Kerala Syllabus Class 5 കേരളപാഠാവലി Chapter 03 - നീർനാഗം - ചോദ്യോത്തരങ്ങൾ | Teaching Manual


Study Notes for Class 5 കേരള പാഠാവലി (ഒപ്പം ചിരിക്കാം ഓർത്തുചിരിക്കാം) നീർനാഗം | Class 5 Malayalam - Keralapadavali Questions and Answers - Chapter 03 Neernagam - നീർനാഗം - ചോദ്യോത്തരങ്ങൾ. 
ഈ അധ്യായത്തിന്റെ Teachers Handbook, Teaching Manual എന്നിവ ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് ചോദ്യോത്തരങ്ങളുടെ അവസാനം നൽകിയിട്ടുണ്ട്.

ഈ ബ്ലോഗ് ഉടമയുടെ രേഖാമൂലമുള്ള അനുമതിയില്ലാതെ ഈ ബ്ലോഗിൽ നൽകിയിരിക്കുന്ന ചോദ്യോത്തരങ്ങൾ, ഇതേരീതിയിലോ പി.ഡി.എഫ് രൂപത്തിലോ, മറ്റേതെങ്കിലും ഡിജിറ്റലോ, പ്രിന്റഡ് ഉൾപ്പെടെയുള്ള ഏതെങ്കിലും രൂപങ്ങളിലേക്കോ മാറ്റി മറ്റൊരു വെബ്സൈറ്റിലോ, ബ്ലോഗിലോ, യുട്യൂബ്, സോഷ്യൽ മീഡിയാ ഗ്രൂപ്പുകളിലോ ഉൾപ്പെടെ ഒരിടത്തും പ്രചരിപ്പിക്കാൻ പാടില്ലാത്തതാകുന്നു.

വൈക്കം മുഹമ്മദ് ബഷീർ
1908 ജനുവരി 21-ന് വൈക്കം താലൂക്കിൽ തലയോലപ്പറമ്പിൽ ജനിച്ചു. തലയോലപ്പറമ്പിലുള്ള മലയാളം സ്‌കൂളിലും വൈക്കം ഇംഗ്ലിഷ് സ്‌കൂളിലും പഠിച്ചു. ഇന്ത്യൻ നാഷനൽ കോൺഗ്രസ്സിൽ ചേർന്ന് സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി കോഴിക്കോട്ടു നടന്ന ഉപ്പുസത്യാഗ്രഹത്തിൽ പങ്കുകൊണ്ടു. അതിന്റെ പേരിൽ മർദ്ദനത്തിനിരയാകുകയും ജയിൽശിക്ഷ അനുഭവിക്കുകയും ചെയ്തു. പത്തു വർഷത്തോളം ഇന്ത്യയൊട്ടാകെ സഞ്ചരിച്ചു; പിന്നീട് ആഫ്രിക്ക, അറേബ്യ തുടങ്ങിയ രാജ്യങ്ങളിലും. ബാല്യകാലസഖി, പാത്തുമ്മായുടെ ആട്, ന്റുപ്പുപ്പാക്കൊരാനേണ്ടാർന്ന്! എന്നീ കൃതികൾ ഇന്ത്യയിലെ പ്രധാന ഭാഷകളിലെല്ലാം തർജ്ജമ ചെയ്തു പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. മതിലുകൾ, ശബ്ദങ്ങൾ, പ്രേമലേഖനം എന്നീ കൃതികളും പൂവൻപഴം ഉൾപ്പെടെ 16 കഥകളുടെ ഒരു സമാഹാരവും ഓറിയന്റ് ലോങ്മാൻ ഇംഗ്ലിഷിൽ പ്രസിദ്ധീകരിച്ചു. സാഹിത്യ അക്കാദമിയുടെയും കേരളസാഹിത്യ അക്കാദമിയുടെയും ഫെല്ലോഷിപ്പ് ലഭിച്ചിട്ടുണ്ട്. ഇന്ത്യാഗവൺമെന്റ് പദ്മശ്രീ നല്കി ആദരിച്ചു. 1994 ജൂലൈ 5-ന് നിര്യാതനായി.
