Kerala Syllabus Class 8 കേരള പാഠാവലി - Unit 01 മനസ്സുനന്നാവട്ടെ: Chapter 03 - തിങ്കളാഴ്ച നല്ല ദിവസം - ചോദ്യോത്തരങ്ങൾ | Teaching Manual


Study Notes for Class 8 കേരള പാഠാവലി (മനസ്സുനന്നാവട്ടെ) തിങ്കളാഴ്ച നല്ല ദിവസം | STD 8 Malayalam - Kerala Padavali - Chapter 3 - Thinkalazcha nalla divasam - Questions and Answers | Chapter 03 തിങ്കളാഴ്ച നല്ല ദിവസം - ചോദ്യോത്തരങ്ങൾ. ഈ പാഠഭാഗത്തിന്റെ Teaching Manual ലഭിക്കാനുള്ള ലിങ്ക്  അവസാനഭാഗത്ത് നൽകിയിട്ടുണ്ട്.
എട്ടാം ക്ലാസ് കേരളപാഠാവലിയിലെ തിങ്കളാഴ്ച നല്ല ദിവസം എന്ന ഒന്നാമത്തെ പാഠത്തെ അടിസ്ഥാനമാക്കി ശ്രീ പി. അരുണ്‍ കുമാര്‍ സര്‍, SKMJHSS, Kalpetta തയ്യാറാക്കിയ ചോദ്യോത്തരങ്ങൾ. പഠന സഹായികൾ അയക്കാൻ താല്പര്യമുള്ളവർ ഈ നമ്പറിൽ വാട്സാപ്പ് ചെയ്യുക: 9497346250
തിങ്കളാഴ്ച നല്ല ദിവസം - പി.പത്മരാജൻ 
♦ കണ്ടെത്തി എഴുതാം 
"നിങ്ങളാരും എത്ര കാലം കഴിഞ്ഞാലും എന്നെ കാണാനായിട്ടു അങ്ങോട്ട് വരരുത് " ഈ നിലപാട് സ്വീകരിക്കുന്നതിന് അമ്മയെ പ്രേരിപ്പിച്ച ഘടകങ്ങൾ എന്തൊക്കെയാവാം?തിരക്കഥ വായിച്ച് കണ്ടെത്തി എഴുതുക
"നിങ്ങളാരും എന്നെ കാണാനായിട്ട് അങ്ങോട്ട് വരരുത് "എന്ന അമ്മയുടെ കടുത്ത നിലപാട് മക്കളുടെ പ്രവൃത്തികൾ ഏൽപ്പിച്ച ആഴത്തിലുള്ള മുറിവിൽ നിന്ന് ഉടലെടുത്തതാണ്. വീട് വിൽക്കാനും തന്നെ ഒരു ആശ്രമത്തിലേക്ക് മാറ്റാനുമുള്ള പദ്ധതികൾ മക്കൾ രഹസ്യമാക്കി വെച്ചത് ഒരു വഞ്ചനയായി അവർക്ക് അനുഭവപ്പെട്ടു. മക്കളുടെ സാമ്പത്തിക ആവശ്യങ്ങൾക്കും സൗകര്യങ്ങൾക്കും തന്നെ ഒരു തടസ്സമായി കണ്ട് തന്നെ ഒഴിവാക്കുന്നു എന്ന തിരിച്ചറിവ് അവരെ വേദനിപ്പിച്ചു. അമ്മയുടെ ജീവിതത്തെയും അധ്വാനത്തെയും ഒരു ബുദ്ധിമുട്ടായി ചിത്രീകരിച്ച് തങ്ങളുടെ ആവശ്യങ്ങൾ നേടിയെടുക്കാനാണ് മക്കൾ ശ്രമിക്കുന്നത്. തന്നാൽ സ്വയം നിയന്ത്രിക്കാൻ കഴിയുമായിരുന്ന ഒരേയൊരു മാർഗം മക്കളുമായുള്ള ബന്ധം വിച്ഛേദിക്കുകയായിരുന്നു ആ അമ്മ. ആത്മാഭിമാനം സംരക്ഷിക്കാനുള്ള അവരുടെ അവസാനത്തെ ശക്തമായ പ്രതികരണമായിരുന്നു ആ വാക്കുകൾ.

♦ ഉപന്യാസം
"വീടും പറമ്പും ഗോപന്റെ ഷെയറാ,അമ്മ അങ്ങനെ ആരടേം പ്രത്യേക ഷെയറിലല്ലല്ലോ"? സമകാലിക കേരളത്തിൽ കുടുംബഘടനകളിലും ജീവിതരീതികളിലും വന്നു ചേർന്നിട്ടുള്ള മാറ്റങ്ങളുടെ പ്രതിഫലനമാണ് തിരക്കഥയിൽ ദൃശ്യമായിട്ടുള്ളത്. പ്രതികരണങ്ങൾ സംഘമായി ചർച്ച ചെയ്ത് അവതരിപ്പിക്കുക. അവതരണത്തിലെ ആശയങ്ങൾ ക്രോഡീകരിച്ച് ഉപന്യാസം തയ്യാറാക്കുമല്ലോ.
