Kerala Syllabus Class 7 സാമൂഹ്യശാസ്ത്രം: Chapter 06 ഇന്ത്യൻ ഉപഭൂഖണ്ഡം - ചോദ്യോത്തരങ്ങൾ | Teaching Manual 


Questions and Answers for Class 7 സോഷ്യൽ സയൻസ് - ഇന്ത്യൻ ഉപഭൂഖണ്ഡം - ചോദ്യോത്തരങ്ങൾ | Text Books Solution Social Science (Malayalam Medium) Chapter 06 Indian Subcontinent - Teaching Manual Teachers Handbook
ഈ അധ്യായത്തിന്റെ Teachers Handbook, Teaching Manual എന്നിവ ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് ചോദ്യോത്തരങ്ങളുടെ അവസാനം നൽകിയിട്ടുണ്ട്.

ഈ ബ്ലോഗ് അഡ്‌മിൻറെ രേഖാമൂലമുള്ള അനുമതിയില്ലാതെ ഈ ബ്ലോഗിൽ നൽകിയിരിക്കുന്ന ചോദ്യോത്തരങ്ങൾ, ഇതേരീതിയിലോ പി.ഡി.എഫ് രൂപത്തിലോ, മറ്റേതെങ്കിലും ഡിജിറ്റലോ, പ്രിന്റഡ് ഉൾപ്പെടെയുള്ള ഏതെങ്കിലും രൂപങ്ങളിലേക്കോ മാറ്റി മറ്റൊരു വെബ്സൈറ്റിലോ, ബ്ലോഗിലോ, യുട്യൂബ്, സോഷ്യൽ മീഡിയാ ഗ്രൂപ്പുകളിലോ ഉൾപ്പെടെ ഒരിടത്തും പ്രചരിപ്പിക്കാൻ പാടില്ലാത്തതാകുന്നു.

Std 7: സോഷ്യൽ സയൻസ് - അധ്യായം 06: ഇന്ത്യൻ ഉപഭൂഖണ്ഡം - ചോദ്യോത്തരങ്ങൾ 
♦ ഭൂഖണ്ഡങ്ങൾ എന്നാലെന്ത് ?
• വിശാലമായ കരയുടെ ഭാഗങ്ങളെ 'കരയുടെ കഷണങ്ങൾ' എന്ന അർഥത്തിൽ ഭൂഖണ്ഡങ്ങൾ അഥവാ വൻകരകൾ എന്ന് വിളിക്കുന്നു. 
• ഉയരമേറിയ പർവതങ്ങൾ, വിശാലമായ സമതലങ്ങൾ, വിസ്തൃതമായ മരുഭൂമികൾ, പീഠഭൂമികൾ മുതലായ വ്യത്യസ്ത ഭൂപ്രകൃതി വിഭാഗങ്ങളെ ഉൾക്കൊള്ളുന്ന വലിയൊരു കരഭാഗമാണ് ഭൂഖണ്ഡം. 

♦ വിവിധ ഭൂഖണ്ഡങ്ങൾ പട്ടികപ്പെടുത്തൂ. 
ഏഷ്യ, ആഫ്രിക്ക, വടക്കേ അമേരിക്ക, തെക്കേ അമേരിക്ക, അൻ്റാർട്ടിക്ക, യൂറോപ്പ്, ഓസ്ട്രേലിയ

♦ നമ്മുടെ രാജ്യമായ ഇന്ത്യ ഏത് ഭൂഖണ്ഡത്തിലാണ് സ്ഥിതി ചെയ്യുന്നത്?
ഏഷ്യ 

♦ ഉപഭൂഖണ്ഡങ്ങൾ എന്നാലെന്ത്?
വൈവിധ്യമാർന്ന ഭൂപ്രകൃതി വിഭാഗങ്ങളും കാലാവസ്ഥയും ഉള്ള വിശാല ഭൂഖണ്ഡ ഭാഗങ്ങളെ ഉപഭൂഖണ്ഡങ്ങൾ എന്ന് വിശേഷിപ്പിക്കുന്നു.

