Kerala Syllabus Class 5 അടിസ്ഥാന പാഠാവലി Chapter 03 - പന്തുകളിക്കാനൊരു പെൺകുട്ടി - ചോദ്യോത്തരങ്ങൾ 

Study Notes for Class 5 അടിസ്ഥാന പാഠാവലി (കളിയല്ല കളി) പന്തുകളിക്കാനൊരു പെൺകുട്ടി | Class 5 Malayalam - Adisthana Padavali Questions and Answers - Chapter 03 Panthukalikkaanoru penkutti - ചോദ്യോത്തരങ്ങൾ

ഈ ബ്ലോഗ് ഉടമയുടെ രേഖാമൂലമുള്ള അനുമതിയില്ലാതെ ഈ ബ്ലോഗിൽ നൽകിയിരിക്കുന്ന ചോദ്യോത്തരങ്ങൾ, ഇതേരീതിയിലോ പി.ഡി.എഫ് രൂപത്തിലോ, മറ്റേതെങ്കിലും ഡിജിറ്റലോ, പ്രിന്റഡ് ഉൾപ്പെടെയുള്ള ഏതെങ്കിലും രൂപങ്ങളിലേക്കോ മാറ്റി മറ്റൊരു വെബ്സൈറ്റിലോ, ബ്ലോഗിലോ, യുട്യൂബ്, സോഷ്യൽ മീഡിയാ ഗ്രൂപ്പുകളിലോ ഉൾപ്പെടെ ഒരിടത്തും പ്രചരിപ്പിക്കാൻ പാടില്ലാത്തതാകുന്നു.

കലവൂർ രവികുമാർ
♦ എഴുത്തുകാരൻ,സിനിമാ തിരക്കഥാകൃത്ത്,സംവിധായകൻ എന്നീ മേഖലകളിൽ ശ്രദ്ധേയൻ. ആലപ്പുഴ കലവൂര്‍ മുണ്ടു പറമ്പില്‍ കലവൂർ കുമാരൻ, എം എൻ പത്മാവതി എന്നിവരുടെ മകനായി ജനനം. കണ്ണൂരിൽ ജയിൽ സൂപ്രണ്ടായിരുന്നു അച്ഛൻ. കണ്ണൂരിൽ നിന്ന് സ്കൂൾ വിദ്യാഭ്യാസവും കോളേജ് വിദ്യാഭ്യാസവും പൂർത്തിയാക്കിയ രവികുമാർ തിരുവനന്തപുരം പ്രസ് ക്ലബ്ബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ജേർണലിസം പൂർത്തിയാക്കി. ഏഴുവർഷത്തോളം കലാകൗമുദി പ്രസിദ്ധീകരണങ്ങളിൽ സബ്ബ് എഡിറ്ററായി പ്രവർത്തിച്ചിരുന്നു. മാതൃഭൂമിയിൽ പ്രസിദ്ധീകരിച്ച “ഞാനും ഉണ്ണിയും അപർണ്ണയും” ആയിരുന്നു ആദ്യത്തെ കഥ. “മോഹൻലാലിനെ എനിക്കിപ്പോൾ പേടിയാണ്” എന്ന കഥാസമാഹാരം പുറത്തിറക്കിയിരുന്നു. 
1991ൽ പുറത്തിറങ്ങിയ “ഒറ്റയാൾപ്പട്ടാള”ത്തിന് തിരക്കഥ എഴുതി സിനിമയിൽ തുടക്കം കുറിച്ചു. തുടർന്ന് “നമ്മൾ”, “ഇഷ്ടം”, “ഗോൾ” തുടങ്ങിയ  നിരവധി ഹിറ്റ് ചിത്രങ്ങൾക്ക് തിരക്കഥയൊരുക്കി മികച്ച തിരക്കഥാകൃത്ത് എന്ന ഖ്യാതി നേടി. ക്രിട്ടിക്സ് അവാർഡ് നേടിയ “ഒരിടത്തൊരു പുഴയുണ്ട് “ എന്നതാണ് ആദ്യ സംവിധാന സംരംഭം. 2012ൽ പുറത്തിറങ്ങിയ “ഫാദേഴ്സ് ഡേ” ആയിരുന്നു ഏറ്റവും അവസാനം സംവിധാനം ചെയ്ത ചിത്രം. 

