Kerala Syllabus Class 10 അടിസ്ഥാനപാഠാവലി - Unit 01 അരങ്ങും പൊരുളും: Chapter 01 - ചിത്രകാരി - ചോദ്യോത്തരങ്ങൾ 

Study Notes for Class 10 അടിസ്ഥാനപാഠാവലി (അരങ്ങും പൊരുളും) ചിത്രകാരി | Class 10 Malayalam - Adisthana Padavali - Arangum porulum - Questions and Answers - Chapter 01 ചിത്രകാരി - ചോദ്യോത്തരങ്ങൾ. 
പത്താം ക്ലാസ് അടിസ്ഥാനപാഠാവലിയിലെ ചിത്രകാരി എന്ന ഒന്നാമത്തെ പാഠത്തെ അടിസ്ഥാനമാക്കി ശ്രീ പി. അരുണ്‍ കുമാര്‍ സര്‍, SKMJHSS, Kalpetta തയ്യാറാക്കിയ ചോദ്യോത്തരങ്ങൾ. പഠന സഹായികൾ അയക്കാൻ താല്പര്യമുള്ളവർ ഈ നമ്പറിൽ വാട്സാപ്പ് ചെയ്യുക: 9497346250. 
ചിത്രകാരി - പി.കെ.ഷാഹിന 
♦ കലാവിഷ്കാരങ്ങളിൽ ഏർപ്പെടുമ്പോൾ ലഭിക്കുന്ന ആഹ്ലാദാനുഭൂതികൾ ഫിസ എന്ന കഥാപാത്രത്തിന് അനുഭവിക്കാൻ കഴിയുന്നുണ്ടോ? ചർച്ച ചെയ്യുക.
കലാവിഷ്കാരങ്ങളിൽ ഏർപ്പെടുമ്പോൾ കലാകാരന്മാർക്ക് ലഭിക്കുന്ന ആഹ്ലാദമുണ്ട്; അനുഭൂതിയുണ്ട് . തൻറെ കലാസൃഷ്ടിയിൽ ലയിച്ചിരിക്കുന്ന ഒരാൾക്ക് സന്തോഷത്തിൻറെ പരമോന്നതിയിൽ എത്താൻ കഴിയും. ചുറ്റുമുള്ള എന്ത് പ്രതികൂലസാഹചര്യങ്ങളെയും അലിയിച്ച് ഇല്ലാതാക്കുന്ന മാന്ത്രികത കലാസൃഷ്ടിക്കുണ്ട്. എന്നാൽ ചിത്രകാരി എന്ന കഥയിലെ ഫിസ് അത്തരത്തിൽ ഒരാനന്ദം പേറുന്നവളല്ല. കുടുംബത്തോട് ചേർന്ന് നിൽക്കുന്ന അവൾക്ക് അവിടെ നിന്ന് സഹിക്കേണ്ടി വരുന്ന പ്രശ്നങ്ങളെ തരണം ചെയ്യാൻ കഴിയുന്നില്ല. ചിത്രരചനയിൽ അതീവപ്രാവീണ്യമുള്ള അവൾക്ക് വിവാഹശേഷം അതിൽ വേണ്ടത്ര ഏകാഗ്രതയോടെ സമയം ചെലവഴിക്കാൻ കഴിയുന്നില്ല. ഭർത്താവിൻറെയും വീട്ടുകാരുടെയും പിന്തിരിപ്പൻ മനോഭാവത്തിൽ അവളുടെ കലാമൂല്യം ഇല്ലാതായിപ്പോകുന്നുണ്ട്. തൻറെ ചിത്രരചനയെ ഏറെ സ്നേഹിക്കുന്ന ഫിസയ്ക്ക് പക്ഷേ അതിൽ മനസ്സർപ്പിക്കാൻ കഴിയാതെ കലാസൃഷ്ടിയിൽ നിന്നുള്ള ആഹ്ലാദാനുഭൂതികൾ വേണ്ടത്ര അവൾക്ക് ലഭിക്കുന്നില്ലെന്ന് കാണാം.
♦ " അയാൾ അവളുടെ കൈവിരലുകളിലേക്കാണ്ട് നോക്കി. ദൈവം തൊട്ട കൈവിരലിൽ അപൂർണമായൊരു ചിത്രത്തിൻറെ മഞ്ഞപ്പച്ചച്ചായങ്ങൾ അപ്പോഴും പറ്റി നിന്നിരുന്നു. നിശ്ശബ്ദമായൊരു കരച്ചിലോടെ അവൾ കൈ കഴുകാൻ തുടങ്ങി. " - കഥാന്ത്യം നൽകുന്ന സൂചനകൾ എന്തെല്ലാമാണ്? നിരീക്ഷണങ്ങൾ അവതരിപ്പിക്കുക. 
