Kerala Syllabus Class 7 അടിസ്ഥാന പാഠാവലി Chapter 02 - കുമ്മാട്ടി - ചോദ്യോത്തരങ്ങൾ 


Study Notes for Class 7 അടിസ്ഥാന പാഠാവലി (കതിർചൂടും നാടിൻ പെരുമകൾ) കുമ്മാട്ടി | Class 7 Malayalam - Adisthana Padavali Questions and Answers - Chapter 02 Kummatti - കുമ്മാട്ടി - ചോദ്യോത്തരങ്ങൾ
കുമ്മാട്ടി

ഈ ബ്ലോഗ് ഉടമയുടെ രേഖാമൂലമുള്ള അനുമതിയില്ലാതെ ഈ ബ്ലോഗിൽ നൽകിയിരിക്കുന്ന ചോദ്യോത്തരങ്ങൾ, ഇതേരീതിയിലോ പി.ഡി.എഫ് രൂപത്തിലോ, മറ്റേതെങ്കിലും ഡിജിറ്റലോ, പ്രിന്റഡ് ഉൾപ്പെടെയുള്ള ഏതെങ്കിലും രൂപങ്ങളിലേക്കോ മാറ്റി മറ്റൊരു വെബ്സൈറ്റിലോ, ബ്ലോഗിലോ, യുട്യൂബ്, സോഷ്യൽ മീഡിയാ ഗ്രൂപ്പുകളിലോ ഉൾപ്പെടെ ഒരിടത്തും പ്രചരിപ്പിക്കാൻ പാടില്ലാത്തതാകുന്നു.

സി.ആർ.രാജഗോപാലൻ (1957-2022)
അദ്ധ്യാപകന്‍, ഫോക് ലോര്‍ ചിന്തകന്‍, എഴുത്തുകാരന്‍, സംഘാടകന്‍ എന്നീ പ്രവര്‍ത്തന മേഖലകളിലൂടെ ഫോക് ലോര്‍ പ്രചരണത്തിനായി ജീവിതം സമർപ്പിച്ച വ്യക്തിയായിരുന്നു ഡോ. സി ആര്‍ രാജഗോപാലന്‍.
നാടൻ കലാരൂപങ്ങൾ കണ്ടെത്താനും അവയെ കുറിച്ച് പഠിക്കാനും, പ്രചരിപ്പിക്കാനും പ്രയത്നിച്ച അദ്ദേഹം സാമൂഹ്യപ്രവർത്തകനും ഗവേഷകനും, തൃശൂര്‍ നാട്ടറിവ് പഠനകേന്ദ്രത്തിന്റെ അമരക്കാരനും ആയിരുന്നു.
തൃശൂർ ശ്രീ കേരളവർമ കോളജിൽ അസോസിയേറ്റ് പ്രഫസറായും കേരള സർവകലാശാലയിൽ പ്രഫസറായും അദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കേരള ഫോക്‌ലോർ അക്കാദമി, കേരളസംഗീത നാടക അക്കാദമി തുടങ്ങിയ നിരവധി പുരസ്കാരങ്ങൾക്ക് രാജഗോപാൽ അർഹനായി. 
കോഴിക്കോട് സർവകലാശാല സ്കൂൾ ഓഫ് ഡ്രാമയിൽ നിന്ന് ഗവേഷണബിരുദം നേടിയ സി.ആർ രാജഗോപാലൻ, നാട്ടറിവു പഠനത്തിൽ നിരവധി കൃതികൾ രചിച്ചിട്ടുണ്ട്. എല്ലാം കത്തിയെരിയുകയാണ്, അലയുന്നവർ, മുടിയേറ്റ്, നാടോടി നേരരങ്ങ്, ഫോക്ലോർ സിദ്ധാന്തങ്ങൾ, കാവേറ്റം, നാടൻ കലാരൂപങ്ങൾ, കറുത്താണികളുടെ കൊയ്ത്ത്, ഗോത്ര കലാവടിവുകൾ,  ദേശീയ സൗന്ദര്യബോധം,  തണ്ണീർപന്തൽ, ഞാറ്റുവേലയ്ക്ക് പൊട്ടുകുത്തേണ്ട, കൃഷി ഗീതയും ഭക്ഷ്യസുരക്ഷയും, പുഴയുടെ നാട്ടറിവുകൾ, അന്നവും സംസ്കാരവും, വരിക്കപ്ലാവിനുവേണ്ടി ഒരു വടക്കൻപാട്ട്, ആട്ടക്കോലങ്ങൾ കേരളീയ രംഗ കലാചരിത്രം, മണ്ണ് ലാവണ്യം പ്രതിരോധം, നാട്ടുനാവ് മൊഴി മലയാളത്തിന്റെ കാതോരം, കണ്ണാടി നോക്കുമ്പോൾ, ഡയാസ്ഫോറ, ഏറുമാടങ്ങൾ, നാട്ടറിവ് 2000 ഇയേഴ്സ് ഓഫ് മലയാളി ഹെറിട്ടേജ് എന്നിവയാണ് സി.ആർ. രാജഗോപാലിന്റെ പ്രധാന കൃതികൾ.
കേരളത്തിലെ നാട്ടറിവുകളെക്കുറിച്ച് അഞ്ച് പതിറ്റാണ്ടോളം നീണ്ട ഗവേഷണങ്ങളിലൂടെ നമ്മുടെ സംസ്കൃതിയുടെ മൺമറഞ്ഞു കൊണ്ടിരുന്ന ബൗദ്ധികസ്വത്തുക്കളാണ് രാജഗോപാലൻ തിരിച്ചുപിടിച്ചത്. കുലം, ജാതി, തൊഴിൽ എന്നിങ്ങനെ വിവിധ അടരുകളിലായി ചിതറിക്കിടന്നിരുന്ന ഒരു സമൂഹത്തിന്റെ തനതായ അറിവുകളെ അവരുടെ തന്നെ അനുഭവങ്ങളിലൂടെയും പറച്ചിലുകളിലൂടെയും വീണ്ടെടുക്കുകയായിരുന്നു. ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച ‘എന്നും കാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകള്‍’ എന്ന പുസ്തകത്തിന്റെ ജനറല്‍ എഡിറ്ററായിരുന്നു അദ്ദേഹം.

