Kerala Syllabus Class 10 കേരള പാഠാവലി - Unit 02 ഉള്ളിലാണെപ്പോഴും ഉണ്മതാനെന്നപോൽ: Chapter 03 - തേൻ - പഠനക്കുറിപ്പ് | Teaching Manual


Study Notes for Class 10 കേരള പാഠാവലി (ഉള്ളിലാണെപ്പോഴും ഉണ്മതാനെന്നപോൽ) തേൻ | STD 10 Malayalam - Kerala Padavali - Chapter 3 - Then - Notes | Chapter 03 തേൻ - ആസ്വാദനക്കുറിപ്പ്. ഈ പാഠഭാഗത്തിന്റെ Teaching Manual ലഭിക്കാനുള്ള ലിങ്ക്  അവസാനഭാഗത്ത് നൽകിയിട്ടുണ്ട്.
എട്ടാം ക്ലാസ് കേരളപാഠാവലിയിലെ 'ഉള്ളിലാണെപ്പോഴും ഉണ്മതാനെന്നപോൽ' എന്ന യൂണിറ്റിലെ തേൻ എന്ന പാഠത്തെ അടിസ്ഥാനമാക്കി സുമേഷ്.കെ.എം. രാജീവ് ഗാന്ധി മെമ്മോറിയൽ എച്ച്.എസ്.എസ്., മൊകേരി തയ്യാറാക്കിയ പഠനക്കുറിപ്പ്. പഠന സഹായികൾ അയക്കാൻ താല്പര്യമുള്ളവർ ഈ നമ്പറിൽ വാട്സാപ്പ് ചെയ്യുക: 9497346250. 
തേൻ - വിജയകുമാർ ബ്ലാത്തുർ 
♦ ബാൽ -  (Honey) സെമിഹ് കപ്ലനോഗ്ലു
തേൻ എന്ന സിനിമയിലെ പ്രമേയം, കഥാപാത്രങ്ങൾ, എന്നിവ കണ്ടെത്തി അവതരിപ്പിക്കുക.
തുർക്കി സിനിമയിലെ ഏറ്റവും പ്രഗത്ഭനും സ്വാധീനശക്തിയുമുള്ള സംവിധായകരിൽ ഒരാളായി നിരീക്ഷിക്കപ്പെടുന്ന സെമി കപ്ലനോഗ്ലുവിന്റെ ഭാവഗാനം പോലെ സുന്ദരമായ ചലച്ചിത്രകാവ്യമാണ് ബാൽ (Honey). 2010 ൽ ബെർലിൻ ചലച്ചിത്രോത്സവത്തിൽ മികച്ച സിനിമയ്ക്കുള്ള ഗോൾഡൻ ബയർ പുരസ്കാരം നേടി ഈ ചിത്രം.
തന്നെ സ്വാധീനിച്ച ചലച്ചിത്രകാരനായി സത്യജിത് റായിയെ സൂചിപ്പിക്കുന്ന കപ്ലനോഗ്ലുവിൽ റായിയുടെ അപുത്രയത്തിന്റെ സ്വാധീനപരത അടിസ്ഥാനമായി വർത്തിച്ചിരുന്നിരിക്കാം.

യൂസഫ് ട്രിലഗി എന്നറിയപ്പെടുന്ന Egg (Yumurta), Milk (Sut), Honey (Bal) എന്നീ സിനിമളെ യൂസുഫ് ട്രിലജി എന്ന് സിനിമാനിരൂപകർ ചൂണ്ടിക്കാട്ടുന്നു. കപ്ലനോഗ്ലുവിന്റെ ആത്മകഥാപരമായ ആഖ്യാനങ്ങളാണവ. എന്നാൽ, കാലത്തിന്റെ തുടർച്ചയെ ലംഘിക്കുന്ന ഈ സിനിമകൾ വിപരീതാനുക്രമത്തിലാണ് കപ്ലനോഗ്ലു അണിയിച്ചൊരുക്കിയത്.
വര്‍ഷങ്ങള്‍ക്കു ശേഷം, തന്റെ അമ്മയുടെ മരണത്തെത്തുടര്‍ന്നാണ് താന്‍ ബാല്യകാലം ചെലവഴിച്ച, ഗ്രാമത്തിലെ തകര്‍ന്നു വീഴാറായ വീട്ടിലേക്ക് യൂസുഫ് തിരിച്ചു വരുന്നത്. അവിടെ അയാളെയും കാത്ത് നില്‍ക്കുന്ന അകന്ന ബന്ധത്തില്‍പെട്ട പെണ്‍കുട്ടിയുടെ സാന്നിധ്യത്തെപ്പറ്റി പോലും  അയാള്‍ ബോധവാനല്ല.

