Kerala Syllabus Class 5 കേരളപാഠാവലി Chapter 02 - കടങ്കഥ - ചോദ്യോത്തരങ്ങൾ | Teaching Manual


Study Notes for Class 5 കേരള പാഠാവലി (ഒപ്പം ചിരിക്കാം ഓർത്തുചിരിക്കാം) കടങ്കഥ | Class 5 Malayalam - Keralapadavali Questions and Answers - Chapter 02 Kadankatha - കടങ്കഥ - ചോദ്യോത്തരങ്ങൾ. 
ഈ അധ്യായത്തിന്റെ Teachers Handbook, Teaching Manual എന്നിവ ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് ചോദ്യോത്തരങ്ങളുടെ അവസാനം നൽകിയിട്ടുണ്ട്.

ഈ ബ്ലോഗ് ഉടമയുടെ രേഖാമൂലമുള്ള അനുമതിയില്ലാതെ ഈ ബ്ലോഗിൽ നൽകിയിരിക്കുന്ന ചോദ്യോത്തരങ്ങൾ, ഇതേരീതിയിലോ പി.ഡി.എഫ് രൂപത്തിലോ, മറ്റേതെങ്കിലും ഡിജിറ്റലോ, പ്രിന്റഡ് ഉൾപ്പെടെയുള്ള ഏതെങ്കിലും രൂപങ്ങളിലേക്കോ മാറ്റി മറ്റൊരു വെബ്സൈറ്റിലോ, ബ്ലോഗിലോ, യുട്യൂബ്, സോഷ്യൽ മീഡിയാ ഗ്രൂപ്പുകളിലോ ഉൾപ്പെടെ ഒരിടത്തും പ്രചരിപ്പിക്കാൻ പാടില്ലാത്തതാകുന്നു.

