞു മാറി ഗോൾപോസ്റ്റിനു നേരെ വരുമ്പോൾ ഞാൻ വലിയ കരുതലോടെ നിൽക്കും. എന്നാൽ ഗോൾ പോസ്റ്റിനു നേരെ വരുന്ന പന്തു മിക്കപ്പോഴും എന്നെപ്പറ്റിച്ചു കടന്നുപോകും. എനിക്കു വലിയ നിരാശ തോന്നും, ഒടുവിൽ അവരെന്നെ ഗോൾ പോസ്റ്റിൽ നിന്നു മാറ്റി. വലിയ ക്ഷീണമായിപ്പോയി എനിക്കത്. പിന്നീട് വലത് വിങ്ങിലും ഇടത് വിങ്ങിലും ഞാൻ മാറിമാറി കളിച്ചു. എതിരാളിയുടെ കാലിൽനിന്നു പന്തുപിടിച്ചു പാസ് ചെയ്തു കൊടുക്കുന്നതിൽ ഞാൻ ആദ്യമൊക്കെ പരാജയപ്പെട്ടു. ഒടുവിൽ ഞാൻ കളിക്കാൻ പഠിച്ചു. ഇപ്പോൾ ഞാൻ നല്ലൊരു ഫുടബോൾ കളിക്കാരനാണ്.
ടോട്ടോച്ചാൻ - തെത്സുകോ കുറോയാനഗി
ജാപ്പനീസ് എഴുത്തുകാരിയായ തെത്സുകോ കുറോയാനഗിയാണ് ”ടോട്ടോ ചാന്‍, ജനാലക്കരികിലെ വികൃതിക്കുട്ടി” എന്ന പുസ്തകത്തിന്‍റെ രചയിതാവ്. ജപ്പാനില്‍ ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെട്ട ഈ പുസ്തകം ലോകമെമ്പാടുമുള്ള ഭാഷകളിലേക്ക് തര്‍ജമ ചെയ്യപ്പെട്ടിട്ടുണ്ട്. ടോട്ടോചാൻ എന്ന ആത്മകഥ അവരെ പ്രശസ്തിയുടെ നെറുകയിലെത്തിച്ചു. ചലച്ചിത്ര നടിയും, ടെലിവിഷൻ അവതാരകയുമായ തെത്സുകോ കുറോയാനഗി ജപ്പാനിലെ ടോക്കിയോയിൽ 1933 ഓഗസ്റ്റ് 9 ന് ജനിച്ചു . യുനെസ്കോയുടെ ഗുഡ് വിൽ അംബാസിഡർ, വേൾഡ് വൈൽഡ് ഫണ്ടിന്റെ ഉപദേശക എന്ന പദവികളും വഹിക്കുന്നുണ്ട്. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ പ്രശസ്തയായ അവർ അന്താരാഷ്ട്ര അംഗീകാരം നേടിയ ആദ്യത്തെ ജാപ്പനീസ് താരങ്ങളിൽ ഒരാളായി കണക്കാക്കപ്പെടുന്നു.
