Kerala Syllabus Class 7 കേരള പാഠാവലി Chapter 03 - എന്നുമീയാത്ര - ചോദ്യോത്തരങ്ങൾ
Study Notes for Class 7 കേരള പാഠാവലി (നീളുമീയാത്രതൻ വിസ്മയങ്ങൾ) എന്നുമീയാത്ര | Class 7 Malayalam - Kerala Padavali - Prapanjam muzhuvan poompattakal - Questions and Answers - Chapter 03 എന്നുമീയാത്ര - ചോദ്യോത്തരങ്ങൾ.
ഈ അധ്യായത്തിന്റെ Teachers Handbook, Teaching Manual എന്നിവ ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് ചോദ്യോത്തരങ്ങളുടെ അവസാനം നൽകിയിട്ടുണ്ട്.
ഈ ബ്ലോഗ് ഉടമയുടെ രേഖാമൂലമുള്ള അനുമതിയില്ലാതെ ഈ ബ്ലോഗിൽ നൽകിയിരിക്കുന്ന ചോദ്യോത്തരങ്ങൾ, ഇതേരീതിയിലോ പി.ഡി.എഫ് രൂപത്തിലോ, മറ്റേതെങ്കിലും ഡിജിറ്റലോ, പ്രിന്റഡ് ഉൾപ്പെടെയുള്ള ഏതെങ്കിലും രൂപങ്ങളിലേക്കോ മാറ്റി മറ്റൊരു വെബ്സൈറ്റിലോ, ബ്ലോഗിലോ, യുട്യൂബ്, സോഷ്യൽ മീഡിയാ ഗ്രൂപ്പുകളിലോ ഉൾപ്പെടെ ഒരിടത്തും പ്രചരിപ്പിക്കാൻ പാടില്ലാത്തതാകുന്നു.
എന്നുമീയാത്ര - ഒ.എൻ.വി.കുറുപ്പ്
1931 മെയ് 27-ന് കൊല്ലം ജില്ലയിലെ ചവറയിൽ ജനിച്ചു. 25 വർഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിലും 5 വർഷം മറ്റു ഗവൺമെന്റ് കോളജുകളിലും അദ്ധ്യാപകനായിരുന്നു. മയിൽപ്പീലി, അഗ്നിശലഭങ്ങൾ, അക്ഷരം, ഉപ്പ്, ഭൂമിക്ക് ഒരു ചരമഗീതം, മൃഗയ, ഉജ്ജയിനി, സ്വയംവരം, അപരാഹ്നം, വെറുതെ, ക്ഷണികം-പക്ഷേ, സ്‌നേഹിച്ചുതീരാത്തവർ, ഈ പുരാതന കിന്നരം, ദിനാന്തം എന്നിവ പ്രധാന കൃതികൾ. കേരള-കേന്ദ്ര സാഹിത്യ അക്കാദമി അവാർഡുകൾ, വയലാർ അവാർഡ്, ഭാരതീയ ഭാഷാ പരിഷത്ത് പുരസ്‌കാരം (കൽക്കത്ത), സോവിയറ്റ്‌ലാന്റ് നെഹ്‌റു അവാർഡ്, ഖുറം ജോഷ്വാ സ്മാരക ദേശീയ കവിതാപുരസ്‌കാരം (ഹൈദരാബാദ്) തുടങ്ങിയവ ലഭിച്ചിട്ടുണ്ട്. 200-ൽപരം ചലച്ചിത്രങ്ങൾക്കും ഒട്ടേറെ നാടകങ്ങൾക്കും ഗാനരചന നിർവഹിച്ചു. ഗാനരചനയ്ക്ക് 13 തവണ സംസ്ഥാന അവാർഡും 1989-ൽ ദേശീയ അവാർഡും (ചിത്രം: വൈശാലി). 1998-ൽ പത്മശ്രീ ബഹുമതി നല്കി രാഷ്ട്രം ആദരിച്ചു. 1999-ൽ കേരള സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ്. 1987-ൽ മാസിഡോണിയയിലെ സ്ട്രുഗാ അന്തർദ്ദേശീയ കാവ്യോത്സവത്തിൽ ഭാരതീയ കവിതയെ പ്രതിനിധാനം ചെയ്തു പങ്കെടുത്തു. കേരള സർവ്വകലാശാല ഡി ലിറ്റ് ബിരുദം നല്കി ആദരിച്ചു. 2007-ലെ ജ്ഞാനപീഠപുരസ്‌കാരം ലഭിച്ചു. 2011-ൽ പത്മവിഭൂഷൺ ബഹുമതി. 2016 ഫെബ്രുവരി 13-ന് അന്തരിച്ചു.