ഡോ: കെ.ശ്രീകുമാർ
ഡോ. കെ. ശ്രീകുമാര്‍ 1967 ഡിസംബര്‍ 31ന് എറണാകുളം ജില്ലയിലെ കണയന്നൂരില്‍ ജനിച്ചു. അച്ഛന്‍: കെ.എം. ലക്ഷ്മണന്‍ നായര്‍. അമ്മ: എ.എസ്. വിശാലാക്ഷി. മലയാളസാഹിത്യത്തില്‍ എം.എ. എം.ഫില്‍, ബി.എഡ്. ബിരുദങ്ങളും പത്രപ്രവര്‍ത്തനത്തില്‍ പി.ജി. ഡിപ്ലോമയും. മലയാള സംഗീതനാടകങ്ങളെക്കുറിച്ചുള്ള ഗവേഷണത്തിന് കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാലയില്‍നിന്നും മലയാളത്തില്‍ ഡോക്ടറേറ്റ് നേടി. കാല്‍നൂറ്റാണ്ടു നീണ്ട പത്രപ്രവര്‍ത്തനത്തിനുശേഷം 2016-ല്‍ മാതൃഭൂമിയില്‍നിന്ന് സ്വയം വിരമിച്ചു. ഇപ്പോള്‍ തിരൂര്‍ തുഞ്ചന്‍ സ്മാരക ട്രസ്റ്റിന്റെ കോ-ഓര്‍ഡിനേറ്ററാണ്. ബൃഹദ്ഗ്രന്ഥങ്ങളടക്കം ഇരുനൂറിലേറെ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു. ബാലസാഹിത്യം, നാടോടിവിജ്ഞാ നീയം, നാടകപഠനം, ജീവചരിത്രം, ലേഖന പരമ്പര, പുനരാഖ്യാനം, കവിത എന്നീ മേഖലകളിലുള്ളവയാണ് രചനകള്‍. കുട്ടികൾക്കുവേണ്ടി നൂറോളം കൃതികൾ എഴുതിയിട്ടുണ്ട്. കേന്ദ്ര സാഹിത്യ അക്കാദമിയുടെയും കേരള സാഹിത്യ അക്കാദമിയുടെയുമടക്കം എഴുപതോളം പ്രമുഖ പുരസ്‌കാരങ്ങള്‍ ലഭിച്ചു. കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരിയിലാണ് താമസം. 
പ്രധാന കൃതികൾ: നിറമുള്ള നന്മകൾ, മഞ്ഞപ്പാവാട, ഒഴിവുകാലം, ദീപു, ആലിപ്പഴം, പാമ്പാട്ടി, പൊന്നു, കഥയില്ലാക്കഥ, പച്ചപ്പനം തത്ത, മുല്ലപ്പൂവ്, പൂക്കാലം, ഉണ്ണിക്കഥ, നമ്മുടെ നാടോടിക്കഥകളും ഐതിഹ്യങ്ങളും - മൂന്ന് വാല്യങ്ങൾ. 
കടങ്കഥ 
പദപരിചയം
• എടുപിടീന്ന് - വളരെ പെട്ടെന്ന്
• 'ക്ഷ' പിടിച്ചു - നന്നായി ഇഷ്ടപ്പെട്ടു 
• ശങ്കിച്ചു - സംശയിച്ചു
പദം പിരിക്കാം
• ഒറ്റയൊരെണ്ണം - ഒറ്റ + ഒരെണ്ണം
• കരുതിയിരിക്കുക - കരുതി + ഇരിക്കുക 
• തലയില്ലാത്ത - തല + ഇല്ലാത്ത 
• ഭാവത്തിൽ - ഭാവം + ഇൽ
• കടങ്കഥ - കടം + കഥ
• കെട്ടഴിക്കും - കെട്ട് + അഴിക്കും
• കണ്ണെടുക്കാതെ - കണ്ണ് + എടുക്കാതെ 
• കുസൃതിക്കുട്ടൻ - കുസൃതി + കുട്ടൻ
• കൈതച്ചക്ക - കൈത + ചക്ക 
• ഉച്ചിക്കുടമ - ഉച്ചി + കുടുമ 
പകരംപദങ്ങൾ
• ആന - ഗജം,കരി, ദന്തി 
• മുഖം - ആനനം, വദനം, ആസ്യം  
• മുറ്റം - അങ്കണം, ചത്വരം, അജിരം

1. കടങ്കഥച്ചന്തം
• ആനകേറാമലേലാളുകേറാമലേ 
ലായിരം കാന്താരി പൂത്തിറങ്ങി. 
ഉത്തരം പറയാമോ?
നക്ഷത്രങ്ങൾ

• ഈ കടങ്കഥയ്ക്ക് എന്തെല്ലാം സവിശേഷതകളുണ്ട്? ചർച്ച ചെയ്യാം.
ഈ കടങ്കഥയ്ക്ക് താളവും ഈണവുമുണ്ട്. കവിതപോലെ ഈണത്തിൽ ചൊല്ലാൻ കഴിയുന്നതാണ് ഈ കടങ്കഥ. മനോഹരമായ വർണ്ണനകൂടിയാണിത്. ആനയും ആളുകളും കയറാത്തത്ര ഉയരത്തിലുള്ള ആകാശത്ത് കാന്താരി പൂത്തതുപോലെ നിറയെ നക്ഷത്രങ്ങൾ നിറഞ്ഞതിനെ വർണിക്കുകയാണിവിടെ. കവിതയുടെ വളർച്ചയിൽ താളമുള്ള കടങ്കഥകൾക്കും വലിയ പങ്കുണ്ട്.

• ഈ കടങ്കഥയുടെ ഈണത്തിൽ ധാരാളം കവിതകൾ ഉണ്ട്. ഇതേ താളത്തിൽ ചൊല്ലാവുന്ന വരികൾ വായിക്കൂ. 
വെണ്ണയെക്കണ്ടോരു കണ്ണൻ താനന്നേരം
വെണ്ണിലാവഞ്ചിച്ചിരിച്ചുചൊന്നാൻ.
ഇങ്ങനെ ഒരേ താളത്തിൽ ചൊല്ലാവുന്ന കടങ്കഥകളും പഴഞ്ചൊല്ലുകളും കവിതാഭാഗങ്ങളും ശേഖരിക്കു.