അയാളിലുണരുന്ന കുറ്റബോധവും വൈകാരിക സമ്മര്‍ദങ്ങളുമൊക്കെയാണ്  യുമുർത്ത (Egg (മുട്ട) 2007) എന്ന ചിത്രത്തിൽ നാം കാണുന്നത്. മരിച്ചു പോയ അമ്മക്ക് തന്നെക്കുറിച്ചുണ്ടായിരുന്ന പ്രതീക്ഷകള്‍ക്കും തന്റേതായ അഭിലാഷങ്ങള്‍ക്കുമിടയില്‍ തന്റെ യൗവനത്തെ നിര്‍വചിക്കാനാവാതെ കുഴങ്ങുന്ന യൂസഫിനെയാണ് സട്ട്  (മില്‍ക് 2008) എന്ന ചിത്രത്തില്‍ പ്രത്യക്ഷമാകുന്നത്. തേന്‍ ശേഖരിക്കാന്‍ കാട്ടില്‍ പോയ അച്ഛന്‍ അപ്രത്യക്ഷനായതോടെ പ്രതിസന്ധിയിലാകുന്ന കുട്ടിയുടെയും കുടുംബത്തിന്റെയും കഥയാണ് ബാൽ (Honey 2010). 
ബാൽ -
ഉയർന്ന, നിബിഢമായ മരങ്ങൾക്കിടയിലൂടെ തന്റെ കുതിരയേയും കൊണ്ട് നടന്നു വരുന്ന ഗ്രാമീണനായ യാക്കൂബിന്റെ ദൃശ്യത്തിലാണ്‌ ബാൽ ആരംഭിക്കുന്നത്. തേൻ ശേഖരിച്ച് ജീവിതവൃത്തി കണ്ടെത്തുന്ന അയാൾ കാട്ടിൽ ഉയരങ്ങളിൽ തേൻ കൂടുകൾ സ്ഥാപിക്കുന്നു. മരത്തിന്റെ ഉയരങ്ങളിൽ സ്ഥാപിച്ച തേൻ കൂടുകൾ ശേഖരിക്കാൻ മരങ്ങളിൽ വലിഞ്ഞു കയറുന്ന യാക്കൂബ് മരത്തിന്റെ കമ്പ് പൊട്ടി താഴേക്ക് വീഴുന്നുണ്ട്. എന്നാൽ താഴേക്ക് പതിക്കാതെ മരണത്തിനും ജീവിതത്തിനുമിടയിലെ നൂൽപ്പാലത്തിൽ  കിടന്നാടുന്ന യാക്കൂബിന്റെ കാഴ്ച പ്രേക്ഷകനെ വല്ലാതെ സംഭ്രമിപ്പിക്കുന്നുണ്ട്. 
തുടർന്ന് ആറ് വയസുകാരനായ മകൻ യൂസഫും ഭാര്യയുമടങ്ങുന്ന യാക്കൂബിന്റെ കുടുംബത്തിലേക്ക് നമ്മെ കൊണ്ടു പോകുന്നു ചലച്ചിത്രം.

വിക്കുള്ളതിനാൽ സംസാരിക്കാൻ മടിയുള്ള അന്തർമുഖനായ കുട്ടിയാകുന്നു യൂസഫ്. അച്ഛനായിരുന്നു അവന്റെയെല്ലാം. അച്ഛനോട് മൃദുവായ ശബ്ദത്തിൽ മന്ത്രണം പോലെ അവൻ സംസാരിക്കും. ക്ലാസിൽ പാഠഭാഗങ്ങൾ വായിക്കുമ്പോൾ ഒരു വാക്കിനപ്പുറം മുന്നോട്ട് പോവാൻ കഴിയാത്ത അവൻ സഹപാഠികൾക്ക് ചിരിക്കാനുള്ള  വിഷയമായി മാറി. അച്ഛന്റെ വഴികാട്ടിയായ പരുന്ത് മാത്രമായിരുന്നു അവന് കൂട്ട്. അച്ഛന് തേൻ ശേഖരിക്കാൻ വേണ്ട സഹായങ്ങളെല്ലാം ചെയ്തിരുന്നത് യൂസഫായിരുന്നു. ഒരിക്കൽ വിജനമായ കാട്ടിൽ വെച്ച് അപസ്മാര ബാധയേറ്റ് നിലത്ത് വീണ യാക്കൂബിനരികിൽ നിസഹായനായി ഇരിക്കേണ്ടി വരുന്ന ബാലനായ യൂസഫിന്റെ ചിത്രം ഹൃദയഭേദകമാണ്. ജീവിതവും മരണവും തമ്മിലുള്ള സന്ധി സംഭാഷണം പോലെ അത് മാറുന്നു.

അങ്ങനെ തന്റെ ജീവനത്തിന്റെ ആശ്രയമായ തേൻ കൂടുകൾ കുറയുന്നതും തേനീച്ചകൾ അപ്രത്യക്ഷമായതും യാക്കൂബ് വേദനയോടെ അറിയുന്നു.
നിനച്ചിരിക്കാതെ അപ്രത്യക്ഷമായ തേനീച്ചകൾ അവനിൽ ജീവിതത്തിന്റെ ഭീതി നിറയ്ക്കുന്നുണ്ട്. ജീവിതമൊരു ചോദ്യചിഹ്നമായി മാറുന്ന സന്ദർഭം.
തേൻ ശേഖരിക്കാൻ ദുഷ്കരമായ വനാന്തർഭാഗത്ത് പോയേ മതിയാവൂ എന്ന് തീരുമാനിച്ചുറപ്പിച്ച യാക്കൂബിനെയാണ് സിനിമയുടെ ആരംഭത്തിൽ നാം കാണുന്നത്.

