Kerala Syllabus Class 7 അടിസ്ഥാന ശാസ്ത്രം: Chapter 06 താപം നിത്യജീവിതത്തിൽ - ചോദ്യോത്തരങ്ങൾ


Questions and Answers for Class 7 Basic Science (Malayalam Medium) Heat in Everyday Life | Text Books Solution Basic Science (English Medium) Chapter 06 താപം നിത്യജീവിതത്തിൽ - Teaching Manual Teachers Handbook
ഈ അധ്യായത്തിന്റെ Teachers Handbook, Teaching Manual എന്നിവ ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് ചോദ്യോത്തരങ്ങളുടെ അവസാനം നൽകിയിട്ടുണ്ട്.

ഈ ബ്ലോഗ് അഡ്‌മിൻറെ രേഖാമൂലമുള്ള അനുമതിയില്ലാതെ ഈ ബ്ലോഗിൽ നൽകിയിരിക്കുന്ന ചോദ്യോത്തരങ്ങൾ, ഇതേരീതിയിലോ പി.ഡി.എഫ് രൂപത്തിലോ, മറ്റേതെങ്കിലും ഡിജിറ്റലോ, പ്രിന്റഡ് ഉൾപ്പെടെയുള്ള ഏതെങ്കിലും രൂപങ്ങളിലേക്കോ മാറ്റി മറ്റൊരു വെബ്സൈറ്റിലോ, ബ്ലോഗിലോ, യുട്യൂബ്, സോഷ്യൽ മീഡിയാ ഗ്രൂപ്പുകളിലോ ഉൾപ്പെടെ ഒരിടത്തും പ്രചരിപ്പിക്കാൻ പാടില്ലാത്തതാകുന്നു.

Class 7 അടിസ്ഥാന ശാസ്ത്രം: Chapter 06 താപം നിത്യജീവിതത്തിൽ - ചോദ്യോത്തരങ്ങൾ
♦ ചിത്രം നിരീക്ഷിക്കുക. ഏത് ഊർജ്ജ രൂപങ്ങളാണ് ഇവിടെ പ്രയോജനപ്പെടുത്തുന്നത്? (പാഠപുസ്തക പേജ് നമ്പർ: 111)
• പ്രകാശ ഊർജ്ജം
• സൗരോർജ്ജം
• താപോർജ്ജം
• കാറ്റിൽ നിന്നുള്ള ഊർജ്ജം
• തിരമാലയിൽ നിന്നുള്ള ഊർജ്ജം
• വൈദ്യുതോർജ്ജം
• യാന്ത്രികോർജ്ജം

♦ താപോർജ്ജം പ്രയോജനപ്പെടുത്തുന്ന വിവിധ സന്ദർഭങ്ങൾ എന്തൊക്കെയാണ്? പട്ടികപ്പെടുത്തുക.
• പാചകത്തിന്
• തുണികൾ ഇസ്തിരിയിടുന്നതിന്
• തുണികൾ ഉണക്കുന്നതിന്
• വെൽഡിംഗ് ആവശ്യങ്ങൾക്കായി
• ഹീറ്ററുകൾ
• ഡ്രയർ

♦ ജലത്തിൻ്റെ ഖരരൂപമാണല്ലോ ഐസ്. വായുവിൽ ഐസ് തുറന്നുവച്ചാൽ എന്ത് സംഭവിക്കും?
ഐസ് വായുവിൽ തുറന്നുവച്ചാൽ അത് ചൂട് ആഗിരണം ചെയ്ത് ഉരുകുന്നു.

♦ ജലം തിളപ്പിക്കുമ്പോൾ എന്ത് സംഭവിക്കും? 
• ജലം തിളപ്പിക്കുമ്പോൾ നീരാവിയായി മാറുന്നു
• ജലത്തിൻ്റെ വാതക രൂപമാണ് നീരാവി.

♦ ഒരു ഗ്ലാസിൽ സാധാരണ താപനിലയിലുള്ള ജലവും മറ്റൊരു ഗ്ലാസ്സിൽ ചൂടുള്ള ജലവും എടുക്കുക. രണ്ടിലും ഏതാനും ഐസ് ക്യൂബുകൾ ഇടുക. ഏത് ഗ്ലാസിലെ ഐസ് ക്യൂബുകളാണ് വേഗത്തിൽ ഉരുകുന്നത്? എന്തുകൊണ്ട്? 
• ചൂടുവെള്ളത്തിലെ ഐസ് ക്യൂബുകൾ വേഗത്തിൽ ഉരുകുന്നു
• ഐസ് ഉരുകുന്നതിന് ചൂട് ആവശ്യമാണ്. ചൂടുവെള്ളത്തിൽ നിന്ന് ചൂട് കൂടുതൽ എളുപ്പത്തിൽ ആഗിരണം ചെയ്യപ്പെടുന്നു.

♦ ഐസിന്റെ അവസ്ഥാമാറ്റത്തിന് കാരണമായ ഊർജ്ജരൂപം ഏതാണ് ?
പദാർത്ഥങ്ങളുടെ അവസ്ഥയിൽ മാറ്റം വരുത്താൻ കഴിയുന്ന ഊർജ്ജരൂപമാണ് താപം.

♦ തണുപ്പുകാലത്ത് വെളിച്ചെണ്ണ കട്ടിയാകുന്നത്  ശ്രദ്ധിച്ചിട്ടുണ്ടോ? എന്താണ് കാരണം?
ശൈത്യകാലത്ത് താപനില കുറയുകയും വെളിച്ചെണ്ണ കട്ടിയാകുകയും ചെയ്യും

♦ ഗ്യാസ് സ്റ്റൗവിൻ്റെ തീനാളത്തിൽ നിന്ന് പ്രസരിക്കുന്ന താപോർജം അരിക്ക് ലഭിച്ചത് എങ്ങനെയാണ് ? 
സ്റ്റൗവിൻ്റെ തീനാളത്തിലൂടെ പ്രസരിക്കുന്ന താപം പാത്രത്തിലൂടെയും വെള്ളത്തിലൂടെയും കൈമാറി അരിയിലെത്തുന്നത് കൊണ്ടാണ് അരി വേവുന്നത്.