ബഷീർ സാഹിത്യം
മലയാളത്തിൽ സ്വന്തമായൊരു സാഹിത്യശാഖയുള്ള വ്യക്തിയാണ് ബഷീറെന്ന് പറയാം. മലയാളം അറിയാവുന്ന ആർക്കും വഴങ്ങുന്നതാണ് ബഷീർ സാഹിത്യം. ബഷീറിയനിസം എന്ന പേരിലും ഈ എഴുത്തുകളെ വിശേഷിപ്പിക്കും. ഹാസ്യത്തിലൊളിപ്പിച്ചതായിരുന്നു അദ്ദേഹത്തിന്റെ ചുട്ടുപൊള്ളുന്ന ഓരോ വാക്കുകളും. ഹാസ്യംകൊണ്ടുതന്നെ ജീവിതാനുഭവങ്ങളെഴുതി വായനക്കാരെ ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്തു. സമൂഹത്തിൽ അതുവരെ ആരും പറയാതിരുന്നവരുടെ കഥകൾ ബഷീർ പറഞ്ഞുതുടങ്ങി. മനുഷ്യരുടെ കഥകളായിരുന്നു അവയെല്ലാം. ജയിൽപ്പുള്ളികളും ഭിക്ഷക്കാരും പട്ടിണിക്കാരുമെല്ലാം നിറഞ്ഞതായിരുന്നു ബഷീറിന്റെ ലോകം. സമൂഹത്തിനു നേരെയുള്ള വിമർശനങ്ങളും ഹാസ്യത്തിൽപൊതിഞ്ഞ് അദ്ദേഹം അവതരിപ്പിച്ചു. ഇന്നേവരെ ആരും കേട്ടിട്ടില്ലാത്ത വാക്കുകളും അദ്ദേഹം രചനക്കായി ഉപയോഗിച്ചു. ഇന്നും വായിച്ചുതുടങ്ങുന്നവർ ആദ്യം തിരഞ്ഞെടുക്കുന്ന കൃതികളാണ് ബഷീറിന്റേത്. 
ബേപ്പൂർ സുൽത്താൻ 
ബേപ്പൂർ സുൽത്താൻ എന്ന വിശേഷണം ബഷീറിനു മാത്രം അവകാശപ്പെട്ടതാണ്. ബഷീറിന്റെ വിവാഹശേഷം അദ്ദേഹം ബേപ്പൂരിൽ രണ്ടേക്കർ സ്ഥലം വാങ്ങി വീടുവെച്ചു. അങ്ങനെ കുടുംബസമേതം വൈലാലിൽ വീട്ടിൽ താമസമായി. ആ രണ്ടേക്കർ സ്ഥലത്ത് താനൊരു സുൽത്താനായി വാഴുന്നു എന്ന് അദ്ദേഹം ഒരു കത്തിൽ എഴുതി. ആ പേര് ബഷീറിന് അങ്ങനെ സ്വന്തമാവുകയും ചെയ്തു. 
നീർനാഗം 
 ബഷീറിന് ആറേഴ് വയസ്സുള്ളപ്പോൾ നടന്ന ഒരു സംഭവമാണ് പിൽക്കാലത്ത് ‘നീർനാഗം' എന്ന രസകരമായ കഥയായി മാറിയത്. നാട്ടിലെ വമ്പനായ പാമ്പുപിടിത്തക്കാരനെപ്പോലെയാകണമെന്ന് ആഗ്രഹിച്ച് ഒരു നീർക്കോലിക്കുഞ്ഞിനെ പിടിച്ച് വീരനാണെന്ന് ഭാവിച്ചു നടക്കുന്നതും നീർക്കോലിയെ പിടിച്ചതിന് ബാപ്പയുടെ കൈയിൽ നിന്ന് അടിമേടിക്കുന്നതും ഈ കഥയിലുണ്ട്. 'അല്ലാഹുവിന്റെ സൃഷ്ടികളിൽ ഒന്നിനേയും കാരണം കൂടാതെ ദ്രോഹിക്കരുത്' എന്ന സന്ദേശവും ഈ കഥയിലൂടെ ബഷീർ നൽകുന്നു.

