Kerala Syllabus Class 7 അടിസ്ഥാന പാഠാവലി Chapter 01 - ഫാത്തിമത്തുരുത്ത് - ചോദ്യോത്തരങ്ങൾ, പഠനപ്രവർത്തനങ്ങൾ
Study Notes for Class 7 അടിസ്ഥാന പാഠാവലി (സ്നേഹസുന്ദര പാതയിലൂടെ) ഫാത്തിമത്തുരുത്ത് | Class 7 Malayalam - Adisthana Padavali Questions and Answers - Chapter 01 Fathimathuruthu - ഫാത്തിമത്തുരുത്ത് - ചോദ്യോത്തരങ്ങൾ.
ഏഴാം ക്ലാസ്സ് അടിസ്ഥാന പാഠാവലിയിലെ ''ഫാത്തിമത്തുരുത്ത്'' എന്ന പാഠം ആസ്പദമാക്കി ഡോ. ദിവ്യ എം🌺🌺, വിവേകോദയം ബോയ്സ് ഹയർ സെക്കണ്ടറി സ്കൂൾ, തൃശ്ശൂർ തയ്യാറാക്കിയ ചോദ്യോത്തരങ്ങളും, പഠനപ്രവർത്തനങ്ങളും താഴെ നൽകുന്നു.
ഈ ബ്ലോഗ് അഡ്‌മിൻറെ രേഖാമൂലമുള്ള അനുമതിയില്ലാതെ ഈ ബ്ലോഗിൽ നൽകിയിരിക്കുന്ന ചോദ്യോത്തരങ്ങൾ, ഇതേരീതിയിലോ പി.ഡി.എഫ് രൂപത്തിലോ, മറ്റേതെങ്കിലും ഡിജിറ്റലോ, പ്രിന്റഡ് ഉൾപ്പെടെയുള്ള ഏതെങ്കിലും രൂപങ്ങളിലേക്കോ മാറ്റി മറ്റൊരു വെബ്സൈറ്റിലോ, ബ്ലോഗിലോ, യുട്യൂബ്, സോഷ്യൽ മീഡിയാ ഗ്രൂപ്പുകളിലോ ഉൾപ്പെടെ ഒരിടത്തും പ്രചരിപ്പിക്കാൻ പാടില്ലാത്തതാകുന്നു.
സ്നേഹസുന്ദര പാതയിലൂടെ
കാടും കടലും - സുഗതകുമാരി
യൂണിറ്റ് പ്രവേശകത്തിൽ കാടും കടലും എന്ന കവിത കാണാം. കുറിഞ്ഞിപ്പൂക്കൾ എന്ന സുഗതകുമാരി ടീച്ചറുടെ സമാഹാരത്തിൽ നിന്നാണ് ഈ കവിത എടുത്തിട്ടുള്ളത്
♦ ഈ ചിത്രം നിങ്ങളുടെ മനസ്സിൽ ഉണർത്തിയ ചിന്തകൾ പങ്കുവെക്കുക കാടും കടലും തമ്മിലുള്ള സാദൃശ്യഭംഗി കവിതയിൽ ആവിഷ്കരിച്ചിരിക്കുന്നത് എങ്ങനെ ?ചർച്ച ചെയ്യുക (പാഠപുസ്തകചോദ്യം)
(ചിത്രവായന എന്ന പുതിയ പാഠവായനാസങ്കേതത്തെ കുട്ടികൾ പരിചയപ്പെടേണ്ടതാണ്. കവിതയുടെ ഉള്ളടക്കവും പാഠഭാഗത്ത് തന്നിട്ടുള്ള ചിത്രവും തമ്മിലുള്ള ബന്ധം അവർ മനസ്സിലാക്കുക എന്നതാണ് ഈ പ്രവർത്തനത്തിലൂടെ ഉദ്ദേശിക്കുന്നത്)