കുമ്മാട്ടിക്കളി
ഓണാഘോഷത്തിന്റെ മാറ്റുകൂട്ടുവാന്‍ തൃശൂരിന്റെ തനതായ പുലിക്കളിപോലെ സാംസ്കാരികരംഗത്ത്‌ ഇടംപിടിച്ച ഒന്നാണ്‌ കുമ്മാട്ടി. കുമ്മാട്ടിയുടെ കളി കാർഷികോത്സവമായാണ് കണക്കാക്കുന്നത്. കേരളത്തിലെ വടക്കൻ ജില്ലകളിൽ പ്രചാരത്തിലുളള നാടൻ കലാരൂപമാണ് കുമ്മാട്ടിക്കളി. പാലക്കാട്, തൃശ്ശൂർ, വയനാട് ജില്ലകളിലാണ് പ്രചാരത്തിലുള്ളത്. ചിലയിടങ്ങളിൽ ഇത് അനുഷ്ഠാന കലയാണ്. മകരം, കുംഭ മാസങ്ങളിൽ കാർഷികോത്സവത്തിന്റെ ഭാഗമായും, ഓണക്കാലത്തെ നാടൻ വിനോദങ്ങളിലൊന്നായും കുമ്മാട്ടിക്കളി അവതരിപ്പിച്ചു പോരുന്നു. കുമ്മാട്ടിപ്പുല്ലോ, വാഴയിലയോ കൊണ്ട് ദേഹമാകെ മൂടി, വലിയ മുഖംമൂടികൾ വെച്ചാണ് നർത്തകർ ഒരുങ്ങുക. കമുകിൻപാളയിലോ മുരിക്കിലോ ആണ് മുഖംമൂടികൾ ഉണ്ടാക്കുക. ഈ മുഖം കൊണ്ടാണ് വേഷങ്ങളെ തിരിച്ചറിയുന്നത്. ശ്രീക‍ൃഷ്ണൻ, മഹാബലി, നാരദൻ, ഹനുമാൻ, ശിവഭൂത​ഗണങ്ങളായ കുംഭൻ, കുഭോദരൻ, തളള എന്നിങ്ങനെ നീളുന്നു വേഷങ്ങൾ. ഓണവില്ലിനൊപ്പമാണ് പാട്ട്. പുരാണ കഥാസന്ദർഭങ്ങളായിരിക്കും പാട്ടിലെ വിഷയങ്ങൾ. ഓരോ ചെറുസംഘങ്ങളായി ആട്ടവും പാട്ടുമായാണ് കുമ്മാട്ടികൾ വീടുതോറും കയറിയിറങ്ങുന്നത്. കുമ്മാട്ടിക്കളിയ്ക്ക് നിയതമായ നൃത്തച്ചുവടുകളൊന്നും ഇല്ലാത്തതിനാൽ കാണികളും ചിലപ്പോൾ സംഘത്തിനൊപ്പം നൃത്തം ചെയ്യാൻ കൂടാറുണ്ട്.