സാംസ്കാരിക കേരളം ഇന്ന് അനുഭവിച്ചുകൊണ്ടിരിക്കുന്ന ഒരു വലിയ കുടുംബജീവിത പ്രശ്നത്തിലേക്കാണ് തിങ്കളാഴ്ച ദിവസം എന്ന് തിരക്കഥ വിരൽചൂണ്ടുന്നത്. പ്രായമായവർ, അച്ഛനമ്മമാർ വീടിൻറെ ഐശ്വര്യമാണെന്ന് കരുതിപ്പോന്ന ഒരു സംസ്കാരം കേരളത്തിൽ ഉണ്ടായിരുന്നു. ഈ തിരക്കഥയിലെ കഥാപാത്രമായ ഗോപൻ വീടും പറമ്പും വിറ്റ് ബാംഗ്ലൂരിൽ ഫ്ലാറ്റ് വാങ്ങിക്കാൻ ശ്രമിക്കുന്നത് നഗരവൽക്കരണത്തിന്റെയും, സാമ്പത്തിക അടിത്തറ ഒരുക്കി ഗ്രാമീണ ജീവിതത്തിൽ നിന്നകന്ന് മാറാനുള്ള ആധുനിക മനുഷ്യൻറെ പ്രവണതയെ സൂചിപ്പിക്കുന്നു.
മാതാപിതാക്കളെ മക്കൾ സംരക്ഷിക്കുന്ന പരമ്പരാഗത രീതിയിൽ നിന്ന് വ്യത്യസ്തമായി, അവരെ വൃദ്ധസദനങ്ങളിലേക്ക് മാറ്റുന്ന പ്രവണതയും ഇവിടെ കാണാം. കഥാപാത്രമായ ബിന്ദു, ശരണാലയം എന്ന വൃദ്ധസദത്തെക്കുറിച്ച് വാചാലയാവുന്നത് മുതിർന്ന പൗരന്മാരെ ഭാരമായി കാണുന്ന പുതിയ തലമുറയുടെ ചിന്താഗതിയെ പ്രതിഫലിപ്പിക്കുന്നു. "അമ്മ മക്കളുടെ കൂടെ നിൽക്കാൻ താല്പര്യം കാണിക്കാത്തത് കൊണ്ട് കുറേക്കൂടെ നോക്കാനും കാണാനും ഒക്കെ ആളും സൗകര്യവുമുള്ള ഒരു സ്ഥലത്തേക്ക് മാറ്റുന്നു" എന്നുള്ള ഗോപന്റെ സംസാരവും, മാതാപിതാക്കളുടെ ഇഷ്ടാനിഷ്ടങ്ങൾക്ക് താല്പര്യം കൊടുക്കാതെ തങ്ങളുടെ സൗകര്യങ്ങൾക്ക് അനുസരിച്ച് തീരുമാനമെടുക്കാനുമുള്ള മക്കളുടെ മനോഭാവത്തെ എടുത്ത് കാണിക്കുന്നു.
കഥാഗതിയിൽ ഇതിനെ തുടർന്നുള്ള അമ്മയുടെ പ്രതികരണം മാറ്റങ്ങളോടുള്ള ശക്തമായ ചെറുത്തുനിൽപ്പാണ്. താൻ സ്നേഹിക്കുന്ന വീടും വളർത്തുമൃഗങ്ങളെയും ഉപേക്ഷിച്ച് പോകാൻ അവരൊട്ടും താൽപര്യം കാണിക്കുന്നില്ല. ഒടുവിൽ "നിങ്ങളാരും എത്ര കാലം കഴിഞ്ഞാലും എന്നെ കാണാനായിട്ട് അങ്ങോട്ടു വരരുത് " എന്നുള്ള അമ്മയുടെ പറച്ചിൽ തിരസ്കരിക്കപ്പെട്ട ഒരു വ്യക്തിത്വത്തിന്റെ ആത്മാഭിമാനത്തെയും മക്കൾക്ക് ഭാരമാകാതിരിക്കാനുള്ള തീരുമാനത്തെയും സൂചിപ്പിക്കുന്നു.
കുടുംബ ബന്ധങ്ങളേക്കാൾ ഭൗതിക നേട്ടങ്ങൾക്ക് പ്രാധാന്യം നൽകുന്ന ഒരു സമൂഹത്തിൻറെ നേർചിത്രമാണ് ഈ തിരക്കഥ. കുടുംബബന്ധങ്ങളിലെ ഊഷ്മളത നഷ്ടപ്പെട്ട് സ്വാർത്ഥ ലാഭങ്ങൾക്കും സൗകര്യങ്ങൾക്കും വേണ്ടി ബന്ധവ്യവസ്ഥയെ ശിഥിലമാക്കുന്ന സമകാലിക കേരളത്തിൻറെ യാഥാർത്ഥ്യങ്ങളെ അത് തുറന്നുകാട്ടുന്നു.
♦ ചലച്ചിത്രാസ്വാദനസദസ്
പി പത്മരാജൻ സംവിധാനം ചെയ്ത "തിങ്കളാഴ്ച നല്ല ദിവസം " എന്ന സിനിമ ക്ലാസിൽ പ്രദർശിപ്പിക്കുക. സിനിമയെ കുറിച്ച് ആസ്വാദന ചർച്ചാസദസ്സ് സംഘടിപ്പിക്കുക.
