Kerala Syllabus Class 7 കേരള പാഠാവലി Chapter 01 - കാവ്യനർത്തകി - ചോദ്യോത്തരങ്ങൾ
Study Notes for Class 7 കേരള പാഠാവലി (മൊഴിപൊഴിയുമഴക് ) കാവ്യനർത്തകി | Class 7 Malayalam - Kerala Padavali - Kavyanarthaki - Questions and Answers - Chapter 01 കാവ്യനർത്തകി - ചോദ്യോത്തരങ്ങൾ
ഈ ബ്ലോഗ് ഉടമയുടെ രേഖാമൂലമുള്ള അനുമതിയില്ലാതെ ഈ ബ്ലോഗിൽ നൽകിയിരിക്കുന്ന ചോദ്യോത്തരങ്ങൾ, ഇതേരീതിയിലോ പി.ഡി.എഫ് രൂപത്തിലോ, മറ്റേതെങ്കിലും ഡിജിറ്റലോ, പ്രിന്റഡ് ഉൾപ്പെടെയുള്ള ഏതെങ്കിലും രൂപങ്ങളിലേക്കോ മാറ്റി മറ്റൊരു വെബ്സൈറ്റിലോ, ബ്ലോഗിലോ, യുട്യൂബ്, സോഷ്യൽ മീഡിയാ ഗ്രൂപ്പുകളിലോ ഉൾപ്പെടെ ഒരിടത്തും പ്രചരിപ്പിക്കാൻ പാടില്ലാത്തതാകുന്നു.
കാവ്യനർത്തകി - ചങ്ങമ്പുഴ കൃഷ്ണപിള്ള
മലയാളത്തിന്റെ ഭാവഗായകൻ ചങ്ങമ്പുഴ കൃഷ്ണപിള്ള എറണാകുളം ജില്ലയിലെ ഇടപ്പള്ളിയിലുള്ള ചങ്ങമ്പുഴ തറവാട്ടിൽ 1911 ഒക്ടോബർ 10-ാം തീയതി ജനിച്ചു. അച്ഛൻ തെക്കേടത്ത് വീട്ടിൽ നാരായണ മേനോൻ, അമ്മ ചങ്ങമ്പുഴ പാറുക്കുട്ടിയമ്മ. ദാരിദ്ര്യം നിമിത്തം ചങ്ങമ്പുഴയുടെ ബാല്യകാല വിദ്യാഭ്യാസം പോലും ക്ലേശകരമായിരുന്നു. ഇടപ്പള്ളി മലയാളം പ്രൈമറിസ്കൂൾ, ആലുവ സെന്റ്മേരീസ് സ്കൂൾ, രാമവർമ്മ ഹൈസ്കൂൾ, സെന്റ് ആൽബർട്ട്സ് ഹൈസ്കൂൾ എന്നിവിടങ്ങളിലായിരുന്നു സ്കൂൾ വിദ്യാഭ്യാസം. എറണാകുളം മഹാരാജാസ് കോളജിലും തിരുവനന്തപുരം ആർട്ട്സ് കോളജിലും പഠിച്ച് ബി എ ഓണേഴ്സ് ബിരുദം നേടി. കോളേജിൽ പഠിക്കുന്ന കാലത്തുതന്നെ ചങ്ങമ്പുഴ അറിയപ്പെടുന്ന കവിയായിമാറിയിരുന്നു. “ആ പൂമാല” തുടങ്ങി വ്രണിത ഹൃദയത്തിൽ ഒടുങ്ങുന്ന 53 കവിതകളുടെ സമാഹാരമായ “ബാഷ്പാജ്ഞലി” അദ്ദേഹത്തിന്റെ 23-ാം വയസ്സിൽ പ്രസിദ്ധീകരിച്ചു. അദ്ദേഹത്തിന്റെ സുഹൃത്തും കവിയുമായിരുന്ന ഇടപ്പള്ളി രാഘവൻപിള്ളയുടെ മരണത്തിൽ മനം നൊന്ത് രചിച്ചതാണ് 'രമണൻ' എന്ന വിലാപകാവ്യം. കവിതാസമാഹാരങ്ങളും ഖണ്ഡകാവ്യങ്ങളും പരിഭാഷകളും നോവലും ഉൾപ്പെടെ അമ്പത്തിയേഴു കൃതികൾ ചങ്ങമ്പുഴ കൈരളിക്കു കാഴ്ചവച്ചിട്ടുണ്ട്. 1948 ജൂൺ 17-ആം തീയതി ഉച്ചതിരിഞ്ഞ് തൃശ്ശൂർ മംഗളോദയം നഴ്സിങ്ങ് ഹോമിൽവച്ച്, അദ്ദേഹം അന്തരിച്ചു.