കാടും, കാറ്റും, കടലും തമ്മിലുള്ള ബന്ധത്തെ സൂചിപ്പിക്കുന്നമനോഹരമായ ചിത്രമാണ് പാഠഭാഗത്തുള്ളത്. ആദ്യമായി കിട്ടുന്ന ചിറകുവീശി കാറ്റിനോടൊപ്പം സ്വതന്ത്രനായി ഉച്ചത്തിൽ പാട്ടുപാടിക്കൊണ്ട് അലയാൻ നമുക്ക് കഴിയുമെങ്കിൽ കാടും കടലും ഈ പാട്ടും വലിയ കാറ്റും ഒന്നാണെന്ന് നാം അറിയും. പ്രകൃതിയിൽ എല്ലാം സമമാണ്. കാട് - കാറ്റ് - കടൽ ഇവ തമ്മിലുള്ള ചാക്രിക ബന്ധം ചിത്രവും വരികളും സൂചിപ്പിക്കുന്നുണ്ട്. പരസ്പരം ബന്ധമില്ലെന്ന് കരുതുന്ന കടലിനെയും കരയെയും ബന്ധിപ്പിക്കുന്നത് കാറ്റാണ്. കടലിനെയും കാടിനെയും ഒരേപോലെ കാറ്റ് തഴുകുന്നു. പ്രകൃതിയോട് ലയിച്ചുചേർന്ന ഒരു ജീവിതം നമുക്കുണ്ടെങ്കിൽ എല്ലാം ഒന്നാണെന്ന് നമുക്ക് തോന്നും. സംഗീതവും താളവും എല്ലാം അതിന്റെ ഭാഗമാണ്. മനുഷ്യൻ അതിൽ നിന്ന് വേറിട്ട ഒന്നല്ല. എല്ലാം ചേർന്ന ജൈവിക പരിസ്ഥിതിയാണ് മനുഷ്യന്റെയും നിലനിൽപ്പിന് ആധാരം എന്നാണ് ഈ യൂണിറ്റിലെ മൂന്ന് പാഠഭാഗങ്ങളും മുന്നോട്ടുവയ്ക്കുന്ന ആശയം.
♦ ഈ യൂണിറ്റിൽ (സ്നേഹസുന്ദര പാതയിലൂടെ) മൂന്നു പാഠഭാഗങ്ങൾ ആണുള്ളത്
1 - ഫാത്തിമത്തുരുത്ത് - കവിത - കുരീപ്പുഴ ശ്രീകുമാർ
2 - ഗോത്ര കവിത - പ്രകാശ് ചെന്തളം
3 - കിണറ്റിൽ വീണ പൂച്ചയെ എങ്ങനെ കയറ്റാം ? - കഥ - അക്ബർ കക്കട്ടിൽ
യൂണിറ്റിൻ്റെ ശീർഷകം സ്നേഹസുന്ദര പാതയിലൂടെ ! എന്നതാണല്ലോ വൈലോപ്പിള്ളി ശ്രീധരമേനോന്റെ വരികൾ ആണിത്.
"ആകുമോ ഭവാന്മാർക്ക് നികത്താൻ ലോക സാമൂഹ്യ ദുർനിയമങ്ങൾ
സ്നേഹസുന്ദര പാതയിലൂടെ ? വേഗമാകട്ടെ .... വേഗമാകട്ടെ!"