പദപരിചയം
• അസാധ്യം - സാധിക്കാൻ കഴിയാത്തത് 
• പാടവം - സാമർഥ്യം 
• ജാഗരൂകൻ - ഉണർന്നിരിക്കുന്നവൻ, ജാഗ്രതയുള്ളവൻ 
• അതിമോഹം - അതിരുകടന്ന ആഗ്രഹം 
• ഉശിരൻ - ചുണയുള്ള 
• പിന്തുണയ്ക്കുക -സഹായിക്കുക 
• ക്ഷുഭിതനാവുക - ദേഷ്യപ്പെടുക 

രസകരമായ പ്രയോഗങ്ങൾ 
♦ “മഞ്ഞേ, നിന്റെ കൈയെന്താ, ഓട്ടക്കൈയാണോ?''
ശരിക്കും മഞ്ഞയുടെ കൈയിൽ ഓട്ടയുണ്ടോ? എന്നിട്ടും പ്രകാശൻ ഇങ്ങനെ പറഞ്ഞതിന് കാരണമെന്തായിരിക്കും? ചർച്ച ചെയ്യൂ. ഇത്തരം വാക്യങ്ങൾ കഥയിൽ ഇനിയും ഒളിച്ചിരിപ്പുണ്ടോ? കണ്ടെത്തുക.
മഞ്ഞയുടെ കൈയിൽ ശരിക്കും ഓട്ടയില്ല. ഗോളിയായി നിന്നപ്പോൾ പന്തു വിട്ടുകളഞ്ഞതുകൊണ്ടാണ് പ്രകാശൻ അങ്ങനെ ചോദിച്ചത്. ഗോളിയാകാൻ താല്പര്യമില്ലാതിരുന്ന മഞ്ഞക്കിളിയെ ഗോളിയാക്കിയത് പ്രകാശനാണ്. അതുകൊണ്ടാണ് എതിർടീമിന്റെ പിടിക്കാവുന്ന ഒന്നുരണ്ടുപന്തുകൾ മഞ്ഞ മനപ്പൂർവം വിട്ടുകളഞ്ഞത്. ഇതിൽ പ്രകോപിതനായ പ്രകാശൻ മഞ്ഞയോട് നിന്റെ കൈയെന്താ ഓട്ടക്കൈയാണോ എന്ന് ദേഷ്യത്തോടെ ചോദിക്കുന്നു. എന്തെങ്കിലും നമ്മുടെ കൈയിൽ നിന്ന് വഴുതിപോകുമ്പോൾ നമ്മൾ ഇങ്ങനെ ചോദിക്കാറുണ്ട്. ഇത്തരം പ്രയോഗങ്ങളിൽ വാച്യാർഥത്തേക്കാൾ വ്യംഗ്യാർഥത്തിനാണ് പ്രാധാന്യം.

കൂടുതൽ പ്രയോഗങ്ങൾ
♦ 'അസ്ത്രംപോലെയാണ് മാർത്ത പന്തുമായി കുതിക്കുന്നത്'. 
ബ്രസീലിന്റെ മാർത്ത എന്ന കളിക്കാരിയുടെ വേഗതയാണ് ഇവിടെ അവതരിപ്പിക്കുന്നത്. തൊടുത്തുവിട്ട അമ്പുപോലെ വേഗത്തിൽ മാർത്ത പന്തുമായി പായുന്നു.