ടോട്ടോച്ചാൻ മലയാളത്തിലേക്ക് തര്‍ജമ ചെയ്തിരിക്കുന്നത് അന്‍വര്‍ അലിയാണ്. തെത്സുകോ കുറോയാനഗി തന്‍റെ മറക്കാനാവാത്ത കുട്ടിക്കാല അനുഭവങ്ങളെ അതിന്‍റെ നിഷ്‌കളങ്കത ഒട്ടും ചോര്‍ന്നുപോകാതെ വരച്ചിടുകയാണ് ഈ പുസ്തകത്തില്‍ ചെയ്തിരിക്കുന്നത്. ഒരു കുട്ടിയുടെ കൗതുകങ്ങളെ തീരെ മനസിലാക്കാക്കാനാവാത്ത ആദ്യ സ്‌കൂളിലെ അധ്യാപിക അവളുടെ ആകാംഷകളെയും കൗതുകങ്ങളെയും വലിയ കുറ്റങ്ങളായി അമ്മയ്ക്ക് മുന്‍പില്‍ അവതരിപ്പിച്ചപ്പോള്‍ അവള്‍ക്കായി വേറെ നല്ല സ്‌കൂള്‍ കണ്ടു പിടിക്കാന്‍ കുഞ്ഞു ടോട്ടോയുടെ അമ്മ തീരുമാനിക്കുന്നു. പഴയ തീവണ്ടി കോച്ചുകളില്‍ നടത്തിയിരുന്ന, പ്രകൃതിയോടു ഇണങ്ങി നില്‍ക്കുന്ന ‘റ്റോമോ’ എന്ന വിദ്യാലയം മകള്‍ക്കായി അമ്മ കണ്ടെത്തുന്നതോടെ ടോട്ടോചാന്‍റെ ജീവിതം മനോഹരമാകുന്നു. അവളുടെ ഭാവനക്കനുസരിച്ച് ഒരു ചിത്രശലഭത്തെ പോലെ പാറിപ്പറക്കാനുള്ള സ്വാതന്ത്ര്യം ആ സ്‌കൂള്‍ അനുവദിച്ചു നല്‍കുന്നു. പ്രധാന അധ്യാപകനായ കൊബായാഷി മാസ്റ്ററുമായുള്ള ആദ്യ കൂടിക്കാഴ്ച അത്യന്തം മനോഹരമായി കഥാകാരി വിവരിച്ചിരിക്കുന്നു. ആ കുട്ടിയുടെ മനസിലുള്ളതൊക്കെ തുറന്നുപറയാന്‍ അവസരം നല്‍കുകയും അവളുടെ ഓരോ വാക്കുകളും അത്യന്തം ക്ഷമയോടെയും ഉത്സാഹത്തോടെയും കേട്ടിരിക്കുകയും ചെയ്ത മാസ്റ്റര്‍ കുഞ്ഞു ടോട്ടോച്ചാണ് ഒരു അത്ഭുതം ആയിരുന്നു.
ഈ ഗ്രന്ഥം ലോകവ്യാപകമായി വിദ്യാഭ്യാസ വിപ്ലവത്തിനു വഴി തെളിച്ചു. ടോട്ടോചാന്‍ എന്ന വികൃതിയായ പെണ്‍കുട്ടിയുടെ അനുഭവങ്ങളിലൂടെ നമുക്ക് വിദ്യാഭ്യാസത്തിന്റെ പുതിയ മാനങ്ങള്‍ ഈ കൃതി കാട്ടിത്തരുന്നു. കൊബായാഷി മാസ്റ്ററുടെ പ്രിയപ്പെട്ട വിദ്യാര്‍ത്ഥിയായി ടോട്ടോചാന്‍ ഈ അനുഭവകഥയില്‍ നിറഞ്ഞു നില്‍ക്കുന്നു. ലോകമെമ്പാടുമുള്ള വായനക്കാര്‍ ടോട്ടോചാനെ നെഞ്ചിലേറ്റിയത് ഒരു സാധാരണ അനുഭവകഥ എന്ന നിലക്കായിരുന്നില്ല, മറിച്ച് വിദ്യാഭ്യാസത്തിന്റെ പുതിയ മാനങ്ങള്‍ നിറഞ്ഞ ഒരു വിദ്യാഭ്യാസ പുസ്തകം എന്ന നിലക്കാണ്. പല രാജ്യങ്ങളിലേയും അധ്യാപന പരിശീലന കോളേജുകളില്‍ ടോട്ടോചാന്‍ ഒരു പഠനവിഷയമാണ്.
പദപരിചയം
• അപൂർവത - മുമ്പില്ലാത്ത സ്ഥിതി, അസാധാരണത്വം
• വിപുലം - വിസ്താരമുള്ള
• സാമഗ്രി - സാധനം, ഉപകരണം
• ഇനം - തരം
• സുലഭം - ധാരാളമായി കിട്ടുന്നത്
• ഉദരം - വയറ്
• ദൈർഘ്യം - നീളം
• ദിഗ് ഭ്രമം - ദിക്കുകൾ തിരിച്ചറിയാത്ത അവസ്ഥ
• നിർണ്ണയിക്കുക - നിശ്ചയിക്കുക
• കൈലേസ് - തൂവാല, ടൗവൽ
• അർദ്ധവൃത്താകാരം - പകുതി വൃത്തത്തിന്റെ ആകൃതി
• ഊഴം - അവസരം
• സുപരിചിതം - നന്നായി പരിചയമുള്ള
• പ്രതിരൂപങ്ങൾ - പ്രതിബിംബങ്ങൾ
• അവിശ്വസനീയം - വിശ്വസിക്കാൻ കഴിയാത്തത്
• നൊടിനേരം - അല്പസമയം
• നൂഴ്ന്നുകയറ്റം - കുനിഞ്ഞ് കയറൽ
• കുരുടിച്ച - കുറുകിയ, വളർച്ചയില്ലാത്ത
• പരമാവധി - അങ്ങേയറ്റം
• അടിയറവ് - തോൽവി
വായിക്കാം കണ്ടെത്താം
♦ റ്റോമോസ്‌കൂളിലെ കായികമേളയുടെ സവിശേഷതകൾ കണ്ടെത്തി എഴുതൂ.