പദപരിചയം
• കാഞ്ചനം - സ്വർണ്ണം
• കാഞ്ചി - അരഞ്ഞാണം
• കടമിഴി - കണ്ണിന്റെ അറ്റം
• ഒളി - ശോഭ
• ചിന്നി - ചിതറി
• അഴക് - ഭംഗി
• മോഹനം - മോഹിപ്പിക്കുന്നത്
• അഞ്ചിക്കുഴയുക - നാണിച്ചുപോകുക
• ഭൂഷ - അലങ്കാരം, ആഭരണം
• ചേഷ്ട - പ്രവൃത്തി
• വിഭ്രമം - ആകർഷിച്ച് വശത്താക്കുക
• ഹൃദി - ഹൃദയത്തിൽ
• മേ - എനിക്ക്, എന്റെ
• സുരസുഷമ - ദേവസൗന്ദര്യം
• സുഷമ - ഭംഗി
• പെരുമ - മഹത്വം, ശ്രേഷ്ഠത
വായിക്കാം, പറയാം
♦ കവിയുടെ മുന്നിൽ നർത്തകിയായി വന്നിരിക്കുന്നത് ആരാണ്?
മലയാള കവിതയാണ് കവിയുടെ മുന്നിൽ നർത്തകിയായി വന്നിരിക്കുന്നത്
♦ മലയാളകവിതയുടെ പ്രത്യേകതകൾ എന്തൊക്കെയാണ്?
തുഞ്ചന്റെ തത്തയുടെ കൊഞ്ചലായി മാറിയത് മലയാള കവിതയാണ്. കുഞ്ചന്റെ തുള്ളലിൽ മണികൊട്ടിയതും മലയാളകവിതതന്നെ. ഇങ്ങനെ പലതരത്തിൽ, പല പ്രാദേശിക ഭാഷകളിലൂടെയും വ്യത്യസ്ത വേഷഭൂഷാദികളിലൂടെയും ആടിയും പാടിയും പല ചേഷ്ടകൾ കാട്ടി മലയാളകവിത വളർന്നു.
♦ കാവ്യനർത്തകി എങ്ങനെയൊക്കെയാണ് നൃത്തം ചെയ്യുന്നത്?
കനകച്ചിലങ്ക കിലുക്കിയും, കാഞ്ചനകാഞ്ചി കുലുക്കിയും, കൺകോണുകളിൽ സ്വപ്നം നിറച്ചും, മനോഹരമായ പുഞ്ചിരി ചെഞ്ചുണ്ടിൽ ചേർത്തും, ഒഴുകിക്കിടക്കുന്ന വസ്ത്രങ്ങളിൽ ശോഭയുടെ അലകൾ തീർത്തും, ഈ സൗന്ദര്യമെല്ലാം ചേർന്ന് ഒരു ഉടലായതുപോലെയാണ് മലയാളകവിതയാകുന്ന നർത്തകി നൃത്തം ചെയ്യുന്നത്.
♦ കവി നർത്തകിയോട് എന്തെല്ലാമാണ് അപേക്ഷിക്കുന്നത്?
പല ഭാഷകളിലൂടെയും വേഷങ്ങളിലൂടെയും പല ചേഷ്ടകളും കാണിക്കുന്ന മലയാള കവിതേ നീ എന്റെ മനസ്സിൽ സംഘർഷം നിറയ്ക്കുന്നുവെങ്കിലും നിന്നെ ഞാൻ മറക്കുകയില്ല. മലയാള കവിതയാകുന്ന നർത്തകിയുടെ ഒരു തലമുടിനാരിന്റെ തഴുകൽ പോലും തനിക്കു പേരും പെരുമയും നൽകും. അതുകൊണ്ട് നൃത്തം അവസാനിപ്പിച്ച് പോകരുതേ ദേവി എന്ന് മലയാള കവിതയാകുന്ന നർത്തകിയോട് കവി അപേക്ഷിക്കുന്നു.
വരികൾ കണ്ടെത്താം
ആശയത്തിന് സമാനമായ വരികൾ കവിതയിൽനിന്നു കണ്ടെത്തി കളം പൂർത്തിയാക്കുക. കൂടുതൽ വരികളും അവയുടെ ആശയങ്ങളും കണ്ടെത്തി എഴുതുമല്ലോ.