ഗൃഹാതുരത്വത്തിൻറെ സുഖമുള്ള നൊമ്പരം " തിങ്കളാഴ്ച നല്ല ദിവസം"
പി. പത്മരാജൻ രചനയും സംവിധാനവും നിർവ്വഹിച്ച് സുനിത പ്രൊഡക്ഷൻസിന്റെ ബാനറിൽ എം. മണി നിർമ്മിച്ച് 1985-ൽ പുറത്തിറങ്ങിയ ചിത്രമാണ് തിങ്കളാഴ്ച നല്ല ദിവസം. അമ്മയുടെ പിറന്നാളും അവധിക്കാലവും ആഘോഷിക്കാൻ നാട്ടിലെ കുടുംബവീട്ടിൽ ഒന്നിച്ചു കൂടുന്ന മക്കളും ചെറുമക്കളും. അവരൊന്നിച്ചുള്ള ഏതാനും ദിവസങ്ങളിൽ നടക്കുന്ന സംഭവങ്ങൾ. പ്രായോഗികതയുടെയും ഗൃഹാതുരത്വത്തിലും കുടുങ്ങിയ പ്രവാസി മലയാളിയുടെ ജീവിതത്തിന്റെ നേർച്ചിത്രമാണ് ഈ സിനിമയിൽ. മമ്മൂട്ടി, കവിയൂർ പൊന്നമ്മ, കരമന ജനാർദ്ദനൻ നായർ, ശ്രീവിദ്യ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ആ വർഷത്തെ മികച്ച മലയാളചലച്ചിത്രത്തിനുള്ള ദേശീയപുരസ്കാരം ഈ ചിത്രം നേടി. 1970 കാലഘട്ടത്തിൽ കേരളത്തിലെ കൂട്ടുകുടുംബ വ്യവസ്ഥിതിയിൽ നിന്നും അണുകുടുംബങ്ങളിലേക്ക് മാറുന്ന സാഹചര്യത്തിൻറെ കഥ പറയുന്ന, അതു കൊണ്ടുണ്ടായ സാംസ്കാരിക മാറ്റത്തിന്റെ വ്യക്തമായ കാഴ്ചപ്പാട് ഈ ചിത്രം കാഴ്ചക്കാർക്ക് നൽകുന്നു. കരമന ജനാർദ്ദനൻ നായർ, കവിയൂർ പൊന്നമ്മയും മികച്ച പ്രകടനം കാഴ്ചവച്ച ഈ ചിത്രം നിരൂപകപ്രശംസയും സാമ്പത്തിക വിജയവും നേടി. ചുനക്കര രാമൻകുട്ടി രചിച്ച് ശ്യാം സംഗീതം നൽകിയ "പനിനീരുമായ് ..." എന്ന വാണി ജയറാം പാടിയ ഒരു ഗാനം ചിത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 
ചുറ്റും മരങ്ങളുള്ള ഒരു കൃഷിയിടത്തിലെ പഴയ തറവാട്ടിലാണ് ജാനകിയമ്മ (കവിയൂർ പൊന്നമ്മ) ജീവിക്കുന്നത്. കൂടെ അകന്ന ബന്ധുവായ ഒരു പെൺകുട്ടി സഹായത്തിനുണ്ട്. പശുക്കളെയും ആടിനെയും പോറ്റാനും കൃഷിപ്പണികൾക്കും വേലക്കാരുമുണ്ട്. മരിച്ചുപോയ ഭർത്താവിന്റെയും, അകാലത്തിൽ മരിച്ച മകളുടെയും ഓർമ്മയ്ക്ക് നട്ട മരങ്ങളിലൂടെ അവർ അമ്മയ്ക്ക്  നിത്യസാന്നിധ്യങ്ങളാണ്. ഏതൊരു കൃഷിക്കാരെയും പോലെ വീടുവിട്ടാൽ വളർത്തുമൃഗങ്ങളെക്കുറിച്ച് അവർ വേവലാതിപ്പെടും. മക്കൾ ജോലി തേടി അന്യനാടുകളിൽ പോവുകയും അവിടെ ജീവിക്കുകയും ചെയ്യുന്നതിൽ അവർക്ക് പരാതിയില്ല. മരണശേഷം ഭർത്താവിനെ ദഹിപ്പിച്ച അതേ മണ്ണിൽ അദ്ദേഹത്തിന്റെ പേരിൽ ഓർമ്മിക്കപ്പെടുന്ന മാവ് മുറിച്ച് തന്നെ ദഹിപ്പിക്കണം എന്നാണ് അവരുടെ ആഗ്രഹം. മൂത്തമകനായ നാരായണൻകുട്ടിയും (കരമന) ഭാര്യ അംബികയും (ശ്രീവിദ്യ) ബോംബെയിൽ സർക്കാർ ഉദ്യോഗസ്ഥരാണ്. രണ്ടാമത്തെ മകൻ ഗോപനും (മമ്മൂട്ടി) ഭാര്യ ബിന്ദുവും (ഉണ്ണിമേരി) ഗൾഫിലാണ്. മരിച്ചുപോയ മകളുടെ ഭർത്താവും മകനും ദൂരെ തിരുവന്തപുരത്താണ്. ഇളയ മകൻ ഗോപന്റെ പേരിലാണ് തറവാടും പുരയിടവും. ഗൾഫിലെ ജോലി അവസാനിപ്പിച്ചു പോരുമ്പോൾ താമസിക്കാനായി അവർ ബാംഗ്ലൂരിൽ ഒരു ഫ്ലാറ്റ് വാങ്ങാൻ തീരുമാനിക്കുന്നു. അതിന് കയ്യിലുള്ള സമ്പാദ്യം തികയില്ല. തറവാട് വിൽക്കാൻ കഴിഞ്ഞാൽ അതിനൊരു പരിഹാരമായി.