പദപരിചയം 
• വീഥി - വഴി, തെരുവ് 
 പൊയ്‌മുഖം - മുഖംമൂടി 
 മാറ് - രണ്ട് കൈയും മാറും ചേർന്ന അളവ് 
 ആർപ്പ് - ആഹ്ളാദശബ്ദം 

ചർച്ചചെയ്യാം, കണ്ടെത്താം
♦ പാഠഭാഗം വായിച്ച് കണ്ടെത്തിയ സവിശേഷതകൾ ചർച്ചചെയ്ത് കുറിപ്പ് തയ്യാറാക്കുക
സൂചനകൾ
• എന്താണ് കുമ്മാട്ടിക്കളി?
തൃശൂർ ജില്ലയിലും പരിസരങ്ങളിലും ഓണക്കാലത്ത് ആർപ്പുവിളിച്ച് 'വില്ലുകൊട്ടി വീടുകൾ തോറും കയറിയിറങ്ങി കുട്ടികളും ചെറുപ്പക്കാരും അവതരിപ്പിക്കുന്ന നാടോടിക്കലയാണ് ദേശക്കുമ്മാട്ടി. അനുഷ്ഠാനാംശം കുറഞ്ഞ, പ്രാദേശിക കലാരൂപമായ കുമ്മാട്ടി ആദ്യകാലത്ത് മനകളിലും തറവാടുകളിലും നായന്മാർ അവതരിപ്പിച്ചിരുന്നതാണ്. ഇന്ന് ദേശത്തെ എല്ലാ ജാതിക്കാരും പങ്കെടുക്കുന്ന, ദേശോത്സവമായി ഇതു മാറിയിരിക്കുന്നു. 

• കുമ്മാട്ടിക്കളിയുടെ വേഷസവിശേഷതകൾ എന്തെല്ലാം? 
മാറ് കണക്കിന് നീളത്തിൽ മെടഞ്ഞ പുല്ല് കാലിൽനിന്ന് മുകളിലേക്ക് കെട്ടുന്നു. കാലിലും കൈയിലും മൂന്നു കെട്ട്, മാറിലും ചുമലിലും അരയിലും ഓരോ കെട്ട് എന്നാണ് കണക്ക്. വ്യക്തിയെ അറിയാതിരിക്കാൻ തലയിൽ മുണ്ടുകെട്ടി അനുഷ്ഠാനപരമായി മുഖാവരണം വയ്ക്കുന്നു. ദൈവാധീനത്തിനുവേണ്ടി ആദ്യം ഹനുമാന്റെയോ കൃഷ്ണന്റെയോ മുഖാവരണമാണ് കെട്ടുക. പന്നിക്ക് വാഴച്ചപ്പാണ് വേഷം. 
• കുമ്മാട്ടിക്കളിയുടെ ആഘോഷരീതി എങ്ങനെയുള്ളതാണ്?
കുമ്മാട്ടി കെട്ടിക്കഴിഞ്ഞാൽ എല്ലാവരും ആർപ്പുവിളിച്ച് അടുത്തുള്ള ആരാധനാലയത്തിൽ പോയി നാളികേരമുടയ്ക്കുന്നു. കിഴക്കുംപാട്ടുകര കുമ്മാട്ടിസംഘം പനക്കും പുള്ളി ശിവക്ഷേത്രത്തിലും ഊരകം കുമ്മാട്ടി അമ്മത്തിരുവടിയുടെ ക്ഷേത്രത്തിലും നമിച്ചുകൊണ്ടാണ് കളി ആരംഭിക്കുന്നത്. ഓരോ സംഘത്തിലും അഞ്ചോ ആറോ കുമ്മാട്ടികളും സംഘനേതാവായി തള്ളയുമുണ്ടാകും. നാലഞ്ചു പാട്ടുകാരും ഏകതാളത്തിൽ കൊട്ടുന്ന രണ്ടോ മൂന്നോ വില്ലുകൊട്ടുകാരും ചേർന്നതാണ് ദേശക്കുമ്മാട്ടി.

