Kerala Syllabus Class 7 അടിസ്ഥാന പാഠാവലി Chapter 01 - ഗ്രാമശ്രീകൾ - ചോദ്യോത്തരങ്ങൾ
Study Notes for Class 7 അടിസ്ഥാന പാഠാവലി (കതിർചൂടും നാടിൻ പെരുമകൾ) ഗ്രാമശ്രീകൾ | Class 7 Malayalam - Adisthana Padavali Questions and Answers - Chapter 01 Gramasreekal - ഗ്രാമശ്രീകൾ - ചോദ്യോത്തരങ്ങൾ
ഗ്രാമശ്രീകൾ
കടത്തനാട്ട് മാധവിയമ്മ
ഗ്രാമസൗകുമാര്യം തുളുമ്പുന്ന കവിതകളെഴുതിയ കവയിത്രിയാണ് കടത്തനാട്ട് മാധവിയമ്മ. 1909 ജൂണ്‍ 15ന് കുറുമ്പനാട്ട് താലൂക്കിലെ ഇരിങ്ങണ്ണൂരില്‍ ജനനം. കുടിപ്പള്ളിക്കൂടത്തിലെ അഞ്ചാം ക്ലാസ് പഠനത്തിനുശേഷം സംസ്‌കൃത കാവ്യ നാടകാദികള്‍ അഭ്യസിച്ചു. പതിന്നാലാമത്തെ വയസ്സില്‍ കവനകൗമുദിയില്‍ പ്രഥമ കവിത പ്രസിദ്ധീകരിക്കപ്പെട്ടു. കലോപഹാരം, ഗ്രാമശ്രീകള്‍, കണിക്കൊന്ന, മുത്തച്ഛന്റെ കണ്ണുനീര്, ഒരുപിടി അവില്‍ എന്നിവയാണ് മാധവിയമ്മയുടെ പ്രധാന കാവ്യസമാഹാരങ്ങള്‍. തിരഞ്ഞെടുത്ത കവിതകള്‍ കടത്തനാട്ട് മാധവിഅമ്മയുടെ കവിതകള്‍ എന്ന പേരില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ജീവിതതന്തുക്കള്‍ എന്ന കഥാസമാഹാരവും ശ്രീരാമാനന്ദ ഗുരുദേവന്‍ എന്ന ലഘുജീവചരിത്രവും, വീരകേസരി, മാധവിക്കുട്ടി എന്നീ നോവലുകളും പയ്യം പള്ളി ചന്തു, തച്ചോളി ഒതേനന്‍ എന്നീ ഗദ്യകൃതികളും രചിച്ചിട്ടുണ്ട്.
1996-ല്‍ സമഗ്രസംഭാവനയ്ക്കുള്ള കേരള സാഹിത്യ അക്കാദി പുരസ്‌കാരം ലഭിച്ചു. കുമാരനാശാന്‍ തനിക്ക് പ്രിയമുള്ള കവയിത്രിയായി പറഞ്ഞിട്ടുള്ളത് മാധവിയമ്മയുടെ പേരാണ്. വാത്സല്യം, കാരുണ്യം ഗ്രാമസൗകുമാര്യത്തോടുള്ള ആരാധന, അനീതിയുടെ നേര്‍ക്കുള്ള ധാര്‍മ്മികരോഷം മുതലാ യവയായിരുന്നു മാധവിയമ്മയുടെ കവിതയുടെ അന്തര്‍ധാര. 1999 ഡിസംബര്‍ 24 ന് അന്തരിച്ചു.
ഈ ബ്ലോഗ് ഉടമയുടെ രേഖാമൂലമുള്ള അനുമതിയില്ലാതെ ഈ ബ്ലോഗിൽ നൽകിയിരിക്കുന്ന ചോദ്യോത്തരങ്ങൾ, ഇതേരീതിയിലോ പി.ഡി.എഫ് രൂപത്തിലോ, മറ്റേതെങ്കിലും ഡിജിറ്റലോ, പ്രിന്റഡ് ഉൾപ്പെടെയുള്ള ഏതെങ്കിലും രൂപങ്ങളിലേക്കോ മാറ്റി മറ്റൊരു വെബ്സൈറ്റിലോ, ബ്ലോഗിലോ, യുട്യൂബ്, സോഷ്യൽ മീഡിയാ ഗ്രൂപ്പുകളിലോ ഉൾപ്പെടെ ഒരിടത്തും പ്രചരിപ്പിക്കാൻ പാടില്ലാത്തതാകുന്നു.