♦ പദപരിചയം 
 ബമ്പർ - വമ്പൻ 
• പരൽ - ഒരിനം മീൻ 
• ചിണുക്കി - കുടുക്കി
• ലേശം - കുറച്ച്
 ശിഷ്യഗണം - ശിഷ്യന്മാരുടെ കൂട്ടം 
കഠോരം - കടുപ്പമുള്ള
• അട്ടഹാസം - അലർച്ച
• സന്നിധി - സമീപം, അടുത്ത് 
• വെളിമ്പറമ്പ് - കൃഷി ചെയ്യാതെ കിടക്കുന്ന പറമ്പ്
• ഉഗ്രൻ - ഭയങ്കരൻ
• പാരുങ്കോ - നോക്ക് 

♦ പദം പിരിക്കാം
• അദ്ദേഹത്തെപ്പോലെ - അദ്ദേഹത്തെ + പോലെ
• കയറിയിറങ്ങി - കയറി + ഇറങ്ങി
• സാധാരണയായി - സാധാരണ + ആയി
• കുടുക്കുണ്ടാക്കി - കുടുക്ക് + ഉണ്ടാക്കി
• എന്നെക്കൊണ്ട് - എന്നെ + കൊണ്ട്
• പണിയൊന്നുമില്ലാതെ - പണി + ഒന്നുമില്ലാതെ 
• പഠിച്ചതല്ല - പഠിച്ചത് + അല്ല

♦ പകരം പദങ്ങൾ
• ആമ്പൽ - കുമുദം, കൈരവം, കുവലയം
• വീട് - ഭവനം, ഗേഹം, ആലയം
• പാമ്പ് - നാഗം, അഹി, ഉരഗം 
• വിശപ്പ് - കുത്ത്, ബുധ, ബുഭുക്ഷ 
• മല - അദ്രി, അചലം, പർവതം

♦ ചിരിച്ചുചിരിച്ച്...
♦ കഥ വായിച്ചല്ലോ. നിങ്ങളെ ചിരിപ്പിച്ച സന്ദർഭങ്ങൾ ഏതെല്ലാമായിരുന്നു? പറയൂ.
• ഈർക്കിലിന്റെ തുമ്പിൽ തൂങ്ങുന്ന നീർനാഗത്തെയും വഹിച്ചുകൊണ്ട് അടുത്തുള്ള വീടുകളിൽ കയറിയിറങ്ങി വീരനാണെന്നു ഭാവിക്കുന്ന കഥാനായകൻ.
• ഉച്ചനമസ്കാരത്തിനു വന്ന ബാപ്പ നിസ്കാരപ്പായ വിരിച്ചു. കാലു കഴുകി അതിൽ കയറി നീണ്ടുനിവർന്നുനിന്നു. അല്ലാഹു അക്ബർ എന്ന് കൈകൾ രണ്ടുമുയർത്തി നെഞ്ചത്ത് കെട്ടാൻ പോകുമ്പോൾ, ദാ കിടക്കുന്നു നേരെ കൺമുന്നിൽ ഒരു നീർനാഗം.
• നീർക്കോലിയെ കൊണ്ടുപോയി നീ മൊല കൊടുത്തു വളർത്തിക്കോ എന്ന് ബാപ്പ പറയുന്ന സന്ദർഭം.
• തമിഴനായ പാമ്പുകളിക്കാരൻ നീർക്കോലികളെ പിടിച്ചു കൊണ്ടുവന്ന് നീർനാഗം എന്നുപറഞ്ഞ് പ്രദർശിപ്പിക്കുന്നത്.
♦ കുസൃതിപ്പതിപ്പ്
♦ കുസൃതിത്തരങ്ങൾ നിറഞ്ഞതാണ് ബാല്യകാലം. നീർനാഗത്തെ പിടിച്ച ബഷീറിന്റെ അനുഭവം നമ്മൾ വായിച്ചു. ഇതുപോലുള്ള പല കുസൃതികളും വിക്യതികളും ചെയ്തവരല്ലേ നിങ്ങളും? അവയിൽ ചിലത് ഇപ്പോൾ ഓർമ്മ വരുന്നില്ലേ? നിങ്ങളുടെ കുസൃതികൾ കൂട്ടുകാരുമായി പങ്കുവയ്ക്ക. ഇതൊരു കുറിപ്പായി എഴുതുകയും വേണം.