കവിതകൾ
• രാവിലിരുട്ടത്തു രിരിരിരി യെന്നു 
ചീവീടു മൂളുന്നതെന്തിനമ്മേ
പാരാതെ നീ മിഴി പൂട്ടിയുറങ്ങുവാൻ 
താരാട്ടു പാടുകയാണു കുഞ്ഞ 
  - (വൈലോപ്പിള്ളി)

• അമ്പിളി മാമന്റെ വീട്ടിലും നമ്മുടെ 
അമ്മാവന്മാർ ചിലർ പോയി വന്നു
അഞ്ചാറുകല്ലുകളത്രേ നമുക്കൊരു 
സഞ്ചിയിൽ മാമൻ കൊടുത്തയച്ചു
  - (ഒ.എൻ.വി)

• ആവൂ വിശപ്പില്ലേ കാച്ചിയ പാലിതാ 
തൂവെള്ളിക്കിണ്ണത്തിൽ തേൻകുഴമ്പും 
നല്ല പഴങ്ങളുമാവോളം ഭക്ഷിച്ചു 
വല്ലതും മുൻമട്ടിൽ സംസാരിപ്പിൻ
  - (വള്ളത്തോൾ)

കടങ്കഥകൾ
• കൊമ്പൻ കാളയിഴഞ്ഞു വരുന്നു
പിടിക്കാൻ ചെന്നാൽ കൊമ്പില്ല.
ഉത്തരം: ഒച്ച് 

• ഇല്ലിക്കൊമ്പത്തില്ലിക്കൊമ്പ- 
ത്തീശാൻ മാപ്പിള തീകൂട്ടി 
ഉത്തരം: മിന്നാമിനുങ്ങ്

• അങ്ങേവീട്ടിലെ മുത്തശ്ശ്യമ്മ-   
യ്ക്കിങ്ങേവീട്ടിലെ മുറ്റമടി
ഉത്തരം: മുള

• പച്ചപ്പലക കൊട്ടാരത്തിൽ 
പത്തും നൂറും കോട്ടത്തേങ്ങ
ഉത്തരം: കപ്ലങ്ങ (പപ്പായ)

• കൂനൻചെന്നൊരു തോടുണ്ടാക്കി 
പല്ലൻവന്നതു തട്ടിനിരത്തി 
ഉത്തരം: നിലം ഉഴുതു നിരത്തുക 

• അട്ടത്തിട്ട കൊട്ടത്തേങ്ങ
കൂട്ടിപ്പിടിക്കാൻ ഞെട്ടില്ല്യ  
ഉത്തരം: കോഴിമുട്ട

• പുളിയിലപോലെ കുറിയൊരു വസ്തു
ഇടിയേറ്റിടിയേറ്റിങ്ങനെയായി
ഉത്തരം: അവൽ

• കൂട്ടിത്തിന്നാനൊന്താന്തരമാ- 
ണൊറ്റയ്ക്കായാലാർക്കും വേണ്ട
ഉത്തരം: ഉപ്പ്

• ചിതറിയിരിപ്പൂ പിച്ചിപ്പൂക്കളെ- 
യെടുത്തു കൊരുക്കാനൊത്തില്ല
ഉത്തരം: നക്ഷത്രം
പഴഞ്ചൊല്ലുകൾ
• അഞ്ജനമെന്നതു ഞാനറിയും
മഞ്ഞളുപോലെ വെളുത്തിരിക്കും
(അഞ്ജനമോ മഞ്ഞളോ വെളുപ്പുനിറമോ എന്തെന്നറി ഞ്ഞുകൂടെങ്കിലും പറയുന്നതുകേട്ടാൽ എല്ലാക്കാര്യവും അറിയാമെന്ന് ഭാവിക്കുന്നവരെക്കുറിച്ച്)