നം. | ആശയം | സമാനവരികൾ |
---|---|---|
1 | മലയാളഭാഷയിലെ ഏതു് നേരിയ സ്വരവും കവിക്ക് പെരുമയും പേരും നൽകാൻ പോരുന്നതാണ്. | തവ തലമുടിയിൽനിന്നൊരുനാരുപോരും, തരികെ,ന്നെത്തഴുകട്ടേ പെരുമയും പേരും, |
2 | ഹൃദയത്തിൽ സംഘർഷം നിറയ്ക്കുന്നുണ്ടെങ്കിലും നിന്നെ ഞാൻ ഒരിക്കലും മറക്കുകയില്ല. | വിഭ്രമവിഷവിത്തു വിതയ്ക്കിലും ഹൃദി മേ വിസ്മരിക്കില്ല ഞാൻ നിന്നെസ്സുരസുഷമേ! |
3 | തുഞ്ചന്റെ തത്തയുടെ കൊഞ്ചലായി മാറിയതും കുഞ്ചന്റെ തുള്ളലിൽ മണികൊട്ടിയതും മലയാളകവിതയാണ്. | തുഞ്ചന്റെ തത്തയെക്കൊഞ്ചിച്ച കവിതേ! അഞ്ചിക്കുഴഞ്ഞഴിഞ്ഞാടു ഗുണമിളിതേ, കുഞ്ചന്റെ തുള്ളലിൽ മണികൊട്ടിയ കവിതേ! |
4 | നൃത്തം അവസാനിപ്പിച്ച് പോകരുതേ ദേവി എന്ന് മലയാള കവിതയാകുന്ന നർത്തകിയോട് കവി അപേക്ഷിക്കുന്നു. | പോവുന്നോ നിൻ നൃത്തം നിർത്തി നീ, ദേവി? - അയ്യോ, പോവല്ലേ, പോവല്ലേ, പോവല്ലേ, ദേവി! |
ഈണത്തിൽ ചൊല്ലാം
കവിതയ്ക്ക് ഉചിതമായ ഈണം നൽകി ഒറ്റയ്ക്കും സംഘമായും ചൊല്ലുക.
മൊഴിപൊഴിയുമഴക്
പദക്കിലുക്കം കേൾക്കാം “കനകച്ചിലങ്ക കിലുങ്ങിക്കിലുങ്ങി കാഞ്ചനകാഞ്ചി കുലുങ്ങിക്കുലുങ്ങി
കിലുങ്ങിക്കിലുങ്ങി........
കുലുങ്ങിക്കുലുങ്ങി.........
ഇതുപോലെ ശബ്ദങ്ങളുടെ ആവർത്തനംകൊണ്ട് കൂടുതൽ മനോഹരങ്ങളായ പദങ്ങളും വരികളും കവിതയിൽനിന്ന് കണ്ടെത്തി ചൊല്ലുക.
ഒഴുകുമുടയാടയിലൊളിയലകൾ ചിന്നി
അഴകൊരുടലാർന്നപോലങ്ങനെ മിന്നി
ഒഴുകുമുടയാട ------
അഴകൊരുടലാർന്ന ------
അഞ്ചിക്കുഴഞ്ഞഴിഞ്ഞാടു ഗുണമിളിതേ,
കുഞ്ചന്റെ തുള്ളലിൽ മണികൊട്ടിയ കവിതേ!
കുഞ്ചന്റെ തുള്ളലിൽ മണികൊട്ടിയ കവിതേ!
അഞ്ചിക്കുഴഞ്ഞഴിഞ്ഞാടു ------
കുഞ്ചന്റെ തുള്ളലിൽ -----
പലമാതിരി പലഭാഷകൾ പലഭൂഷകൾ കെട്ടി
പാടിയുമാടിയും പല ചേഷ്ടകൾ കാട്ടി
പലഭാഷകൾ പലഭൂഷകൾ -------
പല ചേഷ്ടകൾ ------
വിശേഷണങ്ങൾ ചേർക്കാം
ചിലങ്കയെ കനകച്ചിലങ്കയെന്നും കാഞ്ചിയെ കാഞ്ചനകാഞ്ചിയെന്നും കവി വിശേഷിപ്പിക്കുന്നു. ഇത്തരം വിശേഷണങ്ങൾ ചേർന്ന പ്രയോഗങ്ങൾ കവിതയിൽ ഇനിയുമേറെയുണ്ട്. കണ്ടെത്തി എഴുതുക.