കുറിപ്പിന് ഇണങ്ങുന്ന പേരു നൽകാൻ മറക്കരുത്.
എല്ലാവരും എഴുതിയ അനുഭവക്കുറിപ്പുകൾ ചേർത്ത് ഒരു കുസൃതിപ്പതിപ്പ് തയ്യാറാക്കണം.
ചിത്രങ്ങളും ചേർത്ത് ഭംഗിയാക്കാം.
ഈ പതിപ്പിനും വേണം ഒരു രസികൻ പേര്.
കുട്ടിക്കാലത്തെ ഒരു കുസ്യതിയനുഭവം എഴുതിത്തരാൻ ടീച്ചറോടും പറയണം.
ഇതാ ഒരു മാതൃക: 
ഞങ്ങള്‍ സ്കൂളിൽ പോകുന്നതും വരുന്നതും, പാടത്തിനു നടുവിൽ കൂടെ ആണ്. ഒരു കിലോമീറ്റർ ദൂരം പാടം ആണ്. മഴയത്ത് വെള്ളം തെറിപ്പിച്ചും, കാറ്റത്ത് കുട പറപ്പിച്ചും, ഒഴുകി മറിയുന്ന തോട്ടിൽ കടലാസ് തോണി ഇട്ട് ഒഴുക്കിനൊപ്പം വരമ്പത്തുകൂടെ ഓടിയുമാണ് യാത്ര. ആരുടെ തോണി ആണ് ആദ്യം എത്തുക എന്നു നോക്കാനായി തോട്ടുവരമ്പത്ത് കൂടെ എല്ലാം മറന്നു ഒരു ഓട്ടമാണ്. തോടിനു നടുവിൽ റോഡ് കടന്ന് പോകുന്ന പാലം എത്തുമ്പോൾ തോണി എല്ലാം ഒന്നിച്ചു അപ്പുറം ഒരു വീഴ്ച ആണ്, അതോടെ ഓട്ടം നില്കും. പിന്നെ ചെളി തെറിപ്പിച്ചു കുത്തിമറിഞ്ഞു ആകെ നനഞ്ഞും, ചെളിയും പുരണ്ടു വീട്ടില്ലെത്തുമ്പോൾ ചിലപ്പോൾ തല്ലും കിട്ടും. 

♦ കഥാപാത്രപരിചയം
♦ കഥയിലെ ഒരു പ്രധാന കഥാപാത്രമാണ് ബഷീറിന്റെ ബാപ്പ. അദ്ദേഹത്തിന്റെ സ്വഭാവത്തിന് എന്തെല്ലാം പ്രത്യേകതകളുണ്ട്? അവയെല്ലാം ഉൾപ്പെടുത്തി ബഷീറിന്റെ ബാപ്പയെ പരിചയപ്പെടുത്തുന്ന ഒരു കുറിപ്പ് എഴുതൂ.
നീർനാഗം എന്ന കഥയിലെ പ്രധാന കഥാപാത്രമാണ് ബഷീറിന്റെ ബാപ്പ. നർമ്മബോധം, കൃത്യനിഷ്ഠ, സഹജീവിസ്നേഹം, ദൈവ വിശ്വാസം, തെറ്റു കണ്ടാൽ കർശന നിലപാടെടുക്കുന്ന പ്രകൃതം ഇങ്ങനെ ഒട്ടേറെ സ്വഭാവസവിശേഷതകൾ ഇദ്ദേഹത്തിൽ ഒത്തുചേർന്നിരിക്കുന്നു.
