Kerala Syllabus Class 5 കേരളപാഠാവലി Chapter 01 - വായുവില്ലാത്ത ലോകം - ചോദ്യോത്തരങ്ങൾ | Teaching Manual


Study Notes for Class 5 കേരള പാഠാവലി (ഒപ്പം ചിരിക്കാം ഓർത്തുചിരിക്കാം) വായുവില്ലാത്ത ലോകം | Class 5 Malayalam - Keralapadavali Questions and Answers - Chapter 01 Vayuvillaththalokam - വായുവില്ലാത്ത ലോകം - ചോദ്യോത്തരങ്ങൾ. 
ഈ അധ്യായത്തിന്റെ Teachers Handbook, Teaching Manual എന്നിവ ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് ചോദ്യോത്തരങ്ങളുടെ അവസാനം നൽകിയിട്ടുണ്ട്.

ഈ ബ്ലോഗ് ഉടമയുടെ രേഖാമൂലമുള്ള അനുമതിയില്ലാതെ ഈ ബ്ലോഗിൽ നൽകിയിരിക്കുന്ന ചോദ്യോത്തരങ്ങൾ, ഇതേരീതിയിലോ പി.ഡി.എഫ് രൂപത്തിലോ, മറ്റേതെങ്കിലും ഡിജിറ്റലോ, പ്രിന്റഡ് ഉൾപ്പെടെയുള്ള ഏതെങ്കിലും രൂപങ്ങളിലേക്കോ മാറ്റി മറ്റൊരു വെബ്സൈറ്റിലോ, ബ്ലോഗിലോ, യുട്യൂബ്, സോഷ്യൽ മീഡിയാ ഗ്രൂപ്പുകളിലോ ഉൾപ്പെടെ ഒരിടത്തും പ്രചരിപ്പിക്കാൻ പാടില്ലാത്തതാകുന്നു.

