Kerala Syllabus Class 7 കേരള പാഠാവലി Chapter 03 - മനസ്സിലെ കിളി - ചോദ്യോത്തരങ്ങൾ 


Study Notes for Class 7 കേരള പാഠാവലി (ഇളംകാറ്റ് തെല്ലൊന്നു തൊട്ടെന്നുവന്നാൽ) മനസ്സിലെ കിളി | Class 7 Malayalam - Kerala Padavali - Manassile kili - Questions and Answers - Chapter 03 മനസ്സിലെ കിളി  - ചോദ്യോത്തരങ്ങൾ

ഈ ബ്ലോഗ് ഉടമയുടെ രേഖാമൂലമുള്ള അനുമതിയില്ലാതെ ഈ ബ്ലോഗിൽ നൽകിയിരിക്കുന്ന ചോദ്യോത്തരങ്ങൾ, ഇതേരീതിയിലോ പി.ഡി.എഫ് രൂപത്തിലോ, മറ്റേതെങ്കിലും ഡിജിറ്റലോ, പ്രിന്റഡ് ഉൾപ്പെടെയുള്ള ഏതെങ്കിലും രൂപങ്ങളിലേക്കോ മാറ്റി മറ്റൊരു വെബ്സൈറ്റിലോ, ബ്ലോഗിലോ, യുട്യൂബ്, സോഷ്യൽ മീഡിയാ ഗ്രൂപ്പുകളിലോ ഉൾപ്പെടെ ഒരിടത്തും പ്രചരിപ്പിക്കാൻ പാടില്ലാത്തതാകുന്നു.

മനസ്സിലെ കിളി - ബിമലേന്ദ്ര ചക്രവർത്തി 
ത്രിപുരയിലെ അഗർത്തലയിൽ ജനനം. ബാങ്ക് ഉദ്യോഗസ്ഥൻ. ബംഗാളി ഭാഷയിൽ നിരവധി കൃതികൾ രചിച്ചിട്ടുണ്ട്. ബാലസാഹിത്യം അദ്ദേഹത്തിന്റെ പ്രധാന എഴുത്തു മേഖലയാണ്. അമർചബി അമർചര, ഫ്രണ്ട്സ് ഓഫ് ദി ഗ്രീൻ ഫോറസ്റ്റ് ഹരിതവനത്തിലെ കൂട്ടുകാർ), ബേഡ് ഓഫ് ദി മൈൻഡ് (മനസ്സിലെ കിളി) തുടങ്ങിയവയാണ് പ്രധാന കൃതികൾ. മനസ്സിലെ കിളി എന്ന ബാലസാഹിത്യകൃതി ഇംഗ്ലീഷ്, ചൈനീസ് തുടങ്ങിയ വിദേശ ഭാഷകളിലേക്കും മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക് തുടങ്ങിയ ഇന്ത്യൻ ഭാഷകളിലേക്കും വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.
വായിക്കാം, പറയാം
♦ പൂന്തോട്ടത്തിൽ പിക്‌ലുവിനെ എതിരേറ്റത് ആരെല്ലാം? 
കുരുവി, വായാടിക്കിളി, ബുൾബുൾ, തത്ത തുടങ്ങി പലതരം പക്ഷികളാണ് പിക്‌ലുവിനെ എതിരേറ്റത്. 

♦ അടുത്തദിവസം അതിരാവിലെ പിക്‌ലു കണ്ട കാഴ്ച എന്തായിരുന്നു?
ഒരു മൈന കൂട്ടിനകത്ത് കിടന്ന് പിടയ്ക്കുന്നതാണ് അടുത്തദിവസം അതിരാവിലെ 
പിക്‌ലു കണ്ടത്. ആ മൈനയുടെ ഒരു കാൽ ചങ്ങലകൊണ്ട് കെട്ടിയിരിക്കുന്നു.