ഉച്ചനമസ്കാരത്തിന് വീട്ടിൽ വന്ന ബാപ്പ, ബഷീർ പിടിച്ചുകൊണ്ടുവന്ന് വിരിയുടെ ഇടയിൽ തൂക്കിയിട്ട നീർക്കോലിക്കുഞ്ഞ് നിലത്തുകിടന്ന് പുളയുന്നത് കാണുന്നു. അദ്ദേഹം നിസ്കാരം പൂർത്തിയാക്കിയ ശേഷം ഈ കുരുത്തക്കേട് കാണിച്ച ബഷീറിനെ വിളിച്ചുവരുത്തി. മേലിൽ ഇത് ആവർത്തിക്കാതിരിക്കാൻ ചൂരൽവടികൊണ്ട് തുടയിൽ മൂന്ന് അടിയും കൊടുത്തു. 'അല്ലാഹുവിന്റെ സൃഷ്ടികളിൽ ഒന്നിനേയും കാരണം കൂടാതെ ദ്രോഹിക്കരുത്' എന്ന താക്കിതു നൽകി നീർക്കോലിയെ പിടിച്ചിടത്ത് കൊണ്ടുവിടാൻ പറയുകയും ചെയ്യുന്നു. മകൻ ചെയ്തത് തെറ്റാണെന്ന് അറിഞ്ഞ് അത് തിരുത്തുകയാണ് ബാപ്പ. മാത്രമല്ല അദ്ദേഹത്തിന് സഹജീവികളോടുള്ള സ്നേഹവും ഇവിടെ പ്രകടമാണ്. നീർക്കോലിയെ കണ്ടപ്പോൾ അത് ചെയ്തതാരാണെന്ന് ഉമ്മയോട് അന്വേഷിക്കുകയാണ് ബാപ്പ ആദ്യം ചെയ്തത്. അവർ തമ്മിലുള്ള സംഭാഷണത്തിൽ ബാപ്പയുടെ നർമ്മ ബോധം പ്രകടമാണ്. കർക്കശക്കാരനും അതോടൊപ്പം സ്നേഹമുള്ളവനുമായ ഒരു പിതാവിനെയും ഇവിടെ കാണാം. നീർക്കോലിയെ കണ്ട് അത് എന്താണെന്ന് ചോദിച്ചപ്പോൾ നീർനാഗം എന്ന ബഷീറിന്റെ മറുപടികേട്ട് ബാപ്പ് ചിരിക്കുന്നതും കഥയിലുണ്ട്. ഇങ്ങനെ കഥയിലുടനീളം നിറഞ്ഞുനിൽക്കുന്ന കഥാ പാത്രമാണ് ബഷീറിന്റെ ബാപ്പ.
♦ മ്മ്ണി ബല്യ ലോകം
♦ ബഷീറിന്റെ പുസ്തകങ്ങൾ ക്ലാസ് ലൈബ്രറിയിൽനിന്നും അടുത്തുള്ള വായനശാലയിൽ നിന്നും എടുത്തു വായിക്കു. അവയിലെ രസകരമായ സംഭവങ്ങളെയും ആനവാരി രാമൻ നായർ, പൊൻകുരിശ് തോമ, എട്ടുകാലി മമ്മൂഞ്ഞ് തുടങ്ങിയ കഥാപാത്രങ്ങളെയും പരിചയപ്പെടാം. അദ്ദേഹത്തിന്റെ രസകരമായ കഥകൾ വായിച്ച് വായനക്കുറിപ്പ് തയ്യാറാക്കൂ.

ആനവാരിയും പൊൻകുരിശും
• ആനവാരി രാമൻനായരും പൊൻകുരിശു തോമായും കള്ളന്മാരാണ്. ‘സ്ഥലം' എന്ന് വിശേഷിപ്പിക്കപ്പെടുന്ന സാങ്കല്പിക ഗ്രാമത്തിലാണ് കഥ അരങ്ങേറുന്നത്.
