Kerala Syllabus Class 7 കേരള പാഠാവലി Chapter 01 - പ്രപഞ്ചം മുഴുവൻ പൂമ്പാറ്റകൾ - ചോദ്യോത്തരങ്ങൾ 


Study Notes for Class 7 കേരള പാഠാവലി (നീളുമീയാത്രതൻ വിസ്മയങ്ങൾ) മനസ്സിലെ കിളി | Class 7 Malayalam - Kerala Padavali - Prapanjam muzhuvan poompattakal - Questions and Answers - Chapter 01 പ്രപഞ്ചം മുഴുവൻ പൂമ്പാറ്റകൾ - ചോദ്യോത്തരങ്ങൾ

ഈ ബ്ലോഗ് ഉടമയുടെ രേഖാമൂലമുള്ള അനുമതിയില്ലാതെ ഈ ബ്ലോഗിൽ നൽകിയിരിക്കുന്ന ചോദ്യോത്തരങ്ങൾ, ഇതേരീതിയിലോ പി.ഡി.എഫ് രൂപത്തിലോ, മറ്റേതെങ്കിലും ഡിജിറ്റലോ, പ്രിന്റഡ് ഉൾപ്പെടെയുള്ള ഏതെങ്കിലും രൂപങ്ങളിലേക്കോ മാറ്റി മറ്റൊരു വെബ്സൈറ്റിലോ, ബ്ലോഗിലോ, യുട്യൂബ്, സോഷ്യൽ മീഡിയാ ഗ്രൂപ്പുകളിലോ ഉൾപ്പെടെ ഒരിടത്തും പ്രചരിപ്പിക്കാൻ പാടില്ലാത്തതാകുന്നു.