കുഞ്ചൻ നമ്പ്യാർ
പതിനെട്ടാം നൂറ്റാണ്ടിലെ (1705-1770) പ്രമുഖ മലയാളഭാഷാ കവിയാണ് കുഞ്ചൻ നമ്പ്യാർ. പ്രതിഭാസമ്പന്നനായ കവി എന്നതിനു പുറമേ തുള്ളൽ എന്ന നൃത്തകലാരൂപത്തിന്റെ ഉപജ്ഞാതാവെന്ന നിലയിലും പ്രസിദ്ധനായ നമ്പ്യാരുടെ കൃതികൾ മിക്കവയും തുള്ളൽ അവതരണങ്ങളിൽ ഉപയോഗിക്കാൻ വേണ്ടി എഴുതപ്പെട്ടവയാണ്. നർമ്മത്തിൽ പൊതിഞ്ഞ സാമൂഹ്യവിമർശനമാണ് അദ്ദേഹത്തിന്റെ കൃതികളുടെ മുഖമുദ്ര. മലയാളത്തിലെ ഹാസ്യകവികളിൽ അഗ്രഗണനീയനാണ് നമ്പ്യാർ. കിടങ്ങൂർക്കാരനായ ഭട്ടതിരിയായിരുന്നു കുഞ്ചൻ നമ്പ്യാരുടെ പിതാവ്. അദ്ദേഹം കിളളിക്കുറിശ്ശിമംഗലത്തെ ക്ഷേത്രത്തിൽ പൂജാരിയായിരുന്നു. ബാല്യത്തിൽത്തന്നെ നമ്പ്യാർ പിതാവിനൊപ്പം കിടങ്ങൂർക്കു പോയി. പിന്നീട് അമ്പലപ്പുഴയിലായിരുന്നു താമസം. അമ്പലപ്പുഴ പാൽപായസത്തിലെ കയ്പും ചാക്യാരുമായുള്ള കലഹവുമെല്ലാം അമ്പലപ്പുഴയിൽ വച്ചാണു നടക്കുന്നത്. തുള്ളൽക്കവിതകൾ ഏറെയും ഇവിടെ വച്ചാണു രചിച്ചിട്ടുള്ളത്. പിന്നീട് തിരുവിതാംകൂർ രാജാവായ മാർത്താണ്ഡ വർമ അമ്പലപ്പുഴ കീഴടക്കിയപ്പോൾ തിരുവനന്തപുരത്തേക്കു പോയി. അമ്പലപ്പുഴയില്‍ ചെമ്പകശ്ശേരി രാജാവിന്റെയും മാത്തൂര്‍ പണിക്കരുടെയും ആശ്രിതനായി കഴിഞ്ഞു. അമ്പലപ്പുഴയിലെ താമസക്കാലത്തു തുള്ളല്‍ കൃതികള്‍ രചിച്ചു. തിരുവിതാംകൂര്‍ മഹാരാജാവുമായും സൗഹൃദം ഉണ്ടായിരുന്നു. പില്ക്കാലത്ത് തിരുവിതാംകൂറിലെ മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവിന്റെയും കാര്‍ത്തിക തിരുനാള്‍ മഹാരാജാവിന്റെയും ആശ്രിതനായിരുന്നു. ഇക്കാലത്തും പല തുള്ളല്‍ കൃതികള്‍ രചിച്ചു. 940-ാമാണ്ടിനോടടുപ്പിച്ച് അമ്പലപ്പുഴയില്‍ സ്ഥിരതാമസമാക്കി. ഓട്ടന്‍, ശീതങ്കന്‍, പറയന്‍ എന്നീ വിഭാഗങ്ങളിലായി നിരവധി കൃതികള്‍ രചിച്ചു. സ്യമന്തകം, ഘോഷയാത്ര, കിരാതം, നളചരിതം, സന്താനഗോപാലം, സീതാസ്വയംവരം, ബാലിവിജയം, കല്യാണസൗഗന്ധികം, കാളിയമര്‍ദ്ദനം, സുന്ദോപസുന്ദോപാഖ്യാനം, പാഞ്ചാലീസ്വയംവരം, ത്രിപുരദഹനം, സഭാപ്രവേശം, ഹരിശ്ചന്ദ്ര ചരിത്രം എന്നിവ കൃതികളില്‍ ചിലതാണ്. അമ്പലപ്പുഴയിൽ വച്ച് 1770ൽ പേവിഷ ബാധയേറ്റായിരുന്നു മരണം എന്നു പറയപ്പെടുന്നു. അമ്പലപ്പുഴയിൽ സംസ്ഥാന സർക്കാർ കുഞ്ചൻ സ്മാരകം നിർമിച്ചിട്ടുണ്ട്. കിള്ളിക്കുറിശ്ശിമംഗലത്തെ കലക്കത്ത് ഭവനവും നമ്പ്യാർ സ്മാരകമായി നിലനിർത്തിയിട്ടുണ്ട.് പാലക്കാട് ജില്ലയിലെ ചൂലന്നൂരി‍ൽ അതിവിസ്തൃതമായ കുഞ്ചൻ സ്മൃതിവനവും നിലവിലുണ്ട്.
ഒറ്റ രാത്രികൊണ്ട് പിറവിയെടുത്ത കലാരൂപം
തുള്ളൽ എന്ന ജനകീയ കലാരൂപം പിറന്നത് ഒരൊറ്റ രാത്രികൊണ്ടാണ്. അതിനു പിന്നിലെ രസകരമായ കഥ ഇങ്ങനെ. അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ മിഴാവു കൊട്ടുകാരനായിരുന്നു കുഞ്ചൻ നമ്പ്യാർ. ഒരിക്കൽ കൂത്തിനു മിഴാവ് കൊട്ടിക്കൊണ്ടിരിക്കെ നമ്പ്യാർ ഉറങ്ങിപോയി. ഇതുകണ്ട് ചാക്യാർ നമ്പ്യാരെ പരിഹസിച്ചു. പിറ്റേന്ന് ചാക്യാർ കൂത്തിനെത്തിയപ്പോൾ മിഴാവുകൊട്ടാൻ നമ്പ്യാരുണ്ടായിരുന്നില്ല. ഈ സമയം ക്ഷേത്രമുറ്റത്ത് പുതിയൊരു കലാരൂപം - തുള്ളൽ
അരങ്ങേറി. ഈ കലാരൂപം കണ്ട് കൗതുകം തോന്നിയ കാണികൾ കൂത്തു നടന്ന വേദിവിട്ട് അങ്ങോട്ടു നീങ്ങി. നമ്പ്യാരായിരുന്നു അവിടെ വേഷം കെട്ടിയതും അരങ്ങേറിയതും. തുള്ളൽ എന്ന പുതിയ കലാരൂപം അങ്ങനെ പിറന്നു. കല്യാണസൗഗന്ധികം തുള്ളലാണ് നമ്പ്യാർ അന്നവിടെ അവതരിപ്പിച്ചത്.
ഒപ്പം ചിരിക്കാം ഓർത്തുചിരിക്കാം 
 പാഠപുസ്തകം പേജ് 23 ലെ കൊച്ചുകഥ വായിക്കൂ... ഈ കഥ എന്തെല്ലാം കാര്യങ്ങൾ പറഞ്ഞുതരുന്നുണ്ട്?
കാരണമില്ലാത്ത ഭയം ചിലർക്കുണ്ടാകാറുണ്ട്. ശങ്കുണ്ണിയേട്ടൻ അങ്ങനെയുള്ള ഒരാളാണ്. അക്കരെ നിന്നു കുരയ്ക്കുന്ന പട്ടിയാണ് പ്രശ്നം. പുഴ വറ്റുകയും നായ ചങ്ങല പൊട്ടിക്കുകയും ചെയ്താൽ കടി കിട്ടും എന്ന പേടിയാണ് അയാൾക്കുള്ളത്. ഒരിക്കലും നടക്കാൻ സാധ്യതയില്ലാത്ത കാര്യങ്ങൾ ഓർത്ത് നാം വിഷമിക്കാറുണ്ട്. പലപ്പോഴും നമ്മുടെ പേടി കാരണമില്ലാത്തതാണ് എന്ന് ഈ കഥയിൽനിന്ന് മനസ്സിലാക്കാം. അനാവശ്യമായ ചിന്തയാണ് പല പ്രശ്നങ്ങൾക്കും കാരണം.
ഇതുപോലെ ഏതെങ്കിലും ഒരു കഥ നിങ്ങൾക്കറിയാമോ? പറയാൻ ശ്രമിക്കൂ.

