Kerala Syllabus Class 7 അടിസ്ഥാന പാഠാവലി Chapter 03 - വിത്തെന്ന മഹാത്ഭുതം - ചോദ്യോത്തരങ്ങൾ
Study Notes for Class 7 അടിസ്ഥാന പാഠാവലി (കതിർചൂടും നാടിൻ പെരുമകൾ) വിത്തെന്ന മഹാത്ഭുതം | Class 7 Malayalam - Adisthana Padavali Questions and Answers - Chapter 03 Vithenna mahathbhutham - വിത്തെന്ന മഹാത്ഭുതം - ചോദ്യോത്തരങ്ങൾ.
ഈ അധ്യായത്തിന്റെ Teachers Handbook, Teaching Manual എന്നിവ ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് ചോദ്യോത്തരങ്ങളുടെ അവസാനം നൽകിയിട്ടുണ്ട്.
ഈ ബ്ലോഗ് ഉടമയുടെ രേഖാമൂലമുള്ള അനുമതിയില്ലാതെ ഈ ബ്ലോഗിൽ നൽകിയിരിക്കുന്ന ചോദ്യോത്തരങ്ങൾ, ഇതേരീതിയിലോ പി.ഡി.എഫ് രൂപത്തിലോ, മറ്റേതെങ്കിലും ഡിജിറ്റലോ, പ്രിന്റഡ് ഉൾപ്പെടെയുള്ള ഏതെങ്കിലും രൂപങ്ങളിലേക്കോ മാറ്റി മറ്റൊരു വെബ്സൈറ്റിലോ, ബ്ലോഗിലോ, യുട്യൂബ്, സോഷ്യൽ മീഡിയാ ഗ്രൂപ്പുകളിലോ ഉൾപ്പെടെ ഒരിടത്തും പ്രചരിപ്പിക്കാൻ പാടില്ലാത്തതാകുന്നു.
ചെറുവയൽ രാമൻ
പൈതൃക നെല്‍വിത്ത് സംരക്ഷകനായ ചെറുവയൽ രാമനെ വയനാട്ടുകാര്‍ക്കെന്ന പോലെ മറുന്നാട്ടിലുളളവര്‍ക്കും അറിയും. 1952 ജൂൺ ആറിന് ജനിച്ചു. കമ്മന നവോദയ എൽ പി സ്‌കൂളിൽ അഞ്ചാം ക്ലാസ് വരെ പഠിച്ചു. പിന്നീട് സ്‌കൂൾ പഠനം തുടരാൻ കഴിഞ്ഞില്ല. ചെറുപ്പത്തിലേ തന്നെ കാർഷികവൃത്തിയിൽ ആകൃഷ്ടനാവുകയും മുഴുവൻ സമയ കർഷകനാവുകയും ചെയ്യുന്നു. 1969-ൽ എംപ്ലോയ്‌മെന്റ് എക്‌ചേഞ്ച് മുഖേന കണ്ണൂർ ഡി.എം.ഒ. ഓഫീസിൽ വാർഡനായി 150 രൂപ ശമ്പളത്തിൽ ജോലി കിട്ടിയെങ്കിലും കൃഷിഭൂമി ഉപേക്ഷിച്ചുപോകാൻ ഇഷ്ടമില്ലാത്തതിനാൽ സർക്കാർ ജോലി വേണ്ടെന്നുവച്ചു. തുടർന്നിങ്ങോട്ട് കർഷകനായും പരിസ്ഥിതി പ്രവർത്തകനായും പാരമ്പര്യ നെൽവിത്തുകളുടെ സംരക്ഷകനായും ജീവിക്കുന്നു.
2011- ൽ ഹൈദരാബാദിൽ വച്ചു നടന്ന ജൈവവൈവിധ്യ സംരക്ഷണത്തിനായുള്ള പതിനൊന്ന് രാജ്യങ്ങളുടെ സമ്മേളനത്തിൽ കേരളത്തിലെ കർഷകരെ പ്രതിനിധീകരിച്ചത് ചെറുവയൽ രാമനാണ്. 2018 – ൽ ബ്രസീലിൽ വച്ചുനടന്ന അന്താരാഷ്ട്ര സിമ്പോസിയത്തിലും പങ്കെടുത്തു. 2016 – ലെ കേന്ദ്ര ഗവണ്മെന്റിന്റെ ജനിതക സംരക്ഷണ പുരസ്‌കാരം, 2016 -ലെ ദേശീയ പ്ലാന്റ് ജീനോം സേവിയർ അവാർഡ്, 2017 -ലെ സാമൂതിരി ഗുരുവായൂരപ്പൻ കോളജ് പൂർവവിദ്യാർഥിയായ അഭിലാഷിന്റെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ പുരസ്‌കാരം,2022 -ൽ പി കെ കാളൻ അവാർഡ്, രൈക്വ -ഋഷി പുരസ്‌കാരം എന്നിവയും ചെറുവയല്‍ രാമേട്ടനെ തേടിയെത്തി.
