Kerala Syllabus Class 7 കേരള പാഠാവലി Chapter 02 - ചിത്രശലഭങ്ങൾ - ചോദ്യോത്തരങ്ങൾ 


Study Notes for Class 7 കേരള പാഠാവലി (അരങ്ങൊരുക്കും വർണ്ണക്കാഴ്ചകൾ) ചിത്രശലഭങ്ങൾ | Class 7 Malayalam - Kerala Padavali - Chitrasalabhangal - Questions and Answers - Chapter 02 ചിത്രശലഭങ്ങൾ - ചോദ്യോത്തരങ്ങൾ 
ഈ അധ്യായത്തിന്റെ Teachers Handbook, Teaching Manual എന്നിവ ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് ചോദ്യോത്തരങ്ങളുടെ അവസാനം നൽകിയിട്ടുണ്ട്.

ഈ ബ്ലോഗ് ഉടമയുടെ രേഖാമൂലമുള്ള അനുമതിയില്ലാതെ ഈ ബ്ലോഗിൽ നൽകിയിരിക്കുന്ന ചോദ്യോത്തരങ്ങൾ, ഇതേരീതിയിലോ പി.ഡി.എഫ് രൂപത്തിലോ, മറ്റേതെങ്കിലും ഡിജിറ്റലോ, പ്രിന്റഡ് ഉൾപ്പെടെയുള്ള ഏതെങ്കിലും രൂപങ്ങളിലേക്കോ മാറ്റി മറ്റൊരു വെബ്സൈറ്റിലോ, ബ്ലോഗിലോ, യുട്യൂബ്, സോഷ്യൽ മീഡിയാ ഗ്രൂപ്പുകളിലോ ഉൾപ്പെടെ ഒരിടത്തും പ്രചരിപ്പിക്കാൻ പാടില്ലാത്തതാകുന്നു.

ചിത്രശലഭങ്ങൾ - എസ്. ജോസഫ്  
ഏറ്റുമാനൂരിനടുത്ത് പട്ടിത്താനത്ത് 1965-ൽ ജനിച്ചു. സമകാലിക കവികളില്‍ ശ്രദ്ധേയന്‍. കറുത്ത കല്ല് (2000), മീൻകാരൻ (2003), ഐഡന്റിറ്റി കാർഡ് (2005), ഉപ്പന്റെ കൂവൽ വരയ്ക്കുന്നു (2009) എന്നീ കവിതാസമാഹാരങ്ങൾ. 2012-ലെ കവിതയ്ക്കുള്ള കേരള സാഹിത്യ അക്കാദമി അവാർഡിനർഹനായി. 2015-ൽ ഓടക്കുഴൽ അവാർഡും നേടി. എറണാകുളം മഹാരാജാസ് കോളേജിൽ മലയാളം വകുപ്പദ്ധ്യക്ഷൻ. വിവിധ ഭാരതീയ ഭാഷകളിലും വിദേശഭാഷകളിലും കവിതകൾ വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. 
പദപരിചയം
• അല്‌പായുസ്സ് - ആയുസ്സ് കുറഞ്ഞവൻ
• വൈരൂപ്യം - അഭംഗി
• പിമ്പേ - പിറകേ 

ചിത്രശലഭങ്ങൾ - കവിതയുടെ ആശയം
രണ്ടു കൈയിലും മനോഹര ചിത്രങ്ങളും പിടിച്ച് പറന്നു നടക്കുന്ന പൂമ്പാറ്റകളെ ചിത്രകാരന്മാരോടും ചിത്രകാരികളോടുമാണ് കവി സാദൃശ്യപ്പെടുത്തുന്നത്. ഭൂമിയിൽ ചിത്രങ്ങൾ ഇല്ലാതിരുന്ന കാലത്തും അവർ തങ്ങളുടെ ചിത്രങ്ങളുമായി പറന്നുനടന്ന് എല്ലാവരെയും കാണിച്ചു. ഗുഹാചിത്രങ്ങളും ചുമർചിത്രങ്ങളും ആധുനിക ചിത്രങ്ങളുമെല്ലാം പിന്നീടാണ് വന്നത്. അല്പായുസ്സുകളായ ചിത്രശലഭങ്ങൾ തങ്ങളുടെ വർണചിത്രങ്ങളുമായി എല്ലായിടത്തും പറന്നുനടന്നു. പുഴുക്കളായിരുന്ന കാലത്ത് അവയുടെ  കൈയിൽ ചിത്രങ്ങൾ ഇല്ലായിരുന്നു. വളർച്ചയുടെ ഒരു ഘട്ടത്തിൽ അവയ്ക്ക് മനോഹരമായ ചിത്രച്ചിറകുകളുണ്ടായി. അപ്പോൾ വൈരൂപ്യം സൗന്ദര്യമായി മാറി. പറന്നുനടക്കുന്ന ചിത്രശലഭങ്ങൾക്കു പിമ്പേ ഓടിനടന്ന മനുഷ്യരുടെ ബാല്യകാലം കവി ഓർക്കുന്നു. കുട്ടികൾക്ക് ഏറെ ഇഷ്ടമാണ് പൂമ്പാറ്റകളെ. മനുഷ്യരും പൂമ്പാറ്റകളെപ്പോലെയാണ്. ബാല്യത്തിൽ അവർ വർണച്ചിറകുകളുമായി പാറിപ്പറന്നു നടക്കുന്നു. വലുതാകുമ്പോൾ അവരുടെ ചിറകുകൾ കൊഴിയുന്നു. പൂമ്പാറ്റപ്പുഴുവിനെപ്പോലെ ഇഴഞ്ഞു നടക്കുന്നു.