രാമൻനായരും തോമായും സാധാരണക്കാരായിരുന്നു. അവരുടെ ചില പ്രവൃത്തികളാണ് ആനവാരി, പൊൻകുരിശ് എന്നീ വിശേഷണങ്ങൾ അവർക്ക് നേടിക്കൊടുത്തത്. ദേഷ്യക്കാരനും സ്ത്രീവിദ്വേഷിയുമൊക്കെയാണ് എന്ന് പൊതുവെ അറിയപ്പെടുന്ന രാമൻനായർ പക്ഷേ ആരോടും അധികം ദേഷ്യപ്പെടാറില്ല. അയാളുടെ പ്രാമാണിത്തത്തെ ചോദ്യം ചെയ്യുന്നത് പൊൻകുരിശുതോമ മാത്രമാണ്. രാത്രിയുടെ മറവിൽ ചാണകം കട്ടുകൊണ്ടുപോകാനിറങ്ങിയ രാമൻ നായരും കൂട്ടരും ചാണകമെന്നുകരുതി ഇരുട്ടിൽ തൂമ്പകൊണ്ട് വാരിയെടുക്കാൻ ശ്രമിച്ചത് പാറുക്കുട്ടി എന്ന ആനയെയാണ്. വേദനയെടുത്ത ആന അമറിയപ്പോൾ എല്ലാവരും ഭയന്ന് ഓടി രക്ഷപ്പെട്ടു. അങ്ങനെയാണ് രാമൻ നായർക്ക് 'ആന വാരി' എന്ന പേരുവീണത്.
പള്ളിയിലെ പൊൻകുരിശ് എങ്ങനെയും കട്ടെടുക്കണം എന്ന് ആലോചിച്ച് ഉറക്കമില്ലാതെ നടന്ന തോമായെ മറ്റൊരു കുറ്റത്തിന് പോലീസുകാർ പിടിച്ച് ജയിലിലടയ്ക്കുന്നു. രാത്രിയിലെ പാറാവുകാരനായ പളുങ്കൻ കൊച്ചുകുഞ്ഞിനെ മോഷണമുതലിലൊരു ഭാഗം നൽകാം എന്നു മോഹിപ്പിച്ച് തോമാ ജയിലിൽ നിന്നും പുറത്തുകടക്കുന്നു. പ്രാരാബ്ധക്കാരനായ കൊച്ചുകുഞ്ഞ് തോമായെ തുറന്നുവിട്ട് ഭയന്നിരിപ്പായി. തോമാ പള്ളിയിലെ പൊൻകുരിശ് മോഷ്ടിച്ചതിന്റെ ഒരു ഭാഗം കൊച്ചുകുഞ്ഞിന് നൽകി തിരികെ ജയിലിൽ കയറുന്നു. പള്ളി കുരിശ് മോഷണം പോയതറിഞ്ഞ് പോലീസുകാർ നാട്ടിലെ കള്ളന്മാരെയെല്ലാം ചോദ്യം ചെയ്തു. ആനവാരിയേയും എട്ടുകാലി മമ്മൂഞ്ഞിനേയുമൊക്കെ ഇൻസ്പെക്ടർ ദ്രോഹിക്കാനൊരുങ്ങുന്നതുകണ്ട് തോമാ സത്യം തുറന്നുപറയുന്നു; താനാണ് പള്ളിക്കുരിശ് മോഷ്ടിച്ചതെന്ന്. മരക്കുരിശിൽ കിടന്ന കർത്താവിന് പൊൻകുരിശ് ആവശ്യമില്ലല്ലോ എന്നു കരുതിയാണ് താൻ മോഷ്ടിച്ചതെന്നായിരുന്നു തോമായുടെ മറുപടി ഇങ്ങനെ തോമായ്ക്ക് പൊൻകുരിശുതോമാ എന്ന പേര് നാട്ടുകാർ ചാർത്തിക്കൊടുത്തു.