വിത്തെന്ന മഹാത്ഭുതം
ചെറുവയല്‍ രാമന്റെ ആത്മകഥയില്‍ നിന്നും അടര്‍ത്തിയെടുത്ത ഭാഗങ്ങളാണ് ഇത്തവണ പുതുക്കിയിറങ്ങിയ പാഠപുസ്തകത്തിലും ഉള്‍പ്പെടുത്തിയത്. വയനാട്ടില്‍ നിന്നും അന്യം നിന്നുപോയ നൂറില്‍പ്പരം പാരമ്പര്യ നെല്‍വിത്തുകളില്‍ നിന്നും 32 ഇനത്തെ വരും തലമുറയ്ക്കായി സംരക്ഷിക്കുന്ന രാമന്റെ ജീവിതത്തെയും കുട്ടികള്‍ക്ക് ഇതിലൂടെ തൊട്ടറിയാം.
വിത്തുശേഖരണത്തിന്റെ സൂഷ്മതകള്‍, മുളപൊട്ടുന്ന അത്ഭുതങ്ങള്‍, വിത്തിന്റെ മൂപ്പുകള്‍ എന്നിവയെക്കുറിച്ചെല്ലാം രാമന്‍ പാഠാവലിയിലൂടെ കുട്ടികളോട് പറയുന്നു. കൃഷി അന്യമാകുന്ന കാലത്തില്‍ ഇവയെ തിരിച്ചുപിടിക്കാന്‍ പുതിയ തലമുറയില്‍ വിത്തുപാവുകയാണ് ഈ പാഠാവലിയും. കുട്ടികള്‍ പഠിക്കട്ടെ നന്മയുള്ള പുസ്തകങ്ങള്‍. അടിമുടി മാറിയ പുതിയ പാഠപുസ്തകങ്ങളിലെ താളുകള്‍ മറിച്ചു നോക്കി ചെറുവയലിലെ പുല്ലുമേഞ്ഞ വീടിന്റെ ഇറയത്തിരുന്ന് ചെറുവയല്‍രാമന്‍ പറയുന്നു.
വയലില്‍ ചേറിലിറങ്ങി പണിയെടുക്കാന്‍ മനസ്സില്ലാത്ത കാലം വരുമ്പോള്‍ പട്ടിണിയും വരും. വിശക്കുമ്പോള്‍ അന്നം വേണമെങ്കില്‍ എല്ലാം കാലം തിരുത്തണം. കുട്ടികളിലാണ് പുതിയ പ്രതീക്ഷകള്‍. അവര്‍ വളരട്ടെ മണ്ണിന്റെ മണമറിഞ്ഞും. ഇതാണ് പാഠപുസ്തകത്തിലും ഇടം തേടിയ രാമന് കുട്ടികളോടായും പറയാനുള്ളത്. ഒരോ അധ്യയന വര്‍ഷത്തിലും ചെറുവയല്‍ രാമന്റെ പാടത്ത് കൃഷി തുടങ്ങുമ്പോള്‍ പലസ്ഥലങ്ങളില്‍ നിന്നും കുട്ടികളും എത്താറുണ്ട്. ഞാറ്റുപാട്ടിന്റെ അകമ്പടിയില്‍ രാമനൊപ്പം ഞാറ് നട്ടും കണ്ടം ചേറാക്കിയും ഒരു കൃഷിക്കാലത്തെയും സമൃദ്ധമാക്കിയാണ് കുട്ടികളുടെയും മടക്കം.
പദപരിചയം
• മൂപ്പ് - വിളവ്
• പഴമൊഴി - വളരെ പഴക്കമുള്ള ചൊല്ല്
• നാളികേരം - തേങ്ങ
• കച്ചി - വയ്ക്കോൽ
• കൊമ്മ - ചെറിയ സഞ്ചി
• അഭാവം - ഇല്ലായ്മ
• ഉത്തമം - ശ്രേഷ്‌ഠം
വായിക്കാം, അറിയാം
♦ പാഠഭാഗം വ്യക്തിഗതമായി വായിച്ച് പ്രധാനാശയങ്ങൾ അവതരിപ്പിക്കു. എഴുതു.
താഴെക്കൊടുത്തിരിക്കുന്ന സൂചനകളും പരിഗണിക്കാം.
• വിത്തുശേഖരത്തിന്റെ കാര്യത്തിൽ എന്തെല്ലാം ശ്രദ്ധിക്കണം?