• കറന്ന പാൽ അകിട്ടിൽ ചെല്ലുകില്ല
കടഞ്ഞ വെണ്ണ മോരിൽ ചെല്ലുകില്ല (രണ്ടും അസാധ്യകാര്യങ്ങൾ)

• ഊറുന്നതൂറുന്നത് ഊറ്റിയെടുത്താൽ 
പിന്നെയും പിന്നെയും ഊറിക്കൊള്ളും.
(കിണറ്റിലെ വെള്ളത്തെപ്പറ്റി. ദാനധർമ്മങ്ങളും ഇങ്ങനെതന്നെ.)

• കുഞ്ഞിന്റെ അച്ഛൻ വിദ്വാനെങ്കിൽ
കുഞ്ഞിനെ വിദ്യ പഠിപ്പിക്കണ്ട
(പാരമ്പര്യഗുണം കൊണ്ടുതന്നെ സ്വഭാവം ഉണ്ടായിത്തീരും.)

2. കടങ്കഥപ്പയറ്റ്
കൂടുതൽ കടങ്കഥകൾ ശേഖരിക്കൂ. മുത്തച്ഛനും കുട്ടികളും കൂടി നടത്തിയ കടങ്കഥപ്പയറ്റുപോലെ ക്ലാസിൽ ഒരു കടങ്കഥപ്പയറ്റ് നടത്തു.
കടങ്കഥപ്പയറ്റ് നടത്താൻ താഴെ കൊടുത്തിരിക്കുന്ന കടങ്കഥകൾ ഉപയോഗിക്കു.

• എല്ലാം തിന്നും എല്ലാം ദഹിക്കും
വെള്ളം കുടിച്ചാൽ ചത്തുപോകും.
ഉത്തരം: തീയ് 

• എന്റെ കാളയ്ക്ക് വയറ്റിലൊരു കൊമ്പ്
ഉത്തരം: കിണ്ടി

• വയറൊന്ന് വായ രണ്ട് 
വയറ്റിൽ നിറയെ മക്കൾ 
ഉത്തരം: തീപ്പെട്ടി

• കുറ്റിക്കാട്ടിൽ കൊയ്ത്തരിവാൾ
ഉത്തരം: ചന്ദ്രക്കല

• കൈയുണ്ട് മെയ്യുണ്ട്
കാക്കയ്ക്കു കൊത്താനിറച്ചിയില്ല 
ഉത്തരം: കുപ്പായം

• തൊപ്പിയുണ്ട് താടിയുണ്ട് 
ചുവന്ന കുപ്പായമുണ്ട് 
ഉത്തരം: വറ്റൽമുളക്

• വേരില്ല തടിയില്ല കൊമ്പില്ല ഇലയില്ല 
പൂത്തു പന്തലിച്ചു നിൽക്കുന്നു. 
ഉത്തരം: നക്ഷത്രമുള്ള ആകാശം 

• കാലുകൊണ്ടു വെള്ളം കുടിച്ചു 
തലകൊണ്ടു മുട്ടയിട്ടു 
ഉത്തരം: തെങ്ങ്

• കുളിക്കാൻ പോകുമ്പോൾ കുഴഞ്ഞുകുഴഞ്ഞ് 
കുളിച്ചുവരുമ്പോൾ നിവർന്നുനിവർന്ന്
ഉത്തരം: പപ്പടം 

• അരിപ്പുള്ളിനായരും തേങ്ങാപ്പുള്ളി നായരും കൂടി മുളപ്പുള്ളിനായരുടെ വീട്ടിൽ വിരുന്നു ചെന്നു. കോൽപ്പുള്ളി നായരു കുത്തിപ്പുറത്താക്കി.
ഉത്തരം: പുട്ടുണ്ടാക്കുന്നത്