പദപരിചയം
• ആദി - തുടക്കം
• അന്തം - അവസാനം
• വീര്യം - ബലം, തേജസ്
• വിപഞ്ചി - വീണ
• തന്തി - വീണയിലെ കമ്പി
• അദൃശ്യം - കാണാൻ പാടില്ലാത്തത്
• മാദകം - മദിപ്പിക്കുന്നത്, ലഹരി പകരുന്നത്
• മഞ്ജരി - പൂങ്കുല, കവിതയെഴുതാനുള്ള ഒരു താളക്രമം
• നിർവ്യതി - പൂർണ്ണമായ സംതൃപ്തി
• പീയുഷം - അമൃത്
• നിർമലം - പരിശുദ്ധം
• അഗാധം - ആഴമുള്ള
• മിഥ്യ - ഇല്ലാത്തതു്
• കാണ്മൂ - കാണുന്നു
വരികൾ കണ്ടെത്താം
♦ മിന്നാമിനുങ്ങിനെ കണ്ട് കുട്ടിയുടെ തോന്നലുകൾ എന്തെല്ലാം?
• കവി തന്റെ കാവ്യശക്തിയെക്കുറിച്ച് അഭിമാനിക്കുന്നു.
• മൺമറഞ്ഞവർ പാടിയ ഗാനങ്ങൾ അനശ്വരങ്ങളാണ്.
• കവി കാലത്തെ അതിജീവിക്കുന്ന ഭാവനാലോകത്ത് സഞ്ചരിക്കുന്നു.
♦ ഈ ആശയങ്ങൾ വരുന്ന വരികൾ കവിതാഭാഗത്തുനിന്ന് കണ്ടെത്തി എഴുതുക.
ഉത്തരം:
• കവി തന്റെ കാവ്യശക്തിയെക്കുറിച്ച് അഭിമാനിക്കുന്നു.
എന്റെയുള്ളിൽ പതഞ്ഞുപൊന്തുന്ന
മുന്തിരിനീരിനെന്തൊരു വീര്യം!
• മൺമറഞ്ഞവർ പാടിയ ഗാനങ്ങൾ അനശ്വരങ്ങളാണ്.
ഇന്നലെയവർ പാടിയ രാഗ-
സുന്ദരങ്ങളാം ഗാനങ്ങളെല്ലാം
എൻ വിപഞ്ചിതൻ തന്തികൾ തോറും
ഇന്നദൃശ്യപുഷ്പങ്ങളായ് നിൽപ്പു
• കവി കാലത്തെ അതിജീവിക്കുന്ന ഭാവനാലോകത്ത് സഞ്ചരിക്കുന്നു.
കാലമാം മഹാമിഥ്യയെ വെന്നു,
കാൺമൂ കാണാത്ത തീരങ്ങൾ മുന്നിൽ
പ്രയോഗഭംഗി കണ്ടെത്താം
♦ “വർണ്ണമാദകമഞ്ജരീലാസ്യം'' എന്ന പ്രയോഗം കവിത നൽകുന്ന ആനന്ദത്തെയും കവിതയിലെ താളലയഭംഗിയെയും പൂർണ്ണമായ ആസ്വാദ്യതയെയും സൂചിപ്പിക്കുന്നു. ഇതുപോലെ കവിതാഭാഗത്തുനിന്ന് പ്രയോഗഭംഗി സൂചിപ്പിക്കുന്ന വരികൾ കണ്ടെത്തി വിശദീകരിക്കുക.