♦ താപം കൈമാറ്റം ചെയ്യപ്പെട്ട വിവിധ വഴികൾ എഴുതി ഫ്ലോചാർട്ട് പൂർത്തിയാക്കുക.
♦ എന്താണ് താപപ്രേഷണം?
താപം ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് പ്രവഹിക്കുന്നതാണ് താപപ്രേഷണം.

♦ ഗ്യാസ് സ്റ്റൗ ഓഫ് ചെയ്ത് അല്പനേരം കഴിഞ്ഞാൽ പാത്രത്തിന് എന്ത് സംഭവിക്കും? 
പാത്രത്തിൽ നിന്ന് മാത്രമല്ല, പാത്രത്തിനുള്ളിലെ പദാർത്ഥങ്ങളിൽ നിന്നും ചുറ്റുപാടിലേക്ക് താപം പ്രേഷണം ചെയ്യപ്പെടുന്നുണ്ട്. ഇതിന്റെ ഫലമായി പാത്രത്തിനും അതിനുള്ളിലെ പദാർത്ഥങ്ങൾക്കും താപനഷ്ടം സംഭവിക്കുന്നു.
♦ എന്താണ്  ചാലനം (Conduction)?
ലോഹക്കമ്പിയുടെ ഒരറ്റത്ത് താപം ലഭിക്കുമ്പോൾ ആ ഭാഗത്തുള്ള തന്മാത്രകൾ താപം സ്വീകരിച്ച് തൊട്ടടുത്തുള്ള തന്മാത്രകളിലേക്ക് കൈമാറ്റം ചെയ്യുന്നു. ഇത്തരത്തിൽ താപം കൈമാറി പ്രേഷണം ചെയ്യപ്പെടുന്ന രീതിയാണ് ചാലനം. ഖരവസ്തുക്കളിൽ താപം പ്രേഷണം ചെയ്യപ്പെടുന്നത് ചാലനം വഴിയാണ്.

♦ താപം നന്നായി കടത്തിവിടുന്നവ, താപം നന്നായി കടത്തിവിടാത്തവ എന്നിങ്ങനെ തരംതിരിച്ച് പട്ടിക പൂർത്തിയാക്കൂ.
താപം നന്നായി കടത്തിവിടുന്നവ താപം നന്നായി കടത്തിവിടാത്തവ
• അലുമിനിയം• മരക്കഷണം
• ചെമ്പ്• ഗ്ലാസ് റോഡ് 
• ഇരുമ്പ് 
♦ എന്താണ് സുചാലകങ്ങളും കുചാലകങ്ങളും (Good Conductors and Poor Conductors)?
ചാലനംവഴി താപം നന്നായി കടത്തിവിടുന്ന വസ്തുക്കളെ സുചാലകങ്ങളെന്നും താപം നന്നായി കടത്തിവിടാത്ത വസ്തുക്കളെ കുചാലകങ്ങളെന്നും പറയുന്നു.

♦ സുചാലകങ്ങൾ, കുചാലകങ്ങൾ എന്നിവയ്ക്ക് കൂടുതൽ ഉദാഹരണങ്ങൾ കണ്ടെത്തുക.
● സുചാലകങ്ങൾ:
• ചെമ്പ്
• വെള്ളി
• സ്വർണ്ണം
• അലുമിനിയം
• സ്റ്റീൽ

● കുചാലകങ്ങൾ:
• റബ്ബർ: 
• മരം
• പ്ലാസ്റ്റിക്
• പേപ്പർ

♦ സുചാലകങ്ങളെയും കുചാലകങ്ങളെയും നിത്യജീവിതത്തിൽ നാം പ്രയോജനപ്പെടുത്തുന്നുണ്ട്. താഴെപ്പറയുന്ന സന്ദർഭങ്ങളിൽ കുചാലകങ്ങളാണോ സുചാലകങ്ങളാണോ നാം ഉപയോഗിക്കുന്നത്?
• ചൂടുള്ള പാത്രം അടുപ്പിൽനിന്ന് ഇറക്കിവയ്ക്കാൻ - കുചാലകങ്ങൾ (തുണി, പേപ്പർ മുതലായവ)
• പാചകം ചെയ്യാൻ ഉപയോഗിക്കുന്ന പാത്രങ്ങളുടെ കൈപ്പിടി നിർമ്മിക്കാൻ - കുചാലകങ്ങൾ (പ്ലാസ്റ്റിക്, റബ്ബർ, തടി മുതലായവ) 
• പാചകത്തിനുള്ള പാത്രങ്ങൾ നിർമ്മിക്കാൻ - സുചാലകങ്ങൾ (അലൂമിനിയം, ഇരുമ്പ്, ചെമ്പ്, സ്റ്റീൽ മുതലായവ)

♦ താഴെയുള്ള ചിത്രങ്ങൾ പരിശോധിക്കു.
ഒരേ പാത്രത്തിൽ സുചാലകങ്ങളും കുചാലകങ്ങളും ഉപയോഗിച്ചിട്ടുണ്ടല്ലോ. അതിന്റെ കാരണം വിശദീകരിക്കൂ. ഇത്തരത്തിലുള്ള പാത്രങ്ങൾക്ക് കൂടുതൽ ഉദാഹരണങ്ങൾ കണ്ടെത്തുക.

സുചാലകങ്ങൾ: പ്രഷർ കുക്കർ, ഫ്രൈപാൻ തുടങ്ങിയ പാത്രങ്ങൾ അലുമിനിയം, സ്റ്റീൽ തുടങ്ങിയ വസ്തുക്കളാൽ നിർമ്മിച്ചതാണ്.