ഇക്കാര്യം നാരായണൻകുട്ടിയെ കത്തു മുഖേന അറിയിച്ചെങ്കിലും അദ്ദേഹം അതിനു പ്രതീക്ഷിച്ച രീതിയിൽ പ്രതികരിച്ചില്ല. അമ്മയുടെ 60-ാം പിറന്നാളിന്
ഒത്തുകൂടുന്ന മക്കൾ, തറവാട് വിൽക്കുന്ന കാര്യം അമ്മയെ
അറിയിക്കാനും അമ്മയുടെ സമ്മതത്തോടെ അവരെ ഒരു വൃദ്ധമന്ദിരത്തിൽ താമസിപ്പിക്കാനും പദ്ധതിയിടുന്നു. എന്നാൽ ജാനകിയമ്മ മക്കളുടെ രഹസ്യ സംഭാഷണം കേട്ട് അവർ വിവരം അറിയിക്കുന്നതിന് മുൻപുതന്നെ വൃദ്ധസദനത്തിലേക്ക് പോവാൻ തീരുമാനിക്കുകയും ചെയ്യുന്നു. ഒരിക്കൽ അവിടെയെത്തിയാൽ മക്കളോ കൊച്ചുമക്കളോ കാണാൻ വരരുതെന്ന് പറയുകയും ചെയ്യുന്നു. വയസ്സുകാലത്ത് അമ്മ ഒറ്റയ്ക്ക് താമസിക്കുന്നതിൽ ഉത്ക്കണ്ഠയുണ്ട് എന്ന ന്യായം പറയുന്നുണ്ടെങ്കിലും മക്കൾ അവരുടെ സ്വാർത്ഥ താല്പര്യങ്ങൾക്ക് മാത്രമാണ് വില കല്പിക്കുന്നതെന്നും തന്റെ ഇഷ്ടാനിഷ്ടങ്ങൾ അവർക്ക് പ്രധാനമല്ലെന്നും ജാനകിയമ്മ മനസ്സിലാക്കുന്നു. വൃദ്ധസദനത്തിൽ എത്തിച്ചേർന്ന അന്നുരാത്രി ജാനകിയമ്മ മരിക്കുന്നു. പുരയിടം വാങ്ങാൻ ഉദ്ദേശിച്ചയാൾ ശകുനങ്ങൾ ശരിയല്ല, എന്ന കാരണത്താൽ കച്ചവടം ഒഴിയുന്നു. വിൽക്കാൻ കഴിയാത്തതിനാലും അമ്മയുടെ മരണത്തിന്റെ കുറ്റബോധം കൊണ്ടും ഗോപനും കുടുംബവും ഗൾഫിലേക്ക് തിരിച്ചുപോകാതെ തറവാട്ടിൽ താമസിക്കാനും തീരുമാനിക്കുന്നു. മനോഹരമായ ഒരു കുടുംബകഥ, മികച്ച തിരക്കഥ, പ്രശസ്തരായ അഭിനേതാക്കൾ.
സംഗീതപരമായ പരിപൂർണ്ണതയൊന്നും അവകാശപ്പെടാനില്ലെങ്കിലും ചില ഗാനങ്ങൾ നമുക്ക് പ്രിയപ്പെട്ടവയാവാറുണ്ട്..!! പറഞ്ഞറിയിക്കാനാവാത്ത മാനസിക വിക്ഷോഭങ്ങളുണർത്തി അത്തരം ഗാനങ്ങൾ അനുവാദമേതുമില്ലാതെ തന്നെ നമ്മുടെ ഹൃദയത്തിൽ കേറി കുടിപാർക്കും.!!!
സന്തോഷത്തിനും സങ്കടത്തിനുമിടയിൽ എന്തെന്നറിയാത്ത ഒരശാന്തി സമ്മാനിച്ച് അവ ആന്ദോളനം ചെയ്തുകൊണ്ടിരിക്കും..!!!
അങ്ങിനെ കയറിപ്പറ്റിയ ഒരു ഗാനത്തിലൂടെയാണ് അമ്മയുടെയും വീടിന്റെയും നിർവ്വചനം ഒന്നായിത്തീരുന്ന മായാജാലം അറിഞ്ഞത്!!
ഒപ്പം അമ്മയെയും വീടിനെയും ആ ഗാനത്തിൽനിന്ന് വേർതിരിച്ചെടുക്കാനാവാതെ ഉഴറിയത് !!
പറഞ്ഞു വന്നത് തിങ്കളാഴ്ച നല്ല ദിവസം എന്ന പത്മരാജൻ ചിത്രത്തിലെ ചുനക്കര ശ്യാം-വാണി ജയറാം ത്രയം അണിയിച്ചൊരുക്കിയ പനിനീരുമായി ഇളം കാറ്റു വീശി എന്ന ഗാനത്തെ പറ്റിയാണ്..
ആ അനുഭവത്തെ മനോഹരമായ ഒരലട്ടൽ എന്ന് വിളിക്കാനാണെനിക്കിഷ്ടം!!!
ഇറങ്ങി ഒരു ദശാബ്ദത്തിനു ശേഷം സ്വന്തം വീട്ടിലെ സ്വച്ഛതയിൽ തനിയെ ഇരുന്ന് ആദ്യമായി ആ ചിത്രവും ഗാനവും കണ്ടപ്പോൾ മനസ്സിൽ പതിഞ്ഞ അതേ തെളിച്ചത്തോടെ,പിന്നീടോരോ തവണ ആ പാട്ടുകേൾക്കുമ്പോഴും അതിലെ കഥാ സന്ദർഭങ്ങളും കഥാപാത്രങ്ങളും ഓർമ്മയിലുണർന്നു..
ദൂരെ ജോലിചെയ്യുന്ന മക്കളെയും അവരുടെ കുടുംബങ്ങളെയും കാത്ത്, തൊടിയിൽ വളരുന്ന ചെടികളെയും ജീവജാലങ്ങളെയും വരെ സ്നേഹിച്ച് തനിയെ ജീവിക്കുന്നൊരമ്മ..
പറമ്പിലെ മരങ്ങൾക്ക് ദൂരെയുള്ള മക്കളുടെയും മരിച്ചുപോയ ഭർത്താവിന്റെയും മകളുടെയും പേരുകൾ ചൊല്ലി വിളിച്ച് അരികിലില്ലെങ്കിലും മനസ്സിൽ അവരുടെ സാമീപ്യം ഉറപ്പിക്കുന്ന അമ്മ...
നീണ്ട കാത്തിരിപ്പിനൊടുവിൽ മക്കളും അവരുടെ ഭാര്യമാരും കൊച്ചുമക്കളുമെത്തുമ്പോൾ നിറഞ്ഞൊഴുകുന്ന വാത്സല്യനദിയായി മാറുന്ന അമ്മ..!
കവിയൂർ പൊന്നമ്മ എന്ന മലയാളത്തിന്റെ മാതൃസങ്കല്പ സ്വരൂപമാർന്ന അമ്മ അവിസ്മരണീയമാക്കി ആ കഥാപാത്രത്തെ..
തനിക്കവകാശപ്പെട്ട സ്ഥലത്തു നിൽക്കുന്ന വീടും പറമ്പും വിറ്റ് ബാംഗ്ലൂരിൽ ഒരു ഫ്ലാറ്റ് വാങ്ങുക എന്ന സ്വപ്നം സഫലമാക്കാൻ അമ്മയെ അവിടെനിന്നും ഒരു വൃദ്ധസദനത്തിലേക്കു മാറ്റുക എന്ന ഉദ്ദേശം കൂടി വെച്ചാണ് മമ്മൂട്ടിയുടെ കഥാപാത്രമായ ഗോപൻ എന്ന ഇളയ മകൻ എത്തിച്ചേർന്നിരിക്കുന്നത്.. പുറം രാജ്യത്ത് വരുമാനമേറെയുള്ളതെങ്കിലും സ്ഥിരമല്ലാത്ത ജോലി നഷ്ടപ്പെടും മുൻപ് സൗകര്യങ്ങൾ നിറഞ്ഞ ജീവിതം ഒരുക്കാൻ കൊതിക്കുന്ന, ഭൗതികതക്ക് പ്രാധാന്യം കൊടുക്കുന്ന ഒരു ശരാശരി പ്രവാസിയുടെ പ്രതിരൂപമാണ് ആ കഥാപാത്രം..
എന്നാൽ അമ്മയോടതെങ്ങനെ അവതരിപ്പിക്കുമെന്നറിയാതെ ഒട്ടൊന്നു വിഷമിക്കുന്ന കഥാപാത്രം കരമന ജനാർദ്ദനൻ നായർ അവതരിപ്പിക്കുന്ന നാരായണൻ കുട്ടി എന്ന മൂത്തമകനോട് അതിനെപ്പറ്റി സൂചിപ്പിക്കുന്നുമുണ്ട്.
മൂത്ത മകന് അമ്മയെ വീട്ടിൽ നിന്നും അമ്മയുടെ ലോകത്തുനിന്നും മാറ്റുന്നതിനോട് ഒട്ടും യോജിപ്പില്ലെങ്കിലും അനിയനവകാശപ്പെട്ട സ്വത്തിനെ കുറിച്ച് താനൊന്നും പറയില്ല എന്ന നിലപാടാണെടുക്കുന്നത്.
നിലപാടുകളിലെ അന്തരം അവരുടെ ഇടയിൽ അസ്വസ്ഥതകളുണ്ടാക്കുന്നുണ്ട്
അപ്പോഴും ഒന്നുമറിയാത്ത അമ്മയും കൊച്ചുമക്കളുമൊക്കെയായി നാട്ടിൻപുറത്തിന്റെ നന്മയും അമ്മയുടെ വാത്സല്യവുമൊക്കെ ചേർത്ത് ചിത്രീകരിച്ച കൊതിപ്പിക്കുന്ന ജീവിത രംഗങ്ങൾ ഗൃഹാതുരതയും സങ്കടവും സന്തോഷവുമൊക്കെ കൂടിക്കലർന്ന ഒരനുഭവതലത്തിലേക്ക് പ്രേക്ഷകനെ എത്തിക്കുന്നു. ആ സമയത്താണ് ഗ്രാമജീവിതവും അമ്മയുമൊക്കെ കേന്ദ്രീകരിച്ച് ജീവിതത്തിന്റെ ഭംഗി ഒപ്പിയെടുത്തതു പോലുള്ള സുന്ദരമായ ആ ഗാനം നോവിന്റെ സാന്ദ്രത കൂട്ടിക്കൊണ്ട് കടന്നുവരുന്നത്..! 
കേട്ട സമയം മുതൽ മറക്കാനാവാതെ ആ ഗാനം ഹൃദയത്തിൽ പതിയുകയായിരുന്നു
അമ്മയെ വീട്ടിൽനിന്നും മാറ്റുന്നതിനെ ചൊല്ലിയുള്ള മക്കളുടെയിടയിലെ അസ്വാരസ്യങ്ങൾ ചെവിയിൽ പതിയാനിടയായ അമ്മ വൃദ്ധസദനത്തിലേക്ക് പോകാൻ തയ്യാറാവുകയാണ്...