ഫാത്തിമത്തുരുത്ത്: ലോകത്തിൽ സാമൂഹ്യനീതി രണ്ടുവിധത്തിൽ ഉണ്ട്. സമൂഹത്തിൻറെ മുഖ്യധാരയിൽ നിന്ന് നിഷ്കാസിതരായ ജനങ്ങൾക്കും നീതി നൽകേണ്ടത് മനുഷ്യരുടെ കടമയാണ്. ഇപ്രകാരം സമൂഹത്തിന്റെ മുഖ്യധാരയിൽ നിന്ന് മാറ്റിനിർത്തപ്പെടുന്നവർക്ക് വേണ്ടി രചിക്കപ്പെട്ട കവിതകളിൽ ഒന്നാണ് ഫാത്തിമത്തുരുത്ത്. അങ്ങോട്ട് പോകാൻ ആഗ്രഹിക്കുന്ന കവി ഒരു ഭാവന യാത്രയാണ് നടത്തുന്നത്
"കാട് ആരത് ?": ഗോത്ര കവിതയായ "കാട് ആരത് ?" ആകട്ടെ ഗോത്രവർഗ്ഗത്തിന്റെ തന്നെ പ്രതിനിധിയായ പ്രകാശ് ചെന്തളമാണ് രചിച്ചിരിക്കുന്നത്. നമ്മുടെ സാഹിത്യ ലോകത്ത് ദളിത് സാഹിത്യത്തിന് പ്രാധാന്യമുണ്ടെന്നും ദളിത് സാഹിത്യം മാറ്റി നിർത്തപ്പെടേണ്ട ഒന്നല്ല എന്നും ഈ കവിത തെളിയിക്കുന്നുണ്ട്. ഗോത്രവർഗ്ഗത്തിന്റെ സൗന്ദര്യബോധവും താളബോധവും അവരുടെ വർഗ്ഗബോധവും തെളിയിക്കുന്ന കവിത കൂടിയാണ് കാട് ആരത് ?
കിണറ്റിൽ വീണ പൂച്ചയെ എങ്ങനെ കയറ്റാം? എന്നത് അക്ബർ കട്ടിലിന്റെ നർമ്മകഥ കൂടിയാണ്. നിസ്സാരമാണ് എന്ന് കരുതുന്ന പൂച്ചയെന്ന ജീവിക്ക് മനുഷ്യനും സമൂഹവും നൽകേണ്ട പരിഗണന എന്താണെന്ന് ഈ കഥ തെളിയിക്കുന്നുണ്ട്.
ഫാത്തിമത്തുരുത്ത് - കുരീപ്പുഴ ശ്രീകുമാർ
കവികൾ ഭാവനാ സമ്പന്നരാണ്. നല്ല നല്ല കാഴ്ചകളും നല്ല അനുഭവങ്ങളും കവികളുടെ ഹൃദയം ഒപ്പിയെടുക്കുന്നു. വേദനയുടെ കാലത്ത് അവരെ ആശ്വസിപ്പിക്കുന്നത് ഈ അനുഭവ സമ്പത്തുകൾ ആണ്. ഫാത്തിമത്തുരുത്ത് എന്ന ഭാവനത്തുരുത്ത് ഒരു സ്നേഹത്തുരുത്തായി മാറുന്ന രാസപരിണാമം ആണ് ഈ കവിതയിൽ സംഭവിക്കുന്നത്. വർത്തമാനകാല ജീവിതത്തിലെ ദുഃഖങ്ങൾ മറക്കാൻ കവി ആഗ്രഹിക്കുന്നുണ്ട്. എന്നാൽ ഭാവനാ ലോകത്ത് കയ്യെത്തിപ്പിടിക്കാൻ ആഗ്രഹിക്കുന്നത് ഫാത്തിമത്തുരുത്ത് എന്ന യാഥാർത്ഥ്യത്തെ തന്നെയാണ്. ഭാവനയാൽ സൃഷ്ടിക്കുന്ന അഭയസ്ഥാനം കവികൾക്ക് എന്നും ഇഷ്ടമാണ്. ഫാത്തിമത്തുരുത്ത് സ്വപ്നങ്ങളാലും യാഥാർത്ഥ്യത്താലും നിറഞ്ഞത് തന്നെയാണ്. കൊല്ലം ജില്ലയിൽ ഒറ്റപ്പെട്ട കിടക്കുന്ന ദ്വീപ് പ്രദേശമാണ് യഥാർത്ഥത്തിൽ ഫാത്തിമത്തുരുത്ത്. അവിടെയുള്ള പ്രകൃതി ഭംഗിയും ജനങ്ങളും ഒരേസമയം കവിയെ ആകർഷിച്ചിട്ടുണ്ട്. ജനങ്ങളുടെ ഒറ്റപ്പെട്ട അവസ്ഥയും പൊതു ഇടങ്ങളിൽ നിന്ന് അവർ മാറ്റിനിർത്തപ്പെട്ടതും കവിയെ ദുഖിപ്പിച്ചിട്ടുണ്ട്. ആ ദുഃഖമാണ് കവിതയ്ക്ക് പ്രേരണ. സ്വപ്നവും യാഥാർത്ഥ്യവും ചേർത്ത് കവിത മനോഹരമാകുന്നത് ജനങ്ങളുടെ ജീവിതാവസ്ഥ സൂചിപ്പിച്ചുകൊണ്ടാണ്
വായിക്കാം, കണ്ടെത്താം
♦ ഫാത്തിമത്തുരുത്തിലേക്ക് പോകുമ്പോൾ കാണാനിടയുള്ള കാഴ്ചകൾക്ക് വിവരിച്ചിരിക്കുന്നത് എങ്ങനെ ? (പാഠപുസ്തകം Page 24)
ഫാത്തിമത്തുരുത്ത് എന്ന സ്വപ്നലോകം തനിക്ക് എങ്ങനെയാണ് ആശ്വാസം നൽകുന്നത് എന്ന് കവി വിവരിച്ചിട്ടുണ്ട്. ഫാത്തിമത്തുരുത്തിൽ എത്തിയാൽ രാത്രിയിൽ സഞ്ചരിക്കുന്ന വഞ്ചിയിൽ നിലാവ് കാണണം, അവിടെയുള്ള പൂക്കളോട് മറ്റു പൂക്കളെ കുറിച്ച് അന്വേഷിച്ച്അവയെ കാണണം, രാക്കിളിയുടെ പാട്ടിനൊപ്പം കൂടി പാട്ടുകൾ ഏറ്റുപാടണം, കായലിൽ മാലയിട്ട് സ്വപ്നം കണ്ട് ഒഴുകി നടക്കുന്ന കൊപ്ലിമീനിനെ കാണണം. പൂ പോലുള്ള നിലാവിന്റെ വലവിരിച്ച് അതിനെ ഇണക്കി കൂടെ കൂട്ടണം. ഇതെല്ലാം അവിടെ കാഴ്ചകളായി ഉണ്ടാകുമെന്ന് കവി പറയുന്നു. ഏറ്റവും സൗന്ദര്യാത്മകമായി അവിടുത്തെ പ്രകൃതിയെ കവി ഇങ്ങനെയെല്ലാം വർണിച്ചിട്ടുണ്ട്.
♦ രോഗബാധിതർ കിടന്ന് അലറുന്ന കൂരകൾക്ക് എങ്ങനെ സമാശ്വാസം നൽകാമെന്നാണ് കവി ചിന്തിക്കുന്നത്? (പാഠപുസ്തകം 24)
കവി ഫാത്തിമത്തുരുത്ത് എന്ന സങ്കല്പ ലോകത്തെപ്പറ്റി വിശദീകരിക്കുകയാണ്. പലതരം രോഗങ്ങൾ ബാധിച്ചവരും ജീവിത ദുരിതങ്ങൾ അനുഭവിക്കുന്നവരും ഉള്ള ധാരാളം ചെറിയ വീടുകൾ ഫാത്തിമത്തുരുത്തിൽ ഉണ്ടാകും. രോഗബാധിതരായ ആളുകൾ വേദനകളാൽ കിടന്ന് അലറുന്ന ആ ചെറിയ കൂരകൾക്ക് ആശ്വാസം നൽകുവാൻ ജീവിതത്തിന്റെ ഔഷധം നിറച്ച സ്നേഹവും കൂടെയുള്ളതിനാൽ ഫാത്തിമ ത്തുരുത്തിൽ പോകണമെന്ന് കവി ആഗ്രഹിക്കുന്നു. ജീവിതത്തിൻറെ എല്ലാ ദുഃഖങ്ങൾക്കുമുള്ള ഔഷധം സ്നേഹമാണ് എന്ന ആശയമാണ് കവി ഇവിടെ മുന്നോട്ടു വയ്ക്കുന്നത്.