വിശേഷണങ്ങൾ ചേർത്തുപറയുമ്പോൾ പദങ്ങൾക്കുണ്ടാവുന്ന പ്രത്യേകതകൾ എന്തെല്ലാം?
• ചിലങ്ക - കനകച്ചിലങ്ക (സ്വർണ്ണച്ചിലങ്ക)
• കാഞ്ചി - കാഞ്ചനകാഞ്ചി (സ്വർണ്ണ അരഞ്ഞാണം)
• ചുണ്ട് - ചെഞ്ചുണ്ട് (ചുവന്നനിറമുള്ള ചുണ്ട്)
• പുഞ്ചിരി - കതിരുതിർപൂപ്പുഞ്ചിരി (കതിരുപോലെ മനോഹരമായ പുഞ്ചിരി)
• നർത്തനം - മതിമോഹന ശുഭനർത്തനം (മനോഹരവും മംഗളകരവുമായ നൃത്തം)
ചിലങ്ക എന്ന വാക്കിന് പകരം കനകച്ചിലങ്ക എന്ന് പറയുമ്പോൾ അത് സ്വർണ്ണത്താൽ നിർമ്മിച്ചതാണെന്ന് വ്യക്തമാകുന്നു. അതുപോലെ ചുണ്ടിനെ ചെഞ്ചുണ്ടായും, പുഞ്ചിരിയെ കതിരുപോലെ മനോഹരമായ പുഞ്ചിരിയായും വിശേഷിപ്പിക്കുമ്പോൾ കവിതയുടെ സൗന്ദര്യവും ചൊല്ലാഴാകും വർദ്ധിക്കുന്നു. ഇത്തരം വർണ്ണനകളും, വിശേഷണങ്ങളും കവിതയ്ക്ക് കൂടുതൽ കാവ്യാത്മകമായ ഭംഗിയും, താളവും നൽകുന്നു.
ചർച്ചചെയ്യാം, എഴുതാം
“പലമാതിരി പലഭാഷകൾ പലഭൂഷകൾ കെട്ടി
പാടിയുമാടിയും പല ചേഷ്ടകൾ കാട്ടി
വിഭ്രമവിഷവിത്തു വിതയ്ക്കിലും ഹൃദി മേ
വിസ്മരിക്കില്ല ഞാൻ നിന്നെസ്സുരസുഷമേ.
ഈ വരികളിൽ മലയാളകവിതയോടുള്ള കവിയുടെ താൽപര്യം എത്രത്തോളം പ്രകടമാകുന്നുണ്ട്? ചർച്ചചെയ്ത് കുറിപ്പ് തയ്യാറാക്കുക.
പ്രാദേശികമായ വ്യത്യാസങ്ങൾ മലയാളഭാഷയ്ക്കുണ്ട്. വടക്ക് കാസർഗോഡ് മുതൽ തെക്ക് പാറശാല വരെ മലയാളം ഭാഷാഭേദങ്ങളോടെയാണ് കാണപ്പെടുന്നത്. അതുകൊണ്ടാണ് കവി "പലമാതിരി പലഭാഷകൾ പലഭൂഷകൾ" എന്ന പ്രയോഗത്തിലൂടെ ഭാഷാ വൈവിധ്യവും സാംസ്കാരിക പാരമ്പര്യവും എടുത്തുകാട്ടുന്നത്. ഈ പ്രയോഗം മലയാളഭാഷയോടുള്ള കവിയുടെ അഭിമാനത്തെ വ്യക്തമാക്കുന്നുണ്ട്. മനസ്സിൽ വിഭ്രമവിഷവിത്തു വീണാലും ദേവസുന്ദരിയായ മലയാളഭാഷയുടെ മാധുര്യം താൻ മറക്കില്ല എന്ന് പറയുന്നതിലൂടെ ഭാഷയോടും കവിതയോടുമുള്ള തന്റെ അചഞ്ചലമായ സ്നേഹവും കവി വ്യക്തമാക്കുന്നു.