മറ്റ് എലിമെന്ററി സ്‌കൂളുകളിൽ നടത്തിയിരുന്ന മത്സരങ്ങളിലെ വടംവലിയും, മൂന്നുകാലിലോട്ടവും മാത്രമായിരുന്നു റ്റോമോസ്‌കൂളിലെ കായികമേളയിലുൾപ്പെടുത്തിയിരുന്നത്. അവ കൂടാതെ പുതിയ ചില മത്സരങ്ങൾ കൊബായാഷി മാസ്റ്റർ കണ്ടുപിടിച്ചിരുന്നു. വലിയ കായികസാമഗ്രികളൊന്നും ആവശ്യമില്ലാത്ത മത്സരങ്ങളായിരുന്നു അവ. മീൻവായിലോട്ടം ഉദാഹരണം. മീനിന്റെ ആകൃതിയിൽ നിർമ്മിച്ച കുഴലിന്റെ ഉള്ളിലൂടെ കടന്ന് വാലറ്റത്തുടെ തിരിച്ചിറങ്ങുന്ന രസകരമായ കളിയായിരുന്നു അത്. വടംവലി മത്സരത്തിൽ വടം ആഞ്ഞുവലിച്ച് ആർപ്പുവിളിയുമായി കൊബായാഷിമാസ്റ്ററും മറ്റധ്യാപകരും കുട്ടികളോടൊപ്പം കൂടും. വടംവലിയിൽ പങ്കെടുക്കാനാകാത്ത യാസ്വാക്കിച്ചാനെപോലുള്ള കുട്ടികൾ മത്സരം നിയന്ത്രിക്കുന്ന ചുമതല ഏറ്റെടുക്കും. സ്‌കൂളിലെ മുഴുവൻ പേരും പങ്കെടുക്കുന്ന റിലേ ഓട്ടവും വ്യത്യസ്തമാണ്. ആരും ദീർഘദൂരം ഓടേണ്ടതില്ല. കായികമേളയിൽ ഇത്തിരിയോളം പോന്ന കൈകാലുകളുടെ ഉടമയായ തകാഹാഷി എല്ലാ ഇനത്തിലും ഒന്നാമതെത്തിയത് ഏവരെയും അതിശയിപ്പിച്ചു. ആദ്യമായി കായികമേളയിൽ പങ്കെടുത്ത ടോട്ടോച്ചാനെപോലുള്ള കുട്ടികൾക്ക് മേള ആസ്വാദ്യകരമായിരുന്നു. സമ്മാനവിതരണത്തിലും മാസ്റ്ററുടേതായ സവിശേഷരീതികളുണ്ടായിരുന്നു. സമ്മാനമായി നൽകിയിരുന്നത് ചേന, മത്തങ്ങ, ഉരുളക്കിഴങ്ങ്, ചീര എന്നിവയൊക്കെയായിരുന്നു. എല്ലാരീതിയിലും റ്റോമോസ്‌കൂളിലെ കായികമേള വളരെ സവിശേഷതകൾ ഉള്ളതായിരുന്നു.
റ്റോമോയിലെ രീതികൾ
♦ 'ഓരോ കുട്ടിയേയും പരിഗണിച്ചായിരുന്നു റ്റോമോയിലെ കായികമേള'
എങ്ങനെയൊക്കെയാണ് കൊബായാഷി മാസ്റ്റർ ഓരോരുത്തരെയും പരിഗണിച്ചിരുന്നത്? കൊബായാഷി മാസ്റ്ററുടെ ഈ സവിശേഷതയെക്കുറിച്ച് ചർച്ച ചെയ്യൂ. നിങ്ങളുടെ കണ്ടെത്തലുകളെല്ലാം ചേർത്ത് കുറിപ്പ് തയ്യാറാക്കുമല്ലോ.