വിശകലനം ചെയ്യാം, കുറിപ്പ് തയ്യാറാക്കാം
♦ കാർഷികോത്സവങ്ങളും നാട്ടുത്സവങ്ങളും ജനമൈത്രി നിലനിർത്താൻ സഹായിക്കുന്നതെങ്ങനെ? പാഠഭാഗവും മറ്റു സന്ദർഭങ്ങളും വിശകലനം ചെയ്ത് കുറിപ്പ് തയ്യാറാക്കുക.
പ്രാദേശിക കലാരൂപമായ കുമ്മാട്ടി ആദ്യകാലത്ത് മനകളിലും തറവാടുകളിലും നായന്മാർ അവതരിപ്പിച്ചിരുന്നതാണെങ്കിലും ഇന്നു ജാതിമത ഭേദമില്ലാതെ എല്ലാവരും പങ്കെടുക്കുന്ന കൂട്ടായ്‍മയുടെ ഉത്സവമാണ്. ഓണം, പുലികളി, കുമ്മാട്ടിക്കളി തുടങ്ങിയവയെല്ലാം നാനാജാതി മതസ്ഥരും പങ്കെടുക്കുന്ന ആഘോഷങ്ങളാണ്. ജനമൈത്രിയും ഐക്യവും വിളിച്ചോതുന്ന ഇത്തരം നാട്ടുത്സവങ്ങൾ എല്ലാ അതിർവരമ്പുകളും ഇല്ലാതാക്കുകയും നാമെല്ലാം ഒന്നാണ് എന്ന ബോധം സൃഷ്ടിക്കുകയും ചെയ്യുന്നു. മതേതര മൂല്യങ്ങൾ കാത്തുസൂക്ഷിക്കപ്പെടേണ്ടതാണെന്ന് ഗ്രാമീണ നിഷ്കളങ്കതയും, സാംസ്കാരിക തനിമയുമുള്ള ഇത്തരം നാടോടിക്കലകൾ നമ്മെ ഓർമ്മികപ്പിക്കുന്നു.  

കാർഷികോത്സവം
♦ നമ്മുടെ നാട്ടിലുമുണ്ട് കാർഷികോത്സവങ്ങളും നാട്ടുത്സവങ്ങളും.
• കാളവേല
• വേല 
• പൂരം 
• ഓണം 
• വിഷു 
• മരമടി 

♦ കാർഷികോത്സവത്തിന്റെ നാട്ടുത്സവത്തിന്റെ പ്രചാരണത്തിന് നോട്ടീസ്, കാര്യപരിപാടി, പോസ്റ്റർ, ബാനർ എന്നിവ തയ്യാറാക്കുമല്ലോ. ഇവ ഡിജിറ്റലായും തയ്യാറാക്കാം.