♦ ഏഷ്യ ഭൂഖണ്ഡത്തിന്റെ തെക്കുഭാഗത്തെ, ഇതര ഭാഗങ്ങളിൽ നിന്നും ഭൂമിശാസ്ത്രപരമായി വേറിട്ട് നിർത്തുന്ന ഭൂവിഭാഗം? 
പാമീർ പീഠഭൂമി

♦ ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ ഭൂപ്രകൃതി എങ്ങനെയുള്ളതാണ്? 
ഉന്നതമായ പർവത ശിഖരങ്ങൾ, വിശാലമായ സമതലങ്ങൾ, മരുഭൂമി പ്രദേശങ്ങൾ, കാഠിന്യമേറിയ ശിലകളാൽ നിർമ്മിതമായ പീഠഭൂമി പ്രദേശങ്ങൾ, തീരസമതലങ്ങൾ, ദ്വീപുകൾ ഇവയൊക്കെ ഉൾപ്പെടുന്നതാണ് ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ ഭൂപ്രകൃതി.

♦ ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ അതിർത്തികൾ ഏതൊക്കെ?
• വടക്ക് - ഹിമാലയ പർവതം  
• കിഴക്ക് - അരക്കൻ പർവത നിരകൾ  
• പടിഞ്ഞാറ് - ഹിന്ദുകുഷ് പർവത നിര
• തെക്ക് - ഇന്ത്യൻ മഹാസമുദ്രം 

♦ പാമീർ പീഠഭൂമി
'ലോകത്തിന്റെ മേൽക്കൂര' എന്ന് വിശേഷിപ്പിക്കുന്ന പാമീർ പീഠഭൂമി, ടിയാൻ ഷാൻ, കാരക്കോറം, കുൻലൂൺ, ഹിന്ദുകുഷ് എന്നീ പർവത നിരകളുടെ സംഗമസ്ഥാനമാണ്.

♦ 'ലോകത്തിന്റെ മേൽക്കൂര' എന്ന് വിശേഷിപ്പിക്കുന്ന ഭൂവിഭാഗം ഏതാണ് ?
പാമീർ പീഠഭൂമി

♦ ഒരു രാജ്യത്തിന്റെ പേരിലറിയപ്പെടുന്ന ഏക സമുദ്രം ഏതാണ്?
ഇന്ത്യൻ മഹാസമുദ്രം.

♦ നൽകിയിട്ടുള്ള ഭൂപടത്തിൽ (ടെക്സ്റ്റ്ബുക്ക് പേജ്: 84 ചിത്രം 6.2) നിന്ന് ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ഉൾപ്പെടുന്ന രാജ്യങ്ങൾ തിരിച്ചറിയുമല്ലോ.
• ഇന്ത്യ
• ഭൂട്ടാൻ 
• നേപ്പാൾ 
• ബംഗ്ലാദേശ്
• പാകിസ്ഥാൻ 
• മാലിദ്വീപ് 
• ശ്രീലങ്ക
♦ ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ വടക്ക് ഭാഗത്തുള്ള പർവതനിരകൾ ഏതൊക്കെ?
• പാക്കിസ്ഥാനിൽ ഹിന്ദുകുഷ് പർവതനിര 
• ഇന്ത്യ, നേപ്പാൾ, ഭൂട്ടാൻ എന്നീ രാജ്യങ്ങളിലായി ഹിമാലയപർവതനിര

♦ ഉത്തര മഹാസമതലം
• സിന്ധു, ഗംഗ, ബ്രഹ്മപുത്ര എന്നീ നദികൾ വഹിച്ചുകൊണ്ട് വന്ന എക്കൽ നിക്ഷേപങ്ങളാലാണ് അതിവിശാലമായ ഈ സമതലം രൂപപ്പെട്ടിട്ടുള്ളത്. • ഹിമാലയപർവതനിരകൾക്ക് തെക്ക് ഭാഗത്തതായി ഉപഭൂഖണ്ഡത്തിന്റെ കിഴക്ക് മുതൽ പടിഞ്ഞാറ് വരെ ഇത് വ്യാപിച്ചു കിടക്കുന്നു.