ഉത്തരം:
• എൻ വിപഞ്ചിയൻ തന്തികൾതോറും
ഇന്നദൃശ്യപുഷ്പങ്ങൾ
വീണക്കമ്പികൾ ആകുന്ന ലതകളിൽ വിരിയുന്ന സ്വരങ്ങൾ ആകുന്ന പുഷ്പങ്ങൾ എന്നത് മനോഹരമായ കല്പനയാണ്. പൂർവകവികൾ പാടിയ സുന്ദരമായ ഗാനങ്ങൾ കവിയുടെ വീണയുടെ തന്തിയിൽ ഗാനപുഷ്പങ്ങളെന്നപോലെ അദ്യശ്യ സാന്നിധ്യമാകുന്നു എന്ന് സൂചന.
• നിർവ്യതിയുടെ പീയുഷം
കാവ്യാസ്വാദനത്തിന്റെ പാരമ്യത്തിൽ ലഭിക്കുന്ന പൂർണമായ സംതൃപ്തി.
• പതഞ്ഞുപൊന്തുന്ന മുന്തിരിനിര്
കാവ്യഭാവനയാകുന്ന മുന്തിരിച്ചാറാണ് കവിതയെഴുതാനുള്ള കവിയുടെ
പ്രചോദകശക്തി.
• കാലമാം മഹാമിഥ്യ
കാലം എന്നതു് ആദിയും അന്തവുമില്ലാത്തതാണ്. കാലം എന്നത് സങ്കല്പം മാത്രമാണു്.
• രാഗസുന്ദരങ്ങളാം ഗാനങ്ങൾ
ആനന്ദത്തിൽ ലയിപ്പിക്കുന്ന മനോഹരമായ ഗാനങ്ങൾ
ചർച്ചചെയ്യാം, എഴുതാം
♦ "എന്റെയുള്ളിൽ പതഞ്ഞുപൊന്തുന്ന
മുന്തിരിനീരിനെന്തൊരു വീര്യം!"
ഈ വരികളിലൂടെ കവിതാരചനയെക്കുറിച്ച് എന്തെല്ലാം സൂചനകളാണു് കവി നൽകുന്നത്? ചർച്ചചെയ്ത് കുറിപ്പെഴുതുക.
ഉത്തരം: കവിയുടെ ഉള്ളിൽ പതഞ്ഞുപൊന്തുന്ന കാവ്യഭാവനയാണ് മുന്തിരിനീര്. ഈ മുന്തിരിച്ചാറാണ് കവിത എഴുതാനുള്ള പ്രചോദകശക്തി. മുന്തിരിനീരിന് ലഹരിയുണ്ടു്. കവിതയ്ക്കും ലഹരിയുണ്ടു്. കാവ്യലോകത്ത് നീന്തിത്തുടിക്കുന്ന ഒരാൾക്കുണ്ടാകുന്ന അവാച്യമായ അനുഭൂതി തന്നെയാണ് ഈ ലഹരി നല്ല അർത്ഥങ്ങളും ദർശനങ്ങളും ഉൾക്കൊള്ളുന്ന കവിതകൾ വായനക്കാരനിലും ലഹരി ഉണർത്തുന്നു. അത് സർഗാത്മകതയാണ്. കവിയുടെ മനസ്സിൽ, ബുദ്ധിയിൽ രൂപം കൊള്ളുന്ന കവിത നന്മയുടെ പ്രകാശവും ലഹരിയും പടർത്തുന്നു എന്ന് സൂചന.
വിശകലനം ചെയ്യാം
♦ 'എന്നുമീ യാത്ര' എന്ന കവിതയിൽ കവി ജീവിതയാത്രയെ എങ്ങനെയെല്ലാമാണ് അവതരിപ്പിച്ചിരിക്കുന്നത്? കാവ്യഭാഗം വിശകലനം ചെയ്ത് കുറിപ്പ് തയ്യാറാക്കുക.