കുറുപ്പിന്റെ ഉറപ്പ്
കുറുപ്പ് മഹാമിടുക്കനായ അഭ്യാസിയാണ്. പക്ഷേ ബുദ്ധി അല്പം കമ്മിയാണെന്നൊരു കുറവുമാത്രം. ഒരിക്കൽ കുറുപ്പ് പുളി പറിക്കാൻ പുളിമരത്തിൽ കയറി. പുളി പറിക്കുന്നതിനിടയിൽ കൈയൊന്നു തെറ്റി കുറുപ്പ് താഴോട്ടു വീണു. പക്ഷേ, വളരെ സമർത്ഥമായി ഇഷ്ടൻ ഒരു കമ്പിൽ കയറിപ്പിടിച്ച് പുളിയിൽ തൂങ്ങിക്കിടന്നു. അപ്പോഴാണ് ആനക്കാരൻ പാപ്പിയുടെ വരവ്. പുളിയിൽ തൂങ്ങിക്കിടക്കുന്ന കുറുപ്പിനെക്കണ്ട് അയാളെ രക്ഷിക്കാൻ പാപ്പി ആനപ്പുറത്തു നിന്നെണീറ്റ് കുറുപ്പിന്റെ കാലിൽ പിടിച്ചു. കുറുപ്പിന്റെ കാലിൽ ശരിക്കൊന്നു പിടിക്കാൻ കഴിയുന്നതിനുമുമ്പ് ആന നടന്നകന്നതിനാൽ പാപിക്കു കുറുപ്പിന്റെ കാലിൽ പിടിച്ചു തൂങ്ങിക്കിടക്കാനേ കഴിഞ്ഞുള്ളൂ. രണ്ടുപേരും ഒന്നിച്ചായി തുങ്ങൽ. ആ കിടപ്പിൽ പാപ്പി കുറുപ്പിനോടു പറഞ്ഞു:
"കുറുപ്പച്ചാ, കമ്പിലെ പിടി വിടല്ലേ!'
"ഇല്ലെടാ പാപി. ജീവനുണ്ടെങ്കിൽ വിടില്ല.'' കുറുപ്പ് ഉറപ്പു നൽകി. അല്പസമയം കഴിഞ്ഞപ്പോൾ പാപ്പി കുറുപ്പിനോട് ചോദിച്ചു.
"കുറുപ്പച്ചൻ എന്തുമാത്രം പുളി പറിച്ചു ഇന്ന്?"
"ദേ ഇത്രേം. ഒരു കെട്ടു പുളി കാണും.'' കുറുപ്പ് കൈകൾ രണ്ടും വിട്ട് പുളിയുടെ അളവു കാട്ടി. രണ്ടുപേരും കൂടി അതാ കിടക്കുന്നു താഴെ... താഴെ വീണു
നടുവുനൊന്ത പാപ്പി കുറുപ്പിനോടു ഗൗരവത്തിൽ പറഞ്ഞു: ''അല്ലേലും കുറുപ്പിന്റെ ഉറപ്പല്ലേ ഉറപ്പ്!"

വായുവില്ലാത്ത ലോകം
♦ പദപരിചയം 
 മാരുതൻ - കാറ്റ് 
• ദാരുണം - സങ്കടമുണ്ടാക്കുന്നത് 
 ചമച്ച - ഉണ്ടാക്കിയ 
• മർത്യൻ - മനുഷ്യൻ 
• കരം - കൈ 
 ഞൊറി - വസ്ത്രത്തിൽ ഭംഗിക്കായി ഉണ്ടാക്കുന്ന മടക്കുകൾ 
 മണ്ടുക - ഓടുക 
 ശമിക്കുക - അടങ്ങുക 
 മുഞ്ഞി - മുഖം 
വിദ്വാൻ - അറിവുള്ളവൻ 
 തെറ്റെന്ന് - പെട്ടെന്ന് 

♦ പകരം പദങ്ങൾ
 മാരുതൻ - കാറ്റ്, അനിലൻ, പവനൻ
 ലോകം - ജഗത്, വിശ്വം, ഭുവനം
 മനുഷ്യൻ - മർത്യൻ, മാനവൻ, മനുജൻ 
 കണ്ണ് - അക്ഷി, നയനം, നേത്രം
 പാവ - പുത്രിക, ജാതുഷം, പാഞ്ചാലിക
 കരം - ഹസ്തം, പാണി, കൈ 
• വെളളം - ജലം, തോയം, സലിലം 
 കാല് - പാദം, ചരണം, അംഘ്രി 