തേൻ ശേഖരിക്കാൻ ഉൾക്കാടുകളിൽ പോയ യാക്കൂബിനെ അമ്മയും മകനായ യൂസുഫും കാത്തിരിക്കുകയാണ്. അച്ഛന്റെ അസാന്നിധ്യം, നികത്താൻ കഴിയാത്ത ശൂന്യതയും മൗനവുമായി യൂസഫിൽ നിറയുന്നു.
യാക്കൂബ് വരുമ്പോൾ നല്കാനായി പലഹാരങ്ങൾ തയ്യാറാക്കി  കാത്തിരിക്കുന്നുണ്ട് യൂസഫ്. ആപത് ശങ്കകൾ നിറയുന്ന നിമിഷങ്ങൾ. യാക്കൂബിന് ദുരന്തം പിണഞ്ഞിരിക്കുന്ന വിവരം ഗ്രാമീണർ തിരിച്ചറിയുന്നുണ്ടെങ്കിലും യൂസഫിനെ അറിയിക്കുന്നില്ല. പതിവു പോലെ സ്കൂളിൽ പാഠപുസ്തക വായനയിൽ ഏർപ്പെടുന്ന യൂസുഫ് പക്ഷേ അന്ന് സഹപാഠികൾക്ക് ചിരിക്ക് വിഷയമായി തീർന്നില്ല. മറിച്ച് അഭിനന്ദനത്തോടെ മികച്ച കുട്ടികൾക്കുള്ള ബാഡ്ജ് അവന് ടീച്ചർ എന്തിനാണ് നല്കിയതെന്നും അവന് മനസ്സിലാവുന്നില്ല.
വീട്ടിൽ തിരിച്ചെത്തിയപ്പോൾ ആളുകൾ കൂടിയിരിക്കുന്നത് കണ്ട്  അച്ഛന് അപകടം പിണഞ്ഞതായി അവൻ ഊഹിക്കുന്നു. വീട്ടിലേക്ക് പോവാതെ കാട്ടിലേക്ക് അവൻ ഓടുന്നു. നിഗൂഢമായ വനനീലിമയിൽ അച്ഛന്റെ കൂടെ താൻ കടന്നുപോയ വഴിത്താരകളും  ഓർമ്മകളും പങ്കിട്ട് അവൻ അച്ഛനെ തിരയുന്നു. മരത്തിന്റെ വേരുകൾക്കിടയിൽ ക്ഷീണിച്ച്  തളർന്നുറങ്ങുന്ന യൂസുഫിന്റെ ദൃശ്യത്തിൽ സിനിമ അവസാനിക്കുന്നു.
സംഭാഷണങ്ങളോ സംഗീതമോ കുറവായ ചിത്രം പ്രകൃതിയുടെ സംഗീതത്തെ അതേപടി അതിൽ പകർത്തിയിട്ടുണ്ട്. കാട് തന്നെ ഒരു കഥാപാത്രമായി നിറയുന്ന ചിത്രത്തിൽ കാടിന്റെ സംഗീതം  ചിത്രത്തിന് പകരുന്ന അർത്ഥസാധ്യത വളരെയേറെയാണ്.

നിത്യ ജീവിതത്തിലെ പ്രമേയങ്ങളിൽ നിന്ന് ജീവിതത്തിന്റെ ദാർശനിക തലം അന്വേഷിക്കുകയാണ് സെമി കപ്ലനോഗ്ലു യുമുർത്ത ( 2007), സട്ട് (2008), ബാൽ (2010) എന്നി ചിത്രങ്ങൾ ഉൾപ്പെടുന്ന ട്രൈലജിയിലൂടെ ചെയ്യുന്നത്.
യൂസഫ് എന്ന കേന്ദ്ര കഥാപാത്രത്തിലൂടെ കഥ പറയുന്ന ഈ മൂന്ന് ചിത്രങ്ങളിൽ അവസാനത്തേതും മികച്ചതുമാകുന്നു ബാൽ എന്ന ചിത്രം.
യൂസഫും പിതാവും തമ്മിലുള്ള സ്നേഹവും ആദരവും പിതാവിന്റെ അപ്രതീക്ഷിതമായ മരണം ആ കുട്ടിയിൽ ഉണ്ടാക്കുന്ന പ്രതികരണവും, അനുഭവപ്പെടുന്ന ശൂന്യതയുമെല്ലാം മനോഹരമായി ആവിഷ്ക്കരിക്കുന്ന  അഭ്രപാളിയിൽ വിരിഞ്ഞ ഭാവഗാനമാകുന്നു ബാൽ (Honey).

👉Chapter 03 തേൻ - Teaching Manual - Coming soon

TEACHING APTITUDE TEST (K-TET, C-TET, etc.) ---> Click here