• വിത്തിനായി ധാന്യമണികൾ എടുക്കുന്ന രീതികൾ എന്തെല്ലാം?
• ശേഖരിച്ച വിത്തുകൾ ഉണക്കുന്ന ചിട്ടകൾ എന്തെല്ലാം?
• "ഞാറുനടുന്നതിൽ ഒരു കണക്കും ക്രമവും ഉണ്ടാക്കുന്നതിൽ വിദ്യാഭ്യാസം വലിയ പങ്കുവഹിച്ചിട്ടുണ്ട്" - എങ്ങനെയെല്ലാം?
• കർഷകർ തമ്മിലുള്ള ആശയവിനിമയങ്ങളിലൂടെ കൈമാറുന്ന അറിവുകൾ എന്തെല്ലാം?
എൺപതുശതമാനം മൂപ്പെത്തുമ്പോഴാണ് വിളവെടുക്കേണ്ടത്. കൂടുതൽ മൂത്താൽ വിത്തിന്റെ ഗുണം കുറയും. 'അധികം വിളഞ്ഞാൽ വിത്തിന് കൊള്ളില്ല' എന്ന പഴഞ്ചൊല്ല് ചെറുവയൽ രാമൻ പറയുന്നുണ്ട്. വിത്തു മൂക്കുന്ന സമയമാകുമ്പോൾ വയലിൽപോയി ആരോഗ്യമുള്ള നെന്മണികൾ ഏതു ഭാഗത്താണ് വിളഞ്ഞിരിക്കുന്നതെന്നു നോക്കും. അതാണ് വിത്തിനായി തിരഞ്ഞെടുക്കുക. അത് കൊകൊണ്ടുവന്ന് കൊഴിച്ചെടുക്കും. പതിനാലു ദിവസം വെയിലത്തും മഞ്ഞത്തുമിട്ട് നന്നായി കാറ്റും വെയിലും കൊള്ളിച്ച് ഉണക്കിയെടുക്കുന്നു. അങ്ങനെ ഉണക്കിയെടുത്ത് സൂക്ഷിക്കുന്നതാണ് നല്ല വിത്തുകളായി മാറുന്നത്. വിത്തിനായി ധാന്യമണികൾ എടുക്കുന്ന രീതിക്കും പ്രാധാന്യമുണ്ട്. നെൽക്കതിരിന്റെ രണ്ടറ്റവും ഉപേക്ഷിച്ചശേഷം നടുക്കുള്ള മണികൾ എടുക്കണം. പയറിന്റെ വിത്താണെങ്കിൽ പയറിന്റെ അങ്ങേയറ്റവും ഇങ്ങേയറ്റവും ഒഴിവാക്കി നടുക്കുള്ള മണികൾ മാത്രം എടുക്കും. അതുപോലെ ആദ്യം കായ്ക്കുന്നത് വിത്തിനായി എടുക്കരുത്. അവസാനം കായ്ക്കുന്നതും എടുക്കരുത്. ശേഖരിച്ച വിത്തുകൾ ഉണക്കുന്ന രീതിയിലും ചില ചിട്ടകളുണ്ട്. നെല്ലാണെങ്കിൽ മഞ്ഞും വെയിലും കൊള്ളിക്കും. ഇഞ്ചിയാണെങ്കിൽ പുകയത്തുവച്ച് ഉണക്കും. ഇങ്ങനെ ഉണക്കിയെടുത്ത വിത്തുകൾ മുള / ഈറ്റ കൊണ്ടുണ്ടാക്കിയ കുട്ടയിൽ സൂക്ഷിക്കും. ഇപ്പോൾ ഹൈബ്രിഡ് വിത്തുകളാണ് ഉള്ളത്. ഇവ കീടനാശിനിയിൽ മുക്കി ഉണക്കിയാണ് സൂക്ഷിക്കുന്നത്.