കുചാലകങ്ങൾ: താപപ്രേഷണം തടയുന്നതിന് പ്ലാസ്റ്റിക് അല്ലെങ്കിൽ തടി പോലുള്ള വസ്തുക്കൾ കൊണ്ടാണ് ഇവയുടെ പിടി നിർമ്മിച്ചിരിക്കുന്നത്.

അത്തരം പാത്രങ്ങളുടെ കൂടുതൽ ഉദാഹരണങ്ങൾ: കടായി, സോസ്‌പാൻ, ചീനച്ചട്ടി, ഗ്രിൽ പാൻ

♦ ഖരപദാർഥങ്ങളിൽ താപപ്രേഷണം ചെയ്യുന്നത് ഏത് രീതിയിലാണ്?
ചാലനം  

♦ ദ്രാവകങ്ങളിൽ താപപ്രേഷണം നടക്കുന്നത് കാണിക്കുന്ന ഒരു പരീക്ഷണം എഴുതുക.
ആവശ്യമായ സാമഗ്രികൾ: അടപ്പുള്ള സുതാര്യമായ പ്ലാസ്റ്റിക് ജാർ, ജാറിന്റെ അതേ വാവട്ടമുള്ള ഗ്ലാസ് ടംബ്ലർ, മേസൺപൈപ്പ്, പൊട്ടാസ്യം പെർമാംഗനേറ്റ്, ചൂടുവെള്ളം, തണുത്തവെള്ളം.

പരീക്ഷണരീതിപ്ലാസ്റ്റിക് ജാറിന്റെ അടപ്പിൽ രണ്ട് ദ്വാരങ്ങൾ ഉണ്ടാക്കുക. ഓരോ ദ്വാരത്തിലും 10 സെന്റീ മീറ്റർ നീളമുള്ള മേസൺ പൈപ്പ് വായു കടക്കാത്തവിധം ഉറപ്പിക്കുക. പ്ലാസ്റ്റിക് ജാറിന്റെ അതേ വാവട്ടമുള്ള ഗ്ലാസ് ടംബ്ലറിൽ ചൂടുവെള്ളം എടുക്കുക. അതിൽ അല്പം പൊട്ടാസ്യം പെർമാംഗനേറ്റ് തരികൾ ചേർക്കുക. പ്ലാസ്റ്റിക് ജാറിൽ തണുത്ത വെള്ളമെടുത്തശേഷം മേസൺ പൈപ്പ് ഉറപ്പിച്ച അടപ്പുകൊണ്ട് അടയ്ക്കുക. പൊട്ടാസ്യം പെർമാംഗനേറ്റ് കലർത്തിയ ചൂടുവെള്ളം എടുത്ത ഗ്ലാസിന് മുകളിൽ ഈ പ്ലാസ്റ്റിക് ജാർ കമഴ്ത്തി വയ്ക്കുക.

നിരീക്ഷണം: മേസൺ പൈപ്പിലൂടെ ചൂടുവെള്ളം മുകളിലേക്ക് ഒഴുകുമ്പോൾ തണുത്ത വെള്ളം മറ്റേ പൈപ്പിലൂടെ താഴേക്ക് ഒഴുകുന്നു. ഇത് ചൂടുപിടിച്ച് വീണ്ടും മുകളിലേക്ക് ഉയരുന്നു. ഇങ്ങനെ താപം ദ്രാവകത്തിന്റെ എല്ലായിടത്തും വ്യാപിക്കുന്നു.

നിഗമനം: ചൂടുവെള്ളത്തിൽനിന്ന് തണുത്ത വെള്ളത്തിലേക്ക് താപം പ്രേഷണം ചെയ്യപ്പെട്ടത് തന്മാത്രകളുടെ സ്ഥാനമാറ്റം മുഖേനയാണ്. തന്മാത്രകൾ സഞ്ചരിക്കുമ്പോൾ താപോർജം കൈമാറുന്നു. ദ്രാവകങ്ങളിലെല്ലാം താപപ്രേഷണം നടക്കുന്നത് തന്മാത്രകളുടെ സ്ഥാനമാറ്റം വഴിയാണ്.

♦ വാതകങ്ങളിൽ താപപ്രേഷണം നടക്കുന്നത് കാണിക്കുന്ന ഒരു പരീക്ഷണം എഴുതുക.
ആവശ്യമായ വസ്തുക്കൾ: 5 സെന്റീമീറ്റർ വണ്ണവും 30 സെന്റീമീറ്റർ നീളവും ഉള്ള പി.വി. സി പൈപ്പ്, ചന്ദനത്തിരി, തീപ്പെട്ടി, മെഴുകുതിരി

പരീക്ഷണരീതി: പി.വി.സി. പൈപ്പിന്റെ ഒരറ്റത്ത്, എട്ട് സെൻറീമീറ്റർ ഉയരത്തിൽ പെൻസിൽ വണ്ണമുള്ള ഒരു ദ്വാരം ഉണ്ടാക്കുക. മേശപ്പുറത്ത് ഒരു ചെറിയ മെഴുകുതിരി കത്തിച്ചു വയ്ക്കുക. പി.വി.സി പൈപ്പിനുള്ളിൽ മെഴുകുതിരി വരത്തക്ക വിധം പൈപ്പ് ക്രമീകരിക്കുക. പൈപ്പ് ക്രമീകരിക്കുമ്പോൾ ദ്വാരമിട്ട ഭാഗം പിവിസി പൈപ്പിന്റെ അടിഭാഗത്ത് വരണം. ചന്ദനത്തിരി കത്തിച്ച്, പുക ഉയരുന്നത് നിരീക്ഷിക്കൂ. കത്തിച്ച ചന്ദനത്തിരി പൈപ്പിന്റെ ദ്വാരത്തിന് സമീപത്തായി കൊണ്ടുവരൂ. പുകയുടെ പ്രവാഹത്തിന്റെ ദിശ നിരീക്ഷിക്കൂ? 