വീടു വിട്ട് പോകുമ്പോഴും ജ്യോത്സ്യരെ വിളിച്ച്, പോകുന്ന ദിവസം ഫലം അനുസരിച്ച് കുടുംബത്തിന് ദോഷം വരില്ല എന്നുറപ്പിച്ചു പോകുന്ന ആ അമ്മ ഏതു കഠിന ഹൃദയന്റെയും കണ്ണ് നനയിക്കും..
പോയ പിറ്റേന്ന് രാവിലെ ശരണാലയത്തിൽ നിന്നും അമ്മയുടെ കാൾ പ്രതീക്ഷിച്ചിരിക്കുന്നവരുടെ ഇടയിലേക്ക് അമ്മയുടെ മരണവാർത്തയാണെത്തുന്നത്. തുടർന്ന് ആ വീട് വാങ്ങാൻ ഏറ്റിരുന്ന പുതുപ്പണക്കാരൻ (പണ്ടത്തെ ആശ്രിതൻ കൂടെയാണ് ) വീട് വാങ്ങാൻ തയ്യാറാവുന്നില്ല..
അമ്മയുടെ അപ്രതീക്ഷിത മരണം ഉളവാക്കിയ കുറ്റബോധത്തിൽ തകർന്നിരിക്കുന്ന സമയത്ത് ഇവിടെനിന്നു നമുക്ക് പോകണ്ട എന്ന മക്കളുടെ ആവശ്യംകൂടെ കേൾക്കുന്നതോടെ, ഭൗതിക സൗകര്യങ്ങൾക്ക് പുറകെ പായുന്ന ഗോപന്റെ മനോഭാവം മാറുന്നു ..
ഗോപന്റെ ഉള്ളിന്റെ ഉള്ളിലെ യഥാർത്ഥമായ മനുഷ്യൻ ആ വീട് വിറ്റുകളയാതെ തുടർന്നുള്ള ജീവിതം അവിടെത്തന്നെയാക്കാൻ തീരുമാനിക്കുന്നു..!!
ഒരു വേള താൻ കളിച്ചു വളർന്ന തറവാടുവീട് .. തന്റെ അമ്മയുടെ ഓരോ സ്പന്ദനവും ഏറ്റു ചൊല്ലിയ വീട് ..അമ്മ നൽകുന്ന അതേ സ്നേഹവും സുരക്ഷിതത്വവും നൽകുന്നതായി ഗോപന് തോന്നിയോ?!!!
എല്ലാ കഥാപാത്രങ്ങളും മനസ്സിൽ നിന്നും മായാതെ നിൽക്കുന്നുണ്ടെങ്കിലും കരമനയുടെ നാരായണൻകുട്ടിയും അച്ചൻകുഞ്ഞിന്റെ കുഞ്ഞനും ഒന്നോ രണ്ടോ സംഭാഷണങ്ങളിലൂടെ ആണെങ്കിലും ശ്രീവിദ്യയും കൂടുതൽ മാറ്റോടെ മനസ്സിൽ പ്രകാശിക്കുന്നു..
ഓരോ കഥാപാത്രവും പറയുന്ന സംഭാഷണങ്ങൾ അനാവൃതമാക്കുന്നതിനുമപ്പുറമായി അവരുടെ മനോഗതങ്ങൾ കൂടെ മനസ്സിലാക്കാൻ കഴിയുന്നു എന്നത് അത്ഭുതപ്പെടുത്തുന്ന സംവിധാനമേന്മയല്ലാതെ മറ്റെന്താണ് !!
ഒരുപക്ഷെ എൺപതുകളിലും തൊണ്ണൂറുകളിലുമായി ബാല്യവും കൗമാരവും ജീവിച്ചു തീർത്തവർക്കെല്ലാം എളുപ്പത്തിൽ മനസ്സിലാവുന്ന സാമൂഹ്യ പശ്ചാത്തലവും അതിനൊരു കാരണമായിട്ടുണ്ടാവും...!!
ഇനിയും ഈ ഗാനം അപ്രതീക്ഷിതമായി ഓർമ്മയിൽ വരും..ഒപ്പം കണ്ണ് നനയിച്ചുകൊണ്ട് മറക്കാനാവാത്ത രംഗങ്ങളും.. എങ്കിലും എന്തുകൊണ്ടോ ഈ അസ്വസ്ഥത എനിക്കെന്നും പ്രിയപ്പെട്ടതുതന്നെ...

♦ സംവാദം 
പ്രായമായ അച്ഛനമ്മമാരെ വൃദ്ധസദനത്തിലേക്ക് അയക്കുന്നത് ശരിയാണോ? നമ്മുടെ നാട്ടിൽ വൃദ്ധസദനങ്ങൾ പെരുകുന്നതെന്തുകൊണ്ട്? '' കുടുംബ ബന്ധങ്ങളും വൃദ്ധസദനങ്ങളും" എന്ന വിഷയത്തിൽ സംവാദം സംഘടിപ്പിക്കുക.
അനുകൂലിക്കുന്നവർ:
യുവജനങ്ങൾ തൊഴിൽ തേടി വിദേശത്തേക്ക് പോകുമ്പോൾ മാതാപിതാക്കളെ സുരക്ഷിതമായി പാർപ്പിക്കുന്ന ഇടങ്ങളാണ് വൃദ്ധസദനങ്ങൾ.

പ്രതികൂലിക്കുന്നവർ: കുടുംബഘടനയിലും ബന്ധങ്ങളിലും വന്നുചേർന്ന വിള്ളലുകളാണ് വൃദ്ധസദനങ്ങൾക്ക് കാരണം.