കണ്ടെത്താം പറയാം
♦ ചിത്രശലഭങ്ങളെ കവി ആരായിട്ടാണ് അവതരിപ്പിക്കുന്നത് ?
രണ്ടു കൈയിലും ചിത്രങ്ങൾ പിടിച്ച് പറന്നുനടക്കുന്ന ചിത്രകാരന്മാരും ചിത്രകാരികളുമാണ് ചിത്രശലഭങ്ങൾ എന്ന് കവി പറയുന്നു.

♦ ഏതു കാലത്താണ് അവർ കൈയിൽ ചിത്രങ്ങളില്ലാതെ കഴിഞ്ഞത്?
ജനിച്ചയുടനെ പുഴുക്കളായി കഴിഞ്ഞ കാലത്താണ് ചിത്രശലഭങ്ങൾ കൈയിൽ ചിത്രങ്ങളില്ലാതെ കഴിഞ്ഞത്. 

♦ മനുഷ്യർ വലുതാകുമ്പോൾ എന്തു സംഭവിക്കുന്നുവെന്നാണ് കവി പറയുന്നത്?
മനുഷ്യർ വലുതാകുമ്പോൾ ചിറകുകൾ കൊഴിയുകയും പിന്നീട് പുഴുവിനെപ്പോലെ ഇഴഞ്ഞുനടക്കുകയും ചെയ്യുന്നു
ചർച്ചചെയ്യാം എഴുതാം
♦ “രണ്ടു കൈയിലും ചിത്രങ്ങൾ പിടിച്ച് പറന്നുനടക്കുന്ന ചിത്രകാരന്മാരും ചിത്രകാരികളുമാണ് ചിത്രശലഭങ്ങൾ എന്നു പറയാൻ കാരണമെന്ത്?
ചിത്രശലഭങ്ങൾക്ക് രണ്ടു ചിറകുകളുണ്ട്. അവയാണ് പൂമ്പാറ്റകളുടെ രണ്ടു കൈകൾ. അതിൽ നിറയെ മനോഹരമായ ചിത്രപ്പണികളുണ്ട്. രണ്ടു ചിറകുകളിലും ചിത്രങ്ങളും പിടിച്ചാണ് അവ പറന്നുനടക്കുന്നത്. പൂമ്പാറ്റകളിൽ ആണും പെണ്ണുമുണ്ട്. അതുകൊണ്ടാണ് ചിത്രകാരന്മാരും ചിത്രകാരികളും എന്നു കവി പറയുന്നത്. രണ്ടു ചിറകുകളിലും (കൈയിലും) ചിത്രങ്ങൾ പിടിച്ച് പറന്നുനടക്കുന്ന ചിത്രകാരന്മാരും ചിത്രകാരികളുമാണ് ചിത്രശലഭങ്ങൾ. 