♦ പിരിച്ചെഴുതാം
 തണ്ടെടുത്തു് - തണ്ടു് + എടുത്ത് 
 വെള്ളത്തിൽ - വെള്ളം + ഇൽ 
 ശമിക്കയാൽ - ശമിക്ക + ആൽ 
 കണ്ണെഴുതുക - കണ്ണ് + എഴുതുക 
 കോരിക്കുടിക്കാൻ - കോരി + കുടിക്കാൻ
 കൊത്തിച്ചമച്ച - കൊത്തി + ചമച്ച 
 മുണ്ടുടുക്കുന്നവൻ - മുണ്ട് + ഉടുക്കുന്നവൻ 
♦ അക്ഷരക്കിലുക്കം
ഉണ്ടിരിക്കുന്നവൻ വായും തുറന്ന
മിണ്ടാതിരുന്നാനുരുളയും കൈക്കൊണ്ടു.
കണ്ടിരിക്കുന്നവൻ കണ്ണും തുറന്നൊരു
തണ്ടികപ്പാവയെപ്പോലിരുന്നിടുന്നു.
അടിവരയിട്ട പദങ്ങളുടെ പ്രത്യേകതയെന്താണ്?
പാഠഭാഗത്തിൽ ഇതേ പ്രത്യേകതയുള്ള (അക്ഷരങ്ങൾ ആവർത്തിച്ചുവരുന്ന) മറ്റു വരികൾ കണ്ടെത്തി നോട്ടുപുസ്തകത്തിലെഴുതു.

അടിവരയിട്ട പദങ്ങളിലെ രണ്ടാമത്തെ അക്ഷരമായ 'ണ്ട' ആവർത്തിച്ചിരിക്കുന്നു. അതുപോലെ 'ന്ന, ക്ക, ൻ, വ' എന്നീ അക്ഷരങ്ങളും ആവർത്തിക്കുന്നുണ്ട്. അതുകൊണ്ട് ഉണ്ടാകുന്ന ശബ്ദഭംഗി കവിതയ്ക്ക് ചൊല്ലഴക് നൽകുന്നു. 

കൂടുതൽ വരികൾ
എണ്ണ തേയ്ക്കുന്നവരപ്പാടിരിക്കുന്നു
കണ്ണെഴുതുന്നവരങ്ങനെ പാർക്കുന്നു 
കഞ്ഞിക്കോരിക്കുടിപ്പാൻ തുടങ്ങുന്നവൻ 
മുഞ്ഞിയും താഴ്ത്തീട്ടനങ്ങാതിരിക്കുന്നു. 

ചങ്ങമ്പുഴയുടെ രമണൻ എന്ന കവിതയിലെ വരികൾ പാറ പുസ്തകം പേജ് 27ൽ പരിചയപ്പെട്ടല്ലോ. ശബ്ദഭംഗിയുള്ള ഇത്തരം കൂടുതൽ വരികൾ.
• പച്ചക്കദളിക്കുലകൾക്കിടയ്ക്കിടെ
മെച്ചത്തിൽ നന്നായ് പഴുത്ത പഴങ്ങളും 
ഉച്ചത്തിലങ്ങനെ കണ്ടാൽ പവിഴവും 
പച്ചരത്നക്കല്ലുമൊന്നിച്ചു കോർത്തുള്ള 
മാലകൾ കൊണ്ടു വിതാനിച്ച ദിക്കെന്ന് 
മാലോകരൊക്കെയും ശങ്കിക്കുമാറുള്ള 
ലീലാവിലാസേന നിൽക്കുന്നു വാഴകൾ 
നാലുഭാഗങ്ങളിൽ തിങ്ങി വിങ്ങിത്തദാ... 

 മുത്തച്ചൻ മുതുക്കന്റെ
മുത്തച്ചനിരിക്കുന്നു
മുത്തച്ഛനവനുള്ള
മുത്തച്ഛൻ മരിച്ചില
 - (കാലനില്ലാത്ത കാലം)