വിശകലനം ചെയ്യാം, കുറിപ്പ് തയ്യാറാക്കാം
♦ തുരുത്തിലെ ജനങ്ങളുടെ ജീവിതാവസ്ഥ സൂചിപ്പിക്കുന്ന വരികൾ കണ്ടെത്തി വിശകലനം ചെയ്ത് കുറിപ്പ് തയ്യാറാക്കുക.
കവി കുരീപ്പുഴ ശ്രീകുമാറിന്റെ കവിതയായ ഫാത്തിമത്തുരുത്ത് ഭാവനസമ്പന്നമായ ഒട്ടേറെ ചിത്രങ്ങൾ സമൃദ്ധമാണ്. അവിടെയുള്ള ജനങ്ങളുടെ സാമൂഹിക ജീവിതാവസ്ഥ പല വരികളിലായി കവി വിവരിക്കുന്നുണ്ട്
• "രോഗബാധിതർ........ പോകണം"
• "വേനലിന്റെ മുഷ്ടിയിൽ ........ പോകണം"
• "പൂച്ചകൾ ....... പോകണം"
• "ഭൂമിയെ.......... പോകണം"
ഫാത്തിമത്തുരുത്ത് സ്വപ്നങ്ങളാലും യാഥാർത്ഥ്യത്താലും നിറഞ്ഞതാണ്. സ്വപ്നങ്ങളും നിറഭംഗികളും മാത്രമായാൽ അത് അയഥാർത്ഥ ലോകത്തിൻറെ പ്രതീതി ഉണ്ടാക്കും എന്നതിനാൽ കവി കടുത്ത ജീവിതയാഥാർത്ഥ്യങ്ങളും കൂടി ഫാത്തിമത്തുരുത്തിൽ ആവിഷ്കരിക്കുന്നുണ്ട്. സമൂഹത്തിൽ മാറ്റിനിർത്തപ്പെട്ട ആളുകളെ കാണാനും, അവരെ ചേർത്തുനിർത്താനുമുള്ള ശ്രമങ്ങൾ ഉണ്ടാകണം എന്നാണ് ഈ കവിത നൽകുന്ന സന്ദേശം. ഭാവനാ യാത്രയാണെങ്കിലും കവി നമ്മോട് പറയുന്നത് പലവിധത്തിൽ ഒറ്റപ്പെടൽ അനുഭവിക്കുന്ന സഹജീവികളെ സ്നേഹത്താൽ ചേർത്തുപിടിക്കണം എന്ന് തന്നെയാണ്. ഉദാത്തമായ മനുഷ്യസ്നേഹത്തിന്റെ പ്രതിനിധിയായി കവി ഇവിടെ മാറുകയാണ്. ജനങ്ങൾ മാത്രമല്ല നിരവധി ജീവജാലങ്ങളും സസ്യലതാദികളും അവിടെ ഉണ്ട്. നിലാവും, രാത്രി വഞ്ചിയും, രാക്കിളിയും, കൊപ്ലിമീനുകളും, രോഗബാധിതരായ മനുഷ്യരും, മേഘങ്ങളും, പൂച്ചകളും, നായ്ക്കളും, കയ്യോന്നി, കാട്ടുമുല്ല തുടങ്ങിയ സസ്യജാലങ്ങളും ചേർന്ന സന്തുലിത ആവാസ വ്യവസ്ഥ ഫാത്തിമത്തുരുത്തിലുണ്ട്. മനുഷ്യനും സകല ജീവജാലങ്ങളും സ്നേഹത്തോടെയും സഹകരണ മനോഭാവത്തോടെയും കഴിയുന്ന ഇവിടെ എത്തിപ്പെടാൻ ദ്വീപു സമൂഹം ആയതിനാൽ - ബുദ്ധിമുട്ടാണെങ്കിലും കവി ആ ദ്വീപിൽ പോയിട്ടുണ്ട്. ഇനിയും പോകാൻ ആഗ്രഹിക്കുന്നുമുണ്ട്. പ്രപഞ്ചത്തിലെ എല്ലാത്തിനേയും സ്നേഹിക്കുമ്പോഴാണ് ജീവിതം ഐശ്വര്യപൂർണ്ണമാകുന്നത് എന്ന് കവി ഇവിടെ സൂചിപ്പിക്കുന്നു. വേനലിന്റെ കാഠിന്യം സഹിക്കാനാകാതെ സസ്യലതാദികളെല്ലാം നാശത്തിലേയ്ക്കും ഭൂമി വരൾച്ചയിലേക്കും പോയതായി കവി പറയുന്നുണ്ട്. ഒരു ഭാഗത്ത് സൗന്ദര്യവും മറുഭാഗത്ത് അതിൻറെ വിപരീത അവസ്ഥകളും ജീവിതത്തിൽ എന്നതുപോലെ ഫാത്തിമത്തുരുത്തിലും ഉണ്ട്. അത് സസ്യങ്ങളെയും മനുഷ്യരെയും മുഴുവൻ ബാധിക്കുന്നതുമാണ് എന്നാണ് കവി ഉദ്ദേശിക്കുന്നത്. ഈ വൈരുദ്ധ്യാത്മകത നിറഞ്ഞ ചിത്രങ്ങളാണ് ഫാത്തിമത്തുരുത്തിനെ കുരീപ്പുഴ ശ്രീകുമാറിന്റെ മറ്റു കവിതകളിൽ നിന്ന് വ്യത്യസ്തമാക്കുന്നത്.
പ്രയോഗ ഭംഗി കണ്ടെത്തി ആശയം വിശദീകരിക്കുക
• പൂക്കളോട് പൂക്കളെ തിരക്കുക
• പായൽ മാലയിട്ട കൊപ്ളിമീൻ
• ജീവിതൗഷധം നിറച്ച സ്നേഹം
• ----------------------------------------
ഇത്തരത്തിലുള്ള കൂടുതൽ പ്രയോഗങ്ങൾ കണ്ടെത്തി അവയുടെ ഭംഗി വിശദീകരിക്കുക.
കവിതയുടെ ഭംഗി അതിൻറെ വർണ്ണനയിലും ഉപമകളിലും പ്രയോഗങ്ങളിലും ആണ്. ഫാത്തിമത്തുരുത്ത് കവി നടത്തുന്ന ഭാവനായാത്രയാണ്. അവിടെയുള്ള മനോഹരമായ കാഴ്ചകളെ കവി പ്രയോഗ ഭംഗിയാൽ ആവിഷ്കരിക്കുന്നു
1. "പൂക്കളോട് പൂക്കളെ തിരക്കണം "
എന്ന് ഫാത്തിമത്തുരുത്തിലെത്തിയാൽ ചെയ്യേണ്ട കാര്യമായി കവി പറയുന്നുണ്ട്. മറ്റു പ്രദേശങ്ങളിൽ കാണാൻ സാധിക്കാത്തത്ര സസ്യലതാദികളും ഫാത്തിമത്തുരുത്തിലുണ്ട്. ഒന്നിനോട് ചോദിച്ചാൽ മറ്റൊന്നിന്റെ വിശേഷങ്ങൾ അറിയാം എന്ന് കവി പറയുന്നു. വളരെ ലളിതമായി തോന്നുമെങ്കിലും എത്രയോ വലിയ സത്യമാണ് കവി ഇവിടെ വെളിപ്പെടുത്തുന്നത്. പൂക്കളുടെ പാരസ്പര്യം, സ്നേഹം അത് പ്രകൃതിസ്നേഹിയായ കവി തിരിച്ചറിയുന്നു.