♦ “വൈരൂപ്യവും സൗന്ദര്യവും കൂട്ടിക്കെട്ടിയതാണ് ചിത്രശലഭങ്ങളുടെ ജീവിതം.'' ഇതുകൊണ്ട് അർഥമാക്കുന്നതെന്ത്?
ചിത്രശലഭങ്ങൾക്ക് പല ജന്മങ്ങളുണ്ടെന്നു പറയാം. ഒന്ന് പുഴുവായിരിക്കുന്ന കാലമാണ്. അത് സൗന്ദര്യമില്ലായ്‌മയുടെ (വൈരൂപ്യത്തിന്റെ) കാലമാണ്. പ്യൂപ്പയായി ധ്യാനത്തിലിരുന്ന ശേഷം വൈരൂപ്യവും സൗന്ദര്യവും കുട്ടിക്കെട്ടി സൗന്ദര്യമില്ലായ്മയെ സൗന്ദര്യമാക്കി മാറ്റുകയാണ് ചിത്രശലഭങ്ങൾ. മനോഹരമായ ചിറകുകൾക്കു നടുവിൽ അത്ര സുന്ദരമല്ലാത്ത അതിന്റെ ശരീരമുണ്ട്. മനോഹരമായ ചിറകുകൾ ഈ ശരീരത്തോടാണ് ചേർത്തിരിക്കുന്നത്. പുഴുക്കളുമാണ്, ചിത്രച്ചിറകുകളുമാണ് പൂമ്പാറ്റകൾ. പുഴുക്കളായുള്ള കാലം കഴിഞ്ഞ് . ചിത്രശലഭമാകുമ്പോൾ നാം സുന്ദരമായ ചിറകുകളിലാണ് കൂടുതൽ ശ്രദ്ധിക്കുന്നത്.
♦ ചിത്രശലഭങ്ങളുടെ ജീവിതവും മനുഷ്യന്റെ ജീവിതവും ഒന്നുതന്നെയാണ്. ഇതിനെ സമർഥിക്കാൻ കവിതയിൽ കാണുന്ന തെളിവുകളെന്തെല്ലാം?
മനുഷ്യൻ അവന്റെ ബാല്യകാലത്ത് ചിത്രശലഭങ്ങളെപ്പോലെ പാറിനടക്കുന്നു. ഭാവനയുടെ ചിറകിലേറിയും നിഷ്കളങ്കതയോടെയും ആഹ്ലാദിച്ച് നടക്കുന്ന കാലമാണത്. വലുതാകുമ്പോൾ ചിറകുകൾ കൊഴിഞ്ഞ് പൂമ്പാറ്റപ്പുഴുവിന്റെ അവസ്ഥയിലാകുന്നു മനുഷ്യർ. എന്നാൽ പൂമ്പാറ്റകൾ വളർച്ചയുടെ ആദ്യകാലങ്ങളിലാണ് പുഴുവായി ഇഴഞ്ഞുനടക്കുന്നത്. പിന്നീട് വർണച്ചിറകുകളുമായി പറന്നു നടക്കുന്നു. ചിറകുകൾ നഷ്ടമായാൽ ചിത്രശലഭങ്ങൾ ഇഴഞ്ഞുനടക്കുന്ന പുഴുക്കൾ മാത്രമാണ്. ചിറകുകളാണ് മനുഷ്യരെയും ചിത്രശലഭങ്ങളെയും പറക്കാൻ സഹായിക്കുന്നത്. മനുഷ്യൻ ഭാവനയുടെ ചിറകിൽ പറക്കുന്നു. ചിറകുകൾ നഷ്ടമായാൽ ചിത്രശലഭങ്ങളും മനുഷ്യരും ഒരുപോലെയാണ്.

പകരംപദങ്ങൾ
• കൈ - കരം, ബാഹു, ഹസ്തം
• ഗുഹ - കന്ദരം, ഗഹ്വരം, ദരി 
• മനുഷ്യൻ - മർത്ത്യൻ, മാനവൻ, മനുജൻ 
• ചിറക് - പക്ഷം, പത്രം, ഛദം 
• ഭൂമി - ധര, ധരിത്രി, ക്ഷിതി 

പദം പിരിച്ചെഴുതുക 
• കാലത്തെ - കാലം + എ
• പുഴുക്കളായി - പുഴുക്കൾ + ആയി 
• ചിത്രച്ചിറകുകൾ - ചിത്ര + ചിറകുകൾ 
• പുഴുവായി - പുഴു + ആയി 
• സൗന്ദര്യവും - സൗന്ദര്യം + ഉം
• വലുതാകുമ്പോൾ - വലുത് + ആകുമ്പോൾ
• വൈരൂപ്യവും വൈരൂപ്യം + ഉം 

👉മലയാളം മറ്റ് യൂണിറ്റുകളുടെ ചോദ്യോത്തരങ്ങൾക്കായി ഇവിടെ ക്ലിക്കുക 
👉Class VII Malayalam Textbook (pdf) - Click here 

👉മലയാളം മറ്റ് യൂണിറ്റുകളുടെ ചോദ്യോത്തരങ്ങൾക്കായി ഇവിടെ ക്ലിക്കുക 
👉Class VII Malayalam Textbook (pdf) - Click here 

TEACHING APTITUDE TEST (K-TET, C-TET, etc.) ---> Click here