Kerala Syllabus Class 8 കേരള പാഠാവലി - Unit 01 മനസ്സുനന്നാവട്ടെ: Chapter 01 - പനിനീർപ്പൂവ് - ചോദ്യോത്തരങ്ങൾ 


Study Notes for Class 8 കേരള പാഠാവലി (മനസ്സുനന്നാവട്ടെ) പനിനീർപ്പൂവ് | STD 8 Malayalam - Kerala Padavali - Chapter 1 - Panineerppuvu - Questions and Answers | Chapter 01 പനിനീർപ്പൂവ് - ചോദ്യോത്തരങ്ങൾ. 
എട്ടാം ക്ലാസ് കേരളപാഠാവലിയിലെ പനിനീർപ്പൂവ് എന്ന ഒന്നാമത്തെ പാഠത്തെ അടിസ്ഥാനമാക്കി ശ്രീ പി. അരുണ്‍ കുമാര്‍ സര്‍, SKMJHSS, Kalpetta തയ്യാറാക്കിയ ചോദ്യോത്തരങ്ങൾ. പഠന സഹായികൾ അയക്കാൻ താല്പര്യമുള്ളവർ ഈ നമ്പറിൽ വാട്സാപ്പ് ചെയ്യുക: 9497346250
പനിനീർപ്പൂവ് - ഉള്ളൂർ
♦ കണ്ടെത്താം പറയാം 
"പൂക്കളേ, പൂക്കളേ നിങ്ങൾക്കെൻറെ കൂപ്പുകൈ 
പാർക്കുകിൽ നിങ്ങളെന്റെ ദേവതമാർ " 
പൂക്കളെ ദേവതമാരായി കവി സങ്കല്പിച്ചത് എന്തുകൊണ്ടാവാം ?കണ്ടെത്തലുകൾ ഓരോരുത്തരായി ക്ലാസിൽ പങ്കുവെയ്ക്കു.
പൂക്കൾ ഭൂമിയിൽ സൗന്ദര്യവും സന്തോഷവും പവിത്രതയും പ്രദാനം ചെയ്യുന്നതിനാലാണ് പൂക്കളെ ദേവതന്മാരായി സങ്കൽപ്പിച്ചിരിക്കുന്നത്. ഉപയോഗശൂന്യമായ മണൽക്കാടുകൾ പോലും പൂക്കളാൽ പവിത്രമായ ഉദ്യാനങ്ങൾ ആയി മാറുന്നു. അന്നപൂർണേശ്വരിമാരെ പോലെ പൂക്കൾ തങ്ങളുടെ തേൻ വണ്ടുകൾക്കും ശലഭങ്ങൾക്കും നിസ്വാർത്ഥമായി നൽകുന്നു.ദൈവിക സാന്നിധ്യത്തിന് ശുഭസൂചകമെന്നോണം പൂക്കൾ മംഗള കർമ്മങ്ങൾക്കായി ഉപയോഗിക്കുന്നു. നിസ്വാർത്ഥ സേവനം, സൗന്ദര്യം, പവിത്രത, ആനന്ദം നൽകുവാനുള്ള കഴിവ്, ഭൂമിയെ മനോഹരമാക്കാനുള്ള ശക്തിവിശേഷം എന്നിവയാൽ ദേവതകൾക്ക് തുല്യമായ സ്ഥാനം പൂക്കൾ അലങ്കരിക്കുന്നു എന്ന് കവി കണ്ടെത്തുന്നു.