♦ 'അതിമോഹമാണ് മോളേ'
ഫുടബോൾ കളിക്കാനുള്ള ആഗ്രഹവുമായെത്തിയ സുമംഗലയെ കളിയാക്കികൊണ്ട് ആൺകുട്ടികൾ പറയുന്നതാണീ വാക്കുകൾ. സുമംഗലയുടേത് അത്യാഗ്രഹമാണെന്നും അവൾക്ക് തങ്ങളോടൊപ്പം കളിക്കാനുള്ള ശേഷിയില്ല എന്നു കാണിക്കാനുമാണ് ഈ വാക്കുകൾ അവർ ഉപയോഗിച്ചത്. 
മകനോട്

♦ "ഒന്നും ആൺകുട്ടികളുടെ കുത്തകയല്ല. അങ്ങനെ ചിന്തിക്കുന്നത് നല്ല ആൺകുട്ടികളുടെ ലക്ഷണവുമല്ല.'' അമ്മയുടെ ഈ അഭിപ്രായത്തോട് നിങ്ങൾ യോജിക്കുന്നുണ്ടോ? എന്തുകൊണ്ട് ? നിങ്ങളുടെ അഭിപ്രായങ്ങൾ ഒരു കുറിപ്പായി എഴുതു.
അമ്മയുടെ ഈ അഭിപ്രായത്തോട് ഞാൻ യോജിക്കുന്നു. പന്തുകളിക്കാൻ ആഗ്രഹിച്ച് മൈതാനത്ത് എത്തിയ സുമംഗലയോട് 'പെൺകുട്ടികളെ ഫുട്ബോൾ കളിക്കാൻ കൂട്ടാനോ? അവർക്ക് പറ്റിയ കളിയാണോ ഫുട്ബോൾ? നീ പോയി കഞ്ഞിയും കറിയും വച്ച് കളിക്ക് ' എന്നു പറഞ്ഞ് പ്രകാശനും കൂട്ടുകാരും കളിയാക്കി ചിരിച്ചു. ഈ വിവരം വീട്ടിൽ വന്ന് മഞ്ഞക്കിളി അമ്മയോട് പറയുന്നു. ഇതുകേട്ട അമ്മ, പെൺകുട്ടികൾക്ക് ഫുട്ബോൾ കളിക്കാൻ പാടില്ലാന്ന് പറഞ്ഞത് ആരാണെന്ന് ചോദിക്കുന്നു. അമ്മ അവന് ലോകകപ്പിലെ വനിതാ ഫുടബോൾ മത്സരങ്ങൾ കാണിച്ചു കൊടുക്കുന്നു. പെൺകുട്ടികൾക്കും ഫുട്ബോൾ കളിക്കാൻ കഴിയും. അതിനുള്ള അവകാശമുണ്ട്. ഇടപെടുന്ന എല്ലാ മേഖലകളിലും ആൺ-പെൺ വ്യത്യാസമില്ലാതെ എല്ലാവർക്കും ഒരുപോലെ അവസരം ലഭിക്കണം. പുരുഷന്മാരെപ്പോലെതന്നെ എല്ലാ രംഗങ്ങളിലും ഇപ്പോൾ സ്ത്രീകൾ പ്രവർത്തിക്കുന്നുണ്ട്. ഇതു തിരിച്ചറിയാത്തവരാണ് പെൺകുട്ടികളെ വിലക്കുന്നത്. ഒന്നും ആൺകുട്ടികളുടെ കുത്തകയല്ല. അങ്ങനെ ചിന്തിക്കുന്നതുതന്നെ നല്ല ആൺകുട്ടിയുടെ ലക്ഷണവുമല്ല എന്നാണ് അമ്മയുടെ അഭിപ്രായം. ആൺകുട്ടിയെന്നോ, പെൺകുട്ടിയെന്നോ നോക്കാതെ പരസ്പര ബഹുമാനത്തോടെ പ്രവർത്തിക്കുകയാണുവേണ്ടത്. പെൺകുട്ടികൾ മാറിനിൽക്കേണ്ടവരാണ് എന്ന തെറ്റായ ചിന്തയെ തിരുത്തുകയാണ് അമ്മ. 