എട്ടുകാലി മമ്മൂഞ്ഞ്
പ്രസിദ്ധ കള്ളന്മാരായ ആനവാരി രാമന്‍നായര്‍, പൊന്‍കുരിശുതോമാ എന്നിവരുടെ ഒരനുഭാവിയായിരുന്നു എട്ടുകാലി മമ്മൂഞ്ഞ്. എന്നിരുന്നാലും അവരുടെ ഇടയില്‍ വലിയ സീറെറാന്നും ഉണ്ടായിരുന്നില്ല മൂപ്പര്‍ക്ക്. കുറെക്കാലം മുമ്പ് സാമാന്യം ഭേദപ്പെട്ട ഒരു എട്ടുകാലിയായിരുന്നുവെന്നേ മമ്മൂഞ്ഞിനെ കണ്ടാല്‍ തോന്നു. തല വളരെ ചെറുതും പൊക്കം വളരെ കുറവുമാണ് മൂപ്പര്‍ക്ക്. ആകെക്കൂടി മമ്മൂഞ്ഞിന് അഭിമാനിക്കുവാനുള്ളത് മീശയാണ്. അത് രണ്ടു വശത്തും ഓരോ മുഴം നീളത്തില്‍ മൂപ്പരങ്ങനെ വളര്‍ത്തിവിട്ടിരിക്കയാണ്. വഴിയെ പോകുമ്പോള്‍ സ്ത്രീകളുടെ ദേഹത്ത് എട്ടുകാലി മമ്മൂഞ്ഞ് മീശ മുട്ടിക്കുമെന്നൊരു പരാതിയുമുണ്ട്. നാട്ടില്‍ എന്ത് നടന്നാലും അതിന്റെ ക്രെഡിറ്റ്‌ മമ്മൂഞ്ഞ് കരസ്ഥമാക്കും. മണ്ടന്‍ മൂത്തപായുടെ ചായക്കട അടിച്ചുവാരുക, പാത്രങ്ങള്‍ കഴുകുക, വിറക് കീറിക്കൊടുക്കുക, സ്ഥലത്തെ രണ്ടു പോലീസുകാരുടെ ബല്‍ട്ട് പോളീഷ് ചെയ്യുക, അവരുടെ തൊപ്പിയിലുള്ള നമ്പര്‍ പൊടിമണ്ണിട്ടു തൂത്തു പൊന്നുപോലാക്കുക, പോലീസ് ലോക്കപ്പ് അടിച്ച് വാരുക... ഇതൊക്കെയാണു മമ്മൂഞ്ഞിന്റെ പ്രധാന ജോലികൾ. ഇടക്ക് ആനവാരിരാമൻ നായരും‌  പൊൻ കുരിശ് തോമായുടെയും കൂടെ കൂടി ഒപ്പിക്കുന്ന തരികിടകളും. ബഷീറിന്‍റെ മമ്മൂഞ്ഞിന് ഒരു കാര്യത്തിലാണു കമ്പം. ഗര്‍ഭത്തില്‍. നാട്ടില്‍ ആര്‍ക്ക് എപ്പോള്‍ ഗര്‍ഭം സംഭവിച്ചാലും അതിന്‍റെ ഉടമസ്ഥാവകാശം മമ്മൂഞ്ഞ് ഏറ്റെടുക്കും. പാറുക്കുട്ടി ഗര്‍ഭിണി ആണെന്ന് ആരോ പറയുന്നത് കേട്ടു. ഉടനെ ചാടിക്കേറി മമ്മൂഞ്ഞ് കാച്ചി...  " "അത് ഞമ്മളാണ്". പാറുക്കുട്ടി എന്നത് മനക്കലെ ആന ആയിരുന്നു. ഒറ്റക്കണ്ണൻ പോക്കരും മണ്ടൻ മൂത്താപ്പയും മൂപ്പരെ പിരികേറ്റും.. മമ്മൂഞ്ഞ് അതേറ്റെടുത്ത്‌ ഞെളിഞ്ഞിരിക്കും. എട്ട് കാലി മമ്മുഞ്ഞിനെ കോട്ടുമമ്മൂഞ്ഞ് എന്നും കോട്ടുസാഹിബ് എന്നും വിളിപ്പേരുണ്ട്..