2. " പായൽ മാലയിട്ട കൊപ്ലിമീൻ "
കായലിലെ പായലിനടിയിലാണ് ഇത്തരം മീനുകൾ വസിക്കുന്നത്. കായലിൽ മീനുകളെ കാണുമ്പോൾ പായൽ കൊണ്ട് മാലയിട്ട് സുന്ദരികളായ മീനുകൾ എന്ന് തോന്നും. അതാണ് ഇവിടെ കവി പറയുന്നത്. കൊപ്ലിമീനിനെ പൂനിലാവിന്റെ വലവിരിച്ച് ഇണക്കി എടുക്കണം എന്നാണ് കവിയുടെ മനോഹരമായ സങ്കല്പം
3. " ജീവിതൗഷധം നിറച്ച സ്നേഹം "
ഫാത്തിമത്തുരത്തിലെ കൂരകളിൽ രോഗബാധിതരായി നിലവിളിക്കുന്ന നിരവധി ആളുകൾ ഉണ്ട്. ഇവർക്ക് ഔഷധത്തോടൊപ്പം സ്നേഹവും കരുതലും നൽകി ആശ്വസിപ്പിച്ച് ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരേണ്ടതുണ്ട് എന്ന് കവി പറയുന്നു. ജീവിതമാകുന്ന ഔഷധം, സ്നേഹം നിറച്ചതാവണം. സ്നേഹമാണ് എല്ലാത്തിന്റെയും അടിസ്ഥാനം
കൂടാതെ
"മഞ്ഞു മാക്സിയിൽ വിറക്കുക "
"തീക്കുടുക്കകൾ പോലെ വിറക്കുക "
" പാനശീലം ത്യജിച്ചുറങ്ങുക "
തുടങ്ങിയ വ്യത്യസ്തങ്ങളായ പ്രയോഗങ്ങളും ഈ കവിതയിലുണ്ട്.
പ്രകൃതി സൗന്ദര്യത്തിന്റെ പ്രതീകമാകുമ്പോൾ തന്നെ വേദനയുടെയും വരൾച്ചയുടെയും ചിത്രങ്ങളും നമുക്ക് നൽകുന്നുണ്ട്. ഇതെല്ലാം ഫാത്തിമത്തുരുത്തിൽ കവി ഉൾപ്പെടുത്തിയിരിക്കുന്നു.
നിവേദനം തയ്യാറാക്കാം
ജനകീയ സമിതി നിങ്ങളുടെ പ്രദേശം നേരിടുന്ന പരിസ്ഥിതിപ്രശ്നങ്ങൾക്കു പരിഹാരം ആവശ്യപ്പെട്ടുകൊണ്ട് അധികാരികൾക്ക് നൽകാനുള്ള നിവേദനം തയ്യാറാക്കുക.
പ്രേഷിതർ
ജനകീയ സമിതി
ചാലക്കുടിപ്പുഴ സംരക്ഷണമുന്നണി
ചാലക്കുടി
സ്വീകർത്താവ്
ജില്ലാ കളക്ടർ തൃശ്ശൂർ
വിഷയം: ചാലക്കുടി നിവാസികളുടെ കുടിവെള്ള പ്രശ്നവുമായി ബന്ധപ്പെട്ട്
സർ,
പ്രദേശനിവാസികളായ ഞങ്ങളുടെ പ്രധാന ജലസ്രോതസ്സ് ചാലക്കുടിപ്പുഴയാണ്. ശുദ്ധജലത്തിന്റെ പ്രകൃതിദത്ത ഉറവിടം എന്ന നിലയിൽ വർഷങ്ങളായി ജനങ്ങൾ ആശ്രയിക്കുന്ന പുഴ ഇന്ന് മലിനപ്പെട്ടു കൊണ്ടിരിക്കുകയാണ്. എന്നും സമൃദ്ധമായിരുന്ന ഈ പുഴ വർഷങ്ങളായി ഈ രീതിയിൽ കുപ്പത്തൊട്ടിയായി മാറിക്കൊണ്ടിരിക്കുന്നു. രാത്രികാലങ്ങളിലും ഉച്ചസമയത്തും മാലിന്യങ്ങൾ പുഴയിൽ ഒഴുക്കുന്നതു കൊണ്ട് പുഴ മാലിന്യപ്പെട്ടു കഴിഞ്ഞു. കാർഷികാവശ്യത്തിനും വീട്ടാവശ്യത്തിനും പുഴയെ ആശ്രയിച്ചിരുന്ന സമീപവാസികൾ ഈ ദുഃസ്ഥിതിയിൽ ആശങ്കാകുലരാണ്.