 തേച്ചുകുളിക്കുക പതിവില
തേച്ചുമിനുക്കി നടന്നീടും
തേപ്പിനുവേണ്ടവ വാങ്ങാനുള്ളതു
തേങ്ങവലിച്ചാൽ തികയില
മാറിയകാലമിതെന്നാലും
മാന്യതയാണിവയെന്നാലും
മാറ്റാനൊക്കുന്നില്ലയെനിക്കെൻ 
മുറിയൻഷർട്ടും മുറിമുണ്ടും
 - (കുഞ്ഞുണ്ണിക്കവിതകൾ - കുഞ്ഞുണ്ണി) 

 പുഞ്ചിരിപെയ്തുപെയ്താടി നീ ലളിതേ,
തുഞ്ചന്റെ തത്തയെക്കൊഞ്ചിച്ച കവിതേ! 
അഞ്ചിക്കുഴഞ്ഞഴിഞ്ഞാടുഗുണമിളിതേ,
കുഞ്ചന്റെ തുള്ളലിൽണികൊട്ടിയ കവിത!
 - (കാവ്യനർത്തകി - ചങ്ങമ്പുഴ)

♦ നിറച്ചാർത്ത്
കുഞ്ചൻനമ്പ്യാർ വാക്കുകൾ കൊണ്ടുണ്ടാക്കിയ കുറേ ചിത്രങ്ങളാണ് 'വായുവില്ലാത്ത ലോകം' എന്ന കവിതാഭാഗത്തുള്ളത്. നമുക്ക് അവയിൽ പലതിനെയും വർണ്ണചിത്രങ്ങളാക്കാമല്ലോ.

♦ ചിരി വരുന്ന വഴി
താഴെ കൊടുത്ത കവിതാഭാഗങ്ങളിൽ നിങ്ങളെ ചിരിപ്പിക്കുന്ന വരികൾ കണ്ടെത്താൻ ശ്രമിക്കൂ.
1. ചെമ്പിച്ച താടിയും മീശയും കേശവും 
വമ്പിച്ച കൈകളിൽ വില്ലും ശരങ്ങളും 
ചെമ്പരത്തിപ്പൂ കണക്കെ നേത്രങ്ങളും 
മമ്പിളിപോലെ വളഞ്ഞുള്ള പല്ലുകൾ...

2. ഉരുളികൾ കിണ്ടികളൊക്കെയുടച്ചു  
ഉരലു വലിച്ചു കിണറ്റിൽ മറിച്ചു 
ചിരവയെടുത്തഥ തീയിലെരിച്ചു 
അരകല്ലങ്ങു കുളത്തിലെറിഞ്ഞു 

• ചെമ്പരത്തിപ്പൂ കണക്കെ നേത്രങ്ങളു-
മമ്പിളിപോലെ വളഞ്ഞുള്ള പല്ലുകൾ...
കാട്ടാളരാജാവിനെ വർണിക്കുന്ന വരികളാണിത്. ദേഷ്യഭാവത്താൽ ചുവന്നുതുടുത്ത കണ്ണുകളെയാണ് ചെമ്പരത്തിപ്പൂപോലെയുള്ള കണ്ണുകൾ എന്നു പറഞ്ഞിരിക്കുന്നത്. വളർന്ന് വളഞ്ഞുനില്ക്കുന്ന ദംഷ്ട്രകളെയാണ് അമ്പിളിപോലെ വളഞ്ഞ പല്ലുകൾ എന്ന് വർണിച്ചിരിക്കുന്നത്.