♦ ഉത്തരേന്ത്യൻ സമതലങ്ങളുടെ സവിശേഷതകൾ എന്തൊക്കെയാണ് ?
• ഫലഭൂയിഷ്ടമായ മണ്ണ്
• നിരപ്പാർന്ന ഭൂപ്രദേശം
• നദികളാൽ ജലസമൃദ്ധം
• ജനനിബിഡം

♦ ഉപദ്വീപീയ പീഠഭൂമി 
• ഉത്തര മഹാസമതലത്തിനു തെക്കുഭാഗം പീഠഭൂമിയാണ്. 
• സമുദ്രനിരപ്പിൽ നിന്നും ഏകദേശം 150 മുതൽ 900 മീറ്റർ വരെ ഉയരം  
• ത്രികോണാകൃതിയുള്ള ഈ ഭൂഭാഗത്തിന് ഉപദ്വീപീയ പീഠഭൂമി എന്നാണ് പേര്.

Copyright of this blog and its contents is reserved. Copying contents of this blog is not permitted without prior written permission of its owner. https://textbooksall.blogspot.com/

♦ ഥാർ മരുഭൂമി 
• ഉപദ്വീപീയ പീഠഭൂമിയുടെ വടക്കു പടിഞ്ഞാറായി ഇന്ത്യയിലും പാക്കിസ്ഥാനിലുമായി വ്യാപിച്ചുകിടക്കുന്ന വരണ്ട ഭൂപ്രദേശമാണ് ഥാർ മരുഭൂമി. • വളരെ വിരളമായി മാത്രം മഴ ലഭിക്കുന്ന ഈ പ്രദേശത്ത് കള്ളിമുൾച്ചെടികളും കുറ്റിച്ചെടികളുമാണ് സ്വാഭാവിക സസ്യജാലങ്ങൾ.

♦ ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ദ്വീപ് രാഷ്ട്രങ്ങൾ ഏതാണ്?
മാലദ്വീപ്, ശ്രീലങ്ക 

♦ ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ ഭാഗമായ ചെറിയ ദ്വീപസമൂഹങ്ങൾ ഏതൊക്കെയാണ്?
ലക്ഷദ്വീപ്, ആൻഡമാൻ നിക്കോബാർ

♦ നൽകിയിട്ടുള്ള ചിത്രങ്ങൾ താരതമ്യം ചെയ്ത് അവ ഏതൊക്കെ ഭൂപ്രദേശങ്ങളിലെ ജനജീവിതത്തെ സൂചിപ്പിക്കുന്നു എന്ന് തിരിച്ചറിയുക.
• ചിത്രം 1 - മരുപ്രദേശം 
• ചിത്രം 2 - തീരപ്രദേശം 
♦ ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ കാലാവസ്ഥയെക്കുറിച്ച് കുറിപ്പ് തയ്യാറാക്കുക. 
• ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ കാലാവസ്ഥ പൊതുവേ 'മൺസൂൺ കാലാവസ്ഥ' എന്നറിയപ്പെടുന്നു. 
• സൂര്യന്റെ അയനംമൂലം ഉത്തരായന കാലത്ത് സൂര്യന്റെ സ്ഥാനം ഉപഭൂഖണ്ഡത്തിന് മുകളിലായിരിക്കുമ്പോൾ കരഭാഗത്തെ വായു ചൂടുപിടിച്ച് മുകളിലേക്ക് ഉയരുന്നു. 
• മെയ്, ജൂൺ മാസങ്ങളിൽ, തെക്ക് പടിഞ്ഞാറ് ദിശയിൽ, ഇന്ത്യൻ സമുദ്രത്തിൽ നിന്നും ഉപഭൂഖണ്ഡത്തിലേക്ക് വീശുന്ന ഈർപ്പം നിറഞ്ഞ കാറ്റുകൾ വ്യാപകമായ മഴയ്ക്ക് കാരണമാകുന്നു.
• ദക്ഷിണായന സമയത്ത് സൂര്യന്റെ സ്ഥാനം ഇന്ത്യൻ സമുദ്രത്തിന് മുകളിലാകുമ്പോൾ സമുദ്രോപരിതലത്തിലെ വായു ചൂടുപിടിച്ച് ഉയരുകയും, ഇവിടേക്ക് ഉത്തര ദിക്കിൽ നിന്നുള്ള കാറ്റ് വീശുകയും ചെയ്യുന്നു. 
• സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിൽ വടക്കുകിഴക്ക് നിന്ന് തെക്ക് പടിഞ്ഞാറോട്ട് വീശുന്ന ഈ കാറ്റുകൾ പൊതുവേ വരണ്ടതായതിനാൽ മഴയുടെ അളവ് കുറവായിരിക്കും. 
• എന്നാൽ ബംഗാൾ ഉൾക്കടലിൽ നിന്നും നീരാവി ആഗിരണം ചെയ്യുന്നതോടെ ഉപദ്വീപീയ ഭാഗത്തിന്റെ കിഴക്കൻ തീരങ്ങളിൽ വ്യാപകമായ മഴയ്ക്ക് കാരണമാകുന്നു.