കതിർചൂടും നാടിൻ പെരുമകൾ
1. ഈ സാക്ഷ്യപത്രങ്ങൾ നമുക്ക് നൽകുന്ന പ്രചോദനം എന്താണ്? (പാഠപുസ്തകപേജ് നമ്പർ: 7) ചർച്ച ചെയ്യുക.
അവാർഡുകളും പുരസ്കാരങ്ങളുമെല്ലാം എല്ലാവരും ആഗ്രഹിക്കുന്നുണ്ട്. കുട്ടികളും മുതിർന്നവരുമെല്ലാം അംഗീകാരം ആഗ്രഹിക്കുന്നവരാണ്. സംസ്ഥാനതലത്തിലുള്ള കർഷക അവാർഡ് പൊതു സമൂഹത്തിൽ ലഭിക്കുന്ന വലിയ അംഗീകാരമാണ്. ഇത്തരം അംഗീകാരങ്ങൾ കൂടുതൽ ഉർജ്ജസ്വലതയോടെ പ്രവർത്തിക്കാനുള്ള പ്രചോദനം നമുക്ക് നൽകുന്നു. നല്ല പ്രവർത്തനങ്ങൾക്ക് അംഗീകാരം ലഭിക്കാതെ വരുന്നത് ആരെയും നിരാശരാക്കും. അതിനാൽ മറ്റുള്ളവരെ അംഗീകരിക്കാനും പ്രോത്സാഹിപ്പിക്കുവാനും നമുക്ക് കഴിയണം.
ഗ്രാമശ്രീകൾ എന്ന കർഷക സ്ത്രീകൾ
മലയാളത്തിൻ്റെ കാവ്യ ചരിത്രവിവരണങ്ങളിൽ കടത്തനാട്ട് മാധവിയമ്മയുടെ പേര് ചേർന്നു നിൽക്കുന്നത് ഗ്രാമീണ ഭംഗിയോടും ലാളിത്യത്തിൻ്റെ നിർമ്മലതയോടുമൊക്കെയാണ്. എന്നാൽ അവരുടെ രചനകളിൽ സാരള്യത്തോടൊപ്പം അഗാധമായ മനുഷ്യസ്നേഹവും വർണ്ണ വർഗ വേർതിരിവുകളും വിവേചനങ്ങളുമില്ലാത്ത നാളെയെക്കുറിച്ചുള്ള ഉറച്ച പ്രതീക്ഷയും നമുക്കു കണ്ടെടുക്കാവുന്നതാണ്. കർഷകരോടും കാർഷികവൃത്തിയോടും അഗാധമായ മമതയുണ്ടായിരുന്ന മാധവിയമ്മ വയലിൽ പണിയെടുക്കുന്ന കർഷക സ്ത്രീകളെ ആദരവോടെയാണു വീക്ഷിച്ചത്. ഗ്രാമശ്രീകൾ എന്ന പ്രശസ്തമായ കവിതയിൽ കവി കൃഷിപ്പണി ചെയ്യുന്ന സ്ത്രീകളുടെ അധ്വാനത്തെക്കുറിച്ച് പറയുന്നു -
" പെണ്ണുങ്ങൾ, മണ്ണിന്നരുമ മക്കൾ,
കൈകൾ കിണഞ്ഞു പണികയായ് ഞാറിന്മേൽ
കാൽകൾ ചളിയിൽ കുതിക്കയായ്
താഴെ, വയലിൽ , നിരനിരയായി
നീലനീരാളം വിരിയുകയായ്.''
കവി കർഷകത്തൊഴിലാളികളായ സ്ത്രീകളുടെ ഈ കലാസൃഷ്ടിയ്ക്ക് മുന്നിൽ ആദരവോടെ തൊഴുതു നിൽക്കുന്നു. അധ്വാനത്തോടും അധ്വാനിക്കുന്നവരോടുമുള്ള മനോഭാവം വ്യക്തമാക്കുന്നുണ്ടീ വരികളിൽ -
"ചേർക്കുണ്ടിൽ താഴ്ത്തുമീ വിരൽത്തുമ്പത്രേ
നാട്ടിൻ്റെ നന്മകൾ നെയ്തെടുപ്പൂ !"