കൃഷിയുമായി ബന്ധപ്പെട്ട് കണക്കും ക്രമവും ഉണ്ടാക്കുന്നതിൽ വിദ്യാഭ്യാസം വലിയ പങ്കുവഹിച്ചിട്ടുണ്ട് എന്നാണ് ചെറുവയൽ രാമൻ പറയുന്നത്. വിദ്യാഭ്യാസത്തിന്റെ അഭാവംമൂലം പണ്ട് കണക്കുകൾ കൃത്യമായിരുന്നില്ല. പിന്നീട് കർഷകൻ വിദ്യാഭ്യാസം നേടുകയും കണക്കുകൂട്ടാൻ പഠിക്കുകയും ചെയ്തതോടെ കൃഷിക്ക് പ്രകൃതിയുടെ സഞ്ചാരത്തിനനുസരിച്ചുള്ള ശാസ്ത്രീയമായ അടിത്തറ കൊണ്ടുവരാൻ സാധിച്ചു. കർഷകരുടെ അന്വേഷണങ്ങളും നിരീക്ഷണങ്ങളുമാണ് ക്രമം വികസിപ്പിക്കുന്നതിലേക്ക് നയിച്ചത്. കർഷകർ തമ്മിലുള്ള ആശയ വിനിമയങ്ങളിലൂടെയാണ് വിത്തു പാകുന്നതിനെക്കുറിച്ചും പറിച്ചുനടുന്നതിനെക്കുറിച്ചുമെല്ലാം കർഷകർക്ക് കൃത്യമായ അറിവുണ്ടായത്. വിത്തുപാകി മുളച്ചുവരുമ്പോൾ മൂപ്പനുസരിച്ച് പറിച്ചുനടും. ആറുമാസം മൂപ്പുള്ള വിത്താണെങ്കിൽ നാൽപത്തിരണ്ട് ദിവസത്തിനുള്ളിൽ ഞാറ് പറിച്ചുനടണം. ഇങ്ങനെ ഒരു കണക്കും ക്രമവും ഒക്കെ കൃത്യമായി ഉണ്ടായത് കർഷകർക്ക് വിദ്യാഭ്യാസം ലഭിച്ചതോടെയാണ്. കർഷകർ തമ്മിലുള്ള ആശയവിനിമയം നഷ്ടപ്പെടുന്നതാണ് ഇന്ന് കൃഷി നേരിടുന്ന വലിയ വെല്ലുവിളിയെന്ന് ചെറുവയൽ രാമൻ ഓർമിപ്പിക്കുന്നു.
വിശകലനക്കുറിപ്പ് തയ്യാറാക്കാം
♦ "കർഷകരുടെ നീണ്ടകാലത്തെ പരിശ്രമങ്ങളും അനുഭവങ്ങളും ശാസ്ത്രീയ പഠനങ്ങളുമാണ് നമ്മുടെ നാടിന്റെ വിശപ്പകറ്റാൻ സഹായകമാകുന്നത്. പാഠഭാഗത്തുനിന്ന് കൂടുതൽ സന്ദർഭങ്ങൾ കണ്ടെത്തി ഈ പ്രസ്താവന വിശകലനം ചെയ്ത് കുറിപ്പ് തയ്യാറാക്കുക.
കർഷകരുടെ അധ്വാനമാണ് സമൂഹത്തിന്റെ ആഹാരമായി മാറുന്നത്. ചെറുവയൽ രാമന്റെ 'വിത്തെന്ന മഹാദ്ഭുതം' എന്ന ആത്മകഥാഭാഗത്ത് വിത്തിന്റെ പ്രാധാന്യമാണ് എടുത്തുകാണിക്കുന്നത്. നല്ല വിത്തുകൾ മികച്ച വിളവു നൽകും. പാരമ്പര്യരീതിയിൽ വിത്തുകൾ ശേഖരിച്ച് കൃഷി മുന്നോട്ടുകൊണ്ടു പോയ കർഷകർ പിന്നീട് ശാസ്ത്രീയരീതികൾ സ്വീകരിക്കാൻ തുടങ്ങി. വിദ്യാഭ്യാസം നേടിയപ്പോൾ കൃഷിയിൽ ഒരു ക്രമം ഉണ്ടാകുന്നു. ക്രമവും കണക്കും ഉണ്ടാകുന്നതിൽ വിദ്യാഭ്യാസം പ്രധാന പങ്കുവഹിച്ചു. വിദ്യാഭ്യാസമില്ലാതിരുന്ന കാലത്ത് കണക്കുകൾ കൃത്യമായിരുന്നില്ല. വിദ്യാഭ്യാസം നേടുകയും കണക്കുകൾ കൂട്ടാൻ പഠിക്കുകയും ചെയ്തപ്പോൾ കർഷകർ പുതിയ വഴികൾ കണ്ടെത്തി. അങ്ങനെ കൃഷിക്ക് പ്രകൃതിയുടെ സഞ്ചാരത്തിന് അനുസരിച്ചുള്ള ശാസ്ത്രീയ അടിത്തറ കൊണ്ടുവരാൻ കഴിഞ്ഞു. അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ രൂപപ്പെട്ടുവന്നതാണ് ഇതെല്ലാം. അന്വേഷണങ്ങളും നിരീക്ഷണങ്ങളും ഒരു ക്രമം ഉണ്ടാക്കാൻ സഹായിച്ചു. കർഷകർ തമ്മിലുള്ള ആശയവിനിമയം ഇതിന് കരുത്തുനൽകി. ഹരിതവിപ്ലവത്തിലൂടെ നാം മുന്നേറിയത് അങ്ങനെയാണ്. പാരമ്പര്യവും ശാസ്ത്രീയരീതികളും കൈകോർത്തുപിടിച്ചു മുന്നേറിയതുകൊണ്ടാണ് പട്ടിണി ഒരു പരിധിവരെ ഇല്ലാതാക്കാൻ നമുക്കു കഴിഞ്ഞത്. പഴയതു പലതും കൈവിടാതെ പുതിയ രീതികൾ ഉൾക്കൊള്ളണമെന്നാണ് ചെറുവയൽ രാമൻ ഓർമിപ്പിക്കുന്നത്.