മോഡറേറ്റർ: നമസ്തേ! ഇന്നത്തെ നമ്മുടെ ചർച്ചാവിഷയം "കുടുംബബന്ധങ്ങളും വൃദ്ധസദനങ്ങളും'' എന്നതാണ്. പ്രായമായ മാതാപിതാക്കളെ വൃദ്ധസദനങ്ങളിലേക്ക് അയക്കുന്നത് കാലനീതിയല്ലെന്ന് കേരളം പുതിയ കാലഘട്ടത്തിൽ ആവർത്തിച്ചു കൊണ്ടിരിക്കുന്ന വസ്തുതയാണ്. എന്തുകൊണ്ടാണ് നമ്മുടെ സമൂഹത്തിൽ വൃദ്ധ സദനങ്ങളുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുന്നത്? കുടുംബ ബന്ധങ്ങളുടെ പ്രാധാന്യത്തെക്കുറിച്ചും വൃദ്ധസദനങ്ങൾ പുതിയ കാലങ്ങളിൽ വഹിക്കുന്ന പങ്കിനെ കുറിച്ചും നമുക്ക് ആഴത്തിൽ ചർച്ച ചെയ്യാം. ഈ വിഷയത്തിൽ അനുകൂലിച്ചും പ്രതികൂലിച്ചും സംസാരിക്കാൻ നമ്മുടെ പാനലിലുള്ളവരെ സ്വാഗതം ചെയ്യുന്നു. നമുക്ക് ചർച്ചയിലേക്ക് കടക്കാം.

അനുകൂലിക്കുന്നവരുടെ വാദമുഖങ്ങൾ.
മാതാപിതാക്കളെ വൃദ്ധസദനങ്ങളിലേക്ക് അയക്കുന്നത് ചില പ്രത്യേക സാഹചര്യങ്ങളിൽ അനിവാര്യവും പ്രയോജനകരവുമാണ്. നവലോകം തൊഴിൽ തേടി വിദേശങ്ങളിലേക്കും ദൂരദേശങ്ങളിലേക്കും പോകുന്നത് സാധാരണമാണ്. ഈ സാഹചര്യത്തിൽ ഇവരെ ഏകാന്തവാസക്കാരായി വീടുകളിൽ താമസിപ്പിക്കുന്നത് സുരക്ഷിതമല്ലാത്ത കാര്യമാണ്. വൃദ്ധസദനങ്ങൾ അത്തരക്കാർക്ക് സുരക്ഷിതത്വവും ചിട്ടയായ ജീവിതവും ഉറപ്പു നൽകുന്നു. അവിടെ അവർക്ക് ആരോഗ്യപരിപാലനം കൃത്യമായ ഭക്ഷണം, സാമൂഹികമായി ഇടപഴകാനുള്ള അവസരങ്ങൾ എന്നിവ ഒരുക്കുന്നു. ഒറ്റപ്പെട്ട ജീവിതം നയിക്കുന്നതിനേക്കാൾ സന്തോഷകരവും സുരക്ഷിതവുമായ ഒരന്തരീക്ഷം വൃദ്ധസദനങ്ങൾ നൽകുന്നുണ്ട്.

മോഡറേറ്ററുടെ ക്രോഡീകരണം.
പ്രായമായവർക്ക് സുരക്ഷിതത്വവും പരിചരണവും നൽകാൻ വൃദ്ധസദനങ്ങൾ സഹായിക്കുമ്പോൾ മറുവശത്ത് കുടുംബ ബന്ധങ്ങളുടെ പ്രാധാന്യം കുറയുന്നു. വ്യക്തിഗത സാഹചര്യങ്ങൾക്കനുസരിച്ച് തീരുമാനം എടുക്കേണ്ടതുണ്ടെങ്കിലും കുടുംബബന്ധങ്ങളുടെ ഊഷ്മളത നിലനിർത്തേണ്ടതിൻറെ ആവശ്യകതയും
പരിഗണിക്കപ്പെടണം. ഒരുപക്ഷേ, വൃദ്ധസദനങ്ങളെക്കുറിച്ച് ഒരു നെഗറ്റീവ് ചിന്താഗതിയില്ലാതെ പ്രത്യേക സാഹചര്യങ്ങളിൽ അവ ഒരു പരിഹാരമായി നമുക്ക് കാണാം. അതോടൊപ്പം കുടുംബാംഗങ്ങൾക്കിടയിൽ കൂടുതൽ ആശയവിനിമയവും പരസ്പരധാരണയും വളർത്തുന്നതിലൂടെ ഈ വെല്ലുവിളിയെ നമുക്ക് നേരിടാൻ സാധിക്കും. ഈ ചർച്ച നമുക്കിടയിൽ പല ചിന്തകൾക്കും വഴിയൊരുക്കി എന്ന് വിശ്വസിക്കുന്നു. നിങ്ങളുടെയെല്ലാം വിലപ്പെട്ട അഭിപ്രായങ്ങൾക്ക് നന്ദി.
♦ കഥാപാത്ര നിരൂപണം 
തിരക്കഥയിലെ കരുത്തുറ്റ കഥാപാത്രമാണ് അമ്മ. കഥാപാത്രത്തിന്റെ വ്യക്തിത്വം, സ്വഭാവം, മനോനില, കഥയിലെ നിലപാട്, കഥയിലെ സ്ഥാനം, മറ്റു കഥാപാത്രങ്ങളോടുള്ള ഇടപെടൽ എന്നിവ ഉൾക്കൊണ്ട് കഥാപാത്രനിരൂപണം തയ്യാറാക്കുക.