പദപരിചയം
• വരമ്പ് - പാടങ്ങളുടെ അതിര്
• വരമ്പിൻ കൊതുമ്പ് - വരമ്പിന്റെ വക്ക്
• വൈഭവം - ശക്തി, സാമർഥ്യം, മാഹാത്മ്യം
• ഉണ്ണിക്കതിരോൻ - ഉദയസൂര്യൻ
• നുകം - ഉഴാനായി കാളകളുടെ കഴുത്തിൽ വച്ചുകെട്ടുന്ന ഉപകരണം
• വിണ്ണ് - ആകാശം
• ചെന്നി - ചെവിയുടെ മുകൾഭാഗം
• ചെമ്മേലും - ഭംഗിയുള്ള
• കുന്തളം - മുടി
• തുമ്മാൻ - മുറുക്കാൻ (വെറ്റില മുറുക്കുന്നതിനുള്ള സാധനങ്ങൾ)
• ചെരുതി - തിരുകി
• ഉടുപുടവ - ഉടുക്കുന്ന വസ്ത്രം
• ഉടുപുടത്തുമ്പ് - ഉടുപുടവയുടെ തുമ്പ്
• മേലാക്ക് - മേലോട്ട്, മുകളിലേക്ക്
• താമരത്താർ - താമരപ്പൂവ്
• ദിഗന്തം - ദിക്കിന്റെ അവസാനം, എല്ലാ ദിക്കുകളും
• ആലേഖ്യം - ചിത്രം, ചിത്രരചന
• പൊക്കിള - കുമിള
• നീരാളം - പൊൻകമ്പികൊണ്ടോ വെള്ളിക്കമ്പികൊണ്ടോ നെയ്ത വസ്ത്രം
• മഞ്ജുളം - മനോഹരം
• അഞ്ജലി - തൊഴുകൈ, കൂപ്പുകൈ
കവിത വായിച്ച് ആശയങ്ങൾ ചർച്ച ചെയ്യാം
1. വിശ്വവിദ്യാലയം എന്നതുകൊണ്ട് കവി ഉദ്ദേശിക്കുന്നതെന്ത്?
വിദ്യാലയത്തിൽനിന്ന് വളരെക്കുറച്ചു കാര്യങ്ങളേ നാം പഠിക്കുന്നുള്ളൂ. കണ്ടും കേട്ടും അനുഭവിച്ചും ഒട്ടേറെ കാര്യങ്ങൾ നമ്മുടെ ചുറ്റുമുള്ള ലോകത്ത്നിന്നും നമുക്ക് പഠിക്കുവാനുണ്ട്. കർഷകത്തൊഴിലാളികൾ പാടത്ത് പ്രയോഗിക്കുന്നത് ഗ്രാമത്തിലെ ഏതെങ്കിലും വിദ്യാലയത്തിൽ നിന്നു നേടിയ അറിവല്ല, ലോകം തന്നെയാണ് അവരുടെ വിദ്യാലയം. ഞാറുനടുന്ന പെണ്ണുങ്ങൾ ആ അറിവുനേടിയത് അവരുടെ ജീവിതത്തിൽ നിന്നാണ്. കണ്ടും കേട്ടും അനുഭവിച്ചുമാണ് അവർ ആ അറിവുനേടിയത്. അതുകൊണ്ടാണ് വിശ്വവിദ്യാലയത്തിൽ പഠിച്ചവർ എന്ന് കർഷകസ്ത്രീകളെക്കുറിച്ച് കവി പറയുന്നത്.
2. പ്രഭാതത്തെ എങ്ങനെയെല്ലാണ് കവി വർണിച്ചിരിക്കുന്നത്?
പ്രഭാതത്തിൽ ആകാശം ചുവന്നുകാണുന്നതിനെ കാർഷികവൃത്തിയുമായി കൂട്ടിയിണക്കി പ്രഭാതസൂര്യന്റെ പൊന്നുകൊണ്ടുള്ള നുകത്തിന്റെ പാടേറ്റ് ആകാശമാകുന്ന പാടവും ചുവന്നല്ലോ എന്നാണ് കവി പറയുന്നത്. പൊൻനിറമുള്ള സൂര്യകിരണങ്ങളെ കലപ്പയായി സങ്കല്പിച്ചിരിക്കുന്നു. അതിന്റെ നുകപ്പാടേറ്റ് കന്നിനെൽപ്പാടത്തെ ചുവന്ന മണ്ണ് ഇളകി ചുവക്കുന്നത്പോലെ ആകാശം ചുവക്കുന്നു എന്നാണ് കവി കല്പന.