ഈ വിഷയത്തിന്റെ പ്രാധാന്യം കണക്കിലെടുത്തു കൊണ്ട് താങ്കളുടെ അടിയന്തിര ശ്രദ്ധ ഉണ്ടാകണം എന്ന് അഭ്യർത്ഥിക്കുന്നു. ചാലക്കുടിപ്പുഴ സംരക്ഷണമുന്നണിയുടെ നേതൃത്വത്തിൽ നടക്കുന്ന പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകിക്കൊണ്ട് ജനങ്ങളുടെ ആരോഗ്യത്തിന് ഹാനികരമായ വിപത്തുകൾക്കെതിരെ നിയമ ബോധവൽക്കരണം നടത്താൻ വേണ്ട നടപടി സ്വീകരിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു.
എന്ന്
വിശ്വസ്തയോടെ
സെക്രട്ടറി, ജനകീയസമിതി
സ്ഥലം
തിയ്യതി
കവിത പൂർത്തിയാക്കാം
• നിങ്ങളുടെ ഭാവനയിലെ ഫാത്തിമത്തുരുത്ത് എങ്ങനെയുള്ളതാണ് ? ഇതേ താളത്തിലും ഈണത്തിലും കവിത എഴുതുക
.............................
..................................
...................................ഫാത്തിമത്തുരുത്തിലൊന്നു പോകണം
കനകകിരണങ്ങൾ കുളിരു ചൊരിയുമ്പോൾ
മേടവെയിലിൽ ഇളവേൽക്കണം
പുഴമണലിൽ തിളങ്ങുന്ന ഓർമ്മയായി
ഫാത്തിമത്തുരുത്തിലൊന്നുപോകണം
കണ്ടാലുടനെ പുഞ്ചിരിക്കും തളിരിനെ തൊട്ട് കൂടെ കൂട്ടണം
പാതിരാവിലൂറുമാ വെണ്ണിലാവ് നുകരണം
ജീവൻ്റെ വേരറുത്ത വേനലിനെ മറക്കണം
കരയറിയാപാതയിൽ കാറ്റായി വീശണം
കൂരിരുൾ വഴികളിൽ ദീപമായി മാറണം
കണ്ണീർനോവിൽ ശലഭമായി എത്തണം
ഭാവനത്തുരുത്തി ലൊന്നു പോകണം
..................................
പദപ്രശ്‍നം പൂരിപ്പിക്കുക
👉മലയാളം മറ്റ് യൂണിറ്റുകളുടെ ചോദ്യോത്തരങ്ങൾക്കായി ഇവിടെ ക്ലിക്കുക
👉Class VII Malayalam Textbook (pdf) - Click here
ഈ ബ്ലോഗിലെ എല്ലാ പോസ്റ്റുകളും ഒരുമിച്ച് കാണാനും ആവശ്യമുള്ളവ എളുപ്പത്തിൽ തിരഞ്ഞെടുക്കാനും ഇവിടെ ക്ലിക്കുക.
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
PSC Solved Question Papers ---> Click here
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
0 Comments