• ഉരലുവലിച്ചു കിണറ്റിൽ മറിച്ചു .
ചിരവയെടുത്തഥ തീയിലെരിച്ചു
നളചരിതത്തിലെ വരികളാണിവ. സന്ദേശവും വഹിച്ച് പറന്നുപോകുന്ന അരയന്നം കണ്ട കാഴ്ചകളിലൊന്നാണിത്. ഒരുവൻ ദേഷ്യം പ്രകടിപ്പിക്കുന്നത് വർണിക്കുകയാണ്. വലിയ ഉരല് വലിച്ച് അവൻ കിണറ്റിലിട്ടു. ചിരവയെടുത്ത് തീയിലിട്ട് എരിച്ചുകളഞ്ഞു.
ഈ വരികളിൽ തെളിയുന്ന ഹാസ്യം ആരിലും ചിരിയു ണർത്തും.
♦ ആസ്വാദനമെഴുതാം
വായുവില്ലാതായപ്പോൾ എന്ന കവിതയിലെ എന്തെല്ലാം കാര്യങ്ങളാണു് നിങ്ങളുടെ മനസ്സിൽത്തട്ടിയത് ? താള ഭംഗി, വിവിധ ദൃശ്യങ്ങൾ. ഇനിയുമെന്തെല്ലാം? 
ചർച്ച ചെയ്യൂ. അവയെല്ലാം ഉൾപ്പെടുത്തി ആസ്വാദനം തയ്യാറാക്കു 
• കവിതയിലെ നർമ്മം
• താളവും ഈണവും 
• ശബ്ദഭംഗി
 രസകരമായ വർണ്ണന
 കേരളീയ പശ്ചാത്തലത്തിലുള്ള അവതരണ രീതി
ഏതു സന്ദർഭവും നേരിൽക്കാണുന്നവിധം, ജീവസ്സുറ്റതാക്കി അവതരിപ്പിക്കാനുള്ള അപാരമായ കഴിവുണ്ട് കുഞ്ചൻ നമ്പ്വാർക്ക്. 'വായുവില്ലാത്ത ലോകം' എന്ന കവിതയിൽ ഒരു നിമിഷം ലോകത്തിൽ വായുവില്ലാതായാൽ എന്തെല്ലാം സംഭവിക്കുന്നുവെന്നാണ് കവി രസകരമായി വർണ്ണിക്കുന്നത്. ഹാസ്യരസം കലർത്തിയാണ്കവി ഓരോ സന്ദർഭവും അവതരിപ്പിക്കുന്നത്. ഓരോ ജോലിയിൽ ഏർപ്പെട്ടിരിക്കുന്നവർ പെട്ടെന്ന് വായു ഇല്ലാതായപ്പോൾ പാവകളെപ്പോലെ നിശ്ചലരായി പലരീതിയിൽ നിൽക്കുന്നത് കവി കാണിച്ചുതരുന്നു. താളവും ഈണവുമാണ് നമ്പ്യാർക്കവിതകളിലെ എടുത്തു പറയേണ്ട സവിശേഷത. ആർക്കും ചൊല്ലാൻ സാധിക്കുന്ന ഈണമാണ് തുള്ളൽക്കവിതകൾക്കുള്ളത്. വരികളിലെ രണ്ടാമത്തെ അക്ഷരം ആവർത്തിക്കുന്നതിലൂടെ ശബ്ദഭംഗിയും കൊണ്ടുവരാൻ കവിക്കു കഴിഞ്ഞിട്ടുണ്ട്. അതുപോലെ കവിതയിലെ ഓരോ ദൃശ്യവും മുന്നിൽ കാണുന്നതുപോലെ അവതരിപ്പിക്കാൻ കുഞ്ചൻ നമ്പ്യാർക്കു കഴിയുന്നു. കേരളീയമായ പശ്ചാത്തലത്തിലാണ് നമ്പ്യാർ ഈ സന്ദർഭങ്ങളെ അവതരിപ്പിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. വായുവില്ലാതായാൽ നമുക്കു നിലനിൽക്കാൻ സാധിക്കില്ല. ചിരിയോടൊപ്പം ചിന്തിക്കാനുള്ള അവസരവും ഒരുക്കിത്തരുന്നവയാണ് നമ്പ്യാരുടെ കവിതകൾ.