ഉത്തരം: ഒ. എൻ. വി. കുറുപ്പിന്റെ 'എന്നുമീ യാത്ര' എന്ന കവിത ജീവിതയാത്രയെക്കുറിച്ചാണ്. ഭൂമിയിലെ ജീവിതം തുടർച്ചയാണ്. കടന്നുപോയവർക്കു പകരം അടുത്ത തലമുറ യാത്ര തുടരുന്നു. ഇന്നലെയുള്ളവർ പോയ്‌മറഞ്ഞെങ്കിലും അവർ നേടിത്തന്നതെല്ലാം നമ്മോടൊപ്പമുണ്ട് എന്ന് കവി പറയുന്നു. ആദിയും അന്തവുമില്ലാത്ത യാത്രയാണിത്. യാത്രയ്ക്കിടയിൽ ഉള്ളിൽ കവിതയും ഭാവനയും മറ്റും നിറയും. ഭൂതകാലവും വർത്തമാനകാലവും ഭാവികാലവും കവിയാകുന്ന ബിന്ദുവിൽ ഒന്നുചേരുന്നു. ആ നിത്യനിർമ്മലമായ ബിന്ദുവാണ് ആഹ്ലാദം നൽകുന്നത്. കാലത്തിന്റെ കടലിൽ മുങ്ങിയും താഴ്ന്നും നീന്തുമ്പോൾ കാലമെന്ന മഹാമിഥ്യയെ തോല്പിച്ച് കാണാത്തതീരങ്ങൾ മുന്നിൽ കാണാൻ കവിക്കു കഴിയുന്നു. കവികൾക്ക് ഭാവനയിലൂടെ മാത്രം കാണാൻ കഴിയുന്ന ഇത്തരം തീരങ്ങൾ കാണാനായി പ്രിയപ്പെട്ട സ്വപ്നഭൂമിയിലൂടെയുള്ള യാത്ര കവി തുടർന്നുകൊണ്ടേയിരിക്കുന്നു. ഇന്നലെയും ഇന്നും നാളെയും അതു തുടരും. വ്യക്തികൾ മാറിയാലും യാത്രയ്ക്ക് അവസാനമില്ല.
ഈണത്തിൽ ചൊല്ലാം
കവിതയ്ക്ക് ഈണവും താളവും കണ്ടെത്തി സംഘമായും ഒറ്റയ്ക്കും ചൊല്ലി അവതരിപ്പിക്കുക.
വിശകലനം ചെയ്യാം
♦ "ഇന്നലെപ്പോയ്മറഞ്ഞവരെല്ലാം
ഇന്നുയിർത്തെഴുന്നേൽക്കുന്നിതെന്നിൽ
ഇന്നലെയവർ പാടിയ രാഗ-
സുന്ദരങ്ങളാം ഗാനങ്ങളെല്ലാം
എൻ വിപഞ്ചിതൻ തന്തികൾതോറും
ഇന്നദൃശ്യപുഷ്പങ്ങളായ് നിൽപ്പൂ''
- എന്നുമീ യാത്ര
♦ ''അന്നു പാടിയ പാട്ടിലൂഞ്ഞാ-
ലാടി മലയാളം
കൊഞ്ചലും കുറുമൊഴികളും പോയ്,
കഥകൾ പലതോതി
നെഞ്ചണച്ചൊരു ഗുരു വളർത്തിയ
കിളികൾ പാടി''
- എന്റെ മലയാളം (ഒ.എൻ.വി )
♦ ഈ രണ്ടു കാവ്യഭാഗങ്ങളിലും ആവിഷ്കരിച്ചിരിക്കുന്ന ആശയതലമെന്ത്?
വിശകലനക്കുറിപ്പ് തയ്യാറാക്കുക.
ഉത്തരം: ഇന്നലെ പോയ്‌മറഞ്ഞവർ (പൂർവികർ) പാടിയ സുന്ദരമായ ഗാനങ്ങൾ കവിയുടെ വീണയുടെ തന്തികളിൽ ഗാനപുഷ്പങ്ങളെന്നപോലെ അദ്യശ്യ സാന്നിധ്യമാകുന്നു എന്നാണ് കവി പറയുന്നത്. മുൻകാല കവികളുടെ ഗാനപാരമ്പര്യത്തിലൂടെ ഞാനും കവിയായ് തുടരുന്നു എന്ന് പറഞ്ഞുകൊണ്ട് പൂർവകവികൾ തന്റെ കാവ്യജീവിതത്തെ സ്വാധീനിച്ചതിനെക്കുറിച്ച് കവി പറയുന്നു.