• ഒരമ്മ മുറംവീശി പോകുന്നു.
ഉത്തരം: ആന

• അമ്മ പരപരന്ന്
മകൾ ഉരുണ്ടുരുണ്ട്.
ഉത്തരം: അരകല്ലും അമ്മിയും

• ആയിരം കുഞ്ഞുങ്ങൾക്ക് ഒരരഞ്ഞാൺ.
ഉത്തരം: ചൂല് 

• പുറത്തത്യാവശ്യം അകത്താവശ്യം കിടക്കുമ്പോളനാവശ്യം.
ഉത്തരം: ചെരുപ്പ് 

• ഇവിടെ ഞെക്കിയാൽ അവിടെ കറങ്ങും.
ഉത്തരം: പങ്ക 

• വഴിയുടെ വക്കിൽ ചോപ്പത്തടിയൻ വായപൊളിച്ചതാ തുങ്ങുന്നു. 
ഉത്തരം: തപാൽപെട്ടി

• കിക്കിലുക്കം കിലുകിലുക്കം
ഉത്തരക്കുട്ടിലൊളിച്ചിരിക്കും
ഉത്തരം: താക്കോൽക്കൂട്ടം

• കുത്തുന്ന മൂരിക്ക് രണ്ടുണ്ടു കയർ 
ഉത്തരം: സുചിയും നൂലും

• മേശമേലിരിക്കും സുന്ദരിപ്പെണ്ണിന്റെ മൂക്കുപിടിച്ചാൽ പാട്ടുവരും.
ഉത്തരം: റേഡിയോ 

• ആകാശത്തുടെ തേരോടുന്നു
തേർ തെളിക്കുന്നവർ ഭൂമിയിൽ നില്ക്കുന്നു.
ഉത്തരം: പട്ടം 

• കറിക്കു മുമ്പൻ, ഇലയ്ക്കു പിമ്പൻ
ഉത്തരം: കറിവേപ്പില

• അമ്മ കല്ലിലും മുള്ളിലും
മകൾ കല്യാണപ്പന്തലിൽ
ഉത്തരം: വാഴ 

• പിടിച്ചാൽ പിടി കിട്ടുകയില്ല. വെട്ടിയാൽ വെട്ടേല്ക്കുകയില്ല.
ഉത്തരം: വെള്ളം

• തലയില്ല കണ്ണുണ്ട്. വയറുണ്ടൊരു പത്തായം 
ഉത്തരം: ഞണ്ട്
3. കഥയിലും കടങ്കഥ
വീട്ടിലെത്തിയ അതിഥിയെ ഗൃഹനാഥൻ ഭക്ഷണം കഴിക്കാൻ ക്ഷണിച്ചു. 
അതിഥി പറഞ്ഞു: 'ഊണിന് നൂറ്റെട്ടുകൂട്ടം കറിവേണം, ഊണു കഴിഞ്ഞാൽ മൂന്നാളെ തിന്നണം. നാലാൾ ചുമക്കണം' 
ഈ ആവശ്യങ്ങളെല്ലാം എങ്ങനെ നിറവേറ്റിക്കൊടുക്കുമെന്നോർത്ത് വീട്ടുകാരൻ വിഷമിച്ചു.. അപ്പോൾ അയാളുടെ മകൾ പറഞ്ഞു:
“അച്ഛൻ വിഷമിക്കണ്ട. എല്ലാം ഞാൻ ശരിയാക്കാം.കുളിച്ചുവരാൻ പറയു''
• മകൾ എങ്ങനെയാവും അതിഥിയുടെ ആവശ്യങ്ങൾ സാധിച്ചിട്ടുണ്ടാവുക? അറിയേണ്ടേ? 
കഥയുടെ ബാക്കി ഭാഗം കൊട്ടാരത്തിൽ ശങ്കുണ്ണി രചിച്ച ഐതിഹ്യമാലയിലുണ്ട്. കണ്ടെത്തി വായിക്കൂ. 
കഥയുടെ തുടർച്ച...