നിരീക്ഷണം: പി.വി.സി പൈപ്പിനകത്തെ വായു ചൂടുപിടിച്ച് മുകളിലേക്ക് ഉയരുമ്പോൾ ആ ഭാഗത്തേക്ക് ദ്വാരത്തിലൂടെ തണുത്ത വായു പ്രവഹിക്കുന്നു. ഈ പ്രവാഹത്തോടൊപ്പം ചന്ദനത്തിരിയുടെ പുകയും അകത്തുകടക്കുന്നു. ഇങ്ങനെ അകത്തുകടന്ന വായുവും ചൂടുപിടിച്ച് മുകളിലേക്ക് ഉയരുന്നു. 

നിഗമനം: ദ്രാവകങ്ങളിൽ നടക്കുന്നതുപോലെ തന്മാത്രകളുടെ സ്ഥാനമാറ്റം മുഖേനയാണ് താപം ഒരു ഭാഗത്തുനിന്ന് മറ്റ് ഭാഗങ്ങളിലേക്ക് പ്രേഷണം ചെയ്യപ്പെട്ടത്. ഇങ്ങനെ പൈപ്പിനകത്തെ വായുവിൽ താപം വ്യാപിക്കുന്നു. 
♦ എന്താണ് സംവഹനം (Convection)?
വാതകങ്ങളിലും ദ്രാവകങ്ങളിലും തന്മാത്രകളുടെ സ്ഥാനമാറ്റം മുഖേന നടക്കുന്ന താപപ്രേഷണരീതിയാണ് സംവഹനം.

♦ ഏത് രീതിയിലൂടെയാണ് ദ്രാവകങ്ങളിലും വാതകങ്ങളിലും താപപ്രേഷണം നടക്കുന്നത്?
സംവഹനം

♦ ചാലനത്തിലും സംവഹനത്തിലും താപപ്രേഷണം നടക്കുമ്പോൾ തന്മാത്രകൾ വഹി ക്കുന്ന പങ്ക് എന്താണ്?
ഇവിടെ തന്മാത്രകൾ മാധ്യമമായി നിലകൊള്ളുന്നു.

♦ എന്താണ് വികിരണം (Radiation)?
മാധ്യമത്തിന്റെ സഹായമില്ലാതെ താപം പ്രേഷണം ചെയ്യപ്പെടുന്ന രീതിയാണ് വികിരണം. വികിരണംവഴി എല്ലാ ദിശയിലേക്കും താപം പ്രേഷണം ചെയ്യപ്പെടുന്നു. സൂര്യന്റെ താപം ഭൂമിയിൽ എത്തുന്നത് വികിരണം വഴിയാണ്. ഇരുണ്ടതോ പരുപരുത്തതോ ആയ പ്രതലങ്ങളെക്കാൾ വെളുത്തതോ മിനുസമുള്ളതോ ആയ പ്രതലങ്ങൾ വികിരണതാപത്തെ കൂടുതൽ പ്രതിപതിപ്പിക്കും.

♦ വികിരണം വഴി താപം പ്രേഷണം ചെയ്യപ്പെടുന്ന സന്ദർഭങ്ങൾ എഴുതൂ.
• പ്രകാശിച്ചുകൊണ്ടിരിക്കുന്ന ഫിലമെന്റ് ബൾബിൽ നിന്ന് താപം താഴെയെത്തുന്നു.
• ഒരു ക്യാമ്പ് ഫയർ അല്ലെങ്കിൽ അടുപ്പിന് സമീപം ഇരിക്കുമ്പോൾ, നിങ്ങൾക്ക് ചൂട് അനുഭവപ്പെടുന്നു
• ചൂടുള്ള പാത്രത്തിൽ നിന്ന് ചുറ്റുപാടിലേക്ക് ചൂട് വ്യാപിക്കുന്നു 

♦ വീടുകളിൽ പാകം ചെയ്ത ആഹാരപദാർഥങ്ങളുടെ ചൂട് അധികനേരം നിലനിർത്താൻ വിവിധ മാർഗങ്ങൾ അവലംബിക്കാറില്ലേ? താപനഷ്ടം കുറയ്ക്കാൻ സാധാരണ ഉപയോഗിക്കുന്ന ഉപകരണങ്ങൾ ഏതൊക്കെയാണ്? ലിസ്റ്റ് ചെയ്യൂ.
• കാസറോൾ
• തെർമോസ് ഫ്ലാസ്ക്
• റൈസ് കുക്കർ
• ചൂടാറാപ്പെട്ടി
• ഐസ്പെട്ടി 

♦ ചൂടാറാപ്പെട്ടി എന്തിനാണ് ഉപയോഗിക്കുന്നത്?
പാചക ഇന്ധനത്തിന്റെ ഉപയോഗം കുറയ്ക്കുന്നതിനും പാചകം ചെയ്ത ഭക്ഷ്യവസ്തുക്കൾ ചൂട് നഷ്ടപ്പെടാതെ സംരക്ഷിക്കുന്നതിനുമുള്ള സംവിധാനമാണ് ചൂടാറാപ്പെട്ടി. 

♦ ചൂടാറാപ്പെട്ടിയിൽ താപനഷ്ടം ഒഴിവാക്കപ്പെടുന്നത് എങ്ങനെയാണ്?
ചൂടാറാപ്പെട്ടിയിൽ തെർമ്മോകോൾ ഉപയോഗിക്കുന്നു. ഇത് കുചാലകമായതിനാൽ ചാലനംവഴി താപനഷ്ടം കുറയുന്നു. ചൂടാറാപ്പെട്ടി അടച്ചുവയ്ക്കുന്നതിനാൽ സംവഹനം വഴി താപനഷ്ടം കുറയുന്നു.

♦ ഐസ് പെട്ടി എന്തിനാണ് ഉപയോഗിക്കുന്നത്?
ഐസ് വളരെവേഗം ഉരുകാതെ സൂക്ഷിക്കാൻ ഐസ് പെട്ടി ഉപയോഗിക്കുന്നു. 