3. കർഷകസ്ത്രീകളെ 'ഗ്രാമശ്രീകൾ' എന്ന് വിശേഷിപ്പിക്കുന്നതിന്റെ കാരണങ്ങൾ എന്തെല്ലാം?
ഗ്രാമത്തിന്റെ ശ്രീ (ഐശ്വര്യം) കർഷകസ്ത്രീകളാണ്. ചെളിയിൽ വിരൽത്തുമ്പ് താഴ്ത്തി ഞാറ് നടുന്ന കർഷകസ്ത്രീകൾ മഹത്തായ പ്രവൃത്തിയാണ് ചെയ്യുന്നത്. അവരുടെ കലാസൃഷ്ടിയായ കൃഷിപ്പണികളാണ് നാടിനെ സമൃദ്ധമാക്കുന്നത്. കർഷകസ്ത്രീകളുടെ മനോഹരമായ വിരൽത്തുമ്പുകളാണ് നാടിന്റെ നന്മകൾ നെയ്തെടുക്കുന്നത്. അവരാണ് ഗ്രാമത്തിന്റെ ഐശ്വര്യം. അതുകൊണ്ടാണ് കർഷകസ്ത്രീകളെ 'ഗ്രാമശ്രീകൾ' എന്ന് കവി വിശേഷിപ്പിക്കുന്നത്.
4. “സുന്ദരാലേഖ്യം നീ കേരളമേ” എന്ന് കവി പറയുന്നതെന്തുകൊണ്ട്?
പ്രഭാതത്തിൽ ദിക്കുകൾ മെല്ലെ ഉണർന്നു. നേർത്ത മഞ്ഞു പോലെ പൂമഴ പെയ്തു. പച്ചിലക്കൂട്ടവും പാടവും മാടവും ചക്രവാളങ്ങളും എല്ലാം നനഞ്ഞു കുളിർന്നു. കേരളം പ്രകൃതിസുന്ദരമായ മനോഹരമായ ഒരു ചിത്രമായി മാറുകയാണിവിടെ. ഈ സുന്ദര ദൃശ്യങ്ങൾ കണ്ടിട്ടാണ് “സുന്ദരാലേഖ്യം നീ കേരളമേ” എന്ന് കവി പറയുന്നത്.
വിശകലനം ചെയ്യാം
5. “മഞ്ജുളമിക്കലാസൃഷ്ടിക്കു മുമ്പിലായലിയർപ്പിക്ക''- കൃഷി കലാസൃഷ്ടിയാകുന്നതെങ്ങനെ? വിശകലനം ചെയ്ത് കുറിപ്പ് തയാറാക്കുക.
ഏതൊരു കലയെയും പോലെ മനോഹരമായ ഒന്നാണ് കൃഷി. കർഷകസ്ത്രീകളുടെ ആ കലാസൃഷ്ടിക്കു മുന്നിലാണ് കവി കൈകൂപ്പി നിൽക്കുന്നത്. കർഷകസ്ത്രീകൾ കലാസൃഷ്ടിയിൽ ഏർപ്പെടുന്നത് ആത്മാർഥതയോടെയും അർപ്പണ ബോധത്തോടെയുമാണ്. വരിയും നിരയുമൊപ്പിച്ച് കൃഷിപ്പാട്ടിന്റെ താളത്തിൽ ഞാറുനടുന്ന അവരുടെ വൈഭവം കൊണ്ടുതന്നെ കൃഷി മികച്ച, മനോഹരമായ കലാസൃഷ്ടിയായി മാറുന്നു. വയലിൽ നിരനിരയായി നീലക്കസവ് വിരിയിക്കുന്ന കലാകാരികളാണ് കർഷകസ്ത്രീകൾ എന്നാണ് കവി അവരുടെ പ്രവൃത്തിയെ വർണിക്കുന്നത്. ചേറിൽ പണിയെടുക്കുന്ന അവരുടെ വിരലുകളാണ് നാട്ടിൽ നന്മകൾ നെയ്തെടുക്കുന്നതെന്നും കവി പറയുന്നു.