"വഴക്കിടുകാണോ രണ്ടുപേരും കൂടെ? ഞാനുള്ളപ്പോ എന്റെ മുമ്പ് വച്ച് നിങ്ങള് വഴക്കിടരുത്... ഞാൻ ഇല്ലാത്തപ്പോൾ അത് നിങ്ങടെയിഷ്ടം.
എനിക്ക് കാണേണ്ടായല്ലോ.
എന്തോന്നാ മോളെ അത്? എന്താ അവിടുത്തെ പേര്??
(സ്വയം ഓർത്തെടുത്ത് ) ശരണാലയം...! അതെ... ശരണാലയം... ഞാനങ്ങോട്ടു മാറുകാ.........''
തിരക്കഥയിലെ കേന്ദ്രവും കരുത്തുറ്റവുമായ കഥാപാത്രമാണ് അമ്മ. അവരുടെ വ്യക്തിത്വം ലളിതവും എന്നാൽ ദൃഢവുമാണ്. ഗ്രാമീണ ജീവിതത്തോടും സ്വന്തം ചുറ്റുപാടുകളോടുമുള്ള ആഴത്തിലുള്ള അടുപ്പം അവരുടെ സ്വഭാവത്തെ നിർണയിക്കുന്നു. ആടിനെയും പശുവിനെയും പരിപാലിക്കുന്നതോടൊപ്പം വീട്ടുജോലികളിലും അവർ അഭിരമിക്കുന്നുണ്ട്. ഗോപനും നാരായണൻകുട്ടിയും ചേർന്ന് വീടു വിൽക്കാനും, തന്നെ മാറ്റാൻ ശ്രമിക്കുന്നുവെന്ന് മനസ്സിലാക്കുമ്പോൾ കണ്ണീരണിയുന്നുവെങ്കിലും മാനസിക കരുത്തോടെ ഉയരുന്നുണ്ട് ഈ കഥാപാത്രം. കഥാന്ത്യത്തിൽ വേദനാകരമെങ്കിലും ദൃഢചിത്തയായി മാറുന്നുണ്ടവർ. വീട് വിട്ട് പോകുമ്പോൾ കരയാതെ "എത്ര കാലം കഴിഞ്ഞാലും എന്നെ കാണാനായിട്ട് ആരും അങ്ങോട്ടു വരരുത് " എന്നുള്ള അമ്മയുടെ കടുത്ത നിലപാട് മക്കൾ ഏൽപ്പിച്ച ആഴത്തിലുള്ള മുറിവിൽ നിന്ന് ഉയിർ കൊണ്ടിട്ടുള്ളതാണ്. ആർക്കും ഭാരം ആവാതെ സ്വയം ഒറ്റപ്പെടാൻ അവർ തീരുമാനിക്കുകയാണ്. ഈ അമ്മേ ചുറ്റി പറ്റിയാണ് കഥാഗതിയുടെ മുന്നേറ്റം. മക്കളോടുള്ള അവരുടെ ഇടപെടലുകൾ സ്നേഹവും ആശങ്കയും നിസ്സഹായതയും കലർന്നതാണ്.

♦ അറിയാം പ്രയോഗിക്കാം 
• 'പശുവിൻറെ കാര്യമൊക്കെ അമ്മിണിയെ ഏൽപ്പിച്ചിട്ടുണ്ട്.'
• 'ആടിൻറെ കാര്യമൊക്കെ അമ്മിണിയെ ഏൽപ്പിച്ചിട്ടുണ്ട്'
• 'പശുവിന്റെയും ആടിന്റെയും കാര്യമൊക്കെ അമ്മിണിയെ ഏൽപ്പിച്ചിട്ടുണ്ട്.'
ആദ്യത്തെ രണ്ടു വാക്യങ്ങൾ ചേർത്തു പറയുമ്പോൾ ഉണ്ടായ മാറ്റമെന്താണ്? ചർച്ചചെയ്യൂ. ഇതുപോലുള്ള കൂടുതൽ വാക്യങ്ങൾ കണ്ടെത്തി എഴുതുക.
മൂന്നാം വാക്യത്തിൽ രണ്ടു വാക്യങ്ങളെ ഒരുമിച്ച് പറഞ്ഞപ്പോൾ വാക്യത്തിന് കൂടുതൽ ഒഴുക്കും ഭംഗിയും കൈവരുന്നുണ്ട്. ആവർത്തനം ഒഴിവാക്കി ആശയത്തെ കൂടുതൽ വ്യക്തവും സ്വാഭാവികവുമാക്കാൻ ഇത് സഹായിക്കുന്നു. വ്യാകരണപരമായി വാക്കുകളെ ഇങ്ങനെ യോജിപ്പിക്കുമ്പോൾ ഭാഷയ്ക്ക് കൂടുതൽ മനോഹാരിത കൈവരുന്നു.ഇങ്ങനെ രണ്ടു വാക്യങ്ങളെ "ഉം, ഓ " ചേർത്ത് ബന്ധിപ്പിക്കുന്നതിനെ നിപാതം എന്ന് പറയുന്നു.
കൂടുതൽ വാക്യങ്ങൾ
• കുട്ടി പാട്ടുപാടി 
• കുട്ടി നൃത്തം ചെയ്തു. 
• കുട്ടി പാട്ടും നൃത്തവും ചെയ്തു.


TEACHING APTITUDE TEST (K-TET, C-TET, etc.) ---> Click here