Kerala Syllabus Class 8 കേരള പാഠാവലി - Unit 01 മനസ്സുനന്നാവട്ടെ: Chapter 02 - താളുകൾക്കിടയിലൊരു മയിൽ‌പ്പീലി - ചോദ്യോത്തരങ്ങൾ | Teaching Manual


Study Notes for Class 8 കേരള പാഠാവലി (മനസ്സുനന്നാവട്ടെ) താളുകൾക്കിടയിലൊരു മയിൽ‌പ്പീലി | STD 8 Malayalam - Kerala Padavali - Chapter 2 - Thalukalkkidayiloru mayilppeeli - Questions and Answers | Chapter 02 താളുകൾക്കിടയിലൊരു മയിൽ‌പ്പീലി - ചോദ്യോത്തരങ്ങൾ. ഈ പാഠഭാഗത്തിന്റെ Teaching Manual ലഭിക്കാനുള്ള ലിങ്ക്  അവസാനഭാഗത്ത് നൽകിയിട്ടുണ്ട്.
എട്ടാം ക്ലാസ് കേരളപാഠാവലിയിലെ താളുകൾക്കിടയിലൊരു മയിൽ‌പ്പീലി എന്ന ഒന്നാമത്തെ പാഠത്തെ അടിസ്ഥാനമാക്കി ശ്രീ പി. അരുണ്‍ കുമാര്‍ സര്‍, SKMJHSS, Kalpetta തയ്യാറാക്കിയ ചോദ്യോത്തരങ്ങൾ. പഠന സഹായികൾ അയക്കാൻ താല്പര്യമുള്ളവർ ഈ നമ്പറിൽ വാട്സാപ്പ് ചെയ്യുക: 9497346250
താളുകൾക്കിടയിലൊരു മയിൽ‌പ്പീലി - പ്രിയ എ.എസ് 
♦ വിശകലനക്കുറിപ്പ്
എന്റെ വിടർന്ന കണ്ണുകളിലേക്ക് നോക്കി, മയിൽപ്പീലികണ്ണുകൾ പോലെയുണ്ട് എന്ന് ഇടയ്ക്കെല്ലാം നീലകണ്ഠൻ പറയുമ്പോൾ എൻറെ എല്ലാ വേദനകളും ഞാൻ മറന്നുപോയി " - ഈ വാക്യം വിശകലനം ചെയ്ത് കുറിപ്പ് തയ്യാറാക്കുക.
പ്രിയ എ എസ് എഴുതിയ ഹൃദയസ്പർശിയായ ഒരു കഥയാണ് "താളുകൾക്കിടയിൽ ഒരു മയിൽപീലി" എന്ന ഈ പാഠഭാഗം. ഇതിലെ പ്രധാന കഥാപാത്രങ്ങൾ നീലകണ്ഠനും അനുതാരയുമാണ്. ഇവർ തമ്മിലുള്ള നിഷ്കളങ്കവും ആഴവുമേറിയ സൗഹൃദത്തെയാണ് ഈ കഥ വരച്ചിടുന്നത്.
ബാല്യകാലത്തിൻറെ ഭൂരിഭാഗദിനങ്ങളിലും വിട്ട് മാറാത്ത അസുഖം കാരണം ആശുപത്രിവാസം ചെയ്യേണ്ടിവരുന്ന അനുതാരയുടെ കൂട്ട് നീലകണ്ഠൻ ആയിരുന്നു. വല്ലപ്പോഴും സ്കൂളിൽ വരുന്ന അവളെ സഹായിക്കുവാൻ നീലകണ്ഠൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. അവൻ അവൾക്ക് മയിൽപ്പീലികളും തൂവലുകളും മറ്റും നൽകുമായിരുന്നു. അവൾ സ്വയം വരച്ച ചിത്രങ്ങൾ അതിന് പകരമായി നൽകും. നീലകണ്ഠന്റെ അകമഴിഞ്ഞ പ്രോത്സാഹനം അവൾക്ക് വീണ്ടും ചിത്രങ്ങൾ വരയ്ക്കാനുള്ള പ്രചോദനമായിത്തീർന്നു. ലോകത്തിൽ വച്ച് ഏറ്റവും ഭംഗി മയിൽപീലിക്കാണെന്ന് നീലകണ്ഠൻ വിശ്വസിച്ചിരുന്നു. ആ മയിൽപീലിയുമായിട്ടാണ് കണ്ണുകളെ സാദൃശ്യപ്പെടുത്തിയത്. വേദനയെല്ലാം 
മറന്ന് അനുതാരയിൽ നവോന്മേഷം വരുത്തിയതും ഈ വാക്കുകളാണ്.