ബഷീറിന്റെ കൃതികൾ
• പ്രേമലേഖനം (നോവൽ) (1942)
• സർപ്പയജ്ഞം (നോവൽ) (1943)
• ബാല്യകാലസഖി (നോവൽ) (1944)
• ന്റുപ്പൂപ്പാക്കൊരാനേണ്ടാർന്ന് (1951)
• ആനവാരിയും പൊൻകുരിശും (നോവൽ) (1951)
• പാത്തുമ്മായുടെ ആട് (നോവൽ) (1959)
• മതിലുകൾ (നോവൽ; 1989-ൽ അടൂർ ഗോപാലകൃഷ്ണൻ മതിലുകൾ എന്നപേരിൽ സിനിമയാക്കി) (1965)
• ഭൂമിയുടെ അവകാശികൾ (ചെറുകഥകൾ) (1977)
• ശബ്ദങ്ങൾ (നോവൽ) (1947)
• അനുരാഗത്തിന്റെ ദിനങ്ങൾ (ഡയറി; “കാമുകൻ്റെ ഡയറി” എന്ന കൃതി പേരുമാറ്റിയത്) (1983)
• സ്ഥലത്തെ പ്രധാന ദിവ്യൻ (നോവൽ) (1953)
• വിശ്വവിഖ്യാതമായ മൂക്ക് (ചെറുകഥകൾ) (1954)
• ഭാർഗ്ഗവീനിലയം (1985) (സിനിമയുടെ തിരക്കഥ; “നീലവെളിച്ചം” (1964) എന്ന ചെറുകഥയിൽനിന്ന്)
• കഥാബീജം (നാടകത്തിന്റെ തിരക്കഥ) (1945)
• ജന്മദിനം (ചെറുകഥകൾ) (1945)
• ഓർമ്മക്കുറിപ്പ് (ചെറുകഥകൾ) (1946)
• അനർഘനിമിഷം (ലേഖനങ്ങൾ) (1945)
• വിഡ്ഢികളുടെ സ്വർഗ്ഗം (ചെറുകഥകൾ) (1948)
• മരണത്തിൻറെ നിഴൽ (നോവൽ) (1951)
• മുച്ചീട്ടുകളിക്കാരൻറെ മകൾ (നോവൽ) (1951)
• പാവപ്പെട്ടവരുടെ വേശ്യ (ചെറുകഥകൾ) (1952)
• ജീവിതനിഴൽപാടുകൾ (നോവൽ) (1954)
• വിശപ്പ് (ചെറുഥകൾ) (1954)
• ഒരു ഭഗവദ്ഗീതയും കുറെ മുലകളും (ചെറുകഥകൾ) (1967)
• താരാ സ്പെഷ്യൽ‌സ് (നോവൽ) (1968)
• മാന്ത്രികപ്പൂച്ച (നോവൽ) (1968)
• നേരും നുണയും (1969)
• ഓർമ്മയുടെ അറകൾ (ഓർമ്മക്കുറിപ്പുകൾ) (1973)
• ആനപ്പൂട (ചെറുകഥകൾ) (1975)
• ചിരിക്കുന്ന മരപ്പാവ (ചെറുകഥകൾ) (1975)
• എം.പി. പോൾ (ഓർമ്മക്കുറിപ്പുകൾ) (1991)
• ശിങ്കിടിമുങ്കൻ (ചെറുകഥകൾ) (1991)
• കഥാബീജം (നാടകം)
• ചെവിയോർക്കുക! അന്തിമകാഹളം! (പ്രഭാഷണം; 1987 ജനുവരിയിൽ കാലിക്കറ്റ് സർവ്വകലാശാല ഡി. ലിറ്റ്. ബിരുദംനൽകിയപ്പോൾനടത്തിയ പ്രഭാഷണം) (1992)
• യാ ഇലാഹി! (ചെറുകഥകൾ; മരണശേഷം പ്രസിദ്ധീകരിച്ചത്) (1997)
• സർപ്പയജ്ഞം (ബാലസാഹിത്യം)
• ബഷീറിന്റെ തിരഞ്ഞെടുത്ത കത്തുകൾ മരണാനന്തരം പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.

👉മലയാളം മറ്റ് യൂണിറ്റുകളുടെ ചോദ്യോത്തരങ്ങൾക്കായി ഇവിടെ ക്ലിക്കുക 

TEACHING APTITUDE TEST (K-TET, C-TET, etc.) ---> Click here