ഷാഹിന ഇ കെ യുടെ "ചിത്രകാരി " എന്ന കഥയിലെ വരികളാണിവ. കഥയിലെ കേന്ദ്രകഥാപാത്രമായ ഫിസ് എന്ന ചിത്രകാരിയുടെ നേർചിത്രമാണിത്. ദൈവം തൊട്ട കൈവിരലുകളാണ് ഫിസയുടേതെന്ന് ഫിസയുടെ ഭർത്താവിനോട് ആദ്യമായി പറയുന്നത് അയാളുടെ സുഹൃത്താണ്. അതയാളിൽ അസ്വസ്ഥതയുളവാക്കുന്നു. പിന്നീട് അവളുടെ ചിത്രരചന കാണുന്ന വേളയിലൊക്കെ അയാൾ നീരസം കാട്ടുന്നുണ്ട്. സ്ത്രീകൾ കലാരംഗത്ത് പ്രവർത്തിക്കുന്നതോ, ജോലിക്ക് പോകുന്നതുമൊക്കെ തെറ്റായി കാണുന്ന ഒരു സമൂഹത്തിൽ ഫിസ നേരിടുന്ന ദുരനുഭവങ്ങൾ പുതുമയുള്ളതല്ല. എല്ലാ കയ്പേറിയ അനുഭവങ്ങളെയും ചിത്രത്തിലൂടെ കോറിയിടാൻ ശ്രമിച്ച അവളുടെ ചിത്രത്തെപോലും ഹാഫിസ് നശിപ്പിക്കാൻ ശ്രമിച്ചപ്പോൾ പതിവ് പോലെ തന്നെ നിശ്ശബ്ദമായ ഒരു കരച്ചിലൂടെ തന്റെ ചിത്രരചന നിർത്തി ഫിസ്. അപൂർണമായ ചിത്രം പോലെ അവളുടെ ജീവിതവും കൈയിൽ പറ്റിപ്പിടിച്ച് മഞ്ഞ ഛായം പോലെ അവളുടെ ഉള്ളിലെ കലാവാസനയും ഒരു ചോദ്യമായി മാറുന്നു. ഇത്തരത്തിൽ സ്ത്രീയുടെ സർഗ്ഗവാസനയ്ക്ക് കടിഞ്ഞാണിടുന്ന രീതിയിൽ ഭർതൃഗൃഹത്തിലെത്തപ്പെടുമ്പോൾ സാഹചര്യം വഴിമാറുന്നു. ഭർത്താവിനോ, വീട്ടുകാർക്കോ അവളുടെ ചിത്രരചനയിൽ ഒട്ടും താൽപര്യമുണ്ടാകുന്നില്ല. അതിൻറെ പൊരുത്തക്കേടുകൾ കുടുംബിനിയെന്ന നിലയിൽ ചിത്രത്തേയോ കുടുംബത്തേയോ മാറ്റി നിർത്തപ്പെടാൻ കഴിയാത്തവിധം ശോകസങ്കുലമായ മനസ്സിനുടമായി അവൾ മാറുന്നു. ഹാഫിസ് എന്ന കുടുംബനാഥൻ പുരുഷമേധാവിത്വ ചിന്തയോടെ പ്രവർത്തിക്കുന്നത്. കലാവിരോധമെന്ന ആശയത്തിലുപരി സ്ത്രീയുടെ കഴിവിനെ അംഗീകരിക്കാതിരിക്കുന്ന കഥാപാത്രമായി പരിണമിക്കുന്നത് കാണാം.
♦ " വരയ്ക്കാതെ വരയ്ക്കാതെ അവളൊക്കെയും മറന്നുപോയിരിക്കും" - വരയ്ക്കാതെ എന്ന പദം ആവർത്തിക്കുന്നത് കൊണ്ട് വാക്യത്തിന് ആശയപരമായി എന്തെങ്കിലും മേന്മ ലഭിക്കുന്നുണ്ടോ? ഇത്തരം കൂടുതൽ ഉദാഹരണങ്ങൾ കണ്ടെത്തി പ്രയോഗഭംഗി വിവരിക്കുക.