♦ പ്രയോഗഭംഗി
• മന്ദാരപ്പൂപോലെ
• പെരുമഴയത്തെ ഒരു തുള്ളി പോലെ.
ഈ കഥയെ മനോഹരമാക്കുന്നത് ഇത്തരത്തിലുള്ള പ്രയോഗങ്ങളാണ്. കൂടുതൽ പ്രയോഗങ്ങൾ പാഠഭാഗത്തുനിന്ന് കണ്ടെത്തി എങ്ങനെയാണ് അവ കഥയ്ക്ക് ഭംഗി നൽകുന്നതെന്ന് വിശദീകരിക്കുക.
മന്ദാരപ്പൂവിന്റെ സവിശേഷതകളായ വെണ്മ നൈർമല്യം, ഹൃദയദ്രവീകരണശക്തി തുടങ്ങിയവ നീലകണ്ഠൻറെ ചിരിയിൽ കാണുന്നു. പെയ്യുന്ന മഴയിൽ ഒരു മന്ദാരപ്പൂവിനെ കാണുന്ന പ്രതീതി ജനിപ്പിക്കാൻ എഴുത്തുകാരിക്ക് സാധിക്കുന്നു. 
പെരുമഴയത്ത തുള്ളിപോലെ എന്ന പ്രയോഗത്തിൽ നിന്ന് സ്കൂളിലെ കുട്ടികളുടെ ബാഹുല്യം വ്യക്തമാവും. പെരുമഴയത്ത് ഒരു മഴത്തുള്ളിക്ക് പ്രത്യേകസ്ഥാനം ഇല്ലാത്തതുപോലെ മറ്റുള്ളവരുടെ കണ്ണിൽ പ്രത്യേകമായ ആകർഷകത്വം അവനില്ലെങ്കിലും നീലകണ്ഠന്റെ അസാന്നിധ്യം പെൺകുട്ടി തിരിച്ചറിയുന്നു. അവർ തമ്മിലുള്ള ഹൃദയബന്ധം വ്യക്തമാക്കാൻ ഈ പ്രയോഗത്തിന് കഴിയുന്നുണ്ട്.

• പിടികിട്ടാ ഉയരത്തിൽ പറന്ന് തിമർക്കുന്ന അറിവിന്റെ തുമ്പികൾ എന്ന പ്രയോഗം ഇടവിട്ടുള്ള ആശുപത്രിവാസം കഴിഞ്ഞ് ക്ലാസിലെത്തിയ അനുതാരയ്ക്ക് പാഠഭാഗങ്ങൾ പ്രയാസമായിരുന്നു എന്ന് സൂചിപ്പിക്കുന്നു. പിടികിട്ടാതെ ഉയരത്തിൽ പാറി നടക്കുന്ന തുമ്പികളോട് അറിവിനെ സങ്കല്പിച്ച കാവ്യഭാവന മനോഹരമായി പാഠഭാഗത്ത് ആവിഷ്കരിച്ചിട്ടുണ്ട്. 

• "വിടരാതെ കരിഞ്ഞുപോയ ഒരിതൾ പോലെ " എന്ന പ്രയോഗവും അർത്ഥവത്താണ്. ഒരു പൂമൊട്ട് വിടർന്ന് നിൽക്കുമ്പോഴാണ് സൗന്ദര്യം. അനുതാരയുടെ ബാല്യകാലത്തെ വിടരാതെ കൊഴിഞ്ഞുപോയ ഒരു പൂമൊട്ടിനോട് സാദൃശ്യപ്പെടുത്തിയിരിക്കുന്നു. അവളുടെ ബാല്യത്തിന്റെ നഷ്ടങ്ങളെ സൂചിപ്പിക്കാൻ ഈ പ്രയോഗത്തിനു കഴിയുന്നുണ്ട്. 