♦ നമുക്ക് എങ്ങനെ ഐസ് പെട്ടി ഉണ്ടാക്കാം?
ആവശ്യമായ സാമഗ്രികൾ: ചെറിയപെട്ടി, തെർമ്മോകോൾ, പശ, വെള്ള ഇനാമൽ പെയിന്റ്.
തെർമോകോൾ മുറിച്ച് ചെറിയ പെട്ടിയുടെ ഉൾവശത്ത് പശയുപയോഗിച്ച് ഒട്ടിക്കുക. വശങ്ങളിലും അടിയിലും അടപ്പിലും തെർമോകോൾ ഒട്ടിക്കണം. പെട്ടിയുടെ അകത്തും, പുറത്തും വെള്ള ഇനാമൽ പെയിന്റ് അടിക്കണം. 
♦ താപം ലഭിക്കുമ്പോൾ ഖരവസ്തുക്കൾ വികസിക്കുമോ? ഒരു പരീക്ഷണം ചെയ്തുനോക്കാം. 
ആവശ്യമായ സാമഗ്രികൾ: ബാറ്ററി, ബൾബ്, കണക്ടിംഗ് വയർ, രണ്ട് അലുമിനിയം തകിടുകൾ, മെഴുകുതിരി, തീപ്പെട്ടി.
പരീക്ഷണരീതി: ചിത്രത്തിൽ കാണുന്നതുപോലെ ബാറ്ററി, ബൾബ്, കണക്ടിംഗ് വയർ, രണ്ട് അലുമിനിയം തകിടുകൾ എന്നിവ ഉപയോഗിച്ച് വൈദ്യുത സർക്കീട്ട് ഒരു ബോർഡിൽ ക്രമീകരിക്കുക. വയറിന്റെ ഇരുവശങ്ങളിലും അലുമിനിയം തകിടുകൾ പരസ്പരം തൊടാതെ വളരെ അടുത്തടുത്തായിട്ടാണ് വയ്ക്കേണ്ടത്. അലുമിനിയം തകിടുകൾ മെഴുകുതിരി ഉപയോഗിച്ച് ചൂടാക്കുക. 

നിരീക്ഷണം: ബൾബ് പ്രകാശിക്കുന്നു 

നിഗമനം: താപം ലഭിക്കുമ്പോൾ അലുമിനിയം തകിടുകൾ വികസിച്ച് സർക്കീട്ട് പൂർത്തിയായി ബൾബ് പ്രകാശിക്കുന്നു. 

♦ അലുമിനിയം തകിടുകൾ തണുക്കുമ്പോൾ സർക്കീട്ട് തുറന്നതാകാൻ എന്താണ് കാരണം?
താപം നഷ്ടപ്പെടുമ്പോൾ തകിടുകൾ സങ്കോചിക്കുകയും സെർക്കീട്ട് വിച്ഛേദിക്കപ്പെടുകയും ചെയ്യുന്നു. അതിനാൽ ബൾബ് അണയുന്നു.

♦ ഖരവസ്തുക്കളുടെ താപീയവികാസം
താപം ലഭിക്കുമ്പോൾ ഖരവസ്തുക്കൾ വികസിക്കുന്നു. തണുക്കുമ്പോൾ സങ്കോചിക്കുന്നു. 

♦ നിത്യജീവിതത്തിൽ ഖരവസ്തുക്കളുടെ താപീയവികാസവുമായി ബന്ധപ്പെട്ട് നിങ്ങളുടെ ശ്രദ്ധയിൽപ്പെട്ടിട്ടുള്ള സന്ദർഭങ്ങൾ എന്തൊക്കെയാണ്?
• ഇലക്ട്രിക്പോസ്റ്റിലെ വൈദ്യുതകമ്പികൾ വേനൽക്കാലത്ത് അയഞ്ഞു പോകുന്നു 
• വളരെ ചൂടുള്ള ദിവസങ്ങളിൽ, ലോഹ വാതിലുകളോ ജനൽ ഫ്രെയിമുകളോ വികസിക്കുകയും തുറക്കാനോ അടയ്ക്കാനോ ബുദ്ധിമുട്ടാവുകയും ചെയ്യുന്നു 
• റെയിൽവേ ട്രാക്കുകളുടെ ഇടയിലുള്ള വിടവുകൾ. ഈ വിടവുകൾ ചൂടുള്ള കാലാവസ്ഥയിൽ മെറ്റൽ റെയിലുകൾ വികസിപ്പിക്കാൻ അനുവദിക്കുന്നു.

♦ ഇലക്ട്രിക്പോസ്റ്റിൽ വൈദ്യുതി കൊണ്ടുപോകുന്നതിനുള്ള കമ്പികൾ വേനൽക്കാലത്ത് അയഞ്ഞു പോകുന്നത് എന്തുകൊണ്ടാണ്?
ചൂട് കൂടുന്നതിനനുസരിച്ച് വൈദ്യുതകമ്പികൾ വികസിക്കുന്നതിനാൽ വേനൽക്കാലത്ത് വൈദ്യുത ലൈനുകൾ അയഞ്ഞു പോകുന്നു.

♦ താഴെപ്പറയുന്ന സന്ദർഭങ്ങൾ പരിശോധിച്ച് കാരണം കണ്ടെത്തുക.  
● മുറുകിയുറച്ചുപോയ പെൻ ക്യാപ്പ് ചെറുതായി ചൂടാക്കി ഊരിയെടുക്കുന്നു.  
ചൂടാക്കിയാൽ പെൻ ക്യാപ്പ് വികസിക്കുകയും അയയുകയും ചെയ്യുന്നു. അപ്പോൾ വേഗത്തിൽ ഊരിയെടുക്കാം 

● മുറുകിയ സ്റ്റീൽ ചോറ്റുപാത്രത്തിന്റെ അടപ്പ് ചൂടാക്കി തുറക്കുന്നു.
മുറുകിയ സ്റ്റീൽ ചോറ്റുപാത്രത്തിന്റെ അടപ്പ് ചൂടാക്കുമ്പോൾ വികസിക്കുകയും അയയുകയും ചെയ്യുന്നു, അപ്പോൾ വേഗത്തിൽ തുറക്കാം. 