♦ --------------- എന്ന് അർഥം വരുന്ന "മൗസിം'' എന്ന അറബ് പദത്തിൽ നിന്നാണ് മൺസൂൺ എന്ന വാക്ക് രൂപപ്പെട്ടത്. 
ഋതുക്കൾ

♦ ഒരു പ്രദേശത്തിന്റെ കാലാവസ്ഥയെ സ്വാധീനിക്കുന്ന ഘടകങ്ങൾ ഏതൊക്കെയാണ് ?
• അക്ഷാംശ സ്ഥാനം
• സമുദ്ര നിരപ്പിൽനിന്നുള്ള ഉയരം
• ഭൂപ്രകൃതി
• സമുദ്രത്തിന്റെ സാമീപ്യം
• കാറ്റ്
 
♦ ഇവ ഓരോന്നും എങ്ങനെയാണ്  കാലാവസ്ഥയെ സ്വാധീനിക്കുന്നത്?
• അക്ഷാംശ സ്ഥാനം
പ്രധാന അക്ഷാംശ രേഖകളിലൊന്നായ ഉത്തരായന രേഖയുടെ വടക്കുഭാഗത്ത് മിതോഷ്ണ കാലാവസ്ഥയും തെക്കുഭാഗത്ത് ഉഷ്ണകാലാവസ്ഥയും അനുഭവപ്പെടുന്നു.

• സമുദ്ര നിരപ്പിൽനിന്നുള്ള ഉയരം
ഭൂമിയുടെ ഉപരിതലത്തിൽ നിന്നും മുകളിലേക്ക് പോകുന്തോറും താപനിലയിൽ വ്യത്യാസം അനുഭവപ്പെടുന്നു. ഇതിനെ ക്രമമായ താപനഷ്ട നിരക്ക് എന്ന് പറയുന്നു.

• ഭൂപ്രകൃതി
കാറ്റിന്റെ ദിശയ്ക്ക് അഭിമുഖമായി വരുന്ന പർവതങ്ങൾ കാറ്റിനെ തടഞ്ഞു നിർത്തി മഴ പെയ്യിക്കുന്നു. കാറ്റ് തടയപ്പെടാത്ത ഇടങ്ങളിൽ അവ മഴപെയ്യിക്കാതെ കടന്നുപോകുന്നു. മഴ കുറവായ ഇത്തരം പ്രദേശങ്ങൾ മഴനിഴൽ പ്രദേശങ്ങൾ എന്നറിയപ്പെടുന്നു. ആരവല്ലി മലനിരകളുടെ ഒരു ഭാഗം മരുഭൂമി ആകാൻ കാരണം ഇതാണ്.

• സമുദ്രത്തിന്റെ സാമീപ്യം
സമുദ്രത്തോട് ചേർന്ന് കിടക്കുന്ന പ്രദേശങ്ങളിൽ ആർദ്ര കാലാവസ്ഥയും സമുദ്രത്തിൽ നിന്നും അകലെയുള്ള സ്ഥലങ്ങളിൽ വരണ്ട കാലാവസ്ഥയും അനുഭവപ്പെടുന്നു.

• കാറ്റ്
കാറ്റിന്റെ ദിശയും അതിലെ ജലാംശത്തിന്റെ അളവും കാലാവസ്ഥയെ സ്വാധീനിക്കുന്നു.