പകരം പദങ്ങൾ
• വയൽ - കേദാരം, ക്ഷേത്രം, വപ്രം
• വെയിൽ - ആതപം, ദ്യോതം, പ്രകാശം
• മഴ - മാരി, വർഷം, വ്യഷ്ടി
വിഗ്രഹിച്ചെഴുതുക
• പരമ്പരാഗത വിത്തുകൾ - പരമ്പരാഗതമായ വിത്തുകൾ
• സ്വാഭാവിക പ്രതിരോധശേഷി - സ്വാഭാവികമായ പ്രതിരോധശേഷി
• മഹാദ്ഭുതം - മഹത്തായ അദ്ഭുതം
• പയറുവള്ളി - പയറിന്റെ വള്ളി
ചോദ്യാവലി തയ്യാറാക്കാം
♦ നാട്ടിലെ കൃഷിരീതികളെക്കുറിച്ച് അറിയാൻ കൃഷിക്കാരുമായി അഭിമുഖം നടത്താനുള്ള ചോദ്യാവലി തയ്യാറാക്കി അഭിമുഖം നടത്തുക. അഭിമുഖത്തിന്റെ റിപ്പോർട്ടും വീഡിയോയും തയ്യാറാക്കുക.
ചില മാതൃകാ ചോദ്യങ്ങൾ ചുവടെ
• അങ്ങയുടെ പേരെന്താണ്?
• എത്ര വർഷങ്ങളായി കൃഷി ചെയ്യുന്നു?
• പരമ്പരാഗതമായി കർഷക കുടുംബമാണോ അങ്ങയുടേത്?
• അങ്ങയുടെ കൃഷി രീതിയെക്കുറിച്ചും വളർത്തുന്ന വിളകളെക്കുറിച്ചോ പറയാമോ?
• ഏതൊക്കെ തരം വിളകള്‍ കൃഷിയിടത്തില്‍ പരീക്ഷിച്ചിട്ടുണ്ട് ?
• എത്ര കാലമായി കൃഷി ചെയ്യുന്നു, ആദ്യം ഈ തൊഴിലിലേക്ക് ആകർഷിച്ചത് എന്താണ്?
• ഏതൊക്കെ കൃഷി രീതികളാണ് ഉപയോഗിക്കുന്നത് ? എന്തുകൊണ്ടാണ് ഈ രീതികൾ തിരഞ്ഞെടുത്തത്?
• കൃഷിയിടത്തിലെ കീടങ്ങളെയും രോഗങ്ങളെയും എങ്ങനെ നിയന്ത്രിക്കാം?
• ജൈവ കൃഷി രീതി പിന്തുടരുന്ന സാഹചര്യത്തില്‍ എങ്ങനെയാണു വിളകക്കാവശ്യമായ കീടനിയന്ത്രണം, വളം എന്നിവ തിരഞ്ഞെടുക്കുന്നത്?
• സമ്മിശ്ര കൃഷി രീതി എത്തരത്തില്‍ വിജയകരമായി പ്രയോജനപ്പെടുത്താന്‍ കഴിയുന്നു?
• കൃഷിയിൽ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികൾ എന്തൊക്കെയാണ്?
• കാലാവസ്ഥയും കാലാവസ്ഥാ വ്യതിയാനവും കൃഷി രീതികളെ എങ്ങനെ ബാധിക്കുന്നു?
• ഒരു സ്ഥിരവരുമാനമാര്‍ഗ്ഗം എന്ന നിലയില്‍ കൃഷിയുടെ സാധ്യത എന്താണ് ?
• കാലാവസ്ഥ ജല ലഭ്യതക്കുറവ് എന്നിവയെ എങ്ങനെ മറികടക്കാന്‍ കഴിയും ?
പദച്ചേരുവകൾ കണ്ടെത്താം
• എണ്ണിത്തിട്ടപ്പെടുത്തി - എണ്ണി, തിട്ടപ്പെടുത്തി
• കൃത്യമായിരുന്നില്ല - കൃത്യം, ആയിരുന്നില്ല
• സമയമാകുമ്പോൾ - സമയം, ആകുമ്പോൾ
ചേർത്തെഴുതുമ്പോൾ ഈ പദങ്ങൾക്കുണ്ടാകുന്ന ഭാഷാപരമായ മാറ്റങ്ങൾ എന്തെല്ലാം? കണ്ടെത്തുക.