റ്റോമോസ്‌കൂളിലെ കായികമേളയിൽ ഓരോ കുട്ടിയെയും പ്രത്യേകം പരിഗണിക്കുന്ന രീതിയാണ് കൊബായാഷി മാസ്റ്റർ സ്വീകരിച്ചത്. കുട്ടികൾക്കായി പുതിയ ചില മത്സരങ്ങൾ കൊബായാഷി മാസ്റ്റർ കണ്ടുപിടിച്ചിരുന്നു. കായികസാമഗ്രികളൊന്നും ഇല്ലാതെ ലഭ്യമായ സൗകര്യത്തിലാണ് മത്സരങ്ങൾ നടത്തിയിരുന്നത്. മത്സരത്തിൽ വിജയിക്കുന്നതിനേക്കാൾ പ്രധാനമാണ് അതിൽ പങ്കെടുക്കുന്നതെന്ന് അദ്ദേഹം കുട്ടികളെ ബോധ്യപ്പെടുത്തി. മത്സരത്തിൽ പങ്കെടുക്കാനാകാത്ത യാസ്വാക്കിച്ചാനെപോലുള്ള കുട്ടികൾക്ക് മത്സരം നിയന്ത്രിക്കുന്ന ചുമതല നൽകി. ഇത്തിരിയോളം പോന്ന കൈകാലുകളുടെ ഉടമയായ തകാഹാഷിപോലെയുള്ളവരെ മത്സരത്തിൽ ഉൾപ്പടുത്താനും മാസ്റ്റർ ശ്രദ്ധിച്ചു. കുട്ടികൾക്ക് ആത്മവിശ്വാസം പകർന്നുകൊടുക്കാൻ ഈ രീതി സഹായിച്ചു. എല്ലാവരും ഒത്തോരുമിച്ച് ഉത്സവം ആഘോഷിക്കുന്നതുപോലെയായിരുന്നു റ്റോമോസ്‌കൂളിലെ കുട്ടികൾ കായികമേളയിൽ പങ്കെടുത്തിരുന്നത്. കൊബായാഷിമാസ്റ്ററും മറ്റധ്യാപകരും കുട്ടികളോടൊപ്പം എല്ലാറ്റിലും മുന്നിൽനിന്നു.
രസികൻ പ്രയോഗങ്ങൾ
♦ പാഠം വായിച്ചപ്പോൾ രസകരമായ ചില വാക്യങ്ങൾ നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടാകുമല്ലോ?
• മിന്നൽ വേഗത്തിൽ തകാഹാഷി അവരെ കടന്നു മുകളിലേക്ക് പോയി.
ഇവിടെ അടിവരയിട്ട ഭാഗം നോക്കു.
വളരെ പെട്ടെന്ന് എന്നു പറയാനാണ് മിന്നൽ വേഗത്തിൽ എന്നു പ്രയോഗിച്ചിരിക്കുന്നത്.
ഒരു വാക്യംകൂടി.
• കരിമീൻ തടിയൻ ജീവനുള്ളതുപോലെ അങ്ങോട്ടുമിങ്ങോട്ടും ഇളകിയാടാൻ തുടങ്ങും.
സാധാരണ പറയുന്ന രീതിയിലല്ലാതെ, ഇതുപോലെ കാര്യങ്ങൾ അവതരിപ്പിക്കുന്ന ധാരാളം വാക്യങ്ങൾ ഈ പാഠത്തിലുണ്ട്. അവ കണ്ടെത്തിയെഴുതു.
• നീളക്കൂടുതലുള്ളവരോ മുറപോലെ പരന്ന കാലുകളുള്ളവരോ ആണെങ്കിൽ വെള്ളം കുടിച്ചതുതന്നെ.
ദാഹമകറ്റാനായി വെള്ളം കുടിക്കുക എന്നതാണ് ഈ പ്രയോഗത്തിന്റെ ശരിയായ അർഥം. എന്നാൽ ബുദ്ധിമുട്ടുക എന്ന അർത്ഥത്തിലാണ് പാഠഭാഗത്ത് ഉപയോഗിച്ചിരിക്കുന്നത്.