♦ കൂട്ടിൽ കിടന്ന മൈനയെ പിക്‌ലു എന്താണ് ചെയ്തത്?
പിക്‌ലു മൈനയുടെ കാലിലെ കെട്ടഴിച്ച്, അതിനെ കൈയിലെടുത്തു മൃദുവായി തലോടി. അതിനുശേഷം അവൻ അമ്മയെ വിളിച്ചു. അമ്മ പക്ഷിയുടെ മുറിവേറ്റ കാലിൽ കുറച്ചു തൈലം പുരട്ടി.

♦ “എന്നാൽ പിക്‌ലു ദുഃഖിതനായിരുന്നു.''- കാരണമെന്ത് ?
താൻ കൂടുതുറന്ന് പറത്തിവിട്ട മൈന അതിന്റെ അമ്മയെ കണ്ടത്തുമോ, അതിനു വീട്ടിലേക്കുള്ള വഴി അറിയുമോ എന്നെല്ലാം ഓർത്താണ് പിക്‌ലു ദുഃഖിതനായത്.

♦ പിക്‌ലുവിന്റെ സന്തോഷാനുഭവം എന്തായിരുന്നു? 
പിക്‌ലു കൂട്ടിൽ നിന്നും സ്വാതന്ത്രയാക്കിയ മൈന അവളുടെ അമ്മയുമായി പൂമരക്കൊമ്പിലിരിക്കുന്നു. അതു കണ്ടപ്പോൾ അവനു സന്തോഷമായി. തന്റെ മനസ്സിലെ പക്ഷി പറന്നുചെന്ന് പ്രകൃതിയിലെ പക്ഷിയെ കണ്ടുമുട്ടിയ സന്തോഷാനുഭവം പിക്‌ലുവിനുണ്ടായി.
കണ്ടെത്തി എഴുതാം
♦ പിക്‌ലുവിന്റെ മനസ്സിലെ കിളി അശാന്തനായിരുന്നു എന്ന് പറയാനുള്ള കാരണം എന്താവാം?
കിളികളെ കാണാനും അവയുടെ ശബ്ദം കേൾക്കാനും പിക്‌ലുവിന് ഏറെ ഇഷ്ടമാണ്. അതുകൊണ്ടാണ് അവധിക്കാലമായിരിന്നിട്ടും അവൻ അതിരാവിലെ ഉണർന്ന് പുന്തോട്ടത്തിലേക്ക് പോയത്. എന്നാൽ പൂന്തോട്ടത്തിൽ എത്തിയ അവൻ കിളികളെയൊന്നും കണ്ടില്ല. അവന്റെ ചേട്ടൻ ഒരു മൈനയെ കൂട്ടിലിട്ട് അതിന്റെ ഒരു കാൽ ചങ്ങലകൊണ്ട് ബന്ധിച്ചിരുന്നു. അതിന്റെ കരച്ചിൽകേട്ടാണ് മറ്റു പക്ഷികളൊന്നും അവന്റെ പൂന്തോട്ടത്തിലേക്ക് വരാതിരുന്നത്. ഇത് പിക്‌ലുവിന്റെ മനസ്സിനെ വേദനിപ്പിച്ചു. പിക്‌ലുവിന്റെ മനസ്സിലെ കിളി അശാന്തനായിരുന്നു എന്ന് പറഞ്ഞതിനു കാരണം ഇതാണ്.