ചേർത്തെഴുതിയ മറ്റുപദങ്ങൾ പാഠഭാഗത്തുനിന്നു കണ്ടത്തി അവയുടെ മാറ്റങ്ങൾ വ്യക്തമാക്കുക.
ചേർത്തെഴുതുമ്പോൾ പദങ്ങൾക്ക് ഭാഷാപരമായ മാറ്റങ്ങൾ ഉണ്ടാകുന്നു. എണ്ണിത്തിട്ടപ്പെടുത്തി എന്നതിൽ - എണ്ണി, തിട്ടപ്പെടുത്തി എന്നീ വാക്കുകൾ കൂട്ടിച്ചേർക്കുമ്പോൾ 'ത' ഇരട്ടിക്കുന്നത് കാണാം.
'കൃത്യമായിരുന്നില്ല' എന്നതിൽ കൃത്യം, ആയിരുന്നില്ല എന്നീ പദങ്ങൾ ചേരുമ്പോൾ 'മ' കടന്നുവരുന്നു. '
സമയമാകുമ്പോൾ' എന്ന പദത്തിൽ സമയം, ആകുമ്പോൾ എന്നീ പദങ്ങൾ ചേരുന്നു. അവിടെയും 'മ' തെളിഞ്ഞുവരുന്നു.
• കാര്യത്തിൽ - കാര്യം, ഇൽ
• ഇനത്തിന്റെ - ഇനം, ന്റെ
• മേടമാസത്തിൽ - മേടമാസം, ഇൽ
അനുസ്വാരത്തിനുശേഷം വിഭക്തി പ്രത്യയം (ഇൽ, ന്റെ) വന്നതുകൊണ്ട് പദച്ചേരുവയിൽ ഇരട്ടിച്ച 'ത' കാരം (ത്ത)വന്നു.
| മരം, പദം ഈ പദങ്ങളിൽ അടിവരയിട്ടിരിക്കുന്നതാണ് അനുസ്വാരം. ഇത് മകാരം തന്നെയാണ്. അതിനോട് ഏതെങ്കിലും സ്വരാക്ഷരം ചേർത്തുപറയുമ്പോൾ അനുസ്വാരം മകാരമായി തെളിഞ്ഞുവരും. മരം + അല്ല - മരമല്ല. |
|---|
• അറ്റവും - അറ്റം, ഉം
അനുസ്വാരത്തിനുശേഷം ഉം വന്നപ്പോൾ പദച്ചേരുവയിൽ 'വ' കാരം വന്നു.
• നെൽക്കതിര് - നെൽ, കതിര്
• ഒക്കെക്കൊണ്ട് - ഒക്കെ, കൊണ്ട്
രണ്ടു പദങ്ങൾ തമ്മിൽ ചേരുമ്പോൾ രണ്ടാമത്തെ പദത്തിലെ ആദ്യത്തെ അക്ഷരം ഇരട്ടിക്കുന്നു.
• ഉണക്കിയെടുക്കുന്ന - ഉണക്കി, എടുക്കുന്ന
• ഇഞ്ചിയാണെങ്കിൽ - ഇഞ്ചി, ആണെങ്കിൽ
രണ്ടു പദങ്ങൾ തമ്മിൽ ചേരുമ്പോൾ പുതിയൊരു അക്ഷരം വന്നുചേരുന്നു.
• നടുക്കുള്ള - നടുക്ക്, ഉള്ള
• വിത്താണ് - വിത്ത്, ആണ്
രണ്ടു വർണങ്ങൾ തമ്മിൽ ചേരുമ്പോൾ ഒരു വർണ്ണം ഇല്ലാതാകുന്നു. ഇവിടെ സംവൃതോകാരം ( ്) ലോപിക്കുന്നു. മലയാളം ചന്ദ്രക്കല
പ്രസംഗം നടത്താം
♦ കൃഷിയാണ് മനുഷ്യന് ആഹാരം നൽകുന്നത്. അതോടൊപ്പം അത് ഒരു സംസ്കാരവുമാണ്. എന്നാൽ ഇന്ന് കേരളത്തിൽ നെൽക്കൃഷി കുറയുന്നു. 'കൃഷിയുടെ പ്രാധാന്യം ഇന്നത്തെ സമൂഹത്തിൽ' എന്ന വിഷയത്തെ ആസ്പദമാക്കി പ്രസംഗം നടത്തുക.