പ്രപഞ്ചം മുഴുവൻ പൂമ്പാറ്റകൾ - എൻ.എ.നസീർ 
എഴുത്തുകാരനും വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫറുമാണ് എന്‍.എ നസീർ 1962 ജൂൺ 10 ന് എറണാകുളം ജില്ലയിലെ പള്ളിപ്പുറത്ത് ജനിച്ചു. പശ്ചിമഘട്ടമലനിരകളിലൂടെ നിരന്തരം യാത്രചെയ്തുകൊണ്ടിരിക്കുന്ന എന്‍.എ നസീര്‍ പ്രകൃതിനശീകരണത്തിനെതിരായ പ്രവര്‍ത്തനങ്ങളിലും വന്യജീവി ഫോട്ടോഗ്രാഫിയിലും സജീവമാണ്. മലയാളത്തിലെ പ്രമുഖ മാസികകളിലും ഇംഗ്ലീഷ് മാസികകളിലും എഴുതുകയും ഫോട്ടോകള്‍ പ്രസിദ്ധീകരിക്കുകയും ചെയ്യാറുണ്ട്. മുംബൈ നാച്വറൽ ഹിസ്റ്ററി സൊസൈറ്റിയുടെ ആജീവനാന്ത അംഗം. നേച്ചർ കൺസർവേഷൻ സൊസൈറ്റി ഓഫ് ഫോട്ടോഗ്രാഫേഴ്സ്, നേച്ചർ കൺസർവേഷൻ ആന്റ് മാർഷ്യൽ ആർട്സ് എന്നീ സംഘടനകളൂടെ സ്ഥാപകൻ.  ചിത്രങ്ങളിലൂടെയും വാക്കുകളിലൂടെയും പരിസ്ഥിതിസംരക്ഷണത്തിനു നല്കിയ സംഭാവനകള്‍ മാനിച്ച് 2013 ലെ കെ.ആര്‍. ദേവാനന്ദ് സ്മാരക പുരസ്‌കാരം, വന്യജീവിഫോട്ടോഗ്രാഫിയും പരിസ്ഥിതിസംരക്ഷണവും ജനങ്ങളിലേക്ക് എത്തിച്ചതിന് 2011-ല്‍ ഓള്‍ കേരള ഫോട്ടോഗ്രാഫി അസോസിയേഷന്‍ ഏര്‍പ്പെടുത്തിയ 'എക്‌സലന്‍സി ഇന്‍ ഫോട്ടോഗ്രാഫി' അവാര്‍ഡും ലഭിച്ചിട്ടുണ്ട്. പ്രധാന കൃതികൾ: കാടിനെ ചെന്നു തൊടുമ്പോൾ, കാടും ക്യാമറയും, വ്രണം പൂത്ത ചന്തം, മലമുഴക്കി, കാട്ടിൽ ഒപ്പം നടന്നവരും പൊഴിഞ്ഞുപോയവരും, കാടേത് കടുവയേത് ഞാനേത്, കാടറിയാൻ ഒരു യാത്ര 
പദപരിചയം
പരിഭ്രാന്തരാവുക - ഭയപ്പെടുക 
ഈർപ്പം - നനവ് 
ജീവസ്സുറ്റ - ചൈതന്യമുള്ള 
ഹരിതം - പച്ചനിറം 
അത്ഭുതനാദം - അത്ഭുതകരമായ ശബ്ദം 
രൂപാന്തരം - രൂപമാറ്റം 
മന്ത്രണം - ചെറിയ ശബ്ദം, രഹസ്യം പറച്ചിൽ 
ഇലച്ചാർത്ത് - ഇലകളുടെ കൂട്ടം 
മണ്ണടര് - മണ്ണിന്റെ അടുക്ക് 
അന്നം - ആഹാരം
വർണ്ണം - നിറം 
നിഗുഢത - രഹസ്യമായ, മറഞ്ഞിരിക്കുന്ന 
കയം - ജലാശയത്തിലെ ആഴമുള്ള ഭാഗം
ലവലേശം - അല്പം പോലും 
വായിക്കാം, പറയാം
♦ ഈ പാഠഭാഗത്ത് നിങ്ങളെ ആകർഷിച്ച മനോഹരദൃശ്യങ്ങൾ ഏതെല്ലാമാണ്
മരങ്ങളായ മരങ്ങളൊക്കെ ഉണങ്ങി നിൽക്കുന്ന കാഴ്ച്ചകണ്ട് പരിഭ്രാന്തരായി നിൽക്കുമ്പോൾ പതുക്കെപ്പതുക്കെ ആ യാഥാർഥ്യം തിരിച്ചറിയുന്നത്. ഇലകളായ ഇലകളൊക്കെ ചിത്രശലഭങ്ങളായിരുന്നു ! ഒരു വനപ്രദേശം മുഴുക്കെ ലക്ഷക്കണക്കിന് പൂമ്പാറ്റകൾ! ഇലകളുടെ പച്ചനിറം മറച്ചുകൊണ്ട് അവ വൃക്ഷങ്ങളിലും ചെടികളിലുമൊക്കെ പറ്റിപ്പിടിച്ചിരിക്കുന്നു. ഈ മനോഹര ദൃശ്യമാണ് എന്നെ ആകർഷിച്ചത്.

♦ ഷോളയാർ പുഴയോരത്തെത്തിയ യാത്രികനെയും സുഹൃത്തുക്കളെയും പരിഭ്രാന്തരാക്കിയ കാഴ്ച ഏത്?
ഷോളയാർ പുഴയോരത്തെ മരങ്ങളിലെ ഇലകളൊക്കെ ഉണങ്ങി നിൽക്കുന്ന കാഴ്ച്ചയാണ് യാത്രികനെയും സുഹൃത്തുക്കളെയും പരിഭ്രാന്തരാക്കിയത്. കാട്ടുതീ വന്നതാകുമോ എന്നതായിരുന്നു അവരുടെ സംശയം. എന്നാൽ ലക്ഷക്കണക്കിന് പൂമ്പാറ്റകൾ മരങ്ങളിലെ ഇലകളിൽ പറ്റിപ്പിടിച്ചിരുന്നതാണ് അങ്ങനെ തോന്നാൻ കാരണം. 
♦ ''അന്നാദ്യമായി ആ അത്ഭുതനാദം ഞാൻ കേട്ടു'' ഇവിടെ അത്ഭുതനാദം എന്ന് വിശേഷിപ്പിച്ചത് എന്തിനെയാണ്?
ലക്ഷക്കണക്കിന് പൂമ്പാറ്റകളുടെ ചിറകടി ശബ്ദത്തെയാണ് ഇവിടെ അത്ഭുതനാദം എന്ന് വിശേഷിപ്പിച്ചിരിക്കുന്നത്.