കഥാപാത്രനിരൂപണം
♦ 'പന്തുകളിക്കാനൊരു പെൺകുട്ടി' എന്ന പാഠഭാഗത്തെ അമ്മയെ കൂട്ടുകാർക്ക് ഇഷ്ടമായോ? എന്തുകൊണ്ട് ? കുറിപ്പ് തയാറാക്കു
ആൺ - പെൺ വിവേചനത്തോടെ ചിന്തിക്കുന്ന മകന് ആ ചിന്താഗതി തെറ്റാണെന്ന് ബോധ്യപ്പെടുത്തിക്കൊടുക്കുന്നത് അമ്മയാണ്. പെൺകുട്ടികൾ ഫുട്ബോൾ ഉൾപ്പെടെയുള്ള കളികളിലേർപ്പെടുന്നതിന്റെ വിഡിയോകൾ അമ്മ മകന് കാണിച്ചുകൊടുക്കുന്നു. ഒന്നും ആൺകുട്ടികളുടെ കുത്തകയല്ല എന്ന് അമ്മ മകനെ ബോധ്യപ്പെടുത്തുന്നു. പത്രപ്രവർത്തകയാകാൻ ആഗ്രഹിച്ച ആ അമ്മ പലരും എതിരഭിപ്രായം പറഞ്ഞിട്ടും തന്റെ തീരുമാനത്തിൽ ഉറച്ചുനിന്നു. പത്രപ്രവർത്തനം സ്ത്രീകൾക്കും വഴങ്ങുമെന്ന് അവർ തെളിയിച്ചു. ആഗ്രഹിച്ചത് നേടിയെടുത്ത ആ അമ്മയുടെ ജീവിതം മാത്യകയാണ്. അതുപോലെ മകന്റെ ജീവിതത്തിൽ ശരിയായ ബോധ്യങ്ങൾ നൽകാനും ആ അമ്മയ്ക്കു കഴിയുന്നു. 

മഞ്ഞക്കിളിയുടെ ഡയറി
പുറത്ത് നല്ല മഴ പെയ്യുന്നുണ്ടായിരുന്നു. മഞ്ഞക്കിളി തിരിഞ്ഞും മറിഞ്ഞും കിടന്നു. അവന് ഉറക്കം വന്നതേയില്ല. അന്നത്തെ സംഭവങ്ങൾ ഓരോന്നായി അവന്റെ മനസ്സിൽ മിന്നിമറിഞ്ഞു. അവൻ തന്റെ ഡയറി കൈയിലെടുത്ത് എഴുതാൻ തുടങ്ങി. മഞ്ഞയുടെ അന്നത്തെ ഡയറിക്കുറിപ്പ് എങ്ങനെയായിരിക്കും? എഴുതിനോക്കു.
തീയതി
പുറത്ത് നല്ല മഴയാണ്. കിടന്നുറങ്ങാൻ നല്ല അന്തരീക്ഷം. പക്ഷേ, എനിക്ക് ഉറങ്ങാൻ കഴിയുന്നില്ല. ഇന്നു മൈതാനത്തു നടന്ന കാര്യങ്ങൾ ഓർക്കുമ്പോൾ ലജ്ജ തോന്നുന്നു. സുമംഗല എന്ന പെൺകുട്ടിയെ കളിയാക്കാൻ ഞാനും കൂട്ടുനിന്നു. ഇപ്പോൾ അതോർത്ത് കുറ്റബോധം തോന്നുന്നു. അമ്മയുടെ വാക്കുകൾ എന്റെ മനസ്സിൽ ആഴത്തിലാണ് പതിഞ്ഞത്. ശരിയായ വഴി കാണിച്ചുതന്നത് അമ്മയാണ്. പെൺകുട്ടികൾക്കും ഫുട്ബോൾ കളിക്കാനുള്ള അവകാശമുണ്ടെന്ന് അമ്മ പറഞ്ഞു. പെൺകുട്ടികൾ പങ്കെടുത്ത വലിയ മത്സരങ്ങൾ അമ്മ കാണിച്ചുതരികയും ചെയ്തു. സുമംഗലയുടെ അച്ഛൻ വലിയ ഫുട്ബോൾ കളിക്കാരനായിരുന്നു. അതുകൊണ്ടായിരിക്കാം അവൾക്കും കളിക്കാൻ ആഗ്രഹമുണ്ടായത്. വലിയ കളിക്കാരിയാകാൻ സുമംഗലയ്ക്കു കഴിയട്ടെ. ഇനി കാണുമ്പോൾ സുമംഗലയോടു ക്ഷമ ചോദിക്കണം. എന്റെ തെറ്റായ ചിന്താഗതി മാറ്റിയ അമ്മയോട് നന്ദി പറയണം. 
 