♦ അഭിപ്രായക്കുറിപ്പ് 
"സ്വതേ മനുഷ്യർ സുന്ദരന്മാരാണ് സുന്ദരികളുമാണ് ". 
                         - ഉറൂബ്

"ഒന്നല്ലി നാമയി സഹോദരല്ലി പൂവേ" 
ഒന്നല്ല കൈയിഹ രചിച്ചത് നമ്മെയെല്ലാം
                        - കുമാരനാശാൻ

"നിന്നുടെ ജീവിതം മോശമെന്നല്ലി ഞാൻ 
ചൊന്നതെന്നോമനേ മാപ്പു നൽകൂ" 
                        - ഉള്ളൂർ
ഓരോന്നിനും ഭൂമിയിൽ അതിൻറെതായ സ്ഥാനവും സൗന്ദര്യവും ഉണ്ട്. മുകളിൽ കൊടുത്തിട്ടുള്ള വാക്യവും വരികളും വിശകലനം ചെയ്ത് അഭിപ്രായം തയ്യാറാക്കുക.
ബാഹ്യമായ സൗന്ദര്യത്തിനപ്പുറം ഓരോ വ്യക്തിക്കും ആന്തരിക സൗന്ദര്യം ഉണ്ടെന്നും അത് അംഗീകരിക്കപ്പെടേണ്ടതാണെന്നും ഉറൂബ് സൂചിപ്പിക്കുന്നു. പൂവിനുള്ളത് പോലെ മനുഷ്യനും പ്രകൃത്യാ സൗന്ദര്യവും മൂല്യവും ഉണ്ട്. ആശാൻ വരികളിൽ സാഹോദര്യത്തെയും സർവ്വചരാചരങ്ങളിലുള്ള സമഞ്ജസഭാവത്തെയും കുറിക്കുന്നു. ഓരോന്നിനും ഭൂമിയിൽ അതിൻറേതായ സൗന്ദര്യവും സ്ഥാനവും ഉണ്ട് എന്ന തത്വം ഉള്ളൂർ പനിനീർപ്പൂവിലൂടെ പറഞ്ഞുറപ്പിക്കുന്നു. ഉള്ളൂരിന്റെ തന്നിരിക്കുന്ന വരികളിൽ തെറ്റായ വിലയിരുത്തൽ മേലുള്ള കവിയുടെ പശ്ചാത്താപമാണ് സൂചിതമാകുന്നത്. നിൻറെ ജീവിതം മോശമാണെന്ന് കവി പറഞ്ഞതിനെ കുറിച്ച് അദ്ദേഹം മാപ്പ് ചോദിക്കുന്നു. നിന്ദയിൽ നിന്നും വാത്സല്യം ജനിപ്പിക്കുന്ന ആർദ്രചിന്ത കവിഹൃദയത്തിൽ സംഭവിച്ചതായി കാണാം. പൂവിൻറെ ജീവിതം ലക്ഷ്യപൂർണ്ണവും സൗന്ദര്യപൂർണ്ണവുമാണെന്ന് കവി തിരിച്ചറിയുന്നു.
♦ വ്യാഖ്യാനിക്കാം 
''തെറ്റുന്നു വീണ്ടുമപ്പൂവിനോടോതിനേൻ 
തെറ്റിപ്പോയ് ഞാനൊരു ബുദ്ധിഹീനൻ"
താൻ ബുദ്ധിഹീനനാണെന്ന് കവി പറയാനിടയായ സാഹചര്യം എന്താണ് ?പിന്നീട് കവിയുടെ ചിന്തയിൽ ഉണ്ടായ മാറ്റങ്ങൾ എന്തെല്ലാം ?
ഈ ചിന്തകൾ പനിനീർപ്പൂവിനെ കുറിച്ച് മാത്രമാണോ? കവിത വ്യാഖ്യാനിച്ച് കുറിപ്പ് തയ്യാറാക്കുക.
ഉള്ളൂരിൻറെ പനിനീർപ്പൂവ് എന്ന കവിത പ്രകൃതിയുടെ സൗന്ദര്യത്തെയും ജീവിതത്തെയും കുറിച്ചുള്ള സൂക്ഷ്മാർത്ഥ വിചിന്തനങ്ങൾ കൂടിയാണ്. പനിനീർപ്പൂവിനോടുള്ള ആത്മാഖ്യാനത്തിലൂടെ തൻറെ കാഴ്ചപ്പാടിൽ ഉണ്ടാവുന്ന മാറ്റത്തെ അവതരിപ്പിക്കുന്നു. പൂവിൻറെ ക്ഷണികമായ ജീവിതവും കേവലം സ്മേരത്തിനപ്പുറം നാളെ അത് പാഴ് മണ്ണിൽ അവസാനിക്കുന്നതിലെ നിന്ദയും കവി ചോദിക്കുന്നുണ്ട്. കേവലം തലയാട്ടിക്കൊണ്ട് കവിയുടെ തെറ്റിദ്ധാരണയെ തിരുത്തുന്ന സൗമ്യ പ്രതികരണമാണ് പൂവ് പങ്കുവെയ്ക്കുന്നത്. പൂവിൻറെ സൗന്ദര്യം മുഴുവനായി ലോകത്തിനു നൽകുന്ന നന്മ കാണാതെ അതിൻറെ നാശത്തെക്കുറിച്ച് മാത്രം ചിന്തിച്ച വികലത ഓർത്താണ് കവി തന്നെ ബുദ്ധിഹീനനെന്ന് വിശേഷിപ്പിക്കുന്നത്. തുടർന്ന് കവി ക്ഷമാപണം നടത്തുകയും പൂക്കളുടെ മഹത്വം തിരിച്ചറിയുന്നുമുണ്ട്. ക്ഷണികമെങ്കിലും അർത്ഥപൂർണ്ണമായ ജീവിതത്തിന് ഉടമകളാണ് പൂക്കൾ എന്ന് കവി മനസ്സിലാക്കുന്നു. പനിനീർപ്പൂവിൽ കവിത ആരംഭിച്ച് പിന്നീട് സർവ്വചരാചരങ്ങളുടെയും പ്രതീകമായി പൂവ് മാറുന്നുണ്ട്. ജീവിതവാടിയിൽ ഏതൊരു ജീവിക്കും അതിന്റേതായ ഇടമുണ്ടെന്നും ക്ഷണികമെങ്കിലും സാർത്ഥകമായ ജീവിതകർമ്മങ്ങളിലൂടെ നാമെല്ലാം പനിനീർ പൂക്കളാണെന്നുമുള്ള സമഗ്രദർശനം കവിതയിലുണ്ട്.