കണ്ടെത്താം എഴുതാം 

♦ ''തീയ്ക്ക് മാറിനിൽക്കാനേ കഴിയൂ ഈ ഹരിതസാമ്രാജ്യത്തിൽ'' എന്നു പറഞ്ഞതെന്തുകൊണ്ടാവാം? 
മഴക്കാടുകൾ അങ്ങനെ പെട്ടെന്ന് തീയ്ക്ക് പിടികൊടുക്കുകയില്ല. അവയുടെ ഘടന അങ്ങനെയാണ്. എവിടെയും ഈർപ്പമയം. ആരോഗ്യമുള്ളതും ജീവസ്സുറ്റതുമായ ഇലച്ചാർത്തുകൾ. എല്ലായിടത്തും ജലത്തിന്റെ സാന്നിധ്യവുമുള്ളത്കൊണ്ട് തീയ്ക്ക് മാറിനിൽക്കാനേ കഴിയൂ.

♦ ഷോളയാർ വനങ്ങളിലെ മരങ്ങളായ മരങ്ങളിലെ ഇലകളൊക്കെ ഉണങ്ങി നിൽക്കുന്നുവെന്ന് തോന്നിച്ച അത്ഭുതപ്രതിഭാസം എന്തായിരുന്നു?
ഷോളയാർ വനങ്ങളിലെ മരങ്ങളിലെ ഇലകൾ ഉണങ്ങി നിൽക്കുന്നുവെന്ന് തോന്നാൻ കാരണം, ലക്ഷക്കണക്കിന് പൂമ്പാറ്റകൾ അവയിൽ പറ്റിപ്പിടിച്ചിരുന്നതാണ്. പൂമ്പാറ്റകൾ ചിറകുപൂട്ടി ഇരിക്കുന്നത് കണ്ടാൽ ഉണങ്ങിയ ഇലകളുടെ നിറമായി തോന്നും. ഇലകളുടെ പച്ചനിറം മറച്ചുകൊണ്ട് അവ വൃക്ഷങ്ങളിലും ചെടികളിലുമൊക്കെ പറ്റിപ്പിടിച്ചിരിക്കുന്ന കാഴ്ചയാണ് അദ്ഭുതപ്രതിഭാസമായി ലേഖകന് തോന്നുന്നത്. 

♦ യാത്രികനും കൂട്ടുകാരും പൂമ്പാറ്റകളുടെ വലയത്തിൽപ്പെട്ട കുഞ്ഞുങ്ങളായി മാറി എന്ന് തോന്നിയതെപ്പോൾ?
യാത്രികനും കൂട്ടുകാരും ഷോളയാർ വനങ്ങളിലെ പുഴയോരത്തെത്തി. അവിടെ ലക്ഷക്കണക്കിന് പൂമ്പാറ്റകൾ പറന്നുയരുന്ന അത്ഭുതക്കാഴ്ച അവർ കണ്ടു. പൂമ്പാറ്റകളുടെ ചിറകടിയുടെ അത്ഭുത നാദം കേട്ട്  അവയ്ക്കിടയിൽ എല്ലാ ചിന്തകളെയും വിട്ട്, ആ സ്വപ്നലോകത്തിൽപ്പെട്ട് അവർ നിന്നു. കണ്ണുകളിൽ വിടർന്ന കൗതുകവും അത്ഭുതവും കൊണ്ട് പൂമ്പാറ്റകളുടെ വലയത്തിൽപ്പെട്ട കുഞ്ഞുങ്ങളായി തങ്ങൾ മാറുകയാണോ എന്ന് യാത്രികനും കൂട്ടുകാർക്കും തോന്നി. 

പ്രയോഗഭംഗി കണ്ടെത്താം 

♦ പ്രഭാതം വിളിച്ചറിയിച്ചുകൊണ്ടെത്തുന്ന സൂര്യന്റെ സ്വർണ്ണനിറമുള്ള വെളിച്ചത്തെയാണ് 'പുലരിവെയിലിന്റെ സ്വർണ്ണക്കീറുകൾ' എന്ന് പാഠഭാഗത്ത് പ്രയോഗിച്ചിരിക്കുന്നത്. ഇതുപോലുള്ള കൂടുതൽ പ്രയോഗങ്ങൾ പാഠഭാഗത്ത്നിന്നും കണ്ടെത്തി വിശദീകരിക്കുക.