♦ കടങ്കഥകളുടെ ലോകം
വായുവില്ലാതായപ്പോൾ എന്ന കവിതയിൽ അക്ഷരങ്ങളുടെ ആവർത്തനഭംഗി നിങ്ങൾ കണ്ടുവല്ലോ. താഴെ കൊടുത്ത കടങ്കഥകളിലും ഈ പ്രത്യേകതകൾ കാണുന്നുണ്ടോ? പറയൂ 
'കണ്ടം കണ്ടം കണ്ടിക്കും,
തുണ്ടംപോലും തിന്നില്ല.'

'ഇലയില്ലാത്തൊരു പൂവില്ലാത്തൊരു 
കായില്ലാത്തൊരു കരിവള്ളി.'
കുഞ്ചൻനമ്പ്യാരുടെ കവിതാഭാഗത്തു കടന്നു വരുന്ന അക്ഷരങ്ങളുടെ ആവർത്തനം കടങ്കഥകളിലും കാണാം.
ആദ്യത്തെ കടങ്കഥയിൽ 'ണ്ട' എന്ന അക്ഷരമാണ് ആവർത്തിക്കുന്നത്. രണ്ടാമത്തെ കടങ്കഥയിൽ 'ല്ല,' 'ത്ത' എന്നീ അക്ഷരങ്ങളുമാണ് ആവർത്തിച്ചുവരുന്നത്. ഇത് നൽകുന്ന ശബ്ദഭംഗിയാണ് പ്രധാനം. കടങ്കഥകളിലും കുഞ്ചൻ നമ്പ്യാരുടെ കവിതയിലും അക്ഷരങ്ങളുടെ ആവർത്തനം കാണാൻ സാധിക്കുന്നു.

തുള്ളൽ മൂന്നുവിധം
• ശീതങ്കൻ തുള്ളൽ
• പറയൻ തുള്ളൽ
• ഓട്ടൻതുള്ളൽ

1. ശീതങ്കൻ തുള്ളൽ 
ശീതങ്കൻ തുള്ളലിൽ കുരുത്തോലയാണ് പ്രധാന അലങ്കാരം. ഉടുത്തുകെട്ടിനൊപ്പം
കുരുത്തോലയും അണിയുന്നു. പറയൻ തുള്ളലിനെക്കാൾ വേഗത്തിലാണ് ഇത് ചൊല്ലുന്നത്. 

2. പറയൻ തുള്ളൽ 
പറയൻ തുള്ളലിൽ വക്താവ് പറയനാണെന്ന് നമ്പ്യാർ പ്രസ്താവിച്ചിട്ടുണ്ട്. വേഷഭൂഷാദികളിലും ഈ തുള്ളലിന് പറയരുടെ പ്രാചീന കലാരൂപങ്ങളുമായി ബന്ധമുണ്ട്. പതിഞ്ഞ മട്ടിലാണിത് പാടുന്നത്. 

3. ഓട്ടൻതുള്ളൽ
പറയൻ, ശീതങ്കൻ എന്നി വയെ അപേക്ഷിച്ച് അൽപം ഓടിച്ച് (വേഗത്തിൽ) ചൊല്ലേണ്ടതുകൊണ്ടായിരിക്കാം ഇതിന് ഓട്ടൻ എന്ന പേരുണ്ടായത്. മുഖത്തു പച്ചതേയ്ക്കുന്ന സമ്പ്രദായം കോലംതുള്ളലിൽനിന്ന് നമ്പ്യാർ സ്വീകരിച്ചതാവാം.

ഇങ്ങനെ തുള്ളലുകൾ ഓരോന്നും തന്നെ ഓരോ പ്രാചീന കലാരൂപങ്ങളോടു ബന്ധപ്പെട്ടിരിക്കുന്നു.

👉മലയാളം മറ്റ് യൂണിറ്റുകളുടെ ചോദ്യോത്തരങ്ങൾക്കായി ഇവിടെ ക്ലിക്കുക 
👉Class V Malayalam Textbook (pdf) - Click here 

TEACHING APTITUDE TEST (K-TET, C-TET, etc.) ---> Click here