മാന്യസദസ്സിന് നമസ്കാരം,
കൃഷിയുടെ കണ്ടുപിടിത്തം മനുഷ്യവംശത്തിന്റെ പുരോഗതിയിലെ നിർണായക മുന്നേറ്റമായിരുന്നു. കൃഷിയിൽ നിന്നാണ് സംസ്കാരം വികസിച്ചുവന്നത്. മനുഷ്യന് ആഹാരം നൽകുന്നതിന് കൃഷി ആവശ്യമാണ്. ഇന്നത്തെ മാത്രമല്ല നാളത്തെ സമൂഹത്തിലും കൃഷിക്ക് വലിയ പ്രധാന്യമുണ്ട്. കൃഷിയിൽനിന്നും മണ്ണിൽ നിന്നും പുതിയ തലമുറ അകന്നുപോകുന്ന കാലഘട്ടത്തിൽ എല്ലാവരും ചെറിയ രീതിയിലെങ്കിലും കൃഷി ചെയ്യേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഗൗരവത്തോടെ ചിന്തിക്കേണ്ടതുണ്ട്. സർക്കാർ തലത്തിലും ഗ്രാമങ്ങൾ കേന്ദ്രീകരിച്ച് രൂപീകരിക്കുന്ന കൂട്ടായ്മകൾ വഴിയും കൃഷിയെ അതിന്റെ പ്രാധാന്യത്തോടെ തിരികെ കൊണ്ടുവരാൻ നമുക്ക് കഴിയണം.
നാടിന്റെ സാമ്പത്തിക അടിത്തറയുടെ നട്ടെല്ലാണ് കൃഷിയും കാർഷികവ്യവസായവും. ജൈവവൈവിധ്യം നിലനിർത്തുകയും പ്രകൃതിവിഭവങ്ങളെ സംരക്ഷിക്കുകയും ചെയ്യുന്നതിലൂടെ പരിസ്ഥിതി സംരക്ഷണവും കൃഷിയിലൂടെ സാധ്യമാകുന്നു. ഭക്ഷ്യോല്പാദനം മാത്രമല്ല നല്ലൊരുശതമാനം ആളുകൾക്കും ജീവനോപാധികൂടിയാണ് കൃഷി.
പാരമ്പര്യവും ആധുനികതയും കൈകോർത്തുപിടിച്ചുവേണം കൃഷി വികസിപ്പിക്കാൻ എന്നാണ് രാജ്യം പത്മശ്രീ നൽകി ആദരിച്ച ചെറുവയൽ രാമൻ ഓർമ്മിപ്പിക്കുന്നത്. മണ്ണിന് ഇണങ്ങുന്ന കൃഷിരീതികളാണ് നാം സ്വീകരിക്കേണ്ടത്. രാസവളങ്ങളും കീടനാശിനികളും അമിതമായി ഉപയോഗിക്കുന്ന രീതി കൃഷിക്കും മനുഷ്യന്റെ ആരോഗ്യത്തിനും വിപത്തു സൃഷ്ടിക്കുന്നുവെന്ന് പഠനങ്ങൾ തെളിയിക്കുന്നു. പരമ്പരാഗത വിത്തിനങ്ങളും കൃഷിരീതികളും ആധുനികമായ അറിവുകളുമായി ബന്ധിപ്പിച്ച് മുന്നേറ്റങ്ങൾ ഉണ്ടാകണം. കൃഷി ഇല്ലാതായാൽ സംസ്കാരവും ഇല്ലാതാകും എന്ന സത്യം നാം തിരിച്ചറിയണം.
നന്ദി, നമസ്കാരം.
ശാസ്ത്രീയത കണ്ടെത്താം, കുറിപ്പ് തയ്യാറാക്കാം
♦ ''അധികം വിളഞ്ഞാൽ വിത്തിനാകാ'' എന്നൊരു പഴമൊഴി തന്നെയുണ്ട്. ഈ ചൊല്ലിന്റെ ശാസ്ത്രീയത അടുത്തുള്ള കൃഷി ഓഫീസറുമായി ചർച്ചചെയ്യുക. 'കാർഷിക വൃത്തിയിലെ പാരമ്പര്യസങ്കല്പങ്ങളും ശാസ്ത്രീയതയും' എന്ന വിഷയത്തിൽ കുറിപ്പ് തയ്യാറാക്കുക.