വരയ്ക്കാതെ എന്ന് ആവർത്തിക്കുന്ന ഭാവതീവ്രതയാർന്ന വാക്യം ചിത്രകാരി എന്ന കഥയിലെ അവളുടെ ഭർത്താവിന്റെ ചിന്തയാണ്. കല്യാണം കഴിഞ്ഞ ഉടൻ തന്നെ അവളുടെ സർഗ്ഗവാസനയ്ക്ക് കടിഞ്ഞാണിടുന്ന കുടുംബത്തിൻറെ ഇടപെടലിൽ നിന്ന് സ്വയം പിൻവാങ്ങുകയും ചെയ്യുന്നു. എന്നാൽ എത്ര അടച്ചുവെച്ചാലും അത്തറിൻറെ കുപ്പി ഒരിക്കൽ തുറന്നാൽ സുഗന്ധം കാറ്റിൽ പടരും എന്നത് പോലെ ഫിസയുടെ കലാവാസനയും കുറച്ച് കഴിയുമ്പോൾ ഉണരുന്നുണ്ട്. ഭർത്താവിനും വീട്ടുകാർക്കും ഇഷ്ടമില്ലാതിരുന്നിട്ട് കൂടി തൻറെ വരയുടെ ലോകത്ത് തിരിച്ചെത്തുന്ന ഫിസ് ഒരു സൂചകമാണ്. കലാസൃഷ്ടികൾ കാലാതീതമാണ്. കലാകാരൻമാർക്ക് ശേഷവും അവരുടെ സൃഷ്ടികൾ എന്നെന്നും ജ്വലിക്കും എന്ന സൂചന. ദൈവം തൊട്ട കൈവിരലുകൾ അതൊരു സ്ത്രീയാണെന്നതിനാൽ അയാളെ അസ്വസ്ഥനാക്കുന്നു. സകല തിരിച്ചടികളെയും വാക്കുകളെയും അവഗണിച്ച് ചിത്രം വരയ്ക്കുന്നു ഫിസ്. അവളുടെ ബ്രഷ് ഇപ്പോൾ ഒരു കാട് തീർക്കുകയാണ്. ക്യാൻവാസിൽ മഞ്ഞ പച്ചകളുടെ മാത്രം കാട്. അവ്യക്തമായ ഒരു വഴി കാടങ്ങനെ പടർന്ന് പടർന്ന് പോകുമ്പോൾ കാട് ഫിസയുടെ ജീവിതവും അതിലെ അവ്യക്തമായ വഴി അവളുടെ കലാവാസനയുമാണ്. എവിടേക്കെന്നറിയാത്ത ചിത്രകാരി, എങ്ങോട്ടെന്നറിയാത്ത ചിത്രകാരി വരയ്ക്കാതെ വരയ്ക്കാതെ പടർന്ന് പടർന്ന് തുടങ്ങിയ വരികളിൽ വാക്യത്തിൻറെ ആശയത്തിന് കൂടുതൽ ആശയദീപ്തിയും ഭാവതീവ്രതയും വ്യക്തതയും മിഴിവേകുന്നത് കാണാം.