• മറ്റുള്ളവർ കരിമീൻതടിയന്റെ ഉള്ളിൽക്കിടന്നു നട്ടംതിരിയുമ്പോൾ തകാഹാഷി നൊടിനേരം കൊണ്ട് പുറത്തെത്തുകയായി.
മുമ്പോട്ട് പോകാനാകാതെ പ്രയാസപ്പെടുക എന്നതാണ് ഈ പ്രയോഗത്തിന്റെ ശരിയായ അർഥം. എന്നാൽ ഒരു വഴിയുമില്ലാതെ ഗതികെടുക എന്ന അർത്ഥത്തിലാണ് പാഠഭാഗത്ത് ഉപയോഗിച്ചിരിക്കുന്നത്.
ചേരുമ്പോഴും പിരിയുമ്പോഴും
♦ “ഒരപൂർവത' എന്ന വാക്ക് നോക്കൂ. ഒരു, അപൂർവത എന്നീ രണ്ടു പദങ്ങൾ ചേർന്നിരിക്കുന്നു.
ഇങ്ങനെ രണ്ടു വാക്കുകൾ ചേർത്ത് ഒറ്റവാക്കാക്കി എഴുതിയ മറ്റു പദങ്ങൾ പാഠത്തിൽനിന്ന് കണ്ടെത്തു. അവയെ മുകളിൽ കൊടുത്ത രീതിയിൽ വെവ്വേറെ വാക്കുകളാക്കി എഴുതുകയും വേണം.
• മൂന്നുകാലിലോട്ടം - മൂന്നുകാലിൽ, ഓട്ടം
• കായികമേളയ്ക്കുമുണ്ടായിരുന്നു - കായികമേളയ്ക്ക്, ഉണ്ടായിരുന്നു
• പങ്കെടുക്കാനാവാത്ത - പങ്കെടുക്കാൻ, ആവാത്ത
• ഊഴമവസാനിച്ചു - ഊഴം, അവസാനിച്ചു
• മറ്റെന്തിനും - മറ്റ്, എന്തിനും
• കട്ടിയേറിയ - കട്ടി, ഏറിയ
• ദൈർഘ്യമേറിയ - ദൈർഘ്യം, ഏറിയ
• സമയമൊന്നും - സമയം, ഒന്നും
• അവർക്കന്ന് - അവർക്ക്, അന്ന്
• തിരിച്ചിറങ്ങുക - തിരിച്ച്, ഇറങ്ങുക
മത്സരങ്ങളല്ലാത്ത കളികൾ
♦ റ്റോമോയിലും നമ്മുടെ സ്‌കൂളുകളിലും നടക്കുന്ന കായികമേളകളും മറ്റുപലകളികളും മത്സരങ്ങളാണ്. അവയിൽ ജയവും തോൽവിയുമുണ്ട്.
നിങ്ങൾ ജയവും തോൽവിയുമില്ലാത്ത കളികൾ കളിക്കാറുണ്ടോ? അങ്ങനെയുള്ള ചില കളികൾ താഴെ നൽകുന്നു.
• കണ്ണുകെട്ടിക്കളി
• അമ്മാനക്കളി
• കൊത്തങ്കല്ല്
• ഒളിച്ചുകളി
• കള്ളനും പോലീസും
• കുളം കര
• തലപ്പന്തുകളി
• നാരങ്ങവാല്
• കുട്ടിയും കോലും
• അക്ക് കളി
• നൊണ്ടിക്കളി
• കുഴിപ്പന്തുകളി
• ഈര്‍ക്കില്‍ കളി
• കിളിത്തട്ടു കളി
👉മലയാളം മറ്റ് യൂണിറ്റുകളുടെ ചോദ്യോത്തരങ്ങൾക്കായി ഇവിടെ ക്ലിക്കുക
👉Class V Malayalam Textbook (pdf) - Click here
ഈ ബ്ലോഗിലെ എല്ലാ പോസ്റ്റുകളും ഒരുമിച്ച് കാണാനും ആവശ്യമുള്ളവ എളുപ്പത്തിൽ തിരഞ്ഞെടുക്കാനും ഇവിടെ ക്ലിക്കുക.
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
PSC Solved Question Papers ---> Click here
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
0 Comments