♦ താപം ലഭിക്കുമ്പോൾ ദ്രാവകങ്ങൾ വികസിക്കുമോ?
പരീക്ഷണം
ആവശ്യമായ സാമഗ്രികൾ: ഇഞ്ചക്ഷൻ കുപ്പി, ഇഞ്ചക്ഷൻ കുപ്പിക്ക് ചേരുന്ന റബ്ബർ കോർക്ക്, മഷി തീർന്ന റീഫിൽ കുഴൽ, പാത്രം, ചൂടുവെള്ളം, പൊട്ടാസ്യം പെർമാംഗനേറ്റ്, സാധാരണ താപനിലയിലുള്ള വെള്ളം.

പരീക്ഷണരീതി: ഇൻജക്ഷൻ കുപ്പിയിൽ ജലം നിറച്ച് അല്പം പൊട്ടാസ്യം പെർമാംഗനേറ്റ് തരികൾ ഇടുക. റബ്ബർകോർക്കിൽ ചെറിയ ദ്വാരം ഉണ്ടാക്കുക. അതിൽ റീഫിൽ കുഴൽ ഉറപ്പിക്കുക. ഇൻജക്ഷൻ കുപ്പി കോർക്കു കൊണ്ട് അടയ്ക്കുക. റീഫില്ലിലെ ജലവിതാനം നൂലുകെട്ടി അടയാളപ്പെടുത്തുക. പാത്രത്തിൽ ചൂടുവെള്ളമെടുത്ത് അതിലേക്ക് ഇൻജക്ഷൻ കുപ്പി ഇറക്കിവയ്ക്കുക. 

നിരീക്ഷണം: കുപ്പിയിലെ ജലം റീഫില്ലിൽ തള്ളിക്കയറുന്നു

നിഗമനം: കുപ്പിയിലെ ജലം വികസിക്കുകയും അത് റീഫില്ലിൽ തള്ളിക്കയറുകയും ചെയ്യുന്നു. അതു കൊണ്ടാണ് ജലവിതാനം ഉയർന്നത്. 

● ഇൻജക്ഷൻ കുപ്പിയിലെ ജലം തണുത്താൽ ജലനിരപ്പ് പൂർവസ്ഥിതിയിൽ എത്തുമോ? 
തണുക്കുമ്പോൾ ജലം സങ്കോചിക്കുന്നു. അതിനാലാണ് ജലനിരപ്പ് പൂർവസ്ഥിതിയിൽ ആയത്.

♦ ദ്രാവകങ്ങളിലെ താപീയവികാസം
ദ്രാവകങ്ങൾ ചൂടാക്കുമ്പോൾ വികസിക്കുന്നു. തണുക്കുമ്പോൾ സങ്കോചിക്കുന്നു.

♦ താപം ലഭിക്കുമ്പോൾ ഖരവസ്തുക്കൾക്കും ദ്രാവകങ്ങൾക്കും ഉണ്ടാകുന്ന മാറ്റങ്ങൾ തന്നെയാണോ വാതകങ്ങൾക്കും ഉണ്ടാകുന്നത്? താപം ലഭിക്കുമ്പോൾ വാതകങ്ങളും വികസിക്കുമോ?
പരീക്ഷണം
ആവശ്യമായ സാമഗ്രികൾ: അലുമിനിയംവിളക്ക്, പ്ലാസ്റ്റിക് ട്യൂബ്, ബോർഡ്, നിറമുള്ള ജലം, ചൂടുള്ള ജലം, തണുത്ത ജലം.

പരീക്ഷണരീതി: അലുമിനിയംവിളക്കിൽ പ്ലാസ്റ്റിക് ട്യൂബ് ചിത്രത്തിൽ കാണുന്നതുപോലെ ഉറപ്പിക്കുക. ട്യൂബിന്റെ മറ്റേ ഭാഗം U ആകൃതിയിൽ ഒരു ബോർഡിൽ ഉറപ്പിക്കുക. പ്ലാസ്റ്റിക് ട്യൂബിൽ രണ്ടോ മൂന്നോ തുള്ളി നിറമുള്ള ജലം ഒഴിക്കുക. അലുമിനിയംവിളക്ക് ചൂടുള്ള ജലത്തിൽ ഇറക്കിവച്ച് നിരീക്ഷിക്കുക. 
അലുമിനിയംവിളക്ക് തണുത്ത ജലത്തിൽ ഇറക്കിവച്ച് നിരീക്ഷിക്കുക.

നിരീക്ഷണം: അലുമിനിയംവിളക്ക് ചൂടുള്ള ജലത്തിൽ ഇറക്കിവയ്ക്കുമ്പോൾ ട്യൂബിലെ നിറമുള്ള ജലത്തുള്ളി മുകളിലേക്ക് നീങ്ങുന്നു.
അലുമിനിയംവിളക്ക് തണുത്ത ജലത്തിൽ ഇറക്കിവയ്ക്കുമ്പോൾ നിറമുള്ള ജലത്തുള്ളി ട്യൂബിലൂടെ പിന്നിലേക്ക് നീങ്ങി പൂർവസ്ഥാനത്തെത്തുന്നു.