• പുലരിവെയിലിന്റെ സ്വർണ്ണക്കീറുകൾ - പ്രഭാതം വിളിച്ചറിയിച്ചുകൊണ്ടെത്തുന്ന സൂര്യന്റെ സ്വർണ്ണനിറമുള്ള വെയിലിനെ അവതരിപ്പിച്ചിരിക്കുകയാണിവിടെ. സ്വർണ്ണത്തിന്റെ തിളക്കവും നിറവും രാവിലത്തെ വെയിലിനുണ്ട്. സൂര്യകിരണത്തെ സ്വർണ്ണനിറമായി കല്പിച്ചിരിക്കുന്നത് ആസ്വാദ്യകരമാണ്.

• ഇരുളടഞ്ഞ മഴക്കാട് -  മഴക്കാടുകൾ എപ്പോഴും ഇരുട്ട് നിറഞ്ഞതായിരിക്കും. സൂര്യപ്രകാശം അധികം കടന്നെത്താത്തവയാണ് സസ്യങ്ങൾ ഇടതിങ്ങി വളരുന്ന മഴക്കാടുകൾ. സാധാരണ വനപ്രദേശങ്ങളേക്കാൾ ഭയാനകമാണിവിടം എന്ന് സൂചിപ്പിച്ചിരിക്കുകയാണിവിടെ.

• തീയ്ക്ക് മാറിനിൽക്കാനേ കഴിയൂ ഈ ഹരിതസാമ്രാജ്യത്തിൽ - എപ്പോഴും പച്ചവിരിച്ച് നിൽക്കുന്ന മഴക്കാടുകൾ തണുപ്പും ഈർപ്പവുമുള്ളതാണ്. അടിക്കാടുകളുടെ സാന്നിധ്യമില്ലാത്ത ഇവിടം എളുപ്പം കാട്ടുതീ പടർന്ന് പിടിക്കുന്ന സ്വഭാവമുള്ളതല്ല. അങ്ങനെയുള്ള ഈർപ്പം നിറഞ്ഞ മഴക്കാടിന്റെ പ്രത്യേകതയാണ് ഈ വരികളിലുള്ളത്.

• ചിറകുകളുടെ മൃദുമന്ത്രണം - ചിത്രശലഭങ്ങളുടെ നേർത്തതും മിനുസമുള്ളതുമായ കുഞ്ഞുചിറകുകൾ ചലിക്കുമ്പോൾ ഉണ്ടാകുന്ന ശബ്ദത്തെ സൂചിപ്പിക്കുന്ന പ്രയോഗമാണിത്.

• ഈർപ്പമാർന്ന മണ്ണടരുകൾ - ഈർപ്പം നിറഞ്ഞ മഴക്കാടുകളിലെ മണ്ണിന്റെ നനവാർന്ന പാളികളെയാണ് ഈ പ്രയോഗം കൊണ്ട് അർത്ഥമാക്കുന്നത്. 

ചിറകുവിരിപ്പിച്ചുയർത്തി - ചിറകുവിരിച്ച് തനിക്ക് ചുറ്റും പറന്ന് നടക്കുന്ന പൂമ്പാറ്റകളുടെ നടുവിൽ നിന്നപ്പോൾ തന്റെ ബാല്യകാലത്തേക്ക് തിരിച്ചുപോയതായി യാത്രികന് തോന്നി. 

പൂമ്പൊടികൾ കൊണ്ടെന്നെ തഴുകി - പൂമ്പാറ്റകളുടെ മൃദുലമായ ചിറകുകളിൽ പറ്റിപ്പിടിച്ചിരിക്കുന്ന പൂമ്പൊടികൾ ശരീരത്തിൽ പതിയുന്നതിനെയാണ് പൂമ്പൊടികൾ കൊണ്ടെന്നെ തഴുകി എന്ന് പ്രയോഗിച്ചിരിക്കുന്നത്.