♦ പിക്‌ലുവിന്റെ ചേട്ടൻ മൈനയെ പിടിച്ച് കൂട്ടിലാക്കി. പിക്‌ലു ചേട്ടനോടു ചോദിക്കുകപോലും ചെയ്യാതെ അതിന്റെ കെട്ടഴിച്ചു പറത്തിവിട്ടു. അവൻ അങ്ങനെ ചെയ്തത് എന്തു കൊണ്ടാകാം?
ആ മൈന വളരെ സങ്കടത്തിലാണെന്നും ഒന്നും തിന്നുന്നില്ലെന്നും പിക്‌ലു ശ്രദ്ധിച്ചു. അത് ഇടയ്ക്കിടെ ദയനീയമായി കരഞ്ഞുകൊണ്ടിരുന്നു. മൈനയുടെ കരച്ചിൽ കേട്ട് മറ്റു കിളികളൊന്നും പൂന്തോട്ടത്തിൽ വന്നില്ല. അതോടെ അവനു സങ്കടമായി. കിളികൾ വാനിൽ പറന്നു നടക്കേണ്ടവയാണ് എന്ന് ബോധ്യമുള്ള കുട്ടിയാണ് പിക്‌ലു. അവയെ കൂട്ടിലിട്ട് വളർത്തുന്നതിനോട് അവനു യോജിപ്പില്ല. ഈ കാരണങ്ങൾ കൊണ്ടാണ് പിക്‌ലു ചേട്ടനോടു ചോദിക്കുകപോലും ചെയ്യാതെ അതിന്റെ കെട്ടഴിച്ചു പറത്തിവിട്ടത്.

♦ പക്ഷികളെ ഇഷ്ടപ്പെടുന്ന പലരും അവരെ കൂട്ടിലടച്ചു വളർത്താറുണ്ട്. ഇങ്ങനെ ചെയ്യുന്നതിനോട് നിങ്ങൾ യോജിക്കുന്നുണ്ടോ? 
യോജിക്കുന്നില്ല, പക്ഷികളോടുള്ള സ്നേഹം പ്രകടമാക്കുന്നത് അവയെ കൂട്ടിലടച്ചിട്ടല്ല. പക്ഷികളും പ്രകൃതിയുടെ ഭാഗമാണ്, നമ്മളെ പോലെ തന്നെ സ്വാതന്ത്ര്യത്തോടെ ഈ ഭൂമിയിൽ ജീവിക്കുവാനുള്ള അവകാശം അവയ്ക്കും ഉണ്ട്. അവയെ കൂട്ടിൽ അടയ്ക്കുമ്പോൾ മറ്റു പക്ഷികളോട് കൂട്ടുകൂടാനും സ്വതന്ത്രമായി പറക്കാനും ഉള്ള അവസരം നിക്ഷേധിക്കുകയാണ് ചെയ്യുന്നത്.  നമ്മൾ പക്ഷികളെ ആത്മാർത്ഥമായി സ്നേഹിക്കുന്നുണ്ടെങ്കിൽ ഒരിക്കലും നാം അവരുടെ സ്വാതന്ത്ര്യം നഷ്ടപ്പെടുത്തരുത്. 

പേരിനുപകരം പദമെഴുതാം 
♦ ''പിക്‌ലു അതിരാവിലെ തന്നെ ഉണർന്നു. പിക്‌ലു കണ്ണുകൾ തിരുമ്മിക്കൊണ്ട് പൂന്തോട്ടത്തിലിറങ്ങി. പൂന്തോട്ടത്തിലെത്തിയ പിക്‌ലു പക്ഷികളെ തിരഞ്ഞു. പലതരം പക്ഷികളെ പിക്‌ലു കണ്ടു. ഓരോരുത്തരായി പിക്‌ലുവിനെ സന്തോഷപൂർവം എതിരേറ്റു. രണ്ടു മൈനകൾ പിക്‌ലുവിന്റെ തലയ്ക്കു മുകളിലൂടെ പറന്നുപോയി. പിക്‌ലു ആനന്ദത്തോടെ കൈ കൊട്ടി.''
പിക്‌ലു അതിരാവിലെ തന്നെ ഉണർന്നു. അവൻ കണ്ണുകൾ തിരുമ്മിക്കൊണ്ട് പൂന്തോട്ടത്തിലിറങ്ങി. പൂന്തോട്ടത്തിലെത്തിയ അവൻ പക്ഷികളെ തിരഞ്ഞു...
♦ ഇതേ മാതൃകയിൽ തുടർന്നുള്ള വാക്യങ്ങളും മാറ്റിയെഴുതുക. മാറ്റിയെഴുതിയപ്പോൾ ഉപയോഗിച്ച പദം ഏതാണ്? 
"പലതരം പക്ഷികളെ അവൻ കണ്ടു. ഓരോരുത്തരായി അവനെ സന്തോഷപൂർവം എതിരേറ്റു. രണ്ടു മൈനകൾ അവന്റെ തലയ്ക്കു മുകളിലൂടെ പറന്നുപോയി. അവൻ ആനന്ദത്തോടെ കൈകൊട്ടി''