♦ ഫിസ -കഥാപാത്രനിരൂപണം
ഷാഹിന ഇ കെ യുടെ കഥയിലെ കേന്ദ്രകഥാപാത്രമാണ് ഫിസ്. ചിത്രകലയെ തൻറെ ജീവനേക്കാളേറെ സ്നേഹിക്കുന്ന, ചിത്രങ്ങൾ കൊണ്ട് തന്റെ വീട് അലങ്കരിച്ചിരുന്ന പ്രഗത്ഭയായ ഒരു കലാകാരിയുടെ നിയോഗമാണവൾക്കുണ്ടായിരുന്നത്. കല്യാണം കഴിയുന്നതോടെ ചിത്രകലയെ തമസ്കരിച്ച് അവഗണനകൾക്കും കുറ്റപ്പെടുത്തലുകൾക്കും, പരിഹാസങ്ങൾക്കും വിധേയയായി ദൗർഭാഗ്യയായ കലാകാരിയായി സ്വയം മാറിത്തീരുന്നവളായിത്തീരുന്നു. സ്ത്രീകൾക്ക് കലാരംഗമോ, ജോലിയോ നിഷിദ്ധമെന്ന് കരുതുന്ന ഒരു കുടുംബത്തിന് മുന്നിൽ പകച്ച് നിൽക്കേണ്ടുന്ന കഥാപാത്രമായി ഫിസ മാറുന്നു. ചിത്രരചനയെന്നാൽ നാലഞ്ച് കുറിയും വരയും എന്ന് ധരിച്ച ഭർത്താവിൻറെ മുന്നിൽ വേണ്ടത്ര പ്രതിരോധം തീർക്കാനാവാതെ അസഹനീയമായ ജീവിതത്തിനുടമയായിത്തീരുന്നുണ്ടവൾ. ദൈവം തൊട്ട കൈവിരലുകൾ എന്ന് പ്രകീർത്തിക്കപ്പെട്ട അവൾക്ക് സ്വന്തം ജീവിതത്തിൽ സ്വാതന്ത്ര്യത്തോടെ ചലിപ്പിക്കാനുള്ള ശക്തിവിശേഷം ലഭ്യമാക്കാൻ കഴിയുന്നില്ലെന്ന് മനസ്സിലാക്കാം. ആരോടും പരിഭവം പറയാതെ ഗൃഹജോലികൾ മുഴുവൻ തീർത്ത് മനസംഘർഷത്തിന് അയവ് വരുത്താൻ ക്യാൻവാസിൽ ചായങ്ങളൊരുക്കുന്ന അവൾ നന്മയുടെ കൂടി പ്രതീകമാവുന്നുണ്ട്. സ്വാതന്ത്ര്യദാഹിയായ ഒരു പെൺമനസ്സിനുടമയായ അവൾ ഒരുവേള ചിത്രകലയിലൂടെ ഒരു ഫിനിക്സ് പക്ഷി കണക്കേ കുതിച്ചുയരാൻ ശ്രമിക്കുന്നുമുണ്ട്. 
♦ ചിത്രകാരിയിലെ ചിത്രങ്ങൾ കഥയുടെ ഭാവതലത്തെ ആവിഷ്കരിക്കുന്നതിൽ എത്രമാത്രം പര്യാപ്തമാണ്? പരിശോധിക്കുക. 
ചിത്രകാരി എന്ന ഷാഹിന ഇ കെ യുടെ കഥയിൽ ചിത്രങ്ങളാണ് കഥ പറയുന്നത്. ഫിസ് എന്ന ചിത്രകാരിയുടെ ജീവിതം വിവാഹത്തിന് മുൻപ്, പിൻപ് എന്നിങ്ങനെ രണ്ട് അടരുകളായി അടയാളപ്പെടുത്തിയ കഥയിൽ ചിത്രങ്ങൾക്ക് സവിശേഷപ്രാധാന്യമുണ്ട്. വാങ്മയചിത്രങ്ങളിലൂടെ മനസ്സിൽ ഒരു ചിത്രം മെനെഞ്ഞെടുപ്പിക്കുക ഈ കഥയിൽ സാധ്യമായിരിക്കുന്നു. ഫിസ് എന്ന ചിത്രകാരിക്ക് ജീവിതത്തിൽ പറയാനാവാത്ത പലതും തീവ്രമായ രീതിയിൽ ബ്രഷ് ചലിപ്പിച്ച് അനുഭവങ്ങൾ ആവിഷ്കരിക്കുന്നു. മൂടൽമഞ്ഞ് പടർന്ന പ്രകൃതി, മണ്ണിലൂടെ കടന്നുവരുന്ന തെളിവെയിൽ, നരച്ച പച്ചയുടെ മഞ്ഞച്ച്, ഇടയ്ക്ക് പൊട്ടി വിടർന്ന ചെമപ്പ് പൂവ് എന്നിങ്ങനെ കാടകം തീർക്കുന്ന ബ്രഷ് അങ്ങനെ പടർന്ന് മുന്നേറുന്നു. പ്രസ്തുത കഥാസന്ദർഭങ്ങളിലൊക്കെത്തന്നെ ചിത്രങ്ങൾ ആശയത്തിന് ഉൾക്കരുത്ത് നൽകുന്നതായി കാണാം. മനുഷ്യമനസ്സിൻറെ ചിന്തകളെ ചിത്രങ്ങളാൽ രേഖപ്പെടുത്തുക എന്ന ദൗത്യം ഷാഹിന എന്ന കഥാകാരി നടത്തിയിട്ടുണ്ട്. അതാകട്ടെ വാക്കുകളേക്കാൾ ദൃഢമാണ്. ചിത്രകാരി എന്ന കഥയെ നിരീക്ഷിക്കുമ്പോൾ വാക്കുകൾക്ക് അതീതമായ ഒരു ഭാവതലം നൽകാൻ ചിത്രങ്ങൾ പര്യാപ്തമെന്ന് ഉറപ്പിക്കാവുന്നതാണ്.