വിവരണം തയ്യാറാക്കാം
♦ 'ഞങ്ങൾ കണ്ട കാർഷികോത്സവം/നാട്ടുത്സവം' എന്നതിനെ അടിസ്ഥാനമാക്കി ഒരു വിവരണം തയ്യാറാക്കുക.
വരികൾ ചേർത്തു പാടാം
♦ നെൽക്കൃഷിയുമായി ബന്ധപ്പെട്ട ഒരു നാടൻപാട്ടാണ് ചുവടെ നൽകിയിരിക്കുന്നത്. കൂടുതൽ വിത്തിനങ്ങൾ ചേർത്തുപാടുക.
വിത്തുപൊലിപ്പാട്ട്
എന്തെല്ലാം നെല്ല് പൊലിക
ചെന്നെല്ല് വിത്ത് പൊലിക പൊലി
ചെന്നെല്ല് വിത്ത് പൊലിക
കുഞ്ഞിക്കഴമ പൊലിക പൊലി
കുഞ്ഞിക്കഴമ പൊലിക
തൃച്ചെണ്ടൻ വിത്ത് പൊലിക പൊലി
തൃച്ചെണ്ടൻ വിത്ത് പൊലിക
വിരിപ്പ് നെല്ല് പൊലിക പൊലി
വിരിപ്പ് നെല്ല് പൊലിക
എണ്ണക്കുഴമ്പൻ പൊലിക പൊലി
എണ്ണക്കുഴമ്പൻ പൊലിക
നാരകൻ വിത്ത് പൊലിക പൊലി
നാരകൻ വിത്ത് പൊലിക
-----------------------------
സമ്പാദകൻ : ഡോ. എം. വി. വിഷ്ണുനമ്പൂതിരി)

പൊൻകിളിവാലി പൊലിക പൊലി
പൊൻകിളിവാലി പൊലിക
മുണ്ടകൻ നെല്ല്‌ പൊലിക പൊലി
മുണ്ടകൻ നെല്ല്‌ പൊലിക
നവര പുഞ്ച പൊലിക പൊലി
നവര പുഞ്ച പൊലിക
ചിറ്റേനി വിത്ത്‌ പൊലിക പൊലി
ചിറ്റേനി വിത്ത്‌ പൊലിക
നാളികൻ വിത്ത്‌ പൊലിക പൊലി
നാളികൻ വിത്ത്‌ പൊലിക
പാൽക്കഴമ വിത്ത്‌ പൊലിക പൊലി
പാൽക്കഴമ വിത്ത്‌ പൊലിക
ഉണ്ണിക്കറുവ പൊലിക പൊലി
ഉണ്ണിക്കറുവ പൊലിക
കോയിവാലൻ വിത്ത്‌ പൊലിക പൊലി
കോയിവാലൻ വിത്ത്‌ പൊലിക
ജീരകശാല പൊലിക പൊലി
ജീരകശാല പൊലിക
ഗന്ധകശാല പൊലിക പൊലി
ഗന്ധകശാല പൊലിക
പൊന്നാര്യൻ പൊലിക പൊലി
പൊന്നാര്യൻ പൊലിക
ചെമ്പകം വിത്ത്‌ പൊലിക പൊലി
ചെമ്പകം വിത്ത്‌ പൊലിക
കുറുവ  വിത്ത്‌ പൊലിക പൊലി
കുറുവ  വിത്ത്‌ പൊലിക
(കോതാമൂരിയാട്ടം)

കൃഷിപ്പാട്ടുകൾ ശേഖരിക്കാം 
• തിത്തോയ് തെയ്തൊയ് പൂന്തോയിക്കണ്ടം
പൂന്തോയിക്കണ്ടത്തിലെന്തു പൊലിവോം
പൂന്തോയിക്കണ്ടത്തി ഞാറു പൊലിവോം
പൂന്തോയിക്കണ്ടത്തിലെന്തു പൊലിവോം
പൂന്തോയിക്കണ്ടത്തി കാള പൊലിവോം

• താനാ തന തന താനാ തന തന
താനാ തന തന തന്തിനനോ
ഒര‍ു ചാല‍ുഴ‍ുതില്ല ഒര‍ു വിത്ത‍ും വിതച്ചില്ല
താനെ മ‍ുളച്ചൊര‍ു പൊൻതകര ( താനാ തന തന....)
ഒര‍ു നാളൊര‍ു വട്ടി രണ്ടാം നാൾ രണ്ട‍ു വട്ടി
മ‍ൂന്നാം നാൾ മ‍ൂന്ന‍ു വട്ടി തകര ന‍ുള്ളി ( താനാ തന തന ...)
അപ്പ‍ൂപ്പനമ്മ‍ൂമ്മ അയലത്തെ കേള‍ുമ്മാവൻ
വടക്കേലെ നാണിക്ക‍ും വിര‍ുന്നൊര‍ുക്കി (താനാ തന തന...)
ക‍ുംഭമാസം കഴിഞ്ഞപ്പോൾ തകര കഴിഞ്ഞ‍ു
ഇനിയെന്ത‍ു ചെയ്യ‍ും പെര‍ുങ്ക‍ുടലേ (താനാ തന തന...)
ആറാറ‍ു മടക്കിട്ട് അറ‍ുപത‍ു ക‍ുര‍ുക്കിട്ട്
അനങ്ങാതെ കിടന്നോ പെര‍ുങ്ക‍ുടലേ. (താനാ തന തന ...)