മാറ്റിയെഴുതിയപ്പോൾ പിക്‌ലു എന്നതിനുപകരം അവൻ, അവനെ, അവന്റെ എന്നീ പദങ്ങളാണ് ഉപയോഗിച്ചത്. 

♦ ഇങ്ങനെ എഴുതിയപ്പോൾ ഉണ്ടായ വ്യത്യാസം എന്താണ്? ചർച്ച ചെയ്യുക.
ഇങ്ങനെ മാറ്റിയെഴുതിയപ്പോൾ അർത്ഥത്തിന് വ്യത്യാസമൊന്നും വരുന്നില്ല. 'പിക്‌ലു' എന്ന പേരിനു പകരമാണ് അവൻ, അവനെ, അവന്റെ എന്നെല്ലാം പ്രയോഗിച്ചിരിക്കുന്നത്. പേര് ആവർത്തിക്കാതിരിക്കാൻ ഈ പ്രയോഗങ്ങൾ സഹായി ക്കുന്നു. 

കൂടുതൽ വാക്യങ്ങൾ കണ്ടെത്തിയെഴുതുക 

വ്യത്യാസം തിരിച്ചറിയാം 
 പിക്‌ലു ദുഃഖിതനായിരുന്നു
 അമ്മ ദുഃഖിതയായിരുന്നു.
 അവർ ദുഃഖിതരായിരുന്നു.
അടിവരയിട്ട പദങ്ങൾ വ്യത്യസ്തമാകുന്നത് എന്തുകൊണ്ട്? ചർച്ച ചെയ്യുക. 
• ദുഃഖിതനായിരുന്നു - ഇത് പുരുഷനെ സൂചിപ്പിക്കുന്നു. പിക്‌ലു ആൺകുട്ടിയായത് കൊണ്ടാണ് 'ദുഃഖിതൻ' എന്ന് പ്രയോഗിച്ചിരിക്കുന്നത്.
• ദുഃഖിതയായിരുന്നു - ഇത് സ്ത്രീയെ സൂചിപ്പിക്കുന്നു. അമ്മ സ്ത്രീയായത് കൊണ്ട് 'ദുഃഖിത' എന്ന് പ്രയോഗിച്ചിരിക്കുന്നു.
• ദുഃഖിതരായിരുന്നു - പുരുഷന്മാരെയും, സ്ത്രീകളെയും സൂചിപ്പിക്കുന്നു. കൂടുതൽ ആളുകൾ ഉള്ളയിടത്താണ് 'ദുഃഖിതർ' എന്ന് പ്രയോഗിച്ചിരിക്കുന്നത്.

ഇത്തരത്തിൽ മാറ്റം വരുന്ന കൂടുതൽ പദങ്ങൾ കണ്ടെത്തി പട്ടികപ്പെടുത്തുക.
• പിക്‌ലു അശാന്തനായിരുന്നു 
• അമ്മ അശാന്തയായിരുന്നു 
• അവർ അശാന്തരായിരുന്നു 
ഉപന്യാസം തയ്യാറാക്കാം
“ വിട്ടയയ്ക്കുക കൂട്ടിൽ നിന്നെന്നെ, ഞാ- 
നൊട്ടു വാനിൽ പറന്നുനടക്കട്ടെ.”
(ബാലാമണിയമ്മ)