'എന്റെ മലയാളം' എന്ന കവിതയിൽ മലയാളഭാഷയുടെ ബാല്യകാലത്തെ സൗന്ദര്യത്തെയും ലാളിത്യത്തെയും സൂചിപ്പിക്കുന്നു. കൂടാതെ ചെറുശ്ശേരി, എഴുത്തച്ഛൻ, കുഞ്ചൻ നമ്പ്യാർ തുടങ്ങിയ പ്രാചീന കവികൾ കവിതയ്ക്കു നൽകിയ
സംഭാവനകളെ ഒ. എൻ. വി. സ്മരിക്കുകയും ചെയ്യുന്നു. മൺമറഞ്ഞുപോയ കവികളുടെ കാവ്യപാരമ്പര്യം ഒ. എൻ. വി. ഉൾപ്പെടെയുള്ള കവികളിലൂടെ ഇന്നും തുടർന്നുപോരുന്നു. ഈ ആശയമാണ് രണ്ടു കവിതാഭാഗങ്ങളിലും സൂചിപ്പിക്കുന്നത്.
പകരം പദങ്ങൾ
• യാത്ര - അയനം, ഗമനം, യാനം
• സ്വപ്നം - കിനാവ്, കനവ്
• വീണ - വല്ലകി, വിപഞ്ചി, പരിവാദിനി
• അമൃത് - പീയുഷം, കീലാലം
• ഭൂമി - ധര, ധരിത്രി, ക്ഷിതി
പദം പിരിക്കാം
• എന്റെയുള്ളിൽ - എന്റെ + ഉള്ളിൽ
ഇന്നലെയവർ - ഇന്നലെ + അവർ
• ഗാനങ്ങളെല്ലാം - ഗാനങ്ങൾ + എല്ലാം
• ഉയിർത്തെഴുന്നേല്ക്കുക - ഉയിർത്ത് + എഴുന്നേൽക്കുക
• തളർച്ചയേതുമില്ല - തളർച്ച + ഏതുമില
വായനക്കുറിപ്പ് തയ്യാറാക്കാം
♦ നിർദ്ദേശിച്ചിട്ടുള്ള പുസ്തകങ്ങൾ കണ്ടെത്തി വായിക്കുക. വായനക്കുറിപ്പ് തയ്യാറാക്കി ക്ലാസിലും സാഹിത്യസമാജം, വിദ്യാരംഗം ക്ലബ്ബ് തുടങ്ങിയവയിലും അവതരിപ്പിക്കുക. • ഓറഞ്ചുകുട്ടി - (ലളിതാംബിക അന്തർജനം)
• മാണിക്യക്കല്ല് - (എം. ടി. വാസുദേവൻനായർ)
• മാണിക്യക്കല്ല്
മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ എം ടി. വാസുദേവൻ നായർ കുട്ടികൾക്കായി രചിച്ച കഥയാണ് മാണിക്യക്കല്ല്, കെ. സരള എന്ന അപരനാമത്തിലാണ് എം. ടി. മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ഈ കഥ പ്രസിദ്ധികരിച്ചത്. യക്ഷിക്കഥ എന്ന ഗണത്തിൽ ഉൾപ്പെടുന്ന കഥയാണ് മാണിക്യക്കല്ല്. കഥയിലെ ഓരോ സംഭവവും വായനക്കാരുടെ മനസിൽ തെളിഞ്ഞുവരുന്ന രീതിയിലാണ് അവതരിപ്പിച്ചിരിക്കുന്നത്.
കഥാനായകനായ രാജകുമാരന് അമൂല്യമായ ഒരു രത്നം കിട്ടുന്നു. ഒപ്പം രാജകുമാരിയെയും. അവരുടെ ബുദ്ധിമോശം കൊണ്ട് നഷ്ടമായ രത്നം ശത്രുരാജാവിന് ലഭിക്കുന്നു. മിടുക്കനായ മന്ത്രികുമാരന്റെ പ്രയത്നംകൊണ്ട് രാജകുമാരന് രത്നം തിരികെ ലഭിച്ചു. സ്വയം പ്രകാശിക്കുന്ന ഈ അത്ഭുത രത്നം ലഭിക്കുന്ന രാജാവിനും രാജ്യത്തിനും ഐശ്വര്യം ഉണ്ടാകുമെന്നുള്ളതിനാൽ ഇത് തട്ടിയെടുക്കാൻ പലരും
ആഗ്രഹിക്കുന്നു.