കുളികഴിഞ്ഞുവന്ന അതിഥി (വരരുചി) ഊണുകഴിക്കാനിരുന്നു. മകൾ (പഞ്ചമി) ഊണുവിളമ്പി. ഇഞ്ചിക്കറിയാണ് ഇലയിൽ ആകെ ഉണ്ടായിരുന്ന വിഭവം. ഊണിന് നൂറ്റൊന്നു കറിയാണ് വരരുചി ആവശ്യപ്പെട്ടത്. ഇഞ്ചിക്കറി നൂറ്റിയൊന്നു കറികൾക്ക് സമാനമാണ്. വരരുചിയുടെ ഒന്നാമത്തെ ആവശ്യം പഞ്ചമി ശരിയായി പാലിച്ചു.
ഊണുകഴിഞ്ഞ് തൃപ്തനായെഴുന്നേറ്റ് കൈകഴുകിത്തുടച്ച് തിരിച്ചു വന്ന വരരുചിക്ക് പഞ്ചമി വെറ്റിലയും അടയ്ക്കയും ചുണ്ണാമ്പും നൽകി. അങ്ങനെ ഊണിനുശേഷം മൂന്നുപേരെ തിന്നണമെന്ന ആവശ്യം സാധിച്ചുകൊടുത്തു. പഞ്ചമി വരരുചിക്ക് കിടക്കാനുള്ള സൗകര്യമൊരുക്കി. 
നാലുകാലുള്ള കട്ടിലിൽ അദ്ദേഹം കിടന്നു. അങ്ങനെ വരരുചിയുടെ ആവശ്യങ്ങൾ ബുദ്ധിമതിയായ പഞ്ചമി ഭംഗിയായി നിർവഹിച്ചു.
സുന്ദരിയും ബുദ്ധിമതിയുമായ പഞ്ചമിയെ തനിക്ക് വേളി കഴിക്കാൻ ആഗ്രഹമുണ്ടെന്ന് വരരുചി ഗൃഹനാഥനെ അറിയിച്ചു. സന്തോഷത്തോടെ ഗൃഹനാഥൻ അത് സ്വീകരിക്കുകയും പഞ്ചമിയെ വരരുചിക്ക് വിവാഹം ചെയ്തു കൊടുക്കുകയും ചെയ്തു.
• ആ കഥയെക്കുറിച്ച് ഒരു കുറിപ്പ് എഴുതുമല്ലോ.
വരരുചിയുടെയും ബ്രാഹ്മണന്റെയും കഥയിൽ നിന്ന് വ്യക്തമാകുന്ന പല കാര്യങ്ങളുമുണ്ട്. വരരുചി പറഞ്ഞതിന് ഒരു കടങ്കഥയുടെ സ്വഭാവമുണ്ട്. നൂറ്റെട്ടു കറിക്കൊത്ത കറി ഇഞ്ചിക്കറിയും മൂന്നുപേരെ തിന്നണമെന്നത് വെറ്റില മുറുക്കണമെന്നും നാലുപേർ ചുമക്കണമെന്നത് കട്ടിലിൽ വിശ്രമിക്കണമെന്നുമാണ് ഉദ്ദേശിച്ചതെന്ന് ബ്രാഹ്മണന്റെ മകൾ മനസ്സിലാക്കുന്നു. വാക്കുകളുടെ വാച്യാർഥത്തേക്കാൾ ആന്തരാർഥത്തിനാണ് ഇവിടെ പ്രാധാന്യം കടങ്കഥയുടെ രീതിയാണ് വരരുചിയുടെ വാക്കുകൾക്കുള്ളത്. 
4. കടങ്കഥയിലെ ഭാഷ
• കടങ്കഥയിലെ ഭാഷ - സാധാരണ ഭാഷ
• മുറ്റത്തെ ചെപ്പിനടപ്പില്ല - കിണർ
• കൊക്കിരിക്കും കുളം വറ്റിവറ്റി - കൊളുത്തിവച്ച നിലവിളക്കിലെ എണ്ണ വറ്റി
• മുള്ളുണ്ട് മുരിക്ക കയ്പുണ്ട് കാഞ്ഞിരമല്ല - പാവയ്ക്ക (കയ്പക്ക)