♦ "അട്പത്തെ പണി ഒരു കടലാ ഫിസേ.....അതങ്ങ്ട്ട് തീർന്നൂന്ന് പറയാമ്പറ്റ്യങ്ങനെ..... അന്റെ പെയ്ൻറടി പോലല്ലാത് ......എന്നല്ല, ദൊന്നും പെണ്ണുങ്ങൾക്ക് പറ്റ പണ്യല്ല'' -  (ചിത്രകാരി)
''സമ്മേളനത്തിന് കവിത വായിച്ച പെങ്കുട്ട്യെ ഇഷ്ടപ്പെട്ടൂന്ന് പറഞ്ഞതിന് ഇവിടെ വലിയ പുകിലായിരുന്നൂത്രേ..... എന്താ ശര്യല്ലേ? എന്തിനാ പാട്ടും കഥേം? അമ്മ പറേണത് പോലെ, പെണ്ണായാൽ ചോറും കറിയും വെയ്ക്കണം.... പെറണം'' - (ഓർമ്മയുടെ ഞരമ്പ് - കെ ആർ മീര)
മുകളിൽ നൽകിയ കഥാസന്ദർഭങ്ങളിൽ തെളിയുന്നത് പോലുള്ള അവസ്ഥകൾ സമൂഹത്തിൽ ഇന്നും നിലനിൽക്കുന്നുണ്ടോ? ചർച്ചകൾ സംഘടിപ്പിക്കുക
• ചർച്ചയിൽ അവതരിപ്പിക്കേണ്ട ആശയങ്ങൾ
• രണ്ട് കഥയിലെയും ആശയത്തിൻറെ സാദൃശ്യചിന്തകൾ
• അടുക്കളക്കാരിയിൽ ഉരുകിത്തീരുന്ന പെൺജന്മങ്ങൾ
• പെൺ സർഗ്ഗവാസനകൾക്ക് കുടുംബം വിലങ്ങുതടിയാകുമ്പോൾ വർത്തമാനകാല പെൺനോട്ടങ്ങൾ
• സ്ത്രീ എപ്പോഴും പുരുഷന് കീഴിൽ എന്ന മനോഭാവം വർത്തമാനകാല സമൂഹവുമായി ബന്ധപ്പെടുത്തി പരിശോധിക്കുക
• വിവാഹം എന്നത് സ്വത്വവികാസത്തിന് പ്രതിസന്ധിയായി മാറിത്തീരുന്ന സന്ദർഭങ്ങളിൽ സ്ത്രീകൾ എങ്ങനെ മറികടക്കണം എന്ന ചിന്ത
• ആൺ - പെൺ അസമത്വങ്ങൾ ഇന്നും നിലനിൽക്കുന്നുണ്ടോ? അവയെ എങ്ങനെ തരണം ചെയ്യാം.
♦ ഹാഫിസ് - കഥാപാത്രനിരൂപണം
ചിത്രകാരി എന്ന കഥയിലെ ഫിസയുടെ ഭർത്താവാണ് ഹാഫിസ്. ഒരു യാഥാസ്ഥിതിക ചിന്താഗതിക്കാരനാണ് ഇയാൾ. സ്ത്രീസ്വാതന്ത്ര്യം ഹനിക്കുന്ന പ്രവൃത്തികളാണ് ഇയാളുടേത്. ഭാര്യയുടെ കഴിവുകളെ തീർത്തും അവഗണിക്കുന്ന ഭർത്താവ്. ഭാര്യക്കൊപ്പം നിൽക്കാൻ മടിക്കുന്ന മനസ്സിനുടമ. സ്ത്രീകൾക്ക് കല അനാവശ്യമാണെന്ന ചിന്ത വെച്ച് പുലർത്തുന്നയാൾ. തന്നെ മാത്രം സ്നേഹിക്കുന്ന മനസ്സിനുടമ. ആധുനികപുരുഷസമൂഹത്തിലെ തുറന്ന ചിന്താഗതിയുള്ള തലമുറയ്ക്ക് പേരുദോഷം വരുത്തുന്ന വ്യക്തി.