♦ കാവ്യഭംഗി കണ്ടെത്താം 
"പാടുന്ന വണ്ടുകൾക്കൊപ്പമായ്തെന്നലി-
ലാടുന്ന നിങ്ങളെയാർ മറക്കും"?

''പാണിയാൽ സ്പർശിച്ചാലെന്തൊരു മാർദ്ദവം ? 
വേണിയിൽ ചൂടിയാലെന്തു ഭംഗി"
വരികൾ ചൊല്ലി നോക്കൂ. കവിതയ്ക്ക് ഭംഗി നൽകുന്ന എന്തെല്ലാം സവിശേഷതകളാണ് ഈ വരികളിൽ ഉള്ളത് കൂടുതൽ വരികൾ കാവ്യഭാഗത്ത് നിന്നും കണ്ടെത്തി അവതരിപ്പിക്കൂ.
പനിനീർ പൂവ് എന്ന കവിതയിലെ വരികൾ കാവ്യാസ്വാദനത്തിന് മാറ്റ് പകരുന്നുണ്ട്. കാറ്റിൽ ആടുന്ന പൂക്കളെയും അതിനൊപ്പം പാടുന്ന വണ്ടുകളെയും ഒരുമിച്ചു കാണുമ്പോൾ മനോഹരചിത്രം തെളിയുന്നു. പൂക്കളുടെ നൃത്തവും വണ്ടുകളുടെ ഗാനവും ചേരുമ്പോൾ പ്രകൃതിയുടെ സംഗീതത്തിന് മാറ്റഴക് വർദ്ധിപ്പിക്കുന്നു. ഈ വരികൾ പൂക്കൾ തലമുടിയിൽ അണിയുമ്പോൾ ഉണ്ടാകുന്ന സൗന്ദര്യത്തെ എടുത്തുകാട്ടുന്നു.
♦ കൂടുതൽ വരികൾ
"ഏതൊരു  പാഴ്‌മണൽ കാടുതാൻ നിങ്ങളാൽ - 
പ്പൂതമാം നന്ദനമാകുന്നീല!''
പാഴ് മണൽ കാടിനെ പോലും മലർവാടിയാക്കുന്ന നിരുപമമായ കഴിവ് പൂക്കൾക്കുണ്ട് എന്നിവിടെ വ്യക്തമാക്കുന്നു.