“ഏറെ വിളഞ്ഞാൽ വിത്തിനാകാ' എന്ന ചൊല്ലിൽ ഒരു കാർഷിക നിർദ്ദേശം ഒളിഞ്ഞുകിടപ്പുണ്ട്. വളരെക്കാലത്തെ പ്രായോഗിക പരിചയത്തിൽ നിന്നും നമ്മുടെ കർഷകർ കണ്ടെത്തിയ ശാസ്ത്രതത്വമാണത്. ഏത് കാർഷികവിളയുടെ വിത്തായിരുന്നാലും അതിന് അതിന്റേതായ ഗുണങ്ങളുണ്ട്. അത് നഷ്ടപ്പെടുന്നതിനുമുമ്പ് വിത്ത് ശേഖരിക്കണം എന്നതാണ് ആ തത്വം. വിത്താണെന്ന് കരുതി ക്രമത്തിലധികം ഉണങ്ങാൻ പാടില്ല. ഒട്ടും തന്നെ മുപ്പ് കുറയുകയും ചെയ്യരുത്. അതായത് ആവശ്യത്തിലധികം വിളഞ്ഞുപോകരുതെന്ന് സാരം. വിത്തിനായി തെരഞ്ഞെടുക്കാൻ ഉദ്ദേശിക്കുന്ന വിള യഥാസമയം കൊയ്തെടുക്കണം. യഥാവിധി ഉണക്കണം. കലർപ്പില്ലാതിരിക്കാൻ ശ്രദ്ധിക്കണം. ഭദ്രമായി സൂക്ഷിക്കണം. കൃഷിയിറക്കുന്നതിനു മുമ്പ് വിത്ത് മുളച്ചുവരാനായി സുഷുപ്താവസ്ഥയിലിരിക്കുന്ന ഒരു ഇടവേളയുണ്ട്. ആ ഇടവേള കഴിഞ്ഞാലേ വിത്ത് മുളയ്ക്കു. വിത്ത് കൈകാര്യം ചെയ്യുമ്പോൾ അതിനുള്ളിൽ ജീവൻ ഒളിഞ്ഞുകിടപ്പുണ്ട് എന്ന കാര്യം മറക്കരുത്. അതുകൊണ്ടാണ് പണ്ടുമുതലേ നമ്മുടെ കർഷകർ കൊയ്തു മെതിച്ചുകിട്ടുന്ന എല്ലാ നെൽമണികളും വിത്തിനായി ഉപയോഗിക്കാത്തതും പറമ്പിൽ വീണ് കിട്ടുന്ന എല്ലാ നാളികേരവും പാകി മുളപ്പിച്ച് തെങ്ങിൻതൈ ആക്കാത്തതും. നെൽവിത്താണെങ്കിൽ വിത്ത് ഉണക്കിക്കഴിഞ്ഞ് ഒരു നെൽമണി മുറിച്ചുനോക്കിയാൽ ഒരു സൂചിക്കുത്ത് നൂറ് ബാക്കിയുണ്ടാകണം. ഇതറിഞ്ഞ കൃഷിക്കാരാണ് 'സൂചി പരുവത്തിൽ വിത്ത് ഉണക്കണം' എന്ന് പറഞ്ഞിരുന്നത്. വിത്ത് പാകം കണക്കാക്കി യഥാസമയം വിളവെടുക്കണമെന്ന സൂചനയോടൊപ്പം തന്നെ വിളവെടുപ്പിനുശേഷം വിത്തുണക്കുമ്പോൾ അത് ക്രമത്തിലധികമാകരുതെന്ന നിർദ്ദേശവും ഈ ചൊല്ലിലുണ്ട്.
ഒരുപാടുവർഷത്തെ കാർഷികവൃത്തിയിലൂടെ, പരിചയസമ്പത്തിലൂടെ വളർത്തിയെടുത്ത, കൃഷിയുമായി ബന്ധപ്പെട്ട പാരമ്പര്യസങ്കല്പങ്ങളിൽ ശാസ്ത്രീയത ഉണ്ടെന്ന് ഇതിൽ നിന്നും നമുക്ക് മനസ്സിലാക്കാവുന്നതാണ്.
👉മലയാളം മറ്റ് യൂണിറ്റുകളുടെ ചോദ്യോത്തരങ്ങൾക്കായി ഇവിടെ ക്ലിക്കുക
👉Class VII Malayalam Textbook (pdf) - Click here
👉മലയാളം മറ്റ് യൂണിറ്റുകളുടെ ചോദ്യോത്തരങ്ങൾക്കായി ഇവിടെ ക്ലിക്കുക
👉Class VII Malayalam Textbook (pdf) - Click here
ഈ ബ്ലോഗിലെ എല്ലാ പോസ്റ്റുകളും ഒരുമിച്ച് കാണാനും ആവശ്യമുള്ളവ എളുപ്പത്തിൽ തിരഞ്ഞെടുക്കാനും ഇവിടെ ക്ലിക്കുക.
PSC Solved Question Papers ---> Click here
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
TEACHING APTITUDE TEST (K-TET, C-TET, etc.) ---> Click here

0 Comments