നിഗമനം: അലുമിനിയംവിളക്ക് ചൂടാകുമ്പോൾ അതിനുള്ളിലെ ചൂടായ വായു വികസിക്കുന്നതുകൊണ്ടാണ് ട്യൂബിലെ നിറമുള്ള ജലത്തുള്ളി മുകളിലേക്ക് നീങ്ങുന്നത്. 
അലുമിനിയംവിളക്ക് തണുക്കുമ്പോൾ വായു സങ്കോചിക്കുന്നതിനാൽ നിറമുള്ള ജലത്തുള്ളി ട്യൂബിലൂടെ പിന്നിലേക്ക് നീങ്ങി പൂർവസ്ഥാനത്തെത്തുന്നു.

♦ വാതകങ്ങളിലെ താപീയവികാസം
ചൂടാക്കുമ്പോൾ വാതകങ്ങൾ വികസിക്കുന്നു; തണുക്കുമ്പോൾ സങ്കോചിക്കുന്നു.
♦ എന്താണ് താപനില?
താപത്തിന്റെ അളവിനെ സൂചിപ്പിക്കുന്ന പദമാണ് താപനില. ഡിഗ്രി സെൽഷ്യസ് (°C), ഡിഗ്രി ഫാരൺഹീറ്റ് (°F) എന്നീ യൂണിറ്റുകളാണ് താപനില സൂചിപ്പിക്കുന്നതിന് ഉപയോഗിക്കുന്നത്.

♦ ശരീരതാപനില അളക്കാൻ ഏത് ഉപകരണമാണ് ഉപയോഗിക്കുന്നത്?
ക്ലിനിക്കൽ തെർമോമീറ്റർ. സാധാരണ അവസ്ഥയിൽ മനുഷ്യന്റെ ശരീരതാപനില 37°C (98.6°F) ആണ്.

♦ താപനില അളക്കാൻ ലബോറട്ടറിയിൽ ഏത് ഉപകരണമാണ് ഉപയോഗിക്കുന്നത്? ലബോറട്ടറി തെർമോമീറ്റർ.

♦ ഒരേസമയം മണ്ണും ജലവും വെയിലത്തുവച്ചാൽ ഏതാവും വേഗത്തിൽ ചൂടാവുക? 
പരീക്ഷണം
ആവശ്യമായ സാമഗ്രികൾ: രണ്ട് ഗ്ലാസ് ടംബ്ലറുകൾ, രണ്ട് ലബോറട്ടറി തെർമോമീറ്ററുകൾ, ജലം, മണൽ

പരീക്ഷണരീതി: ഒരു ഗ്ലാസിൽ മണലും മറ്റൊരു ഗ്ലാസിൽ ജലവും എടുത്ത് ലബോറട്ടറി തെർമോമീറ്റർ ഉപയോഗിച്ച് താപനില പരിശോധിക്കുക. രണ്ടു ഗ്ലാസും വെയിലത്ത് വയ്ക്കുക. തുടർന്ന് 20 മിനിറ്റ് ഇടവിട്ട് മണലിന്റെയും ജലത്തിന്റെയും താപനില തെർമോമീറ്റർ ഉപയോഗിച്ച് അളന്ന് രേഖപ്പെടുത്തുക. തുടർന്ന് ഇരു ഗ്ലാസ്സുകളും വെയിലിൽ നിന്ന് തണലിലേക്ക് മാറ്റുക. 20 മിനിറ്റ് ഇടവിട്ട് താപനില അളന്ന് രേഖപ്പെടുത്തുക.

നിരീക്ഷണം: ജലം സാവധാനവും മണൽ വേഗത്തിലും ചൂടാകുന്നു. അതുപോലെ ചൂടായ മണൽ വേഗം തണുക്കുകയും ചൂടായ ജലം സാവധാനത്തിൽ തണുക്കുകയും ചെയ്യുന്നു.

നിഗമനം: മണൽ ജലത്തിനേക്കാൾ വേഗത്തിൽ ചുടാകുകയും തണുക്കുകയും ചെയ്യുന്നു.

Copyright of this blog and its contents is reserved. Copying contents of this blog is not permitted without prior written permission of its owner. https://textbooksall.blogspot.com/

♦ കടൽക്കാറ്റ് ഉണ്ടാകുന്നതെങ്ങനെ?
പകൽ സമയങ്ങളിൽ കരയ്ക്ക് കടലിനെക്കാൾ ചൂട് കൂടുതലാണ്. കരയോടു തൊട്ടു മുകളിലുള്ള വായു ചൂടുപിടിക്കുന്നു. ഈ വായു വികസിച്ച് മുകളിലേക്ക് പോകുന്നു. കരയുമായി താരതമ്യപ്പെടുത്തിയാൽ കടലിന് മുകളിലുള്ള വായു തണുത്തതാണ്. കരയിലെ ചൂടുപിടിച്ച വായു മുകളിലേക്ക്പോകുമ്പോൾ കടലിനുമുകളിലെ തണുത്ത വായു ഈ സ്ഥലത്തേക്ക് വരുന്നു. ഇങ്ങനെയാണ് കടൽക്കാറ്റ് ഉണ്ടാകുന്നത്.

♦ കരക്കാറ്റ് ഉണ്ടാകുന്നതെങ്ങനെ?
കടലിനെക്കാൾ വേഗത്തിൽ കര തണുക്കുന്നു. അതിനാൽ കടലിന് മുകളിലുള്ള വായുവിന് താരതമ്യേന ചൂട് കൂടുതലാണ്. അതിനാൽ കടലിന് മുകളിലെ വായുവാകും കൂടുതൽ വികസിച്ചിരിക്കുക. അപ്പോൾ കരയുടെ മുകളിലുള്ള തണുത്തവായു കടലിലേക്ക് പ്രവഹിക്കുന്നു. ഇത് കരക്കാറ്റിന് കാരണമാകുന്നു.
വിലയിരുത്താം