താരതമ്യം ചെയ്ത് കുറിപ്പ് തയാറാക്കാം
6. 'ഉർവിയേപുഷ്പിപ്പിക്കും കലപോൽ നമുക്കത്ര
നിർവ്യതികരം സർഗവ്യാപാരമുണ്ടോ മന്നിൽ'
- (വൈലോപ്പിള്ളി)
ഈ വരികളുടെ ആശയവും ഗ്രാമശ്രീകൾ എന്ന കവിതയുടെ ആശയവും താരതമ്യം ചെയ്ത് കുറിപ്പ് തയാറാക്കുക.
വൈലോപ്പിള്ളിയുടെ കയ്പവല്ലരി എന്ന കവിതയിലെ വരികൾ കടത്തനാട്ട് മാധവി അമ്മയുടെ ഗ്രാമശ്രീകൾ എന്ന കവിതയുടെ ആശയവുമായി ഇണങ്ങുന്നതാണ്. ഭൂമിയെ ഫലസമൃദ്ധമാക്കുന്ന കൃഷി എന്ന കലപോലെ നമുക്ക് നിർവ്യതി നൽകുന്ന സർഗപ്രവർത്തനം മറ്റൊന്നില്ല എന്നാണ് വൈലോപ്പിള്ളി പറയുന്നത്. മണ്ണിലും, ചെളിയിലും പണിയെടുക്കുന്ന കർഷകരാണ് നാടിനെ ഐശ്വര്യസമൃദ്ധമാക്കുന്നത്. കൃഷിപ്പണിയാകുന്ന മനോഹരമായ ഈ കലാസൃഷ്ടിക്കു മുൻപിൽ ഭക്തിയോടെ കൂപ്പുകൈ അർപ്പിക്കാനാണ് കടത്തനാട്ട് മാധവി അമ്മ പറയുന്നത്. കൃഷിയുടെ മഹത്വത്തെ ഉയർത്തിക്കാണിക്കുന്നതിനോടൊപ്പം കൃഷിയും മഹത്തായ കലാപ്രവർത്തനമാണ് എന്ന സത്യമാണ് രണ്ട് കവികളും ആവിഷ്കരിക്കുന്നത്.
പ്രയോഗഭംഗി കണ്ടെത്താം, വിശദീകരിക്കാം
7. 'ഉണ്ണിക്കതിരോന്റെ പൊൻനുകപ്പാടേറ്റു
വിണ്ണിൻ വിളിപ്പാടും ചോന്നിതല്ലോ'
ഈ വരികളുടെ പ്രയോഗഭംഗി കണ്ടെത്തി വിശദീകരിക്കൂ. ഇതുപോലെയുള്ള കൂടുതൽ വരികൾ കണ്ടെത്തി ഗ്രൂപ്പിൽ ചർച്ചചെയ്ത് വിശദീകരിക്കുക.
പ്രഭാതസൂര്യൻ കടന്നുവരുമ്പോൾ കിഴക്കേ ചക്രവാളം ചുവക്കുന്നു. പ്രഭാതത്തിന്റെ കടന്നുവരവ് മറ്റൊരു തരത്തിലാണ് കടത്തനാട്ട് മാധവി അമ്മ അവതരിപ്പിക്കുന്നത്. ഉണ്ണിക്കതിരോന്റെ പൊന്നുകൊണ്ടുള്ള കലപ്പയുടെ പാടേറ്റ് ആകാശമാകുന്ന പാടം ചുവന്നിരിക്കുന്നു എന്നാണ് കവി വർണിക്കുന്നത്. പ്രഭാതസൂര്യനെ കൃഷിക്കാരനായും സൂര്യരശ്മികളെ നുകത്തിന്റെ പാടായും ആകാശത്തെ കൃഷിസ്ഥലമായും കവി അവതരിപ്പിക്കുന്നു. അതിമനോഹരമാണ് ഈ വർണന. കാർഷികവൃത്തിയുമായി കൂട്ടിയിണക്കിയാണ് കവി പ്രഭാതവർണന നടത്തുന്നത്.