കണ്ടെത്താം, ശേഖരിക്കാം
“മറ്റുള്ള ഭാഷകൾ കേവലം ധാത്രിമാർ
മർത്ത്യന്നു പെറ്റമ്മ തൻ ഭാഷതാൻ"
(വള്ളത്തോൾ നാരായണമേനോൻ)
ഇതുപോലെ മാതൃഭാഷയുടെ പ്രാധാന്യം വ്യക്തമാക്കുന്ന കൂടുതൽ വരികൾ കണ്ടെത്തി ശേഖരണപുസ്തകത്തിൽ ഉൾപ്പെടുത്തുക. മാതൃഭാഷാദിനത്തിലും ഭാഷോത്സവത്തിലും കവിതകൾ ചൊല്ലി അവതരിപ്പിക്കുമല്ലോ.
മലയാളം
എത്ര സുന്ദരം എത്ര സുന്ദരം എന്റെ മലയാളം
മുത്ത് പവിഴങ്ങൾ കൊരുത്തൊരു പൊന്നു നൂൽ പോലെ
മണ്ണിൽ വീണു കുരുത്ത നെന്മണി വിത്ത് മുളപൊട്ടി
മിന്നുമീരില വീശിടുമ്പോൾ എത്രയീരടികൾ
മണ്ണിൽ വേർപ്പു വിതച്ചവർതൻ ഈണമായ് വന്നു
അന്ന് പാടിയ പാട്ടിലൂഞ്ഞാലാടി മലയാളം
കൊഞ്ചലും കുറുമൊഴികളും പോയ് കഥകൾ പലതോതി
നെഞ്ചണചൊരു ഗുരു വളർത്തിയ കിളിമകൾ പാടി
ദേവ ദൈത്യ മനുഷ്യവർഗ മഹാ ചരിത്രങ്ങൾ
തേൻ കിനിയും വാക്കിലോതി വളർന്നു മലയാളം
എത്ര സുന്ദരം എത്ര സുന്ദരം എന്റെ മലയാളം
മുത്ത് പവിഴങ്ങൾ കൊരുത്തൊരു സ്വർണ മാലിക പോൽ
- ഓ എൻ വി കുറുപ്പ്
അമ്മമലയാളം
പഞ്ചാരക്കയ്പ്പേറെ ഇഷ്ടമെന്നോതുവാൻ
കരയുവാൻ പിരിയുവാൻ ചേരുവാൻ
ചുണ്ടത്തിരുന്നു ചൂണ്ടിത്തന്ന
നന്മയാണമ്മമലയാളം
അച്ഛനും അമ്മയും പ്രണയിച്ച
ഭാഷ മലയാളം
കുമ്പിളിൽ കഞ്ഞി, വിശപ്പാറ്റുവാൻ
വാക്കുതന്ന മലയാളം
പെങ്ങളോടെല്ലാം പറഞ്ഞുതളിർക്കുവാൻ
വന്ന മലയാളം
കൂലി പോരെന്നതറിഞ്ഞു പിണങ്ങുവാൻ
ആയുധം തന്ന മലയാളം.
- കുരീപ്പുഴ ശ്രീകുമാർ
മാതൃഭാഷാഗീതം
മലയാളമാണെന്റെ മാതൃഭാഷ
മലനാടിന്നഭിമാന ദേശഭാഷ
മഹിമകള്‍ നിറയുന്ന മധുരഭാഷ
മലയാളികള്‍ക്കു തന്‍ ജീവഭാഷ
തുഞ്ചനും കുഞ്ചനും ചെറുശ്ശേരിയും
തുയിലുണര്‍ത്തിപ്പോന്ന കാവ്യഭാഷ
ഇ.വിയും സി. വിയും നെടുങ്ങാടിയും
ഇഴചേര്‍ത്തുയര്‍ത്തിയ ഗദ്യഭാഷ
അമ്മയേകും മുലപ്പാലുപോല്‍ ശുദ്ധമാം
നന്മയോലുന്നൊരു നല്ലഭാഷ
മലയാളമാണെന്റെ ആത്മഭാഷ
മരണംവരെയെന്റെ ഹൃദയഭാഷ.
- ശിവന്‍ മുപ്പത്തടം
👉മലയാളം മറ്റ് യൂണിറ്റുകളുടെ ചോദ്യോത്തരങ്ങൾക്കായി ഇവിടെ ക്ലിക്കുക
👉Class VII Malayalam Textbook (pdf) - Click here
ഈ ബ്ലോഗിലെ എല്ലാ പോസ്റ്റുകളും ഒരുമിച്ച് കാണാനും ആവശ്യമുള്ളവ എളുപ്പത്തിൽ തിരഞ്ഞെടുക്കാനും ഇവിടെ ക്ലിക്കുക.
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
PSC Solved Question Papers ---> Click here
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
0 Comments