മറ്റു ചില കടങ്കഥകളെക്കൂടി ഇങ്ങനെ സാധാരണ ഭാഷയിലെഴുതാമോ?
• കടങ്കഥയിലെ ഭാഷ - സാധാരണ ഭാഷ
• കാടുണ്ട്, കടുവയില്ല
വീടുണ്ട്, വീട്ടാരില്ല.
കുളമുണ്ട്, മീനില്ല  - തേങ്ങ 
• ഒരമ്മ പെറ്റതെല്ലാം തൊപ്പിക്കാര്  - അടയ്ക്ക
• തോട്ടുവക്കത്തൊരമ്മ പട്ടിട്ടുമൂടി നില്ക്കുന്നു - കൈതച്ചക്ക
• കാട്ടിലുണ്ടൊരു മുത്തശ്ശി വിശറിവീശി നടക്കുന്നു - ആന
• അടിപാറ, നടുവടി, തലതൂപ്പ് - ചേന 
• കൊമ്പിൽ കുറുവടി ചാടിച്ചാടി - അണ്ണാൻ
• പെട്ടി പെട്ടി മുള്ളുള്ള പെട്ടി പെട്ടി തുറന്നാൽ നാടാകെ നാറ്റം - ചക്കപ്പഴം
• എത്ര തല്ലുകൊണ്ടാലും 
നിലവിളിച്ചാലും
'ഇത്തിരി കണ്ണീർ വരില്ല - ചെണ്ട
• അകത്തു തിരിതെറുത്തു പുറത്തു മുട്ടയിട്ടു - കുരുമുളക്
• അച്ഛൻ സൂര്യൻ, അമ്മ സമുദ്രം 
കുടിൽതൊട്ട് കൊട്ടാരം വരെ പ്രവേശനമുണ്ട്. 
കൂടിയാൽ തെറ്റ് കുറഞ്ഞാൽ തെറ്റ് - ഉപ്പ്

• സാധാരണഭാഷയ്ക്കും കടങ്കഥയിലെ ഭാഷയ്ക്കും തമ്മിൽ എന്തെല്ലാം വ്യത്യാസങ്ങളുണ്ട്? ചർച്ച ചെയ്തു കണ്ടെത്തു. 
സാധാരണ ഭാഷയല്ല കടങ്കഥയിലുള്ളത്. കാവ്യഭാഷയോടാണ് കടങ്കഥകൾക്ക് അടുപ്പം. കാര്യങ്ങൾ നേരെ പറയുന്നതാണ് സാധാരണഭാഷയുടെ രീതി. എന്നാൽ കടങ്കഥകളിൽ പരോക്ഷമായി, വളച്ചുകെട്ടി പറയുകയാണ്. വാച്യാർത്ഥം അല്ല കടങ്കഥയിൽ പ്രധാനം. സൂചനകളിൽ നിന്ന് അർത്ഥം മനസ്സിലാക്കാൻ കഴിഞ്ഞാലേ കടങ്കഥയുടെ അർഥം മനസ്സിലാക്കാനാവൂ. നമ്മുടെ കവിതകൾ രൂപംകൊണ്ടതിൽ കടങ്കഥകൾക്ക് വലിയ പങ്കുണ്ട്. ഈണവും താളവും ഉള്ള ചെറു കവിതകളായി കടങ്കഥകൾ രൂപംകൊണ്ടു.

👉മലയാളം മറ്റ് യൂണിറ്റുകളുടെ ചോദ്യോത്തരങ്ങൾക്കായി ഇവിടെ ക്ലിക്കുക 

TEACHING APTITUDE TEST (K-TET, C-TET, etc.) ---> Click here