കൂടുതൽ വരികൾ
• കാലുപുതയും വരമ്പത്തെപാഴ്ച്ചളി
ത്താരയിൽത്താമരത്താർ വിടർത്തി
വെയിലും മഴയും ഒന്നും വകവയ്ക്കാതെ പാടത്തെ കാലു പുതയുന്ന ചേറിൽ നിന്നുകൊണ്ട് ഞാറുനടുന്ന കർഷകസ്ത്രീകൾ നാടിനെ സമൃദ്ധമാക്കുന്ന കൃഷിയിൽ ഏർപ്പെട്ടിരിക്കുകയാണ്. ചെളിയിൽ പതിയുന്ന കർഷകസ്ത്രീകളുടെ പാദമുദ്രകളെ താമരപ്പൂക്കൾ വിടരുന്നത് പോലെയെന്നാണ് കവി വർണ്ണിച്ചിരിക്കുന്നത്.
ആശയപടം പൂർത്തിയാക്കാം, ആസ്വാദനം എഴുതാം
8. കോളങ്ങളിൽ ആസ്വാദനാംശങ്ങൾ എഴുതുക. അവയെ അടിസ്ഥാനമാക്കി കവിതയ്ക്ക് ആസ്വാദനക്കുറിപ്പ് തയാറാക്കുക.
കേരളീയ ഗ്രാമങ്ങളുടെ ഐശ്വര്യമായി കർഷക സ്ത്രീകളെ അവതരിപ്പിക്കുന്ന കടത്തനാട്ട് മാധവി അമ്മയുടെ മനോഹരമായ കവിതയാണ് ഗ്രാമശ്രീകൾ. പാടവരമ്പിലൂടെ നടക്കുന്ന കവി കൃഷിപ്പണികളിൽ മുഴുകിയിരിക്കുന്ന സ്ത്രീകളെ കാണുന്നു. കർഷകസ്ത്രീകളിലൂടെ ഗ്രാമത്തിന്റെ ഭംഗിയും, വിശുദ്ധിയും, സമൃദ്ധിയുമൊക്കെ വരച്ചുകാണിക്കുന്നു. ആശയം, പ്രയോഗഭംഗി, വർണനകൾ, ഈണം, താളം, വാങ്മയചിത്രങ്ങൾ എന്നിവയെല്ലാം ഈ കവിതയെ ശ്രദ്ധേയമാക്കുന്നു.
കൃഷിപ്പണി എന്ന ശ്രേഷ്ഠമായ കലാസൃഷ്ടിക്കു മുൻപിൽ കവി ഭക്തിപൂർവ്വം കൈകൂപ്പി നിൽക്കുന്നു. "ഉണ്ണിക്കതിരോന്റെ പൊൻനുകപ്പാടേറ്റു വിണ്ണിൻ വിളിപ്പാടും ചോന്നിതല്ലോ'' എന്ന വർണന കർഷകർ പാടത്ത് നിലമുഴുന്നതിനെ ഓർമിപ്പിക്കുന്നു. മഞ്ഞുപോലെ പെയ്ത പൂമഴയിൽ പച്ചിലക്കൂട്ടവും മാടവുമെല്ലാം നനഞ്ഞുകുളിർന്നു എന്ന വർണനയും ഏറെ പ്രത്യേകതയുള്ളതാണ്. പ്രയോഗഭംഗികൾക്ക് നിരവധി ഉദാഹരണങ്ങൾ കവിതയിലുണ്ട്. ഉണ്ണിക്കതിരോൻ, കുന്തളബന്ധം, സുന്ദരാലേഖ്യം, നീലനീരാളം തുടങ്ങിയ പ്രയോഗങ്ങളെല്ലാം ശ്രദ്ധേയമാണ്. കവിതയുടെ ഈണവും താളവും കവി ആവിഷ്കരിക്കുന്ന ഭാവവുമായി ഇണങ്ങിനിൽക്കുന്നു. അക്ഷരങ്ങളുടെ ആവർത്തനവും കവിതയുടെ ചൊല്ലഴക് വർധിപ്പിക്കുന്നു. പ്രകൃതിദൃശ്യങ്ങൾ വാക്കുകൾകൊണ്ട് കവി അതിമനോഹരമായി വരച്ചിട്ടിട്ടുണ്ട്. കേരളീയ പ്രകൃതിയുടെ ഭംഗി ഓരോ വർണനയിലും കാണാം.