"സ്വാതന്ത്ര്യം തന്നെയമൃതം
സ്വാതന്ത്ര്യംതന്നെ ജീവിതം
പാരതന്ത്ര്യം മാനികൾക്ക് 
മൃതിയെക്കാൾ ഭയാനകം''.
(കുമാരനാശാൻ)
"മനസ്സിലെ കിളി' എന്ന കഥ, മുകളിൽക്കൊടുത്ത കവിതാശകലങ്ങൾ എന്നിവ വിശകലനം ചെയ്ത് 'സ്വാതന്ത്ര്യത്തിന്റെ പ്രാധാന്യം' എന്ന വിഷയത്തിൽ ഉപന്യാസം തയ്യാറാക്കുക. സ്വാതന്ത്ര്യത്തെക്കുറിക്കുന്ന കൂടുതൽ കവിത-ഗാനശകലങ്ങൾ കണ്ടെത്തി രചനയിൽ ഉൾപ്പെടുത്തുമല്ലോ.
സ്വാതന്ത്ര്യം പോലെ മഹത്തരമായത് മറ്റൊന്നും തന്നെയില്ല. ഭൂമിയിൽ ജനിക്കുന്ന ഏതൊരു ജീവിയുടെയും ജന്മാവകാശമാണ് സ്വാതന്ത്ര്യം എന്നത്. അത് നിഷേധിക്കാനുള്ള അവകാശം ആർക്കും തന്നെയില്ല. സ്വാതന്ത്ര്യത്തിന്റെ ആകാശത്തിലൂടെ പറന്ന് നടക്കാനാണ് എല്ലാവരും ആഗ്രഹിക്കുന്നത്. ''മനസിലെ കിളി" എന്ന കഥയിൽ പിക്‌ലു എന്ന കുട്ടിയും മൈനയും നമ്മെ അത് ഓർമ്മപ്പെടുത്തുന്നു. 
"കൂട്ടിൽ നിന്നെന്നെ വിട്ടയക്കുക ഞാൻ ആകാശത്ത് പറന്ന്  നടക്കട്ടെ'' എന്നാണ് ബാലാമണിയമ്മയുടെ കവിതയിലെ കിളി പറയുന്നത്. കൂട്ടിലടക്കപ്പെട്ട ഒരു കിളിയുടെ സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള ദാഹമാണ്  ഈ വരികളിൽ പ്രകടമാകുന്നത്. ഭക്ഷണവും വെള്ളവും സംരക്ഷണവുമൊക്കെ കിട്ടിയാലും കൂട്ടിലടയ്ക്കുന്നതിലൂടെ കിളിയുടെ  പറന്ന് നടക്കാനുള്ള സ്വാതന്ത്ര്യത്തെ പൂർണ്ണമായും നിഷേധിക്കുന്നു. മറ്റുള്ളവരുടെ അവകാശങ്ങൾ ലംഘിക്കാനും അവഗണിക്കാനും നമ്മുടെ സ്വാതന്ത്ര്യം നമ്മെ അനുവദിക്കുന്നില്ല.
സ്വാതന്ത്ര്യം അമൃതിന് തുല്യമാണ്, സ്വാതന്ത്ര്യമില്ലെങ്കിൽ ജീവിതമില്ല, സ്വാതന്ത്ര്യം ഇല്ലാതാകുന്ന അവസ്ഥ മരണത്തെക്കാൾ ഭയാനകം ആണെന്ന് കുമാരനാശാൻ തന്റെ വരികളിലൂടെ ചൂണ്ടികാട്ടുന്നു. വ്യക്തികൾക്കും, സമൂഹത്തിനും രാജ്യത്തിനും എന്നപോലെ ഓരോ ജീവജാലങ്ങൾക്കും സ്വാതന്ത്ര്യം എന്നത് പ്രധാനമാണ്. നാം ഓരോരുത്തരും മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തെ മാനിക്കുകയും അവരുടെ സ്വാതന്ത്ര്യത്തിൽ ഇടപെടാതിരിക്കുകയും ചെയ്യേണ്ടതാണ്. 