1. നിത്യജീവിതത്തിലെ ചില സന്ദർഭങ്ങൾ ശ്രദ്ധിക്കൂ.
• വലിച്ചുകെട്ടിയ വൈദ്യുതകമ്പികൾ വേനൽക്കാലത്ത് അയയുന്നു.
• ഒരു പിവിസി പൈപ്പിന്റെ ഒരഗ്രം ചൂടാക്കി അതിനുള്ളിൽ അതേ വ്യാസമുള്ള മറ്റൊരു പൈപ്പിന്റെ അഗ്രമിറക്കി യോജിപ്പിക്കുന്നു.
a. താപവുമായി ബന്ധപ്പെട്ട് വസ്തുക്കളുടെ ഏത് സവിശേഷതയാണ് ഈ രണ്ട് സന്ദർഭങ്ങളിലും പ്രകടമാകുന്നത്?
ഉത്തരം: ഖരവസ്തുക്കളുടെ താപീയ വികാസം

b. വെയിലത്ത് വച്ച് വീർപ്പിച്ച ബലൂൺ പൊട്ടുന്നത് ഇതിന്റെ അടിസ്ഥാനത്തിൽ വിശദീകരിക്കാമോ?
ഉത്തരം: സൂര്യപ്രകാശത്തിൽ നിന്നുള്ള ചൂട് കാരണം ബലൂണിനുള്ളിലെ വായു വികസിക്കുകയും ബലൂൺ പൊട്ടുകയും ചെയ്യുന്നു

2. ഒരു പരീക്ഷണത്തിന്റെ ക്രമീകരണം ചിത്രത്തിൽ നൽകിയിരിക്കുന്നത് ശ്രദ്ധിക്കൂ.(പാഠപുസ്തക പേജ്: 125).
പ്ലാസ്റ്റിക് ട്യൂബ് ഘടിപ്പിച്ച ഒരു ഇൻജക്ഷൻ ബോട്ടിൽ ഒരു ബീക്കറിലെ ചൂടുവെള്ളത്തിൽ ഇറക്കിവച്ചിരിക്കുന്നു. ട്യൂബിന്റെ അഗ്രഭാഗം ജലം നിറച്ച് മറ്റൊരു ജാറിന്റെ അടിഭാഗത്തുള്ള സുഷിരത്തിലൂടെ കടത്തിവച്ചിരിക്കുന്നു.
a. എന്താണ് നിങ്ങൾക്ക് നിരീക്ഷിക്കാൻ കഴിയുക?
രണ്ടാമത്തെ പാത്രത്തിൽ നിന്ന് വായു കുമിളകൾ ഉയരുന്നു

b. ഇതിൽ നിന്ന് എത്തിച്ചേരാവുന്ന നിഗമനമെന്ത്?
ചൂടാക്കുമ്പോൾ, ജാറിലെ വായു വികസിക്കുകയും പൈപ്പിലൂടെ പുറത്തുപോകുകയും ചെയ്യുന്നു 

3. താഴെത്തന്നിരിക്കുന്ന വസ്തുക്കളെ താപചാലകതയുടെ അടിസ്ഥാനത്തിൽ തരംതി രിച്ച് പട്ടികപ്പെടുത്തുക.
ഇരുമ്പ്, കടലാസ്, ബേക്കലൈറ്റ്, ചെമ്പ്, തടി, സ്റ്റീൽ, അലൂമിനിയം, തുണി
ഉത്തരം:
സുചാലകം: ഇരുമ്പ്, ചെമ്പ്, സ്റ്റീൽ, അലുമിനിയം

കുചാലകം: പേപ്പർ, ബേക്കലൈറ്റ്, മരം, തുണി.

4. പാചകം ചെയ്യുന്നതിനുള്ള പാത്രങ്ങൾ ശ്രദ്ധിച്ചിട്ടില്ലേ. പാത്രം നിർമ്മിക്കാൻ ഉപയോഗിച്ച പദാർഥവും അതിന്റെ പിടികൾ നിർമ്മിക്കാൻ ഉപയോഗിച്ച പദാർഥവും തമ്മിലുള്ള വ്യത്യാസം എന്ത്? താപം കടത്തിവിടുന്നതിന്റെ അടിസ്ഥാനത്തിൽ വിശദീകരിക്കുക.
ഉത്തരം: പാചക പാത്രങ്ങൾ സുചാലകങ്ങൾ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്, അവയുടെ പിടികൾ കുചാലകങ്ങൾ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്.

5. ഒരേ അളവിൽ ചൂടുള്ള ചായ, സ്റ്റീൽ ഗ്ലാസിൽ തുറന്നും അതേ വലിപ്പമുള്ള ചില്ലുഗ്ലാസിൽ അടച്ചും വച്ചിരിക്കുന്നു. ഏത് ഗ്ലാസിലെ ചായയിലാണ് കൂടുതൽ സമയം ചൂട് നിലനിൽക്കുന്നത്? താപപ്രേഷണവുമായി ബന്ധപ്പെട്ട് നിങ്ങളുടെ കണ്ടെത്തൽ വിശദീകരിക്കൂ.
ഉത്തരം: അടച്ച ചില്ലുഗ്ലാസിലെ ചായയിലാണ് കൂടുതൽ സമയം ചൂട് നിലനിൽക്കുന്നത്.
സ്റ്റീൽ ഒരു സുചാലകമാണ്, അതിനാൽ ചാലകത്തിലൂടെ ചൂട് നഷ്ടപ്പെടും. സ്റ്റീൽ ഗ്ളാസ്സ് തുറന്നിരിക്കുന്നതിനാൽ സംവഹനത്തിലൂടെയും വികിരണത്തിലൂടെയും ചൂട് നഷ്ടപ്പെടും.
ഗ്ലാസ് ഒരു കുചാലകമാണ്, അതിനാൽ ചാലകത്തിലൂടെയുള്ള താപനഷ്ടം കുറവാണ്. അടച്ചുവച്ചിരിക്കുന്നതിനാൽ സംവഹനത്തിലൂടെയും വികിരണത്തിലൂടെയുമുള്ള താപനഷ്ടം കുറവാണ്.




👉 Basic Science TextBook (pdf) - Click here 
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here