"ഘ്രാണേന്ദ്രിയത്തിന് സാഫല്യം നേടുന്നു 
മാനവർ നിങ്ങൾതന്നന്തികത്തിൽ "
പൂക്കളുടെ സുഗന്ധത്താൽ അവ മനുഷ്യൻറെ ഇന്ദ്രിയങ്ങൾക്ക് സംതൃപ്തി നൽകുന്നു എന്ന വാസ്തവികത ഈ വരികൾ വ്യക്തമാക്കുന്നു.

"തൻനറും തേൻ നിങ്ങളേകുന്നു, ലോകത്തി-
ന്നന്നപൂർണ്ണേശ്വരിമാർ കണക്കേ''
പൂക്കളെ അന്നപൂർണ്ണേശ്വരിമാരോട് ഉപമിച്ചിരിക്കുന്നു. ഇവരെപ്പോലെ പൂക്കളും ലോകത്തിന് മധുവാൽ അമരത്വം നൽകുന്നു.

♦ ആസ്വാദനക്കുറിപ്പ് 
പനിനീർ പൂവ് എന്ന കവിതയിലെ ആശയം, ശബ്ദഭംഗി, പ്രയോഗഭംഗി, സാദൃശ്യപ്പെടുത്തലുകൾ എന്നിവ ഉൾപ്പെടുത്തി ആസ്വാദനക്കുറിപ്പ് തയ്യാറാക്കുക.
പൂക്കളുടെ സൗന്ദര്യത്തെയും അവ മനുഷ്യന് പ്രദാനം ചെയ്യുന്ന സന്തോഷത്തെയും നന്മയേയും മഹത്വചിന്തയെയും കുറിക്കുന്ന ഉള്ളൂരിൻറെ കവിതയാണ് പനിനീർപൂവ്. മനോഹരമായ പനിനീർപ്പൂവിനോട് പരിഹാസരൂപേണ നാളെ അത് വാടിക്കൊഴിഞ്ഞ് പാഴ് മണ്ണിൽ അമരുന്ന ജീവിതചക്രമെന്ന കവിയുടെ ചോദ്യത്തോടെയാണ് കവിത ആരംഭിക്കുന്നത്. സൗമ്യമായ തലയാട്ടലിലൂടെ കവിയുടെ രൂക്ഷ പ്രതികരണത്തെ തിരുത്തുന്ന ശുഭസൂചകമായ മറുപടിയാണ് പൂവ് നൽകുന്നത്. ഇത് കവിയെ ആഴത്തിൽ ചിന്തിപ്പിക്കുന്നു. പൂക്കൾ കേവലം സൗന്ദര്യവസ്തുക്കൾ മാത്രമല്ലെന്നും അവ ഭൂമിക്ക് ഐശ്വര്യം ചാർത്തുന്ന ദേവതമാരോടും ഉപമിച്ച് പ്രണമിക്കുന്നുണ്ട് കവി. 

ഉള്ളൂരിൻറെ കവിതകളിലെ പ്രധാന സവിശേഷതകളിൽ ഒന്നാണ് ശബ്ദഭംഗി. "പാടുന്ന വണ്ടുകൾക്കൊപ്പമായി തെന്നലിലാടുന്ന നിങ്ങളെയാർ മറക്കും " എന്ന വരികളിലെ താളവും, "കല്യാണ കർമ്മത്തിനാവശ്യമേവർക്കും കല്യാണധാമങ്ങളായ നിങ്ങൾ" എന്ന വരികളിൽ ആവർത്തനത്തിന്റെ ശബ്ദാതിരേകവും കാണാം. "മാൺപെഴും ചെമ്പനീർപൂവ് " എന്ന പ്രയോഗം പൂവിൻറെ സൗന്ദര്യത്തെയും മഹനീയതയെയും എടുത്തുകാട്ടുന്നുണ്ട്.