നാട്ടിൽ നന്മകൾ വിതച്ച് കൊയ്യുന്ന കർഷകസ്ത്രീകൾ അർപ്പണ ബോധമുള്ള കലാകാരികളാണ്. ചേറിൽ താഴ്ത്തുന്ന കർഷക സ്ത്രീകളുടെ വിരലുകളാണ് നാടിന്റെ നന്മയും സമൃദ്ധിയും നെയ്തെടുക്കുന്നതെന്ന് കവി പറയുന്നു. അവരെ ആദരവോടെ ഓർക്കുന്ന കവിതയാണിത്. നാട്ടിൽ ഐശ്വര്യം നിറയ്ക്കുന്ന ആ തൊഴിലാളിസ്ത്രീകൾ ഗ്രാമശ്രീകളായി നമ്മുടെ മനസ്സിൽ നിറഞ്ഞുനിൽക്കുന്നു.
പഴഞ്ചൊൽക്കളി
9. കൃഷിച്ചൊല്ലുകൾ ശേഖരിച്ച് ക്ലാസിൽ പഴഞ്ചൊൽക്കളി നടത്തുക. കൃഷിച്ചൊല്ലുകൾ
• ഉടമയുടെ കണ്ണ് ഒന്നാംതരം വളം.
• കതിരിൽ വളം വച്ചിട്ടു കാര്യമില്ല!
• അടയ്ക്കയായാൽ മടിയിൽ വയ്ക്കാം അടയ്ക്കാമരമായാലോ
• അടുത്തുനട്ടാൽ അഴക്, അകലത്തിൽ നട്ടാൽ വിളവ്
• അമരത്തടത്തിൽ തവള കരയണം
• ആരിയൻ വിതച്ചാ നവര കൊയ്യാമോ
• ആഴത്തിൽ ഉഴുതു അകലത്തിൽ നടണം
• ആഴത്തിൽ ഉഴുത് അകലത്തിൽ വിതയ്ക്കുക
• ഇടവംതൊട്ട് തുലാത്തോളം കുട കൂടാതിറങ്ങൊല്ല
• ഇല്ലംനിറ വല്ലം നിറ പെട്ടി നിറ പത്തായം നിറ
• ഉരിയരിക്കാരനു എന്നും ഉരിയരി തന്നെ
• ഉഴവിൽ തന്നെ കള തീർക്കണം
• എളിയവരും ഏത്തവാഴയും ചവിട്ടും തോറും തഴയ്ക്കും
• എള്ളിന് ഉഴവ് ഏഴരച്ചാൽ
• എള്ളുണങ്ങുന്ന കണ്ട് നെല്ലുണങ്ങണോ
• എള്ളുണങ്ങുന്നതെണ്ണയ്ക്ക്, കുറുഞ്ചാത്തനുണങ്ങുന്നതോ?
• ഒക്കത്തു വിത്തുണ്ടെങ്കിൽ തക്കത്തിൽ കൃഷിയിറക്കാം
• ഒരു വിള വിതച്ചാൽ പലവിത്തു വിളയില്ല
• കണ്ണീരിൽ വിളഞ്ഞ വിദ്യയും വെണ്ണീരിൽ വിളഞ്ഞ നെല്ലും
• കണ്ടം വിറ്റു കാളയെ വാങ്ങുമോ
• കന്നിയിൽ കരുതല പിടയും (കരുതല എന്നത് ഒരിനം മത്സ്യമാണ്)
• കന്നൻ വാഴയുടെ ചുവട്ടിൽ പൂവൻ വാഴ കിളിർക്കുമൊ
• കന്നില്ലാത്തവന് കണ്ണില്ല
• കർക്കടകം കഴിഞ്ഞാൽ ദുർഘടം കഴിഞ്ഞു
• കർക്കടകത്തിൽ പത്തില കഴിക്കണം
• കർക്കിടക ഞാറ്റിൽ പട്ടിണി കിടന്നതു പുത്തിരി കഴിഞ്ഞാൽ മറക്കരുതു്
👉മലയാളം മറ്റ് യൂണിറ്റുകളുടെ ചോദ്യോത്തരങ്ങൾക്കായി ഇവിടെ ക്ലിക്കുക
👉Class VII Malayalam Textbook (pdf) - Click here
ഈ ബ്ലോഗിലെ എല്ലാ പോസ്റ്റുകളും ഒരുമിച്ച് കാണാനും ആവശ്യമുള്ളവ എളുപ്പത്തിൽ തിരഞ്ഞെടുക്കാനും ഇവിടെ ക്ലിക്കുക.
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
PSC Solved Question Papers ---> Click here
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
0 Comments