നമ്മുടെ ക്ലാസ് കായികോത്സവം
റ്റോമോയിലെ കായികമേളയെക്കുറിച്ച് മനസ്സിലാക്കിയല്ലോ. എല്ലാവരെയും പങ്കെടുപ്പിച്ച് നമുക്കും ഒരു കായികമേള നടത്തിയാലോ? 
• എന്തെല്ലാം ഒരുക്കങ്ങൾ വേണം?
കായികമേളയ്ക്കു മുന്നോടിയായി സംഘാടകസമിതി രൂപി കരിക്കണം. സംഘാടകസമിതി അംഗങ്ങളാണ് കായിക മേളയുമായി ബന്ധപ്പെട്ട തീരുമാനമെടുക്കേണ്ടത്. പ്രസിഡന്റ്, സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങളിലേക്ക് ആളുകളെ തെരഞ്ഞെടുക്കണം. കായികമേള നടത്തേണ്ട ദിവസം, ഉദ്ഘാടകൻ ആര്? തുടങ്ങിയ കാര്യങ്ങൾ തീരുമാനിക്കണം.

• ഏതെല്ലാം ഇനങ്ങൾ ഉൾപ്പെടുത്തണം?
ഓട്ടം, ലോങ്ജംപ്, ഹൈജംപ്, ബാസ്ക്കറ്റ്ബോൾ, വോളിബോൾ, റിലേ, കബഡി, .......

• എവിടെവച്ച് നടത്തണം?
സ്കൂൾ മൈതാനത്ത് സൗകര്യമുണ്ടെങ്കിൽ അവിടെ നടത്താം. അല്ലെങ്കിൽ പൊതുകളിയിടങ്ങൾ തെരഞ്ഞടുത്ത് ബന്ധപ്പെട്ടവരുടെ അനുവാദത്തോടെ അവിടെ
നടത്താം.

• ആവശ്യമായ പ്രചാരണം എങ്ങനെയെല്ലാം?
നോട്ടീസ്, പോസ്റ്റർ, ബാനർ, വാട്സാപ് ഗ്രൂപ്പുകൾ വഴിയുള്ള പ്രചാരണം.

• വിജയികൾക്ക് സമ്മാനങ്ങൾ വേണ്ടേ?
ട്രോഫി, ക്യാഷ്പ്രൈസ്, മെഡൽ ഇവയൊക്കെ നൽകാം. 

• നോട്ടീസ് തയാറാക്കാം
നോട്ടീസിലെന്തെല്ലാം ഉൾപ്പെടണം?
നോട്ടീസ് മാതൃക
കായികോത്സവ് - '24
മാന്യരേ,
ടൗൺ ഗവ. യു.പി.സ്കൂൾ കായികമേള 'കായികമേള '24' ഒക്ടോബർ 8, 9, 10 തീയതികളിൽ നടത്തുന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ ---------- ഒക്ടോബർ 8ന് കായികമേള ഉദ്ഘാടനം ചെയ്യും. തുടർന്ന് സ്കൂൾ മൈതാനത്ത് കായിക മത്സരങ്ങൾ അരങ്ങേറും. 10-ാം തീയതി നടക്കുന്ന സമാപന സമ്മേളനത്തിൽ വച്ച് മത്സരവിജയികൾക്ക് സമ്മാനവിതരണം നടത്തും.
സെക്രട്ടറി 
കായികോത്സവ് -24
👉മലയാളം മറ്റ് യൂണിറ്റുകളുടെ ചോദ്യോത്തരങ്ങൾക്കായി ഇവിടെ ക്ലിക്കുക 
👉Class V Malayalam Textbook (pdf) - Click here 


ഈ ബ്ലോഗിലെ എല്ലാ പോസ്റ്റുകളും ഒരുമിച്ച് കാണാനും ആവശ്യമുള്ളവ എളുപ്പത്തിൽ തിരഞ്ഞെടുക്കാനും ഇവിടെ ക്ലിക്കുക.

PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here