കവിതയിലെ സാദൃശ്യാലങ്കാരങ്ങളും ഭാവസൗന്ദര്യം എടുത്തുയർത്തുന്നുണ്ട്. പൂക്കൾ ലോകത്തിന് തേൻ നൽകുന്ന കൃത്യം അന്നപൂർണേശ്വരി മാർക്കൊപ്പമാണ് എന്ന ഉപമയിലൂടെ നിസ്വാർത്ഥ ജീവിതമാണ് പൂക്കളുടേതെന്ന് കവി അടയാളപ്പെടുത്തുന്നുണ്ട്. ഭൂമിക്ക് മഹത്വം നൽകുന്ന പൂക്കളെ "വിണ്ണിലെ പൈതങ്ങൾ " എന്ന് കവി അഭിസംബോധന ചെയ്യുന്നുണ്ട്. നിഷ്കളങ്കതയും പരിശുദ്ധിയും ദൈവിക സൗന്ദര്യവും പൂക്കളിലുണ്ടെന്ന് ഈ താരതമ്യത്തിലൂടെ കവി വ്യക്തമാക്കുന്നു. ചുരുക്കത്തിൽ ഉള്ളൂരിൻറെ പനിനീർപ്പൂവ് കേവലം പൂവിൽ മാത്രമായി പരിമിതപ്പെടാതെ ജീവിതത്തിൻറെ അർത്ഥവും നശ്വരതയും പ്രകൃതിമഹാത്മ്യവും വിളംബരം ചെയ്യുന്ന ദാർശനികകാവ്യം കൂടിയായി മാറുന്നുണ്ട്.
 
♦ പദപരിചയം 
• മാൺപ് - ഭംഗി, അഴക് 
• പാഴുറ്റ - വ്യർഥമായ 
• ഓതിയില്ല - പറഞ്ഞില്ല 
• ആതങ്കം - ദുഃഖം 
• പ്രസൂനം - പൂവ് 
• മേന്മേൽ - മേൽക്കുമേൽ, വീണ്ടും വീണ്ടും 
• തെറ്റെന്ന് - പെട്ടെന്ന് 
• ബുദ്ധിഹീനൻ - ബുദ്ധിയില്ലാത്തവൻ 
• ചൊന്നത് - പറഞ്ഞത് 
• പാരിതിൽ - ഭൂമിയിൽ 
• പൂതം - വെളുത്തത്, വിശുദ്ധിയുള്ളത് 
• നന്ദനം - സ്വർഗത്തിലെ പൂന്തോട്ടം
• മാല് - ദുഃഖം 
• മർത്യൻ - മനുഷ്യൻ 
• സ്ഫീതം - വർധിച്ച, സമൃദ്ധമായ 
• വായ്ക്കുക - വർധിക്കുക 
• ഘ്രാണേന്ദ്രിയം - മുക്ക് (മണക്കുന്നതിനുള്ള ഇന്ദ്രിയം)
• അന്തികത്തിൽ - അടുക്കൽ 
• അന്നപൂർണ്ണേശ്വരി - സമൃദ്ധിയുടെ ദേവി 
• പാണി - കൈ 
• വേണി - തലമുടി 
• മൗലി - ശിരസ്സ് 
• ഭൂഷ - അലങ്കാരം 
• കല്യാണം - മംഗളം 
• ധാമം - ഇരിപ്പിടം 
• മന്ന് - ഭൂമി 
• വിണ്ണ് - ആകാശം 


TEACHING APTITUDE TEST (K-TET, C-TET, etc.) ---> Click here