• "ഈറനായ പൊട്ടിച്ചിരിയുതിർത്തു" എന്ന പ്രയോഗത്തിൽ കാഴ്ച നഷ്ടപ്പെട്ട് തനിക്കിനി പഠിക്കാൻ കഴിയില്ല എന്നതിൻറെ വേദനയെ ഉള്ളിൽ ഒളിപ്പിച്ച് ചിരിക്കുന്ന നിലകണ്ഠന്റെ മനോഭാവത്തെ ആവിഷ്കരിക്കുന്നുണ്ട്.
♦ കഥാപാത്രനിരൂപണം -നീലകണ്ഠൻ
രണ്ടു കുട്ടികൾ തമ്മിലുള്ള സൗഹൃദ ബന്ധത്തിൻറെ ആഴം പ്രമേയമാക്കിക്കൊണ്ട് പ്രിയ എ എസ് എഴുതിയ ഹൃദയസ്പർശിയായ ഒരു കഥയാണ് "താളുകൾക്കിടയിൽ ഒരു മയിൽപീലി". ഈ കഥയിലെ പ്രധാനപ്പെട്ട രണ്ട് കഥാപാത്രങ്ങളാണ് നീലകണ്ഠനും അനുതാരയും. സ്കൂൾ അധ്യയനത്തിന്റെ ഭൂരിഭാഗദിനങ്ങളിലും അസുഖം ബാധിച്ച് ആശുപത്രിവാസം ചെയ്യേണ്ടിവരുന്ന അനുതാരയുടെ ബാല്യത്തിൽ വെളിച്ചം വീശിയിരുന്ന കൂട്ടുകാരനാണ് നീലകണ്ഠൻ. നീണ്ട ദിനങ്ങൾക്ക് ശേഷം സ്കൂളിലേക്ക് പോകുന്ന അനുതാരയെ കൂട്ടുകാർ പലരും മറന്നുപോയിരുന്നു. നീലകണ്ഠൻ അനുതാരയ്ക്ക് നോട്ട് പുസ്തകം വാങ്ങി പഠിപ്പിച്ചതൊക്കെ എഴുതി പറഞ്ഞ് മനസ്സിലാക്കുമായിരുന്നു. അവളുടെ ദയനീയസ്ഥിതി മനസ്സിലാക്കി അധ്യാപകർ അറിയാതെ ഉത്തരം പറഞ്ഞു കൊടുക്കുമായിരുന്നു. മയിൽപീലിയും താമരമൊട്ടും തൂവലുകളും എല്ലാം സമ്മാനിച്ചിരുന്നു. അതിനു പകരമായി അനുതാര താൻ വരച്ച ചിത്രങ്ങൾ നീലകണ്ഠന് നൽകുമ്പോൾ നന്നായി പ്രോത്സാഹിപ്പിച്ചിരുന്നു. പിന്നെയും തുടർന്ന് ചിത്രങ്ങൾ വരക്കാനുള്ള പ്രേരകമായിത്തീർന്നു ഇത്തരം അനുഭവങ്ങൾ. അച്ഛനില്ലാത്ത കുട്ടിയായിരുന്നിട്ടും, വീട്ടിൽ പഠനപ്രക്രിയയെ മുന്നോട്ട് നയിക്കാൻ ആരോരുമില്ലാതിരുന്നിട്ടും പഠനത്തോടുള്ള അഭിനിവേശം ജനിപ്പിച്ച് മുന്നേറാൻ നീലകണ്ഠന് കഴിഞ്ഞിരുന്നു. കാഴ്ചയെ മറയ്ക്കുന്ന അസുഖം വന്ന് പഠനം പോലും മുടങ്ങിയ നേരങ്ങളിൽ, നിർമമനായി ഉള്ളിൽ ദുഃഖം ഒളിപ്പിക്കുന്ന നിർധന ബാല്യത്തിനുടമയായ വിദ്യാർഥിയെയാണ് നീലകണ്ഠനിൽ കാണാൻ കഴിയുന്നത്.

♦ കണ്ടെത്തി എഴുതാം
• “അത് വെട്ടി വിറ്റു. തീർത്താലും തീരാണ്ടല്ലേ കടം!''
• "അയ്യയ്യോ. എന്തിനാ ഇങ്ങനെ കരയണത്? നോക്ക് ഞാൻ കരയണില്ലല്ലോ''
• "ഇനി എന്റെ പങ്കും കൂടി അനുതാര പഠിച്ചോളൂ.'
നീലകണ്ഠന്റെ സ്വഭാവത്തിലേക്കും ജീവിതത്തിലേക്കും വെളിച്ചം വീശുന്ന സംഭാഷണശകലങ്ങൾ ശ്രദ്ധിച്ചല്ലോ. ഇതുപോലെ പാഠഭാഗത്തുനിന്നും കൂടുതൽ സംഭാഷണങ്ങൾ കണ്ടെത്തി എഴുതൂ.
1. അത് വെട്ടി വിറ്റു തീർത്താലും തീരാണ്ടല്ലേ കടം.
2. അയ്യയ്യോ എന്തിനാ ഇങ്ങനെ കരയണത് ! നോക്ക് ഞാൻ കരയണില്ലല്ലോ 
3. ഇനി എന്റെ പങ്കും കൂടി അനുതാര പഠിച്ചോളൂ
4. ഇത് ജീവനുള്ള മയിലാന്നാ വിചാരിച്ചത്
5. ഇനി എനിക്കെന്തിനാ പെൻസില്
6. ഈ വീടിന്റെ തുറന്നിട്ട വാതിലിൽ കൂടി ദാ ഞാനിപ്പോൾ അകത്ത് കയറും 
7. ഇപ്പോൾ ഏത് പാഠമാണെടുക്കുന്നത്? അതൊന്ന് വായിച്ചേ കേൾക്കട്ടെ!

♦ പദപരിചയം 
• സർവതും - എല്ലാം 
• പണിപ്പെട്ട് - ബുദ്ധിമുട്ടി 
• പ്രകാശമാനം - പ്രകാശം നിറഞ്ഞ 
• അപരിചിതത്വം - പരിചയമില്ലാത്ത 
• വികൃതം - വിരൂപം 
• സാന്ത്വനം - സമാധാനപ്പെടുത്തൽ 
• അനുകരിച്ച് - മറ്റൊന്നിനെ മാതൃകയാക്കി 
• നെടുങ്കൻ - നീളമുള്ള 
• ഗൗനിച്ചില്ല - ശ്രദ്ധിച്ചില്ല 
• നിശ്ചലം - ചലിക്കാത്ത 
• ഈറനായ - നനഞ്ഞ


TEACHING APTITUDE TEST (K-TET, C-TET, etc.) ---> Click here