• അരയരയോ... കിങ്ങിണീയരയോ...
നമ്മക്കണ്ടം...കാരക്കണ്ടം
കാരക്കണ്ടം നട്ടീടുവേ
അരയരയോ...കിങ്ങിണീയരയോ...
ഓരായീരം... കാളേംവന്ന്
ഓരായീരം...ആളുംവന്ന്
ഓരായീരം വെറ്റകൊടുത്ത്
അരയരയോ കിങ്ങിണീയരയോ
നമ്മക്കണ്ടം കാരക്കണ്ടം
കാരക്കണ്ടം നട്ടീടവേ...

• ആതിച്ചൻ ചന്തിരാൻ രണ്ടല്ലോ കാള
കാഞ്ഞിരക്കീഴ് നടുക്കണ്ടം തുണ്ടത്തിൽ
ആതിച്ചൻ കാളേ വലത്തും വച്ചു
ചന്തിരൻ കാളേ യിടത്തും വച്ചു
ഇച്ചാലു പൂട്ടീ മറുചാലുഴുവുമ്പം
ചേറും കട്ടയൊടയും പരുവത്തിൽ
ചവുട്ടിനിരത്തിയാ വാച്ചാലും കോരീ
വാച്ചാലും കോരി പൊരിക്കോലും കുത്തീ
പൊരിക്കോലും കുത്തിയാ വാരി വെതപ്പീനാ
വാരിവിതച്ചൂ മടയുമടപ്പീനാ
പിറ്റേന്നുനേരം വെളുത്തതും തീയതീ
മട തുറന്നു വെതയും തോത്തീ
നെല്ലെല്ലാം കാച്ചു കനിയും പരുവത്തിൽ
നെല്ലിന്റെ മുട്ടിപ്പെരമാവും കാവല്.

• ഏലയ്യാ...ഏലയ്യാ...
ഏലയ്യാ...ഏലയ്യാ...
കൊയ്യാൻ പോരെടി പെണ്ണാളേ
ഏലയ്യാ...ഏലയ്യാ...
കറ്റ കെട്ടടി പെണ്ണാളേ
ഏലയ്യാ...ഏലയ്യാ...
മാനം ഇരുണ്ടെടി പെണ്ണാളേ
ഏലയ്യാ...ഏലയ്യാ...
കൂരേ കേറടി പെണ്ണാളേ
ഏലയ്യാ...ഏലയ്യാ...
ഏലയ്യാ...ഏലയ്യാ...

• നെല്ലുകൊയ്യെട കോരാ
എനിക്കു വയ്യെന്റമ്മേ
കറ്റകെട്ടട കോരാ
എനിക്കു വയ്യെന്റമ്മേ
കറ്റ മെതിക്കട കോരാ
എനിക്കു വയ്യെന്റമ്മേ
കഞ്ഞി വെയ്ക്കുട കോരാ
എനിക്കു വയ്യെന്റമ്മേ
കഞ്ഞി കുടിക്കെട കോര
അങ്ങനെ പറയെന്റമ്മേ
അയ്യട! ഇപ്പക്കിട്ടും
മോനേ പോയി പണി ചെയ്യ്.

👉മലയാളം മറ്റ് യൂണിറ്റുകളുടെ ചോദ്യോത്തരങ്ങൾക്കായി ഇവിടെ ക്ലിക്കുക 
👉Class VII Malayalam Textbook (pdf) - Click here 


ഈ ബ്ലോഗിലെ എല്ലാ പോസ്റ്റുകളും ഒരുമിച്ച് കാണാനും ആവശ്യമുള്ളവ എളുപ്പത്തിൽ തിരഞ്ഞെടുക്കാനും ഇവിടെ ക്ലിക്കുക.

PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here