♦ ഇന്ത്യൻ ഉപഭൂഖണ്ഡത്തിലൂടെ കടന്നുപോകുന്ന പ്രധാന അക്ഷാംശരേഖ ഏതാണ്?
ഉത്തരായനരേഖ 

♦ ഉത്തരായനരേഖയ്ക്ക് വടക്കും തെക്കും അനുഭവപ്പെടുന്ന കാലാവസ്ഥ എങ്ങനെയുള്ളതാണ്? 
• ഉത്തരായനരേഖയ്ക്കു വടക്കുഭാഗത്ത് മിതോഷ്ണ കാലാവസ്ഥയും തെക്കു ഭാഗത്ത് ഉഷ്ണകാലാവസ്ഥയുമാണ് അനുഭവപ്പെടുന്നത്.
• ഉഷ്ണമേഖലയിൽ ശൈത്യകാലത്തും ഉഷ്ണകാലത്തും അനുഭവപ്പെടുന്ന താപനിലയിലെ അന്തരം പൊതുവേ മിതമായിരിക്കും. 
• മിതോഷ്ണ മേഖലയിൽ ശൈത്യകാലത്തേയും ഉഷ്ണകാലത്തേയും താപനിലയിലെ അന്തരം പൊതുവേ കൂടുതലായിരിക്കും.

♦ മൂന്നാർ, ഊട്ടി തുടങ്ങിയ സ്ഥലങ്ങളിൽ എന്തുകൊണ്ടാണ് തണുത്ത കാലാവസ്ഥ അനുഭവപ്പെടുന്നത് ? 
ഭൂമിയുടെ ഉപരിതലത്തിൽ നിന്ന് ഉയരം കൂടുംതോറും താപനില കുറയുന്നു. അതിനാൽ മൂന്നാർ, ഊട്ടി തുടങ്ങിയ സ്ഥലങ്ങളിൽ തണുത്ത കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്.

♦ എന്താണ് മഴ നിഴൽ പ്രദേശങ്ങൾ ?
• പർവതങ്ങൾ കാറ്റിനെ തടയാത്ത ഇടങ്ങളിൽ അവ മഴപെയ്യിക്കാതെ കടന്നുപോകുന്നു. മഴ കുറഞ്ഞ ഇത്തരം പ്രദേശങ്ങളെ മഴനിഴൽ പ്രദേശങ്ങൾ എന്നാണ് പൊതുവെ അറിയപ്പെടുന്നത്.
• പശ്ചിമഘട്ടത്തിൻ്റെ കിഴക്കൻ ചരിവുകളിൽ സ്ഥിതി ചെയ്യുന്ന തമിഴ്‌നാട്ടിൽ മഴ കുറവാണ്.

♦ രാജസ്ഥാനിലെ ആരവല്ലി മലനിരകൾ ഉൾപ്പെടുന്ന പ്രദേശം മരുഭൂമിയായി മാറിയതിന് പിന്നിലെ കാരണം എന്താണ്? 
ആരവല്ലി പർവതനിരകൾക്ക് സമാന്തരമായി ഈർപ്പവാഹിയായ കാറ്റ്  വീശുന്നയിടങ്ങളിൽ, തടസ്സങ്ങളില്ലാത്തതിനാൽ കാറ്റ് മഴ പെയ്യിക്കാതെ കടന്നുപോകുന്നു. രാജസ്ഥാനിലെ ആരവല്ലി പർവതനിരകൾ ഉൾപ്പെടുന്ന പ്രദേശം മരുഭൂമിയായി മാറിയതിന് പിന്നിലെ കാരണം ഇതാണ്.

♦ കാർഷിക കാലങ്ങൾ എന്നാലെന്താണ്?
ഓരോ കാർഷിക വിളയും വിതയ്ക്കുന്നതിനും വിളവെടുക്കുന്നതിനും നിശ്ചിത കാലങ്ങളുണ്ട്. ഈ കാലങ്ങളെ കാർഷിക കാലങ്ങൾ എന്ന് പറയുന്നു. 
♦ ഇന്ത്യയിലെ കാർഷിക കാലങ്ങളെക്കുറിച്ച് ഒരു കുറിപ്പ് എഴുതുക.
ഇന്ത്യയിൽ മൂന്ന് കാർഷിക കാലങ്ങളാണുള്ളത്.
• ഖാരിഫ്
തെക്കുപടിഞ്ഞാറൻ മൺസൂണിനോട് ചേർന്ന് വരുന്ന ഖാരിഫ് കാലത്ത് ഊഷ്മാവും ജലവും കൂടുതൽ ആവശ്യമായ നെല്ല്, പരുത്തി, ചണം, അരിച്ചോളം, ബജ്റ, തുവര എന്നിവ കൃഷി ചെയ്യുന്നു.