ഇതുപോലുള്ള കൂടുതൽ പ്രയോഗങ്ങൾ കണ്ടെത്തുക.
ഇടശ്ശബ്‌ദം ചേർത്തും - ചേർക്കാതെയും 
കാതിൽ വീണ്ടും ചിറകുകളുടെ മൃദുവായ മന്ത്രണം കാതിൽ വീണ്ടും ചിറകുകളുടെ മൃദുമന്ത്രണം 
മഴക്കാടിന്റെ ഹൃദയത്തിന്റെ ഭാഗത്തായിരിക്കണം മഴക്കാടിന്റെ ഹൃദയഭാഗത്തായിരിക്കണം
♦ ഇപ്രകാരം പദങ്ങൾ ഇടശ്ശബ്‌ദം ചേർത്തും, ചേർക്കാതെയും എഴുതിയപ്പോൾ പ്രയോഗത്തിൽ ഉണ്ടായ സവിശേഷതകൾ ചർച്ചചെയ്യുക.
രണ്ട് പദങ്ങളെ കൂട്ടിചേർക്കുമ്പോൾ അർഥം കിട്ടാൻ വേണ്ടി അവയ്ക്കിടയിൽ ചേർക്കുന്ന ശബ്ദങ്ങളാണ് ഇടശ്ശബ്‌ദം. സാധാരണ പ്രത്യയ രൂപത്തിലുള്ളയാണ് ഇങ്ങനെ ചേർക്കുന്നത്. ഇടരൂപങ്ങൾ എന്നും പറയാം. എന്നാൽ ചില ഘട്ടങ്ങളിൽ പ്രത്യങ്ങളല്ലാത്ത ശബ്ദങ്ങളും ചേർക്കും. ആയ, കൊണ്ടുള്ള, ആകുന്ന തുടങ്ങിയവ ഇതിന് ചില ഉദാഹരണങ്ങളാണ്.  
ഇവിടെ ഇടശ്ശബ്‌ദം ചേർത്തും, ചേർക്കാതെയും എഴുതിയപ്പോൾ അർത്ഥത്തിൽ വ്യത്യാസമൊന്നും ഉണ്ടാകുന്നില്ല. എന്നാൽ ഇടശ്ശബ്‌ദം ചേർക്കുമ്പോൾ വരികൾക്ക് കൂടുതൽ ഭംഗിയും താളബദ്ധതയും ഉണ്ടാകുന്നതായി കാണാം.

വിശകലനം ചെയ്യാം 

♦ ''പൂമ്പാറ്റകളൊക്കെ കാറ്റിന് എന്നെ വിട്ടുകൊടുക്കാതെ വന്ന് പൊതിഞ്ഞുനിന്നു''. ഈ വാക്യം കൊണ്ട് എഴുത്തുകാരൻ അർത്ഥമാക്കുന്നതെന്താകാം? വിശകലനം ചെയ്ത കുറിപ്പെഴുതുക.
ലക്ഷക്കണക്കിന് പൂമ്പാറ്റകൾ മൃദുലമായ ചിറകുകൾ വിടർത്തി യാത്രികന് ചുറ്റും പറന്നതോടെ കാറ്റിന് പോലും അദ്ദേഹത്തിന്റെ അടുത്തെത്താൻ കഴിഞ്ഞില്ല. അത്രയധികം പൂമ്പാറ്റകളാണ് യാത്രികന്റെ ചുറ്റുമുണ്ടായിരുന്നത് എന്ന സൂചനയാണ് ഈ വരികളിലുള്ളത്. 

👉മലയാളം മറ്റ് യൂണിറ്റുകളുടെ ചോദ്യോത്തരങ്ങൾക്കായി ഇവിടെ ക്ലിക്കുക 
👉Class VII Malayalam Textbook (pdf) - Click here 


ഈ ബ്ലോഗിലെ എല്ലാ പോസ്റ്റുകളും ഒരുമിച്ച് കാണാനും ആവശ്യമുള്ളവ എളുപ്പത്തിൽ തിരഞ്ഞെടുക്കാനും ഇവിടെ ക്ലിക്കുക.

PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here