കഥാപാത്ര നിരൂപണം 
ഈ കഥയിലെ പ്രധാന കഥാപാത്രമാണ് പിക്‌ലു. അവന്റെ എന്തെല്ലാം സവിശേഷതകളാണ് നിങ്ങള്ടെ ശ്രദ്ധയിൽപ്പെട്ടത്?

'മനസ്സിലെ കിളി' എന്ന കഥയിലെ കേന്ദ്ര കഥാപാത്രമാണ് പിക്‌ലു. പക്ഷികളോടും, പ്രകൃതിയിലെ മറ്റു ജീവജാലങ്ങളോടും അതിയായ സ്നേഹവും അനുകമ്പയും നിറഞ്ഞതായിരുന്നു അവന്റെ പെരുമാറ്റം. പിക്‌ലുവിന്റെ ഒരു ദിവസം ആരംഭിക്കുന്നത് പക്ഷികളെ നിരീക്ഷിക്കുകയും അവയെ ആഹ്ലാദത്തോടെ നോക്കിക്കാണുകയും ചെയ്യുന്നതിലൂടെയാണ്. അവൻ എന്നും രാവിലെ നേരത്തേ ഉണർന്ന് പൂന്തോട്ടത്തിലെത്തി കിളികളെ നിരീക്ഷിക്കും. അവ കലപില ശബ്ദങ്ങളോടെ അവനെ എതിരേൽക്കും. കിളികളുടെ എണ്ണമെടുത്തും പൂക്കളേയും തേനീച്ചകളെയും കണ്ടും അവൻ ആനന്ദിക്കും. 
ഒരിക്കൽ ഒര് മൈനയുടെ കരച്ചിൽ കേട്ടെത്തിയ പിക്‌ലു കണ്ടത് അവന്റെ ചേട്ടനായ ടോട്ടൻ ഒരു മൈനയെ പിടിച്ച് കാലുകൾ കെട്ടി കൂട്ടിലടച്ചിരിക്കുന്നതാണ്. കിളികളെ കൂട്ടിലടച്ച് വളർത്തുന്നതിനോട് പിക്‌ലുവിന് എതിർപ്പായിരുന്നു. മൈനയെ അവൻ മോചിപ്പിക്കുകയും അമ്മയുടെ സഹായത്തോടെ അതിന്റെ മുറിവേറ്റ കാലിൽ കുഴമ്പുപുരട്ടുകയും ചെയ്തു. മൈന അമ്മയെ കണ്ടെത്തുമോ, വീട്ടിലെത്തുമോ എന്നെല്ലാം ഓർത്ത് ദുഃഖിതനായിരുന്നു പിക്‌ലു. പിറ്റേന്ന് അതിനെ അമ്മയോടൊപ്പം കണ്ടപ്പോഴാണ് അവന് സന്തോഷമായത്. പിക്‌ലുവിന്റെ പ്രകൃതിയോടും സഹജീവികളോടുള്ള സ്നേഹവും,  കാരുണ്യവുമെല്ലാം ഈ കഥയിൽ പ്രകടമാവുന്നുണ്ട്. 

👉മലയാളം മറ്റ് യൂണിറ്റുകളുടെ ചോദ്യോത്തരങ്ങൾക്കായി ഇവിടെ ക്ലിക്കുക 
👉Class VII Malayalam Textbook (pdf) - Click here 


ഈ ബ്ലോഗിലെ എല്ലാ പോസ്റ്റുകളും ഒരുമിച്ച് കാണാനും ആവശ്യമുള്ളവ എളുപ്പത്തിൽ തിരഞ്ഞെടുക്കാനും ഇവിടെ ക്ലിക്കുക.

PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here