• റാബി 
ഒക്ടോബർ-നവംബർ മാസങ്ങളിൽ ശൈത്യകാലത്തിന്റെ വരവോടെ ആരംഭിക്കുന്ന റാബി കാലം ഊഷ്മാവും ജലവും മിതമായി മാത്രം ആവശ്യമുള്ള ഗോതമ്പ്, പയറുവർഗ്ഗങ്ങൾ, കടുക് മുതലായവയുടെ കൃഷിക്കാലമാണ്. ഫെബ്രുവരി മാസത്തോടെ റാബി കാലം അവസാനിക്കുന്നു.

• സൈദ്
ദൈർഘ്യം കുറഞ്ഞ വേനൽക്കാല കാർഷിക കാലമാണ് സൈദ്. തണ്ണിമത്തൻ, വെള്ളരി, പച്ചക്കറികൾ, കാലിത്തീറ്റ വിളകൾ തുടങ്ങിയവ ഈ സമയത്ത് ജലസേചനം ലഭ്യമായ പ്രദേശങ്ങളിൽ കൃഷി ചെയ്യുന്നു. 

♦ ഇന്ത്യയിൽ കൃഷി ചെയ്യുന്ന പ്രധാന കാർഷിക വിളകളെക്കുറിച്ച് ഒരു കുറിപ്പ് എഴുതുക
• ഭക്ഷ്യവിളകൾ
• ഭക്ഷ്യ വിളകളെ ധാന്യങ്ങൾ എന്നും പയറുവർഗങ്ങൾ എന്നും രണ്ടായി തരം തിരിച്ചിരിക്കുന്നു. 
• മൃദു ധാന്യങ്ങളായ നെല്ല്, ഗോതമ്പ് എന്നിവയും പരുക്കൻ ധാന്യങ്ങളായ ബജ്റ, ചോളം, റാഗി തുടങ്ങിയവയും ഇന്ത്യയിൽ കൃഷി ചെയ്യുന്നു.
• പയർ, തുവര എന്നിവയാണ് ഇന്ത്യയിൽ കൃഷി ചെയ്യുന്ന പ്രധാന പയറുവർഗങ്ങൾ. 

• നാണ്യവിളകൾ:
വാണിജ്യാടിസ്ഥാനത്തിൽ വൻതോതിൽ കൃഷി ചെയ്യുന്ന വിളകളാണ് നാണ്യവിളകൾ. 
• നാണ്യവിളകളിൽ കരിമ്പ്, പുകയില, പരുത്തി, ചണം, എണ്ണക്കുരുക്കൾ എന്നിവ ഉൾപ്പെടുന്നു.

• നാരുവിളകൾ:
• പരുത്തിയും ചണവുമാണ് ഇന്ത്യയിലെ പ്രധാന നാരുവിളകൾ. 
• തുണിത്തരങ്ങൾ, ബാഗുകൾ, ചാക്കുകൾ തുടങ്ങി നിരവധി വസ്തുക്കൾ നിർമ്മിക്കുന്നതിനാവശ്യമായ നാരുകൾ നമുക്ക് നൽകുന്നത് നാരുവിളകളാണ്.

• എണ്ണക്കുരുക്കൾ:
• ഭക്ഷ്യ എണ്ണ ഉൽപാദിപ്പിക്കുന്നതിനാണ് എണ്ണക്കുരുക്കൾ കൃഷി ചെയ്യുന്നത്. നിലക്കടല, കടുക് വർഗ്ഗങ്ങൾ, സോയാബീൻ, സൂര്യകാന്തി, എന്നിവ ഇതിൽപെടുന്നു. 

• മറ്റുവിളകൾ 
തേയില, കാപ്പി, റബർ, സുഗന്ധ ദ്രവ്യങ്ങൾ, കിഴങ്ങു വർഗ്ഗങ്ങൾ മുതലായ മറ്റ് വിളകളും ഇന്ത്യയിൽ കൃഷി ചെയ്യുന്നുണ്ട്. ഇവയിൽ പലതും തോട്ടവിളകളായാണ് കൃഷി ചെയ്യുന്നത്.




👉 Std 7 New TextBook (pdf) - Click here 
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here