♦ മാണിക്യക്കല്ല് എന്ന കഥ രചിച്ചതിനെക്കുറിച്ച് എം.ടി പിന്നീട് പറഞ്ഞിട്ടുണ്ട്. അതിങ്ങനെയാണ് ....
ബാലപംക്തി സ്ഥിരം വായിക്കാന്‍ കുട്ടികളെ പ്രേരിപ്പിക്കുംവിധം ഒരു തുടര്‍രചന ഉണ്ടാവണമെന്ന് എനിക്കു തോന്നി. ആ ആലോചനയാണ് ഒരു ബാലനോവലിന്റെ രചനയില്‍ കലാശിച്ചത്. വീട്ടില്‍നിന്നും ബന്ധുക്കളില്‍ നിന്നുമൊക്കെ പലപ്പോഴായി കേട്ട നാട്ടുകഥകളെയും കഥാപാത്രങ്ങളെയും ചേര്‍ത്തുവെച്ച് എഴുതിയ 'മാണിക്യക്കല്ലാ'ണത്. തൊട്ടടുത്ത ആഴ്ച മുതല്‍ ബാലപംക്തിയില്‍ (മാതൃഭൂമി ആഴ്ചപ്പതിപ്പ്) അത് പ്രസിദ്ധീകരിച്ചുതുടങ്ങി. ഓരോ ആഴ്ചയും ആ ലക്കത്തിലേയ്ക്ക് വേണ്ട അധ്യായം എഴുതിയുണ്ടാക്കുകയായിരുന്നു. എന്റെ ചുമതലയിലുള്ള ബാലപംക്തിയില്‍ പേരുവെച്ച് എഴുതാന്‍ മടി തോന്നി. അതുകൊണ്ട് 'കെ.സരള' എന്ന പേരിലാണ് നോവല്‍ പ്രസിദ്ധീകരിച്ചുവന്നത്. മരുമകളും ബാലന്‍മാമയുടെ മകളുമായ സരളയുടെ പേര് ഞാനിതില്‍ സ്വീകരിക്കുകയായിരുന്നു. പിന്നീടത് പുസ്തകരൂപമായപ്പോഴും ആദ്യം സരളയുടെ പേരില്‍ത്തന്നെയാണ് പുറത്തുവന്നത്. തുടര്‍ന്നുവന്ന പതിപ്പുകളിലാണ് എന്‍റെ പേരു ചേര്‍ത്തത്. ഇന്നും വിപണിയിലുണ്ട് അതിന്റെ പുതിയ പതിപ്പുകള്‍.
♦ ഓറഞ്ചുകുട്ടി (ലളിതാംബിക അന്തർജനം), മാണിക്യക്കല്ല് (എം. ടി. വാസുദേവൻനായർ) എന്നീ പുസ്തകങ്ങൾ വാങ്ങാനാഗ്രഹിക്കുന്നവർക്ക് ഓൺലൈനിൽ വാങ്ങാവുന്നതാണ്. അതിന്റെ ലിങ്ക് താഴെ നൽകുന്നു.
👉മലയാളം മറ്റ് യൂണിറ്റുകളുടെ ചോദ്യോത്തരങ്ങൾക്കായി ഇവിടെ ക്ലിക്കുക
👉Class VII Malayalam Textbook (pdf) - Click here
ഈ ബ്ലോഗിലെ എല്ലാ പോസ്റ്റുകളും ഒരുമിച്ച് കാണാനും ആവശ്യമുള്ളവ എളുപ്പത്തിൽ തിരഞ്ഞെടുക്കാനും ഇവിടെ ക്ലിക്കുക.
PSC Solved Question Papers ---> Click here
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
TEACHING APTITUDE TEST (K-TET, C-TET, etc.) ---> Click here

0 Comments